Friday, 9 August 2013

പൂര്‍ത്തിയാക്കാത്ത കഥ (കഥ)


 
   

  'പത്തുവയസ്സുകാരിയുടെ ജഡം പൊട്ടക്കിണറ്റില്‍.......'
   പുതുമ നശിച്ച വാര്‍ത്ത .
  എന്നാല്‍,വാര്‍ത്തയോടൊപ്പം കൊടുത്തിരുന്ന ചിത്രവും അടിക്കുറിപ്പും  കണ്ട്
   അയാള്‍ ഞെട്ടി !
  'ഊമയും ബധിരയുമായ, ചിത്തു എന്നു വിളിക്കുന്ന ചിത്രലേഖയുടെ ജഡം വീടിനടുത്തുള്ള
 പൊട്ടക്കിണറ്റില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.......'
  സംഭവത്തെക്കുറിച്ചുള്ള  വ്യതസ്തങ്ങളായ കഥകള്‍ വായിച്ചും കേട്ടും അയാള്‍ക്ക്‌
 ച്ഛര്‍ദ്ദിക്കാന്‍ മുട്ടി.ഇതിലേതാ ശരിയെന്നറിയണമെങ്കില്‍ മരിച്ച കുട്ടിയെ ജീവിപ്പിക്കണം!
  അതല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല .   
   അലമാരയിലിരുന്ന ആല്‍ബമെടുത്തു അയാള്‍ മറിച്ചുനോക്കി; പൂത്തുനില്‍ക്കുന്ന
 കുറ്റിമുല്ലകള്‍ക്കിടയില്‍ ഒരു ചെന്താമരപ്പൂവുപോലെ ചിത്തുമോള്‍!
 അയാള്‍ നോക്കിയിരിക്കെ അവള്‍ ചിത്രത്തില്‍നിന്നിറങ്ങിവന്നു.
 എന്തുപറ്റി മോളേ നിനക്ക് ? നീയെന്തിനാ ..........?
  മാഷിതുവരെ എന്‍റെ കഥ എഴുതിയില്ലല്ലോ. ചിത്തു പിണക്കമാ.
  അവളുടെ ആംഗ്യഭാഷ നരേന്ദ്രന്‍മാഷിനു നല്ല വശമായിരുന്നു .
പൂക്കളെയും ശലഭങ്ങളെയും അവള്‍ ഒരുപാടു സ്നേഹിച്ചിരുന്നു.
പൂക്കളെ കുത്തിനോവിക്കുന്ന  വണ്ടുകളെ അവള്‍ക്കു പേടിയായിരുന്നു.
തൊടിയിലെ മരങ്ങളില്‍ കൂടുകൂട്ടാനെത്തുന്ന കുരുവികളും
 തെങ്ങിലും കവുങ്ങിലും ചാടിനടക്കുന്ന അണ്ണാറക്കണ്ണന്മാരും
 അവളുടെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു.
 കുയിലിനെപ്പോലെ പാടാന്‍ അവള്‍ക്കു കൊതിയായിരുന്നു .
 അയ്യേ ,മാഷ്‌ കരയുകാ ? എന്നാ ഞാന്‍ പോവാണെ .
അവള്‍ ചിത്രത്തിലേക്കു കയറിപ്പോയി .
നരേന്ദ്രന്‍ മാഷ്‌ ആല്‍ബം അടച്ചുവച്ചിട്ടു സ്കൂളിലേക്കു നടന്നു.
സ്റ്റാഫ് റൂമില്‍ എല്ലാവരും കൂടിനിന്നു തോന്നുംപടി പറയുന്നു .
മാഷിന്നത്തെ പത്രം കണ്ടില്ലേ ?
ശാന്തിടീച്ചര്‍ പത്രം നീട്ടിക്കൊണ്ടു പറഞ്ഞു :
മാഷിനറിയില്ലേ കുട്ടിയെ ?
കവലയില്‍ പലചരക്കുകട നടത്തുന്ന ജയന്‍റെ പെങ്ങളാത്രേ.
മാഷിനൊരു കഥയ്ക്കുള്ള വിഷയം കിട്ടിയല്ലോ .
 ഒരു സിഗരറ്റിനു തീപിടിപ്പിച്ച്‌ അയാള്‍ ഇറങ്ങിനടന്നു  .
ചിത്തുവിന്റെ പ്രിയപ്പെട്ട റോസച്ചെടിയില്‍നിന്നു ഒരുപൂവിറുത്ത് കുഴിമാടത്തില്‍ വച്ചു
കരഞ്ഞുതളര്‍ന്നു കിടക്കുന്ന അമ്മയുടെ അരികിലേക്കു ചെന്നു .
മാഷിനറിയാമോ, എന്‍റെ കുഞ്ഞു മരിച്ചതോ കൊന്നതോ ?
മാഷ്‌ ഒന്നും പറയാതെ പുറത്തേക്കിറങ്ങി .
വീട്ടില്‍ ചെന്ന്‍ ചിത്തുവിന്റെ ചിത്രമെടുത്ത് മേശപ്പുറത്തുവച്ച് കഥയെഴുതാന്‍ തുടങ്ങി.
അവള്‍ ചിത്രത്തില്‍നിന്നിറങ്ങിവന്ന് കുസൃതികാട്ടി അരികില്‍ നിന്നു. .
ചുവന്ന പട്ടുപാവാടയും ബ്ലൌസുമിട്ട്, ചുരുണ്ടമുടി രണ്ടായി പകുത്തുപിന്നിയിട്ടു ചുവന്ന റിബണ്‍ കെട്ടി , ചുവന്ന റോസാപ്പൂ ചൂടി, ചുവന്ന കുപ്പിവളയും ചുവന്ന പൊട്ടും ....ആകെ ചുവപ്പുമയം .
വാലിട്ടെഴുതിയ കണ്ണുകളിലേക്കു നോക്കി അയാള്‍ ചോദിച്ചു :
 മോളെന്തിനാ കിണറ്റില്‍ ചാടിയത് ?
അവളുടെ കണ്ണുകളില്‍ ഭീതിപടരുന്നതയാള്‍ കണ്ടു; പറയാനാവാത്ത വാക്കുകള്‍
 ഉള്ളില്‍ക്കിടന്നു  അലറിവിളിക്കുന്നതും കേട്ടു .
അമ്മയുടെ പുലമ്പിച്ചോദ്യത്തിനു പ്രസക്തിയുണ്ടെന്നു നരേന്ദ്രന്‍ മാഷിനു ബോദ്ധ്യമായി. പേടിക്കണ്ട മോളെ ,ഇവിടെ നമ്മള്‍ രണ്ടുപേരും മാത്രമല്ലേയുള്ളൂ .പറ,
 മോള്‍ക്കെന്താ പറ്റിയേ ?
      ഇതുവരെ കെട്ടപ്പെട്ടിരുന്ന അവളുടെ  നാവ് ചലിച്ചുതുടങ്ങി :.
  കഥയില്‍ സത്യസന്ധത ആകാമെങ്കില്‍ ആദ്യം മാധ്യമകഥകള്‍ തിരുത്തിയെഴുതുക.
 പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുംപോലെ ചിത്തു ആത്മഹത്യ ചെയ്തതല്ല ;
ശരീരത്തിലെ മുറിവുകള്‍ പൊട്ടക്കിണറ്റിലെ മുള്‍പ്പടര്‍പ്പുകള്‍ കൊണ്ടുണ്ടായതുമല്ല .
 അപ്രതീക്ഷിതമായ വാക്കുകള്‍ കേട്ടു നരേന്ദ്രന്‍മാഷ്‌ സ്തബ്ധനായിരുന്നു. 
 ചിത്തു തുടര്‍ന്നു :വളര്‍ത്തിയതിന്റെ പ്രതിഫലം പറ്റിയവന്‍ മനുഷ്യനോ മൃഗമോ ?
 വേണ്ട ,അയാളെ മൃഗമെന്നു വിളിച്ചാല്‍ പാവംമൃഗങ്ങള്‍ക്കതു  നാണക്കേടാവും .
   ഭീതിയുടെ നിഴല്‍പ്പാടു വീണ കണ്ണുകളില്‍ പ്രതികാരത്തിന്‍റെ വ്യഗ്രതയും
 നിസ്സഹായതയുടെ ദൈന്യതയും കൂട്ടിമുട്ടുന്നതയാള്‍ കണ്ടു.
   മാന്യതയുടെ മൂടുപടങ്ങള്‍ ഉലയുമാറുച്ചത്തില്‍ ചിത്തുവിന്റെ ചോദ്യം കേട്ടു
 അയാള്‍നടുങ്ങി .
  പാപത്തിന്റെ വിത്തുപാകിയവനും അതു മുളപ്പിച്ചു വലിച്ചെറിഞ്ഞവളും പിഞ്ചിലേ
പിച്ചിച്ചീന്തിയവനും അന്തസ്സോടെ  ജീവിക്കുന്ന ഈ സമൂഹത്തില്‍ ചിത്തുവിനു
 ജീവിക്കാനവകാശമില്ലേ ? ചിത്തുവിനെ എന്തിനാ ...........?
  ഒരായിരം ചിത്തുമാര്‍ ഒരുമിച്ചൊരേ സ്വരത്തില്‍ ചോദ്യം ആവര്‍ത്തിക്കുന്നതായി
അയാള്‍ക്കു  തോന്നി .
     
         
                        
                                                 (പത്തുവര്‍ഷം മുമ്പെഴുതിയ കഥ)




       .

2 comments:

  1. cithuvintey ormayil,.............innum aavarthikkappeudunna cithu makkal.......

    ReplyDelete
  2. Charithram ivide veendum veendum thudarunnu,
    Pathu varsham munpezhuthiyenkilum ithinte prasakthi
    annennapole innum thudarunnu
    Dhukkham yennallaathentu paravaan
    Nannaayi avatharippichu
    aashamsakal

    PS please remove the word verification from here
    Thanks
    Philip Ariel

    ReplyDelete