Monday, 15 July 2013

ശിലയുടെ നിലവിളി (കവിത )




സപ്തരാഗങ്ങള്‍ നിദ്രകൊള്ളുന്ന
ശില്പധാമത്തിന്നുള്ളില്‍നിന്നും  
നിര്‍ഗ്ഗമിക്കും നിലവിളികേട്ടു
നിശ്ചലം നിന്നു ദേവകള്‍!

ഭദ്രദീപത്തിന്‍ നാളംപോലവെ
ദീപ്തമാം രണ്ടു നേത്രങ്ങള്‍
ചിന്നും തീപ്പൊരികളിലാളി  
വെണ്ണിറായി പോല്‍ ശ്രീകോവില്‍.

ശുഭ്രകാലത്തില്‍ പൂജാരിയെത്തി
മംഗലംചെയ്തു വാഴ്വുമായ്,
ശ്രീലയായ് ശില, ദേവിയായ് നിന്ന
കാലമിന്നു പഴംകഥ .

ചാരുവിഗ്രഹം നേരില്‍ പാര്‍ത്തവര്‍
നോവുകളെല്ലാം സാദരം
പാദയുഗ്മത്തിലര്‍പ്പിച്ചു വരം
നേടിയാ ദേവിയെ കീര്‍ത്തിച്ചു.

പൂജാരിതന്‍ ധനമാനങ്ങളെല്ലാം  
ദേവിക്കു ജന്മപുണ്യമായ്.
പ്രേമസാധകം ചെയ്തു ദേവിയാ
കോവിലില്‍ വാണു സാമോദം.

ഓര്‍ത്തിരിക്കാതെ പെയ്ത മാരിയില്‍
രാത്രി ഘോരമായ്തീരവെ ,
ആര്‍ത്തരായ് ജനം: പൂജാരിയെന്തേ
തീര്‍ത്തു ജന്മമീ കോവിലില്‍ ?

ദേവിയല്ലിതു; ശാപത്തിന്‍ശില,
നോവുതല്ലിക്കരഞ്ഞവര്‍;
കോവിലില്‍നിന്നു ദേവിയെയന്നു
കോലായില്‍ കൊണ്ടെറിഞ്ഞുപോല്‍.

പോകെപ്പോകെ, ചവിട്ടുകല്ലായി
മാറിയാ ദേവി, ഹാ കഷ്ടം!  
ആരുംകാണാതിരുളില്‍ വേപഥു
വാര്‍ന്നു വിമ്മിക്കരഞ്ഞുപോല്‍.

ദേവിയല്ലിതു ശാപത്തിന്‍ ശില –
ആവര്‍ത്തിച്ചു ജനങ്ങളും.
ശ്രീലമായ്ക്കണ്ട തൂമുഖംതന്നില്‍
കാല്‍ ചവിട്ടാന്‍ മടിച്ചില്ല .

നൊന്തുവിങ്ങുമാ ചാരുശില്പത്തിന്‍
നെഞ്ചുപൊട്ടിയ ലാവയില്‍
നോവുകളര്‍പ്പിച്ചു,വിധവകള്‍ തൊട്ടു
നെറ്റിയില്‍ കുറി ചാര്‍ത്തുന്നു.

കണ്ണുനീരിന്‍റെ നൈവേദ്യമുണ്ടു
വെണ്ണിലാച്ചിരി തൂകിയും
പെണ്ണുടലിന്‍റെ മാനംകാക്കുവാന്‍
കണ്ണുചിമ്മാതിരിപ്പു ദേവി.

3 comments:

  1. കോവിലിലായാലും
    കോലായിലായലും
    പെണ്‍ശിലയില്‍
    ഉന്മാദം പൂണ്ടൊരു
    ശില്പം കൊത്തും
    പൂജാരിയാമീ
    ആണ്‍ശില്പികള്‍.......

    ReplyDelete
  2. ഏഴു രാഗങ്ങളും ഉള്ളിലൊളിപ്പിച്ച ശാപത്തിന്‍ ശിലയെങ്കിലും പെണ്ണുടലിന്‍റെ മാനം കാക്കാന്‍ എന്നും കാവലാവട്ടെ ...!

    ReplyDelete
  3. yakshiyil ninnnum(sila).......verittu vanna silayuday nilavili vythysthanayi kelppu njan

    thudarattey sarojam than kadhayum kavithayum

    ReplyDelete