Sunday, 21 July 2013

അഭിമുഖം -എസ് .സരോജം

                       INTERVIEW-S.SAROJAM (tharamginionline.com - 2013 April)




 (തരംഗിണി ഓണ്‍ലൈന്‍ മാസിക ഏപ്രില്‍ 2013-ല്‍  പ്രസിദ്ധീകരിച്ച അഭിമുഖത്തിന്‍റെ          പ്രസക്തഭാഗങ്ങള്‍)
സാഹിത്യകാരിയായ എസ് . സരോജത്തിനു തരംഗിണി ഡോട്ട് കോമിലേക്ക് സ്വാഗതം.
1. കഥാകാരിയും കവിയും നോവലിസ്റ്റുമായ എസ് .സരോജത്തെ വ്യക്തിപരമായി അറിയാൻ ആഗ്രഹിക്കുന്നു .
       ജന്മംകൊണ്ടും ജീവിതംകൊണ്ടും തിരുവനന്തപുരത്തുകാരിയാണ് ഞാൻ .കാട്ടക്കടയ്ക്കടുത്തുള്ള പാപ്പനം എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്നു . ഗ്രാമത്തിലെ സ്കൂളുകളിലും നഗരത്തിലെ കോളേജിലും വിദ്യ അഭ്യസിച്ചു .തിരുവനന്തപുരം വിമന്‍സ് കോളേജിലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലുമായി  31 വർഷത്തെ ഔദ്യോഗികജീവിതം . ഡെപ്യൂട്ടിസെക്രട്ടറിയായിരിക്കെ വിരമിച്ചു .ഇപ്പോൾ എഴുത്തും വായനയും സാംസ്കാരികപ്രവർത്തനവുമായി കഴിയുന്നു .
2 .മലയാളസാഹിത്യലോകത്ത് അറിയപ്പെടുന്ന ഒരെഴുത്തുകാരിയിൽ എത്തിനിൽക്കുന്നു  എസ്.സരോജം. ഈ വളർച്ച കുടുംബജീവിതത്തെ ബാധിച്ചിട്ടുണ്ടോ ?
        എഴുത്ത് കുടുംബജീവിതത്തെ ബാധിച്ചിട്ടില്ല . ഭാരിച്ച ഔദ്യോഗികചുമതലകൾ കുടുംബജീവിതത്തെ സാരമായി ബാധിച്ചിരുന്നു . കുടുംബജീവിതവും ഔദ്യോഗികജീവിതവും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്നതിനിടയിൽ എഴുത്തിനെ മാറ്റിനിറുത്തുകയാണുണ്ടായത് .

3. 'മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി' എന്ന ആദ്യപുസ്തകം പുറത്തിറങ്ങിയപ്പോൾ മനസ്സിൽ തോന്നിയ വികാരം ?
          ആദ്യത്തെ കുഞ്ഞുണ്ടായപ്പോൾ തോന്നിയ അതേ സന്തോഷം .
4. പതിനാലു ചെറുകഥകളുടെ സമാഹാരമാണല്ലോ ആ പുസ്തകം . മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി എന്ന് ആ പുസ്തകത്തിനു പേരിടാൻ കാരണം ?
          ജീവിതത്തിന്റെ ആദ്യത്തെ കാൽനൂറ്റാണ്ടുകാലം മനോഹരമായൊരു ഗ്രാമത്തിലായിരുന്നുവല്ലോ ഞാൻ .അക്കാലത്ത് ഇടവപ്പാതിയും കാലവർഷവുമൊക്കെ കൃത്യമായി വന്നെത്തുമായിരുന്നു .കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ഞങ്ങൾക്കു മഴയെ സ്നേഹിക്കാതെവയ്യല്ലോ . വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മഴയോടു തോന്നിയിരുന്ന ഇഷ്ടവും സ്നേഹവും പ്രണയവുമൊക്കെ ഓർത്തെടുക്കുന്നതാണ് 'മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി ' എന്ന കഥ .മഴയെ ഒരുപാടൊരുപാടു സ്നേഹിക്കുന്ന ഞാൻ എന്റെ ആദ്യകൃതിക്ക്‌ നൽകേണ്ടത് ആ പേരു തന്നെയല്ലേ ?
5. ഒരു കഥാപാത്രത്തെ മുഴുവനായും പകർത്തിത്തീരുമ്പോൾ മനസ്സിൽ തോന്നുന്ന വികാരം ?സൃഷ്ടിച്ച കഥാപാത്രങ്ങളിൽ എന്നും എപ്പോഴും മനസ്സിൽ ഓടിയെത്തുന്ന രൂപം ? ആ കഥാപാത്രത്തെ സൃഷ്ടിക്കാനുണ്ടായ സാഹചര്യം ?

       
 ഒരു കഥാപാത്രത്തിനു ജന്മം നൽകിക്കഴിയുമ്പോൾ അതിനോട് എനിക്കു നീതി പുലർത്താനായോ എന്നൊരാശങ്ക മനസ്സിനെ അലട്ടാറുണ്ട് .ഏതാനും ദിവസം കഴിയുമ്പോൾ മറ്റൊരു കഥാപാത്രം കടന്നുവരും . ആദ്യത്തെയാൾ ഓർമ്മയിലേക്കൊതുങ്ങും . മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടിയിലെ പ്രിയയും ഒറ്റനിലത്തിലെ സുസ്മിതയും ഇടയ്ക്കിടെ മനസ്സിൽ ഓടിയെത്താറുണ്ട് .പ്രിയ ഞാൻ തന്നെയാകുന്നു .സുസ്മിത എഴുതിത്തുടങ്ങുന്ന ഏതു പെണ്‍കുട്ടിയുമാവാം .

6 .അടുത്തകാലത്ത് ചില അവാർഡുകൾ ലഭിച്ചിരുന്നല്ലോ . അവാർഡുകളെക്കുറിച്ച് എന്താണഭിപ്രായം ?
            പ്രതീക്ഷിരിക്കാതെ കിട്ടുന്ന അവാർഡുകൾ സന്തോഷം തരാറുണ്ട് .അവ എഴുത്തിനു പ്രചോദനവും പ്രോത്സാഹനവും ആകാറുണ്ട് .കാരണം എത്ര ചെറിയ അവാർഡായാലും അതിൽ വായനക്കാരുടെ സ്നേഹവും അംഗീകാരവുമാണു ഞാൻ കാണുന്നത് .
7 .അവാർഡുകൾ വാങ്ങിക്കൂട്ടുമ്പോൾ , പുതിയ പുതിയ സൃഷ്ടികൾ  രചിക്കുമ്പോൾ ഉത്തരവാദിത്തം കൂടുകയല്ലേ ചെയ്യുന്നത് ?
            രചനയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നു തോന്നാറുണ്ട് .
8 .എസ്.സരോജം എന്ന എഴുത്തുകാരിക്ക് ഈ സമൂഹത്തോട് എന്തെങ്കിലും കടപ്പാടുണ്ടെന്നു വിശ്വസിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അത് ഏതു രീതിയിലുള്ള കടപ്പാടാണ് ?
            സുഖസന്തോഷങ്ങൾക്കൊപ്പം ദുഷ്ടതകളും ദുരന്തങ്ങളും ഒളിഞ്ഞിരിക്കുന്ന ചുറ്റുപാടുകളിലാണ് നമ്മൾ ജീവിക്കുന്നത് .ദുരന്തങ്ങളിൽ തളരാതെ , ദുഷ്ടതകളിൽ അകപ്പെടാതെ മുന്നേറാനുള്ള ആർജവം വായനക്കാർക്കു പകർന്നുകൊടുക്കാൻ കഥാപാത്രങ്ങൾക്ക് കഴിയണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത് .എത്രത്തോളം സാധിക്കുന്നു എന്നറിയില്ല .സമകാലിക പ്രശ്നങ്ങളോടു പ്രതികരിക്കാനുള്ള ഉപാധി കൂടിയാണല്ലോ എഴുത്ത് .
9 .അമ്മ എന്ന വാക്കിനെ എസ് .സരോജം എന്ന എഴുത്തുകാരി എങ്ങനെ നിർവചിക്കും ?
             സമൂഹത്തെ വാർത്തെടുക്കുന്ന പെണ്ണ് .
10 .ദൈവവിശ്വാസിയാണോ ?
             അതെ .
11 .ഇഷ്ടദൈവം ?
              കോടാനുകോടി നക്ഷത്രങ്ങളെയും അവയ്ക്കുചുറ്റുമുള്ള സകലതിനെയും സൃഷ്ടിച്ചു പരിപാലിക്കുന്ന മഹാശക്തിയെ ഞാൻ ദൈവം എന്നു വിളിക്കുന്നു .

No comments:

Post a Comment