ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ പുറംവാതില്‍ തുറന്ന് സിസ്റ്റര്‍ഇന്ദിര ഉറക്കെ വിളിച്ചു : 'മുരുകന്‍......'
വിശ്രമസ്ഥലത്ത് അമ്പതുപേരെങ്കിലും ശോകംമുറ്റിയ മുഖങ്ങളുമായി കാത്തിരിപ്പുണ്ട് .
മുരുകന്‍റെ ബന്ധുക്കള്‍ ആരെന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാവരും പരസ്പരം നോക്കി .
ആരും മുന്നോട്ടു വന്നില്ല .
'മുരുകന്‍ പതിമൂന്നു വയസ്സ് .....' സിസ്റ്റര്‍ഇന്ദിര കുറച്ചുകൂടി ശബ്ദമുയര്‍ത്തി വിളിച്ചു .
എന്നിട്ടും ആരും വന്നില്ല .തികട്ടിവന്ന അരിശത്തിനു ശകാരത്തിന്റെ സ്വരഭേദങ്ങള്‍ ചേര്‍ത്തുകൊണ്ട് അവര്‍ വാതില്‍ വലിച്ചടച്ചു.
'അമ്പടീ ..... എന്തൊരു ദേഷ്യം !' രമ്യശ്രീയുടെ അമ്മ ആത്മഗതമെന്നോണം പറഞ്ഞത് ഇത്തിരി ഉച്ചത്തിലായിപ്പോയി . കേട്ടവരെല്ലാം അതു ശരിവയ്ക്കുന്നതായി മുഖഭാവങ്ങള്‍ വെളിപ്പെടുത്തി.
ചില സിസ്റ്റര്‍മാരുടെ മുഖം കണ്ടാല്‍ കടന്നല്‍ക്കുത്തു കൊണ്ടതുപോലെയാണെപ്പോഴും. ആര്‍ക്കും അവരോട് ഒന്നും ചോദിക്കാന്‍ ധൈര്യംവരില്ല. മറ്റുചിലരാവട്ടെ ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പിന്‍മുറക്കാരാണെന്നു ഭാവിച്ച് എപ്പോഴും തിരക്കിട്ടോടിനടക്കുന്നവര്‍. സിസ്റ്റര്‍ ഇന്ദിരയെ ആദ്യഗണത്തില്‍പ്പെടുത്താം; സിസ്റ്റര്‍ തങ്കമ്മയെ രണ്ടാമത്തെ ഗണത്തിലും.
വല്ലപ്പോഴും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്ന സിസ്റ്റര്‍നീനുവിനെ കാണുമ്പോള്‍
വിഷാദശ്ചവി പടര്‍ന്ന കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം; പ്രിയപ്പെട്ടവരുടെ രോഗവിവരങ്ങള്‍ ധൈര്യപൂര്‍വ്വം ചോദിക്കാം. സാന്ത്വനമരുളുന്ന മൃദുസ്മിതത്തോടെ സിസ്റ്റര്‍നീനു എല്ലാവര്‍ക്കും മറുപടിനല്‍കും.
'മുരുകന്‍റെ ആളാരാ? എത്രനേരമായി വിളിക്കുന്നു.....' അക്ഷമയോടെ സിസ്റ്റര്‍ ഇന്ദിര വീണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
മഞ്ഞച്ചേല ചുറ്റിയ ഒരു സ്ത്രീരൂപം എണീറ്റുചെന്നു;പട്ടിണിയും വാര്‍ദ്ധക്യവും തളര്‍ത്തിയ തമിഴ്കോലം!
' ഈ മരുന്ന്‍ ഉടനെ വേണം' വൃദ്ധയുടെ നേര്‍ക്കു കുറിപ്പടി നീട്ടി സിസ്റ്റര്‍ ഇന്ദിര കല്‍പ്പിച്ചു.
മരുന്നിന്‍റെ കുറിപ്പടിയും കയ്യില്‍ പിടിച്ചുകൊണ്ട് ആ വൃദ്ധ അടുത്തുകിടന്ന ബഞ്ചിന്‍റെ ഒഴിഞ്ഞ അറ്റത്തിരുന്നു!
മരണത്തോട് മല്ലടിക്കുന്നവരെ ജീവിതത്തിലേക്ക് പിടിച്ചുനിറുത്താന്‍ തീവ്രശ്രമം നടത്തുന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന ഏതുമരുന്നും ഏതുസമയത്തും വാങ്ങിനല്‍കാന്‍ ബന്ധുജനങ്ങള്‍ തയാറായിനില്‍പ്പുണ്ട് . മുരുകന്‍റെ കാര്യത്തില്‍മാത്രം എന്തേയിങ്ങനെ? എല്ലാവരും സന്ദേഹിച്ചുനിന്നു.
സ്വതസ്സിദ്ധമായ ചിരിയുമായി ഡോക്ടര്‍ശിവന്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
കാത്തിരിപ്പുകാര്‍ ആകാംക്ഷയോടെ ആദ്ദേഹത്തിന്റെ അടുത്തെത്തി. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് സൌമ്യമായി മറുപടി പറയുന്ന ഡോക്ടര്‍ശിവന്‍ രോഗികളുടെ മാത്രമല്ല;
കൂട്ടിരിപ്പുകാരുടെയും ബന്ധുവായി മാറുന്നു.
'മുരുകന്‍റെ മരുന്നു വാങ്ങിയില്ലേ?' വൃദ്ധയോടായി അദ്ദേഹം ചോദിച്ചു.
വൃദ്ധ മെല്ലെയെഴുന്നേറ്റ് അടുത്തുചെന്നു.
'തോശ വാങ്ങാന്‍ കാശില്ല. പിന്നെപ്പിടി സാറേ മരുന്ത് ?'
തമിഴും മലയാളവും കലര്‍ന്ന മറുചോദ്യം കേട്ടു ഡോക്ടര്‍ശിവന്‍ അല്പനേരം മിണ്ടാതെനിന്നു. എന്നിട്ട് വൃദ്ധയെ സാന്ത്വനിപ്പിക്കാനെന്നപോലെ പറഞ്ഞു :
'ഒരു സ്പോണ്‍സറെ കിട്ടുമോന്നു നോക്കട്ടെ.'
ഡോക്ടര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും മറുത്തൊന്നും പറയാനില്ലാതെ അവര്‍ പൂര്‍വസ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.
സഹതാപപ്രകടനവുമായി ചിലര്‍ ചുറ്റും കൂടി.
'മുരുകനെന്താ അസുഖം ?'
'അണലി കടിച്ചാച്ചു.'
'മുരുകന് അച്ഛനുമമ്മയുമില്ലേ?'
'തള്ളയ്ക്കു വസൂരി. തന്ത മരത്തീന്നു വിളുന്തു കാലൊടിഞ്ചാച്ചു. രണ്ടുപേരും കെടപ്പാര്. മുരുകന്‍താന്‍ വേലയെടുപ്പാര്. ഞാനവനുക്കു പാട്ടി.'
പാട്ടി മുരുകന്‍റെ കഥപറഞ്ഞു: പതിമൂന്നുവയസ്സുള്ള മുരുകന്‍ അടുത്തുള്ള റബ്ബര്‍തോട്ടത്തില്‍ വേലചെയ്തുകിട്ടുന്ന കാശുകൊണ്ടാണ് അഞ്ചുപേരടങ്ങുന്ന കുടുംബം ജീവന്‍ നിലനിറുത്തുന്നത്. ഒരുദിവസം സന്ധ്യക്ക് വേലകഴിഞ്ഞു മടങ്ങുമ്പോള്‍ മുരുകനെ അണലി കടിച്ചു.
'മുരുകനു മുണ്ടും തോര്‍ത്തും വേണം.' രക്തത്തില്‍ കുതിര്‍ന്ന തുണികള്‍ നിറഞ്ഞ ബക്കറ്റ് പുറത്തേക്കു വച്ചുകൊണ്ട് സിസ്റ്റര്‍ഇന്ദിര കല്‍പ്പിച്ചു .
പാട്ടി ഇരുന്ന ഇരിപ്പുതന്നെ. അടുത്തുനിന്നവരിലൊരാള്‍ രണ്ടു മുണ്ടും ഒരു തോര്‍ത്തും സിസ്റ്റര്‍ഇന്ദിരയെ ഏല്‍പ്പിച്ചു.
'ഇനിയും വേണ്ടിവരും , വാങ്ങിവച്ചേക്കണം.'
പാട്ടിക്കു കേട്ടഭാവമില്ല .
ചുറ്റും നിന്നവര്‍ അഞ്ചും പത്തുംവീതം പാട്ടിയുടെ കയ്യില്‍ വച്ചുകൊടുത്തു.
പാട്ടിയുടെ കുഴിഞ്ഞുതാണ കണ്ണുകളില്‍ നേരിയ പ്രകാശം മിന്നിമറഞ്ഞു.
മുരുകനെ ഇന്റന്‍സീവ്കെയറില്‍ കൊണ്ടുവന്നിട്ട് മൂന്നുദിവസമായി. പട്ടിണിയുടെ കേളീ രൂപമായ അവന്‍റെ ശരീരത്തില്‍ ഒരിത്തിരി രക്തമുണ്ടായിരുന്നു. ആ രക്തമാണ് രോമകൂപങ്ങളിലൂടെ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത്. കീമോഡയാലിസിസ് തുടങ്ങിയ ആധുനിക ചികിത്സാരീതികള്‍ പരീക്ഷിച്ചിട്ടും പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥ. ഒരു കുടുംബത്തിന്‍റെ ആശാകേന്ദ്രമായ ആ കൊച്ചുഗൃഹനാഥന്‍ രക്ഷപ്പെടുമോ? എല്ലാവരും വല്ലാത്ത ഉല്‍ക്കണ്‍ഠയിലാണ് .
ചന്ദ്രന്‍പിള്ളയുടെ മകനെ അടുത്തുവിളിച്ച് ഡോക്ടര്‍വിനോദ് ചില കടലാസുകള്‍ ഒപ്പിട്ടുവാങ്ങി ചന്ദ്രന്‍പിള്ളയുടെ ഭാര്യ നെഞ്ചത്തടിച്ചു തളര്‍ന്നുവീണു.
'രണ്ടുദിവസത്തിനുള്ളില്‍ ഇതു പന്ത്രണ്ടാമത്തെ സംഭവമാ.' രാമക്കുറുപ്പിന്റെ മരുമകന്‍ മോഹനക്കുറുപ്പു പറഞ്ഞു. 'എന്‍റെ അമ്മാവന് ഒരുചെറിയ വയറുവേദനയില്‍ തുടങ്ങിയതാ. നാട്ടിലെ സ്വകാര്യാശുപത്രിയില്‍ ഒരുമാസം, ഇവിടെ പേവാര്‍ഡില്‍ പതിനഞ്ചുദിവസം, ഒരാഴ്ചയായി തീവ്രപരിചരണത്തിലും!'
'ആയുര്‍വേദവിധിപ്രകാരം ജീവിച്ചയാളാ. ഇതുവരെ അസുഖമെന്തെന്നറിഞ്ഞിട്ടില്ല. ഇപ്പയിതാ എല്ലാരുംകൂടി ചികിത്സിച്ചുചികിത്സിച്ച് ഈ പരുവത്തിലാക്കി' രാമക്കുറുപ്പിന്റെ പ്രിയപുത്രിക്ക് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി . കണ്ണുനീര്‍ ചാലുവച്ചൊഴുകി .
'ജീവനോടെ ഇങ്ങു വിട്ടുതന്നാല്‍മതിയായിരുന്നു, വീട്ടില്‍കിടന്ന്‍ എല്ലാരെയും കണ്ടുമരിച്ചേനെ. ആശൂത്രീല് കൊണ്ടുപോവല്ലേന്നു അച്ഛന്‍ കരഞ്ഞുപറഞ്ഞതാ, ആരും കേട്ടില്ല , അമ്മയെപ്പോലും കാണിക്കാതെ ..... ഈശ്വരാ ഈ പാപം ഞങ്ങളെവിടെക്കൊണ്ടുവയ്ക്കും? അവസാനനേരത്ത് ആര്‍ക്കും ഇങ്ങനെയൊരു തീവ്രപരിചരണം വിധിക്കല്ലേയെന്റെ കൃഷ്ണാ.......'
'രക്ഷപ്പെടില്ലെങ്കില്‍ പിന്നെന്തിനാ വെറുതേയൊരു തീവ്രപരിചരണം ? പ്രിയപ്പെട്ടവര്‍ ചുറ്റും നില്‍ക്കെ, അവരുടെ കൈകൊണ്ട് ഒരുതുള്ളി വെള്ളം കുടിച്ച് മരിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം.'
അതല്ലാ...., മരിക്കാന്‍നേരത്തെന്തിനാ ഈ വിലകൂടിയ മരുന്നുപ്രയോഗം ?'
'മരുന്നുകമ്പനിക്കാരെ വളര്‍ത്താന്‍, അല്ലാതെന്തിനാ ?'
'നമ്മളെപ്പോലുള്ളോരു വിറ്റുംപെറുക്കിയും കടംവാങ്ങിയും മുടിയും , അത്രതന്നെ.'
'എന്തായാലും നേരേചൊവ്വേ നോക്കിയില്ലാന്നാരും കുറ്റംപറയൂല്ലല്ലോ.'
കാത്തിരിപ്പുകാരുടെ വര്‍ത്തമാനങ്ങള്‍ അറുതിയില്ലാതെ തുടര്‍ന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ചന്ദ്രന്‍പിള്ളയുടെ ജഡം സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതു കണ്ടുനില്‍ക്കെ മനസ്സ് ആശങ്കാകുലമായി:
അടുത്തത് രാമക്കുറുപ്പോ മുരുകനോ സന്ധ്യയോ രമ്യശ്രീയോ ......... ആരായിരിക്കും ?
സന്ധ്യയുടെ രോഗം എന്താണെന്ന് ബന്ധുക്കള്‍ക്ക് ഒരുപിടിയുമില്ല, പനിയും വിറയലും എന്നുമാത്രമറിയാം . മുലകുടി മാറാത്ത കുഞ്ഞിനെയും മടിയില്‍ വച്ചുകൊണ്ട് സന്ധ്യയുടെ അമ്മ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു:'ഭഗവാനേ എന്‍റെ മോള്‍ക്കൊന്നും വരുത്തല്ലേ.' സന്ധ്യയുടെ ഭര്‍ത്താവ് ആരോടും മിണ്ടാതെ ഒരിരുപ്പാണ്.
'എല്ലാരും വെള്ളവും തുണിയും തരണം' ഷിഫ്റ്റുമാറിവന്ന സിസ്റ്റര്‍തങ്കമ്മ സാന്നിദ്ധ്യമറിയിച്ചു .
രോഗികളെ ദിവസവും രണ്ടുനേരം തുടച്ചുവൃത്തിയാക്കി വസ്ത്രംമാറ്റുന്നതും ഭക്ഷണവും മരുന്നും കൊടുക്കുന്നതും സിസ്റ്റര്‍മാരാണ് .ആവശ്യമുള്ളതെല്ലാം യഥാസമയം അവരെ ഏല്‍പ്പിച്ചാല്‍മതി.
രോഗിയുടെ അടുത്തബന്ധുവായ ഒരാള്‍ക്കുമാത്രം ദിവസവും നിശ്ചിതസമയം അഞ്ചുമിനിറ്റ് സന്ദര്‍ശനമാവാം എന്നതാണ് തീവ്രപരിചരണത്തിന്റെ അലിഖിതനിയമം. വൈദ്യശാസ്ത്രത്തിന്റെ പുരോഗതി വിളിച്ചോതുന്ന ആധുനികോപകരണങ്ങള്‍ക്കു നടുവില്‍ ഹാര്‍ട്ട്മോണിറ്ററിന്റെ താളവും വെന്റിലേറ്ററിന്റെ ഈണവും കേട്ട് , ശീതീകരണിയുടെ കുളിരില്‍ മയങ്ങിയും ഉണര്‍ന്നും കിടക്കുന്ന പ്രിയപ്പെട്ടവരെ കാണുന്നത് ഉറ്റവര്‍ക്ക് താങ്ങാനാവാത്തതും പേടിപ്പെടുത്തുന്നതുമായ അനുഭവമാണ്. കണ്ണീരൊലിപ്പിച്ചും മൂക്കുപിഴിഞ്ഞും ഇറങ്ങിവരുന്ന ഉറ്റവരെ കാണുമ്പോള്‍ പുറത്തു നില്‍ക്കുന്നവരുടെ കണ്ണിലും നീര്‍മണി തുളുമ്പും.
രാത്രിയിലെ ആവശ്യത്തിനുള്ളതെല്ലാം സിസ്റ്റര്‍മാരെ ഏല്പിച്ചുകഴിഞ്ഞാല്‍ കാത്തിരിപ്പുകാര്‍ തറയില്‍ പായ് വിരിച്ച് കിടക്കുകയായി. ഉറക്കം തഴുകാത്ത മിഴികളടച്ച് , ഡ്യൂട്ടിറൂമില്‍നിന്നുള്ള വിളികള്‍ക്കായി കാതോര്‍ത്തു കിടക്കുമ്പോള്‍ ഇടനെഞ്ചിലുതിരുന്ന തപ്തനിശ്വാസങ്ങള്‍ . ദുഃഖം തളംകെട്ടി നില്‍ക്കുന്ന ഇടനാഴികളില്‍ കൊതുകിന്‍റെ മൂളിപ്പാട്ടും മൃത്യുവിന്‍റെ പദവിന്യാസവും . എല്ലാം കേട്ടുകേട്ട് ചിലര്‍ സുഖമായി ഉറങ്ങുന്നു ! ഏതു ചുറ്റുപാടിലും എല്ലാംമറന്ന് ഉറങ്ങാന്‍ കഴിയുന്നത് വലിയ ഭാഗ്യം. അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന്‍ മനസ്സ് മന്ത്രിച്ചു .
രമ്യശ്രീക്ക് പനിയാണ്. എ പി എല്‍ വിഭാഗത്തില്‍പ്പെട്ടവളാകയാല്‍ സൌജന്യചികിത്സ നിഷേധിക്കപ്പെട്ടവള്‍! അമ്മ വാസന്തി കമ്മലും കല്യാണമോതിരവും കെട്ടുതാലിയും വിറ്റ് മകള്‍ക്ക് മരുന്നു വാങ്ങി. ഇരുപത്തിയെട്ട് ദിവസത്തെ തീവ്രപരിചരണം ഏറ്റുവാങ്ങി
അവളുടെ ജീവന്‍ എ പി എല്ലും ബി പി എല്ലും ഇല്ലാത്ത ലോകത്തേക്ക് പറന്നുപോയി .
മുരുകന്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവനാകയാല്‍ സൌജന്യചികിത്സയ്ക്ക് യോഗ്യനായി .
മരണപത്രത്തില്‍ ഒപ്പിടുമ്പോള്‍ രാമക്കുറുപ്പിന്റെ മരുമകന്‍റെ കൈ വിറച്ചു.
സ്നേഹം വാരിക്കോരിക്കൊടുത്ത അച്ഛന്റെ വേര്‍പാടില്‍ ഓമനപ്പുത്രി വാവിട്ടുകരഞ്ഞു. ആശ്വാസവചനങ്ങള്‍ അശക്തവും അര്‍ത്ഥശൂന്യവുമായി.
ഒഴിയുന്ന കിടക്കകളില്‍ യമദേവന്‍റെ വാറണ്ടുള്ളവരും അല്ലാത്തവരുമായി ദിനംപ്രതി പുതിയ രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ആകയാല്‍ തീവ്രപരിചരണ വിഭാഗം എപ്പോഴും ഹൌസ്ഫുള്‍ ആണ്. തീവ്രപരിചരണം ആവശ്യമായ വിഐപികളെ കിടത്താന്‍ കട്ടില്‍ തികയാതെവരുമ്പോള്‍ അപകടനില തരണംചെയ്തിട്ടില്ലാത്തവരെപ്പോലും വാര്‍ഡിലേക്കു
മാറ്റുന്നു !
കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പുതിയ രോഗങ്ങളാണ് പലര്‍ക്കും. രോഗമെന്തെന്ന്‍ കണ്ടുപിടിക്കും മുമ്പേ മരണത്തിലേക്ക് വഴുതിവീഴുന്ന ഹതഭാഗ്യര്‍ ! ക്രൂരമായ വിധിയുടെ മുമ്പില്‍ പകച്ചുനില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ ! അച്ഛന്‍ അമ്മയുടെ ജഡം ഏറ്റുവാങ്ങുമ്പോള്‍ ഒന്നുമറിയാതെ ചിരിക്കുന്ന കുഞ്ഞ്!
മുരുകന്‍റെ ചലനമറ്റ ശരീരത്തിനരികില്‍ സൗജന്യആംബുലന്‍സിനായി കാത്തിരിക്കുന്ന പാട്ടി............
തീവ്രപരിചരണ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല .