Friday, 26 July 2013

കണ്‍ട്രോള്‍ ചിപ്പ് (കഥ)

              കരയിലും വെള്ളത്തിലും ഉള്ള മറ്റു ജീവജാലങ്ങള്‍ക്കൊന്നും ഇല്ലാത്ത അത്ഭുതകരമായൊരു കഴിവാണു നമുക്കുള്ളത് ; ജലോപരിതലത്തിലൂടെ  ഓടിനടക്കുക !
              നൂല്‍വണ്ണം പോലും ഇല്ലാത്ത നീളന്‍കാലുകളും അതിലോലമായ ഉടലും പച്ചക്കറുപ്പുള്ള വെള്ളത്തിനു യോജിച്ച നിറവും ഉള്ള വെള്ളത്തിലാശാന്മാര്‍ ഈവിധം അഹങ്കരിച്ചും ആഹ്ലാദിച്ചും     കൂപജലത്തിനുമീതേ ഓടിനടക്കവേ , അതേ രൂപത്തിലുള്ള വമ്പനൊരുത്തന്‍ അവിടേക്ക്  ഇറങ്ങിച്ചെന്നു.                                                                    
 അവന്‍ ആയാസമേതുമില്ലാതെ വെള്ളത്തിനുമീതെ നില്‍ക്കുകയും നടക്കുകയും തിരിയുകയുമൊക്കെ ചെയ്യുന്നു !
             അവന്‍റെ അഭ്യാസപ്രകടനങ്ങള്‍ കണ്ട് ആശാന്‍മാര്‍ അമ്പരന്നു :
              നമ്മെപ്പോലെ മറ്റൊരു ജീവിയോ ? അവര്‍ തമ്മില്‍ത്തമ്മില്‍ ചോദിച്ചു .
             ഇതെങ്ങനെ സംഭവിച്ചു ? വിശ്വകര്‍മദേവന് അബദ്ധം പറ്റിയതാണോ ? അല്‍പജ്ഞാനികള്‍ ആശങ്കപ്പെട്ടു .
             ഇതിഹാസപാരായണം ജീവിതചര്യയാക്കിയ വയോവൃദ്ധന്മാര്‍ ഇളമുറക്കാരുടെ അജ്ഞതയില്‍ അരിശംകൊണ്ടു :
സ്വയംഭൂവായ സാക്ഷാല്‍ വിശ്വകര്‍മദേവന്  അബദ്ധംപറ്റുകയോ ? 'സംഭവാമി യുഗേ യുഗേ ' എന്നല്ലേ ഗീതയില്‍ പറയുന്നത് .
           പുരാണപാരായണം തീരെയില്ലാത്ത ഇളമുറക്കാര്‍ക്ക് വൃദ്ധജ്ഞാനികള്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായില്ല .അവര്‍ വെറുതേ ചിരിച്ചു .
           പണ്ടെന്നോ  ഒരു ദൈവപുത്രന്‍ കടലിനുമീതേ നടന്നിട്ടുണ്ടെന്നു കേട്ടിട്ടുണ്ട് . യേശു എന്നാണത്രെ അവന്‍റെ പേര്. ഇത്  അവന്‍റെ രണ്ടാംവരവായിരിക്കും .
ജ്ഞാനിയായ ഒരുവന്‍ ഉറപ്പിച്ചുപറഞ്ഞു .
           ഏയ് , ഇതവനല്ല .യേശുവിനെക്കുറിച്ച്  കേട്ടിട്ടു പോലുമില്ലാത്ത ഇളമുറക്കാര്‍ ഒരേ സ്വരത്തില്‍ വിളിച്ചുകൂവി .
            കേരളക്കരയാകെ  വെള്ളത്തിലാശാന്മാരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നാണ് കേള്‍വി . ഇത്തിരി വാറ്റുവെള്ളം അകത്തുചെന്നാല്‍ ഇക്കൂട്ടര്‍  ഭാരമേതുമില്ലാതെ പാറിനടക്കുമത്രെ .ഇവന്‍ ആ ഇനത്തില്‍പ്പെട്ടവനാകാനാണ്  സാധ്യത . കരയിലെ  വിശഷങ്ങള്‍ കേട്ടറിവുള്ള ഒരുവന്‍ തന്‍റെ വിജ്ഞാനം വിളമ്പി .
           നമുക്ക് അവന്‍റെ അടുത്തു പോയിനോക്കാം . വെറുതേ തര്‍ക്കിച്ചു സമയം കളയണ്ട .
            സാഹസപ്രിയരായ കുറേ ചെറുപ്പക്കാര്‍ വമ്പന്റെ അടുത്തെത്തി , അംഗപ്രത്യംഗ നിരീക്ഷണം നടത്തി . ആകൃതിയിലും പ്രകൃതിയിലും സമാനതകള്‍
ഏറെയുണ്ടെങ്കിലും അവന് നടക്കാനും തുഴയാനും വെവ്വേറെ കാലുകള്‍ ഉണ്ടെന്നും മിനുമിനുത്ത നെറ്റിയില്‍ ഒരു മിന്നാമിന്നിക്കണ്ണുണ്ടെന്നും അവര്‍ കണ്ടുപിടിച്ചു .
ഒരുവന്‍ മിന്നാമിന്നിയെ പതിയെ തൊട്ടുനോക്കി .
ഠിം ! അവന്‍ തെറിച്ചുവീണു .
മറ്റുള്ളവര്‍ പരിഭ്രാന്തരായി ദൂരെയ്ക്കോടി.
വിനാശകാലേ വിപരീതബുദ്ധി . വൃദ്ധന്മാര്‍ പിറുപിറുത്തു.
 വമ്പന്‍ വെള്ളത്തിലേക്കു കണ്ണുകളാഴ്ത്തിനിന്നുകൊണ്ട്  എന്തൊക്കെയോ കൈക്രിയകള്‍ കാണിക്കാന്‍ തുടങ്ങി .അവന്‍റെ മിന്നാമിന്നിക്കണ്ണില്‍നിന്ന്‍  ഒരു  പ്രകാശകിരണം വെള്ളത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയി .
         ഇവന്‍ വെള്ളത്തിന്റെ ആഴമളക്കുകയായിരിക്കും . ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് കുപ്പികളിലാക്കുന്ന കച്ചവടലോബിയുടെ ചാരനാണിവന്‍ .ജലചൂഷണത്തെക്കുറിച്ചു കേട്ടറിവുള്ള ഒരുവന്‍ പറഞ്ഞു .
           ഈ കൂപജലം മുഴുവനും ഊറ്റിക്കൊണ്ടുപോയാല്‍ നമ്മുടെ അവസ്ഥയെന്താകും ?
           പാറപോലും പിഴിഞ്ഞെടുക്കുന്ന ദുരാഗ്രഹികള്‍ക്കെതിരെ നമ്മള്‍ സംഘടിക്കണം .
                തങ്ങളെക്കാള്‍ അനേകമിരട്ടി വലിപ്പമുള്ള വരുത്തനോട് ചെറുത്തുനില്‍ക്കാനുള്ള കായികബലം ലോലശരീരികളായ തങ്ങള്‍ക്കില്ലെന്ന്‍ അവര്‍ ഭയപ്പെട്ടു .എന്തുചെയ്യേണ്ടൂ  എന്നറിയാതെ എല്ലാവരും തളര്‍ന്നുനിന്നു .കുലഗുരു അവര്‍ക്ക് 'ഐകമത്യം മഹാബലം ' , 'ഒത്തുപിടിച്ചാല്‍ മലയും പോരും ' ഇത്യാദി ശക്തിസൂക്തങ്ങള്‍ ചൊല്ലിക്കൊടുത്തു . അവര്‍ എണ്ണത്തില്‍ അഞ്ഞൂറോളംപേര്‍ ഉണ്ടായിരുന്നു .എല്ലാവരും ഒത്തുചേര്‍ന്ന്‍  ആഞ്ഞുതള്ളി.
           വലിപ്പക്കാരന്‍ വെള്ളത്തില്‍ മറിഞ്ഞുവീണു.
           ആശാന്‍മാര്‍ ജയഭേരി മുഴക്കിക്കൊണ്ട് അവന്‍റെ ചുറ്റും ഓടിക്കളിച്ചു ..
           അയ്യയ്യോ ! ഇവനൊരു യന്ത്രജീവിയാണു കൂട്ടരേ, കേവലമൊരു മനുഷ്യസൃഷ്ടി .
ഇവന് സ്വന്തമായി ബുദ്ധിയോ കരുത്തോ ഒന്നുമില്ല .
ഇളമുറക്കാര്‍ ആര്‍ത്തട്ടഹസിച്ചു .
            യന്ത്രജീവിയോ ? മുതിന്നവര്‍ ആശ്ചര്യപ്പെട്ടു .
            അതേയതെ.ദൂരത്തിരുന്നുകൊണ്ട് ഇവനെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അതിബുദ്ധിയുള്ള മനുഷ്യരാണ് .ഇവന്റെ തലയില്‍ ഒരു കണ്‍ട്രോള്‍ചിപ്പിരിക്കുന്നതു കണ്ടില്ലേ ?
            മനുഷ്യന്‍റെ ബുദ്ധി അപാരംതന്നെ ! ആശാന്‍മാര്‍ അത്ഭുതംകൂറി .
            നമ്മുടെ ആസ്ഥാനരഹസ്യങ്ങള്‍ ചോര്‍ത്താന്‍ മിടുമിടുക്കരായ യന്ത്രന്‍മാര്‍ ഇനിയും വരും .നമ്മള്‍ കരുതിയിരിക്കണം .വയോവൃദ്ധന്‍മാര്‍ താക്കീതുനല്‍കി .
            മനുഷ്യലോകത്തിലെ ശാസ്ത്രസാങ്കേതിക രഹസ്യങ്ങള്‍ ഉടനുടന്‍ ഉപഗ്രഹങ്ങളില്‍നിന്നു ചോര്‍ത്തിയെടുക്കുന്ന കുശാഗ്രബുദ്ധിയായൊരു ചെറുപ്പക്കാരന്‍ ചൂടുള്ളോരു വാര്‍ത്ത വിളമ്പി : മനുഷ്യബുദ്ധി ഇനിയും കൂടുകയില്ല എന്നു പ്രൊഫസ്സര്‍ ലാഫ് ലിന്‍ കണ്ടെത്തിയിരിക്കുന്നു ! മസ്തിഷ്കത്തിന് ഇതിലുമധികം ഊര്‍ജ്ജം നല്‍കാന്‍ മനുഷ്യനാവില്ലത്രെ !
           എങ്കില്‍പ്പിന്നെ നമ്മളെന്തിനാ മനുഷ്യരെ പേടിക്കുന്നത് ? പല നാവുകളില്‍നിന്ന്‍ ഒരേ ചോദ്യമുയര്‍ന്നു .
           മനുഷ്യരെ പേടിക്കേണ്ട കാര്യമില്ല . പക്ഷേ , യന്ത്രന്മാരെ ഭയപ്പെട്ടേ  മതിയാവൂ .അവര്‍ക്ക് ഇപ്പോള്‍ത്തന്നെ യജമാനന്‍മാരെക്കാള്‍ ബുദ്ധിയും കരുത്തുമുണ്ട് . ജലമായ ജലമെല്ലാം ഊറ്റിത്തീരുമ്പോള്‍ അവര്‍ മനുഷ്യന്‍റെ ചോരയും നീരും ഊറ്റിയെടുക്കും .ലോകമായ ലോകമെല്ലാം അടക്കിവാഴും .
           ഇത്തിരിപ്പോന്ന വെള്ളത്തിലാശാന്മാര്‍ മനുഷ്യനാശം ഭാവനയില്‍കണ്ട് മതിമറന്ന് ആഹ്ലാദിക്കവെ , യന്ത്രന്‍ ഉയിരിട്ടെണീറ്റ് കരയിലേക്കു കയറി .
തല്‍ക്ഷണം അവന്‍റെ മിന്നാമിന്നിക്കണ്ണില്‍നിന്ന്‍ ഒരു പ്രകാശബോംബ്‌ വെള്ളത്തില്‍
 വീണുചിതറി .
           അരിശം തീരാഞ്ഞ് അവന്‍ തലയിലെ കണ്‍ട്രോള്‍ ചിപ്പ് ഊരി ദൂരെയെറിഞ്ഞു ;
           എന്നിട്ട് കണ്‍ട്രോള്‍റൂമിനെ ലക്ഷ്യമാക്കി അതിവേഗം നടന്നു .





3 comments:

  1. Anything can be a threat ... it depends on our approach towards the same..

    ReplyDelete
  2. യഥാർത്ഥത്തിൽ നാം ഭയക്കേണ്ടത് യന്ത്രങ്ങളെ കണ്ട്രോൾ ചെയ്യുന്ന മനുഷ്യരെയാണ്.

    ഇന്നിപ്പോ യന്ത്രങ്ങൾ മനുഷ്യരും മനുഷ്യർ യന്ത്രങ്ങളും ആയി കൊണ്ടിരിക്കുന്നു

    ReplyDelete