Saturday, 3 August 2013

തോപ്പുമുക്കിലെ ഭ്രാന്തി



            ആദ്യം ഞാനവളെക്കണ്ടത് തോപ്പുമുക്കിലായിരുന്നില്ല .
കുണ്ടമണ്‍കടവു പാലത്തില്‍ നിരങ്ങിനീങ്ങുന്ന വാഹനവ്യൂഹത്തെ തടഞ്ഞുനിറുത്തി , അവയ്ക്കുമുന്നില്‍ വട്ടത്തിലും കുറുകെയുമൊക്കെ ചുവടുവച്ചാടുകയായിരുന്നു അന്നവള്‍ .
         ചുവന്ന ഞുറിപ്പാവാടയും ചോളിയും ധരിച്ച് , മുടിച്ചുരുളില്‍ വാടിയ പൂവിതള്‍  തിരുകി,  നെറ്റിയില്‍ ചെമ്മഞ്ഞക്കുറിവരച്ച്, കവിളില്‍ വെളുത്തപൌഡര്‍ വാരിത്തേച്ചു, കണ്‍തടങ്ങളില്‍ കരിമഷി പടര്‍ത്തി, കാതില്‍ വെള്ളിഞാത്തു തൂക്കി, കഴുത്തില്‍ കല്ലുമാലകള്‍ വാരിയണിഞ്ഞ്, കൈനിറയെ ഗില്‍റ്റു വളകളും ചുറ്റുമോതിരങ്ങളുമിട്ട്, കാലില്‍ വെള്ളിക്കൊലുസും  മണിമിഞ്ചിയും ചാര്‍ത്തി നഗരവീഥിയില്‍ അവള്‍ നിറഞ്ഞാടി. 
         വാഹനങ്ങളില്‍നിന്നും പതിക്കുന്ന കണ്ണേറുകളെയും കൌതുകങ്ങളെയും വകഞ്ഞുമാറ്റാനെന്നപോലെ ഇടയ്ക്കിടെ അവള്‍ റോഡിന്‍റെ കറുപ്പിലേക്ക് കാര്‍ക്കിച്ചുതുപ്പുകയും ചിറിതുടച്ച കൈത്തലം പാവാടയുടെ ചുവപ്പില്‍ ഉരച്ചുകളയുകയും ചെയ്തിരുന്നു. 
      ഗതാഗതക്കുരുക്കഴിക്കാന്‍ വന്ന പൊലീസുകാരനെക്കണ്ടതും
  സഡന്‍ബ്രേക്കിട്ടതു പോലെ അവള്‍ നിന്നു!  കണ്ണുകളില്‍  പ്രതികാ
രത്തിന്‍റെ തീപ്പൊരിപാറി.
നാറുന്ന  വായില്‍നിന്ന് തെറിവാക്കുകള്‍ ചിതറിത്തെറിച്ചു. 
ഭ്രാന്തി.....ഭ്രാന്തി..... ആളുകള്‍  കൂകിവിളിച്ചു.  
ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞുവന്ന്‍ അവള്‍ക്കരികില്‍ ബ്രേക്കിട്ടു. 
അതിനുള്ളില്‍നിന്ന് ചാടിയിറങ്ങിയ പോലീസുകാരന്‍ അവളെ വണ്ടിയിലേക്കു
 വലിച്ചെറിഞ്ഞു. 
അവളുടെ തെറിവാക്കുകള്‍ തല്ലുകൊണ്ട നായുടെ മോങ്ങലായി അകന്നുപോയി. 
പിന്നീട് ഞാനവളെക്കണ്ടത് എന്‍റെ വീട്ടുമുറ്റത്തായിരുന്നു! 
എന്തോ പരതുന്നതുപോലെ അവളുടെ കണ്ണുകള്‍ വീടിനുള്ളിലേക്ക് 
നീളുന്നുണ്ടായിരുന്നു. 
എന്നെ കണ്ടയുടനെ അവള്‍ ചോദിച്ചു: അഞ്ചുരൂപ തരുമോ? 
രൂപ കൊടുത്തപ്പോള്‍ അടുത്ത ചോദ്യം: ദോശയും ചായയും തരുമോ?
അതും കൊടുത്തു. 
പിന്നെ ആഴ്ചകളോളം എന്നും രാവിലെ കൃത്യം ഏഴുമണിക്ക് അവള്‍ എന്‍റെ
 വീട്ടുപടിക്കല്‍ എത്തുമായിരുന്നു. ചായയും പലഹാരങ്ങളും കഴിക്കുന്നതി
നിടയില്‍ ഒരു സ്നിഫിംഗ്ഡോഗിനെപ്പോലെ ചവിട്ടുപടിയിലും ചപ്പല്‍സ്റ്റാന്‍റി
ലുമൊക്കെ മൂക്കുരസുന്നത് എന്‍റെ ശ്രദ്ധയില്‍പെട്ടു. 
നീയെന്താടീ പൊലീസുനായെപ്പോലെ? ഞാന്‍ ചോദിച്ചു.
ഇവിടത്തെ ആണുങ്ങളൊക്കെയെവിടെ? 
ആണുങ്ങളോ? എന്തിനാ? 
എനിക്ക് കാണാന്‍ . 
ഇവിടെ ആണുങ്ങളാരുമില്ല. 
 മൂക്കുവിടര്‍ത്തി വീണ്ടും മണം പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു: 
 ഒണ്ടല്ല്; നിങ്ങളു കള്ളം പറയല്ല്. 
എന്‍റെ വാക്കുകളിലെ കള്ളം കണ്ടുപിടിച്ച അവള്‍ക്ക് ഭ്രാന്താണെന്നു 
വിശ്വസിക്കാന്‍ എനിക്കായില്ല. 
 ഒരുദിവസം ഞാനവളുടെ പേരു ചോദിച്ചു:  
നിന്‍റെ പേരെന്താ പെണ്ണേ? 
പേരുപറഞ്ഞാ കുട്ടപ്പന്നായരെ കാണിച്ചുതരുമോ? 
കുട്ടപ്പന്നായരോ? അതാരാ? 
അയ്യൊ! നിങ്ങക്കറിഞ്ഞൂടെ? എന്നെ കല്യാണം കഴിക്കാന്‍പോണ ആളാണ്‌....
 ഒരു നാടന്‍പെണ്ണിന്‍റെ നാണത്തോടെ അവള്‍ പറഞ്ഞു. 
നീ അയാളെ കണ്ടിട്ടുണ്ടോ? 
കണ്ടിട്ടുണ്ടെന്നവള്‍ തലയാട്ടി.
 വെളുത്ത നെറോം നല്ല പൊക്കോം ഒക്കെയുണ്ട്.  
 അതു പറഞ്ഞപ്പോള്‍ അവളുടെ കറുപ്പുമുറ്റിയ മുഖത്തു ഒരു വെളുത്ത  
പുഞ്ചിരി വിരിഞ്ഞു.
 ഏതോ  സുഖനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നതുപോലെ അവള്‍ കണ്ണടച്ചിരുന്നു.
 ആ സ്വര്‍ഗ്ഗത്തില്‍നിന്നു അവളെ വിളിച്ചുണര്‍ത്താന്‍ എനിക്ക് മനസ്സുവന്നില്ല.
 ഞാനെന്‍റെ ജോലികളില്‍ വ്യാപൃതയായി. കുറേക്കഴിഞ്ഞു വന്നുനോക്കുമ്പോള്‍
അവള്‍ അവിടെ ഉണ്ടായിരുന്നില്ല. 
അടുത്തദിവസം അവള്‍ വല്ലാത്ത ഇളക്കത്തിലായിരുന്നു. 
 മുഖംതാഴ്ത്തി, നഖംനുള്ളിനിന്നുകൊണ്ട്എന്നോടു ചോദിച്ചു:
 എനിക്കൊരു സാരി തരുമോ? 
നിനക്കെന്തിനാ സാരി? 
കല്യാണത്തിനു ഉടുത്തൊരുങ്ങി നിക്കാന്‍ . 
ഞാനൊരു പഴയ ഷിഫോണ്‍സാരി എടുത്തുകൊണ്ടു വന്നു . അത് കണ്ടപാടെ
 അവള്‍ പറഞ്ഞു: . 
ഇതെനിക്കു വേണ്ട. ഒരു പട്ടുസാരി വേണം, നല്ല കസവൊക്കെയുള്ളത്. 
ഇവിടെ പട്ടുമില്ല, പൊന്നുമില്ല. നീ പോപെണ്ണേ. 
അവള്‍ സങ്കടത്തോടെ നടന്നകലുന്നതു നോക്കിനില്‍ക്കെ മകന്‍ ചോദിച്ചു: 
ഭ്രാന്തിയോടാണോ കിന്നാരം? 
അതൊരു പാവമാടാ. ആരോ പറ്റിച്ചതാണതിനെ. 
ഇങ്ങനെ അയ്യോപാവം കാണിച്ചാലേ അതിവിടെക്കേറിയങ്ങു താമസിക്കും.
 പറഞ്ഞില്ലെന്നു വേണ്ട. 
പിറ്റേ ദിവസം കുറേ വൈകിയാണ്  അവള്‍ വന്നത് . പത്രം വായിച്ചുകൊണ്ടി
രുന്ന മകനെച്ചൂണ്ടി അവള്‍ അത്യാഹ്ലാദത്തോടെ വിളിച്ചുകൂവി: 
കുട്ടപ്പന്നായര്! 
അവന്‍ അരിശത്തോടെഎഴുന്നേറ്റു അകത്തേക്കു പോയി . 
അവളുടെ തുറിച്ച കണ്ണില്‍നിന്ന് മൂര്‍ച്ചയേറിയ കാമശരങ്ങള്‍ അവന്‍റെ
 പിന്നാലെ പായുന്നതു ഞാന്‍ കണ്ടു. 
വല്ല വിധേനയും അവളെ പിടിച്ചു പുറത്താക്കി ഗേറ്റുപൂട്ടി. തിരിഞ്ഞു
നോക്കിയത് കലിതുള്ളി  നില്‍ക്കുന്ന മകന്‍റെ മുഖത്തേക്കായിരുന്നു. 
അനുകമ്പ നല്ലതുതന്നെ. പക്ഷേ എന്നെ ജയിലിലാക്കരുത്. 
അവന്‍റെ വാക്കുകളില്‍ അപകടം മണക്കുന്നുണ്ടായിരുന്നു! 
അടുത്ത ദിവസം ഞാനവളെ വിലക്കി:
ഇനി നീയിവിടെ വരരുത്. ഞാനില്ലാത്ത നേരത്ത് ഈ പടികടക്കരുത്. 
നീ പോടീ പിശാശെ, കുട്ടപ്പന്നായരേംകൊണ്ടേ ഞാമ്പോവൂ. 
അവള്‍ എന്നെ വെല്ലുവിളിച്ചുകൊണ്ട് മുറ്റത്തു കുത്തിയിരുന്നു ഉച്ചത്തില്‍ 
രതിപ്പാട്ടു തുടങ്ങി. 
അവളെ പുറത്താക്കാനുള്ള എന്‍റെ അടവുകളെല്ലാം പരാജയപ്പെട്ടു. 
ഗത്യന്തരമില്ലാതെ ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. 
പട്രോളിങ്ങിലായിരുന്ന പോലീസ് ജീപ്പ് എന്‍റെ രക്ഷക്കായി പാഞ്ഞെത്തി. 
പിന്നീട് ഏറെനാള്‍ അവളെ  കണ്ടതേയില്ല. 
 എന്‍റെ കണ്ണുകള്‍ പലപ്പോഴും അവളെ തിരഞ്ഞുകൊണ്ടേയിരുന്നു.
 പട്രോളിങ്ങിലായിരുന്നപോലീസുകാരനോട്‌  ഒരുദിവസം
 ഞാനവളെക്കുറിച്ചു ചോദിച്ചു . 

അയാള്‍ പറഞ്ഞു :
 കുളിക്കാതെ നനയ്ക്കാതെ രാപ്പകലെന്യേ നാടും നഗരവും ചുറ്റുകയാണവള്‍ ; 
കല്യാണംകഴിക്കാമെന്നു പറഞ്ഞ് കൂടെത്താമസിപ്പിച്ച കുട്ടപ്പന്‍നായരെ
 കണ്ടുപിടിക്കാന്‍ .ഓരോ സ്ഥലത്തും കുറേദിവസം തങ്ങി, വീടായവീടെല്ലാം
 കയറിയിറങ്ങി, അവള്‍  അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 
ഇപ്പോള്‍ അന്വേഷണം തോപ്പുമുക്കിലേക്കു മാറ്റിയിരിക്കുന്നു.

3 comments:

  1. Replies
    1. ഇതു ജീവിതകഥ . കഥ വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി .
      സ്നേഹാദരങ്ങളോടെ,
      സരോജം

      Delete