Monday, 26 August 2013

ആ ഭ്രാന്തി ചത്തു (കഥ)



        


നാവില്‍നിന്നു നാവിലൂടെ ആ വാര്‍ത്ത പരന്നു.
ആളുകള്‍ തോപ്പുമുക്കിലെ ബസ് ഷെല്‍ട്ടറില്‍ തടിച്ചുകൂടി .
 കൂടിനിന്നവര്‍ക്കെല്ലാം അവളെപ്പറ്റി ഓരോ കഥകള്‍ പറയാനുണ്ടായിരുന്നു.
നഗരത്തില്‍നിന്നു ട്രാന്‍സ്ഫറായിച്ചെന്ന ഹെഡ്കോണ്സ്റ്റബിള് കുട്ടപ്പന്‍നായരും അവളും
 തമ്മില്‍ ഇഷ്ടത്തിലായെന്നും വാടകക്വാര്‍ട്ടേഴ്സില്‍ ഇരുവരും ഒരുമിച്ചു താമസിച്ചുവരവേ, പെട്ടെന്നൊരുദിവസം അയാളെ കാണാതായെന്നുമാണ്‌ ഒരു കഥ .
        അധികമായ ലൈംഗികോര്‍ജ്ജം തലയ്ക്കുപിടിച്ചു വട്ടായിപ്പോയതാണെന്ന്
 ഫ്രോയിഡിനെ കൂട്ടുപിടിച്ചു കഥപറഞ്ഞവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു .
         കഥകള്‍ എന്തുതന്നെയായാലും ആ ഭ്രാന്തിപ്പെണ്ണിനെപ്പറ്റി ആളുകള്‍ വാതോരാതെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു .
         കുറേനാളായല്ലോ  ഇവിടെയൊക്കെ കാണാന്‍തുടങ്ങിയിട്ട് . എവിടെയുള്ളതാണോ ആവോ ?


  ആര്‍ക്കറിയാം ?
  ഭ്രാന്തുവന്നാല്‍  പിന്നെ  നാടും വീടുമുണ്ടോ ? സ്വന്തോം ബന്ധോമുണ്ടോ ?
 പൂനിലാവും പൊരിവെയിലും ഒരുപോലെയല്ലേ ?


  ഇന്നലെ ഇരുട്ടുന്നതുവരെ ആ ഇലക്ട്രിക്പോസ്റ്റില്‍ ചാരി , കണ്ണുംപൂട്ടി ഒരേനില്‍പ്പായിരുന്നു . അപ്പഴേ തോന്നിയതാ ഇതിനു ചാക്കാലയടുത്തെന്ന്‍.

 
ഇവിടെക്കിടന്നു പുഴുത്തുനാറും മുമ്പ് നഗരസഭയെ വിവരമറിയിക്കാം. അവരെടുത്തുകൊണ്ടുപോയി കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ  എന്താന്നുവച്ചാ  ചെയ്യട്ടെ.


 പലതരക്കാരായ കാഴ്ചക്കാര്‍ക്കിടയില്‍, പലപല ആക്ഷേപങ്ങള്‍ക്കിടയില്‍   അവളുടെ ഉടല്‍രഹസ്യങ്ങള്‍ തുറന്നുകിടന്നു .പ്രായഭേദമെന്യെ, ആണ്‍ പെണ്‍ ഭേദമെന്യെ എല്ലാവരും അത്  കണ്ടുനിന്നു .സ്ഥാനംതെറ്റിക്കിടന്ന ഉടുവസ്ത്രം നീക്കിയിട്ട്  ആ നഗ്നത മറയ്ക്കാന്‍ ആരും മുന്നോട്ടു വന്നില്ല . അഴുക്കുപിടിച്ചതെങ്കിലും കാണാന്‍കൊള്ളാവുന്ന പെണ്ണുടലായിരുന്നുവല്ലോ അത് ! നിരപ്പുള്ള നെഞ്ചില്‍ രണ്ടു കരിമൊട്ടുകള്‍ കുരുമ്പിച്ചുനിന്നു . ഈച്ചകള്‍ അതിന്മേല്‍ ഉമ്മവച്ചു നട ന്നു . മുരുക്കിന്‍പൂവിനു ചുറ്റും മുള്ളുകള്‍ എന്നപോലെ  നാഭിച്ചുഴിക്കു താഴെ നീലരോമങ്ങള്‍ എഴുന്നുനിന്നു . അവയ്ക്കിടയിലൂടെ തേനുറുമ്പു കള്‍ അരിച്ചുനടന്നു .
 ഒന്നുമറിയാത്തപോലെ  അവള്‍ അനക്കമറ്റു കിടന്നു .

ചിലര്‍ അതുവഴി പോയ പോലീസ്ജീപ്പിനു കൈ കാണിച്ചു . ജീപ്പു നിറുത്തി ഒരു പോലീസുകാരന്‍ ഇറങ്ങിവന്നു . അവളുടെ കിടപ്പുകണ്ട് ഒന്നു ചിരിച്ചു  . ആത്മഗത മെന്നോണം അയാള്‍ പറഞ്ഞു : അവള്‍ ധ്യാനനിദ്രയി ലാണ്. തനിയേ ഉണര്ന്നുകൊള്ളും.
       വെള്ളത്താടിയും മുടിയും കാറ്റില്‍പറത്തി, വെള്ളിവടിയും ചുഴറ്റി ഒരാള്‍ മേഘമലയില്‍നിന്നും ഇറങ്ങിവന്നു . ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അയാള്‍ അവള്‍ക്കരികിലെത്തി . അയാളുടെ തീക്ഷ്ണതമുറ്റിയ കണ്ണുകള്‍ അവളുടെ അനക്കമറ്റ ശരീരത്തെ ചുറ്റിയുഴിഞ്ഞു ; വലതുകയ്യിലെ വെള്ളിവടികൊണ്ട് തെന്നിമാറി ക്കിടന്ന ഉടുവസ്ത്രം കോരിയെടുത്ത് അവളുടെ നഗ്നതയ്ക്കുമേലിട്ടു.
 ഫ് , നായിന്‍റെമോനേ , നേരെയന്നു   കിടക്കാനും സമ്മതിക്കൂല്ലേ ?
ഭ്രാന്തമായ ഒരലര്‍ച്ചയോടെ അവള്‍ ചാടിയെണീറ്റു. നക്ഷത്ര ച്ചുവപ്പാര്‍ന്ന കണ്ണുകളില്‍ നിന്ന് കാമരശ്മിക ള്‍ വര്‍ഷിച്ചു കൊണ്ട് അവള്‍ അയാള്‍ക്കുനേരെ നടന്നടുത്തു .
  അയാള്‍ പുഞ്ചിരിതൂകിക്കൊണ്ട്‌ , വെള്ളി വടിയും ചുഴറ്റി ,   മേഘമലയിലേക്ക് കയറിപ്പോയി .

നിരാശ യോടെ അവള്‍ തിരിച്ചു നടന്നു . പഴയതുപോലെ ഇഷ്ടശ യനം തുടര്‍ന്നു. മെല്ലെമെല്ലെ കണ്ണുകളടച്ച്  ഗഡമായൊരു രതിനിദ്രയിലേക്ക് അവള്‍ ആഴ്ന്നാഴ്ന്നിറ ങ്ങി പ്പോയി .
 ജനക്കൂട്ടം അതുകണ്ട് അന്തംവിട്ടു നിന്നു.
   അപ്പോള്‍ ആകാശത്തുനിന്ന്‍ ഒരശരീരിയുണ്ടായി :
  വസ്ത്രത്തെക്കാള്‍ ശ്രേഷ്ഠം  ശരീരവും ശരീരത്തെക്കാള്‍ ശ്രേഷ്ഠം കാമനകളമത്രെ .

Friday, 23 August 2013

ശവം (കവിത)


   















                 അടച്ചുപൂട്ടിയ
                വീട്ടിനുള്ളില്‍
                ഒന്നരമാസം !
                ഈ ശവത്തിന്
                മക്കളോടെങ്കിലും
                വിളിച്ചു പറഞ്ഞൂടാരുന്നോ ?










Wednesday, 21 August 2013

വെറുമൊരു സുധാകരന്‍ (കഥ)







"ഒഴുക്കുള്ള പുഴയിലെ മുങ്ങിക്കുളി പോലെയാണ് നഗരത്തിലെ ജീവിതം."
ഇതു പറയുന്നത് കൈനോട്ടക്കാരനായ സുധാകരനാണ്, ഗ്രാമത്തിലെ കൊച്ചുവീട്ടില്‍
ഒറ്റയ്ക്കു താമസിക്കുന്ന സുധാകരന്‍.
"തൊട്ടുനനച്ചു കടന്നുപോയ ജലകണങ്ങളെക്കാണാന്‍ പുഴക്കരയില്‍ പോയിരുന്നാലൊക്കുമോ ? അതുപോലാ നഗരത്തിലെ കാര്യവും ; ഒരിക്കല്‍ കണ്ടവരെ
പിന്നെ കാണില്ല ."
സുധാകരന്റെ ഉപമ എനിക്കു നന്നെ പിടിച്ചു . നാട്ടിന്‍പുറത്തുകാരനായ സുധാകരന്
നഗരത്തിന്‍റെ രീതികള്‍ ഇത്ര തന്മയത്വത്തോടെ വര്‍ണ്ണിക്കാന്‍ കഴിയുന്നതെങ്ങനെ
എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. ത്രീസ്റ്റാര്‍ഹോട്ടലിലെ മദ്യസേവയെ
ക്കുറിച്ചും എ .സി.റൂമിലെ സുഖനിദ്രയെക്കുറിച്ചുമൊക്കെ എത്രയെത്ര വിചിത്രങ്ങളായ കഥകളാണ് അയാള്‍ എനിക്കു പറഞ്ഞുതന്നിട്ടുള്ളത് ! നിത്യേന വന്നുപോകുന്ന എനിക്കുപോലും ഈ നഗരം നിഗൂഡതകളുടെ നക്ഷത്രലോകം മാത്രമായിരിക്കുംപോള്‍ വല്ലപ്പോഴും വന്നുപോകുന്ന സുധാകരന്‍ എത്ര സൂക്ഷ്മമായി നഗരത്തെ കണ്ടറിഞ്ഞിരിക്കുന്നു!
കണ്ണുണ്ടായാല്‍പോര കാണണം , കാതുണ്ടായാല്‍പോര കേള്‍ക്കണം - ഇതൊക്കെയാണ്  സുധാകരന്‍റെ ആപ്തവാക്യങ്ങള്‍ .
ഒരു സര്‍ക്കാര്‍ഗുമസ്തനായ എനിക്ക് നിഗൂഡതകളിലേക്ക്  നീളുന്ന കണ്ണും കാതും ആപത്താണെന്ന്‍ സുധാകരനുണ്ടോ അറിയുന്നു !
കര്‍ക്കശമായ പെരുമാറ്റച്ചട്ടങ്ങളോട്  സുധാകരന് അത്ര മതിപ്പൊന്നുമില്ല. മനുഷ്യത്വത്തോടെ ജീവിക്കാന്‍ പറ്റൂല്ലെങ്കിപ്പിന്നെന്തിനാ ഈ മനുഷ്യജന്മം ? എന്നാണയാള്‍ ചോദിക്കുന്നത് .
    സുധാകരന്‍റെ ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്നെ പ്രതിക്കൂട്ടില്‍ നിറുത്തി വിസ്തരിക്കുന്നതുപോലെയാണ് എനിക്കു തോന്നുക. ഞാന്‍ ജീവിക്കുന്നത് എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടിമാത്രമാണ് എന്ന യാഥാര്‍ഥ്യം എന്നെ അലട്ടുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ് .
      സംസ്കൃതത്തില്‍ ബിരുദവും ജ്യോതിഷത്തില്‍ ഡിപ്ലോമയും സമ്പാദിച്ചിട്ടുള്ള സുധാകരന്‍ ഇപ്പോള്‍ രേഖാശാസ്ത്രത്തിലും പ്രാവീണ്യം നേടിയിരിക്കുന്നു. വാത്സ്യായനന്‍റെ കാമശാസ്ത്രം മനപ്പാഠമാണ് . ഒരാളെ അടുത്തുകണ്ടാല്‍ അയാളുടെ ഭൂതവും വര്‍ത്തമാനവും സ്വഭാവവിശഷങ്ങളുമൊക്കെ കൂസലില്ലാതെ വിളിച്ചുപറയും. എവിടെയും പേടികൂടാതെ കയറിച്ചെല്ലാന്‍ ഇത്രയുമൊക്കെ മതിയെന്നാണ് സുധാകരന്‍റെ പക്ഷം .
       മാസത്തിലെ ആദ്യദിവസം രാവിലെ ആറുമണിക്കുള്ള ഫാസ്റ്റ്പാസഞ്ചറിലാണ് സുധാകരന്‍ നഗരത്തിലേക്കുപോകുന്നത് . ഒരു മാസത്തേക്കുള്ള 'ഊര്‍ജ്ജം' സംഭരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുകയുംചെയ്യും .  ആ ഊര്‍ജജമില്ലെങ്കില്‍ താന്‍ വെറും പൂജ്യമാണെന്നാണ് സുധാകരന്‍ പറയുന്നത്. .
'പെണ്ണും പെടക്കോഴിയുമില്ലാത്തവന്‍ എവിടെപ്പോയാലെന്ത് ? എപ്പൊവന്നാലെന്ത് ? ആരുചോദിക്കാന്‍ !' ചിലപ്പോഴൊക്കെ ഇങ്ങനെ നിരാശപ്പെടാറുമുണ്ടയാള്‍ .
'അല്ലാ... സുധാകരാ താനെവിടേക്കായീപ്പോകുന്നത് ?' ആ രഹസ്യമറിയാന്‍ ഞാന്‍ ജിജ്ഞാസുവായി.
'എന്താ ഒപ്പം കൂടുന്നോ ? സല്‍സ്വഭാവികള്‍ക്ക് വരാന്‍ പറ്റിയ ഇടമല്ല.
സുധാകരന്‍റെ വാക്കുകളില്‍ പരിഹാസത്തിന്റെ മുനകളുണ്ടായിരുന്നു. അത്  മനസ്സിലാകാത്തതുപോലെ ഞാന്‍ വീണ്ടും ചോദിച്ചു :
'എവിടേക്കാണെന്ന് പറ സുധാകരാ .'
'സ്റ്റാര്‍ഹോട്ടലിലേക്ക് .'
'സുധാകരന്‍റെ കയ്യില്‍ അത്രക്കും കാശുണ്ടോ?'
'കാശിലല്ല, വേഷത്തിലാണ് കാര്യം. സില്‍ക്കുജുബ്ബയും കസവുമുണ്ടും സ്വര്‍ണ്ണച്ചെയിനും വൈരമോതിരവുമൊക്കെ കാണുമ്പം വാച്ചറു  വാതില് തുറന്നുപിടിക്കും.'
'സുധാകരന് സ്വര്‍ണ്ണച്ചെയിനും വൈരമോതിരവുമൊക്കെയുണ്ടോ ? ഞാന്‍ കണ്ടിട്ടില്ലല്ലൊ.'
'ഫലപ്രവചനംപോലെ ജനപ്രീതിയുള്ള കല വേറെയുണ്ടോ ! കാശുള്ളവര്‍ കൈനിറയെത്തരും. പറയുന്നതു ഫലിച്ചാല്‍ ചോദിക്കുന്നതെന്തും തരും , മാലയോ മോതിരമോ മൊബൈലോ എന്തും. അതൊക്കെ നമ്മളെ നാട്ടില്  പ്രദര്‍ശിപ്പിച്ചോണ്ടു നടക്കാന്‍ പറ്റുമോ , ബോറല്ലേ ?'
'ശരിയാ. ആളുകള് കളിയാക്കും.'
'സാറു  ഹാപ്പിഅവേഴ്സെന്നു കേട്ടിട്ടുണ്ടോ ? എവിടെ കേള്‍ക്കാന്‍ ! '
എന്‍റെനേര്‍ക്കൊരു പരിഹാസച്ചിരിയെറിഞ്ഞുകൊണ്ട് സുധാകരന്‍ തുടര്‍ന്നു :
'രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയ്ക്കുള്ള ആറുമണിക്കൂര്‍ , നക്ഷത്രബാറുകളില്‍ തിരക്കുകുറഞ്ഞ സമയം , നൂറിന്‍റെ ഒരു നോട്ടുണ്ടെങ്കിലാര്‍ക്കും പോകാം . ഒരു പയിന്റും
ഇത്തിരി ചിപ്സും കിട്ടിയാ സുധാകരന്‍ ഹാപ്പിയാവും . ചിലുചിലുത്ത തണുപ്പത്ത് ഒറ്റയ്ക്കിരുന്നു സിപ്പുചെയ്യുന്നതിന്‍റെ സുഖമുണ്ടല്ലോ ..ഹാ ... അതനുഭവിച്ചുതന്നെ അറിയണം .'
        പിന്നൊരിക്കല്‍ യാതൊരു മുഖവുരയുമില്ലാതെ സുധാകരന്‍ ചോദിച്ചു :
'പത്തുമണിപ്പടത്തിനു വരുന്നോ ?'
'ഇല്ല സുധാകരാ ,കഴിഞ്ഞയാഴ്ച ഞങ്ങളൊരു പടം കണ്ടതേയുള്ളൂ .'
'കുടുംബത്തെയും കൂട്ടിവരുന്ന കാര്യമല്ല , സാറൊറ്റക്ക് വരുന്നോ ?'
'ഇല്ല, സുധാകരന്‍ പൊയ്ക്കോ . ഏതുപടത്തിനാ?'
'കൊള്ളാം ! സുധാകരന്‍ പോണതു സിനിമകാണാനാന്നാ വിചാരം ? ഭേഷായി ! എന്‍റെ സാറെ
 ഈ സുധാകരന്‍ പോണവഴിക്കൊരു  'നിപ്പനടി'ക്കും .പിന്നെ ഒടിത്തീരാറായ പടം കളിക്കണ ഏതെങ്കിലും ടാക്കീസിക്കേറി  ഒരു ടിക്കറ്റെടുക്കും അകത്തു കേറിയിരുന്നു സുഖമായിട്ടുറങ്ങും , എ.സി.യില് .കാശില്ലാത്തവര്‍ക്കും ജീവിതം കുറച്ചെങ്കിലും ആസ്വദിക്കണ്ടെ ?'
     ജീവിതാസ്വാദനത്തില്‍ സുധാകരനെന്ന കൈനോട്ടക്കാരന്‍ അഞ്ചക്കം ശമ്പളംവാങ്ങുന്ന എന്നെക്കാള്‍ എത്രയോ ഉയരത്തിലാണെന്ന തിരിച്ചറിവ്   എന്നെ  അസ്വസ്ഥനാക്കി. ഇത്തരം ഹാപ്പി അവേഴ്സ് എന്‍റെ സ്റ്റാറ്റസിനു ചേര്‍ന്നതല്ല എന്നു നൂറ്റൊന്നുരുവിട്ട് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു . അല്‍പ്പം അസൂയയോടെയാണെങ്കിലും സുധാകരന്‍റെ ഹാപ്പിഅവേഴ്സ് കഥകള്‍ കേട്ട് ചിരിക്കാന്‍ ഞായറാഴ്ചകളില്‍ പുഴവക്കില്‍ കാത്തിരിക്കുമായിരുന്നു.
     കാലവര്‍ഷപ്പെയ്ത്തുകഴിഞ്ഞ് , കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക്  കണ്ണുനട്ടിരുന്ന്‍ ഒരിക്കല്‍  സുധാകരന്‍ പറഞ്ഞു :
'ദാ ഇതുപോലാ നഗരത്തിലെ ഒഴുക്ക് . എവിടെനിന്നോ വരുന്നവര്‍ , എവിടേക്കോ പോകുന്നവര്‍ . പാതവക്കില്‍   കുറിനിരത്തി ചമ്രംപടിഞ്ഞിരിക്കുന്ന പ്രവചനക്കാരന് കൊയ്ത്തുകാലം . കലങ്ങിമറിയുന്ന വെള്ളത്തില്‍ മീന്‍ തിരയുന്ന പൊന്മാനെപ്പോലെയാണവന്‍ . ആധിപൂണ്ട മുഖങ്ങളില്‍ ദൃഷ്ടിതറപ്പിച്ച് കുറിക്കുകൊള്ളുന്നൊരു പ്രവചനം . തിരിഞ്ഞുനോക്കുന്നവരെ എറിഞ്ഞുവീഴ്ത്തുന്ന വായ്ത്താരി . നീട്ടപ്പെടുന്ന കൈകളില്‍ നോക്കി ഭൂതകാലത്തിന്റെ ചുരുള്‍ നിവര്‍ത്താം , വിസ്മയം പൂക്കുന്ന മിഴികള്‍ കണ്ടില്ലെന്നു നടിച്ച് ഭാവിയെപ്പറ്റി തൊട്ടും തൊടാതെയും പ്രവചിക്കാം . ലക്ഷണശാസ്ത്രവും നക്ഷത്രഫലവും കൈരേഖയും കൂട്ടിവായിക്കുമ്പോള്‍ ആശ്ചര്യസ്തബ്ധരാകുന്ന ഭാഗ്യാന്വേഷികള്‍. പ്രവചനക്കാരന്റെ മടിശ്ശീലയില്‍ കറന്‍സികളുടെ പ്രവാഹം......'
'ഇത് ആളുകളെ പറ്റിക്കുന്ന പണിയല്ലേ സുധാകരാ ? മാന്യമായ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തുകൂടേ ?'
    എന്‍റെ ചോദ്യം സുധാകരനത്ര പിടിച്ചില്ല . അയാള്‍ തിരിച്ചടിച്ചു :
'മന:ശാസ്ത്രം പഠിച്ച ഡോക്ടറും ജ്യോതിഷം പഠിച്ച കണിയാനും ചെയ്യുന്നത് ഒരേകാര്യം തന്നെ ; ആധിമൂത്തു വരുന്നവരെ ആശ്വസിപ്പിക്കുക . ഒന്നിനു മാന്യതയും മറ്റേതിനു അപമാന്യതയും കല്‍പ്പിക്കുന്നത് വിവരക്കേടാണ് .'
' ഒന്ന് ശാസ്ത്രവും മറ്റേത് അന്ധവിശ്വാസവും. ' 
'ആരുപറഞ്ഞു അന്ധവിശ്വാസമെന്ന് ? ജ്യോതിഷം ഒരു ശാസ്ത്രമാണ്; ഋഷീശ്വരന്മാരുടെ കാലത്തോളം പഴക്കമുള്ള ശാസ്ത്രം.'
      ഒരു വാദപ്രതിവാദത്തിനുള്ള ത്വര അയാളുടെ മുഖത്തു തെളിഞ്ഞു .ജാതകവിധികളെപ്പറ്റിയുള്ള വിശകലനങ്ങളിലൂടെ   അയാള്‍ തന്‍റെ വിശ്വാസപ്രമാണങ്ങള്‍ ശരിയെന്നു സമര്‍ത്ഥിക്കാന്‍ പഴുതുകള്‍ തേടി . അമ്പതു കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നത് ജാതകദോഷം കൊണ്ടാണത്രേ !
      തര്‍ക്കശാസ്ത്രം പഠിച്ചിട്ടുള്ള സുധാകരനോട് തര്‍ക്കിച്ചുജയിക്കുക എളുപ്പമല്ല .
അയാളുടെ ആവനാഴിയില്‍ ജാതകദോഷത്തിന്‍റെ എത്ര കഥകള്‍ വേണമെങ്കിലും എടുത്തുപ്രയോഗിക്കാനുണ്ടാവും . പോരെങ്കില്‍ ഞാനുള്പ്പെടുന്ന ഉദ്യോഗസ്ഥവൃന്ദത്തെ ഒന്നടങ്കം അലസന്മാരെന്നും കിമ്പളക്കാരെന്നും വിളിച്ച് പരിഹസിക്കുകയും ചെയ്യും . അതുകൊണ്ട് ഞാന്‍ പത്തിമടക്കി .
        എന്തെല്ലാം പറഞ്ഞാലും പരിഹസിച്ചാലും സുധാകരനുമായുള്ള സൗഹൃദം എനിക്ക് ഒരാശ്വാസമാണ്; വീട്ടിലെയും ആഫീസിലെയും ടെന്‍ഷന്‍ മറന്ന്‍  പൊട്ടിച്ചിരിക്കാന്‍  കഴിയുന്നത് സുധാകരന്‍റെ കഥകള്‍ കേള്‍ക്കുമ്പോഴാണ് .
        ഇന്നലെ സുധാകരന്‍ വന്നില്ല .ഞാന്‍ കാത്തിരുന്നു  മുഷിഞ്ഞു . അയാള്‍ക്കെന്തുപറ്റി ?
ആശങ്കയോടെ അയാളുടെ വീട്ടിലേക്കു നടന്നു .
 മുറ്റത്തെ ചെമ്പകച്ചുവട്ടില്‍  ചടഞ്ഞിരിപ്പാണയാള്‍! കയ്യില്‍ തുറന്നുപിടിച്ച വര്‍ത്തമാനപ്പത്രവുമുണ്ട്.
 'എന്തുപറ്റി സുധാകരാ ?' അയാളുടെ അരികത്തിരുന്നു ഞാന്‍ ചോദിച്ചു .
 'ഇതു കണ്ടില്ലേ ?'
 ചരമപ്പേജിലെ കറുത്തചതുരത്തില്‍ വിരല്‍തൊട്ടുകൊണ്ട് അയാള്‍ ക്ഷോഭിച്ചു:
'സ്വൈരിണിപോലും ! പാവം പെണ്ണ്.'
    അയാളുടെ ക്ഷോഭവും വേദനയും കണ്ടപ്പോള്‍ അവള്‍ അയാളുടെ ആരോ ആയിരിക്കുമെന്നു കരുതി ഞാന്‍ ചോദിച്ചു
  ' ആ സ്ത്രീ സുധാകരന്‍റെ ആരാ ?'
  ' ചേരിയിലെ കൂലികള്‍ക്ക് ഹാപ്പിഅവേഴ്സൊരുക്കുന്ന പാവം പെണ്ണ്; ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒഴിച്ചുകൊടുപ്പുകാരി.ഏജന്റുമാര് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന
വാറ്റുചാരായമാണവള്   വിറ്റിരുന്നത്. അതീന്നു കിട്ടുന്ന വരുമാനംകൊണ്ടാ അഞ്ചുവയറുകള്‍ വിശപ്പാറ്റിയിരുന്നത്. മരത്തീന്നു  വീണ്  നട്ടെല്ലുപൊട്ടിയ അച്ഛന്‍ , മനോരോഗിയായ അമ്മ , മറവിരോഗംപിടിച്ച അമ്മൂമ്മ , നാലാംക്ളാസ്സില് പഠിക്കുന്ന അനുജത്തിക്കുട്ടി. ചോര്‍ന്നും ചിതലരിച്ചും നിലംപൊത്താറായ ചെറ്റപ്പുരയില്‍ .... ഈയിടെ അവളെ പോലീസു പിടിച്ചു. ഷാപ്പുകാരമ്മാരു പിടിപ്പിച്ചതാ.  ഉള്ളംകാലു നിറയെ അടികൊണ്ടു പൊട്ടിയ വ്രണങ്ങളുമായി
റോഡരികത്തിരുന്നു കരയുന്നതുകണ്ടപ്പോള് ചങ്കുപൊട്ടിപ്പോയി സാറേ. അന്ന്‍ ഞാനെന്‍റെ
നൂറുരൂപ ആട്ടോക്കാരന് കൊടുത്തു , അവളെ വീട്ടിലെത്തിക്കാന്‍ .അങ്ങനാ ഞങ്ങള് പരിചയക്കാരായത്. അന്നേ ഞാനവളോടു പറഞ്ഞതാ കഷ്ടകാലമാണു സൂക്ഷിക്കണമെന്ന് .
പറഞ്ഞിട്ടെന്തു കാര്യം , ജാതകവിധിയെ തടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ ?
കഴിഞ്ഞദിവസം ലെവല്‍ക്രോസിനടുത്ത് ....'
കണ്ണുതുടച്ചുകൊണ്ട് അയാള്‍ കൂട്ടിച്ചേര്‍ത്തു:
'നീരുവറ്റിയ ദേഹം നരനായ്ക്കള് കടിച്ചുകീറിയിരുന്നു'
 കഥകേട്ട് എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല .
അല്‍പ്പനേരത്തെ മൌനത്തിനുശേഷം സുധാകരന്‍ പറഞ്ഞു :
'എനിക്ക് അവളുടെ വീടുവരെ പോകണമെന്നുണ്ട് , ഹാപ്പിഅവേഴ്സിനു കരുതിവച്ച
കാശുകൊണ്ട് ആ കുടുംബത്തിന് ഒരുനേരത്തെ വിശപ്പാറുമെങ്കില്‍ സുധാകരന്‍
അതിലേറെ ഹാപ്പിയാവും.'
   ആര്‍ദ്രതയുടെ പ്രതിരൂപംപോലെ സുധാകരന്‍ നടന്നുനീങ്ങി .
   അതിരാവിലെ പത്രം നിവര്‍ത്തിയപ്പോള്‍ കണ്ട വാര്‍ത്ത എന്നെ ഞെട്ടിച്ചു :
'കുറ്റക്കാരനെന്നു സംശയിക്കുന്ന സുധാകരനെന്ന കൈനോട്ടക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരുന്നു. ആത്മഹത്യചെയ്ത യുവതിയും സുധാകരനും തമ്മില്‍ അവിഹിതവേഴ്ചയും സാമ്പത്തികഇടപാടുകളും ഉണ്ടായിരുന്നതായി പരിസരവാസികള്‍ ആരോപിക്കുന്നു .'
     എന്തുചെയ്യേണ്ടൂ എന്നറിയാതെ തളര്‍ന്നിരിക്കുമ്പോള്‍ സുധാകരന്‍റെ പ്രതിഷേധസ്വരം
കാതില്‍ മുഴങ്ങി :
'കണ്ണുകള്‍  കാണുന്നതും  കാതുകള്‍ കേള്‍ക്കുന്നതും എല്ലാം സത്യങ്ങളാണോ!'
 
                                                               *****





Friday, 16 August 2013

ചില്ലുപാത്രം (കവിത)


                                              രസിച്ചു പാനംചെയ്തു മദിക്കാന്‍
കൊതിച്ചു ചുണ്ടില്‍ചേര്‍ത്തു ചഷകം ;
രുചിച്ചുനോക്കേ പളുങ്കുപാത്രം
നിറച്ചു കയ്പ്പിന്‍ കൊഴുപ്പു മാത്രം !

തപിച്ചു, ദൂരേക്കെറിഞ്ഞുടയ്ക്കാന്‍
നിനച്ചുപോയൊരു മാത്ര ഞാനും .
വിറച്ചു കാലുകള്‍, തളര്‍ന്നു ഗാത്രം
തരിച്ചുനിന്നെന്‍ തരള ചിത്തം .

ഉദിച്ചു സൂര്യന്‍ കറുത്ത വാനില്‍,
ചലിച്ചു ജീവിതരാശിചക്രം .
വസിച്ചു പൂമരച്ചില്ലയേറി  
രമിച്ചു കാമുകപ്പക്ഷിവൃന്ദം  !

തുടിച്ചുതാരിളം മേനി,യഴകില്‍ 
ശയിച്ചു,രതിപൂത്തുമഞ്ചലില്‍ !
മദിച്ചു മായിക  ഭാവമാര്‍ന്നു
രചിച്ചു ബന്ധുരഭാവഗീതം .

ചിരിച്ചു പൌര്‍ണ്ണമിയന്നു മെല്ലെ
കഥിച്ചു നിര്‍ണ്ണയമാ രഹസ്യം :
ജ്വലിച്ചു നില്‍ക്കും പകലിനന്ത്യം
കുറിച്ചു രാവും വന്നുചേരും .

ഗ്രഹിച്ചു മേവുകപ്രപഞ്ചസത്യം
കുടിച്ചു തീര്‍ക്കുക ചില്ലുപാത്രം .
മറിച്ചുതോന്നിയതബദ്ധമല്ലീ
ജനിച്ചുവെന്നാല്‍ മരിക്കുമല്ലോ !

Friday, 9 August 2013

പൂര്‍ത്തിയാക്കാത്ത കഥ (കഥ)


 
   

  'പത്തുവയസ്സുകാരിയുടെ ജഡം പൊട്ടക്കിണറ്റില്‍.......'
   പുതുമ നശിച്ച വാര്‍ത്ത .
  എന്നാല്‍,വാര്‍ത്തയോടൊപ്പം കൊടുത്തിരുന്ന ചിത്രവും അടിക്കുറിപ്പും  കണ്ട്
   അയാള്‍ ഞെട്ടി !
  'ഊമയും ബധിരയുമായ, ചിത്തു എന്നു വിളിക്കുന്ന ചിത്രലേഖയുടെ ജഡം വീടിനടുത്തുള്ള
 പൊട്ടക്കിണറ്റില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.......'
  സംഭവത്തെക്കുറിച്ചുള്ള  വ്യതസ്തങ്ങളായ കഥകള്‍ വായിച്ചും കേട്ടും അയാള്‍ക്ക്‌
 ച്ഛര്‍ദ്ദിക്കാന്‍ മുട്ടി.ഇതിലേതാ ശരിയെന്നറിയണമെങ്കില്‍ മരിച്ച കുട്ടിയെ ജീവിപ്പിക്കണം!
  അതല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല .   
   അലമാരയിലിരുന്ന ആല്‍ബമെടുത്തു അയാള്‍ മറിച്ചുനോക്കി; പൂത്തുനില്‍ക്കുന്ന
 കുറ്റിമുല്ലകള്‍ക്കിടയില്‍ ഒരു ചെന്താമരപ്പൂവുപോലെ ചിത്തുമോള്‍!
 അയാള്‍ നോക്കിയിരിക്കെ അവള്‍ ചിത്രത്തില്‍നിന്നിറങ്ങിവന്നു.
 എന്തുപറ്റി മോളേ നിനക്ക് ? നീയെന്തിനാ ..........?
  മാഷിതുവരെ എന്‍റെ കഥ എഴുതിയില്ലല്ലോ. ചിത്തു പിണക്കമാ.
  അവളുടെ ആംഗ്യഭാഷ നരേന്ദ്രന്‍മാഷിനു നല്ല വശമായിരുന്നു .
പൂക്കളെയും ശലഭങ്ങളെയും അവള്‍ ഒരുപാടു സ്നേഹിച്ചിരുന്നു.
പൂക്കളെ കുത്തിനോവിക്കുന്ന  വണ്ടുകളെ അവള്‍ക്കു പേടിയായിരുന്നു.
തൊടിയിലെ മരങ്ങളില്‍ കൂടുകൂട്ടാനെത്തുന്ന കുരുവികളും
 തെങ്ങിലും കവുങ്ങിലും ചാടിനടക്കുന്ന അണ്ണാറക്കണ്ണന്മാരും
 അവളുടെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു.
 കുയിലിനെപ്പോലെ പാടാന്‍ അവള്‍ക്കു കൊതിയായിരുന്നു .
 അയ്യേ ,മാഷ്‌ കരയുകാ ? എന്നാ ഞാന്‍ പോവാണെ .
അവള്‍ ചിത്രത്തിലേക്കു കയറിപ്പോയി .
നരേന്ദ്രന്‍ മാഷ്‌ ആല്‍ബം അടച്ചുവച്ചിട്ടു സ്കൂളിലേക്കു നടന്നു.
സ്റ്റാഫ് റൂമില്‍ എല്ലാവരും കൂടിനിന്നു തോന്നുംപടി പറയുന്നു .
മാഷിന്നത്തെ പത്രം കണ്ടില്ലേ ?
ശാന്തിടീച്ചര്‍ പത്രം നീട്ടിക്കൊണ്ടു പറഞ്ഞു :
മാഷിനറിയില്ലേ കുട്ടിയെ ?
കവലയില്‍ പലചരക്കുകട നടത്തുന്ന ജയന്‍റെ പെങ്ങളാത്രേ.
മാഷിനൊരു കഥയ്ക്കുള്ള വിഷയം കിട്ടിയല്ലോ .
 ഒരു സിഗരറ്റിനു തീപിടിപ്പിച്ച്‌ അയാള്‍ ഇറങ്ങിനടന്നു  .
ചിത്തുവിന്റെ പ്രിയപ്പെട്ട റോസച്ചെടിയില്‍നിന്നു ഒരുപൂവിറുത്ത് കുഴിമാടത്തില്‍ വച്ചു
കരഞ്ഞുതളര്‍ന്നു കിടക്കുന്ന അമ്മയുടെ അരികിലേക്കു ചെന്നു .
മാഷിനറിയാമോ, എന്‍റെ കുഞ്ഞു മരിച്ചതോ കൊന്നതോ ?
മാഷ്‌ ഒന്നും പറയാതെ പുറത്തേക്കിറങ്ങി .
വീട്ടില്‍ ചെന്ന്‍ ചിത്തുവിന്റെ ചിത്രമെടുത്ത് മേശപ്പുറത്തുവച്ച് കഥയെഴുതാന്‍ തുടങ്ങി.
അവള്‍ ചിത്രത്തില്‍നിന്നിറങ്ങിവന്ന് കുസൃതികാട്ടി അരികില്‍ നിന്നു. .
ചുവന്ന പട്ടുപാവാടയും ബ്ലൌസുമിട്ട്, ചുരുണ്ടമുടി രണ്ടായി പകുത്തുപിന്നിയിട്ടു ചുവന്ന റിബണ്‍ കെട്ടി , ചുവന്ന റോസാപ്പൂ ചൂടി, ചുവന്ന കുപ്പിവളയും ചുവന്ന പൊട്ടും ....ആകെ ചുവപ്പുമയം .
വാലിട്ടെഴുതിയ കണ്ണുകളിലേക്കു നോക്കി അയാള്‍ ചോദിച്ചു :
 മോളെന്തിനാ കിണറ്റില്‍ ചാടിയത് ?
അവളുടെ കണ്ണുകളില്‍ ഭീതിപടരുന്നതയാള്‍ കണ്ടു; പറയാനാവാത്ത വാക്കുകള്‍
 ഉള്ളില്‍ക്കിടന്നു  അലറിവിളിക്കുന്നതും കേട്ടു .
അമ്മയുടെ പുലമ്പിച്ചോദ്യത്തിനു പ്രസക്തിയുണ്ടെന്നു നരേന്ദ്രന്‍ മാഷിനു ബോദ്ധ്യമായി. പേടിക്കണ്ട മോളെ ,ഇവിടെ നമ്മള്‍ രണ്ടുപേരും മാത്രമല്ലേയുള്ളൂ .പറ,
 മോള്‍ക്കെന്താ പറ്റിയേ ?
      ഇതുവരെ കെട്ടപ്പെട്ടിരുന്ന അവളുടെ  നാവ് ചലിച്ചുതുടങ്ങി :.
  കഥയില്‍ സത്യസന്ധത ആകാമെങ്കില്‍ ആദ്യം മാധ്യമകഥകള്‍ തിരുത്തിയെഴുതുക.
 പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുംപോലെ ചിത്തു ആത്മഹത്യ ചെയ്തതല്ല ;
ശരീരത്തിലെ മുറിവുകള്‍ പൊട്ടക്കിണറ്റിലെ മുള്‍പ്പടര്‍പ്പുകള്‍ കൊണ്ടുണ്ടായതുമല്ല .
 അപ്രതീക്ഷിതമായ വാക്കുകള്‍ കേട്ടു നരേന്ദ്രന്‍മാഷ്‌ സ്തബ്ധനായിരുന്നു. 
 ചിത്തു തുടര്‍ന്നു :വളര്‍ത്തിയതിന്റെ പ്രതിഫലം പറ്റിയവന്‍ മനുഷ്യനോ മൃഗമോ ?
 വേണ്ട ,അയാളെ മൃഗമെന്നു വിളിച്ചാല്‍ പാവംമൃഗങ്ങള്‍ക്കതു  നാണക്കേടാവും .
   ഭീതിയുടെ നിഴല്‍പ്പാടു വീണ കണ്ണുകളില്‍ പ്രതികാരത്തിന്‍റെ വ്യഗ്രതയും
 നിസ്സഹായതയുടെ ദൈന്യതയും കൂട്ടിമുട്ടുന്നതയാള്‍ കണ്ടു.
   മാന്യതയുടെ മൂടുപടങ്ങള്‍ ഉലയുമാറുച്ചത്തില്‍ ചിത്തുവിന്റെ ചോദ്യം കേട്ടു
 അയാള്‍നടുങ്ങി .
  പാപത്തിന്റെ വിത്തുപാകിയവനും അതു മുളപ്പിച്ചു വലിച്ചെറിഞ്ഞവളും പിഞ്ചിലേ
പിച്ചിച്ചീന്തിയവനും അന്തസ്സോടെ  ജീവിക്കുന്ന ഈ സമൂഹത്തില്‍ ചിത്തുവിനു
 ജീവിക്കാനവകാശമില്ലേ ? ചിത്തുവിനെ എന്തിനാ ...........?
  ഒരായിരം ചിത്തുമാര്‍ ഒരുമിച്ചൊരേ സ്വരത്തില്‍ ചോദ്യം ആവര്‍ത്തിക്കുന്നതായി
അയാള്‍ക്കു  തോന്നി .
     
         
                        
                                                 (പത്തുവര്‍ഷം മുമ്പെഴുതിയ കഥ)




       .

S.Sarojam - Sahayathrika (Telecasted on 24.06.2013 in DD Malayalam)

Wednesday, 7 August 2013

ശേഷം പത്രത്താളുകളില്‍ (കഥ)


                                       

ആറുമണി കഴിഞ്ഞിട്ടും അനന്ദുവിന് അനക്കമില്ല. ചിന്തയുടെ ലോകത്തായിരുന്ന അനന്ദു ചുറ്റുമുള്ള കസേരകള്‍ ഒഴിഞ്ഞതറിഞ്ഞില്ല. എന്നും കൃത്യം അഞ്ചുമണിക്ക് ആഫീസിന്‍റെ പടിയിറങ്ങുന്ന അനന്ദുവിന് ആഫീസില്‍ ആരോടും അടുത്തസൌഹൃദമില്ല. സഹപ്രവര്‍ത്തകര്‍ക്കെല്ലാം
 തന്നോട് അസൂയയാണെന്നാണ് അനന്ദുവിന്‍റെ വിചാരം;
 ഒരു നല്ല വീടുവയ്ക്കുന്നതിന്റെ അസൂയ !
 'സാറേ....., അനന്ദുസാറേ.....' ആഫീസ് പൂട്ടാന്‍വന്ന വാച്ചര്‍ ഉറക്കെ വിളിച്ചു .
അനന്ദു ഞെട്ടിയെണീറ്റു.കിതച്ചുകൊണ്ട് അയാള്‍ വാച്ചറുടെനേരേ കയര്‍ത്തു:
'എന്താടോ ഇവിടെയും സ്വൈരമായിരിക്കാന്‍ സമ്മതിക്കില്ലേ?'
           ദേഷ്യംകൊണ്ട് അടിമുടി വിറയ്ക്കുന്ന അനന്ദുവിനെ നോക്കി വാച്ചര്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് സ്വരംതാഴ്ത്തിപ്പറഞ്ഞു:
'കാലത്തേ പെണ്ണുമ്പിള്ളേരടുത്തുകേറി ഒടക്കിക്കാണും, അതാ വീട്ടിപ്പോവാതെ കുത്തിയിരിക്കണത്'
'താനെന്താടോ മനുഷ്യനെ പരിഹസിക്കുന്നോ ?' അനന്ദുവിന്‍റെ ദേഷ്യം ഇരട്ടിച്ചു .
വാച്ചര്‍ വീണ്ടും ഉറക്കെ ചിരിച്ചു .
 അനന്ദുവിന് വാച്ചറെ തല്ലിക്കൊല്ലാനുള്ള ദേഷ്യം തോന്നി. അയാള്‍ ഓഫീസില്‍നിന്നിറങ്ങി ,
മുറ്റത്തു പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അരയാലിന്റെ ചുവട്ടിലിരുന്നു.
 മരച്ചില്ലകളില്‍ ചേക്കേറിയ കിളികള്‍ കൊക്കുരുമ്മി ഉറങ്ങാനൊരുക്കമായി.
 അനന്ദു മാത്രം അസ്വസ്ഥചിത്തനായി തളര്‍ന്നിരുന്നു.
       ആഫീസ് പൂട്ടിക്കഴിഞ്ഞ് വാച്ചര്‍  അതുവഴി വന്നു. അനന്ദുവിന്റെ ഇരുപ്പില്‍ എന്തോ പന്തികേടുണ്ടെന്ന് അയാള്‍ക്കു തോന്നി.
'സാറെന്താ വീട്ടീ പോവാത്തെ?' അയാള്‍ ശാന്തനായി ചോദിച്ചു.
'അതറിഞ്ഞിട്ടു തനിക്കെന്തോ വേണം ?'
'പതിവില്ലാതെയിങ്ങനെ വിഷമിച്ചിരിക്കുന്നതുകൊണ്ടു ചോദിച്ചതാ. എന്തുപറ്റി സാറേ?'
  അനന്ദു ദീര്‍ഘമായൊന്നു നിശ്വസിച്ചു.മുഖത്തു സമൃദ്ധമായി വളര്‍ന്നുനിന്ന രോമങ്ങള്‍ തടവിക്കൊണ്ട് അയാള്‍ ഉള്ളുതുറന്നു.
'എടോ, വീട്ടില്‍ പോയാല്‍ എന്‍റെ കയ്യും കാലും കാണത്തില്ല; തനിക്കറിയാമോ?'
അനന്ദുവിനിപ്പോള്‍ ദേഷ്യമില്ല, അയാള്‍ കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.
കാര്യം പിടികിട്ടാതെ വാച്ചര്‍ വാപൊളിച്ചുനിന്നു .
'അല്ലാ.... സാറിനു കിറുക്കാണോ ?' അയാള്‍ സംശയഭാവത്തില്‍ ചോദിച്ചു.
'കിറുക്കൊന്നുമല്ലടോ, വീട്ടില് ബ്ലേഡ്കാരു വന്നു കുത്തിയിരിക്കുന്നു. ഇപ്പഴങ്ങോട്ടു ചെന്നാ
 കാശിനു പകരം അവരെന്‍റെ കയ്യും കാലും വെട്ടി കായലിലെറിയും.'
'ശ്ശോ........ സാറെന്തിനാ അവമ്മാര്‍ക്കു കൊണ്ടു കഴുത്തു വച്ചുകൊടുത്തെ?'
 വാച്ചര്‍ സഹതാപത്തോടെ ചോദിച്ചു .
'പണി തീരും മുമ്പ് കാശു തീര്‍ന്നാപ്പിന്നെന്തോ ചെയ്യുമെടോ ? അന്നേരം ബ്ലേഡിന്റെ
 മൂര്‍ച്ചയെക്കുറിച്ചൊന്നും ഓര്‍ത്തില്ല.കിട്ടിയേടത്തുന്നൊക്കെ വാങ്ങിച്ചു. എന്നാ പണിയൊട്ടു തീര്‍ന്നോ, അതുമില്ല.ഇനിയും കിടക്കുന്നു പ്ലംപിങ്ങും ഫ്ലോറിങ്ങും.'
വാച്ചര്‍ അനന്ദുവിന്‍റെ അരികത്തിരുന്നു പരിഹാരമാലോചിച്ചു.
'സാറു വീട്ടിലേക്കു ചെല്ല് . അവരോട്‌ നല്ലവാക്കു പറഞ്ഞ്‌ ഒരവധികൂടി ചോദിക്ക്'
വാച്ചര്‍ ഉപദേശിച്ചു.
'ഇന്നവസാനത്തെ അവധിയാടോ .ഇനിയും അവര് കേള്‍ക്കില്ല.'
 അനന്ദു പ്രതീക്ഷയറ്റവനെപ്പോലെ കാണപ്പെട്ടു. പൊതുവേ ഗൌരവപ്രകൃതിയായ അനന്ദുവിന്‍റെ ദയനീയമായ ഇരുപ്പുകണ്ട് വാച്ചര്‍ക്കും സങ്കടംവന്നു.
'സാറിവിടെയിരുന്നാലെങ്ങനെയാ? വീട്ടിലിരിക്കണ ഭാര്യേം കുട്ടികളേം അവമ്മാരു കേറി
 ഉപദ്രവിച്ചാലോ ?'
അനന്ദുവിന്‍റെ നെഞ്ചില്‍ തീയാളി .പാവം ലക്ഷ്മി ! അവളിപ്പോള്‍ പേടിച്ചിരിക്കയാവും. അഞ്ചുവും മഞ്ചുവും അമ്മയെ  കെട്ടിപ്പിടിച്ചു കരയുകയാവും. അനന്ദുവിന് ശരീരമാകെ തളരുന്നപോലെ, കണ്ണില്‍ ഇരുട്ടു പടരുന്നപോലെ .
 'സാറിവിടെ കരഞ്ഞോണ്ടിരുന്നോ. ഞാനിതാ പോണു .' വാച്ചര്‍ പോകാന്‍ ഭാവിച്ചു .
'തന്‍റെ കയ്യില്‍ കാശുണ്ടോടോ ?' അനന്ദു ചോദിച്ചു .
'എന്‍റെലെവിടന്നാ കാശു? സാറ് ഓക്സിജന്‍ബാബുവിന്റടുത്തു ചെല്ല് . എത്ര വേണേലും കിട്ടും.'
'ഓക്സിജന്‍ബാബുവോ ? അതാരാ ?' അനന്ദു ആകാംക്ഷയോടെ ചോദിച്ചു .
' അത്യാവശ്യക്കാരെ സഹായിക്കുന്നവനാ ഓക്സിജന്‍ബാബു .പലിശ അല്പം ജാസ്തിയാണെന്നേയുള്ളൂ ,എന്നാലും കാര്യം നടക്കുമല്ലോ .പിന്നെ ഒരു കുഴപ്പമെന്താന്നുവച്ചാ... പറേണ അവധിക്കു തിരിച്ചുകൊടുത്തില്ലേല് തല കാണത്തില്ല .അതാ ഓക്സിജന്‍ബാബു .'
  അനന്ദുവിന് വാച്ചറോട് എന്തെന്നില്ലാത്ത സ്നേഹവും ആദരവും തോന്നി .തന്‍റെ മുന്നില്‍
 അവതരിച്ച ദേവദൂതനാണയാള്‍ എന്നുപോലും തോന്നിപ്പോയി !
'എടോ താനെന്നെ ഒന്നു സഹായിക്കെടോ .ഒരു രണ്ടുലക്ഷം എങ്ങനേലും ഒപ്പിച്ചുതാ .
പറയുന്ന പലിശ കൊടുക്കാം.' അനന്ദു വാച്ചറോടു കെഞ്ചി .
     വാച്ചറുടെ പഴകിത്തുരുംപിച്ച ലാംപിയില്‍ കയറി അവര്‍ ഓക്സിജന്‍ബാബുവിന്‍റെ മാളികയിലെത്തി.
   മുറ്റത്ത്‌  ബന്‍സും ചാരിനില്‍ക്കുന്നത് ജീവനുള്ള മനുഷ്യനോ ?
 അതോ സ്വര്‍ണ്ണപ്രതിമയോ ? അനന്ദു ഒരുനിമിഷം ശങ്കിച്ചുനിന്നു.
  'ബാബുവണ്ണാ, ഇത് അനന്തകൃഷ്ണന്‍സാറ് ,ക്ലാര്‍ക്കാണ് . പിന്നേ, ഞങ്ങള് സുഹൃത്തുക്കളാ.'
വാച്ചര്‍ അനന്ദുവിനെ പരിചയപ്പെടുത്തി .
 ഹൊ! ജീവനുള്ള മനുഷ്യന്‍ തന്നെ . അനന്ദുവിന്‍റെ സംശയം മാറി .
     സിലിണ്ടര്‍പോലെ തടിച്ചുരുണ്ട ഓക്സിജന്‍ബാബുവിന്‍റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ണ്ണത്തുടലില്‍ അനന്ദുവിന്‍റെ നോട്ടം ഉടക്കിനിന്നു.
 'എന്താ വിശേഷിച്ച്...?' ഒക്സിജന്‍ബാബു കുടവയര്‍ തടവിക്കൊണ്ടു ചോദിച്ചു .
'അനന്ദുസാറിന് ഓക്സിജന്‍ വേണം . അല്ലേല്‍ കയ്യും കാലും പോക്കാ .'
 'എത്ര ? ഒന്നോ രണ്ടോ ?'
 'രണ്ട്.'
  പിന്നെ താമസമുണ്ടായില്ല .ഒന്നുമെഴുതാത്ത മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുകൊടുത്ത്,
രണ്ടുലക്ഷം കയ്യില്‍വാങ്ങി അനന്ദു വീട്ടിലെത്തി .
   നോട്ടുകെട്ടുകള്‍ ബാഗില്‍ തിരുകിവച്ച്, സന്തോഷത്തോടെ ബ്ലേഡ് ക്ഷണിച്ചു:
'സാറിനാവശ്യമുള്ളപ്പൊ ..... ഇനിയും വരണം .'
 അനന്ദു അതു കേട്ടില്ല .അയാള്‍ അകത്തേക്കു കയറി .
അടുക്കളയുടെ മൂലയ്ക്ക് ഒതുങ്ങിനില്‍ക്കുന്ന ലക്ഷ്മിയെ നോക്കി അയാള്‍ പറഞ്ഞു :
'വല്ലാത്ത വിശപ്പ്'
 ലക്ഷ്മി കഞ്ഞിയും അച്ചാറും വിളമ്പി .കുട്ടികള്‍ക്കു ശീലമില്ലാത്തതാണെങ്കിലും ഈയിടെയായി അവരും കഞ്ഞിയുടെ രുചി അറിഞ്ഞുതുടങ്ങി . ലക്ഷ്മി അനന്ദുവിനോട്‌ മിണ്ടാറേയില്ല  ജീവനുള്ളൊരു പാവകണക്കെ അവള്‍ ദിനചര്യകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
 ലക്ഷ്മിയുടെ മൌനം അനന്ദുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .വാടകവീടുകള്‍ മാറിമാറി മടുത്തപ്പോള്‍ അവള്‍തന്നെയല്ലേ വീടുവയ്ക്കണമെന്നു നിര്‍ബന്ധംപിടിച്ചത്. ആഭരണങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിച്ചതും അവളായിരുന്നുവല്ലോ. എന്നിട്ടിപ്പോള്‍......
     'കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ ' എന്നു അച്ഛന്‍ പറയാറുള്ളത് അനന്ദുവിന് ഓര്‍മ്മവന്നു .
ഇത്രവലിയ വീടു വേണ്ടായിരുന്നു . ഇനി ചിന്തിച്ചിട്ടെന്തു പ്രയോജനം?
 കടംകേറി മുടിഞ്ഞില്ലെ !
അയാള്‍ സ്വയം കുറ്റപ്പെടുത്തി .
      രാത്രിയില്‍ , വികാരങ്ങള്‍ മരവിച്ച കിടക്കയില്‍ പുറംതിരിഞ്ഞു കിടന്നുകൊണ്ട്
ലക്ഷ്മി ചോദിച്ചു :
 'അനന്ദുവേട്ടാ..... ഇതിന്‍റെ അവസാനമെന്താ ?
 ആ ചോദ്യം കേട്ടു അനന്ദു ഞെട്ടി . അയാള്‍ ഉത്തരം പറഞ്ഞില്ല .
       (ലക്ഷ്മിയുടെ ചോദ്യത്തിനുത്തരം ആറുമാസങ്ങള്‍ക്കുശേഷം വര്‍ത്തമാനപ്പത്രങ്ങളില്‍
              വായിക്കുക )

   
                                         (പത്തുവര്‍ഷംമുന്‍പ്  ഏഴുതിയ കഥ)

'



 .
 


 

Senior Citizen Program- DD4 (Interview with Dr. M S Gopinathan)

Tuesday, 6 August 2013

Kavitha Victers Channel

BHRATH MURALI---The Great Artist is resting here for four years (ARUVIKKARA, TRIVANDRUM)

        ( ലങ്കാലക്ഷ്മിയേയും നെയ്തുകാരനേയും ഗര്‍ഷോമിനെയും മലയാളിമനസ്സില്‍                കുടിയിരുത്തിയ അനശ്വരനടന്‍)

നെല്ലിക്ക (കഥ)



                                          (ഞാനും എന്‍റെ  ആദ്യത്തെ കഥാപാത്രവും)




     മുറ്റത്തുകിടന്ന വര്‍ത്തമാനപ്പത്രം  എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തൊട്ടടുത്ത്‌ ഒരു നെല്ലിക്ക !
വീടിന്‍റെ പടിഞ്ഞാറേമൂലയില്‍ തഴച്ചുവളര്‍ന്നുനില്‍ക്കുന്ന നെല്ലിമരത്തിലേക്ക് എന്‍റെ കണ്ണുകള്‍ പരതിനടന്നു . മരത്തില്‍ ഒറ്റ കായ്പോലും കാണാനില്ല!
ആ നെല്ലിക്ക മുറുകെപ്പിടിച്ചുകൊണ്ട് ഓര്‍മ്മച്ചെപ്പു തുറന്നു.
'നീയിങ്ങു വന്നേ, ഒരു കാര്യം കാണിച്ചുതരാം.' ബാബുവേട്ടന്‍ ഉറക്കെ വിളിച്ചു .
'ഞാന്‍ തുണി കഴുകുന്നേ .... പിന്നെ വരാം ' ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു .
'അതു പിന്നെ ചെയ്യാം , നീയിങ്ങോട്ടോടിവാ '.
 ബാബുവേട്ടന്‍ വലിയ സന്തോഷത്തിലാണെന്നു തോന്നി .ഇതെന്താണാവോ ഇത്രവലിയ കാര്യം എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല . സാരിത്തുമ്പില്‍ കൈതുടച്ചുകൊണ്ട് ഓടിച്ചെന്നു.
 അതുവരെ കണ്ടിട്ടില്ലാത്ത ഒരു കൊച്ചു നെല്ലിത്തൈ!
അതിന്‍റെ ചുറ്റും തടംവച്ചു വെള്ളമൊഴിച്ച്, സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു :
'ഇതിവിടെ നിന്നിട്ട്  നമ്മളിതേവരെ  കണ്ടില്ലല്ലോ.
ശരിയാണ്. ആകെയുള്ള പത്തുസെന്റു പുരയിടത്തില്‍ മരങ്ങളും ചെടികളും വളരെ കുറച്ചേയുള്ളൂവെങ്കിലും എല്ലാറ്റിനോടും ദിവസവും  കുശലംപറഞ്ഞു തഴുകിത്താലോലിക്കുന്നത് ഞങ്ങളുടെ പതിവായിരുന്നു. എന്നിട്ടും ഈ നെല്ലിത്തൈ ഞങ്ങളുടെ കണ്ണില്‍പെടാതെ എങ്ങനെ ഇത്രനാള്‍ വളര്‍ന്നു എന്നോര്‍ത്തപ്പോള്‍ അതിശയം തോന്നി .
പിന്നെ എല്ലാദിവസവും അതിനെ താലോലിക്കുന്നതു പതിവാക്കി .
ഒരവും വെള്ളവും  ഇഷ്ടംപോലെ കൊടുത്തപ്പോള്‍ അത് വേഗം തഴച്ചുവളര്‍ന്നു. ചെറുചില്ലകള്‍  മതിലിനു പുറത്തുകൂടി അടുത്ത പുരയിടത്തിലേക്കു പടര്‍ന്നു.
അയല്‍വീട്ടിലെ പയ്യന്‍സ് ഒരുദിവസം വെട്ടുകത്തിയുടെ മൂര്‍ച്ചനോക്കിയത് നെല്ലിമരത്തിന്റെ ഏതാനും ചില്ലകള്‍ അരിഞ്ഞുവീഴ്ത്തിക്കൊണ്ടായിരുന്നു!
 വൈകിട്ട് ഓഫീസില്‍നിന്നും വന്നപ്പോള്‍, ഒരുവശത്തെ  ചില്ലകള്‍ നഷ്ടപ്പെട്ട നെല്ലിമരത്തെക്കണ്ട്  ഞങ്ങള്‍ തളര്‍ന്നുപോയി .
    ബാബുവേട്ടന്‍ അരിശവും സങ്കടവും സഹിക്കാതെ പുലമ്പി :
'ഏതു ദ്രോഹിയാണെന്റെ മരത്തിന്‍റെ ചില്ലയരിഞ്ഞത് ?
 'അങ്ങേതിലെ കുട്ടനാ ' മകന്‍ പറഞ്ഞു .
 'എന്‍റെ സ്വന്തംമോനെപ്പോലെ സ്നേഹിച്ചുവളര്‍ത്തുന്ന നെല്ലിയാണ് . അതിന്‍റെ ചില്ലയരിയാന്‍ അവനെങ്ങനെ മനസ്സുവന്നു ?'
പുലമ്പിയും നെടുവീര്‍പ്പിട്ടും ഉമ്മറപ്പടിയില്‍ കുറേനേരം കുത്തിയിരുന്നു ; പിന്നെ എണീറ്റുചെന്ന്‍ കുട്ടനെ കുറേ ശകാരിച്ചു. എന്നിട്ട് നെല്ലിമരത്തെ തഴുകിക്കൊണ്ടു ചോദിച്ചു :
'നിനക്കു വേദനിച്ചോ ? സാരമില്ല പോട്ടെ . നിനക്കു ഞാന്‍ ഇഷ്ടംപോലെ വെള്ളം തരാം; പകരമെനിക്ക് മധുരമുള്ള നെല്ലിക്ക തരണം കേട്ടോ .'
പിന്നെ എന്‍റെനേരേ തിരിഞ്ഞ് പറഞ്ഞു : 'നമ്മുടെ മക്കള്‍ക്കിവള്‍ ധാരാളം നെല്ലിക്ക തരും ,
 നീ കണ്ടോ .'
കുഞ്ഞുചില്ലകളാട്ടി നെല്ലിമരം സമ്മതിച്ചു .
ആ നെല്ലിമരം തന്ന ആദ്യത്തെ കായാണ് എന്‍റെ കൈക്കുള്ളില്‍ എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി . തൊണ്ട വരളുന്നതുപോലെ . നെഞ്ചിനു  വല്ലാത്ത വിങ്ങല്‍......
 എനിക്കു കാണാന്‍ കഴിയാത്ത ഏതോ ലോകത്തില്‍ ഒളിച്ചിരുന്നുകൊണ്ട് ബാബുവേട്ടന്‍ ഈ നെല്ലിമരത്തെ ഇപ്പോഴും താലോലിക്കുന്നുണ്ടാവും .
 'ഈ നെല്ലിക്ക ഞാന്‍ തിന്നോട്ടെ ?' മനസ്സുകൊണ്ട് ഞാന്‍ അനുവാദം ചോദിച്ചു.
പിന്നെ, നെല്ലിക്ക വായിലിട്ട് അതിന്‍റെ സ്വാദ് ആസ്വദിച്ചു; കയ്പ്പും മധുരവും കലര്‍ന്ന സ്വാദ് !
        കയ്പ്പും മധുരവും ഇടകലര്‍ന്ന ജീവിതംപോലെ !!!


Monday, 5 August 2013

രാധാശില (കഥ)



"രണ്ടു പ്രണയവും ചേര്‍ന്നു ഒന്നാകേണ്ടതിനായി വൃന്ദാവനം ഒരുങ്ങുകയായിരുന്നു. വൃന്ദാവനമെന്നാല്‍ പ്രണയസങ്കല്പത്തിലെ സ്വര്‍ഗ്ഗം.  
 ആ സ്വര്‍ഗ്ഗത്തില്‍ രണ്ടു പാതികള്‍ പൂര്‍ണ്ണതയറിയുന്ന അപൂര്‍വ്വമുഹൂര്‍ത്തങ്ങള്‍ ........"
 നന്ദന എന്ന ഗവേഷണവിദ്യാര്‍ത്ഥിനിയുടെ പ്രബന്ധത്തിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു .                
 " രാധയുടെ പ്രണയം സത്യസന്ധമായിരുന്നു. ആദ്യവസാനങ്ങളില്ലാത്ത ദിവ്യപ്രണയമായിരുന്നു അത്. തിരിച്ച്  കൃഷ്ണനും  അതേപ്രണയമായിരുന്നു രാധയോട്‌. അതിരുകളില്ലാത്ത..... നിബന്ധനകളില്ലാത്ത പ്രണയം .
 പുരുഷപ്രണയത്തിന്‍റെ മൂര്‍ത്തിമത് ഭാവമായിരുന്നു കൃഷ്ണന്‍.
രാധയെന്നാല്‍ സ്ത്രീപ്രകൃതിയുടെ പ്രതിരൂപവും."  പുരാണങ്ങളില്‍നിന്നും ഇന്റര്‍നെറ്റില്‍നിന്നും കിട്ടാവുന്നതെല്ലാം കണ്ടെടുത്തിട്ടും നന്ദനയ്ക്ക് തൃപ്തിയായില്ല. രാധയുടെയും കൃഷ്ണന്‍റെയും പ്രണയം വെറുമൊരു സങ്കല്പകഥ അല്ലെന്നും അതിന് യുക്തിഭദ്രമായ അടിത്തറയുണ്ടെന്നും അവള്‍ക്കു തോന്നി. അങ്ങനെയെങ്കില്‍, ആ പ്രണയത്തിന് അനിതരസാധാരണമായ ഔന്നത്യം ഉണ്ടായിരുന്നിരിക്കണം. ആരും കാണാതെപോയ ആ അസാധാരണ തലങ്ങളിലേക്കാണ് നന്ദനയുടെ ശ്രദ്ധതിരിഞ്ഞത്.
 തന്‍റെ കണ്ടെത്തലുകള്‍ രാധയുടെയും കൃഷ്ണന്‍റെയും പ്രണയജീവിതത്തിലെ അറിയപ്പെടാത്ത അധ്യായങ്ങളിലേക്കുള്ള കടന്നുകയറ്റമാകുമെന്ന്  നന്ദന സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല; പക്ഷേ സംഭവിച്ചതങ്ങനെയാണ്. ഏതോ ഒരദൃശ്യശക്തിയുടെ നിയോഗംപോലെ അതങ്ങനെ സംഭവിക്കുകയായിരുന്നു .
                 അന്നൊരിക്കല്‍ രാധയുടെ മടിയില്‍ തലവച്ചുകിടന്നുകൊണ്ട് കൃഷ്ണന്‍ ചോദിച്ചു :
'രാധേ ,ഞാന്‍ നിന്നെ ഉപേക്ഷിച്ചുപോയാല്‍ നീ എന്തുചെയ്യും ? '
രാധ മറുപടി പറഞ്ഞു :'കൃഷ്ണാ, നിനക്കെന്‍റെ ശരീരത്തെ ഉപേക്ഷിച്ചുപോകാനാവും. പക്ഷേ, എന്‍റെ പ്രണയം........ അതില്ലെങ്കില്‍ നീ പൂര്‍ണ്ണനല്ലാതാകും. അപൂര്‍ണ്ണനായാല്‍ പിന്നെ നീ എന്തുചെയ്യും?'
                 കൃഷ്ണന്‍ പറഞ്ഞു :'അതെ രാധേ, നമ്മള്‍ പ്രണയത്തിന്‍റെ തുല്യപങ്കാളികളാകുന്നു; ഒറ്റയ്ക്കൊറ്റയ്ക്ക്‌ നിലനില്‍പ്പില്ലാത്തവരാകുന്നു.'
 'കൃഷ്ണാ, നമ്മുടെ പ്രണയതുല്യതയെക്കുറിച്ച് വരുംതലമുറകള്‍ അറിയേണ്ടതിനു എന്തടയാളമാണ് നാം ഈ വൃന്ദാവനത്തില്‍ അവശേഷിപ്പിക്കേണ്ടത് ?' രാധ ചോദിച്ചു .
             നീലക്കടമ്പുകള്‍ പൂത്തുനില്‍ക്കുന്ന യമുനാതീരംവിട്ട്, കൃഷ്ണന്‍ രാധയെ വനാന്തരത്തിലെ പാറക്കൂട്ടങ്ങളിലേക്കാനയിച്ചു.
              വേറിട്ടുനില്‍ക്കുന്ന രണ്ടു ശിലകളെ തൊട്ടുഴിഞ്ഞുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു :
                                             

'നോക്കൂ രാധേ , പരസ്പരാഭിമുഖമായി നില്‍ക്കുന്ന രണ്ടു ശിലകള്‍ ;
 ഒന്നു കൃഷ്ണശില, മറ്റേതു  രാധാശില. ഈ രണ്ടു ശിലകള്‍ നമ്മുടെ പ്രണയതുല്യതയുടെ  പ്രതീകമായി എക്കാലവും വൃന്ദാവനത്തിലുണ്ടാവും. നമ്മുടെ ആത്മാവ് ഈ ശിലാഹൃദയങ്ങളില്‍ കുടികൊള്ളും. വരുംതലമുറകള്‍ നമ്മുടെ പ്രണയത്തെ വാഴ്ത്തിപ്പാടും.'
                   രാധാകൃഷ്ണന്മാരുടെ പ്രണയസമത്വം കണ്ട് ദേവകള്‍ ആശ്ചര്യപ്പെട്ടു. 'രാധ എന്ന ഗോപികയെ അവതാരപുരുഷനായ കൃഷ്ണന്‍ സമത്വപദവിയിലേക്കുയര്‍ത്തുകയോ ? കാലാകാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന സാമൂഹ്യക്രമത്തിനു മാറ്റംവരുത്തുകയോ ? എന്തൊരു വിഡ്ഢിത്തമാണത് !' 
                   അവര്‍ കാര്യത്തിന്‍റെ ഗൌരവം കൃഷ്ണനെ ധരിപ്പിക്കാന്‍ ആവതു ശ്രമിച്ചു.
എന്നാല്‍ കൃഷ്ണനാവട്ടെ ദേവകളുടെ ഉപദേശം ചെവിക്കൊണ്ടില്ല .
                  കുപിതരായ ദേവകള്‍ സമസ്താപരാധവും പ്രണയിനിയായ രാധയുടെമേല്‍ ആരോപിച്ചു : 'അവള്‍ ഭര്‍തൃമതി ആയിരുന്നിട്ടും കൃഷ്ണനോടൊപ്പം ആടിപ്പാടിനടക്കുന്നതു പാപമാണ്. കൃഷ്ണന്‍റെ അവതാരലക്‌ഷ്യം മുടക്കാനുള്ള ആയുധമാണ് അവളുടെ പ്രണയം.'
                  കൃഷ്ണന്‍ എല്ലാം ചിരിച്ചുതള്ളി. അവന്‍ പറഞ്ഞു: 'നിങ്ങള്‍ക്കെന്തറിയാം രാധയുടെ പ്രണയത്തെപ്പറ്റി ? മുപ്പത്തിമുക്കോടി ദേവകളുടെ അനുഗ്രഹത്തെക്കാള്‍ കൃഷ്ണനു കരുത്തു പകരുന്നത് വൃന്ദാവനത്തിലെ രാധയുടെ നിഷ്കളങ്കമായ പ്രണയം തന്നെ. അവളുടെ അചഞ്ചലമായ പ്രണയമില്ലെങ്കില്‍ ശ്യാമകൃഷ്ണന് ഒരു മുളന്തണ്ടൂതാനുള്ള ഊര്‍ജ്ജംപോലും ഉണ്ടാവില്ല.'
                  കൃഷ്ണന്‍റെ വാക്കുകള്‍ ദേവകളെ ചൊടിപ്പിച്ചു. അവരുടെ വെറുപ്പും പകയും മുഴുവന്‍ രാധയോടായി . പകരംവീട്ടാന്‍  അവര്‍ തക്കംപാര്‍ത്തിരിപ്പായി.     
                നന്ദനയുടെ ഗവേഷണവഴിയില്‍ സംശയങ്ങള്‍ തലപൊക്കിനിന്നു:
സപ്തസ്വരങ്ങളുണര്‍ത്തുന്ന കൃഷ്ണശിലയില്‍ പൂജാവിഗ്രഹങ്ങള്‍ തീര്‍ത്ത രാജശില്‍പ്പികള്‍ പോലും സപ്തവര്‍ണ്ണസാന്ദ്രമായ രാധാശിലയെ അവഗണിക്കാന്‍ കാരണമെന്ത് ? കൃഷ്ണന്‍റെ ശക്തിദുര്‍ഗ്ഗമായി വര്‍ത്തിച്ച രാധയോട്  യദുകുലനായികമാര്‍ക്കുണ്ടായിരുന്ന അതേ കുശുമ്പു തന്നെയാവാം; അനുരാഗക്കുശുമ്പ്!
                 കൃഷ്ണന്‍റെ പ്രണയസാമ്രാജ്യത്തില്‍  ഏകാവകാശിയായി വിരാജിച്ച രാധയെ വെറുമൊരു ഗോപികയാക്കിയതാര് ...... കൃഷ്ണഗാഥാകാരനോ ?
                 കാലാകാലങ്ങളായി യുവമനസ്സുകള്‍ താലോലിച്ചുപോന്ന രാധാകൃഷ്ണസങ്കല്‍പം ; അനശ്വരപ്രേമത്തിന്‍റെ  അടയാളമായ രാധാകൃഷ്ണശിലകള്‍..... ഇതൊക്കെ അറുപഴഞ്ചന്‍ സങ്കല്പങ്ങളാണെന്ന്‍ വിധിയെഴുതാന്‍ ആര്‍ക്കെന്തവകാശം ?
                 ദ്വാപരയുഗത്തില്‍ യദുകുലത്തിലെ സ്ത്രീജനങ്ങള്‍ സമത്വവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്ന സത്യം ചരിത്രപുസ്തകത്തില്‍നിന്നു മായ്ച്ചുകളഞ്ഞതാര് ?
                 നൈമിഷികപ്രണയത്തിന്‍റെ ആരാധകര്‍ക്ക് അനശ്വരപ്രണയമെന്നു കേള്‍ക്കുന്നതേ അലര്‍ജിയാണത്രെ. 'മൊബൈല്‍ഓഫറുക'ളുടെ കാലാവധിപോലുമില്ലാത്ത പ്രണയജീവിതങ്ങള്‍ അരങ്ങുവാഴുന്ന സൈബര്‍യുഗത്തില്‍ രാധയും കൃഷ്ണനും പുനര്‍ജനിച്ചാല്‍ എന്താവും കഥ ?
അവര്‍ സൈബര്‍പ്രണയവുമായി ഒത്തുപോകുമോ ?
അതോ , കാലം അവര്‍ക്കുവേണ്ടി പുറകോട്ടു നടക്കുമോ ?
ഗവേഷണവിഷയത്തില്‍ ബഹുദൂരം മുമ്പോട്ടു പോയിട്ടും നന്ദനയ്ക്ക് സംശയങ്ങള്‍ പിന്നെയും ബാക്കിയായി .
നിശയുടെ നിശബ്ദതയില്‍ അവളുടെ ചിന്തകള്‍ക്കു തീപിടിക്കുകയായിരുന്നു .
ജാലകച്ചില്ലുകള്‍ നീക്കി  നീലാകാശത്തിലേക്കവള്‍ മിഴികളയച്ചു .
ഒരേ വലിപ്പത്തിലുള്ള രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം നോക്കിനില്‍ക്കുന്നു ; പ്രണയതുല്യതയുടെ പ്രതീകങ്ങള്‍പോലെ ! കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെ നിന്ന് ആ നക്ഷത്രജോഡികള്‍ ഭൂമിയിലേക്കയയ്ക്കുന്ന സന്ദേശരശ്മികളുടെ പൊരുളെന്തായിരിക്കാം?
ഭൂമിയിലെ പ്രണയജോഡികള്‍ക്ക് അതൊക്കെ വായിച്ചറിയാന്‍ പറ്റിയ കണ്ണും തലച്ചോറും രൂപപ്പെട്ടുവരുമോ ? ഇനിയും എത്രയെത്ര പരിണാമപ്രക്രിയകള്‍ക്കു ശേഷമായിരിക്കും അതു സംഭവിക്കുക ?
             അന്ന് മണ്ണിലെ മനുഷ്യന്‍റെ രൂപവും ഭാവവും എങ്ങനെ ആയിരിക്കും ? രാധാകൃഷ്ണന്മാരെപ്പോലെ പ്രണയതുല്യത ഇഷ്ടപ്പെടുന്നവരായിരിക്കുമോ അന്നത്തെ സ്ത്രീപുരുഷന്മാര്‍ ? അല്ലായെങ്കില്‍ അവരും പറയുമായിരിക്കാം രാധാകൃഷ്ണന്മാര്‍ വെറും സങ്കല്പമാണെന്ന്‍ ; പ്രണയതുല്യത വെറും മിഥ്യയാണെന്ന്‍.
              'യൂസ് ആന്‍റ് ത്രോ'സംസ്കാരത്തിന്‍റെ വക്താക്കള്‍ക്ക് എന്നോ കണ്ടുമറഞ്ഞ  കൃഷ്ണനെ കാത്തിരിക്കുന്ന രാധ ഒരു വിഡ്ഢിയായിരിക്കാം .അവര്‍ ചോദിക്കുമായിരിക്കാം -'എടി രാധേ , ജീവിക്കാനറിയാത്തവളെ, ആരാടീ നിന്‍റെ കൃഷ്ണന്‍ ? അവനൊരു ചതിയനല്ലേ ? ഈ നിമിഷം അവന്‍ നിന്നോടൊത്തു  വൃന്ദാവനത്തിലാണെങ്കില്‍ അടുത്തനിമിഷം മധുരാപുരിയിലായിരിക്കും. നിന്‍റെയും  രുക്മിണിയുടെയും കണ്ണുവെട്ടിച്ച് ആഗോളഗോപികമാരുമൊത്ത് വേണുവൂതി രസിക്കുകയാവും. തുല്യതാസിദ്ധാന്തം പറഞ്ഞ് അവന്‍ നിന്നെ പറ്റിക്കുകയായിരുന്നില്ലേ ഇത്രയുംകാലം ?'
             'ശരിയായിരിക്കാം; നിങ്ങള്‍ പുതിയ തലമുറക്കാര്‍ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ എന്‍റെ കൃഷ്ണന്‍ എന്‍റെ മനസ്സില്‍ കുടിയിരിക്കുന്നവനാണ് ,എന്‍റെ അടക്കാനാവാത്ത പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമാണ് .അവനില്‍നിന്ന് പ്രണയതുല്യത
 അനുഭവിച്ചറിഞ്ഞവളാണ് ഈ രാധ. കൃഷ്ണനില്ലെങ്കില്‍ രാധയുമില്ല . നിങ്ങളുടെ പ്രണയസങ്കല്‍പ്പങ്ങള്‍ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും നക്ഷത്രങ്ങളിലുമൊക്കെ താല്‍ക്കാലിക വൃന്ദാവനങ്ങള്‍ ഒരുക്കുമ്പോള്‍ രാധയ്ക്ക് ഈ വൃന്ദാവനവും ഇവിടത്തെ സുഖങ്ങളും ധാരാളം. നീലക്കടമ്പുകള്‍ പൂക്കുമ്പോള്‍ എന്‍റെ കൃഷ്ണന്‍ കോലക്കുഴല്‍ വിളിച്ചുകൊണ്ട് എന്‍റെ അരികിലെത്തും . ഞങ്ങളുടെ പ്രണയതുല്യതയുടെ പ്രതീകമായി കൃഷ്ണശിലയും രാധാശിലയും പരസ്പരാഭിമുഖ്യത്തോടെ വൃന്ദാവനത്തില്‍ പുലരുകയും ചെയ്യും ; ഭൂമിയുള്ള കാലത്തോളം. '
              ഗവേഷണപ്രബന്ധം പൂര്‍ത്തിയാക്കി നന്ദന ഉറങ്ങാന്‍ കിടന്നു .
 'ഗവേഷണത്തിനു മറ്റൊരു വിഷയവും കിട്ടിയില്ലേ നിനക്ക് ? നിന്‍റെയൊരു   കണ്ടെത്തല്‍ ... രാധാശിലയും തുല്യപ്രണയവും ! ഈ പ്രബന്ധവുമായി മുന്നോട്ടുപോകാമെന്ന്‍ നീ കരുതുന്നുണ്ടോ ? സൈബര്‍പ്രണയത്തിന്‍റെ വക്താക്കള്‍ നിനക്കെതിരെ സംഘടിക്കുന്നുണ്ട് . അവര്‍ നിന്‍റെ കമ്പ്യൂട്ടറില്‍ വൈറസ്സുകളെ കടത്തിവിടും, രാധാശിലയെ വേരോടെ പിഴുതെറിയും .....' കമ്പ്യൂട്ടര്‍മൌസിന്‍റെ  വലിപ്പമുള്ള നാനോമനുഷ്യന്‍ അവളെ ഭീഷണിപ്പെടുത്തി.
             നന്ദന ചാടിയെണീറ്റ് കമ്പ്യൂട്ടര്‍ ഓണ്‍ചെയ്തു. പ്രബന്ധത്തിന്‍റെ  പേജുകള്‍ ഓരോന്നായി  സ്ക്രോള്‍ചെയ്തുനോക്കി . അനുബന്ധമായി ചേര്‍ത്തിരുന്ന ചിത്രങ്ങളിലൊന്ന്‍ കാണാനില്ല !
  അവള്‍ വൃന്ദാവനത്തിലേക്കോടി.
  പാറക്കൂട്ടങ്ങളില്‍നിന്ന്‍  വേറിട്ടുനിന്ന രണ്ടു ശിലകള്‍ .... പരസ്പരാഭിമുഖമായി നിന്നിരുന്ന രാധാകൃഷ്ണശിലകള്‍ .... അതിലൊരെണ്ണം..... രാധാശില ..... പിഴുതുമാറ്റപ്പെട്ടിരിക്കുന്നു !
 
             
 
 

Saturday, 3 August 2013

ശിഥിലചിന്തകള്‍ (കവിത)









ഒഴുകും രുധിരപ്പുഴതന്‍ നടുവില്‍
തുഴയില്ലാക്കളിയോടംപോല്‍
അഴലിന്നാഴച്ചുഴികളില്‍ മുങ്ങി-
ത്താഴുകയോ നരജന്മങ്ങള്‍!

കദനക്കടലിന്‍ തീരത്തായവര്‍
നട്ടുനനയ്ക്കും സ്നേഹതരുക്കള്‍ .
കണ്ണീര്‍പ്പൂക്കള്‍ കോര്‍ത്തവരെന്നും
ജീവിതമാല്യമൊരുക്കും.

ഇത്തിരിമോഹക്കുളിരും കൊണ്ടേ
വര്‍ണ്ണക്കിളികള്‍ വിരുന്നുവരും ;
മിഴികളടച്ചു തുറക്കും മുമ്പെ
കരളും കൊത്തിയകന്നേപോം .

ചാരുതമാം തിരശ്ശീലയ്ക്കുള്ളില്‍
മൂകതമുറ്റിയ ബന്ധുതകള്‍!
വൈരംമൂത്തുപഴുക്കും മുറിവുക-
ളര്‍ത്ഥംകൊണ്ടു പൊറുക്കില്ല .

പതിരുകള്‍ വിളയും വയലുകളില്‍
കതിര്‍മണി തേടിത്തളരുമ്പോള്‍
പാപക്കനികള്‍ ചൂടും ദാരുവില്‍
നാഗം വന്നുവിളിക്കുമ്പോള്‍

വിഹ്വലമനസ്സിന്‍ ഭാവന നെയ്യും
മായിക മോക്ഷ കവാടത്തില്‍
നോമ്പുകള്‍നോറ്റും ഭജനമിരുന്നും
ശാശ്വതസ്വര്‍ഗ്ഗം തേടുന്നു !!! 




തോപ്പുമുക്കിലെ ഭ്രാന്തി



            ആദ്യം ഞാനവളെക്കണ്ടത് തോപ്പുമുക്കിലായിരുന്നില്ല .
കുണ്ടമണ്‍കടവു പാലത്തില്‍ നിരങ്ങിനീങ്ങുന്ന വാഹനവ്യൂഹത്തെ തടഞ്ഞുനിറുത്തി , അവയ്ക്കുമുന്നില്‍ വട്ടത്തിലും കുറുകെയുമൊക്കെ ചുവടുവച്ചാടുകയായിരുന്നു അന്നവള്‍ .
         ചുവന്ന ഞുറിപ്പാവാടയും ചോളിയും ധരിച്ച് , മുടിച്ചുരുളില്‍ വാടിയ പൂവിതള്‍  തിരുകി,  നെറ്റിയില്‍ ചെമ്മഞ്ഞക്കുറിവരച്ച്, കവിളില്‍ വെളുത്തപൌഡര്‍ വാരിത്തേച്ചു, കണ്‍തടങ്ങളില്‍ കരിമഷി പടര്‍ത്തി, കാതില്‍ വെള്ളിഞാത്തു തൂക്കി, കഴുത്തില്‍ കല്ലുമാലകള്‍ വാരിയണിഞ്ഞ്, കൈനിറയെ ഗില്‍റ്റു വളകളും ചുറ്റുമോതിരങ്ങളുമിട്ട്, കാലില്‍ വെള്ളിക്കൊലുസും  മണിമിഞ്ചിയും ചാര്‍ത്തി നഗരവീഥിയില്‍ അവള്‍ നിറഞ്ഞാടി. 
         വാഹനങ്ങളില്‍നിന്നും പതിക്കുന്ന കണ്ണേറുകളെയും കൌതുകങ്ങളെയും വകഞ്ഞുമാറ്റാനെന്നപോലെ ഇടയ്ക്കിടെ അവള്‍ റോഡിന്‍റെ കറുപ്പിലേക്ക് കാര്‍ക്കിച്ചുതുപ്പുകയും ചിറിതുടച്ച കൈത്തലം പാവാടയുടെ ചുവപ്പില്‍ ഉരച്ചുകളയുകയും ചെയ്തിരുന്നു. 
      ഗതാഗതക്കുരുക്കഴിക്കാന്‍ വന്ന പൊലീസുകാരനെക്കണ്ടതും
  സഡന്‍ബ്രേക്കിട്ടതു പോലെ അവള്‍ നിന്നു!  കണ്ണുകളില്‍  പ്രതികാ
രത്തിന്‍റെ തീപ്പൊരിപാറി.
നാറുന്ന  വായില്‍നിന്ന് തെറിവാക്കുകള്‍ ചിതറിത്തെറിച്ചു. 
ഭ്രാന്തി.....ഭ്രാന്തി..... ആളുകള്‍  കൂകിവിളിച്ചു.  
ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞുവന്ന്‍ അവള്‍ക്കരികില്‍ ബ്രേക്കിട്ടു. 
അതിനുള്ളില്‍നിന്ന് ചാടിയിറങ്ങിയ പോലീസുകാരന്‍ അവളെ വണ്ടിയിലേക്കു
 വലിച്ചെറിഞ്ഞു. 
അവളുടെ തെറിവാക്കുകള്‍ തല്ലുകൊണ്ട നായുടെ മോങ്ങലായി അകന്നുപോയി. 
പിന്നീട് ഞാനവളെക്കണ്ടത് എന്‍റെ വീട്ടുമുറ്റത്തായിരുന്നു! 
എന്തോ പരതുന്നതുപോലെ അവളുടെ കണ്ണുകള്‍ വീടിനുള്ളിലേക്ക് 
നീളുന്നുണ്ടായിരുന്നു. 
എന്നെ കണ്ടയുടനെ അവള്‍ ചോദിച്ചു: അഞ്ചുരൂപ തരുമോ? 
രൂപ കൊടുത്തപ്പോള്‍ അടുത്ത ചോദ്യം: ദോശയും ചായയും തരുമോ?
അതും കൊടുത്തു. 
പിന്നെ ആഴ്ചകളോളം എന്നും രാവിലെ കൃത്യം ഏഴുമണിക്ക് അവള്‍ എന്‍റെ
 വീട്ടുപടിക്കല്‍ എത്തുമായിരുന്നു. ചായയും പലഹാരങ്ങളും കഴിക്കുന്നതി
നിടയില്‍ ഒരു സ്നിഫിംഗ്ഡോഗിനെപ്പോലെ ചവിട്ടുപടിയിലും ചപ്പല്‍സ്റ്റാന്‍റി
ലുമൊക്കെ മൂക്കുരസുന്നത് എന്‍റെ ശ്രദ്ധയില്‍പെട്ടു. 
നീയെന്താടീ പൊലീസുനായെപ്പോലെ? ഞാന്‍ ചോദിച്ചു.
ഇവിടത്തെ ആണുങ്ങളൊക്കെയെവിടെ? 
ആണുങ്ങളോ? എന്തിനാ? 
എനിക്ക് കാണാന്‍ . 
ഇവിടെ ആണുങ്ങളാരുമില്ല. 
 മൂക്കുവിടര്‍ത്തി വീണ്ടും മണം പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു: 
 ഒണ്ടല്ല്; നിങ്ങളു കള്ളം പറയല്ല്. 
എന്‍റെ വാക്കുകളിലെ കള്ളം കണ്ടുപിടിച്ച അവള്‍ക്ക് ഭ്രാന്താണെന്നു 
വിശ്വസിക്കാന്‍ എനിക്കായില്ല. 
 ഒരുദിവസം ഞാനവളുടെ പേരു ചോദിച്ചു:  
നിന്‍റെ പേരെന്താ പെണ്ണേ? 
പേരുപറഞ്ഞാ കുട്ടപ്പന്നായരെ കാണിച്ചുതരുമോ? 
കുട്ടപ്പന്നായരോ? അതാരാ? 
അയ്യൊ! നിങ്ങക്കറിഞ്ഞൂടെ? എന്നെ കല്യാണം കഴിക്കാന്‍പോണ ആളാണ്‌....
 ഒരു നാടന്‍പെണ്ണിന്‍റെ നാണത്തോടെ അവള്‍ പറഞ്ഞു. 
നീ അയാളെ കണ്ടിട്ടുണ്ടോ? 
കണ്ടിട്ടുണ്ടെന്നവള്‍ തലയാട്ടി.
 വെളുത്ത നെറോം നല്ല പൊക്കോം ഒക്കെയുണ്ട്.  
 അതു പറഞ്ഞപ്പോള്‍ അവളുടെ കറുപ്പുമുറ്റിയ മുഖത്തു ഒരു വെളുത്ത  
പുഞ്ചിരി വിരിഞ്ഞു.
 ഏതോ  സുഖനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നതുപോലെ അവള്‍ കണ്ണടച്ചിരുന്നു.
 ആ സ്വര്‍ഗ്ഗത്തില്‍നിന്നു അവളെ വിളിച്ചുണര്‍ത്താന്‍ എനിക്ക് മനസ്സുവന്നില്ല.
 ഞാനെന്‍റെ ജോലികളില്‍ വ്യാപൃതയായി. കുറേക്കഴിഞ്ഞു വന്നുനോക്കുമ്പോള്‍
അവള്‍ അവിടെ ഉണ്ടായിരുന്നില്ല. 
അടുത്തദിവസം അവള്‍ വല്ലാത്ത ഇളക്കത്തിലായിരുന്നു. 
 മുഖംതാഴ്ത്തി, നഖംനുള്ളിനിന്നുകൊണ്ട്എന്നോടു ചോദിച്ചു:
 എനിക്കൊരു സാരി തരുമോ? 
നിനക്കെന്തിനാ സാരി? 
കല്യാണത്തിനു ഉടുത്തൊരുങ്ങി നിക്കാന്‍ . 
ഞാനൊരു പഴയ ഷിഫോണ്‍സാരി എടുത്തുകൊണ്ടു വന്നു . അത് കണ്ടപാടെ
 അവള്‍ പറഞ്ഞു: . 
ഇതെനിക്കു വേണ്ട. ഒരു പട്ടുസാരി വേണം, നല്ല കസവൊക്കെയുള്ളത്. 
ഇവിടെ പട്ടുമില്ല, പൊന്നുമില്ല. നീ പോപെണ്ണേ. 
അവള്‍ സങ്കടത്തോടെ നടന്നകലുന്നതു നോക്കിനില്‍ക്കെ മകന്‍ ചോദിച്ചു: 
ഭ്രാന്തിയോടാണോ കിന്നാരം? 
അതൊരു പാവമാടാ. ആരോ പറ്റിച്ചതാണതിനെ. 
ഇങ്ങനെ അയ്യോപാവം കാണിച്ചാലേ അതിവിടെക്കേറിയങ്ങു താമസിക്കും.
 പറഞ്ഞില്ലെന്നു വേണ്ട. 
പിറ്റേ ദിവസം കുറേ വൈകിയാണ്  അവള്‍ വന്നത് . പത്രം വായിച്ചുകൊണ്ടി
രുന്ന മകനെച്ചൂണ്ടി അവള്‍ അത്യാഹ്ലാദത്തോടെ വിളിച്ചുകൂവി: 
കുട്ടപ്പന്നായര്! 
അവന്‍ അരിശത്തോടെഎഴുന്നേറ്റു അകത്തേക്കു പോയി . 
അവളുടെ തുറിച്ച കണ്ണില്‍നിന്ന് മൂര്‍ച്ചയേറിയ കാമശരങ്ങള്‍ അവന്‍റെ
 പിന്നാലെ പായുന്നതു ഞാന്‍ കണ്ടു. 
വല്ല വിധേനയും അവളെ പിടിച്ചു പുറത്താക്കി ഗേറ്റുപൂട്ടി. തിരിഞ്ഞു
നോക്കിയത് കലിതുള്ളി  നില്‍ക്കുന്ന മകന്‍റെ മുഖത്തേക്കായിരുന്നു. 
അനുകമ്പ നല്ലതുതന്നെ. പക്ഷേ എന്നെ ജയിലിലാക്കരുത്. 
അവന്‍റെ വാക്കുകളില്‍ അപകടം മണക്കുന്നുണ്ടായിരുന്നു! 
അടുത്ത ദിവസം ഞാനവളെ വിലക്കി:
ഇനി നീയിവിടെ വരരുത്. ഞാനില്ലാത്ത നേരത്ത് ഈ പടികടക്കരുത്. 
നീ പോടീ പിശാശെ, കുട്ടപ്പന്നായരേംകൊണ്ടേ ഞാമ്പോവൂ. 
അവള്‍ എന്നെ വെല്ലുവിളിച്ചുകൊണ്ട് മുറ്റത്തു കുത്തിയിരുന്നു ഉച്ചത്തില്‍ 
രതിപ്പാട്ടു തുടങ്ങി. 
അവളെ പുറത്താക്കാനുള്ള എന്‍റെ അടവുകളെല്ലാം പരാജയപ്പെട്ടു. 
ഗത്യന്തരമില്ലാതെ ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. 
പട്രോളിങ്ങിലായിരുന്ന പോലീസ് ജീപ്പ് എന്‍റെ രക്ഷക്കായി പാഞ്ഞെത്തി. 
പിന്നീട് ഏറെനാള്‍ അവളെ  കണ്ടതേയില്ല. 
 എന്‍റെ കണ്ണുകള്‍ പലപ്പോഴും അവളെ തിരഞ്ഞുകൊണ്ടേയിരുന്നു.
 പട്രോളിങ്ങിലായിരുന്നപോലീസുകാരനോട്‌  ഒരുദിവസം
 ഞാനവളെക്കുറിച്ചു ചോദിച്ചു . 

അയാള്‍ പറഞ്ഞു :
 കുളിക്കാതെ നനയ്ക്കാതെ രാപ്പകലെന്യേ നാടും നഗരവും ചുറ്റുകയാണവള്‍ ; 
കല്യാണംകഴിക്കാമെന്നു പറഞ്ഞ് കൂടെത്താമസിപ്പിച്ച കുട്ടപ്പന്‍നായരെ
 കണ്ടുപിടിക്കാന്‍ .ഓരോ സ്ഥലത്തും കുറേദിവസം തങ്ങി, വീടായവീടെല്ലാം
 കയറിയിറങ്ങി, അവള്‍  അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 
ഇപ്പോള്‍ അന്വേഷണം തോപ്പുമുക്കിലേക്കു മാറ്റിയിരിക്കുന്നു.

Friday, 2 August 2013

ദത്തുപുത്രന്‍ (കവിത)




  
 ഇന്നെന്നാത്മ ശിഖരത്തിലേതോ
ചിത്തിരപ്പൈതല്‍ ചിറകടിച്ചു !
കാതോര്‍ത്തു ഞാനതിന്‍ കൂജനപ്പാട്ടുക-
ളേറ്റുപാടാന്‍ മനം തുടിച്ചു.

ചന്തമിയന്നൊരക്കൊച്ചു പറവയെന്‍
സ്വന്തമെന്നാര്‍ത്ത നല്‍ ദിനങ്ങള്‍  
ചിന്തയില്‍ തുടിതാളമുണര്‍ത്തിയെന്‍
കണ്ണുകളീറനാം  മുത്തു ചാര്‍ത്തി .

പൈദാഹമേറ്റൊരാ വേനല്‍ക്കുരുന്നിന്‍റെ
പൂമെയ്യില്‍ വാത്സല്യത്തേന്‍ പുരട്ടി ;
കുപ്പത്തെരുവില്‍ നിന്നുമെടുത്തെന്‍റെ
കല്പനാമന്ദിരം തന്നിലാക്കി.

ഇഷ്ടഭോജ്യങ്ങളാവതും നല്‍കിയെന്‍  
നെഞ്ചിലെച്ചൂടും കൊടുത്തുറക്കി.
പക്ഷം മുളച്ചതും പാഠ൦  പഠിച്ചതും  
കണ്ടു ഞാന്‍ നിര്‍വൃതിപൂണ്ടിരുന്നു .

നിര്‍നിദ്രമേതോ യാമത്തിലാക്കിളി-
 പ്പേച്ചുകള്‍ കേട്ടു നടുങ്ങി ഞാന്‍!
'ഈ പ്പട്ടു മെത്തയുമിഷ്ടഭോജ്യാദിയും
കൂട്ടിലെ വാഴ്വിന്‍ പ്രതിഫലമോ ?

വാനില്‍ പറക്കുമെന്‍ തോഴരെക്കണ്ടിട്ട്
ഞാനെത്ര വീര്‍പ്പിട്ടു കേണുവെന്നോ ?
സ്വര്‍ഗ്ഗങ്ങളെല്ലാമിവിടെയെന്നോതിയെന്‍ 
സ്വപ്നങ്ങളെല്ലാം വിലക്കിയില്ലേ ?

പുന്നാരം കേട്ടു തടവറപ്പക്ഷി ഞാ -
നെങ്ങനെ പുഞ്ചിരി തൂകിടേണ്ടൂ ?
സ്വച്ഛമായ് പറക്കണം വാനിലെനിക്കെന്‍ 
തോഴരാം ചിത്തിരക്കൂട്ടരൊപ്പം.'

പക്ഷം വിരിച്ചവന്‍മാനത്തുയരവെ
യക്ഷികള്‍ കൂപ്പി ഞാന്‍ പ്രാര്‍ത്ഥിക്കയായ്:
  'ഒരുനാളുമക്കൊച്ചുകണ്‍കളില്‍ കന്മഷം  
പുരളാതിരിക്കാന്‍ വരം തരിക .'