ഒഴുകും രുധിരപ്പുഴതന്‍ നടുവില്‍
തുഴയില്ലാക്കളിയോടംപോല്‍
അഴലിന്നാഴച്ചുഴികളില്‍ മുങ്ങി-
ത്താഴുകയോ നരജന്മങ്ങള്‍!
കദനക്കടലിന്‍ തീരത്തായവര്‍
നട്ടുനനയ്ക്കും സ്നേഹതരുക്കള്‍ .
കണ്ണീര്‍പ്പൂക്കള്‍ കോര്‍ത്തവരെന്നും
ജീവിതമാല്യമൊരുക്കും.
ഇത്തിരിമോഹക്കുളിരും കൊണ്ടേ
വര്‍ണ്ണക്കിളികള്‍ വിരുന്നുവരും ;
മിഴികളടച്ചു തുറക്കും മുമ്പെ
കരളും കൊത്തിയകന്നേപോം .
ചാരുതമാം തിരശ്ശീലയ്ക്കുള്ളില്‍
മൂകതമുറ്റിയ ബന്ധുതകള്‍!
വൈരംമൂത്തുപഴുക്കും മുറിവുക-
ളര്‍ത്ഥംകൊണ്ടു പൊറുക്കില്ല .
പതിരുകള്‍ വിളയും വയലുകളില്‍
കതിര്‍മണി തേടിത്തളരുമ്പോള്‍
പാപക്കനികള്‍ ചൂടും ദാരുവില്‍
നാഗം വന്നുവിളിക്കുമ്പോള്‍
വിഹ്വലമനസ്സിന്‍ ഭാവന നെയ്യും
മായിക മോക്ഷ കവാടത്തില്‍
നോമ്പുകള്‍നോറ്റും ഭജനമിരുന്നും
ശാശ്വതസ്വര്‍ഗ്ഗം തേടുന്നു !!!
"സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെയാണ്.
ReplyDeleteമരിച്ചുചെന്നാല്‍ സ്വര്‍ഗ്ഗ കവാടം തുറന്നു കിട്ടുമെന്നും
നരകാഗ്നിയില്‍ പതിക്കുമെന്നുള്ളതും വെറും അന്ധ വിശ്വാസം മാത്രമാണ്.
നന്മ ചെയ്താലും തിന്മ ചെയ്താലും അല്പം വൈകിയിട്ടാണെങ്കില്‍ കൂടി
ഇവിടെനിന്നു തന്നെ അതാതിന്‍റെ ഫലസിദ്ധിയുമുണ്ടാകും."