കിഴക്കന്‍മലയുടെ താഴ്വരയിലെ കര്‍ഷകഗ്രാമത്തില്‍ ഉത്സവപ്രതീതി വരുത്തിയത്
ഒരു മരമാണ്: തലമുറകള്‍ ചവിട്ടിയുറപ്പിച്ച നാട്ടുവഴി യോരത്ത് തനിയേ കിളിര്‍ത്തുവന്ന
വാകമരം .
ചിന്നപ്പുലയനും കാളിപ്പെണ്ണും കിടാങ്ങളെ ഉറക്കാന്‍ പാടിയ പഴംപാട്ടുകളും
എഴുതപ്പെടാത്ത കഥകളും കേട്ടാണ് ആ മരം വളര്‍ന്നുവന്നത്. ചുറ്റും തണല്‍വിരിച്ച് തല
ഉയര്‍ത്തിനിന്ന്‍ അതുവഴി വരുന്നവരോടൊക്കെ അവള്‍ പറയുമായിരുന്നു: യാത്രക്കാരാ എന്‍റെ
തണലില്‍ ഇത്തിരിനേരമിരുന്ന്‍ തളര്‍ച്ച മാറ്റിയിട്ടു
പോയാലും.
അവളുടെ
ക്ഷണം സ്വീകരിക്കുന്ന വഴിപോക്കര്‍ക്ക് ദാഹജലം നല്‍കുകയെന്നത് തൊട്ടടുത്ത്
ഓലപ്പുരയില്‍ പാര്‍ക്കുന്ന ചിന്നപ്പുലയന്‍റെയും കുടുംബത്തിന്‍റെയും ദിനചര്യ
ആയിരുന്നു .
നല്ലവനായ
നാട്ടുപ്രമാണിയുടെ അനുസരണയുള്ള ആശ്രിതനായിരുന്നു ചിന്നന്‍; കറകളഞ്ഞ
യജമാനഭക്തിക്കുള്ള പ്രതിഫലമായി
പതിച്ചുകിട്ടിയ അഞ്ചുസെന്‍റു ഭൂമിയില്‍ കൊച്ചൊരു കുടിലും ഇത്തിരി മോഹങ്ങളുമാ
യി ജീവിതം തുടങ്ങിയ കര്‍ഷകത്തൊഴിലാളി, കുണ്ടും കുഴിയും നിറഞ്ഞ നാട്ടുപാത ടാറിട്ട
റോഡായി മാറുന്നതു കണ്ട് ഒത്തിരി സന്തോഷിച്ചവന്‍, മലഞ്ചരക്കു കയറ്റിയ കാളവണ്ടികള്‍
നിരയൊത്തു നീങ്ങിയ വഴിയിലൂടെ നാലുചക്രങ്ങളുള്ള കൂറ്റന്‍ വാഹനങ്ങള്‍
ഇരമ്പിപ്പായുന്നതു കണ്ട് ഒത്തിരി അഭിമാനിച്ചവന്‍, സ്വന്തം മക്കളുടെയും നാടിന്‍റെയും
വളര്‍ച്ച ഒരുപോലെ കണ്ട് ആനന്ദിച്ചവന്‍........ചിന്നന്‍ .
കാളിപ്പെണ്ണു പെറ്റ
പന്ത്രണ്ടു മക്കളും , പിന്നെ അവരുടെ മക്കളും
കളിച്ചുവളര്‍ന്നത് ഓലക്കുടിലിന്‍റെ മുറ്റത്തും കൊടുംവേനലില്‍ പൂത്തുലയുന്ന
വാകമരത്തിന്‍റെ ചോട്ടിലും ആയിരുന്നു.
ഓലക്കുടിലിന്‍റെ സ്ഥാനത്ത് ഓടിട്ട വീടുണ്ടാക്കിയത് കൂലിപ്പണിക്കാരായ മക്കള്‍ .
യാത്രാവാഹനങ്ങള്‍ക്കും ചരക്കുവണ്ടികള്‍ക്കും സുഗമസഞ്ചാരത്തി നായി പാതയുടെ വീതി കൂട്ടിയപ്പോള്‍ പൊന്നുംവില പോലും വാങ്ങാതെ ഒരു സെന്‍റു ഭൂമി വിട്ടുകൊടുക്കുകയും പത്തുദിവസത്തെ ശ്രമദാനം നല്‍കുകയും ചെയ്തു ചിന്നന്‍.
എങ്കിലും സ്വന്തമെന്ന് അഭിമാനിച്ചു സ്നേഹിച്ച വാകമരത്തിന്‍റെ തടിയില്‍
പുറമ്പോക്കുമുദ്ര പതിഞ്ഞപ്പോള്‍ ചിന്നന്‍റെ കൊച്ചുമനസ്സില്‍ ഇത്തിരി നൊമ്പരം
ഉരുണ്ടുകൂടി.
ഒരുവശത്തെ വേരുകള്‍ അറുത്തുമാറ്റപ്പെട്ട വേദനയോടെ വാകമരം ചിന്നന്‍റെ
വീടിന്‍റെ നേര്‍ക്ക് ചാഞ്ഞുനിന്നു. മറിഞ്ഞുവീഴുമോ എന്ന ഭയത്താലെന്നപോലെ അവള്‍ വളര്‍ച്ച
മുരടിപ്പിച്ചു.
വാകമരത്തിന്‍റെ വേദനയും തളര്‍ച്ചയും കണ്ട് ചിന്നനും സങ്കടമായി.
അവള്‍ തളര്‍ന്നുവീഴുന്നത് തന്‍റെ വീടിന്‍റെ പുറത്തേക്കായിരിക്കു മെന്നോര്‍ത്തപ്പോള്‍
ചിന്നന്‍റെ നെഞ്ചില്‍ തീപടര്‍ന്നു. ഭാര്യ, മക്കള്‍, പെരമക്കള്‍....വാകമരത്തെപ്പോലെതന്നെ
അവരും തനിക്കു പ്രിയപ്പെട്ടവരാണല്ലോ.
പുറമ്പോക്കിലെ മരം മുറിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ
കൊടുത്താല്‍ മുറിച്ചുമാറ്റുമെന്നും അറിവുള്ളവര്‍ പറഞ്ഞു.
തന്‍റെ
സ്വന്തമായ മരം മുറിക്കാന്‍ മറ്റുള്ളവരുടെ അനുവാദം വേണോ? സ്ഥലം വിട്ടുകൊടുത്തത്
യാതൊരു വ്യവസ്ഥയും എഴുതിവാങ്ങാതെയാണ്. മണ്ണിന്‍റെ വിലപോലും വാങ്ങിയിട്ടില്ലാത്ത
സ്ഥിതിക്ക് അവിടെ നില്‍ക്കുന്ന വാകമരം തന്‍റെ
സ്വന്തം അല്ലാതാകുന്ന തെങ്ങനെ ? ചിന്നന്‍ ചിന്താക്കുഴപ്പത്തിലായി.
പത്താംക്ലാസ് തോറ്റ പേരമകന്‍ എഴുതിക്കൊടുത്ത അപേക്ഷയുമായി ചിന്നന്‍
ബന്ധപ്പെട്ടവരെയെല്ലാം കണ്ട് അപേക്ഷ നല്‍കി.
ഒരാഴ്ചയായിട്ടും സങ്കടനിവൃത്തി ഉണ്ടായില്ല.
മാനത്ത്
മഴക്കാറു നിറഞ്ഞപ്പോള്‍ മക്കളും പേരമക്കളും ദൂരെയുള്ള ബന്ധുവീടുകളിലേക്കു പോയി .
കാറ്റും
മഴയും കൊഴുത്തപ്പോള്‍ പ്രാണഭയത്താല്‍ ഭാര്യയും പോയി .
ചിന്നന്‍ വീട്ടില്‍ തനിച്ചായി .
തന്‍റെ ആകുലതകളും ആശങ്കകളും അയാള്‍ ആ
മരത്തോടുതന്നെ പറഞ്ഞുകേള്‍പ്പിച്ചു:
വാകപ്പെണ്ണേ, ഒരായുസുമുഴുവന്‍ നമ്മള്‍ ഒരുമിച്ചായിരുന്നു
.ഇനിയും അങ്ങനെ മതി. ഞാനെങ്ങും പോണില്ല . വീഴണോങ്കി എന്‍റെ പുറത്തേക്കു തന്നെ
ആയിക്കോടീ .ഞാന്‍ നിന്നെ താങ്ങിക്കൊള്ളാം.
വേരറുത്തവരോടുപോലും പരിഭവിക്കാതെ എല്ലാവര്‍ക്കും തണലേകിയ വാകമരം ചിന്നന്‍റെ
സ്നേഹത്തിന്‍റെ ആഴമറിഞ്ഞു. അവനെ പുണര്‍ന്നുകിടക്കാന്‍ അവള്‍ക്കു കൊതിയായി. നല്ല
മഴയുള്ള രാത്രിയില്‍ വീടിന്‍റെയുള്ളില്‍ കമ്പിളിപ്പുതപ്പിന്‍റെ ചൂടേറ്റ് സുഖമായി
ഉറങ്ങുകയാ യിരുന്നു ചിന്നന്‍ .
കനത്ത
മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റ് വികലാംഗയായ വാകപ്പെണ്ണിന്‍റെ ശരീരം ശക്തിയായി
ഉലച്ചു.
അവള്‍
മറിഞ്ഞുവീണു .
ചിന്നന്‍റെ
വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു
ചുവരുകള്‍ പൊട്ടി
ഇതൊന്നുമറിയാതെ ചിന്നന്‍ ഉറക്കം തുടര്‍ന്നു .
സൂര്യന്‍റെ തളര്‍ന്ന കിരണങ്ങള്‍ക്കോ ക്യാമറയുടെ ഫ്ലാഷുകള്‍ക്കോ ചിന്നനെ
ഉണര്‍ത്താനായില്ല
രസകരമായ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്കു കാണിച്ചുകൊടുക്കാന്‍ ക്യാമറക്കണ്ണുകള്‍
മത്സരിച്ചു .
അനുശോചനങ്ങള്‍, നഷ്ടപരിഹാരവാഗ്ദാനങ്ങള്‍,
മാധ്യമകഥകള്‍.....
എല്ലാം ചേര്‍ന്നൊരുക്കിയ ഉത്സവമേളങ്ങള്‍ക്കിടയില്‍
അധികാരികള്‍ അടിയന്തിരയോഗംചേര്‍ന്നു . പാതയുടെ വീതികൂട്ടിയതുകൊണ്ട്
മലഞ്ചരക്കുവ്യവസായമേഖലയിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും പാതയോരത്തെ തണല്‍മരങ്ങള്‍
സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചകളുണ്ടായി.
വേനലില്‍
പൂക്കുന്ന വാകമരങ്ങള്‍ തന്നെയാണ് പാതയോരങ്ങളില്‍ നട്ടുപിടിപ്പിക്കേണ്ടത് എന്ന
കാര്യത്തില്‍ പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും യോജിപ്പിലെത്തി .
അകാലത്തില്‍ നഷ്ടമായ പൂവാകയെ ഓര്‍ത്ത് അവര്‍ കണ്ണീരൊഴുക്കുകയും
അനുശോചനപ്രമേയം പാസാക്കുകയും ചെയ്തു
മരാമത്തുകാരും വനപാലകരും നോക്കിനില്‍ക്കെ ഫയര്‍ഫോഴ്സുകാരും പോലീസുകാരും കര്‍മ്മനിരതരായി
.
പ്രണയപുരസരം ചിന്നനെ പുണര്‍ന്നുകിടന്ന വാകപ്പെണ്ണിന്‍റെ കൈകള്‍ ഓരോന്നായി വെട്ടിമാറ്റാന്‍ തുടങ്ങി
അപ്പോഴും ചിന്നന്‍റെ അപേക്ഷ കോണ്‍ക്രീറ്റ്
മേല്‍ക്കൂരക്കുള്ളില്‍ ഭദ്രമായിരുന്നു.
Great story aunty
ReplyDelete