നിവര്‍ന്നു നടക്കാനുള്ള പ്രാപ്തിയുണ്ടാ യി
മുന്‍കാലുകള്‍ രൂപാന്തരം പ്രാപിച്ചു കൈകളായി .വാല് ശോഷിച്ചുശോഷിച്ച് തീരെ ഇല്ലാതായി .പുതിയ രൂപം.അവന് ഏറെ ഇഷ്ടമായി. രൂപമാറ്റത്തിനൊപ്പം അവന്‍റെ ബുദ്ധിയും ശക്തിയും വളര്‍ന്നു. ചിന്തയും പ്രവൃത്തിയും മാറി. ക്രമേണ കാട്ടിലെ ജീവിതം അവന് ഇഷ്ടമല്ലാതായി. താനൊഴികെ മറ്റുജീവികളെല്ലാം സന്തുഷ്ടരും സംതൃപ്തരുമായി കഴിയുന്നതു കണ്ട് അവന്‍ അസൂയപ്പെട്ടു.
ഏറെക്കഴിയുംമുമ്പ് നാട്ടിലെ ജീവിതവും അവനു മടുത്തു. അപ്രാപ്യമായതു പ്രാപിക്കാന്‍ കൊതിച്ചു. ദുര്‍ഗ്രഹമായതു ഗ്രഹിക്കാന്‍ ശ്രമിച്ചു. നിരാശയും അസ്വസ്ഥതയും അവനെ വേട്ടയാടി.അവന്‍റെ രാത്രികള്‍ നിദ്രയറ്റതായി. അലസനും വിഷാദചിത്തനുമായി അവന്‍ ഭൂമിയിലെങ്ങും അലഞ്ഞു.
അസ്വസ്ഥതയുടെ ആഴക്കടലില്‍ മുങ്ങിപ്പൊങ്ങുമ്പൊഴൊക്കെയും അവന്‍റെ അറിവിന്‍റെ ആഴവും വര്‍ധിച്ചു. സുഖവും സംതൃപ്തിയും മനസ്സിന്‍റെ സൃഷ്ടിയാണെന്നു നാവ് ഉരുവിട്ടു. മിന്നുന്നതെല്ലാം പൊന്നല്ലെന്നു കണ്ണുകള്‍ പഠിപ്പിച്ചു. കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് കാതുകള്‍ ബോധിപ്പിച്ചു.
ഒടുവില്‍ ..... സ്വന്തം ഇന്ദ്രിയങ്ങളെപ്പോലും വിശ്വസിക്കാനാവാതെ അവന്‍ കുഴങ്ങി.
അവ്യക്തതയുടെയും അസ്വസ്ഥതയുടെയും വിഷമവൃത്തത്തില്‍നിന്നു പുറത്തുകടക്കാനാവാതെ അവന്‍ സ്രഷ്ടാവിനെ തേടി . വളരെ നാളത്തെ അന്വേഷണത്തിനുശഷം, തൂണിലും തുരുമ്പിലു മെന്നുവേണ്ട സര്‍വചരാചരങ്ങളിലും അധിവസിക്കുന്നവാനാണ് തന്‍റെ ശ്രഷ്ടാവെന്ന്‍ അവന്‍ തിരിച്ചറിഞ്ഞു .
എന്‍റെ ദൈവമേ , എന്‍റെ ദൈവമേ അജ്ഞതയുടെയും അസ്വസ്ഥതയുടെയും പാനപാത്രങ്ങള്‍ എന്നില്‍നിന്നെടുത്തുമാറ്റേണമേ . അവന്‍ കരഞ്ഞപേക്ഷിച്ചു.
ദൈവം പ്രത്യക്ഷപ്പെട്ട് അവന്‍റെ വലത്തേ കൈവിരലുകള്‍ക്കിടയില്‍ മഷിനിറച്ച പേനയും ഇടത്തേ കൈത്തലത്തില്‍ വെളുത്ത കടലാസും വച്ചുകൊടുത്തു .
എന്നിട്ട് കല്‍പ്പിച്ചു :നിന്‍റെ മനസ്സില്‍ തോന്നുന്നതെല്ലാം കടലാസില്‍ പകര്‍ത്തുക - വിഷാദങ്ങള്‍, സന്തോഷങ്ങള്‍, അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍ എല്ലാമെല്ലാം നിന്‍റെ ഭാഷയില്‍ എഴുതുക .
അന്നുമുതല്‍ അവന്‍ എഴുതിത്തുടങ്ങി. കണ്ടതും കേട്ടതുമെല്ലാം എഴുത്തിന്‍റെ വിഷയങ്ങളായി.
ഹൃദയത്തിന്‍റെ ഉള്ളറകളില്‍നിന്ന് അടര്‍ന്നുവീണ അക്ഷരമുത്തുകള്‍ നീറുന്നനോവുകള്‍ക്കു പകരം നിര്‍വൃതിയുടെ നിമിഷങ്ങള്‍ അവനു സമ്മാനിച്ചു.
മറ്റുള്ളവര്‍ അവനെ 'എഴുത്തുകാരന്‍' എന്നു വിളിച്ചു. ആ വിളി അവനില്‍ അഭിമാനം വളര്‍ത്തി.
എഴുതിക്കൂട്ടിയ അക്ഷരങ്ങള്‍ അവന്‍ നാലുപാടും വാരിവിതറി. അവയില്‍ ചിലത് ആകാശത്തേക്കു പറന്നുപോയി. ആ മുത്തുകള്‍ സ്വന്തമാക്കിയ അപ്സരസുകള്‍ അവനെ ആകാശവിരുന്നിനു ക്ഷണിച്ചു.
മണ്ണില്‍ വീണ അക്ഷരമുത്തുകള്‍ വാരിയെടുത്ത ഭൂമിപുത്രിമാര്‍ അവന്‍ ആകാശസഞ്ചാരം കഴിഞ്ഞെത്തുവോളവും ആരാധനയോടെ കാത്തിരുന്നു.
അവന്‍റെ ആരാധികമാരെല്ലാം മണിമന്ദിരങ്ങളില്‍ വസിക്കുന്നവരും ശീതീകരിച്ച
വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും ആയിരുന്നു. ആകയാല്‍ സ്വന്തം വിയര്‍പ്പിന്‍റെ രുചിയും സുഖവും അവന് അന്യമായിത്തീരുകയും ചെയ്തു .
കാലം കടന്നുപോകവെ, അവന്‍റെ ആകാശസഞ്ചാരത്തിന്റെ ഇടവേളകള്‍ കുറഞ്ഞു . ആകാശത്തിലും ഭൂമിയിലും എഴുതപ്പെടുന്ന കഥകളില്‍ അക്ഷരത്തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ലൊക്കേഷന്‍ വെളിപ്പെടുത്താത്ത ഉപഗ്രഹവിനിമയസാമഗ്രികള്‍ അവനെ സഹായിച്ചുകൊണ്ടേ
യിരുന്നു.
അസൂയാലുക്കളായ ബുദ്ധിജീവികള്‍ അവന്‍റെ അക്ഷരങ്ങളെ കീറിമുറിച്ചു വികൃതമാക്കി . അതില്‍ പ്രതിഷേധിച്ച് അവന്‍ മണ്ണിന്‍റെ മണമുള്ള അക്ഷരങ്ങളെ ജീവനോടെ കുഴിച്ചുമൂടി. ആരംഭകാലത്തു ജന്മമേകിയ ആദര്‍ശാക്ഷരങ്ങള്‍ അവനോടു കലഹിച്ചു. എന്നാല്‍ അവനാകട്ടെ വെറുമൊരു സ്വപ്ന ജീവിയായി ആകാശത്തു പറന്നുനടക്കാന്‍ മാത്രം ഇഷ്ടപ്പെട്ടു .
ആകാശകന്യകമാര്‍ അവനോടു നക്ഷത്രങ്ങളുടെ ദീര്‍ഘയൌവനത്തെക്കുറിച്ചു സംസാരിച്ചു .പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന മനുഷ്യനെക്കുറിച്ചാണ് പിന്നെ അവന്‍ ചിന്തിച്ചത് .അവന്‍റെ സ്വപ്നങ്ങളില്‍ ദീപ്തമായ നിത്യയൌവനം കടന്നുവന്നു . എന്നാല്‍ ശാസ്ത്രം അത്രത്തോളം വളരും വരെ മനുഷ്യനായ തനിക്കു യൌവനം നിലനിറുത്താനാവില്ലെന്നു അവന്‍ ഞെട്ടലോടെ ഓര്‍ത്തു . അക്ഷരങ്ങളുടെ വിശുദ്ധിയായിരുന്നു തന്‍റെ കരുത്ത് എന്നവന്‍ തിരിച്ചറിഞ്ഞു .എത്രയും വേഗം മണ്ണിലേക്കു മടങ്ങാന്‍ അവന്‍ ആഗ്രഹിച്ചു .
അപ്സരസ്സുകള്‍ അവനെ മടങ്ങാന്‍ അനുവദിച്ചില്ല .
ഒടുവില്‍ .... അവന്‍തന്നെ സൃഷ്ടിച്ച കഥാപാത്രമായ ഒരാകാശസഞ്ചാരി അവന്‍റെ ഉള്‍വിളി കേട്ടു മനസ്സലിഞ്ഞ് അവനെ ഭൂമിയില്‍ എത്തിച്ചു .അപ്പോഴേക്കും അവനെ പ്രണയിച്ചിരുന്ന അക്ഷരങ്ങള്‍ അവനെ ഉപേക്ഷിച്ചുപോയിരുന്നു .ആരാധകരുടെ മനസ്സില്‍ പുതിയകാലത്തിന്റെ കരുത്തുറ്റനാമ്പുകള്‍ വേരുപടര്‍ത്തിക്കഴിഞ്ഞിരുന്നു .
പെട്ടെന്നാണ് അതു സംഭവിച്ചത് ......
അവന്‍റെ കണ്ണുകളിലെ അഗ്നി കെട്ടടങ്ങി , ശരീരത്തിനു തളര്‍ച്ചബാധിച്ചു . തലനാരിഴകള്‍ വെള്ളിക്കമ്പികളായി . പുകയിലക്കറ പുരണ്ട പല്ലുകള്‍ കൊഴിഞ്ഞുവീണു .
പിന്നെ കാമുകിമാരാരും അവനെ തിരിച്ചറിഞ്ഞതേയില്ല .
സമ്പാദ്യം മുഴുവന്‍ കൊടുത്തിട്ടും അല്‍പകാലത്തെ യൌവനം കടംകൊടുക്കാന്‍ പുത്രന്മാരാരും തയാറായില്ല .
അവസാനം .......
അവസാനമായിമാത്രം അവന്‍ അവളെ അന്വേഷിച്ചു .
അവളായിരുന്നുവല്ലോ അവന് യഥേഷ്ടം പുത്രന്മാരെ പെറ്റുകൊടുത്തത്.
അടുക്കളയിലും അലക്കുകടവിലും കാലിത്തൊഴുത്തിലും തൊടിയിലുമെല്ലാം അവന്‍ അവളെ തിരഞ്ഞു .അവളുടേതായിരുന്ന ഇടങ്ങളിലൊന്നും അവളെ കണ്ടില്ല .
നിരാശനായി തിരിച്ചുവന്ന് പൂമുഖപ്പടിയില്‍ കുത്തിയിരുന്നു .
ഏകാന്തനൊമ്പരം സഹിക്കവയ്യാതെ അവന്‍ ആകാശത്തേക്കു നോക്കി നിലവിളിച്ചു .
'എന്‍റെ ദൈവമേ , എന്‍റെ ദൈവമേ അവളും എന്നെ കൈവിട്ടുവോ ?
ദൈവം അവന്‍റെ കണ്ണുകള്‍ മലര്‍ക്കെ തുറന്നുകൊടുത്തു .
പൂമുഖത്തിണ്ണയില്‍ ഒരു ചിതല്‍പ്പുറ്റു വളര്‍ന്നിരിക്കുന്നത് അവന്‍റെ കണ്ണില്‍പ്പെട്ടു .
അവന്‍ അത്ഭുതത്തോടെ അടുത്തുചെന്നു .
ചിതല്‍പ്പുറ്റിന്റെ വിടവിലൂടെ ഒരു ശുഷ്കിച്ച കൈ പുറത്തേക്കു നീണ്ടു .അത്
അവനെ വലിച്ചിഴച്ചു പുറ്റിനുള്ളിലാക്കി .
ഈ ബ്ലോഗില്‍ ആദ്യമാണ് എത്തിനോക്കുന്നത്.
ReplyDeleteനല്ല നല്ല കഥകളും നോവലുകളും ധാരാളം .
സമയലഭ്യതക്കനുസരിച്ച് എല്ലാ പോസ്റ്റുകളും വായിക്കാനായി
ഇവിടം ഇനിയും വരും .
ആശംസകള്‍
Thanq goodreader. You are welcome
ReplyDeleteഅസ്തിത ]o നഷ്ടപ്പെട്ട എഴുത്തുകാരൻ
ReplyDeleteനല്ല വായന
ReplyDeleteനല്ല വായന
ReplyDeleteനല്ല വായന
ReplyDelete