Sunday, 12 May 2013

സൈബർ രമണൻ(കഥ)



ഫ്ലാറ്റിന്‍റെ  മുറ്റത്ത് വട്ടമിട്ടുനിൽക്കുന്ന ഐ.റ്റി.പ്രഫഷണലുകൾ ........
 ഇംഗ്ലീഷിലും മംഗ്ലീഷിലുമുള്ള വർത്തമാനങ്ങൾ .
 സംഭവത്തിന്‍റെ  നേരറിവുകൾ അവരുടെ വർത്തമാനങ്ങളിൽനിന്ന് വീണുകിട്ടിയാലോ എന്ന പ്രതീക്ഷയോടെ കാതുകൂർപ്പിച്ചിരുന്നു .
 ബ്ലഡി ബിച്ച് ! എന്താഡാ അവൾടെ പേര് ?
ചന്ദ്രിക
 പറ്റിയ പേര് ! അല്ലേഡാ ?     
  ചന്ദ്രികയെന്ന പേരു കേട്ടപ്പോൾ ഇടയച്ചെറുക്കനായ രമണനും അവന്‍റെ  പ്രിയപ്പെട്ട പുല്ലാംകുഴലും ഓർമ്മയുടെ തീരങ്ങളിൽ വിഷാദഗീതമാലപിച്ചുകൊണ്ട് കടന്നുവന്നു . നിസ്വാർത്ഥപ്രണയത്തിന്‍റെ  പ്രതീകമായ രമണൻ , ആഡംബരജീവിതത്തിന്‍റെ  പ്രതീകമായ ചന്ദ്രിക , ഒരിക്കലും ഒത്തുചേരാനാവാത്ത നേർവരകളുടെ സമാന്തരസഞ്ചാരം പോലെ അവരുടെ പ്രണയം .       
 ഈ കുട്ടിയുടെ ജീവിതത്തിലും അങ്ങനെയൊരു പ്രണയം ......? 
ഏയ് , തീരെ സാധ്യതയില്ലാത്ത കാര്യമാണത് . പ്രണയവും ദാമ്പത്യവുമൊക്കെ അവന്‍റെ  ചിന്തകളിൽപ്പോലും സ്ഥാനംപിടച്ചി ട്ടില്ലാത്ത കാര്യങ്ങളായിരുന്നുവല്ലൊ .അവന്‍റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "സില്ലി തിങ്ങ്സ്‌ ".
 പ്രോബ്ലമെന്തായാലും ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല . മറ്റേതെങ്കിലും ബ്രാഞ്ചിൽ ഒരസൈൻമെന്റെടുത്താൽ പോരാരുന്നോ , വല്ല യു എസ്സിലോ മറ്റോ .......?
 നോണ്‍സൻസ് ! ട്രെയിനിംഗ് കംപ്ലീറ്റ്‌ചെയ്യാതെങ്ങനാഡാ അസൈൻമെന്റ്     മാറ്റിക്കിട്ടുക ?
മിനിയാന്നുംകൂടി ഞാനവനെ നേരിൽ കണ്ടതാഡാ ; സീരിയസ്സായിട്ടെന്തോ ആലോചിച്ചുകിടപ്പായിരുന്നു റൂമില് . എന്തൊരു ഷാബിലുക്കാരുന്നു ! ബോഡിയാകെ ശോഷിച്ച് , കുളിയും ഷേവിങ്ങുമില്ലാതെ ...... കമ്പനിയിൽ കണ്ടിന്യുചെയ്യാൻ  താല്പര്യമില്ലെന്നും നാട്ടിലേക്കു മടങ്ങുകയാണെന്നും പറഞ്ഞു .
 ട്രെയിനിംഗ് പിരീഡാണെങ്കിലും പത്തറുപതിനായിരം കിട്ടുമായിരുന്നല്ലോഡാ
ഫ്ലാറ്റിന്‍റെ  വാടകപോയിട്ടു ബാക്കി അവളു തട്ടുമളിയാ . പിസയും ബർഗ്ഗറും ചിക്കൻബിരിയാണിയും ഐസ്ക്രീമും സാന്റ്വിച്ചും ഫ്ലവർഷോയും മൂവിയും റ്റാക്സിക്കൂലിയും എല്ലാം അവന്‍റെ  ചെലവിൽ . കാശു തീർന്നാൽ പിന്നെ അവനു ബ്രഡ് ഡും പച്ചവെള്ളവും ശരണം . ചിലപ്പോൾ അതുമില്ല , മുഴുപ്പട്ടിണി .
 ഹാർട്ട്ലസ്സ് ചീറ്റ് !       
   അവിശ്വസനീയതയുടെ നടുക്കത്തോടെ അവന്‍റെ  അരികിലേക്കു ചെന്നു ; അടഞ്ഞ കണ്ണുകളിലേക്കു നോക്കി ശബ്ദമില്ലാതെ ചോദിച്ചു : കൂട്ടുകാര് പറേണത് നേരാണോ കുട്ടീ ? നിനക്കെന്താ പറ്റിയേന്നു ഈ അപ്പാപ്പന് ഒരെത്തുംപിടീം കിട്ട്ണില്ല കുഞ്ഞേ .           
  സ്പിരിറ്റിന്‍റെ യും ചന്ദനത്തിരിയുടെയും മിശ്രഗന്ധമറിയാതെ ചില്ലുകൂട്ടിൽ മരവിച്ചുകിടപ്പാണവൻ . ചുറ്റിലും റീത്തുകൾ . വിചിത്രപുഷ്പങ്ങളാൽ അലംകൃതമായ റീത്തിലെ മൂന്നക്ഷരങ്ങളിൽ നിമിഷനേരം മിഴിതറച്ചുനിന്നു - - ജി . ഇ . സി ; ലോകത്തിലെ നംബർവണ്‍ ഐ റ്റി കമ്പനി !
കരാറുപത്രം കയ്യിൽകിട്ടിയപ്പോഴത്തെ ആഹ്ലാദത്തിമർപ്പുകൾ ഓർമ്മയിൽ തികട്ടി വരുന്നു :
തള്ളയുടെ തോളത്തുതൂങ്ങി തുള്ളിച്ചാടിയും കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞും അനിയത്തിക്കുട്ടിയെ മടിയിൽ പിടിച്ചിട്ട് താരാട്ടുപാടിയും അനിയൻചെക്കനെ തൂക്കിയെടുത്ത് മെത്തയിലെറിഞ്ഞും ഗുസ്തിപിടിച്ചും ജാക്സനെപ്പോലെ പാടിക്കളിച്ചും എന്തൊക്കെ വികൃതികളാണന്നു കാണിച്ചുകൂട്ടിയത് ! 
ബന്ധുക്കളേയും സുഹൃത്തുക്കളെയും വിളിച്ചറിയിച്ച് ,
അമ്മാവന്മാരെ നേരിൽക്കണ്ട് അനുഗ്രഹംവാങ്ങി .........
കൊണ്ടുപോകാൻ വേണ്ടതും വേണ്ടാത്തതുമൊക്കെ വാങ്ങിക്കൂട്ടി , വലിയൊരു ബാഗ് നിറയെ പുസ്തകങ്ങളും സിഡികളും ലാപ്ടോപ്പുമൊക്കെയായി ഐ റ്റി നഗരത്തിലേക്ക് പോയവൻ ,എക്സിക്യുട്ടീവ് വേഷമണിഞ്ഞ് സ്മാർട്ടായി നടന്നിരുന്ന സുന്ദരക്കുട്ടൻ , ഏതു കാര്യത്തിലും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തിരുന്നവൻ .....
എന്തായാലും ഇങ്ങനെയൊരു വിഡ്ഡിത്തം കാണിക്കുകാന്നുവച്ചാൽ .......
എന്തൊരു കിടപ്പാണിതെന്‍റെ  ഭഗവാനേ .....!
കണ്ടുനിൽക്കാൻ പറ്റുണില്ലേ ........
വേഗം പുറത്തേക്കു കടന്നു . അരമതിലോരം ചാരിനിന്ന് ഐറ്റിക്കുട്ടന്മാരുടെ വർത്തമാനങ്ങൾക്കായി വീണ്ടും കാതോർത്തു . 
ഒരുദിവസം നോക്കുചെയ്യാതെ അവൾ റൂമിലേക്കു കയറിച്ചെന്നപ്പോൾ അവനങ്ങു ചൂടായി. ബ്ലഡ്ഡി ബിച്ച് ..... ഡോണ്ട്യു ഹാവെനി മാനേഴ്സ് ? എന്നു ചോദിച്ചു . അവൾക്കതോടെ ഭയങ്കര വാശിയായി , അവനെ വീഴ്ത്തിയേ അടങ്ങൂന്നായി .
എല്ലാ അടവും അവളു പയറ്റിയളിയാ 
പെണ്ണൊരുംപെട്ടാൽ ഏതു കൊമ്പനും വീഴുമളിയാ 
മഹാമുനിയുടെ തപസ്സിളക്കിയ വർഗ്ഗമല്ലേ !
ഹോ ...! വാട്ടെ ട്രാജിക് ഫാൾ ! 
പുലിയെപ്പോലെ നടന്നവൻ !
വലിയ കാശുകാരനാണെന്നാ അവളാദ്യം കരുതിയത് . അബദ്ധമായിപ്പോയെന്ന് പിന്നെ തോന്നിക്കാണും . ഐറ്റിസിറ്റിയിൽ പ്രണയമാഘോഷിക്കാൻ അ റു പതിനായിരം പോര മോനേ . കാറോ ബൈക്കോ ഒന്നുമില്ലാതെന്തു റൊമാൻസ് ?
അതൊന്നുമല്ലളിയാ , അവൻ കേറിയങ്ങ് ഹരിശ്ചന്ദ്രനായതാ കുഴപ്പമായത് . ഇഷ്ട്ടാനിഷ്ട്ടങ്ങളും സ്വഭാവവൈകല്യങ്ങളുമെല്ലാം മുൻകൂട്ടിയറിഞ്ഞ് ,പരസ്പരം അഡ്ജസ്റ്റ് ചെയ്യുവാനുള്ള തയ്യാറെടുപ്പോടെ വേണം ഒരുമിച്ചുള്ള ലൈഫ് സ്റ്റാർട്ട്ചെയ്യേണ്ടത് എന്നായിരുന്നു അവന്‍റെ  തിയറി . ഒക്കെ കേട്ടുകഴിഞ്ഞപ്പോൾ ഇങ്ങനെയൊരു ഭ്രാന്തൻബുജിയോടൊപ്പം ജീവിക്കാൻ പറ്റില്ലാന്നവളും
രസമതല്ലടാ , അവൻ എല്ലാം പറയുകയുംചെയ്തു , അവൾ ഒന്നും പറഞ്ഞതുമില്ല .
പൂവർഫെല്ലൊ ! ഒരുമിച്ചുള്ള ലൈഫെന്നുപറഞ്ഞാലെന്താ ? വെറുമൊരു അഡ്ജസ്റ്റ്മെന്റ്  . പറ്റില്ലാന്നു തോന്നുമ്പം കളഞ്ഞിട്ടു പോകുക , അത്രതന്നെ .
ലൈഫ്ലോങ്ങ്‌ റിലേഷൻഷിപ്പെന്നൊക്കെപ്പറഞ്ഞാൽ എന്തൊരു ബോറാ !
ബോറല്ലളിയാ , ഹൊറിബിൾ .
അവന്‍റെ  സ്ഥാനത്തു ഞാനായിരുന്നെങ്കിൽ കൂളായിട്ടൊരു പാട്ടുംപാടിയങ്ങു പോയേനെ 
 നമ്മളു പറയുംപോലല്ലളിയാ കാര്യം .അവൻ ശരിക്കും ഡീപ്പായിരുന്നു , എ കൈന്‍ഡോ ഫ് മാഡ് ലവ് .
ബട്ട് ഷി വാസ് വെരി പ്രാക്റ്റിക്കൽ ആൻറ് അംബിഷ്യസ് .
കഷ്ടം ! അവന്‍റെ  ഏറ്റവും വലിയ അംബിഷനായിരുന്നു ഈ കമ്പനിയിൽത്തന്നെ വർക്കുചെയ്യണമെന്ന് . പറഞ്ഞിട്ടെന്തു കാര്യം ..... പേഴ്സണൽ സീക്രട്ട്സും വീക്നെസ്സുമൊക്കെ പെണ്ണൊരുത്തി അറിഞ്ഞുപോയില്ലേ  അതും കൂടെ ജോലിചെയ്യുന്നവൾ 
അവളിപ്പോ ആ ഡെല്ലിക്കാരന്‍റെ  കൂടെയാന്നാ കേട്ടത് .
മങ്കിയെപ്പോലിരുന്നാലെന്താ , ലാൻസറിൽ കറങ്ങാം , സ്റ്റാർഹോട്ടലിലുറങ്ങാം .
ദാറ്റ് വാസ് ദ ലാസ്റ്റ് സ്ട്രാ ദാറ്റ് ബ്രോക്ക് ദ കാമൽസ് ബാക്ക് . 
അതവനു ശരിക്കുമൊരു പ്രസ്റ്റീജ് പ്രോബ്ലമായിപ്പോയി .വർക്കിൽ കോണ്‍സൻട്രേഷനില്ലാതായപ്പൊ കമ്പനീന്ന് ഔട്ടാക്കുമോന്നുള്ള ടെൻഷനും .
ഔട്ടാക്കിയാലെന്താ ? വേറെത്രയോ കമ്പനികളുണ്ടിവിടെ .....
നമ്മളു പറഞ്ഞിട്ടെന്തു കാര്യം ? അവനതു തോന്നിയില്ലല്ലോ .
         ഐറ്റിക്കുട്ടൻമാരുടെ വർത്തമാനത്തീന്നു കാര്യങ്ങൾ ഏതാണ്ടു പിടികിട്ടി .....
തണലിൽ കുരുത്തത് വെയിലത്തു വാടാതിരിക്കുമോ !

No comments:

Post a Comment