Sunday, 9 August 2026

ഡിസൈനർബേബി

കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ശാസ്ത്രം വളർന്നുകൊണ്ടിരിക്കുന്നു. പ്രപഞ്ചോൽപത്തിയും ദൈവകണവുമൊക്കെ മനുഷ്യൻ്റെ ബുദ്ധിയിൽ തെളിഞ്ഞും തെളിയാതെയും ഒളിച്ചുകളിക്കുന്നു. കംപ്യൂട്ടറും ഇൻ്റർനെറ്റും സോഷ്യൽ മീഡിയകളുമെല്ലാം ഏത് വിജ്ഞാനവും നിമിഷവേഗത്തിൽ നമ്മുടെ വിരൽത്തുമ്പിലെത്തിക്കുന്നു. ക്ളോണുകളും ടെസ്റ്റ്യൂബ് ശിശുക്കളും പ്രകൃതിദത്തമായ പ്രജനന പ്രക്രിയയെ വെല്ലുവിളിക്കുന്നു. ഗർഭപാത്രം വാടകയ്ക്ക് കിട്ടുമെന്നു മാത്രമല്ല, അണ്ഡവും ബീജവും വിലകൊടുത്ത് വാങ്ങാൻ കിട്ടുമെന്നായിരിക്കുന്നു. ഇപ്പോഴിതാ മനുഷ്യനുണ്ടായ കാലം മുതൽ അനുവർത്തിച്ചുപോരുന്ന ഒരമ്മ - ഒരച്ഛൻ എന്ന മാതൃ പിതൃ സങ്കല്പത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഡിസൈനർ കുഞ്ഞുങ്ങളും എത്തിയിരിക്കുന്നു. ഭാവിതലമുറയെ ജനിതക രോഗങ്ങളിൽനിന്നും മുക്തമാക്കുന്ന പുതിയ കണ്ടുപിടുത്തത്തിന് യു.കെ പോലുള്ള രാജ്യങ്ങളിൽ നിയമസാധുതയും നൽകിക്കഴിഞ്ഞു. ശാസ്ത്ര നേട്ടങ്ങൾ കുടുംബബന്ധങ്ങളെ മാറ്റിമറിക്കുന്ന കാലം. മാതൃത്വവും പിതൃത്വവും ചോദ്യംചെയ്യപ്പെടുന്ന കാലം. പണ്ട് നെപ്പോളിയൻ പറഞ്ഞതുപോലെ " അസാധ്യമായി ഒന്നുമില്ല" എന്ന് തോന്നിപ്പോകുന്ന കാലം.
 ശാസ്ത്രനേട്ടങ്ങളെ എപ്പോഴും കൗതുകപൂർവം നോക്കിക്കാണുന്ന എന്റെ സർഗാത്മക മനസ്സിൽനിന്ന് പിറവിയെടുത്തതാണ് ഈ നോവൽ. 2014- ലാണ് പ്രഭാത് ബുക്ക്സിൽനിന്നും ഈ നോവൽ വായനക്കാരുടെ കൈകളിലെത്തിയത്. 
ഇപ്പോഴിതാ ഗോപി കൊടുങ്ങല്ലൂർ സാറിൻ്റെയും ഇൽയാസ് പാരിപ്പള്ളിയുടെയും കെ.കെ.പടിഞ്ഞിപ്പുറത്തിന്റെയും നിരൂപണങ്ങളോടൊപ്പം പരിധിയിൽ നിന്ന് പുതിയ പതിപ്പ്  പുറത്തിറങ്ങിയിരിക്കുന്നു. ആമസോണിലും ലഭ്യമാണ്. പ്രിയരേ, 
വാങ്ങുക, വായിക്കുക, അഭിപ്രായം പറയുക 
 സസ്നേഹം 
എസ്.സരോജം

No comments:

Post a Comment