കാലം മായ്ച്ചുകളിച്ചൊരു വികൃത -
ക്കോലം പോലെന്‍ തറവാട് !
ചോദിക്കുന്നു പേരക്കുട്ടികളി-
ന്നാരു പുലര്‍ത്തും തറവാട് ?
ജീര്‍ണ്ണിച്ചെഴുമെന്‍ തറവാടിന്‍റെ
കോലം കണ്ടു വിതുമ്പീ ഞാന്‍:
അഞ്ചിതമീ മണിമുറ്റത്തല്ലോ
പിഞ്ചുപദങ്ങള്‍ കളിയാടി !
കന്നിക്കൊയ്ത്തും പുത്തരിയൂണും
മേടവിഷുക്കണി കാര്‍ത്തികയും
ഓര്‍മ്മയിലാതിര ഞാറ്റുവേലക -
ളൂഞ്ഞാല്‍പാട്ടിന്നീണങ്ങള്‍......
കാണുവതിന്നോ? കിളികളൊഴിഞ്ഞ്
പാട്ടുനിലച്ചൊരു പഞ്ജരമായ്!
ഓടുകള്‍ പൊട്ടിയ മേല്‍ക്കൂരയതില്‍
ചിതലുകള്‍ മേഞ്ഞ കഴുക്കോലോ
മാംസം നക്കിയെടുത്തോരസ്ഥികള്‍
പോലെയെഴുന്നു ചിരിക്കുന്നു !
ഓടുവിരിച്ചൊരു തറയും ചാരുത
ചേരും കൈവരി കല്‍ത്തൂണും
ആടും മഞ്ചല്‍, വെണ്‍കല്‍ച്ചുവരുകള്‍
ചോര്‍ന്നു തകര്‍ന്നൊളി കെട്ടേപോയ് .
മന്ത്രജപങ്ങള്‍ മുഴങ്ങിയ പൂജാ-
മുറിയില്‍ പ്രാവുകള്‍ കുറുകുന്നു.
ഓട്ടുവിളക്കും കിണ്ടിയുമെല്ലാം
ക്ലാവുപിടിച്ചു കറുത്തേപോയ് .
ചിത്രപ്പണികള്‍ ചെയ്തുമിനുക്കിയ
പൂമുഖവാതില്‍ച്ചില്ലുകളും
ഗതകാലത്തിന്‍ പ്രൌഡിയുണര്‍ത്തും
സ്മാരകമെന്നതുപോലെ .
വള്ളികള്‍ ഞാന്നൊരു സര്‍പ്പക്കാവും
കല്ലില്‍ കൊത്തിയ വിഗ്രഹവും
ഏതോ വിസ്മൃതചിത്രം പോലെ
ഓര്‍മ്മയില്‍ മിന്നിത്തെളിയുന്നു.
തുടിച്ചുനീന്തിയ കൈപ്പുഴയോരം
കെട്ടിയൊതുക്കിയ കല്‍പ്പടവും
പേര്‍ത്തും വിരഹത്താപം പേറി
പാരമിടിഞ്ഞു കിടക്കുന്നു .
ഓരത്തുള്ളോരു പൂമരമെല്ലാം
പൂത്തകിനാക്കള്‍ മറന്നെന്നോ ?
ആമ്പല്‍ക്കുളമൊന്നരികത്തായി
പായല്‍ പുതച്ചു മയങ്ങുന്നു.
പൊട്ടിയ വീട്ടുപടിപ്പുരനടയില്‍
മുട്ടിവിളിക്കുവതാരാണ് ?
ക്ടാക്കളെ മേയ്ക്കും പാക്കരനോ,
പാടം കൊയ്യും പെണ്ണാളോ ?
പൊലിഞ്ഞുപോയ കിനാവിന്‍വീട്ടില്‍
കാലത്തിന്‍ കളിവിളയാട്ടം
കണ്ടുകലങ്ങിയ കാതരമിഴികള്‍
ചോരത്തുള്ളികളിറ്റുന്നു .
(2006-ല്‍ ദേവകിവാര്യര്‍ ഫൌണ്ടേഷന്‍ പുരസ്കാരം
നേടിയ കവിത)
ഇഷ്ടപ്പെട്ടു. പോയ കാല സ്മൃതികള്‍ തൊട്ടുണര്‍ത്തി.
ReplyDeleteനന്ദി.....പ്രിയ വായനക്കാരാ . ഈ വാക്കുകള്‍ എഴുതാന്‍ പ്രചോദനമാവട്ടെ .
ReplyDeleteനന്മകള്‍ നേരുന്നു