Saturday, 25 May 2013

മൂഷികപുരാണം (കഥ)


      കാലവര്‍ഷം കലിതുള്ളി പെയ്തിറങ്ങി. നഗരത്തിലെ താണപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചേരികളില്‍ പാര്‍ത്തിരുന്ന ദരിദ്രമൂഷികന്മാര്‍ പട്ടിണികൊണ്ടു നട്ടംതിരിഞ്ഞു. മാളങ്ങളില്‍ വെള്ളംകയറിയതോടെ അവ സുരക്ഷിതസ്ഥാനം തേടിയലഞ്ഞു. ആപത്ഘട്ടങ്ങളില്‍ പ്രജകളെ രക്ഷിക്കാതെ സുഖലോലുപനായി കഴിയുകയായിരുന്നു മൂഷികരാജന്‍. ക്ഷമനശിച്ച പ്രജകള്‍ സംഘടിച്ചു. അവര്‍ക്ക് നായകന്മാരും ഉപനായകന്മാരും ഉണ്ടായി. അണികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് യുവനായകന്മാര്‍ മുന്‍നിരയില്‍ സ്ഥാനംപിടിച്ചു. എല്ലാവരുംകൂടി രാജകൊട്ടാരത്തിലേക്കു മാര്‍ച്ചുചെയ്തു.
      ആവേശോജ്ജ്വലങ്ങളായ മുദ്രാവാക്യങ്ങള്‍ കേട്ടു കൊട്ടാരവാസികള്‍ അമ്പരന്നു.പത്നീസമേതം പള്ളിയുറക്കത്തിലായിരുന്ന മൂഷികരാജന്‍ ഞെട്ടിയുണര്‍ന്നു. തിരുമെയ്യില്‍ പറ്റിയിരുന്ന മണ്‍തരികള്‍ കുടഞ്ഞുകളഞ്ഞ് ദേഹശുദ്ധിവരുത്തി,രാജന്‍ മെല്ലെ കൊട്ടാരവാതില്‍ക്കല്‍ മുഖംകാണിച്ചു. തേജസ്സാര്‍ന്ന തിരുമുഖം ദര്‍ശിച്ച മാത്രയില്‍ പ്രജകള്‍ മുദ്രാവാക്യംവിളി നിറുത്തി സ്തുതിപാടകരായിമാറി.
‘മഹാരാജാവു നീണാള്‍ വാഴട്ടെ’ അവര്‍ ആര്‍ത്തുവിളിച്ചു.  
   “പ്രിയപ്പെട്ട പ്രജകളെ ഒന്നിച്ചുകാണാന്‍ കഴിഞ്ഞതില്‍ നാം സന്തുഷ്ടനാണ്. ആട്ടെ, വന്നകാര്യം പറയുക.”
 മഹാരാജാവിന്‍റെ തിരുമൊഴി കേട്ടു യുവനായകന്‍ താണുതൊഴുത് സങ്കടമുണര്‍ത്തിച്ചു:
           “മഹാരാജാവ, ഞങ്ങള്‍ക്കു പാര്‍ക്കാനിടമില്ല. മാളങ്ങളിലെല്ലാം വെള്ളം കയറി. തട്ടിന്‍പുറമുള്ള ഒറ്റവീടുപോലും ഈ നഗരത്തിലില്ല. മണിമാളികകള്‍ക്കുള്ളില്‍ ഞങ്ങള്‍ക്കു പ്രവേശനമില്ല. മട്ടുപ്പാവുകളില്‍ ഒളിച്ചുപാര്‍ക്കാനിടമില്ല. സ്വച്ഛശീതളമായ തട്ടിന്‍പുറങ്ങളിലെ സ്വൈരജീവിതം ഞങ്ങള്‍ക്കു കേട്ടുകേള്‍വി മാത്രം. ഞങ്ങളുടെ പ്രിയപ്പെട്ടവരെയൊക്കെ മാര്‍ജാരന്‍മാര്‍ കാലപുരിക്കയയ്ക്കുന്നു.”
    ഉപനായകന്‍ മറ്റൊരു സങ്കടമുണര്‍ത്തിച്ചു:
    മഹാരാജാവേ, ഭക്ഷണമില്ലാതെ ഞങ്ങള്‍ വലയുകയാണ്. കിഴങ്ങുകളും ധാന്യങ്ങളും കിട്ടാനില്ല. ഇവിടെ കൃഷിയിടങ്ങളില്ല. അല്‍പം തുണ്ടുഭൂമി ഉള്ളവര്‍ പോലും ഒരുവക ഭക്ഷ്യധാന്യങ്ങളും കൃഷിചെയ്യുന്നില്ല. അവശ്യസാധനങ്ങളെല്ലാം അയല്‍പ്രദേശങ്ങളില്‍നിന്നു വിലയ്ക്കുവാങ്ങുന്നവരാണ്ഇവിടത്തെ മനുഷ്യര്‍. പച്ചപ്പരിഷ്കാരികള്‍ ഫാസ്റ്റ്ഫുഡ്ഡിലേക്കു മാറിയതോടെ വീടുകളില്‍ പാചകവുമില്ല. അതുകൊണ്ട് കിഴങ്ങുകളും ധാന്യങ്ങളും വാങ്ങിസൂക്ഷിക്കുന്ന ഏര്‍പ്പാടുമില്ല. പഴങ്ങളും മറ്റും സൂക്ഷിക്കുന്ന ഫ്രിഡ്ജിന്‍റെ വാതില്‍ തുറക്കാന്‍ ഞങ്ങള്‍ക്കു കെല്പുമില്ല. മനുഷ്യരുടെ കണ്ണില്‍പെട്ടാല്‍ കെണിവച്ചും ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയും കൊല്ലും. പേടിച്ചൊളിച്ചും കട്ടുതിന്നും മടുത്തു. ഇങ്ങനെ തുടര്‍ന്നാല്‍ മൂഷികവംശം മുടിഞ്ഞുപോകും.”
     മൂഷികരാജന് കാര്യത്തിന്‍റെ ഗൌരവം ബോദ്ധ്യമായി. മന്ത്രിമാരുടെ അടിയന്തിരയോഗം വിളിച്ചുകൂട്ടി.
   വിശദമായി  ചര്‍ച്ചചെയ്തു.
“ഉടനെ എന്തെങ്കിലും ചെയ്തേപറ്റൂ.”രാജാവ് മന്ത്രിമാരോടു പറഞ്ഞു.
കൂട്ടത്തില്‍ അതിബുദ്ധിമാനായ ഒരു മന്ത്രി രാജാവിന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു.
തിരുമുഖം പ്രസന്നമായി. എല്ലാം തീരുമാനിച്ചുറച്ചമട്ടില്‍ രാജന്‍ നിവര്‍ന്നിരുന്നു.
രാജകല്പന കേള്‍ക്കാന്‍ പ്രജകള്‍ ആകാംക്ഷയോടെ ചെവികൂര്‍പ്പിച്ചിരുന്നു.
    “നിങ്ങള്‍ ഉടന്‍തന്നെ ഇപ്പോഴത്തെ താമസസ്ഥലങ്ങള്‍ വിട്ടുപോകണം. ഈ നഗരത്തില്‍ സുരക്ഷിതമായ വാസസ്ഥാനങ്ങള്‍ നിരവധിയുണ്ട്. സുഖവാസം കൊതിക്കുന്നവര്‍ സര്‍ക്കാരാഫീസുകളില്‍ കൂട്ടിയിട്ടിരിക്കുന്ന എണ്ണമറ്റ ഫയലുകള്‍ക്കിടയില്‍ കയറിപ്പറ്റുക, പാവപ്പെട്ടവരും നിസ്സഹായരുമായ മനുഷ്യരുടെ ദുരിതങ്ങളുടെയും കണ്ണുനീരിന്‍റെയും കഥകള്‍നിറഞ്ഞ ഫയലുകളെല്ലാം കരണ്ടുതീര്‍പ്പാക്കുക. കൃത്യനിഷ്ട്ടയും ദീനാനുകമ്പയുമുള്ള  ഉദ്യോഗസ്ഥന്മാരുടെ കാല്‍വിരലുകള്‍ കടിച്ചുമുറിക്കുക , കസേരകളില്‍ ഇരുന്നുറങ്ങുന്നവരെയും സൊറപറഞ്ഞു രസിക്കുന്നവരെയും ശല്യംചെയ്യരുത്. ബാക്കിയുള്ളവര്‍ സര്‍ക്കാരാശുപത്രികളിലേക്കു പോകുക, നിര്‍ധനരായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും തലമുടി കണ്ടിച്ചുകളയുക, കയ്യും കാലും  കടിച്ചുമുറിക്കുക,പിന്നെയും നിങ്ങളാലാവുന്നതൊക്കെ ചെയ്ത് സാധു മനുഷ്യരെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുക. ദുര്‍ഗന്ധംവമിക്കുന്ന മോര്‍ച്ചറികളില്‍ പുഴുവരിച്ചുകിടക്കുന്ന അനാഥപ്രേതങ്ങളുടെ അവയവങ്ങള്‍ കടിച്ചുപറിച്ചു അവയെ വികലമാക്കുക, ഇതൊക്കെയാണ് നമ്മുടെ തീരുമാനം. എല്ലാവര്‍ക്കും സന്തോഷമായില്ലേ ?”
     “മഹാരാജാവ് നീണാള്‍ വാഴട്ടെ”
    മൂഷികപ്രജകള്‍ ബുദ്ധിമാനും പ്രജാക്ഷേമതല്പരനുമായ രാജാവിനു സ്തുതിപാടിക്കൊണ്ട് പുതിയ പാര്‍പ്പിടങ്ങളിലേക്ക് പോയി. കല്‍പിച്ചുനല്‍കിയ ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്നതോടൊപ്പം കൊഴുപ്പുകൂടിയ മാംസാഹാരം അമിതമായി ഭക്ഷിച്ച് ഉന്മാദംപൂണ്ടിണചേര്‍ന്ന്, പെറ്റുപെരുകി, മൂഷികസാമ്രാജ്യം അതിവേഗം ശക്തിയും ഖ്യാതിയും നേടി.
     മൂഷികധര്‍മ്മം യഥേഷ്ടം പുലരുന്നു.

                                                            *******      

     

1 comment: