Wednesday, 3 September 2014
Tuesday, 26 August 2014
നിശാഗന്ധി (കവിത)
ദാഹാര്‍ത്ത യാമങ്ങള്‍ തേടുന്ന തേന്‍കണം
രാഗാര്‍ദ്രമാനസം ചൂടി രാവില്‍
മായാസുഗന്ധം പരത്തിയെല്ലാടവും
ചാരുവാം വെള്ളദളം വിടര്‍ത്തി
ആനന്ദനര്‍ത്തനമാടുവാന്‍ നാഥന്‍റെ -
യാഗമം കാത്തു നിശാഗന്ധിയാള്‍.
ആയതനേത്രങ്ങള്‍ ചിമ്മിയില്ലോമലാ-
ളാനിമിഷം നാഥനെത്തിയാലോ?
രാവിന്‍റെ യാമങ്ങളേറെക്കൊഴിഞ്ഞുപോയ് ,
തോഴിയായ്പൊന്നിളം തെന്നല്‍ മാത്രം.
ഇത്രമേല്‍ വൈകുവതെന്തേ ശലഭമേ?
നൊമ്പരപ്പെട്ടു നിശാഗന്ധിയാള്‍.
തുച്ഛജന്മമാം കൊച്ചുനീര്‍പ്പോളപോല്‍
പൊട്ടിച്ചിതറിയാ പാഴ്ക്കിനാക്കള്‍.
മായികമാം മൃദുസ്മേരം വെടിഞ്ഞവള്‍
മാസ്മരഗന്ധമാക്കാറ്റിനേകി.
ആകുലജന്മ പരിദേവനങ്ങളില്‍
നഷ്ടവസന്ത സ്മൃതിയുനര്‍ന്നു:
പ്രേമാര്‍ദ്രമന്ത്രമുരുവിട്ടുനില്‍ക്കുമീ
പാവമാം പൂവിനെ വിട്ടു നീയി-
ന്നേതു രാപ്പാടിതന്‍ കൂട്ടിലൊളിച്ചു
പാവനപ്രേമം മടുത്തുവെന്നോ ?
വിരിയുന്ന രാവില്‍ കൊഴിയുന്ന ജന്മ -
മിതീശ്വരകല്പിതം, മാറ്റമില്ല .
എങ്കിലുമീക്കൊച്ചു പൂവിന്‍റെ യന്തര-
മെന്തിനോ തുള്ളിത്തുടിച്ചു പോയി.
ചേതനയറ്റുടല്‍ ചുങ്ങുന്നതിന്‍മുന്‍പ്
ചിത്രപതംഗമിങ്ങെത്തുമെന്നാല്‍
ആരാമതുല്യമീസ്വപ്നഭൂമിയി-
ലായിരം വത്സരമൊത്തുവാഴാം.
Wednesday, 6 August 2014
Wednesday, 25 June 2014
ആത്മാര്‍ത്ഥതയുടെ താരസ്വരം - ഡോ.ഡി.ബഞ്ചമിന്‍
പ്രശസ്ത എഴുത്തുകാരിയായ ശോഭാഡേയോട് ഒരു അഭിമുഖ സംഭാഷണത്തില്‍ ഉന്നയിച്ച ചോദ്യം, അവര്‍ ബോംബെയിലെ സിനിമാ താരങ്ങളുടെയും അതിസമ്പന്നരുടെയും പൊങ്ങച്ചലോകത്തെ
ക്കുറിച്ചല്ലാതെ അവിടത്തെ ചേരിപ്രദേശങ്ങളിലെ ജീവിതത്തെക്കുറിച്ച് എന്തുകൊണ്ട് എഴുതുന്നില്ല എന്നതായിരുന്നു. വളരെ ലളിതമായ മറുപടിയാണ് അവര്‍ നല്‍കിയത്: "എനിക്ക് പരിചയമുള്ള ജീവിതത്തെക്കുറിച്ചേ എനിക്കെഴുതാനാവൂ." ഇതില്‍ അഹന്തയോ ധാര്‍ഷ്ട്യമോ കാണുന്നവര്‍ ഉണ്ടാകാം. പക്ഷേ , ആ മറുപടിയിലെ സത്യസന്ധതയും ആര്‍ജ്ജവവും ആദരണീയമാണെന്നുതന്നെ ഞാന്‍ കരുതുന്നു. ഏതെഴുത്തുകാരനും എഴുത്തുകാരിക്കും സ്വന്തമായ ഒരു അനുഭവലോകം ഉണ്ടാവും. അതില്‍ ഒതുങ്ങിനില്‍ക്കുന്ന കാലത്തോളം അവരുടെ രചനകള്‍ മൌലികവും മൂല്യവത്തും ആയിരിക്കും. വീണുകിട്ടിയ ദര്‍ശനങ്ങള്‍ക്കും കഷ്ടപ്പെട്ട് പഠിച്ചുണ്ടാക്കുന്ന രാഷ്ട്രീയാദര്‍ശങ്ങള്‍ക്കും അനുസരിച്ച് ജീവിതത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്നത് ഒരുതരം സമര്‍ത്ഥരചനകളായിരിക്കും. അവയെ വാഴ്ത്താനും ഉണ്ടാവും കുറേ ബുദ്ധിജീവികള്‍. പണ്ട് ടോള്‍സ്റ്റോയ് പറഞ്ഞ ഒരു കാര്യമുണ്ട് : ഒരാള്‍ താനവതരിപ്പിക്കുന്ന വികാരം എത്ര തീക്ഷ്ണമായി സ്വയം അനുഭവിച്ചിരിക്കുന്നു എന്നതാണ് അതിന്‍റെ സംവേദനത്തെ സഫലവും അനായാസവും ആക്കുന്നത്.
സരോജത്തിന്‍റെ ഒരുപിടി കഥകള്‍ വായിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയതിതാണ്. സ്വന്തം അനുഭവലോകത്ത് ഒതുങ്ങിനിന്ന് അനായാസം കഥ പറഞ്ഞുപോകുന്ന സരോജം സ്വാനുഭവങ്ങളോട് സത്യസന്ധത കാട്ടുന്നു. ഒരു വെള്ളക്കോളര്‍ ഉദ്യോഗസ്ഥയുടെ ജീവിതത്തില്‍ ആര്‍ജ്ജിക്കാവുന്ന അനുഭവങ്ങളുടെ ലോകമാണത്. മിക്കവാറും മധ്യവര്‍ഗ്ഗത്തിന്‍റെ ജീവിതാനുഭവങ്ങള്‍. ചിലത് സ്വന്തം ജീവിതത്തോട് ഗാഢമായി ബന്ധപ്പെട്ടത്. ചിലത് സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ കണ്ടെത്തപ്പെട്ടത്. ചില കഥകള്‍ക്ക് സ്വകാര്യമായ ദിവാസ്വപ്നങ്ങളുടെ സ്വഭാവമാണുള്ളത്. അവ ജീവിതത്തിന്‍റെ നിഗൂഢതകളിലേക്കും ജീവിതബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്കും വെളിച്ചം പായിക്കുന്നു.
സമകാല ജീവിതത്തിനുനേരെ ജാഗ്രത്തായിരിക്കുന്ന സരോജത്തിന്‍റെ മനസ്സ് ഒട്ടേറെ അപ്രിയസത്യങ്ങള്‍ തിരിച്ചറിയുന്നു. അവ കലാത്മകമായി അനുഭവപ്പെടുത്തിത്തരികയും ചെയ്യുന്നു. പ്രഭാഷണത്തിന്‍റെയോ ആവേശത്തിന്‍റെയോ പ്രത്യയശാസ്ത്രപരമായ ചര്‍ച്ചയുടെയോ ഒന്നും സ്വഭാവം അവയ്ക്കില്ല. അവ പൂര്‍ണ്ണമായും 'കഥാത്മകം' തന്നെ. ആഖ്യാനത്തില്‍ സംവൃതമായ നര്‍മ്മത്തിന്‍റെ നേര്‍ത്ത ഛായ കലര്‍ന്നിട്ടുള്ളതും സൂക്ഷ്മദൃക്കുകള്‍ക്ക് കാണാം. സാമൂഹികമായ ഐറണികള്‍ക്ക് ആക്ഷേപഹാസ്യത്തിന്‍റെ മാനംനല്‍കുന്നത് അതാണ്. എങ്കിലും ആകെക്കൂടി ഒരു സൗമ്യത, അനുപമമായ ലാളിത്യം ഈ കഥകള്‍ക്കുണ്ട്. അവ ഉല്‍ക്കടമായ സംഘര്‍ഷങ്ങളുടെ കയങ്ങളിലേക്കോ വികാരവിക്ഷോഭത്തിന്‍റെ അലമാലകളിലേക്കോ നമ്മെ വലിച്ചെറിയുന്നില്ല. അപ്രിയസത്യത്തിന്‍റെ അനുഭവപ്രതീതി നല്‍കി സാഫല്യമടയുന്നേയുള്ളൂ. ശരിക്കും കലയുടെ മാര്‍ഗ്ഗമിതാണ്.
'വെറുമൊരു സുധാകരനും' 'വിശുദ്ധബലി'യും 'കുഞ്ഞിത്തത്ത'യും 'കാട്ടുപൂവിന്‍റെ മണവും' ഒക്കെ ഇവിടെ ഓര്‍ക്കാവുന്നതാണ്. വെറുമൊരു സുധാകരനിലെ പ്രമേയം നാം ഇതിനുമുന്‍പും പരിചയപ്പെട്ടിട്ടുണ്ടാവും. പക്ഷേ, സുധാകരന്‍റെ വ്യക്തിത്വത്തിന്‍റെ കാരിക്കേച്ചറിനോടടുത്ത ആവിഷ്കാരവും പകുതി കഴിയുമ്പോള്‍ കഥയ്ക്ക് സംഭവിക്കുന്ന ചടുലമായ ഗതിമാറ്റവും അസ്വാസ്ഥ്യജനകമായ നിര്‍വ്വഹണവും ചേരുമ്പോഴുണ്ടാകുന്നത് പുതിയൊരനുഭവമാണ്. ബാല്യകാലാനുഭവങ്ങള്‍ വിലക്ഷണമാക്കിത്തീര്‍ത്ത വ്യക്തിത്വത്തിന്‍റെ ചിത്രീകരണമാണ് 'കുഞ്ഞിത്തത്ത'. ഒപ്പം വിശുദ്ധമായ അധ:സ്ഥിതാനുകമ്പയും കഥയെ ചൈതന്യവത്താക്കുന്നു. സര്‍ഗ്ഗാത്മകമായ സന്ദിഗ്ദ്ധതയിലാണ് ഈ കഥ അവസാനിക്കുന്നത്. കഥ ചിന്തോദ്ദീപമാകുന്നതും അതുകൊണ്ടുതന്നെ. 'വലുതാകുന്ന സൂചിക്കുഴ' യിലും പരിചിതത്വവും പുതുമയും സമന്വിതമാകുന്ന ശില്പതന്ത്രമുണ്ട്. 'ജോസഫ്'മാര്‍ നമുക്ക് അപരിചിതരല്ല. പക്ഷേ, 'ലീന'മാര്‍ നമുക്ക് അത്ര സുപരിചിതരുമല്ല. ഏതു ബന്ധത്തിന്‍റെ നൈര്‍മല്യത്തെയും കളങ്കിതമാക്കുന്ന ധനദുര്‍മ്മദത്തിന്‍റെ നുഴഞ്ഞുകയറ്റത്തിലും അസാധാരണമായൊന്നുമില്ല. പക്ഷേ, കഥയുടെ നിര്‍വ്വഹണവും ആഖ്യാനത്തിന്‍റെ സര്‍ഗ്ഗാത്മകമായ ലാഘവവും നമ്മെ വ്യത്യസ്തമായ ഒരനുഭവത്തിലേക്കാണ് കൊണ്ടുപോകുന്നത്.
മനശാസ്ത്രപരമായ ഉള്‍ക്കാഴ്ചകൊണ്ട് അനുഗ്രഹീതമാണ് 'കാട്ടുപൂവിന്‍റെ മണ'വും 'വിശുദ്ധബലി'യും. ഈ ഉള്‍ക്കാഴ്ച ഫ്രോയ്ഡും യുംഗും പഠിച്ച് ഉണ്ടാക്കിയെടുത്തതല്ല. എഴുത്തുകാരിയുടെ സഹജവാസന നല്‍കിയതാണ്. പ്രതിരുദ്ധമായ രതിയുടെ പിടച്ചില്‍ ആത്മീയതകൊണ്ട് 'സബ്ലിമേറ്റ്' ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ തൈക്ഷ്ണ്യമാണ് 'വിശുദ്ധ ബലി' അനുഭവപ്പെടുത്തുന്നത്. ബൈബിള്‍വാക്യങ്ങളുടെ ഔചിത്യഭാസുരമായ നിബന്ധന ഈ കഥയ്ക്ക് ആഖ്യാനപരമായ സാന്ദ്രത നല്‍കുന്നുമുണ്ട്.
ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയായി പ്രതിഷ്ഠിക്കാവുന്നതാണ് 'കാട്ടുപൂവിന്‍റെ മണം'. അധമത്വബോധം സൃഷ്ടിക്കുന്ന അപസാമാന്യമായ മാനസികസങ്കലനവും പ്രണയത്തിന്‍റെ അസുലഭമായ സൗഗന്ധികപ്രസരവും അന്തര്‍ഭാവത്തെ അതിസാന്ദ്രമാക്കുന്നു.
സരോജത്തിന് അനുധ്യാനത്തിന്‍റെ ധാരാളം മുഹൂര്‍ത്തങ്ങള്‍ ഇനിയും ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
ഡോ:ഡി.ബഞ്ചമിന്‍
Friday, 23 May 2014
മണ്ണിന്‍റെ പെണ്ണ് (കവിത)
മഹാസമുദ്രമേ !
നീ
സുന്ദരികളില്‍ അതിസുന്ദരി തന്നെ.
നിന്‍റെ മലരികളും ചുഴലികളും
നിന്‍റെ അടിയൊഴുക്കുകളും
ഒടുവില്‍... നിന്‍റെ സുനാമികളും
കാത്തിരുന്നതാര്‍ക്കു വേണ്ടി ?
താപനിലയുടെ ഗ്രാഫ്
ഉയര്‍ന്നുയര്‍ന്ന്‍,
ധ്രുവങ്ങളോളമെത്തിയ
എന്‍റെ
എന്‍റെ
ഉഷ്ണ നിശ്വാസങ്ങളെ
ആവാഹിച്ചെടുപ്പതിനോ ?
മഹാസമുദ്രമേ !
ഇപ്പോള്‍ നീ ശാന്തമായുറങ്ങുന്ന
ഒരൊട്ടകപ്പെണ്ണു തന്നെ .
എന്‍റെ
എന്‍റെ
അഗ്നിജ്വാലകളെ
ഊതിക്കെടുത്തി
നീയെന്നെ
നെഞ്ചോടു ചേര്‍ത്തണയ്ക്കുന്നു .
ഇപ്പോള്‍ നീയെനിക്കാരാണ് ?
അഭയരക്ഷയേകുന്ന
അമ്മയോ?
രക്ഷാബന്ധമേകുന്ന
ദേവീരൂപമോ ?
Friday, 16 May 2014
ശ രീരം (കവിത )
.
ശ രീരം
ഒരു ക്ഷേത്ര ഗണിതമാണ് .
അളവുകള്‍
കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടത് .
ത്രികോണത്തിന്
നൂറ്റി യെ ണ്‍പതു ഡിഗ്രിയും
വൃത്തത്തിന്
മുന്നൂറ്റിയറുപതും.
അനുപാതം
മാറ്റി ക്കുറിക്കാന്‍
ആരും
ഇഷ്ടപ്പെടുന്നില്ല.
അരൂപിയായി വന്ന്
അളവുകള്‍ തെറ്റിക്കുന്ന
കാലത്തിന്‍റെ
കണ്ണുവെട്ടിച്ച്
ഈ ശരീരത്തെ
പ്രകാശവേഗത്തില്‍
പറത്തി വിട്ടാ ലോ?
Friday, 9 May 2014
തേക്കിലകള്‍ ഓര്‍മ്മിപ്പിക്കുന്നത് (കവിത)
രാത്രിയില്‍...
വിശന്നു വലഞ്ഞ കാറ്റിന്
എന്തൊരാര്‍ത്തി !
കണ്ണില്‍ കണ്ടത്
കരുത്തുറ്റ തേക്കുമരം.
അടിച്ചുലച്ച്,
കൊമ്പുകളടര്‍ത്തിത്തിന്നു വിശപ്പാറ്റി.
ആര്‍ത്തലച്ചു ഓടിച്ചെന്ന മഴയെ
ചിതറിച്ചീറ്റി ദാഹം തീര്‍ത്തു.
രാവിലേ...
രാവിലേ...
ഉണര്‍ന്നു പത്രം തിരഞ്ഞപ്പോള്‍
മുറ്റം നിറയെ
അടര്‍ന്നു ചിതറിയ
തേക്കിലകള്‍!
നാട്ടിന്പുറത്തെ
പൊളിഞ്ഞ തറവാടിന്‍റെ
തിണ്ണയിറമ്പത്ത്
തേക്കിലയില്‍ വിളമ്പിയ
കപ്പയും ചോറും വാരിത്തിന്നു
വിശപ്പാറ്റുന്ന
ട്യൂഷന്‍ടീച്ചര്‍
കണ്ണിലേക്കു കയറിവന്നു;
പിന്നാലേ..
കത്തിക്കരിഞ്ഞ
കത്തിക്കരിഞ്ഞ
കുടല്‍മണവുമായി
കുറേ എല്ലിന്‍ കൂടുകളും.
Subscribe to:
Posts (Atom)



.jpg)


