Friday, 19 July 2013

കൂട്ടംതെറ്റിയവരുടെ യാമങ്ങള്‍ (കഥ )


അന്നു ഹര്‍ത്താലായിരുന്നു: ബസ്ചാര്‍ജു് വര്‍ധനയ്ക്കെതിരെ പ്രതിപക്ഷകക്ഷികള്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍. വാഹനഗതാഗതം പാടെ നിലച്ചിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
വിജനമായ വഴിത്താരയി ലൂടെ ഞങ്ങള്‍ നടക്കുകയാണ്, ഞാനും എന്റെ മകനും. നടത്തം തുടങ്ങിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. പൊരിവെയിലത്ത് എന്നെ പിന്നിലാക്കി അവന്‍ മുമ്പേ നടക്കുകയായിരുന്നു. എന്നാലിപ്പോള്‍ അവന്റെ കാലുകളും കുഴഞ്ഞിരിക്കുന്നു. വഴിയരികത്തു കണ്ട സര്‍വേക്കല്ലില്‍ ചാരിയിരിക്കയാണവന്‍.
  വഴിയരികിലെ മാടക്കടകള്‍ പോലും തുറന്നിട്ടില്ല.
വരണ്ട നാവ് കുടിനീരിനായി കേഴുകയാണ്.
ഞാന്‍ ഒപ്പമെത്തിയപ്പോള്‍ അവന്‍ പ്രതീക്ഷയോടെ അല്പമകലേക്ക് വിരല്‍ ചൂണ്ടി. അവിടെ കൂടാരം പോലെ എന്തോഒന്ന്‍. പൊതുനിരത്തില്‍ നിന്നു കൂടാരംവരെ ചരല്‍ക്കല്ലു വിരിച്ച നടപ്പാത, പാതയ്ക്കിരുവശവും കരിങ്കല്ലുകൊണ്ടുണ്ടാക്കിയ അരമതില്‍, മതിലിന്റെ മുകള്‍പ്പരപ്പില്‍ അവിടവിടെയായി കുറുക്കന്മാരുടെ  തലകള്‍ പതിച്ചുവച്ചിരിക്കുന്നു.
അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്‌; അതു കൂടാരമല്ല, വീടിന്റെ ചുറ്റുമതിലാണ്. വൃത്താകൃതിയില്‍ മരംകൊണ്ടു നിര്‍മ്മിച്ച ചുറ്റുമതില്‍. വാതിലോ കാളിംഗ്ബെല്ലോ ഒന്നുമില്ല .
ആരുമില്ലേ ? മകന്‍ വിളിച്ചുചോദിച്ചു.
പലതവണ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. നിരാശയോടെ തിരിഞ്ഞുനടന്നപ്പോള്‍ അകത്തുനിന്നൊരു സ്ത്രീശബ്ദം:
ആരാ ?
വഴിയാത്രക്കാരാണെ. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍...... ഞാന്‍ അറച്ചറച്ചു പറഞ്ഞു .
നിമിഷങ്ങള്‍ക്കുള്ളില്‍ വാതില്‍പ്പലക നീക്കി ഒരാണ്‍കുട്ടി പുറത്തേക്കു വന്നു. അവന്റെ കയ്യില്‍ ഒരു മണ്‍കൂജ നിറയെ വെള്ളവും രണ്ടു മരക്കോപ്പകളും ഉണ്ടായിരുന്നു.
ഞങ്ങള്‍ ആര്‍ത്തിയോടെ കൈനീട്ടി വാങ്ങി; കൂജയിലെ കുളിര്‍ജലം മരക്കോപ്പയില്‍ പകര്‍ന്നു കുടിച്ചു. ഒഴിഞ്ഞ കൂജയും കോപ്പകളും തിരിച്ചുകൊടുത്തു.
ആ കുട്ടിക്ക് നന്ദിപറഞ്ഞ് മടങ്ങാന്‍ തുടങ്ങവെ വീണ്ടും അതേ സ്ത്രീശബ്ദം:
അകത്തേക്കു വരാം, ഭക്ഷണംകഴിച്ചു വിശ്രമിച്ചിട്ടു പോകാം
അത്യധികമായ സന്തോഷത്തോടെ ഞങ്ങള്‍ ക്ഷണം സ്വീകരിച്ചു. ഒരാള്‍ക്കു കഷ്ടിച്ചുകടക്കാവുന്ന വാതില്‍ . പലകകൊണ്ടുള്ള ചവിട്ടുപടികള്‍ .
ഇറങ്ങിച്ചെന്നത് മരംകൊണ്ടുണ്ടാക്കിയ മനോഹരമായൊരു വീടിന്റെ മുന്‍വശത്തായിരുന്നു. വൃത്താകൃതിയിലുള്ള കൊച്ചു വീട്. വെള്ളാരംകല്ലു പാകിയ മണിമുറ്റം. കൊത്തുപണികളുള്ള മരച്ചുവരുകള്‍.
അകത്ത് ആരൊക്കെയോ അടക്കിയ സ്വരത്തില്‍ സംസാരിക്കുന്നതു കേള്ക്കാം .
അല്പനേരം കഴിഞ്ഞപ്പോള്‍ ഹെല്‍മറ്റുപോലുള്ള മരത്തൊപ്പിവച്ച ഒരാള്‍ പുറത്തേക്കു വന്നു.
വരൂ, ഇവിടെയൊക്കെ ഒന്നുചുറ്റിവരുമ്പോഴേക്കും ഭക്ഷണം തയാറാകും.
അയാള്‍ ഞങ്ങളെ വീടിന്‍റെ പിന്നാമ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. 
 അവിടെ, മുറ്റത്ത്‌ ചുറ്റുമതിലിനോടു ചേര്‍ന്ന് ‍ ഒരു വലിയ മരപ്പാത്രം കുഴിച്ചുവച്ചിരിക്കുന്നു. വിസ്താരമേറിയ വാവട്ടം നേര്‍ത്ത കമ്പിവലകൊണ്ട് മൂടിക്കെട്ടിയിരിക്കുന്നു.
ഞങ്ങള്‍ അതിനുള്ളിലേക്ക്‌ എത്തിനോക്കി.
പലതരം ജീവികള്‍! ക്ഷുദ്രജീവികളും സാധുജീവികളും. എല്ലാം ഒരുമിച്ചുകിടന്ന്‍ ബഹളംകൂട്ടുന്നു. തവളയെ പിടിക്കുന്ന പാമ്പ്‌, പാമ്പിനെ കുത്തുന്ന തേള്, മീനിനെ വിഴുങ്ങുന്ന നീര്‍ക്കോലി, നീര്‍ക്കോലിയെ ചുറ്റുന്ന ചേര, പിന്നെയും എന്തൊക്കെയോ ജീവികള്‍....... ചാടിയും പിടഞ്ഞും......
എന്തിനാ ഇവറ്റകളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്? ഞാന്‍ ചോദിച്ചു.
ഇതു ഞങ്ങളുടെ ഒരാചാരമാണ്. അയാള്‍ വിശദീകരിച്ചു: ഞാന്‍, ഭാര്യ, മക്കള്‍- ഞങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും പാപം ചെയ്‌താല്‍ അതു ചെയ്തയാള്‍ തന്നെ ഇതേപോലൊരു ജീവിയെ തേടിപ്പിടിച്ച് ഇതിനുള്ളില്‍ കൊണ്ടിടണം. അത് ഇണങ്ങാത്ത ജീവികളുമായി പോരടിച്ചും പേടിച്ചും നരകിക്കണം...എത്രത്തോളം നരകിക്കുന്നുവോ അത്രത്തോളം പുണ്യം
പാപംചെയ്തയാള്‍ക്കു കിട്ടിക്കൊണ്ടെയിരിക്കും., നരകിച്ചുനരകിച്ച്‌
അതു ചാവുമ്പോള്‍ പാപത്തില്‍ നിന്നു പൂര്‍ണ്ണുമായ മോചനം ലഭിക്കുകയുംചെയ്യും.
ജീവികളുടെ പ്രാണവെപ്രാളം കണ്ടും അയാളുടെ വിശദീകരണം കേട്ടും ഞങ്ങള്‍ ആകെ അസ്വസ്ഥരായി. ആ വീട്ടിലെ സല്ക്കാരം സ്വീകരിക്കാന്‍ എന്തോ ഒരറപ്പ്. എത്രയും വേഗം അവിടെനിന്നും രക്ഷപ്പെട്ടാല്‍മതി എന്നായി ഞങ്ങളുടെ ചിന്ത.
പോകാന്‍ ധൃതിയുണ്ട്. ഞാന്‍ പറഞ്ഞു.
തിരിഞ്ഞുനടന്നപ്പോള്‍ മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ട് അയാള്‍ മുമ്പില്‍
കയറി കൈവിരിച്ചുനിന്നു.
വിശന്നുപൊരിഞ്ഞു വന്നിട്ട് ഭക്ഷണം കഴിക്കാതെ പോവുകയോ ? ഞാനതു സമ്മതിക്കില്ല. നിങ്ങള്‍ക്കായി എന്റെ ഭാര്യ സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിക്കഴിഞ്ഞു. വന്നു കഴിക്കുക.
അയാള്‍ നിര്‍ബന്ധപൂര്‍വം ഞങ്ങളെ വീടിന്നുള്ളിലേക്ക് കൊണ്ടുപോയി.
അകച്ചുവരുകളില്‍ അവിടവിടെയായി കുറുക്കന്‍മാരുടെ  തലകള്‍ സ്ഥാനംപിടിച്ചിരിക്കുന്നു. ചോരയുടെ ഗന്ധം വമിക്കുന്ന അകത്തളത്തില്‍ മരപ്പലകമേല്‍ വേവിച്ചതും പൊരിച്ചതുമായ പലതരം ഭക്ഷണസാധനങ്ങള്‍ നിരത്തിവച്ച് അയാളുടെ ഭാര്യ ഞങ്ങളെ കാത്തിരിക്കുന്നു. ഞങ്ങള്‍ക്ക് ഭക്ഷിക്കുകയല്ലാതെ നിവൃത്തിയില്ലെന്നായി.
മരവിയില്‍ നിന്ന്‍ മരക്കോപ്പ നിറയെ ചുവന്ന പാനീയം മരത്തവിയാല്‍
പകര്‍ന്ന് ‍ അയാള്‍ ഞങ്ങള്‍ക്കു നീട്ടി.
ഇതെന്താണ് ? ഞാന്‍ ചോദിച്ചു.
യാത്രാക്ഷീണം മാറ്റാനുള്ള മരുന്നാണ്. ഒറ്റവലിക്കു കുടിച്ചോളൂ. അയാള്‍ ആജ്ഞാപിച്ചു.
കണ്ണുകള്‍ ഇറുകെയടച്ച്‌, ശ്വാസംപിടിച്ച് ഞങ്ങളതു കുടിച്ചു. ചോര മണക്കുന്ന പാനീയം. അകത്തുചെന്നപ്പോള്‍ വയറിനകത്തൊരു കാളല്‍.
അയാള്‍ മരപ്പാത്രങ്ങളില്‍ അപ്പവും പൊരിച്ച ഇറച്ചിയും വിളമ്പിത്തന്നു. ഞങ്ങളത് ആര്‍ത്തിയോടെ ഭക്ഷിച്ചു. ഇടയ്ക്കിടെ ചുവന്ന പാനീയവും.
മൂക്കുമുട്ടെ കഴിച്ച് ഏമ്പക്കംവിട്ട് എണീറ്റപ്പോള്‍ അയാള്‍ ചോദിച്ചു:
ഭക്ഷണം എങ്ങനെയുണ്ട്?
നല്ല സ്വാദ്. ഞാന്‍ തൃപ്തിയോടെ പറഞ്ഞു.
അതുകേട്ടു അയാള്‍ തലയറഞ്ഞു ചിരിക്കുകയും കുറുക്കനെപ്പോലെ കൂവുകയും ചെയ്തു.
എന്താ ചങ്ങാതീ ഇങ്ങനെ....? ഞാന്‍ അമ്പരപ്പോടെ ചോദിച്ചു.
അയാള്‍ എന്റെ വയറ്റില്‍ ചെവി ചേര്‍ത്തുവച്ചു ചോദിച്ചു:
അവന്‍ കൂവുന്നതു കേള്‍ക്കുന്നുണ്ടോ ?
ആര്? അങ്കലാപ്പോടെ ഞാന്‍ ചോദിച്ചു.
എന്റെ കോഴികളെ തിന്നതിനുള്ള ശിക്ഷയാ.... അവനെ നമ്മളു തിന്നു. ഇനിയവന്‍ അവിടെക്കിടന്നു കൂവട്ടെ . പ്രതികാരം ചെയ്തതിന്റെു സംതൃപ്തിയോടെ അയാള്‍ പറഞ്ഞു.
എനിക്കു വയറുവേദനയും മനംപിരട്ടലും തുടങ്ങി. ഒരു കൈകൊണ്ടു വായ്‌ പൊത്തിപ്പിടിച്ച്, 
മറ്റേ കൈകൊണ്ട് വയറമര്‍ത്തി ഞാന്‍ നിന്നു വിയര്‍ത്തു .
ഉറക്കെച്ചിരിച്ചുകൊണ്ട് അയാള്‍ മുഖംമൂടിത്തൊപ്പി എടുത്തുമാറ്റി.
അയാള്‍ക്ക് ‌ എന്റെ  ഉറ്റചങ്ങാതിയുടെ മുഖം!
ഞാന്‍ ഞെട്ടിത്തരിച്ചു നിന്നു.
സംശയിക്കേണ്ട, ഇതു ഞാന്‍ തന്നെ, മുകുന്ദന്‍. നിങ്ങളൊക്കെ കുറുക്കനെന്നു വിളിച്ചു കളിയാക്കാറുണ്ടായിരുന്ന അതേ മുകുന്ദന്‍. നിന്റെ പേന മോഷ്ടിച്ചെന്നു പറഞ്ഞു എല്ലാവരും 
ചേര്‍ന്ന് കൂവി നാണംകെടുത്തിയ അതേ മുകുന്ദന്‍.
മുകുന്ദാ, കുട്ടിക്കാലത്തെ തമാശക്ക് ഇപ്പോള്‍ ഇങ്ങനെ പകരംവീട്ടണമായിരുന്നോ?
സാരമില്ലെന്നെ, നമുക്കവനെ പുറത്തെടുക്കാം, ഇപ്പോത്തന്നെ.
മോനേ, ആ കത്തിയെടുത്തുകൊണ്ടുവാ.
അയാള്‍ പറഞ്ഞുതീരാത്ത താമസം, അയാളുടെ മകന്‍ കത്തിയുമായി വന്നു.
അവര്‍ എന്നെ ബലമായി പിടിച്ചു മരപ്പലകമേല്‍ കിടത്തി, ഉടുപ്പുയര്‍ത്തി വച്ച് എന്റെ വയറ്റത്ത് കത്തികൊണ്ടു വരയാന്‍ തുടങ്ങി.
ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു; കുറുക്കന്‍ ഓരിയിടുന്ന അതേ ഈണത്തില്‍.
അപ്പോള്‍ മുകുന്ദന്റെ ചിരിക്കു പ്രതികാരത്തിന്റെ രൌദ്രതാളമായിരുന്നു.
പെട്ടെന്ന്‍ എന്റെ മകന്‍ കുറുക്കനെപ്പോലെ കൂവിക്കൊണ്ട് പുറത്തേക്കോടി. മുകുന്ദനും മകനും അന്തംവിട്ടു നിന്നു. ആ തക്കം നോക്കി ഞാന്‍ ചാടിയെണീറ്റോടി.
ഓടിയോടി ഞങ്ങള്‍ പൊതുനിരത്തിലെത്തി.ഒരുപറ്റം പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടു വരിവരിയായി നടന്നുനീങ്ങുന്നു.
അവര്‍ക്കിടയില്‍ നുഴഞ്ഞുകയറി ഞങ്ങളും മുദ്രാവാക്യം വിളിച്ചുനടന്നു.
പലയിടങ്ങളില്‍നിന്നു വന്നവര്‍ ബസ്സ്റ്റാന്റില്‍ ഒത്തുകൂടി. ആര്‍ത്തുകൂവിക്കൊണ്ട് ബസ്സുകളുടെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു , ടയറുകള്‍ കുത്തിക്കീറി.
അക്രമം കണ്ട് ഭയന്ന യാത്രക്കാര്‍ നിലവിളിച്ചുകൊണ്ട് പലവഴിക്കും ചിതറിയോടി.
ഞങ്ങള്‍ വഴിതെറ്റി അലഞ്ഞു

2 comments:

  1. എന്നോ പറന്നകന്ന സർറിയലിസ്റ്റിക് ഭാവനകൾ തിരികെ വന്നു കൂടു കൂട്ടിയിരിക്കുന്ന ഒരു കഥാ ശില്പം.

    ReplyDelete