Saturday, 27 June 2026

മീൻ പിടിക്കുന്നതും ഒരു കലയാണ്

മീന്‍പിടിക്കുന്നതും ഒരു കലയാണ് 
    (കഥ) എസ്.സരോജം

 ചേട്ടാ ചൂണ്ടയുണ്ടോ?'  അടുക്കളയില്‍ ചപ്പാത്തിക്ക് മാവുകുഴച്ചുകൊണ്ടിരുന്ന പാചകക്കാരനോട്  കാര്‍ത്തിക് ചോദിച്ചു. 
 വഞ്ചിയുടെ വരിച്ചിലില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ചൂണ്ടയെടുത്ത് കാര്‍ത്തിക്കിനു കൊടുത്തിട്ട് പാചകക്കാരന്‍  ചോദിച്ചു: 'സാറിനുമുണ്ടോ ചൂണ്ടക്കമ്പം? കായലും പുഴയുമൊന്നും കണ്ടിട്ടില്ലാത്ത വിദേശികള്‍ക്കല്ലേ ഇതിലൊക്കെ വലിയ ഉത്സാഹം?'
 പൊട്ടിച്ചിരിച്ചുകൊണ്ട് കാര്‍ത്തിക് പറഞ്ഞു: 'തോട്ടുവക്കത്ത് ആളുകള്‍ മണ്ണിരകോര്‍ത്തു ചൂണ്ടയിടുന്നതു കണ്ടിട്ടുണ്ട്.' 
 അവന്റെ മറുപടികേട്ട്  മീനയ്ക്കും ചിരിപൊട്ടി. കാര്‍ത്തിക്കിന് സൈബര്‍ക്കായലില്‍ ചൂണ്ടയിടാനല്ലേ മിടുക്ക്.  
 പകല്‍യാത്ര കഴിഞ്ഞ് രാത്രിവിശ്രമത്തിനായി വഞ്ചിവീട് കരയടുപ്പിച്ച്  കെട്ടിയിട്ടതോടെ ചൂണ്ടയിടാനുള്ള ഒരുക്കത്തിലാണ് വിനോദപ്രിയനായ കാര്‍ത്തിക്ക്.  
 'മഴയിലൊരു ജലയാത്ര! നീ വരുന്നോ?' അവന്‍ വിളിച്ചപ്പോള്‍ മീനയ്ക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മടുപ്പിക്കുന്ന ക്യാബിനും  കീബോര്‍ഡിനും  ചെറിയൊരിടവേള. കാഴ്ചകളില്‍ വ്യത്യസ്തത തേടുന്ന കാര്‍ത്തിക്കുമൊത്ത് പലതവണ യാത്രചെയ്തിട്ടുണ്ടവള്‍. ജലത്തിലായാലും കരയിലായാലും ഓരോ യാത്രയും  ഓര്‍മ്മയില്‍ ചില്ലിട്ടുവയ്ക്കാവുന്ന അനുഭൂതികള്‍. 
 ചൂണ്ട ചുരുള്‍നിവര്‍ത്തി ഇരകോര്‍ക്കാന്‍ പാകത്തില്‍ പിടിച്ചുകൊണ്ട്  അവന്‍ ചോദിച്ചു:  'ചേട്ടാ ചപ്പാത്തിമാവു കൊരുത്താല്‍ മീന്‍ കൊത്തുമോ?'
'നമുക്കൊന്നു പരീക്ഷിച്ചുനോക്കാം സാറേ' ഷാജി പ്രോത്സാഹിപ്പിച്ചു.  നനച്ചുരുട്ടിയ  ഗോതമ്പുമാവുമായി കാര്‍ത്തിക്  വഞ്ചിയുടെ ചുണ്ടത്തിരുന്ന് ചൂണ്ടയെറിഞ്ഞു. 
 കായല്‍പ്പരപ്പില്‍ വെള്ളിമുത്തുകള്‍ വിതറുന്ന ചാറ്റല്‍മഴയിലേക്ക് കൈനീട്ടിക്കൊണ്ട് വഞ്ചിവീടിന്റെ ജനാലയ്ക്കല്‍ നില്‍ക്കുകയായിരുന്നു മീന. കായല്‍ക്കാറ്റില്‍ ചിതറിച്ചാറുന്ന  മഴയേറ്റു നനഞ്ഞപ്പോള്‍ അവള്‍ അച്ഛന്റെ തറവാട്ടില്‍ വിരുന്നിനെത്തിയ മീനുക്കുട്ടിയായി. വീട്ടുകാരുടെ കണ്ണുവെട്ടിച്ച്  മഴനനഞ്ഞും മീന്‍പിടിച്ചും ഉല്ലസിക്കുന്ന ഗ്രാമബാല്യങ്ങള്‍ക്കൊപ്പം കൂടി.  മഴത്തണുപ്പില്‍  തിമര്‍ത്തുപൊന്തിയ വയല്‍മീനുകള്‍ വരമ്പിലെ മടയിലൂടെ വരിവരിയായി  കൈത്തോടിലേക്കിറങ്ങിവരുന്നതു കണ്ട് മീനുക്കുട്ടി ആര്‍ത്തുകൂവി. ഹൂയ്..... പാക്കരനും പത്രോസും  രാജേശ്വരിയും തുളസിയും സുഹറയും രവിക്കുട്ടനുമടങ്ങുന്ന കുട്ടിപ്പട ഏറ്റുകൂവി: ഹൂയ്......  ഹൂയ്......
 താഴ്ത്തിവിരിച്ച തോര്‍ത്തുവലയിലേക്കു പാഞ്ഞുകേറുന്ന മാനത്തുകണ്ണികള്‍. ചുരുട്ടിപ്പിടിച്ച തോര്‍ത്തിനുള്ളില്‍ മാനത്തുകണ്ണികളുടെ മാനംകാണാതെയുള്ള പിടച്ചില്‍. പിടച്ചിലാറുംമുമ്പ് അവറ്റയെ സരസ നീട്ടിയ കൂമ്പാളയിലേക്കു കുടഞ്ഞിട്ട് വീണ്ടും വലവീശുന്ന ഉണ്ണിയും പാക്കരനും. അനക്കമറ്റൊരു മാനത്തുകണ്ണിയെ കൈയിലെടുത്ത് അതിന്റെ കണ്ണുകളില്‍ വിരലോടിച്ചുകൊണ്ട് രവിക്കുട്ടന്‍  പ്രഖ്യാപിച്ചു: മീനുകള്‍ക്ക് കണ്‍പോളകളില്ല.  അവന്റെ കണ്ടുപിടിത്തത്തെ എല്ലാവരും കൈയ്യടിച്ച് അംഗീകരിച്ചു. മഴച്ചാറ്റല്‍ നിന്നപ്പോള്‍ കുട്ടിപ്പട പറമ്പിലേക്കു കയറി. തുളസി കരിയിലകള്‍ക്കിടയില്‍ പാത്തുവച്ചിരുന്ന വക്കുപൊട്ടിയ മണ്‍ചട്ടിയെടുത്ത് തോട്ടുവെള്ളത്തില്‍ കഴുകിവൃത്തിയാക്കി. സരസ മീനുകളെ ചട്ടിയിലേക്കു കുടഞ്ഞിട്ടു.  രാജേശ്വരിയും രവിക്കുട്ടനും   കല്ലുകള്‍കൊണ്ട്  അടുപ്പുകൂട്ടി.   പാക്കരന്‍ ഓടിപ്പോയി കുടിലില്‍നിന്ന് ചൂട്ടും തീയും  കൊണ്ടുവന്നു. ചെറുമീനുകളെ പാകത്തിനു വേവിച്ചെടുക്കാന്‍ വിരുതത്തി സുഹറ തന്നെ. വെന്തമീനിന്റെ  ചെളിമണം കാറ്റില്‍ പരന്നപ്പോള്‍ മീനുക്കുട്ടി മൂക്കുവിടര്‍ത്തിനിന്നു. ഹായ്.... 
 താര്‍പ്പായകളുടെ ഇളകിയാട്ടം മീനയെ ബോട്ടിലേക്കു മടക്കിവിളിച്ചു. മഴയ്‌ക്കൊപ്പം കായല്‍ക്കാറ്റിനും കരുത്തേറിയിരിക്കുന്നു. അറുപതിനോടടുത്ത ഡ്രൈവര്‍  പിറുപിറുത്തുകൊണ്ട് താര്‍പ്പായകള്‍ വലിച്ചു കെട്ടുകയാണ്. യാത്രയിലുടനീളം കുട്ടനാടന്‍ കഥകളുമായി വാചാല നായിരുന്നെങ്കിലും കാറ്റിലുലയുന്ന ബോട്ടുപോലെ അയാളുടെ ആകുല ചിന്തകളും എവിടെയും നില്‍ക്കാതെ ആടിയുലയുകയായിരുന്നു.നെല്‍പ്പാടങ്ങള്‍ക്കും കായലിനുമിടയില്‍ അരപ്പട്ടപോലെ നീണ്ടുകിടക്കുന്ന മണ്‍തടത്തില്‍ വേരുറപ്പിക്കാനിടമില്ലാതെ ഇളകിയാടുന്ന തെങ്ങുകള്‍. മഴക്കാറ്റ് അവയെ ബോട്ടിനുമുകളിലേക്കു മറിച്ചിടുമോ എന്നായിരുന്നു അയാളുടെ പേടി. ചെറുപ്പക്കാരനായ ഷാജി ഇടയ്ക്കിടെ അടുക്കളയില്‍നിന്നും ഓടിവന്ന് അയാളെ സഹായിക്കുകയും ധൈര്യമോതുകയും ചെയ്തുകൊണ്ടിരുന്നു. സന്ധ്യയ്ക്ക് യാത്രയവസാനിപ്പിച്ച് ബോട്ട് തീരത്തെ മരങ്ങളില്‍ കെട്ടിയിട്ടതോടെ അയാള്‍ക്ക് ആശ്വാസമായി. രാവിലെ എട്ടുമണിവരെ ബോട്ടിനു വിശ്രമമാണ്; ഡ്രൈവര്‍ക്കും.  അയാള്‍ ബാഗുമെടുത്ത് വീട്ടിലേക്കുപോയി. 
 'കൊത്തുന്നുണ്ട്; പക്ഷേ കുരുങ്ങുന്നില്ല.' ചൂണ്ടയില്‍ കൊരുത്ത ഗോതമ്പുമാവും കൊത്തിക്കൊണ്ട് ഓടിപ്പോകുന്ന മീനുകളെ പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കാര്‍ത്തിക്ക്.
 'ഇരുട്ടായില്ലേ സാറേ, കാണാനൊക്കൂല്ല. കൈയിലറിയണം കൊത്ത്. അതിന് നല്ല പരിചയം വേണം.' ഷാജി കാര്‍ത്തിക്കിന് അനുഭവപാഠം പറഞ്ഞുകൊടുത്തു. കാര്‍ത്തിക്ക് പൂര്‍വ്വാധികം വാശിയോടെ പരിശ്രമം തുടര്‍ന്നു. 
 മീന ബോട്ടിന്റെ തുഞ്ചത്തിരുന്ന്  കായല്‍ക്കാഴ്ചകള്‍ കണ്ടു രസിക്കുകയാണ്. രാത്രിതങ്ങാനെത്തിയവരെയും പേറിക്കൊണ്ട് നിശ്ചിതസ്ഥാനങ്ങളില്‍ നിരന്നുകിടക്കുന്ന  വലുതും ചെറുതുമായ വഞ്ചിവീടുകള്‍. പ്ലാസ്റ്റിക് വടങ്ങളും കയറുകളും കൊണ്ട് അവയെ കരയിലെ മരങ്ങളില്‍ കെട്ടിയിട്ടിരിക്കുകയാണ്. ചാനല്‍കേബിളുകള്‍ ബോട്ടിനുള്ളിലേക്ക് പ്രവേശനം കാത്ത്  മരക്കൊമ്പുകളില്‍ ചുരുണ്ടുകിടക്കുന്നു. വെള്ളം നിറഞ്ഞ കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആകാശനിഴല്‍പോലെ അകലെ കാണാം. പാടത്തിനും കായലിനുമിടയ്ക്കുള്ള അതിര്‍വരമ്പില്‍ കെട്ടിപ്പൊക്കിയ  കൂരകളും   ഷീറ്റുമേഞ്ഞ  വീടുകളും ദരിദ്രജീവിതത്തിന്റെ അടയാളങ്ങള്‍ പേറിനില്‍ക്കുന്നു.  അതൊക്കെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ വീടുകളാണെന്ന് ഡ്രൈവര്‍ പറഞ്ഞതോര്‍ത്തു. അവയില്‍നിന്ന് പതുങ്ങിയെത്തുന്ന  നേര്‍ത്തവെളിച്ചം   അവരുടെ ജീവിതരേഖപോലെതന്നെ കായലോളങ്ങളില്‍ ആടിയുമുലഞ്ഞും നില്‍ക്കുന്നു. 
 തൊട്ടടുത്ത വഞ്ചിയിലുള്ളവര്‍ യൂറോപ്പില്‍ നിന്നുള്ളവരാണെന്നു തോന്നുന്നു. നിക്കറും ബനിയനുമിട്ട വെളുമ്പിപ്പെണ്ണിന്റെ ചുണ്ടില്‍ എരിയുന്ന സിഗരറ്റുണ്ട്. അവള്‍ കരയിലെ നിറമില്ലാത്ത ജീവിതത്തിന്റെ ചലനങ്ങള്‍ നോക്കി ആശ്ചര്യപ്പെട്ടുനില്‍പാണ്. പ്രകൃതിഭംഗികള്‍ കണ്ടുല്ലസിക്കാനെത്തിയവരെന്തിനു നിഴല്‍ജീവിതങ്ങളെക്കുറിച്ചു വ്യാകുലപ്പെടണം! മീന കണ്ണുകളെ മറ്റൊരു ദിശയിലേക്കു തിരിച്ചുപിടിച്ചു. കായലിലേക്കു ചാഞ്ഞുനില്‍ക്കുന്ന പുന്നമരത്തിന്റെ ചുവട്ടിലിരുന്നു ചൂണ്ടയിടുന്നവരില്‍ അവളുടെ നോട്ടം തങ്ങിനിന്നു. തെങ്ങോലകള്‍ക്കിടയിലൂടെ കടന്നെത്തുന്ന നിഴല്‍വെളിച്ചത്തില്‍ അവരുടെ ഇരുണ്ടമുഖം കണ്ടപ്പോള്‍ അവര്‍ അവിടെയിരിക്കാന്‍ തുടങ്ങിയിട്ട്  കാലം ഒരുപാടായെന്ന് തോന്നി.  ചാറ്റല്‍മഴ വന്നതും പോയതുമൊന്നും  അവര്‍ അറിഞ്ഞമട്ടില്ല. ഇടയ്ക്കിടെ ചലിക്കുന്ന കൈകളാണ് അവര്‍ക്കു ജീവനുണ്ടെന്നു തോന്നിക്കുന്നത്. വല്ലപ്പോഴും ചൂണ്ടയില്‍ കുരുങ്ങുന്ന ചെറുമീനുകളെ പ്ലാസ്റ്റിക്ക് കവറിലാക്കി പൊതിഞ്ഞുവയ്ക്കുന്നുണ്ട്.
 'അവര്‍ അത്താഴക്കറിക്ക് മീന്‍പിടിക്കുന്നതാ. ഇങ്ങനെ കരയ്ക്കിരുന്നാ വലുതൊന്നും കിട്ടൂല്ല. പാവങ്ങള്‍.' മീനയുടെ കൗതുകം കണ്ടിട്ട് ഷാജി പറഞ്ഞു. 
 'ഹായ് പിടിച്ചു. പലതവണ ഇവളെന്നെ പറ്റിച്ചു.  ഞാന്‍ വിടുമോ?' ചൂണ്ടയില്‍ കുരുങ്ങിയ ചെറുമീനുമായി കാര്‍ത്തിക്ക് മുന്നില്‍. അവന്റെ പൂച്ചക്കണ്ണുകളില്‍ വന്യമായൊരു സന്തോഷം. മീന ആ മീനിനെ നോക്കി. അതിന്റെ  വീര്‍ത്തുന്തിയ വയറിനുള്ളില്‍ നിറയെ  മണല്‍ത്തരികള്‍പോലുള്ള മുട്ടകളായിരിക്കും, നല്ല രുചിയുള്ള മുട്ടകള്‍. കുട്ടിക്കാലത്തു ചുട്ടുതിന്ന തോട്ടുമീനുകളുടെ  മണവും രുചിയും മൂക്കിലും നാക്കിലും നിറച്ചുകൊണ്ട്  അവള്‍  കാര്‍ത്തിക്കിനെ അഭിനന്ദിച്ചു: 'നീ നല്ലൊരു ചൂണ്ടക്കാരന്‍ തന്നെ.'  
 'ഹഹഹാ....' പൊട്ടിച്ചിരിച്ചുകൊണ്ട്  അവന്‍ പറഞ്ഞു: 'എടി പെണ്ണേ, ചപ്പാത്തിമാവുകൊണ്ടു  ചൂണ്ടയിടുന്നതാദ്യമായിട്ടാ. നമുക്ക് വാക്കുകള്‍ കൊണ്ടു ചൂണ്ടയിടുന്നതല്ലേ ശീലം.'
 മീന കൗതുകത്തോടെ ഓര്‍ത്തു: കീബോര്‍ഡില്‍ വിരല്‍ത്തുമ്പു കളുതിര്‍ക്കുന്ന നിറമുള്ള വാക്കുകള്‍ കോര്‍ത്ത് സൈബര്‍ക്കായലില്‍ നിരന്നിരിക്കുന്ന ചൂണ്ടകള്‍ക്കിടയിലൂടെ മിന്നിയും തെന്നിയും കുതറിയോടുന്ന മീനുകള്‍. കുതറുന്തോറും കോര്‍ത്തുവലിക്കുന്ന ചൂണ്ടമുനകള്‍. അങ്ങനെയല്ലേ താനും കാര്‍ത്തിക്കില്‍ കുരുങ്ങിപ്പോയത്!  ചൂണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന മീനിനെ കൊതിയോടെ നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു:
 'നീയിതിനെ എന്തുചെയ്യാന്‍പോകുന്നു?' 
 'ദേ.. അയാള്‍ക്കു കൊടുക്കാം.' എന്നുപറഞ്ഞുകൊണ്ട് കാര്‍ത്തിക് മീനിനെ ചൂണ്ടയില്‍നിന്നു പറിച്ചെടുത്ത് കരയിലെ ചൂണ്ടക്കാരന്റെ അരികിലേക്കെറിഞ്ഞുകൊടുത്തു.  എന്നിട്ട് അടുക്കളയിലേക്ക് വിളിച്ചുചോദിച്ചു: 'ഷാജീ... കൊഞ്ചു റഡിയായോ?'
 'ങ്ഹാ. എടുക്കട്ടേ സര്‍?' 
 'എടുത്ത് മുകളില്‍ വച്ചേക്ക്.  രണ്ടുഗ്ലാസ്സും ഒരുകുപ്പി വെള്ളവും കൂടി വേണേ.' 
 ഫിനിഷിംഗ്‌പോയിന്റില്‍ ബോട്ടുനിര്‍ത്തിയപ്പോള്‍ കരയിലെ കച്ചവടക്കാരനില്‍നിന്ന് കാര്‍ത്തിക്ക് വിലപേശിവാങ്ങിയതാണ്  കായല്‍ക്കൊഞ്ച്. അതാണ് അത്താഴത്തിന്റെ സ്‌പെഷ്യല്‍ ഐറ്റം.
 'ഞാനൊന്നു കുളിച്ചുവരാം മോളേ. നമുക്കിന്നടിച്ചു പൊളിക്കണ്ടേ?' ഒരു കുസൃതിച്ചിരിയോടെ അവന്‍ മുറിയിലേക്കു പോയി.  ഒറ്റതിരിഞ്ഞൊഴുകുന്ന കുളവാഴകളിലെ നനുത്തപൂക്കളുടെ നീലിമ കണ്ണില്‍ നിറച്ചുകൊണ്ട് മീന കായല്‍ക്കാറ്റില്‍ കുളിര്‍ന്നുനിന്നു. ജലവിതാനത്തിലെ രാത്രിവര്‍ണ്ണങ്ങള്‍ രതിനീലയും പ്രണയച്ചുവപ്പുമായി  അവളുടെ ഉള്ളിലേക്ക് ഒഴുകിത്തുളുമ്പി.  കാര്‍ത്തിക്ക് കുളിച്ചുവന്നപ്പോഴേക്കും ഷാജി കൊഞ്ചുവറുത്തതും വെള്ളവും ഗ്ലാസ്സും മുകളില്‍ കൊണ്ടുവച്ചിട്ട് പറഞ്ഞു: 
 'സാറേ ഞാനൊന്നു പുറത്തേക്കിറങ്ങുന്നു. ഒരരമണിക്കൂര്‍. അതുകഴിഞ്ഞുപോരേ അത്താഴം?'
 'മതിമതി. ഷാജി പോയിട്ടുവാ.' 
 അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍  എം.എച്ചിന്റെ ഫുള്‍ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി കാര്‍ത്തിക്ക് വിളിച്ചു: 'വാ മോളേ വാ...'  
 സ്‌നേഹം വന്നാല്‍ അവനങ്ങനെയാണ്. മോളേന്നേ വിളിക്കൂ. സ്‌നേഹമായാലും  ലഹരിയായാലും  അതിരുവിട്ടാല്‍പ്പിന്നെ  ഒന്നും മിണ്ടാതെ മടിയില്‍ക്കിടന്നു വിതുമ്പും. എന്തിനാ കരയുന്നതെന്നു  ചോദിച്ചാല്‍ ഉത്തരമില്ല. ആ ബോറന്‍ പരിപാടി വല്ലപ്പോഴുമുള്ള കൂടിച്ചേരലിന്റെ സുഖനിമിഷങ്ങള്‍ ഇല്ലാതാക്കും. അതുകൊണ്ട് അവന്റെ സന്തോഷം  കരച്ചിലോളം വളരാതിരിക്കാന്‍ അവള്‍  പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  ഒരുപോലെ നിറച്ച ഗ്ലാസ്സുകളിലൊന്ന് കാര്‍ത്തിക്ക് അവള്‍ക്കു നീട്ടി. ഗ്ലാസ്സുകള്‍ പരസ്പരം മുട്ടിച്ച് ചിയേഴ്‌സ് പറഞ്ഞ് ഇരുവരും സന്തോഷത്തിന്റെ തുള്ളികള്‍ നുണയാന്‍തുടങ്ങി. ചിന്തകളില്‍ ലഹരി പടര്‍ന്നതോടെ  കാര്‍ത്തിക്ക് വാചാലനായി. കായലും കടലും കടന്ന,് ബ്ലാക്ക്‌ഹോളും  സ്റ്റീഫന്‍ ഹോക്കിന്‍സും കടന്ന്. ഏറ്റവുമൊടുവില്‍ കണ്ടെത്തിയ നക്ഷത്രസമൂഹങ്ങള്‍വരെ എത്തിയ വാദപ്രതിവാദങ്ങള്‍  ഡിജിറ്റല്‍ കറന്‍സിയിലേക്ക് കത്തിപ്പടര്‍ന്നു. കാര്‍ത്തിക്കിന്റെ വാദങ്ങളോട് മീനയ്ക്ക് യോജിക്കാനായില്ല. അവള്‍ നിശ്ശബ്ദയായി. ഈഗോയ്ക്കു മുറിവേറ്റാല്‍ അവന്‍ കുത്തുവാക്കുകള്‍ ചൂണ്ടമുനയില്‍ കോര്‍ത്ത് സൈബര്‍കായലിലേക്കെറിയും. ആത്മാഭിമാനത്തിന്റെ ആഴങ്ങളില്‍ തറഞ്ഞുകയറുന്ന ചൂണ്ടമുനകള്‍ ഊരിയെറിഞ്ഞാലും  മുറിവില്‍നിന്ന് ചോരവാര്‍ന്നുകൊണ്ടേയിരിക്കും. 
 വിയോജിപ്പിന്റെ വീര്യം കൂടിയപ്പോള്‍ ഇരുവരും ലോകകാര്യംവിട്ട്  കൊഞ്ചിന്റെ രുചിയിലേക്കും  എം എച്ചിന്റെ ലഹരിയിലേക്കും മടങ്ങിവന്നു. കാര്‍ത്തിക്ക് ഒഴിഞ്ഞ ഗ്ലാസ്സുകള്‍ വീണ്ടും നിറച്ചു. വറുത്തകൊഞ്ചിന്റെ എരിവ് രസമുകുളങ്ങളില്‍ നീറ്റലായി പടര്‍ന്നപ്പോള്‍  അവന്‍ വഞ്ചിത്തലപ്പത്തു കയറിയിരുന്ന്  കായലിലേക്കു നോക്കി നീട്ടിക്കൂവി: കൂ........യ്. മീന ഏറ്റുകൂവി. ഹൂ......യ്. കായലില്‍നിന്നൊരു കൂവല്‍ മറുപടിയായി കിട്ടിയപ്പോള്‍ ഇരുവരും കുട്ടികളെപ്പോലെ കൈകൊട്ടിയാ ര്‍ത്തു. സന്തോഷത്തിന്റെ  പാരമ്യതയില്‍ അവര്‍  കൈകള്‍ കോര്‍ത്തു പിടിച്ച് കണ്ണില്‍ക്കണ്ണില്‍ നോക്കിനിന്നു. പിന്നെ വസ്ത്രങ്ങളുടെ ഭാരമൊഴിഞ്ഞ ശരീരങ്ങള്‍ ഒരേ താളത്തില്‍ ചലിക്കാന്‍ തുടങ്ങി. 
 'സാറേ മണി പത്തായി. അത്താഴം കഴിക്കണ്ടേ?' 
 ഷാജി വിളിച്ചപ്പോള്‍ കാര്‍ത്തിക്ക് തറയില്‍കിടന്ന ബര്‍മുഡ യെടുത്തിട്ടുകൊണ്ട് താഴേക്കുപോയി. മീനയ്ക്ക് ഭക്ഷണം വേണമെന്നേ തോന്നിയില്ല. കാര്‍ത്തിക്കിനോടൊട്ടിച്ചേര്‍ന്നങ്ങനെ കിടക്കാനായിരുന്നു അവള്‍ക്കിഷ്ടം. അവസാന നിമിഷംവരെ അങ്ങനെ കിടക്കാനായെങ്കില്‍ എന്നവള്‍ കൊതിക്കാറുണ്ടെങ്കിലും ഒരിക്കല്‍പോലും അവനോടതു പറഞ്ഞിട്ടില്ല. അകത്തു തോന്നുന്ന ഇഷ്ടം അതേപടി പുറത്തുകാണിക്കാന്‍ അവന്റെ  ഈഗോ ഒരിക്കലും അനുവദിക്കാറില്ല. മീനയുടെ തിരമുറിയാത്ത സ്‌നേഹപ്രവാഹത്തിനു കുറുകെ വാക്കുകള്‍കൊണ്ട് തടയണകെട്ടുകയും ചെയ്യും. 'ഇന്ന് നമ്മള്‍ സൗഹൃദത്തിലാണ്.നാളെയും  ഇങ്ങനെതന്നെ ആയിരിക്കണമെന്നു ശഠിക്കുന്നത് ബോറല്ലേ മീനാ?' അവന്റെ  ഇത്തരം ചോദ്യങ്ങള്‍ക്കുമുന്നില്‍ അവള്‍ മറുപടിയില്ലാതെ നില്‍ക്കും.  ഏതുനിമിഷവും കൈവിട്ടുപോകാവുന്ന  സ്‌നേഹത്തെ എങ്ങനെയാണ്  മുറുകെപ്പിടിക്കുകയെന്ന് ആശങ്കപ്പെടും. 
 മീനയുടെ സ്‌നേഹാശങ്കകള്‍ അവനെ അലട്ടാറേയില്ല. 'അഭിപ്രായഭിന്നതകളുണ്ടെങ്കിലും ചില സമാനതകള്‍ നമ്മെ ചേര്‍ത്തുനിറുത്തുന്നതുകൊണ്ടാവാം നമ്മള്‍ യാത്രകളില്‍ ഒന്നിക്കുന്നത്'  അവന്റെ ന്യായീകരണം ഈ വാക്കുകളില്‍ ഒതുങ്ങും.
 വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്നാണ് നിബന്ധനയെങ്കിലും ഇടയ്ക്കിടെ  തലനീട്ടുന്ന സ്വാര്‍ത്ഥത കലഹങ്ങളില്‍ കൊണ്ടെത്തിക്കുന്നതും പതിവാണ്.  'എന്റെ ചൂണ്ടയില്‍ കുരുങ്ങിയ നാലാമത്തെ മീനാണു നീ' കാര്‍ത്തിക്ക് അഹങ്കാരം പറയുമ്പോള്‍ മീന മൗനിയാവും. മൗനമാണ്  അഹങ്കാരത്തിനു പറ്റിയ മറുപടിയെന്ന് അവള്‍ക്കറിയാം. അവന്റെ ചൂണ്ടയില്‍ പിന്നെയും എത്രയോ മീനുകള്‍ കുരുങ്ങിയിരിക്കുന്നു! എന്നിട്ടും ചങ്കില്‍ തറഞ്ഞിരിക്കുന്ന ആ ചൂണ്ടക്കൊളുത്ത് ഊരിക്കളയാന്‍ അവള്‍ക്കാവുന്നില്ല. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണല്ലൊ, എത്ര ശ്രമിച്ചാലും പറിച്ചെറിയാനാവാത്തവ! തന്റെ വാക്കുകളില്‍ എന്തെങ്കിലും ഇഷ്ടക്കേടു തോന്നിയാല്‍പിന്നെ  വലവച്ചരിച്ചാലും അവനെ കിട്ടില്ല. സൈബര്‍ക്കായലില്‍ തനിക്കു ചെന്നെത്താനാവാത്ത ഏതെങ്കിലും തുരുത്തില്‍ പ്രതിഷേധത്തിന്റെ കോട്ടകെട്ടി ഒളിച്ചിരിക്കും. ദിവസങ്ങള്‍ കഴിയുമ്പോള്‍ പുറത്തുവന്ന് വീമ്പിളക്കും: 'ഏറ്റവും പ്രിയപ്പെട്ടതിനെ വേണ്ടെന്നുവയ്ക്കാന്‍ കരുത്തുള്ളതാവണം മനസ്സ്.' 
 'മീനാ.... വരുന്നില്ലേ?' കാര്‍ത്തിക്ക് വിളിച്ചപ്പോള്‍ അവള്‍ എണീറ്റ് താഴേക്കുചെന്നു. ഷാജിയുമായി ലഹരി പങ്കിടുകയായിരുന്നു അവനപ്പോള്‍. പാവപ്പെട്ട തൊഴിലാളികളുമായി കൂട്ടുകൂടുന്നതും അവന്റെ ഒരു രീതിയാണ്.
 മേശപ്പുറത്തു നിരന്നിരിക്കുന്ന ഇഷ്ടവിഭവങ്ങള്‍ കണ്ടിട്ടും മീനയ്ക്ക് വിശപ്പുതോന്നിയില്ല. മദ്യം അകത്തുചെന്നാല്‍ കാര്‍ത്തിക്കിന്  ഭക്ഷണത്തോട് വല്ലാത്ത ആര്‍ത്തിയാണ്. കൊഞ്ചും കരിമീനും രുചിച്ചുനോക്കി അല്‍പമെന്തോ കഴിച്ചെന്നുവരുത്തി മീന മുറിയിലേക്കു പോയി, ലാപ്പു തുറന്ന് ഡോങ്കിള്‍ ഫിറ്റുചെയ്ത് സൈബര്‍കായലിലേക്കിറങ്ങി. ് സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കിടയിലൂടെ ഊളിയിടുന്ന മഞ്ഞവരയുള്ള കറുത്തപഴുതാരകള്‍, പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ നീന്തുന്ന ചുവന്നചുണ്ടുള്ള തത്തമത്സ്യങ്ങള്‍, വഴുവഴുപ്പുള്ള വരാലുകളും കൊമ്പുള്ള കാരികളും... ക്ലാപ്പും ടേക്കുമില്ലാതെ പോസുചെയ്യുന്ന സുന്ദരികള്‍, വിഷപ്പാമ്പുകള്‍ക്കിടയില്‍ നീന്തിത്തുടിക്കുന്ന വര്‍ണ്ണച്ചിറകുള്ള ബെറ്റാ മീനുകള്‍.... എത്ര സമൃദ്ധമാണ് സൈബര്‍കായല്‍! 
 ആഴക്കായലിലെ ബാലേനര്‍ത്തകിയെപ്പോലെ തോന്നിച്ചൊരു ചുവന്നചിറകുള്ള ബെറ്റയിലേക്ക് മീന പരകായപ്രവേശം നടത്തി. ഊരും പേരും മായ്ച്ച്, കൗതുകങ്ങളിലേക്ക് കണ്ണെറിഞ്ഞ് അങ്ങനെ ചുറ്റിത്തിരിയാന്‍ എന്തുരസം! വാക്കുകളില്‍ വികാരംകൊരുത്തു നിരന്നിരിക്കുന്ന ചെറുതും വലുതുമായ ചൂണ്ടകള്‍ക്കിടയിലൂടെ  ചന്തമുള്ള ചിറകുകള്‍ വിടര്‍ത്തി ചെറിയ ചുഴികളുതിര്‍ത്ത്, മേലേക്കു പൊന്തിവന്ന് വെണ്മേഘങ്ങളെ നോക്കി കണ്ണിറുക്കിയും  കുസൃതിനിറഞ്ഞ പ്രലോഭനങ്ങള്‍ വിതറി ചൂണ്ടക്കാരെ ഭ്രമിപ്പിച്ചും അവള്‍ കായലില്‍ ഒഴുകിനടന്നു. 
 ഭക്ഷണം കഴിഞ്ഞെത്തിയ കാര്‍ത്തിക്ക് സ്മാര്‍ട്ട്‌ഫോണ്‍ തുറന്നു. ഹെഡ്‌ഫോണ്‍ ചെവിയില്‍ തിരുകി. മദ്യലഹരിയില്‍,  റോക്കിന്റെ ചടുലതാളങ്ങള്‍ക്കൊപ്പം കായല്‍സുന്ദരിമാരെ കുരുക്കുന്ന വാക് തരംഗങ്ങളും രൂപരഹിതമായൊഴുകി. മൂര്‍ച്ചയേറിയ ഇരുമ്പുമുനകളില്‍ കോര്‍ത്ത ചെറുമീനുകളുടെ നിലവിളികളില്‍ അര്‍മ്മാദിക്കുകയാണവന്‍.  മീനയ്ക്ക് വാശിയേറി. വളഞ്ഞും പുളഞ്ഞും ഒരു കാബറേ നര്‍ത്തകിയുടെ കൗശലത്തോടെ അവള്‍ തനിക്കുനേരേ നീണ്ട ചൂണ്ടകളെ കൊതിപ്പിച്ചു രസിക്കാന്‍ തുടങ്ങി. ചില ചൂണ്ടകള്‍ കൊത്തിയെടുത്ത് ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞു. ചിലത് മണ്‍തിട്ടകളില്‍  കൊളുത്തിവച്ചു. മറ്റുചിലത്  പരസ്പരം കുരുക്കിയിട്ടു. മീന്‍ കുരുങ്ങിയെന്നു സന്തോഷിച്ച് ആഞ്ഞുവലിച്ച ചൂണ്ടക്കാര്‍  മൂക്കുകുത്തിവീണു. 
 കളിതുടരുന്നതിനിടയില്‍ മീന കാര്‍ത്തിക്കിനെ ഇടംകണ്ണിട്ടു നോക്കി. പുതിയൊരു കോളുകിട്ടിയ ആവേശത്തോടെ ചുവന്നചിറകുള്ള ബെറ്റയില്‍ ചൂണ്ടകൊരുത്ത് ആഞ്ഞുവലിക്കുകയാണവന്‍. അവളുടെ കുസൃതിക്കണ്ണില്‍ ആ കളിക്കാരനോട് തെല്ലൊരു സഹതാപം മിന്നി. അടുത്തനിമിഷം അവള്‍ ആ ചൂണ്ടയെ കൊത്തിയെടുത്ത് ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.

Sunday, 21 June 2026

ചുവന്നറിബണ്‍ - കഥ (എസ്.സരോജം)

മരണമേ നിന്നെ ഞാനിപ്പോള്‍ വല്ലാതെ സ്‌നേഹിക്കുന്നു. നിന്നെയല്ലാതെ മറ്റൊന്നിനെയുംകുറിച്ച് ചിന്തിക്കാന്‍ എനിക്കാവുന്നില്ല. നല്ല മഴയുള്ള രാത്രിയില്‍ മറ്റാരുമറിയാതെ വന്ന് എന്നെ വരിഞ്ഞുമുറുക്കുക. നിന്റെ മൃദുലമായ കരവലയത്തില്‍ കിടന്ന് ഞാന്‍ സുഖമായുറങ്ങട്ടെ... രാഹുല്‍ കൈയില്‍ കിട്ടുന്ന കടലാസുകളിലൊക്കെ മരണത്തെക്കുറിച്ചുള്ള മനോഹരമായ കുറിപ്പുകള്‍ എഴുതിവച്ചു. ശുഭപ്രതീക്ഷകള്‍മാത്രം വച്ചുപുലര്‍ത്തിയിരുന്ന ചെറുപ്പക്കാരനായിരുന്നു രാഹുല്‍. കോടികളുടെ ബിസിനസുള്ള ഒരു സ്വകാര്യകമ്പനിയിലെ എക്‌സ്‌പോര്‍ട്ട് ഡിവിഷനിലാണ് അയാള്‍ ജോലിചെയ്യുന്നത്. എക്‌സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പലപ്പോഴും വിദേശയാത്രകള്‍ തരപ്പെടാറുണ്ട്. തിരക്കുപിടിച്ച ജോലികള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ മലയാളകവിതകള്‍ ഈണത്തില്‍ ചൊല്ലിരസിക്കുന്നത് രാഹുലിന്റെ ഹോബിയായിരുന്നു. ചങ്ങമ്പുഴയുടെ പ്രണയകവിതകള്‍ അതിന്റെ എല്ലാ ഭാവഭംഗിയോടുംകൂടി ആലപിക്കാന്‍ രാഹുലിനുള്ള കഴിവ് ഒന്നുവേറെതന്നെ. സുഹൃത്തുക്കള്‍ക്കിടയില്‍ രാഹുലിന് ഒരു റൊമാന്റിക് ഹീറോയുടെ പരിവേഷമായിരുന്നു. ആരോഗ്യം സംരക്ഷിക്കുന്നതില്‍ അതീവശ്രദ്ധാലു ആയിരുന്ന രാഹുലിന് നാടന്‍ ഭക്ഷണരീതിയാണിഷ്ടം. വീട്ടിലെപ്പോലെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ നാട്ടില്‍നിന്ന് അകന്നബന്ധത്തിലുള്ള ഒരു സ്ത്രീയെ ഫ്‌ളാറ്റില്‍ ജോലിക്ക് നിറുത്തിയിട്ടുമുണ്ട്. ദു:ഖചിന്തകള്‍ക്ക് രാഹുലിന്റെ മനസില്‍ ഇടമുണ്ടായിരുന്നില്ല. കോപവും പിരിമുറുക്കവും സൗന്ദര്യം കെടുത്തുമെന്നും അകാലജരാനരകള്‍ക്ക് കാരണമാകും എന്നുമാണ് അയാളുടെ വിശ്വാസം. ജീവിതത്തെ ഇത്രയേറെ സ്‌നേഹിച്ചിരുന്ന രാഹുല്‍ ഇപ്പോള്‍ മരണത്തെ വാരിപ്പുണരാന്‍ വെമ്പിനില്‍ക്കുന്നു. എന്തൊരു വിരോധാഭാസം! കഴിഞ്ഞയാഴ്ച നാട്ടില്‍ പോകുന്നതുവരെ അയാളുടെ ജീവിത സങ്കല്‍പങ്ങളില്‍ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസിത്തളിരിലചൂടിയ, നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ ഒരു നാടന്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗതുല്യമായൊരു വീടും ചുറ്റും പൂന്തോട്ടവും പുല്‍ത്തകിടിയും ജലധാരയും പിന്നെയും എന്തെല്ലാം സുന്ദരചിത്രങ്ങള്‍ മനസില്‍ വരച്ചിട്ടു. ഒരുദിവസം രാഹുല്‍ അമ്മയുടെ കത്തും ഒരു പെണ്‍കുട്ടിയുടെ ചിത്രവും സ്‌നേഹിതന്മാരെ കാണിച്ചു. നിന്റെ ഇഷ്ടപ്രകാരമുള്ള ഒരു കുട്ടിയെ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. നീ വന്നൊന്ന് കാണുക. തീര്‍ച്ചയായും നിനക്കവളെ ഇഷ്ടപ്പെടും. ഇതായിരുന്നു ചിത്രത്തിലെ പെണ്‍കുട്ടിയെക്കുറിച്ച് അമ്മ എഴുതിയിരുന്നത്. എങ്ങനെയുണ്ടെടാ കുട്ടി? രാഹുല്‍ കൂട്ടുകാരനോട് ചോദിച്ചു. നല്ല കുട്ടി. നിനക്ക് നന്നായിചേരും. സ്‌നേഹിതന്‍ സന്തോഷത്തോടെ പ്രതികരിച്ചു. അങ്ങനെ സുഹൃത്തുക്കളുടെ അനുഗ്രഹാശിസുകളോടെ പെണ്ണുകാണല്‍ ചടങ്ങിനായി അവധിയെടുത്ത് നാട്ടില്‍പോയി, സന്തോഷവാനായി തിരിച്ചുവന്നതാണ്. പെണ്ണിനും ചെറുക്കനും കുടുംബക്കാര്‍ക്കും എല്ലാം ഇഷ്ടമായി. ജാതകപ്പൊരുത്തവും ഉത്തമം. പക്ഷെ, പെണ്ണിന്റെ സഹോദരന് വല്ലാത്തൊരു നിര്‍ബന്ധം: വിവാഹനിശ്ചയത്തിനുമുമ്പ് ചെറുക്കന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം - എയ്ഡ്‌സ്‌പോലുള്ള പകര്‍ച്ചവ്യാധികളുണ്ടോ, സന്താനോല്‍പാദനശേഷി ഉണ്ടോ എന്നൊക്കെ ഉറപ്പുവരുത്തിയിട്ടാവാം നിശ്ചയം. രാഹുല്‍ പെണ്ണുകാണല്‍ വിശേഷങ്ങള്‍ കൂട്ടുകാരെ പറഞ്ഞുകേള്‍പ്പിച്ചു. ബാക്കിയെല്ലാം ഒത്തുവന്ന സ്ഥിതിക്ക് ഇനിയിപ്പൊ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലെന്നുവച്ച് കല്യാണം മുടങ്ങണ്ട. വാങ്ങിക്കൊടുക്കാം. എന്നുപറഞ്ഞ് മെഡിക്കല്‍ ചെക്കപ്പിന് പോയതാണ് രാഹുല്‍. പിന്നെ, ദിവസങ്ങള്‍ക്കുശേഷം, സുഹൃത്തുക്കള്‍ കാണുന്നത് നിരാശനും ക്ഷീണിതനുമായ രാഹുലിനെയാണ്. കാരണം ആര്‍ക്കും അറിയില്ല. എത്രചോദിച്ചിട്ടും അയാളൊട്ടു പറയുന്നുമില്ല. ജോലിയില്‍ യാതൊരു താല്‍പര്യവുമില്ലാതെ വെറുതെ എന്തെങ്കിലും വരച്ചുംകുറിച്ചും വെറുതേ സമയം തള്ളിനീക്കുന്ന രാഹുലിനെക്കണ്ട് കൂട്ടുകാര്‍ പരസ്പരം ചോദിച്ചു: ഇവനെന്തുപറ്റി? അവര്‍ കാരണം കണ്ടുപിടിക്കാന്‍ ശ്രമംതുടങ്ങി. മേശവലിപ്പില്‍നിന്ന് വിലാസം എഴുതാത്ത ഒരു കത്തുമാത്രം കിട്ടി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ മോഹങ്ങള്‍ക്ക് നീര്‍ക്കുമിളയുടെ ആയുസ് മാത്രം. നിന്നോട് യാത്രചോദിക്കാന്‍ എനിക്കാവില്ലല്ലൊ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എല്ലാ വിശുദ്ധിയോടുംകൂടി ഞാന്‍ നിന്നെ തേടിവരും. മോഹിച്ചതിനും മോഹിപ്പിച്ചതിനും മാപ്പ്. രാഹുലിനെ ചുറ്റിപ്പറ്റി എന്തെങ്കിലും നിഗൂഢതകള്‍ ഉള്ളതായി ഇതുവരെ ആര്‍ക്കും തോന്നിയിട്ടില്ല. അന്വേഷണം പലവഴിക്ക് നീങ്ങി, താമസിക്കുന്ന ഫ്‌ളാറ്റിലും വീട്ടിലും നാട്ടിലുമൊക്കെ. ഒരു ബന്ധുവിന് രക്തംകൊടുക്കാന്‍ ആശുപത്രിയില്‍ പോയെന്നോ രക്തം ചേരില്ലെന്നുംപറഞ്ഞ് തിരിച്ചുവിട്ടെന്നോ ഒക്കെ കേട്ടു. അന്ന് തുടങ്ങിയതാ ഈ മാറ്റം. എന്നോടും കാര്യമായൊന്നും മിണ്ടാറില്ല. സദാനേരോം ചിന്ത തന്നെ ചിന്ത. നല്ലൊരു പയ്യനായിരുന്നു. അതിനെന്തുപറ്റിയോ ആവോ? ഫ്‌ളാറ്റിലെ ജോലിക്കാരി അവര്‍ക്ക് അറിയാവുന്നത് പറഞ്ഞു. രാഹുലിന്റെ മൗനവ്രതം അവസാനിപ്പിക്കാതെ പറ്റില്ല എന്നായി സുഹൃത്തുക്കള്‍. പക്ഷെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത രാഹുല്‍ ഒന്നിനും മറുപടി പറഞ്ഞില്ല. അയാള്‍ ജോലി രാജിവച്ച്, ഫ്‌ളാറ്റും ഒഴിഞ്ഞ് വീട്ടിലേക്ക് പോയി. പിറ്റേദിവസം രണ്ട് സഹപ്രവര്‍ത്തകര്‍ രാഹുലിനെ അന്വേഷിച്ച് വീട്ടിലെത്തി. പക്ഷെ, രാഹുല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ചുവന്നറിബണ്‍ വച്ച രണ്ടാളുകള്‍ വന്നിരുന്നു. അവരുടെകൂടെ അവനും പോയി. കുറച്ചുദിവസംകഴിഞ്ഞേ വരൂന്നാ പറഞ്ഞത്. രാഹുലിന്റെ അമ്മ അറിയിച്ചു. ചുവന്നറിബണ്‍ എന്നു കേട്ടപ്പോഴുണ്ടായ ഞെട്ടല്‍ പുറത്തുകാണിക്കാതെ അവര്‍ അമ്മയോട് യാത്രപറഞ്ഞ് മടങ്ങി. മടക്കയാത്രയില്‍ നഗരത്തിലെ ബസ്റ്റാന്റില്‍വച്ച് അവര്‍ രാഹുലിനെ കണ്ടു. മുഷിഞ്ഞുനാറിയ വേഷം, ക്ഷീണിച്ച ശരീരം, നിരാശനിഴലിക്കുന്ന കണ്ണുകള്‍... സ്‌നേഹിതരെ കണ്ടപ്പോള്‍ അയാള്‍ കാണാത്തഭാവത്തില്‍ കടന്നുകളയാന്‍ ശ്രമിച്ചു. അവര്‍ ഓടിച്ചെന്ന് പിടിച്ചുനിറുത്തി ചോദിച്ചു - നിനക്കെന്തുപറ്റി രാഹുല്‍? അയാള്‍ മറുപടിക്കായി തപ്പിത്തടഞ്ഞു. അല്‍പനേരത്തെ മൗനത്തിനുശേഷം സ്‌നേഹിതന്‍ വീണ്ടും ചോദിച്ചു, നീയിപ്പോള്‍ എവിടെയാണ്? ജീവിതം നഷ്ടപ്പെട്ടവരുടെ താവളത്തില്‍. ഇടറിയസ്വരത്തില്‍ അയാള്‍ പറഞ്ഞു. നിനക്ക് പ്രത്യേകിച്ചെന്തെങ്കിലും അസുഖം? ഇനി ഒളിച്ചുവച്ചിട്ടെന്തു കാര്യം? സത്യം പറ. എന്റെ രക്തം എച്ച്‌ഐവിപോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജീവിതം കൈവിട്ടുപോയി. അയാള്‍ വിതുമ്പിക്കരഞ്ഞു. ഇതെങ്ങനെ സംഭവിച്ചു? സ്‌നേഹിതന്റെ ചോദ്യത്തിന് മറുപടിപറയാതെ രാഹുല്‍ തലകുനിച്ചുനിന്നു. അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞു. സങ്കല്‍പത്തിലെ നാടന്‍സുന്ദരി അകലെനിന്ന് പരിഹസിക്കുന്നതുപോലെ രാഹുലിന് തോന്നി. എങ്കിലും ഒരുകാര്യത്തില്‍ അയാള്‍ ആശ്വസിച്ചു - നിരപരാധിയായ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടല്ലൊ. അവളുടെ സഹോദരന്‍ മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍...! അയാള്‍ ഞെട്ടലോടെ ഓര്‍ത്തു. സകലരും വെറുക്കുകയും ഭയപ്പെടുകയുംചെയ്യുന്ന ഒരു രോഗത്തിന് അടിമയായി ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണുചിതം. അയാള്‍ തീരുമാനിച്ചുറച്ചു. പ്രജ്ഞയറ്റവനെപ്പോലെ അയാള്‍ നടന്നു. റെയില്‍വേ ക്രോസിംഗിലെത്തിയപ്പോള്‍ ഇരമ്പിപ്പാഞ്ഞടുക്കുന്ന ഗുഡ്‌സ്‌ട്രെയിന്‍. പിന്നെ ഒന്നും ഓര്‍മ്മയില്ല. കണ്ണുതുറന്നപ്പോള്‍ വൃത്തിയുള്ള കിടക്കയില്‍. ചുവന്നറിബണ്‍ ധരിച്ച സന്നദ്ധപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ പരിചരിക്കുന്നു. വെറുക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും ഇടയില്‍നിന്നൊരു താല്‍കാലികമോചനം. തന്നെപ്പോലെ ജീവിതത്തില്‍നിന്ന് പുറന്തള്ളപ്പെട്ട പലരെയും അയാള്‍ അവിടെ കണ്ടു. പൈതൃകമായി കിട്ടിയ സമ്പാദ്യവുമായി വന്നെത്തിയ കുട്ടികള്‍, മധുവിധുനാളുകളില്‍ പ്രിയതമന്‍ നല്‍കിയ സ്‌നേഹസമ്മാനവുമായി വന്ന യുവതികള്‍, ജീവരക്ഷാര്‍ത്ഥം സ്വീകരിച്ച രക്തത്തോടൊപ്പം മറ്റൊരു ദാനംകൂടി സ്വീകരിക്കേണ്ടിവന്ന ഹതഭാഗ്യര്‍... പല അവസ്ഥകളില്‍ ജീവിതം അറിഞ്ഞവരും അറിയാത്തവരും. സമൂഹത്തിന്റെ പല തട്ടില്‍നിന്നെത്തിയവരെങ്കിലും ഇവിടെ എല്ലാവരും ഒരുപോലെ... സ്വപ്നങ്ങളുടെ ചിതയില്‍ നീറിനീറി...

പുസ്തക നിരൂപണം

മനക്കണ്ണാടിയില്‍ തെളിയുന്ന
 ജീവിതയാഥാര്‍ത്ഥ്യങ്ങള്‍
പ്രൊഫ:എം.പി.ലളിതാബായി
     എസ്.സരോജത്തിന്റെ രചനാലോകം വിപുലവും വൈവിധ്യപൂര്‍ണവുമാണ്; സഞ്ചാരസാഹിത്യം, കഥ, കവിത, നോവല്‍, സാഹിത്യപഠനം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമറിയിച്ച ഒരെഴുത്തുകാരി.   ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളില്‍ അലഞ്ഞുതിരിയുന്ന മനസില്‍നിന്ന് ഉരുവംകൊണ്ട ചിന്താധാരകളും ഭാവചിത്രങ്ങളും ഭാഷാപൂര്‍ണതയുമൊക്കെ അവകാശപ്പെടുന്നവയാണ് ഈ കൃതികള്‍. ഭാവനാലോലമായൊരു കവിഹൃദയത്തിനുമാത്രമേ ഇമ്മാതിരി കാല്‍പനികചാരുതയാര്‍ന്നതും ആകര്‍ഷകവുമായ ഭാഷയില്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കാനാവൂ. ആരതി വിത്ത് സഖാവ് സുബോധ് കൃഷ്ണന്‍ സരോജത്തിന്റെ ഇരുപത്തിരണ്ടാമത്തെ കൃതിയാണ്; മൂന്നാമത്തെ നോവലും.
. ആരതി എന്ന കഥാനായിക സര്‍ക്കാര്‍സര്‍വീസില്‍നിന്നും വിരമിച്ചശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളാണ് നോവലിലെ ഇതിവൃത്തം. ചിലപ്പോഴൊക്കെ ചില പിന്‍ നോട്ടങ്ങള്‍ ഉണ്ടെങ്കിലും മുന്നോട്ടുള്ള ഗതി മാറാതെയാണ് നോവലി ന്റെ സഞ്ചാരം. ഏകാന്തതയുടെ വീര്‍പ്പുമുട്ടലും അരക്ഷിതബോധവും   മാറ്റി, കൂട്ടായ്മയുടെ ശബ്ദവും വെളിച്ചവും അനുഭവവേദ്യമാക്കുന്ന  ശിശിരഭവനത്തിന് തുടക്കംകുറിച്ചുകൊണ്ട് ആരതി 25 വൃദ്ധജനങ്ങള്‍ക്ക്   താങ്ങും തണലുമാവുന്നു. ശിശിരഭവനത്തോടൊപ്പം ഒരു പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റും തുടങ്ങുകയായി.
വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ആധുനികജീവിതത്തിന്റെ ഒരു നേര്‍കാഴ്ചയാണ്. ഒരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും ലോകജനസംഖ്യയില്‍ പകുതിയിലേറെപ്പേര്‍ വൃദ്ധരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഈ ആഗോളപ്രതിഭാസം കേരളത്തില്‍ കൂടുതല്‍ സങ്കീര്‍ ണമാകുന്നു. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും ആധുനികചികിത്സാസൗകര്യങ്ങളും ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൊണ്ടേയിരിക്കുന്നു. വൃദ്ധരുടെ സംരക്ഷണമെന്നത് കുടുംബത്തിനും സ്റ്റേറ്റിനും ബാധ്യതയായിമാറുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ സ്വയംപര്യാപ്തരാവുമ്പോള്‍ അവരവരുടെ ആകാശങ്ങളിലേക്ക് പറന്നുയരുന്നു. മുത്തശ്ശനും മുത്തശ്ശിയും കുടുംബത്തില്‍ അപ്രസക്തരാവുന്നു. അതുവരെ എല്ലാമെല്ലാമായിരുന്നവര്‍ ആരുമല്ലാതായിത്തീരുമ്പോഴുണ്ടാവുന്ന വല്ലാത്ത നൊമ്പരവും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നു. ഈ അരക്ഷിതാവസ്ഥയിലാണ് അവര്‍ വൃദ്ധസദനങ്ങളില്‍എത്തപ്പെടുന്നത്. സ്‌നേഹസമ്പന്നനും സംസ്‌കൃതചിത്തനുമായ ഒരച്ഛന്റെ മകളായി പിറന്ന ആരതിക്ക് അമ്മ ഒരു സങ്കല്‍പം മാത്രമാണ്. ഭാര്യയുടെ വിയോഗദുഃഖത്തില്‍ നീറിക്കഴിയുന്ന കൃഷ്ണപിള്ള ഒരാദര്‍ശകഥാപാത്രമായി ജീവിക്കുന്നു. അച്ഛനെ തനിച്ചാക്കിപ്പോകാന്‍ ഇഷ്ടപ്പെടാത്ത ആരതിയുടെ ദാമ്പത്യംപോലും പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുന്നു. അകാലവൈധവ്യവും അച്ഛന്റെ വിയോഗവും അവളെ തളര്‍ത്തുന്നില്ല. പക്ഷേ, സ്‌നേഹനിധികളായ മക്കള്‍ ദൂരദേശങ്ങളിലേക്ക് പറന്നകലുന്നതോടെ അവള്‍ തനിച്ചാവുന്നു. ഏകാന്തതയും വേദനകളും വേട്ടയാടുമ്പോള്‍ പുസ്തകങ്ങള്‍ കൂട്ടുകാരും സാന്ത്വനൗഷധവും ആകാറുണ്ടെന്ന് എഴുത്തുകാരി ഈ നോവലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. സര്‍ഗധനരായ എഴുത്തുകാരുടെ സൃഷ്ടികളില്‍ ആത്മാംശം കടന്നുവരുന്നു എന്നത് കൃതിയുടെ മൂല്യമായിട്ടാണ് കരുതപ്പെടുന്നത്. സ്‌നേഹവും സ്‌നേഹനിരാസവും വൈധവ്യവും സമ്മാനിക്കുന്ന നൊമ്പരങ്ങളും ആത്മസംഘര്‍ഷങ്ങളും കഥാകാരിയും അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം അനുഭവങ്ങളുടെ ചൂടും ചൂരും ആരതിയിലേക്ക് പടര്‍ത്താന്‍ കഥാകാരിക്ക് കഴിയുന്നു.
വിദ്യാഭ്യാസകാലംതൊട്ടേ അടുത്തിടപഴകിയിരുന്ന ആത്മമിത്രങ്ങളാണ് ആരതിയും സഖാവ് സുബോധ് കൃഷ്ണനും (സുബു). അറിവും ബുദ്ധിയും സാമൂഹ്യബോധവും സഹജീവിസ്‌നേഹവും സേവനതല്‍പരതയും പുരോഗമനചിന്താഗതിയും ഇരുവര്‍ക്കും ഒരുപോലെ. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും സര്‍ക്കാര്‍ജോലി വേണ്ടെന്നുവച്ച്, ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സുബോധ് കൃഷ്ണന്‍. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇരുവരും പരസ്പരസഹായികളാകുന്നു. പക്ഷേ, അവരുടെ അഗാധമായ പ്രണയംമാത്രം ശരീരംതൊട്ടറിയാതെയും പങ്കുവയ്ക്കപ്പെടാതെയും തുടരുന്നു.  ആരതിയെ നിറച്ചുവച്ചിരിക്കുന്ന മനസില്‍ മറ്റൊരു സ്ത്രീക്ക് ഇടമില്ലായ്കയാല്‍ സുബു അവിവാഹിതനായി തുടരുന്നു. അനാഥരായ ഒരാദിവാസിയുവതിക്കും കുഞ്ഞിനും സ്വന്തംവീട്ടില്‍ അഭയംനല്‍കുകയും വീടുംസ്ഥലവും അവര്‍ക്ക് ഇഷ്ടദാനംചെയ്യുകയുമാണ് ദീനദയാലുവായ സുബോധ് കൃഷ്ണന്‍.
ഈഡിപ്പസ് കോംപ്ലക്‌സ് എന്ന ദയനീയവും ആശ്രയമറ്റതുമായ മനോനിലയിലകപ്പെട്ടുപോയ വിഷ്ണു ഈ നോവലിലെ ശക്തമായൊരു കഥാപാത്രമാണ്. തന്റെ അച്ഛനാരെന്ന ചോദ്യത്തിന് അമ്മയില്‍നിന്ന് ഉത്തരംകിട്ടാതെവന്നപ്പോള്‍ അയാള്‍ വീടുവിട്ടിറങ്ങുന്നു. സന്യാസിയെപ്പോലെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയില്‍ സോഷ്യല്‍മീഡിയയിലൂടെ ആരതിയെ പരിചയപ്പെടുന്നു. വിധവയായ  ആരതിയുടെ സമ്പത്തും സൗന്ദര്യവും മോഹിച്ച് അയാള്‍ വിവാഹവാഗ്ദാനവുമായി അവളെ പ്രലോഭിപ്പിക്കുന്നു.  സ്വന്തമായി ഒരു ആശ്രമം സ്ഥാപിക്കണം എന്നതാണ് അയാളുടെ ലക്ഷ്യം. ആരതി തന്റെ  ആഗ്രഹത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ധാരാളം സമ്പത്തുള്ള മറ്റൊരു സ്ത്രീയെ കണ്ടെത്തുന്നു. കപടസന്യാസി എന്ന് ചിലപ്പോള്‍ തോന്നുമെങ്കിലും, നായികാനായകന്മാര്‍ക്കൊപ്പം വിഷ്ണു മറ്റൊരു ശക്തമായ കഥാപാത്രമായി മനസില്‍ കടന്നിരിക്കുന്നു. സന്തതസഹചാരിയായ ക്രെറ്റയും വീട്ടുസഹായിയായ മായമ്മയും അയല്‍ക്കാരായ മോഹന്‍ദാസും സുബൈദയുമൊക്കെ ആരതിയുടെ മാത്രമല്ല, വായനക്കാരുടെയും മനസില്‍ ഇടംനേടുന്നു.
ഗതിമാറാതൊഴുകുന്ന പുഴപോലെയാണ് നോവലിന്റെ ഒഴുക്ക്.  വായനക്കാരന്റെ യുക്തിയെയും ബുദ്ധിയെയും പരീക്ഷിക്കുന്ന സങ്കീര്‍ണതകളോ സമസ്യകളോ ഇല്ല.  ഫോണ്‍ തുറക്കുമ്പോള്‍, ആകാശത്ത് കാത്തുനിന്ന സന്ദേശങ്ങളും ഫേസ് ബുക്കിന്റെ അറിയിപ്പുകളുമൊക്കെ ണിം ണിം ശബ്ദത്തോടെ ഫോണില്‍ വന്നുനിറയുന്നതും മക്കളുമായുള്ള വീഡിയോകാളുകളുമെല്ലാം വര്‍ത്തമാനകാലജീവിതത്തില്‍ സോഷ്യല്‍മീഡിയയുടെ അനിവാര്യതയെ സൂചിപ്പിക്കുന്നു. മകളോടൊപ്പം അമേരിക്കയില്‍ താമസിക്കുമ്പോള്‍ ആരതി അവിടത്തെ സവിശേഷമായ കാഴ്ചകള്‍ മനോഹരമായി വിവരിക്കുന്നുണ്ട്. കഥാഗതിയില്‍ അതിന് പ്രസക്തിയില്ലെങ്കിലും അമേരിക്കയെ കണ്ടറിഞ്ഞ എഴുത്തുകാരിക്ക് അതൊന്നും ഒഴിവാക്കാനാവുന്നില്ല. വാര്‍ദ്ധക്യകാല പ്രണയങ്ങളും വിവാഹബന്ധങ്ങളും സാധാരണമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശീര്‍ഷകത്തിലെ വിത്ത് എന്ന പ്രയോഗം ഒരു മുന്‍ധാരണ വായനക്കാരില്‍ ജനിപ്പിക്കും. ആ മുന്‍ധാരണയെ തകിടംമറിക്കുന്നതാണ് കഥാന്ത്യം.
എസ്.സരോജം എന്ന എഴുത്തുകാരിയെ സ്ത്രീവാദിയോ സ്ത്രീവിമോചകയോ ആയിട്ടല്ല ഈ നോവലില്‍ നാം കാണുന്നത്. തികച്ചും നരകേന്ദ്രീകൃതമാണ് ഇതിന്റെ രചനാവഴി. ലളിതസുന്ദരമായ ആഖ്യാനശൈലി നല്‍കുന്ന വായനാസുഖം ചെറുതല്ല. പച്ചമണ്ണിലെ പൂക്കളും ഫലങ്ങളും മാത്രമല്ല,  സൈബറിടങ്ങളിലെ അദൃശ്യസൗഹൃദങ്ങളും അനുവാചകര്‍ക്ക് അനുഭവവേദ്യമാക്കുന്നു.
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
എന്ന കുമാരനാശാന്റെ വരികള്‍  വായനക്കാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ആരതിയും സുബോധ് കൃഷ്ണനും.