Tuesday, 21 July 2026

വാക്ക് (കവിത)

വാക്ക്
(കവിത) 
എസ്.സരോജം

മൈക്കൊന്നു കൈയിൽ കിട്ടിയാലവിവേകികൾതൻ
നാക്കിൽനിന്നുതിരും പടുവാക്കുകൾ.
കരഘോഷമൊന്നുമുഴങ്ങിയാലൊ പിന്നെ-
യാവേശമെത്ര പടികയറും!

കേൾക്കുന്നവരെന്തു ഗ്രഹിക്കുമെന്നുതെല്ലും
ചിന്തിക്കയില്ലന്നേരമാ'മഹാന്മാർ'.
വിവാദങ്ങൾവന്നു തലയ്ക്കുമീതേ-
 യാഞ്ഞുപതിക്കുമ്പോൾ ചിന്ത വായ്ക്കും.

വാക്കുകൾക്കർത്ഥംതിരഞ്ഞുപിന്നെ ശബ്ദ-
താരാവലി തപ്പിനോക്കിയെല്ലാം
തോന്നുന്ന ഭാഷയിൽ വ്യാഖ്യാനിച്ചുചൊല്ലു-
 മൊക്കെയും പാഴ്‌വാക്കായിമാറും.

വാക്കെന്നാൽ വിവേകികൾക്കായുധംതാ-
നവിവേകികൾക്കതുതാൻ സർവ്വനാശം.
സൂക്ഷിച്ചെയ്യുക, വാക്ശരങ്ങൾ തറച്ചെഴും
മുറിവെന്നും പച്ചയാർന്നിരിക്കും.

No comments:

Post a Comment