ആറുമണി കഴിഞ്ഞിട്ടും അനന്ദുവിന് അനക്കമില്ല. ചിന്തയുടെ ലോകത്തായിരുന്ന അനന്ദു ചുറ്റുമുള്ള കസേരകള്‍ ഒഴിഞ്ഞതറിഞ്ഞില്ല. എന്നും കൃത്യം അഞ്ചുമണിക്ക് ആഫീസിന്‍റെ പടിയിറങ്ങുന്ന അനന്ദുവിന് ആഫീസില്‍ ആരോടും അടുത്തസൌഹൃദമില്ല. സഹപ്രവര്‍ത്തകര്‍ക്കെല്ലാം
തന്നോട് അസൂയയാണെന്നാണ് അനന്ദുവിന്‍റെ വിചാരം;
ഒരു നല്ല വീടുവയ്ക്കുന്നതിന്റെ അസൂയ !
'സാറേ....., അനന്ദുസാറേ.....' ആഫീസ് പൂട്ടാന്‍വന്ന വാച്ചര്‍ ഉറക്കെ വിളിച്ചു .
അനന്ദു ഞെട്ടിയെണീറ്റു.കിതച്ചുകൊണ്ട് അയാള്‍ വാച്ചറുടെനേരേ കയര്‍ത്തു:
'എന്താടോ ഇവിടെയും സ്വൈരമായിരിക്കാന്‍ സമ്മതിക്കില്ലേ?'
ദേഷ്യംകൊണ്ട് അടിമുടി വിറയ്ക്കുന്ന അനന്ദുവിനെ നോക്കി വാച്ചര്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് സ്വരംതാഴ്ത്തിപ്പറഞ്ഞു:
'കാലത്തേ പെണ്ണുമ്പിള്ളേരടുത്തുകേറി ഒടക്കിക്കാണും, അതാ വീട്ടിപ്പോവാതെ കുത്തിയിരിക്കണത്'
'താനെന്താടോ മനുഷ്യനെ പരിഹസിക്കുന്നോ ?' അനന്ദുവിന്‍റെ ദേഷ്യം ഇരട്ടിച്ചു .
വാച്ചര്‍ വീണ്ടും ഉറക്കെ ചിരിച്ചു .
അനന്ദുവിന് വാച്ചറെ തല്ലിക്കൊല്ലാനുള്ള ദേഷ്യം തോന്നി. അയാള്‍ ഓഫീസില്‍നിന്നിറങ്ങി ,
മുറ്റത്തു പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അരയാലിന്റെ ചുവട്ടിലിരുന്നു.
മരച്ചില്ലകളില്‍ ചേക്കേറിയ കിളികള്‍ കൊക്കുരുമ്മി ഉറങ്ങാനൊരുക്കമായി.
അനന്ദു മാത്രം അസ്വസ്ഥചിത്തനായി തളര്‍ന്നിരുന്നു.
ആഫീസ് പൂട്ടിക്കഴിഞ്ഞ് വാച്ചര്‍ അതുവഴി വന്നു. അനന്ദുവിന്റെ ഇരുപ്പില്‍ എന്തോ പന്തികേടുണ്ടെന്ന് അയാള്‍ക്കു തോന്നി.
'സാറെന്താ വീട്ടീ പോവാത്തെ?' അയാള്‍ ശാന്തനായി ചോദിച്ചു.
'അതറിഞ്ഞിട്ടു തനിക്കെന്തോ വേണം ?'
'പതിവില്ലാതെയിങ്ങനെ വിഷമിച്ചിരിക്കുന്നതുകൊണ്ടു ചോദിച്ചതാ. എന്തുപറ്റി സാറേ?'
അനന്ദു ദീര്‍ഘമായൊന്നു നിശ്വസിച്ചു.മുഖത്തു സമൃദ്ധമായി വളര്‍ന്നുനിന്ന രോമങ്ങള്‍ തടവിക്കൊണ്ട് അയാള്‍ ഉള്ളുതുറന്നു.
'എടോ, വീട്ടില്‍ പോയാല്‍ എന്‍റെ കയ്യും കാലും കാണത്തില്ല; തനിക്കറിയാമോ?'
അനന്ദുവിനിപ്പോള്‍ ദേഷ്യമില്ല, അയാള്‍ കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.
കാര്യം പിടികിട്ടാതെ വാച്ചര്‍ വാപൊളിച്ചുനിന്നു .
'അല്ലാ.... സാറിനു കിറുക്കാണോ ?' അയാള്‍ സംശയഭാവത്തില്‍ ചോദിച്ചു.
'കിറുക്കൊന്നുമല്ലടോ, വീട്ടില് ബ്ലേഡ്കാരു വന്നു കുത്തിയിരിക്കുന്നു. ഇപ്പഴങ്ങോട്ടു ചെന്നാ
കാശിനു പകരം അവരെന്‍റെ കയ്യും കാലും വെട്ടി കായലിലെറിയും.'
'ശ്ശോ........ സാറെന്തിനാ അവമ്മാര്‍ക്കു കൊണ്ടു കഴുത്തു വച്ചുകൊടുത്തെ?'
വാച്ചര്‍ സഹതാപത്തോടെ ചോദിച്ചു .
'പണി തീരും മുമ്പ് കാശു തീര്‍ന്നാപ്പിന്നെന്തോ ചെയ്യുമെടോ ? അന്നേരം ബ്ലേഡിന്റെ
മൂര്‍ച്ചയെക്കുറിച്ചൊന്നും ഓര്‍ത്തില്ല.കിട്ടിയേടത്തുന്നൊക്കെ വാങ്ങിച്ചു. എന്നാ പണിയൊട്ടു തീര്‍ന്നോ, അതുമില്ല.ഇനിയും കിടക്കുന്നു പ്ലംപിങ്ങും ഫ്ലോറിങ്ങും.'
വാച്ചര്‍ അനന്ദുവിന്‍റെ അരികത്തിരുന്നു പരിഹാരമാലോചിച്ചു.
'സാറു വീട്ടിലേക്കു ചെല്ല് . അവരോട് നല്ലവാക്കു പറഞ്ഞ് ഒരവധികൂടി ചോദിക്ക്'
വാച്ചര്‍ ഉപദേശിച്ചു.
'ഇന്നവസാനത്തെ അവധിയാടോ .ഇനിയും അവര് കേള്‍ക്കില്ല.'
അനന്ദു പ്രതീക്ഷയറ്റവനെപ്പോലെ കാണപ്പെട്ടു. പൊതുവേ ഗൌരവപ്രകൃതിയായ അനന്ദുവിന്‍റെ ദയനീയമായ ഇരുപ്പുകണ്ട് വാച്ചര്‍ക്കും സങ്കടംവന്നു.
'സാറിവിടെയിരുന്നാലെങ്ങനെയാ? വീട്ടിലിരിക്കണ ഭാര്യേം കുട്ടികളേം അവമ്മാരു കേറി
ഉപദ്രവിച്ചാലോ ?'
അനന്ദുവിന്‍റെ നെഞ്ചില്‍ തീയാളി .പാവം ലക്ഷ്മി ! അവളിപ്പോള്‍ പേടിച്ചിരിക്കയാവും. അഞ്ചുവും മഞ്ചുവും അമ്മയെ കെട്ടിപ്പിടിച്ചു കരയുകയാവും. അനന്ദുവിന് ശരീരമാകെ തളരുന്നപോലെ, കണ്ണില്‍ ഇരുട്ടു പടരുന്നപോലെ .
'സാറിവിടെ കരഞ്ഞോണ്ടിരുന്നോ. ഞാനിതാ പോണു .' വാച്ചര്‍ പോകാന്‍ ഭാവിച്ചു .
'തന്‍റെ കയ്യില്‍ കാശുണ്ടോടോ ?' അനന്ദു ചോദിച്ചു .
'എന്‍റെലെവിടന്നാ കാശു? സാറ് ഓക്സിജന്‍ബാബുവിന്റടുത്തു ചെല്ല് . എത്ര വേണേലും കിട്ടും.'
'ഓക്സിജന്‍ബാബുവോ ? അതാരാ ?' അനന്ദു ആകാംക്ഷയോടെ ചോദിച്ചു .
' അത്യാവശ്യക്കാരെ സഹായിക്കുന്നവനാ ഓക്സിജന്‍ബാബു .പലിശ അല്പം ജാസ്തിയാണെന്നേയുള്ളൂ ,എന്നാലും കാര്യം നടക്കുമല്ലോ .പിന്നെ ഒരു കുഴപ്പമെന്താന്നുവച്ചാ... പറേണ അവധിക്കു തിരിച്ചുകൊടുത്തില്ലേല് തല കാണത്തില്ല .അതാ ഓക്സിജന്‍ബാബു .'
അനന്ദുവിന് വാച്ചറോട് എന്തെന്നില്ലാത്ത സ്നേഹവും ആദരവും തോന്നി .തന്‍റെ മുന്നില്‍
അവതരിച്ച ദേവദൂതനാണയാള്‍ എന്നുപോലും തോന്നിപ്പോയി !
'എടോ താനെന്നെ ഒന്നു സഹായിക്കെടോ .ഒരു രണ്ടുലക്ഷം എങ്ങനേലും ഒപ്പിച്ചുതാ .
പറയുന്ന പലിശ കൊടുക്കാം.' അനന്ദു വാച്ചറോടു കെഞ്ചി .
വാച്ചറുടെ പഴകിത്തുരുംപിച്ച ലാംപിയില്‍ കയറി അവര്‍ ഓക്സിജന്‍ബാബുവിന്‍റെ മാളികയിലെത്തി.
മുറ്റത്ത് ബന്‍സും ചാരിനില്‍ക്കുന്നത് ജീവനുള്ള മനുഷ്യനോ ?
അതോ സ്വര്‍ണ്ണപ്രതിമയോ ? അനന്ദു ഒരുനിമിഷം ശങ്കിച്ചുനിന്നു.
'ബാബുവണ്ണാ, ഇത് അനന്തകൃഷ്ണന്‍സാറ് ,ക്ലാര്‍ക്കാണ് . പിന്നേ, ഞങ്ങള് സുഹൃത്തുക്കളാ.'
വാച്ചര്‍ അനന്ദുവിനെ പരിചയപ്പെടുത്തി .
ഹൊ! ജീവനുള്ള മനുഷ്യന്‍ തന്നെ . അനന്ദുവിന്‍റെ സംശയം മാറി .
സിലിണ്ടര്‍പോലെ തടിച്ചുരുണ്ട ഓക്സിജന്‍ബാബുവിന്‍റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ണ്ണത്തുടലില്‍ അനന്ദുവിന്‍റെ നോട്ടം ഉടക്കിനിന്നു.
'എന്താ വിശേഷിച്ച്...?' ഒക്സിജന്‍ബാബു കുടവയര്‍ തടവിക്കൊണ്ടു ചോദിച്ചു .
'അനന്ദുസാറിന് ഓക്സിജന്‍ വേണം . അല്ലേല്‍ കയ്യും കാലും പോക്കാ .'
'എത്ര ? ഒന്നോ രണ്ടോ ?'
'രണ്ട്.'
പിന്നെ താമസമുണ്ടായില്ല .ഒന്നുമെഴുതാത്ത മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുകൊടുത്ത്,
രണ്ടുലക്ഷം കയ്യില്‍വാങ്ങി അനന്ദു വീട്ടിലെത്തി .
നോട്ടുകെട്ടുകള്‍ ബാഗില്‍ തിരുകിവച്ച്, സന്തോഷത്തോടെ ബ്ലേഡ് ക്ഷണിച്ചു:
'സാറിനാവശ്യമുള്ളപ്പൊ ..... ഇനിയും വരണം .'
അനന്ദു അതു കേട്ടില്ല .അയാള്‍ അകത്തേക്കു കയറി .
അടുക്കളയുടെ മൂലയ്ക്ക് ഒതുങ്ങിനില്‍ക്കുന്ന ലക്ഷ്മിയെ നോക്കി അയാള്‍ പറഞ്ഞു :
'വല്ലാത്ത വിശപ്പ്'
ലക്ഷ്മി കഞ്ഞിയും അച്ചാറും വിളമ്പി .കുട്ടികള്‍ക്കു ശീലമില്ലാത്തതാണെങ്കിലും ഈയിടെയായി അവരും കഞ്ഞിയുടെ രുചി അറിഞ്ഞുതുടങ്ങി . ലക്ഷ്മി അനന്ദുവിനോട് മിണ്ടാറേയില്ല ജീവനുള്ളൊരു പാവകണക്കെ അവള്‍ ദിനചര്യകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ലക്ഷ്മിയുടെ മൌനം അനന്ദുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .വാടകവീടുകള്‍ മാറിമാറി മടുത്തപ്പോള്‍ അവള്‍തന്നെയല്ലേ വീടുവയ്ക്കണമെന്നു നിര്‍ബന്ധംപിടിച്ചത്. ആഭരണങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിച്ചതും അവളായിരുന്നുവല്ലോ. എന്നിട്ടിപ്പോള്‍......
'കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ ' എന്നു അച്ഛന്‍ പറയാറുള്ളത് അനന്ദുവിന് ഓര്‍മ്മവന്നു .
ഇത്രവലിയ വീടു വേണ്ടായിരുന്നു . ഇനി ചിന്തിച്ചിട്ടെന്തു പ്രയോജനം?
കടംകേറി മുടിഞ്ഞില്ലെ !
അയാള്‍ സ്വയം കുറ്റപ്പെടുത്തി .
രാത്രിയില്‍ , വികാരങ്ങള്‍ മരവിച്ച കിടക്കയില്‍ പുറംതിരിഞ്ഞു കിടന്നുകൊണ്ട്
ലക്ഷ്മി ചോദിച്ചു :
'അനന്ദുവേട്ടാ..... ഇതിന്‍റെ അവസാനമെന്താ ?
ആ ചോദ്യം കേട്ടു അനന്ദു ഞെട്ടി . അയാള്‍ ഉത്തരം പറഞ്ഞില്ല .
(ലക്ഷ്മിയുടെ ചോദ്യത്തിനുത്തരം ആറുമാസങ്ങള്‍ക്കുശേഷം വര്‍ത്തമാനപ്പത്രങ്ങളില്‍
വായിക്കുക )
(പത്തുവര്‍ഷംമുന്‍പ് ഏഴുതിയ കഥ)
'
.
ippozhum prasakthi athey poley
ReplyDeleteപത്തു വര്ഷം മുമ്പ് എഴുതിയ കഥ-- പക്ഷെ കഥ തുടരുന്നു-- ഇന്നും-- ആരും ഒന്നും മനസ്സിലാക്കുന്നില്ല-
ReplyDeleteനന്നായി എഴുതി-
ആശംസകള്‍--