Friday, 24 May 2013

സബ്സ്ക്രൈബര്‍ പരിധിക്കു പുറത്താണ് (കഥ)



   
  ചിരിച്ചും ചിരിപ്പിച്ചും പുഴപോലെ ഒഴുകിനടക്കുന്ന നന്ദിനിയെക്കണ്ടാല്‍ അവളുടെയുള്ളില്‍ ഒരു ദുഖസാഗരം ഒളിച്ചിരിപ്പുണ്ടെന്ന് ആര്‍ക്കാ തോന്നുക !
            സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ‘എവര്‍ഗ്രീന്‍’ എന്നറിയപ്പെടുന്നവള്‍ നന്ദിനി. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. ഉടുപ്പിലും നടപ്പിലുമെല്ലാം വെരിസ്മാര്‍ട്ട്. വലിയ ശമ്പളമുള്ള ജോലിയാണെങ്കിലും അതിന്‍റെ പത്രാസൊന്നും നന്ദിനിക്കില്ല.
“ജാതകം ഗണിച്ചപ്പഴേ ജ്യോത്സ്യര് പറഞ്ഞതാ രാജയോഗമുണ്ടെന്ന്. അച്ചട്ടായി!” അച്ഛന്‍ മകളെപ്പറ്റി  ഊറ്റംകൊള്ളുന്നതിങ്ങനെ.
“അവള്‍ക്കെത്രയാ ശമ്പളം! ആകെയുള്ളത് ഒരാണ്‍തരി മാത്രം. ഭാഗ്യമുള്ളോളാ നന്ദിനി” അമ്മയും ഇതാ പറയുക .
      അതെ, നന്ദിനി ഭാഗ്യവതിയാണ്. അവള്‍ക്കു പരാതികളില്ല. കാശിനു കാശ~, വീടിനു വീട്, കാറിനു കാറ്, അന്തസ്സുള്ള ജോലി, പേരും പെരുമയും എല്ലാമുണ്ടല്ലോ!.
 എന്നിട്ടും നന്ദിനിക്കു ദുഖമോ ?
  അതെ, നന്ദിനിക്കുമുണ്ട് ദുഃഖം.
ജോലികഴിഞ്ഞെത്തുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ നന്ദിനിയുടെ മുഖം വാടും. ബാഗില്‍നിന്നു താക്കോല്‍ തപ്പിയെടുത്ത് വാതില്‍തുറന്ന് അകത്തുകയറിയാല്‍  ഏകാന്തതയുടെ പൂപ്പല്‍മണം അവളെ ശ്വാസംമുട്ടിക്കും. . വാതിലുകള്‍ അകത്തുനിന്നു ബന്ധിച്ച്, കുളിച്ചു വസ്ത്രംമാറി, ചായയുണ്ടാക്കിക്കഴിച്ചാല്‍ പിന്നെ  കാര്യമായ പണിയൊന്നുമില്ല. പത്രങ്ങളും മാസികകളും വെറുതെ മറിച്ചുനോക്കി, റിമോട്ട്കണ്ട്രോള്‍ ഞെക്കിഞെക്കി, ഒന്നിലും ശ്രദ്ധയൂന്നാനാവാതെ,  എരിയുന്ന മനസുമായി  ഒരിരുപ്പാണ്. ‘ഈ നന്ദിനിക്കെന്തുപറ്റി?’ എന്നു ചോദിക്കാന്‍ ഒരു ജീവി പോലുമില്ല.
  ജിത്തു ഇപ്പോള്‍ എവിടെയായിരിക്കും? ബീച്ചിലോ ബാറിലോ?  എവിടെപ്പോയാലും പറഞ്ഞിട്ടേ പോകാവൂ, നേരത്തെ വരണം എന്നൊക്കെ എത്രപറഞ്ഞാലും അനുസരിക്കില്ല. സെല്‍ഫോണ്‍ കയ്യിലുണ്ടായിട്ടും വിളിക്കില്ലെന്നുവച്ചാല്‍ ധിക്കാരം, അല്ലാണ്ടെന്താ ? കാത്തിരുന്നു മടുക്കുമ്പോള്‍ അങ്ങോട്ടൊന്നു വിളിച്ചാലോ ?
   താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്’ എന്നോ ‘സ്വിച്ചോഫ്‌ചെയ്തിരിക്കുകയാണ്, ദയവായി അല്‍പസമയം കഴിഞ്ഞു വിളിക്കുക’ എന്നോ സേവനദാതാക്കളുടെ മറുപടിയാവും കിട്ടുക.
 കൂട്ടുകാരോടൊപ്പം ഉല്ലസിക്കുന്ന വേളയില്‍ സെല്‍ഫോണ്‍ സ്വിച്ചോഫ്‌ചെയ്യുന്നത് അവന്‍റെ പതിവായിരിക്കുന്നു. പാതിരാവരെ നീളുന്ന വിനോദം കഴിഞ്ഞെത്തിയാല്‍ അത്താഴം കഴിക്കുകയുമില്ല. എങ്കിലും ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കിവച്ച് നന്ദിനി മകനെ കാത്തിരിക്കും. ചുവരിലെ ക്ലോക്കിന്‍റെ താളത്തിനൊത്ത് അവളുടെ നെഞ്ചും പിടഞ്ഞുകൊണ്ടിരിക്കും. പന്ത്രണ്ടടിച്ചു കഴിയുമ്പോള്‍ ബൈക്കിന്‍റെ മുഴക്കം അവളുടെ ചിന്തകള്‍ക്കു വിരാമമിടും.
  അവള്‍ എണീറ്റ് വാതില്‍ തുറക്കും.
ഒടിഞ്ഞുതൂങ്ങിയ കാലന്‍കുട പോലെ ആടിയാടി, കാലുകള്‍ നിലത്തുറയ്ക്കാതെ ജിത്തുമോന്‍! അമ്മയുടെ മുഖത്തേക്കു നോക്കുകപോലും ചെയ്യാതെ ‘ഗുഡ്നൈറ്റ്’ പറഞ്ഞ്, മുറിക്കുള്ളില്‍ കയറി വാതിലടയ്ക്കും. വെളുപ്പിനുറങ്ങും, ഉച്ചയ്ക്കുണരും. അമ്മയും മകനും തമ്മില്‍ കാണുന്നതും മിണ്ടുന്നതും അപൂര്‍വ്വം. ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നത് ഉച്ചമുതല്‍ സന്ധ്യവരെ തുറന്നിരിക്കുന്ന സെല്‍ഫോണിലൂടെ.
 വളരെ വൈകിയെത്തിയ ഒരു രാത്രിയില്‍ അവള്‍ ചോദിച്ചു:
എന്താ ജിത്തൂ നീ ഇങ്ങനെയൊക്കെ? പത്തുമണിക്കെങ്കിലും വന്നൂടേ നിനക്ക്?
 തീക്ഷ്ണമായ നോട്ടത്തോടെ അവന്‍ തിരിച്ചുചോദിച്ചു:
എന്നെ  കാത്തിരിക്കണമെന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ? നിങ്ങളെന്തിനാ വെറുതേ കുത്തിയിരിക്കുന്നത്? കിടന്നുറങ്ങിക്കൂടെ? ഒരു താക്കോല്‍ക്കൂട്ടം എന്‍റെ കയ്യിലുമുണ്ടല്ലോ.
      അമ്മേ എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന ജിത്തുമോന്‍ എത്ര ലാഘവത്തോടെ, അന്യരോടു സംസാരിക്കുന്നതുപോലെ!
   മുറിഞ്ഞ മനസ്സിന്‍റെ   നൊമ്പരവും ദേഷ്യവും ഉള്ളിലൊതുക്കി അവള്‍ ചോദിച്ചു:
എന്നുമുതല്‍ക്കാ ഞാന്‍ നിനക്കന്യയായത്? എന്തിന്‍റെ കുറവാണു നിനക്കിവിടെ?
 നിങ്ങള്‍ക്കറിയില്ലേ ? ഞാന്‍ പറഞ്ഞുതരണോ ?
പറ, കേള്‍ക്കട്ടെ.
   ഓര്‍മ്മവച്ച നാള്‍മുതല്‍ ഉള്ളിലൊതുക്കിയ വേദനകളും വിഹ്വലതകളും നിഷേധങ്ങളാക്കിമാറ്റുന്ന നിര്‍ഭാഗ്യജന്മങ്ങളുടെ പ്രതിനിധിയാണ് ഞാന്‍. മനസ്സിലായോ?
    ഇല്ല. മനസ്സിലാവുന്ന ഭാഷയില്‍ പറ.
എന്നെ മനസ്സിലാക്കുന്ന ആരുണ്ടിവിടെ ഒന്നു മിണ്ടാനും പറയാനും?   
  നിങ്ങള്‍ക്കു വലുത് നിങ്ങളുടെ ജോലിയായിരുന്നില്ലേ? അമ്മയുടെ സ്നേഹത്തിനും സാമീപ്യത്തിനും പകരം എനിക്കു കിട്ടിയതെന്താണ്? വേലക്കാരികളുടെ ശകാരങ്ങളും പീഡനങ്ങളുമല്ലേ? പിന്നെ, ടെകെയര്‍ എന്ന കാരാഗൃഹത്തിലെ ചിട്ടകളുമല്ലെ? എനിക്കു കിട്ടാത്ത സ്നേഹവും പരിഗണനയും നിങ്ങള്‍ക്കു ഞാന്‍ മടക്കിത്തരുന്നതെങ്ങനെ?   
   അവന്‍റെ വാക്കുകളില്‍, നോട്ടത്തില്‍ ഒക്കെ പ്രതികാരത്തിന്‍റെ മുള്ളുകള്‍ മുനകൂര്‍ത്തുനില്‍ക്കുന്നു! അമ്മയുടെ ശമ്പളം മാത്രമാണ് ഈ വീടിന്‍റെ വരുമാനം എന്നുപോലും അവന്‍ ചിന്തിക്കുന്നില്ല!
    നാവിറങ്ങിനിന്ന പെറ്റമ്മയുടെ നേര്‍ക്ക് അവന്‍ മുറിയുടെ വാതില്‍ വലിച്ചടച്ചു.
    പ്രതികരിക്കാനാവാതെ നന്ദിനി പകച്ചുനിന്നു.
ഹൃദയം ശാന്തമായപ്പോള്‍ അവള്‍ തന്‍റെ അമ്മമനസ്സിലേക്ക് തിരിഞ്ഞുനോക്കി. ഇനിയും ഉണങ്ങിയിട്ടില്ലാത്ത എത്രയെത്ര മുറിവുകള്‍ ചോരവാര്‍ന്നു കിടക്കുന്നു ! ആഫീസില്‍ പോകാന്‍ ഒരുക്കം തുടങ്ങുമ്പോഴേ കരച്ചില്‍ തുടങ്ങുന്ന ജിത്തുമോന്‍, ജോലിക്കാരിയുടെ കൈകളില്‍നിന്ന് ഊര്‍ന്നിറങ്ങിവന്നു സാരിഞോറികളില്‍ പിടിച്ചുതൂങ്ങി കെഞ്ചിക്കരയുന്ന ജിത്തുമോന്‍ .......
  അവന്‍റെ അവ്യക്തമായ പിഞ്ചുവാക്കുകള്‍: അമ്മ പോണ്ടാ ...... ഈ ആന്‍റി ചീത്താ...........മോനു പേടീ.......
  അവനെ വലിച്ചുമാറ്റി, ബാഗുമെടുത്ത്‌ ഓടിമറയുമ്പോള്‍ പിന്നാലെയെത്തുന്ന പേടിച്ചരണ്ട നിലവിളി. അതുകേട്ടു ഹൃദയമുരുക്കുന്ന പെറ്റമ്മയെ അവനറിയില്ലല്ലോ. തിരക്കുപിടിച്ച ജോലിക്കിടയിലും മകനെയോര്‍ത്തു തേങ്ങുന്ന അമ്മമനസ്സ് അവന്‍ കണ്ടിട്ടില്ലല്ലോ !
   വൈകുന്നേരങ്ങളില്‍ കയ്യില്‍ കിട്ടുന്ന മിട്ടായികളിലും കളിപ്പാട്ടങ്ങളിലും ഉമ്മവച്ചു കണ്ണീരുണക്കുന്ന മകന്‍റെ സന്തോഷങ്ങള്‍ കണ്ട് അമ്മയും സന്തോഷിച്ചിരുന്നു. പിഞ്ചുമകന്‍  ആവശ്യപ്പെടുന്നതൊക്കെ  വാങ്ങിക്കൊടുത്ത് അവനെ സന്തോഷിപ്പിക്കുന്നതിലായി   അമ്മയുടെ   സംതൃപ്തി.
  അവനോടൊപ്പം വളര്‍ന്ന ആവശ്യങ്ങള്‍ ബൈക്കിനും  മുസിക്സിസ്റ്റത്തിനും കംപ്യുട്ടറിനും ഇന്‍റര്നെറ്റിനുമൊക്കെ വഴിമാറിയപ്പോഴും നന്ദിനി സന്തോഷിക്കുകയായിരുന്നു : അവന്‍ മിടുക്കനായിരിക്കുന്നു . അച്ഛനില്ലാത്ത ദുഃഖം അവന്‍ മറന്നിരിക്കുന്നു .കൌമാരം പിന്നിട്ടപ്പോള്‍ , അമ്മയുടെ പ്രതീക്ഷകള്‍ക്കൊന്നും അവന്‍റെ മനസ്സില്‍ ഇടമില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ നന്ദിനി തളര്‍ന്നുപോയി. ‘കുരുന്നിലേ നുള്ളാഞ്ഞാല്‍ കോടാലിക്കും പറ്റില്ല’ എന്ന് അവന്‍റെ ആവശ്യങ്ങള്‍ അവളെ പഠിപ്പിച്ചു.
   വീട്ടുവേലക്കാരികളുടെ ക്രൂരതകള്‍ക്കും ഡെകെയറിലെ അച്ചടക്കങ്ങള്‍ക്കുമായി തന്‍റെ   ശൈശവവും ബാല്യവും കുരുതികൊടുത്ത അമ്മയെ ശിക്ഷിക്കുകയാണവന്‍. സ്വയം നശിച്ചുകൊണ്ടു അമ്മയോടുള്ള പകതീര്‍ക്കുകയാണവന്‍ !
   സിഗരറ്റിലും മദ്യത്തിലും സന്തോഷം കണ്ടെത്തുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കിടയില്‍ ഇന്‍റര്‍നെറ്റ്കൌതുകങ്ങളും വിജ്ഞാനങ്ങളും വിളമ്പി ഹീറോ ചമയുന്ന ജിത്തുമോന്‍റെ ഭാവി നന്ദിനിയുടെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി .    

  

1 comment:

  1. നല്ല കഥ. നമ്മുടെ സമൂഹമാണ് ജിത്തുമോൻ.

    ReplyDelete