Monday, 26 August 2013

ആ ഭ്രാന്തി ചത്തു (കഥ)



        


നാവില്‍നിന്നു നാവിലൂടെ ആ വാര്‍ത്ത പരന്നു.
ആളുകള്‍ തോപ്പുമുക്കിലെ ബസ് ഷെല്‍ട്ടറില്‍ തടിച്ചുകൂടി .
 കൂടിനിന്നവര്‍ക്കെല്ലാം അവളെപ്പറ്റി ഓരോ കഥകള്‍ പറയാനുണ്ടായിരുന്നു.
നഗരത്തില്‍നിന്നു ട്രാന്‍സ്ഫറായിച്ചെന്ന ഹെഡ്കോണ്സ്റ്റബിള് കുട്ടപ്പന്‍നായരും അവളും
 തമ്മില്‍ ഇഷ്ടത്തിലായെന്നും വാടകക്വാര്‍ട്ടേഴ്സില്‍ ഇരുവരും ഒരുമിച്ചു താമസിച്ചുവരവേ, പെട്ടെന്നൊരുദിവസം അയാളെ കാണാതായെന്നുമാണ്‌ ഒരു കഥ .
        അധികമായ ലൈംഗികോര്‍ജ്ജം തലയ്ക്കുപിടിച്ചു വട്ടായിപ്പോയതാണെന്ന്
 ഫ്രോയിഡിനെ കൂട്ടുപിടിച്ചു കഥപറഞ്ഞവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു .
         കഥകള്‍ എന്തുതന്നെയായാലും ആ ഭ്രാന്തിപ്പെണ്ണിനെപ്പറ്റി ആളുകള്‍ വാതോരാതെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു .
         കുറേനാളായല്ലോ  ഇവിടെയൊക്കെ കാണാന്‍തുടങ്ങിയിട്ട് . എവിടെയുള്ളതാണോ ആവോ ?


  ആര്‍ക്കറിയാം ?
  ഭ്രാന്തുവന്നാല്‍  പിന്നെ  നാടും വീടുമുണ്ടോ ? സ്വന്തോം ബന്ധോമുണ്ടോ ?
 പൂനിലാവും പൊരിവെയിലും ഒരുപോലെയല്ലേ ?


  ഇന്നലെ ഇരുട്ടുന്നതുവരെ ആ ഇലക്ട്രിക്പോസ്റ്റില്‍ ചാരി , കണ്ണുംപൂട്ടി ഒരേനില്‍പ്പായിരുന്നു . അപ്പഴേ തോന്നിയതാ ഇതിനു ചാക്കാലയടുത്തെന്ന്‍.

 
ഇവിടെക്കിടന്നു പുഴുത്തുനാറും മുമ്പ് നഗരസഭയെ വിവരമറിയിക്കാം. അവരെടുത്തുകൊണ്ടുപോയി കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ  എന്താന്നുവച്ചാ  ചെയ്യട്ടെ.


 പലതരക്കാരായ കാഴ്ചക്കാര്‍ക്കിടയില്‍, പലപല ആക്ഷേപങ്ങള്‍ക്കിടയില്‍   അവളുടെ ഉടല്‍രഹസ്യങ്ങള്‍ തുറന്നുകിടന്നു .പ്രായഭേദമെന്യെ, ആണ്‍ പെണ്‍ ഭേദമെന്യെ എല്ലാവരും അത്  കണ്ടുനിന്നു .സ്ഥാനംതെറ്റിക്കിടന്ന ഉടുവസ്ത്രം നീക്കിയിട്ട്  ആ നഗ്നത മറയ്ക്കാന്‍ ആരും മുന്നോട്ടു വന്നില്ല . അഴുക്കുപിടിച്ചതെങ്കിലും കാണാന്‍കൊള്ളാവുന്ന പെണ്ണുടലായിരുന്നുവല്ലോ അത് ! നിരപ്പുള്ള നെഞ്ചില്‍ രണ്ടു കരിമൊട്ടുകള്‍ കുരുമ്പിച്ചുനിന്നു . ഈച്ചകള്‍ അതിന്മേല്‍ ഉമ്മവച്ചു നട ന്നു . മുരുക്കിന്‍പൂവിനു ചുറ്റും മുള്ളുകള്‍ എന്നപോലെ  നാഭിച്ചുഴിക്കു താഴെ നീലരോമങ്ങള്‍ എഴുന്നുനിന്നു . അവയ്ക്കിടയിലൂടെ തേനുറുമ്പു കള്‍ അരിച്ചുനടന്നു .
 ഒന്നുമറിയാത്തപോലെ  അവള്‍ അനക്കമറ്റു കിടന്നു .

ചിലര്‍ അതുവഴി പോയ പോലീസ്ജീപ്പിനു കൈ കാണിച്ചു . ജീപ്പു നിറുത്തി ഒരു പോലീസുകാരന്‍ ഇറങ്ങിവന്നു . അവളുടെ കിടപ്പുകണ്ട് ഒന്നു ചിരിച്ചു  . ആത്മഗത മെന്നോണം അയാള്‍ പറഞ്ഞു : അവള്‍ ധ്യാനനിദ്രയി ലാണ്. തനിയേ ഉണര്ന്നുകൊള്ളും.
       വെള്ളത്താടിയും മുടിയും കാറ്റില്‍പറത്തി, വെള്ളിവടിയും ചുഴറ്റി ഒരാള്‍ മേഘമലയില്‍നിന്നും ഇറങ്ങിവന്നു . ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അയാള്‍ അവള്‍ക്കരികിലെത്തി . അയാളുടെ തീക്ഷ്ണതമുറ്റിയ കണ്ണുകള്‍ അവളുടെ അനക്കമറ്റ ശരീരത്തെ ചുറ്റിയുഴിഞ്ഞു ; വലതുകയ്യിലെ വെള്ളിവടികൊണ്ട് തെന്നിമാറി ക്കിടന്ന ഉടുവസ്ത്രം കോരിയെടുത്ത് അവളുടെ നഗ്നതയ്ക്കുമേലിട്ടു.
 ഫ് , നായിന്‍റെമോനേ , നേരെയന്നു   കിടക്കാനും സമ്മതിക്കൂല്ലേ ?
ഭ്രാന്തമായ ഒരലര്‍ച്ചയോടെ അവള്‍ ചാടിയെണീറ്റു. നക്ഷത്ര ച്ചുവപ്പാര്‍ന്ന കണ്ണുകളില്‍ നിന്ന് കാമരശ്മിക ള്‍ വര്‍ഷിച്ചു കൊണ്ട് അവള്‍ അയാള്‍ക്കുനേരെ നടന്നടുത്തു .
  അയാള്‍ പുഞ്ചിരിതൂകിക്കൊണ്ട്‌ , വെള്ളി വടിയും ചുഴറ്റി ,   മേഘമലയിലേക്ക് കയറിപ്പോയി .

നിരാശ യോടെ അവള്‍ തിരിച്ചു നടന്നു . പഴയതുപോലെ ഇഷ്ടശ യനം തുടര്‍ന്നു. മെല്ലെമെല്ലെ കണ്ണുകളടച്ച്  ഗഡമായൊരു രതിനിദ്രയിലേക്ക് അവള്‍ ആഴ്ന്നാഴ്ന്നിറ ങ്ങി പ്പോയി .
 ജനക്കൂട്ടം അതുകണ്ട് അന്തംവിട്ടു നിന്നു.
   അപ്പോള്‍ ആകാശത്തുനിന്ന്‍ ഒരശരീരിയുണ്ടായി :
  വസ്ത്രത്തെക്കാള്‍ ശ്രേഷ്ഠം  ശരീരവും ശരീരത്തെക്കാള്‍ ശ്രേഷ്ഠം കാമനകളമത്രെ .

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete