പ്രശസ്ത എഴുത്തുകാരിയായ ശോഭാഡേയോട് ഒരു അഭിമുഖ സംഭാഷണത്തില്‍ ഉന്നയിച്ച ചോദ്യം, അവര്‍ ബോംബെയിലെ സിനിമാ താരങ്ങളുടെയും അതിസമ്പന്നരുടെയും പൊങ്ങച്ചലോകത്തെ
ക്കുറിച്ചല്ലാതെ അവിടത്തെ ചേരിപ്രദേശങ്ങളിലെ ജീവിതത്തെക്കുറിച്ച് എന്തുകൊണ്ട് എഴുതുന്നില്ല എന്നതായിരുന്നു. വളരെ ലളിതമായ മറുപടിയാണ് അവര്‍ നല്‍കിയത്: "എനിക്ക് പരിചയമുള്ള ജീവിതത്തെക്കുറിച്ചേ എനിക്കെഴുതാനാവൂ." ഇതില്‍ അഹന്തയോ ധാര്‍ഷ്ട്യമോ കാണുന്നവര്‍ ഉണ്ടാകാം. പക്ഷേ , ആ മറുപടിയിലെ സത്യസന്ധതയും ആര്‍ജ്ജവവും ആദരണീയമാണെന്നുതന്നെ ഞാന്‍ കരുതുന്നു. ഏതെഴുത്തുകാരനും എഴുത്തുകാരിക്കും സ്വന്തമായ ഒരു അനുഭവലോകം ഉണ്ടാവും. അതില്‍ ഒതുങ്ങിനില്‍ക്കുന്ന കാലത്തോളം അവരുടെ രചനകള്‍ മൌലികവും മൂല്യവത്തും ആയിരിക്കും. വീണുകിട്ടിയ ദര്‍ശനങ്ങള്‍ക്കും കഷ്ടപ്പെട്ട് പഠിച്ചുണ്ടാക്കുന്ന രാഷ്ട്രീയാദര്‍ശങ്ങള്‍ക്കും അനുസരിച്ച് ജീവിതത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്നത് ഒരുതരം സമര്‍ത്ഥരചനകളായിരിക്കും. അവയെ വാഴ്ത്താനും ഉണ്ടാവും കുറേ ബുദ്ധിജീവികള്‍. പണ്ട് ടോള്‍സ്റ്റോയ് പറഞ്ഞ ഒരു കാര്യമുണ്ട് : ഒരാള്‍ താനവതരിപ്പിക്കുന്ന വികാരം എത്ര തീക്ഷ്ണമായി സ്വയം അനുഭവിച്ചിരിക്കുന്നു എന്നതാണ് അതിന്‍റെ സംവേദനത്തെ സഫലവും അനായാസവും ആക്കുന്നത്.
സരോജത്തിന്‍റെ ഒരുപിടി കഥകള്‍ വായിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയതിതാണ്. സ്വന്തം അനുഭവലോകത്ത് ഒതുങ്ങിനിന്ന് അനായാസം കഥ പറഞ്ഞുപോകുന്ന സരോജം സ്വാനുഭവങ്ങളോട് സത്യസന്ധത കാട്ടുന്നു. ഒരു വെള്ളക്കോളര്‍ ഉദ്യോഗസ്ഥയുടെ ജീവിതത്തില്‍ ആര്‍ജ്ജിക്കാവുന്ന അനുഭവങ്ങളുടെ ലോകമാണത്. മിക്കവാറും മധ്യവര്‍ഗ്ഗത്തിന്‍റെ ജീവിതാനുഭവങ്ങള്‍. ചിലത് സ്വന്തം ജീവിതത്തോട് ഗാഢമായി ബന്ധപ്പെട്ടത്. ചിലത് സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ കണ്ടെത്തപ്പെട്ടത്. ചില കഥകള്‍ക്ക് സ്വകാര്യമായ ദിവാസ്വപ്നങ്ങളുടെ സ്വഭാവമാണുള്ളത്. അവ ജീവിതത്തിന്‍റെ നിഗൂഢതകളിലേക്കും ജീവിതബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്കും വെളിച്ചം പായിക്കുന്നു.
സമകാല ജീവിതത്തിനുനേരെ ജാഗ്രത്തായിരിക്കുന്ന സരോജത്തിന്‍റെ മനസ്സ് ഒട്ടേറെ അപ്രിയസത്യങ്ങള്‍ തിരിച്ചറിയുന്നു. അവ കലാത്മകമായി അനുഭവപ്പെടുത്തിത്തരികയും ചെയ്യുന്നു. പ്രഭാഷണത്തിന്‍റെയോ ആവേശത്തിന്‍റെയോ പ്രത്യയശാസ്ത്രപരമായ ചര്‍ച്ചയുടെയോ ഒന്നും സ്വഭാവം അവയ്ക്കില്ല. അവ പൂര്‍ണ്ണമായും 'കഥാത്മകം' തന്നെ. ആഖ്യാനത്തില്‍ സംവൃതമായ നര്‍മ്മത്തിന്‍റെ നേര്‍ത്ത ഛായ കലര്‍ന്നിട്ടുള്ളതും സൂക്ഷ്മദൃക്കുകള്‍ക്ക് കാണാം. സാമൂഹികമായ ഐറണികള്‍ക്ക് ആക്ഷേപഹാസ്യത്തിന്‍റെ മാനംനല്‍കുന്നത് അതാണ്. എങ്കിലും ആകെക്കൂടി ഒരു സൗമ്യത, അനുപമമായ ലാളിത്യം ഈ കഥകള്‍ക്കുണ്ട്. അവ ഉല്‍ക്കടമായ സംഘര്‍ഷങ്ങളുടെ കയങ്ങളിലേക്കോ വികാരവിക്ഷോഭത്തിന്‍റെ അലമാലകളിലേക്കോ നമ്മെ വലിച്ചെറിയുന്നില്ല. അപ്രിയസത്യത്തിന്‍റെ അനുഭവപ്രതീതി നല്‍കി സാഫല്യമടയുന്നേയുള്ളൂ. ശരിക്കും കലയുടെ മാര്‍ഗ്ഗമിതാണ്.
'വെറുമൊരു സുധാകരനും' 'വിശുദ്ധബലി'യും 'കുഞ്ഞിത്തത്ത'യും 'കാട്ടുപൂവിന്‍റെ മണവും' ഒക്കെ ഇവിടെ ഓര്‍ക്കാവുന്നതാണ്. വെറുമൊരു സുധാകരനിലെ പ്രമേയം നാം ഇതിനുമുന്‍പും പരിചയപ്പെട്ടിട്ടുണ്ടാവും. പക്ഷേ, സുധാകരന്‍റെ വ്യക്തിത്വത്തിന്‍റെ കാരിക്കേച്ചറിനോടടുത്ത ആവിഷ്കാരവും പകുതി കഴിയുമ്പോള്‍ കഥയ്ക്ക് സംഭവിക്കുന്ന ചടുലമായ ഗതിമാറ്റവും അസ്വാസ്ഥ്യജനകമായ നിര്‍വ്വഹണവും ചേരുമ്പോഴുണ്ടാകുന്നത് പുതിയൊരനുഭവമാണ്. ബാല്യകാലാനുഭവങ്ങള്‍ വിലക്ഷണമാക്കിത്തീര്‍ത്ത വ്യക്തിത്വത്തിന്‍റെ ചിത്രീകരണമാണ് 'കുഞ്ഞിത്തത്ത'. ഒപ്പം വിശുദ്ധമായ അധ:സ്ഥിതാനുകമ്പയും കഥയെ ചൈതന്യവത്താക്കുന്നു. സര്‍ഗ്ഗാത്മകമായ സന്ദിഗ്ദ്ധതയിലാണ് ഈ കഥ അവസാനിക്കുന്നത്. കഥ ചിന്തോദ്ദീപമാകുന്നതും അതുകൊണ്ടുതന്നെ. 'വലുതാകുന്ന സൂചിക്കുഴ' യിലും പരിചിതത്വവും പുതുമയും സമന്വിതമാകുന്ന ശില്പതന്ത്രമുണ്ട്. 'ജോസഫ്'മാര്‍ നമുക്ക് അപരിചിതരല്ല. പക്ഷേ, 'ലീന'മാര്‍ നമുക്ക് അത്ര സുപരിചിതരുമല്ല. ഏതു ബന്ധത്തിന്‍റെ നൈര്‍മല്യത്തെയും കളങ്കിതമാക്കുന്ന ധനദുര്‍മ്മദത്തിന്‍റെ നുഴഞ്ഞുകയറ്റത്തിലും അസാധാരണമായൊന്നുമില്ല. പക്ഷേ, കഥയുടെ നിര്‍വ്വഹണവും ആഖ്യാനത്തിന്‍റെ സര്‍ഗ്ഗാത്മകമായ ലാഘവവും നമ്മെ വ്യത്യസ്തമായ ഒരനുഭവത്തിലേക്കാണ് കൊണ്ടുപോകുന്നത്.
മനശാസ്ത്രപരമായ ഉള്‍ക്കാഴ്ചകൊണ്ട് അനുഗ്രഹീതമാണ് 'കാട്ടുപൂവിന്‍റെ മണ'വും 'വിശുദ്ധബലി'യും. ഈ ഉള്‍ക്കാഴ്ച ഫ്രോയ്ഡും യുംഗും പഠിച്ച് ഉണ്ടാക്കിയെടുത്തതല്ല. എഴുത്തുകാരിയുടെ സഹജവാസന നല്‍കിയതാണ്. പ്രതിരുദ്ധമായ രതിയുടെ പിടച്ചില്‍ ആത്മീയതകൊണ്ട് 'സബ്ലിമേറ്റ്' ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ തൈക്ഷ്ണ്യമാണ് 'വിശുദ്ധ ബലി' അനുഭവപ്പെടുത്തുന്നത്. ബൈബിള്‍വാക്യങ്ങളുടെ ഔചിത്യഭാസുരമായ നിബന്ധന ഈ കഥയ്ക്ക് ആഖ്യാനപരമായ സാന്ദ്രത നല്‍കുന്നുമുണ്ട്.
ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയായി പ്രതിഷ്ഠിക്കാവുന്നതാണ് 'കാട്ടുപൂവിന്‍റെ മണം'. അധമത്വബോധം സൃഷ്ടിക്കുന്ന അപസാമാന്യമായ മാനസികസങ്കലനവും പ്രണയത്തിന്‍റെ അസുലഭമായ സൗഗന്ധികപ്രസരവും അന്തര്‍ഭാവത്തെ അതിസാന്ദ്രമാക്കുന്നു.
സരോജത്തിന് അനുധ്യാനത്തിന്‍റെ ധാരാളം മുഹൂര്‍ത്തങ്ങള്‍ ഇനിയും ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
ഡോ:ഡി.ബഞ്ചമിന്‍
No comments:
Post a Comment