Friday, 17 May 2013

കണിവയ്ക്കാൻ (കവിത )


ഗ്രാമപ്പുഴയുടെയരികുകളിൽ 

പൂത്തുലയും തരുശാഖകളിൽ 

പാറിനടന്നൊരു പൂത്തുമ്പീ ,

മാറിൽ ചൂടിയ പൂ തരുമോ ?



മാരത്തീക്കതിരേറ്റു തിളയ്ക്കും 

നരദാഹത്തിന്നെരിമലയിൽ

വെന്തുമരിക്കും പെണ്മണികൾ

കണ്ണിൽ ചൂടിയ പൊന്നു തരാം .

പൂർവികർ പുണ്യംതേകി വളർത്തിയ

പുഞ്ചപ്പാടവരമ്പുകളിൽ 

ചിന്നൻതത്തകൾ ചുണ്ടിൽ തിരുകിയ 

പൊൽക്കതിർ തരുമോ കണിവയ്ക്കാൻ ?

കാലക്കടലിൻ തിരയേറ്റത്തിൽ 

കരളിലൊളിച്ചൊരു നീർത്തുള്ളി 

തരളക്കനവിൻ മൃതയാമത്തിൽ

നീറിയുറഞ്ഞൊരു മുത്തു തരാം .

1 comment:

  1. പഴയകാലത്തിലേക്കു മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്നു...
    മനോഹരമായിരിക്കുന്നു

    പൂര്‍വികരുടെ പുണ്യമായ പുഞ്ചപ്പാടവും,നെല്‍ക്കതിര്‍ കൊത്തിയെടുത്തു പറന്നു അടുത്തുള്ള ആല്‍മരകൊമ്പ്ലിരുന്നു കലപില കൂട്ടുന്ന തത്തമ്മകൂട്ടങ്ങളും ഇന്നെവിടെയും കാണാനില്ല !

    ReplyDelete