Friday, 12 July 2013

ഒരു കുഞ്ഞുനൊമ്പരം (കവിത )















കണ്ണുനീരിന്‍റെ ഉപ്പുചേര്‍ത്ത്
കന്നിപ്പൂവിന്‍റെ നോവുചേര്‍ത്ത്
ചോറും കറിയും വിളമ്പിത്തരാന്‍
അമ്മയുണ്ടെന്‍റെ കൊച്ചുവീട്ടില്‍.

കിട്ടുന്നതെല്ലാം കള്ളുഷാപ്പില്‍
കാണിക്കവച്ചെന്‍റെയച്ഛനെത്തും.
പിന്നെപ്പുകിലാണു വീട്ടിലെന്‍റെ –
യമ്മയ്ക്കു നെഞ്ചത്തു ചെണ്ടകൊട്ട്.

എന്നും നേരം വെളുക്കുവോളം
ചേച്ചിയും ഞാനുമൊളിച്ചിരിക്കും.
കണ്ടുവെന്നാലച്ഛന്‍ വിളിക്കും:
പൊന്നുമോളിങ്ങടുത്തു വരൂ.

ചെന്നാലച്ഛന്‍റെ കള്ളമുത്തം,
എല്ലായിടത്തും കള്ളുനാറ്റം.
ചെന്നില്ലെങ്കിലോ കഷ്ടമെന്‍റെ –
യമ്മയ്ക്കു പിന്നെയും ചെണ്ടകൊട്ട് .

തേങ്ങിക്കരഞ്ഞു തളര്‍ന്നിരിക്കും
ചേച്ചിയും ഞാനുമടുക്കളയില്‍.
എന്നും പതിവാണിതെന്‍റെ വീട്ടില്‍;
ദൈവങ്ങളെല്ലാമുറക്കമത്രെ!

4 comments:

  1. very good poem..nannayi ezhuthi..abhinandhanangal..

    ReplyDelete
  2. ഇത് ഒരു കുഞ്ഞു നൊമ്പരമല്ല ഒരിക്കലും മാഞ്ഞുപോകാത്ത തീരാ ദുഃഖം അതിന്റെ നിഴല്‍ പാടുകള്‍ ഒരയ്സുസിന്റെ കുപ്പത്തൊട്ടിയില്‍ ദുസ്വപ്നങ്ങള്‍ കണക്കെ ഒഴുകി നടക്കും

    ReplyDelete
  3. ചിരട്ടത്തവി

    തല്ലിയെന്നമ്മയീ ചിരട്ടത്തവികൊണ്ട്
    തിരുവോണത്തിനു രണ്ടു നാൾ ബാക്കി,
    മുത്തശ്ശി പുലമ്പി, ഛീ .... ശവമേ
    തവിയൊടിഞ്ഞാലിനി ഞാനെന്തു ചെയ്യും
    സദ്യ വിളമ്പുവാൻ തവിയൊട്ടു വേണം
    പൊട്ടിയാമീപ്പെണ് ഒട്ടും നിനച്ചില്ല

    ഉണ്ണിയെ തല്ലുവാൻ തവിക്കണ വേണമോ
    തല്ലാതെയുണ്ണിയെ പോറ്റി വളർത്തു നീ
    നിന്നെ ഞാൻ തല്ലാതെ അരുമയായ്‌ പോറ്റീട്ടു
    മുന്നിലായ് ഉണ്ണിയെ തല്ലുന്നു നീയൊട്ടു
    ഉണ്ണിതൻ പാദങ്ങളൊക്കെ തടുത്തങ്ങു
    പൊട്ടി നീലിച്ചിട്ടു ചോരപൊടിയുന്നു
    ഒപ്പമാ തവിയും, തവിക്കണയൊക്കെയും
    ഓരെകിടക്കുന്നു തവി നാലു കഷണമായ്

    അമ്മ പുലമ്പുന്നു, എന്തിനി പോംവഴി
    മുന്തിയ തവിയിതു പായസം പകരുവാൻ
    മാറ്റിവച്ചിട്ടങ്ങു നേരമൊട്ടായില്ല
    ഓണം പടിയ്ക്കലായ് ഉറതുള്ളി നിൽക്കുന്നു.
    തവിയൊന്നു കോട്ടുവാൻ,ആശാരി കിട്ടുമോ
    കിട്ടിയാലൊട്ടങ്ങു കോട്ടം ഭവിയ്ക്കുമോ
    പൊട്ടിയാമീപ്പെണ് എന്തേ നിനച്ചില്ല
    ഓരെകിടക്കുന്നു തവി നാലു കഷണമായ്

    പെരു സങ്കടപൊയ്കയിൽ അമ്മ മുങ്ങീടവേ
    ഞാനാകെ വിഹല്വയായ് മൗനം ഭജിയ്ക്കവെ
    ഉണ്ണീയരുളുന്നു , മുത്തശ്ശി കരയണ്ട
    ഇനിയുള്ള തവിയിങ്ങെനിയ്ക്കു നൽകീടുക
    തിരുവോണ നാളതിൽ, അച്ഛൻ കുടിച്ചങ്ങു
    പൂസായി നിൽക്കുമ്പോളമ്മയെ തല്ലുവാൻ
    അച്ഛന്‍റെ കൈകൾക്കലങ്കാരമേകുവാൻ
    ഇത്തവിയൊക്കെയും ഞാനെടുക്കുന്നിതാ
    മുത്തശ്ശി വിമ്മി, വിതുമ്പി പുലമ്പുന്നു
    ചാരയമൊക്കെയും ഇലയിൽ കറികളായ്
    തവിയാൽ വിളമ്പാതെ മോന്തികുടിയ്ക്കട്ടെ
    മോഹന കേരളം മധു നുകർന്നീടട്ടെ

    ReplyDelete
    Replies
    1. ചിരട്ടത്തവിയും ഓണവും ഗൃഹാതുരത്വ ചിഹ്നങ്ങള്‍ .ഉണ്ണിയുടെ മൊഴികള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ അനുഭവക്കാഴ്ചയും .നന്നായി

      Delete