Monday, 27 May 2013

മൊഴിവരം (കവിത)



പറയാനെനിക്കൊരു   ഭാഷ വേണം
പാല്‍മണമൂറുന്ന ഭാഷ വേണം .
പാടാനെനിക്കൊരു   ഭാഷ വേണം
 പാരാകെ പുകഴുന്ന   ഭാഷ വേണം .

കാതില്‍പ്പതിഞ്ഞ  മധുമൊഴിയില്‍
നാവില്‍തിരിഞ്ഞനറുമൊഴിയില്‍
അമ്മതന്‍ നാവില്‍നിന്നിറ്റുവീണ
പ്രേമാമൃതത്തിന്‍റെ തുള്ളികള്‍ .

ഉദരത്തിലുരുവായ നാള്‍മുതല്‍
ഉരുവിട്ടൊരമ്മമൊഴികളില്‍
അറിവിന്നാദ്യപാഠങ്ങള്‍ നെഞ്ചില്‍
നിറയുവതക്ഷര ഖനികള്‍ .

ഉദരംവിട്ടൂഴിയില്‍ വന്നനേരം
അമ്മതന്‍ ഭാഷയില്‍ കരഞ്ഞൂ ഞാന്‍
ആയതിന്‍ താളക്രമങ്ങളെന്‍റെ
ജീവന്‍റെ താളമെന്നറിഞ്ഞൂ ഞാന്‍ !

ആദ്യം മൊഴിഞ്ഞതുമക്ഷരം കുറിച്ചതും
ആ മാതൃഭാഷയിലായിരുന്നു .
സ്വപ്‌നങ്ങള്‍ കണ്ടതും വിസ്മയംകൊണ്ടതും
ആ മഞ്ജുഭാഷയലായിരുന്നു .

പോകുംവഴികളില്‍ പാഥേയമായ്
പാടുംവരികളില്‍ പാലമൃതായ്
നാടിന്‍ മഹിതമാം മാതൃകങ്ങള്‍
കാത്തിടുമെന്നുമെന്‍ മലയാളം .

***

No comments:

Post a Comment