Sunday, 12 May 2013

യക്ഷരാഗം ( കഥ )





 കല്ലിലും മണ്ണിലും മഞ്ഞുപാളിയിലുമൊക്കെ വാർത്തുവയ്ക്കുന്ന ശിൽപങ്ങളുടെ സൗന്ദര്യം പല കോണുകളിൽനിന്ന് ആസ്വദിക്കുക , എത്ര ആസ്വദിച്ചാലും മതിവരാതെ ആ ശിൽപങ്ങളുടെ ആകാരവടിവിൽ മതിമറന്നിരിക്കുക , അസാധാരണമായ ശില്പങ്ങളിൽ പ്രകൃതി രഹസ്യങ്ങൾ ദർശിക്കുക , ഒടുവിൽ താനും അതുപോലൊരു ശില്പമായി മാറുന്നത് സ്വപ്നം കാണുക .    അങ്ങനെയൊരു സ്വപ്ന ദർശനത്തിലാണു സുന്ദരിയായ യക്ഷി അവന്‍റെ  മനസ്സിലേക്ക് കടന്നു ചെന്നത് ,അവളുടെ നഗ്നത സിരകളിൽ ലഹരി പടർത്തിയത്‌ .
    വിഖ്യാതനായ ശില്പിയുടെ ഭാവനയുടെയും കരവിരുതിന്‍റെയും ഉത്തമോദാഹരണമാണു യക്ഷി എന്നു കേട്ടിട്ടുണ്ട് . അത് നേരിൽ കണ്ടറിയണം . അതിനുവേണ്ടിയാണ് കാതങ്ങൾ താണ്ടി ഇവിടെ എത്തിയത് .      
കണ്ടു ; കരിങ്കല്ലിലെഴുതിയ മദനകാവ്യം പോലെ അവൾ - യക്ഷി ! 
   സ്ത്രീപ്രകൃതിയുടെ ഏതേതു ഭാവങ്ങളായിരിക്കാം ഈ ശില്പം നിര്മ്മിക്കുന്ന വേളയിൽ ശില്പിയുടെ മനസ്സിൽ പ്രചോദനമായി നിലകൊണ്ടത് ? പെണ്ണിന്‍റെ  കണ്ണിൽ കടലിന്‍റെ  ഉന്മാദത്തിരയിളക്കം കണ്ടറിഞ്ഞ ശില്പിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല !
         മഴയും വെയിലുമേറ്റ്  തിളക്കം മങ്ങിയെങ്കിലും രൂപവടിവുകൾക്ക് യാതൊരു കേടും പറ്റിയിട്ടില്ല . എങ്കിലും കനലിനെ ചാരമെന്നതുപോലെ പുറമാകെ പായൽ മൂടിയിരിക്കുന്നു .
          കാമമോഹിത മനസ്സുമായി ആ ശിലാശരീരം തൊട്ടുഴിയവേ , അതിനു ജീവൻവയ്ക്കുന്നതായി യുവാവിനു തോന്നി . അയാൾ ചോദിച്ചു :
അല്ലയോ യക്ഷീ , സൗന്ദര്യത്തിന്‍റെ  ഏതളവുകോലുപയോഗിച്ചാണ് ആ ശില്പി നിന്‍റെ  ആകാരം അളന്നുകുറിച്ചത് ?
         വികാരപാരവശ്യത്തോടെ അയാൾ അവളെ ആലിംഗനംചെയ്തു .
          അവളുടെ കണ്ണുകൾ തിളങ്ങി, ചുണ്ടുകൾ ചലിച്ചു .
സുന്ദരനായ ചെറുപ്പക്കാരാ ,നിനക്കെന്നോടു പ്രണയമാണോ ? അതോ കാമം മാത്രമോ ? അവൾ ചോദിച്ചു .
രണ്ടും . അവൻ പറഞ്ഞു .
ഹൃദയമുള്ള ഒരുവനോട് എല്ലാം തുറന്നുപറയാൻ കാത്തിരിക്കുകയായിരുന്നു ഞാൻ . എന്‍റെ  ഈ അവസ്ഥക്കു കാരണം ആ ശില്പിയാണ്‌ ; ആ ശില്പി മാത്രമാണ് . ഇപ്പോൾ എന്നെക്കുറിച്ച് വല്ല വിചാരവുമുണ്ടോ ? അന്ന് ....... ഉളിയുടെയും ചുറ്റികയുടെയും സ്വരങ്ങൾ കാമുകന്‍റെ  ഹൃദയതാളങ്ങൾ പോലെയും ചെത്തലും മിനുക്കലുമൊക്കെ അവന്‍റെ തലോടൽ പോലെയുമാണ് എനിക്കനുഭവപ്പെട്ടത് . എന്‍റെ  ഹൃദയം പുളകംകൊള്ളുകയായിരുന്നു ; ഒടുവിൽ , എന്നെ ഈ ഉദ്യാനത്തിൽ തനിച്ചാക്കി , എന്‍റെ  ഉടയാടകളുമായി അയാൾ കടന്നുകളഞ്ഞു . കാത്തിരിപ്പു തുടങ്ങിയിട്ട് എത്രനാളായി !
 ഇവിടെ ....... ഹാ ... കഷ്ടം !
കണ്ണും കാതും ഇറുകെ അടയ്ക്കണമെന്നു തോന്നിയിട്ടുണ്ട് . എവിടേക്കെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നിയിട്ടുണ്ട് .
പക്ഷേ , എങ്ങോട്ടു പോകും ?
അനാഥശില്പങ്ങൾക്കു എവിടെയാണൊരഭയസ്ഥാനം ?
രക്ഷകനും ശിക്ഷകനും ഒരേ മുഖം , പകൽവെളിച്ചത്തിൽ സേവനത്തിന്‍റെ  സുഗന്ധവും രാവിരുളിൽ രതിയുടെ തീക്ഷ്ണഗന്ധവും പ്രസരിപ്പിക്കുന്ന മുഖം . വയ്യ ; മടുത്തു . ആത്മഹത്യ ചെയ്യാൻ കൊതിച്ചുപോകുന്നു പക്ഷേ , ആത്മഹത്യ ഒരു പരിഹാരമാവില്ലല്ലൊ . വിധിശിഷ്ടം അനുഭവിച്ചു തീർക്കാൻ വീണ്ടും ജന്മമെടുക്കേണ്ടിവന്നാലോ ? അന്നും ഇതേപോലെ ....... 
ഓഹ് ....... ഓർക്കാൻ കൂടി പേടിയാവുന്നു .
പ്രിയസുന്ദരീ , നിന്നെ സന്തോഷിപ്പിക്കാൻ ഞാനെന്താണു ചെയ്യേണ്ടത്  ? യുവാവ് സ്നേഹപൂർവ്വം ചോദിച്ചു 
നല്ലവനായ ചെറുപ്പക്കാരാ , നിനക്കു കഴിയുമോ ഒരു നഗ്നശില്പമായി എന്നെ തൊട്ടുരുമ്മി നിൽക്കാൻ  ?
ചോദ്യം കേട്ട് യുവാവ് സ്തംഭിച്ചുനിന്നു .
അവൾ തുടർന്നു ;പ്രപഞ്ചസ്രഷ്ടാവ് സമസ്ത ജീവികളെയും ഇണകളായിട്ടല്ലേ സൃഷ്ടിച്ചത് ? നിദ്രയിലായിരുന്ന ആദാമിന്‍റെ  വാരിയെല്ലൂരിയെടുത്ത് അവന് ഒരു കൂട്ടുകാരിയെ ഉണ്ടാക്കിക്കൊടുത്ത ദൈവത്തെക്കുറിച്ച് ആ ശില്പിക്കു കേട്ടറിവില്ലേ ? 
ശിലയുടെ ദാഹം അദ്ദേഹത്തിനറിയില്ലെന്നുണ്ടോ? 
ഹൃദയത്തിന്‍റെ  അഗാധതയിൽനിന്നുയരുന്ന നിലവിളി അദ്ദേഹം കേൾക്കുന്നില്ലേ ?
ഒരുപക്ഷേ , ആ ശില്പി ഒരു സാഡിസ്റ്റായിരിക്കാം ; സ്വന്തം സൃഷ്ടിയുടെ നിരാശയിലും വേദനയിലും ആനന്ദിച്ചഹങ്കരിക്കുന്നവൻ . പ്രിയമുള്ള യുവാവേ , നീ എനിക്ക് ഒരുപകാരം ചെയ്യണം ; ആ ശില്പിയെ കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരണം . എവിടെ എന്‍റെ  യക്ഷൻ എന്ന് ഉറക്കെയുറക്കെ ചോദിക്കാൻ 
യുവാവ് യാത്രയായി .
ഒരു മഹാനഗരത്തിൽ വിഖ്യാതനായൊരു കവിയുടെ സ്മാരകത്തറയിൽ ആ ശില്പി  മറ്റൊരു ശില്പത്തെ ചെത്തി മിനുക്കുകയായിരുന്നു .
പ്രപഞ്ച സൗന്ദര്യം മുഴുവൻ ശരീരത്തിലും പ്രകൃതിയുടെ ദാഹം മുഴുവൻ ഹൃദയത്തിലും ആവഹിച്ച ഒരു പെണ്ണിന്‍റെ  ശില്പമായിരുന്നു അത്.
ഹേ , ശില്പി , അങ്ങെന്തിനാണ് സുന്ദരികളായ സ്ത്രീകളെ വിവസ്ത്രകളാക്കി പ്രതിഷ്ടിക്കുന്നത് ?ഇത് ക്രൂരതയാണ് . യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു .
ശില്പി മെല്ലെ മുഖം തിരിച്ച് യുവാവിനെ ഒന്നു നോക്കി . വീണ്ടും സൃഷ്ടികർമത്തിൽ വ്യാപൃതനായി . 
ഇണയായിരിക്കേണ്ടവയെ ഒറ്റയ്ക്കു കുടിയിരുത്തുന്ന താങ്കൾ മാനിഷാദ പാടിയ കാവ്യസംസ്കാരത്തെപ്പോലും ധിക്കരിക്കുകയല്ലെ ? യുവാവിന്‍റെ  പ്രതിഷേധസ്വരമുയർന്നു . 
അങ്ങയുടെ  സൃഷ്ടികൾ എല്ലാവരും കണ്ടാസ്വദിച്ചെന്നിരിക്കാം , പ്രശംസാവചനങ്ങൾ ചൊരിയുകയും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുമായിരിക്കാം . പക്ഷേ , മഹാനായ ശില്പിയോട് എനിക്കൊരപേക്ഷയുണ്ട് :
നഗ്നശിൽപങ്ങളുടെ ഏകാന്തവാസത്തിന് അറുതി വരുത്താൻ ദയവുണ്ടാകണം 
എന്‍റെ  സൃഷ്ടികൾ സുന്ദരവും അർഥപൂർണ്ണവും ആകുന്നത് അവ അങ്ങനെതന്നെ ആയിരിക്കുന്നതുകൊണ്ടാണ് .
ശില്പിയുടെ മറുപടി കേട്ട് എന്തോ നിശ്ചയിച്ചുറച്ചവനെപ്പോലെ യുവാവ് പറഞ്ഞു : 
എങ്കിൽ ഞാനതു ചെയ്യും . അനാഥശില്പങ്ങളുടെ ശോകാഗ്നിയിൽ ഭൂതലം വെന്തെരിയുംമുമ്പ് എനിക്കതു ചെയ്തേപറ്റൂ .
ശില്പി യുവാവിനെ തുറിച്ചുനോക്കി .ദൃഢനിശ്ചയത്തോടെ നടന്നകലുന്ന യുവാവിനെ നോക്കിനില്ക്കെ  ശില്പിയുടെ ഉളളിൽ ഒരു ചോദ്യം അലയടിച്ചുയർന്നു :
ഇവൻ എന്‍റെ  സൃഷ്ടിനിയമം തെറ്റിക്കുമോ ???
പെട്ടെന്നുതന്നെ അദ്ദേഹം ചീവുളി കയ്യിലെടുത്തു .
പെരുംതച്ചനെപ്പോലെ............ 

1 comment:

  1. മനോഹരം വളരെ നന്നായി കുറിച്ച് ആശംസകള്‍

    ReplyDelete