Tuesday, 6 August 2013

നെല്ലിക്ക (കഥ)



                                          (ഞാനും എന്‍റെ  ആദ്യത്തെ കഥാപാത്രവും)




     മുറ്റത്തുകിടന്ന വര്‍ത്തമാനപ്പത്രം  എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തൊട്ടടുത്ത്‌ ഒരു നെല്ലിക്ക !
വീടിന്‍റെ പടിഞ്ഞാറേമൂലയില്‍ തഴച്ചുവളര്‍ന്നുനില്‍ക്കുന്ന നെല്ലിമരത്തിലേക്ക് എന്‍റെ കണ്ണുകള്‍ പരതിനടന്നു . മരത്തില്‍ ഒറ്റ കായ്പോലും കാണാനില്ല!
ആ നെല്ലിക്ക മുറുകെപ്പിടിച്ചുകൊണ്ട് ഓര്‍മ്മച്ചെപ്പു തുറന്നു.
'നീയിങ്ങു വന്നേ, ഒരു കാര്യം കാണിച്ചുതരാം.' ബാബുവേട്ടന്‍ ഉറക്കെ വിളിച്ചു .
'ഞാന്‍ തുണി കഴുകുന്നേ .... പിന്നെ വരാം ' ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു .
'അതു പിന്നെ ചെയ്യാം , നീയിങ്ങോട്ടോടിവാ '.
 ബാബുവേട്ടന്‍ വലിയ സന്തോഷത്തിലാണെന്നു തോന്നി .ഇതെന്താണാവോ ഇത്രവലിയ കാര്യം എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല . സാരിത്തുമ്പില്‍ കൈതുടച്ചുകൊണ്ട് ഓടിച്ചെന്നു.
 അതുവരെ കണ്ടിട്ടില്ലാത്ത ഒരു കൊച്ചു നെല്ലിത്തൈ!
അതിന്‍റെ ചുറ്റും തടംവച്ചു വെള്ളമൊഴിച്ച്, സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു :
'ഇതിവിടെ നിന്നിട്ട്  നമ്മളിതേവരെ  കണ്ടില്ലല്ലോ.
ശരിയാണ്. ആകെയുള്ള പത്തുസെന്റു പുരയിടത്തില്‍ മരങ്ങളും ചെടികളും വളരെ കുറച്ചേയുള്ളൂവെങ്കിലും എല്ലാറ്റിനോടും ദിവസവും  കുശലംപറഞ്ഞു തഴുകിത്താലോലിക്കുന്നത് ഞങ്ങളുടെ പതിവായിരുന്നു. എന്നിട്ടും ഈ നെല്ലിത്തൈ ഞങ്ങളുടെ കണ്ണില്‍പെടാതെ എങ്ങനെ ഇത്രനാള്‍ വളര്‍ന്നു എന്നോര്‍ത്തപ്പോള്‍ അതിശയം തോന്നി .
പിന്നെ എല്ലാദിവസവും അതിനെ താലോലിക്കുന്നതു പതിവാക്കി .
ഒരവും വെള്ളവും  ഇഷ്ടംപോലെ കൊടുത്തപ്പോള്‍ അത് വേഗം തഴച്ചുവളര്‍ന്നു. ചെറുചില്ലകള്‍  മതിലിനു പുറത്തുകൂടി അടുത്ത പുരയിടത്തിലേക്കു പടര്‍ന്നു.
അയല്‍വീട്ടിലെ പയ്യന്‍സ് ഒരുദിവസം വെട്ടുകത്തിയുടെ മൂര്‍ച്ചനോക്കിയത് നെല്ലിമരത്തിന്റെ ഏതാനും ചില്ലകള്‍ അരിഞ്ഞുവീഴ്ത്തിക്കൊണ്ടായിരുന്നു!
 വൈകിട്ട് ഓഫീസില്‍നിന്നും വന്നപ്പോള്‍, ഒരുവശത്തെ  ചില്ലകള്‍ നഷ്ടപ്പെട്ട നെല്ലിമരത്തെക്കണ്ട്  ഞങ്ങള്‍ തളര്‍ന്നുപോയി .
    ബാബുവേട്ടന്‍ അരിശവും സങ്കടവും സഹിക്കാതെ പുലമ്പി :
'ഏതു ദ്രോഹിയാണെന്റെ മരത്തിന്‍റെ ചില്ലയരിഞ്ഞത് ?
 'അങ്ങേതിലെ കുട്ടനാ ' മകന്‍ പറഞ്ഞു .
 'എന്‍റെ സ്വന്തംമോനെപ്പോലെ സ്നേഹിച്ചുവളര്‍ത്തുന്ന നെല്ലിയാണ് . അതിന്‍റെ ചില്ലയരിയാന്‍ അവനെങ്ങനെ മനസ്സുവന്നു ?'
പുലമ്പിയും നെടുവീര്‍പ്പിട്ടും ഉമ്മറപ്പടിയില്‍ കുറേനേരം കുത്തിയിരുന്നു ; പിന്നെ എണീറ്റുചെന്ന്‍ കുട്ടനെ കുറേ ശകാരിച്ചു. എന്നിട്ട് നെല്ലിമരത്തെ തഴുകിക്കൊണ്ടു ചോദിച്ചു :
'നിനക്കു വേദനിച്ചോ ? സാരമില്ല പോട്ടെ . നിനക്കു ഞാന്‍ ഇഷ്ടംപോലെ വെള്ളം തരാം; പകരമെനിക്ക് മധുരമുള്ള നെല്ലിക്ക തരണം കേട്ടോ .'
പിന്നെ എന്‍റെനേരേ തിരിഞ്ഞ് പറഞ്ഞു : 'നമ്മുടെ മക്കള്‍ക്കിവള്‍ ധാരാളം നെല്ലിക്ക തരും ,
 നീ കണ്ടോ .'
കുഞ്ഞുചില്ലകളാട്ടി നെല്ലിമരം സമ്മതിച്ചു .
ആ നെല്ലിമരം തന്ന ആദ്യത്തെ കായാണ് എന്‍റെ കൈക്കുള്ളില്‍ എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി . തൊണ്ട വരളുന്നതുപോലെ . നെഞ്ചിനു  വല്ലാത്ത വിങ്ങല്‍......
 എനിക്കു കാണാന്‍ കഴിയാത്ത ഏതോ ലോകത്തില്‍ ഒളിച്ചിരുന്നുകൊണ്ട് ബാബുവേട്ടന്‍ ഈ നെല്ലിമരത്തെ ഇപ്പോഴും താലോലിക്കുന്നുണ്ടാവും .
 'ഈ നെല്ലിക്ക ഞാന്‍ തിന്നോട്ടെ ?' മനസ്സുകൊണ്ട് ഞാന്‍ അനുവാദം ചോദിച്ചു.
പിന്നെ, നെല്ലിക്ക വായിലിട്ട് അതിന്‍റെ സ്വാദ് ആസ്വദിച്ചു; കയ്പ്പും മധുരവും കലര്‍ന്ന സ്വാദ് !
        കയ്പ്പും മധുരവും ഇടകലര്‍ന്ന ജീവിതംപോലെ !!!


4 comments:

  1. മധുരിക്കും പൂർവ്വകാല സ്മരണകൾ അയവിറക്കി
    മനോഹരമായി കുറിച്ചു ഈ കൈപ്പും മധുരവും ഇട കലര്ന്ന
    നെല്ലിക്ക കഥ
    ആശംസകൾ
    ചിത്രങ്ങൾ ആ മരത്തിന്റെ തന്നെയോ ?
    PS
    Pl remove the word verification from here,
    it gives trouble to post comments
    Thanks

    ReplyDelete
  2. ചിത്രത്തില്‍ കാണുന്നത് ആ നെല്ലിമരം തന്നെ.അഭിപ്രായം കുറിച്ചതിന് നന്ദി

    ReplyDelete
  3. ഓരോ മധുരാനുഭവങ്ങള്‍ക്കു പിന്നിലും വേദനയുളവാക്കുന്ന ഒരു ഭൂതകാലസ്മരണയുണ്ടായേക്കാം...എല്ലാ വേദനകളും കാലം മായ്ചുകൊണ്ടുമിരിക്കം. കഥയ്ക്ക് ഒരു ഈണവും ഒഴുക്കും ഉണ്ടായിരുന്നു.

    ReplyDelete
  4. നന്ദി സുഹൃത്തേ . നന്മകള്‍ നേരുന്നു

    ReplyDelete