ദാഹാര്‍ത്ത യാമങ്ങള്‍ തേടുന്ന തേന്‍കണം
രാഗാര്‍ദ്രമാനസം ചൂടി രാവില്‍
മായാസുഗന്ധം പരത്തിയെല്ലാടവും
ചാരുവാം വെള്ളദളം വിടര്‍ത്തി
ആനന്ദനര്‍ത്തനമാടുവാന്‍ നാഥന്‍റെ -
യാഗമം കാത്തു നിശാഗന്ധിയാള്‍.
ആയതനേത്രങ്ങള്‍ ചിമ്മിയില്ലോമലാ-
ളാനിമിഷം നാഥനെത്തിയാലോ?
രാവിന്‍റെ യാമങ്ങളേറെക്കൊഴിഞ്ഞുപോയ് ,
തോഴിയായ്പൊന്നിളം തെന്നല്‍ മാത്രം.
ഇത്രമേല്‍ വൈകുവതെന്തേ ശലഭമേ?
നൊമ്പരപ്പെട്ടു നിശാഗന്ധിയാള്‍.
തുച്ഛജന്മമാം കൊച്ചുനീര്‍പ്പോളപോല്‍
പൊട്ടിച്ചിതറിയാ പാഴ്ക്കിനാക്കള്‍.
മായികമാം മൃദുസ്മേരം വെടിഞ്ഞവള്‍
മാസ്മരഗന്ധമാക്കാറ്റിനേകി.
ആകുലജന്മ പരിദേവനങ്ങളില്‍
നഷ്ടവസന്ത സ്മൃതിയുനര്‍ന്നു:
പ്രേമാര്‍ദ്രമന്ത്രമുരുവിട്ടുനില്‍ക്കുമീ
പാവമാം പൂവിനെ വിട്ടു നീയി-
ന്നേതു രാപ്പാടിതന്‍ കൂട്ടിലൊളിച്ചു
പാവനപ്രേമം മടുത്തുവെന്നോ ?
വിരിയുന്ന രാവില്‍ കൊഴിയുന്ന ജന്മ -
മിതീശ്വരകല്പിതം, മാറ്റമില്ല .
എങ്കിലുമീക്കൊച്ചു പൂവിന്‍റെ യന്തര-
മെന്തിനോ തുള്ളിത്തുടിച്ചു പോയി.
ചേതനയറ്റുടല്‍ ചുങ്ങുന്നതിന്‍മുന്‍പ്
ചിത്രപതംഗമിങ്ങെത്തുമെന്നാല്‍
ആരാമതുല്യമീസ്വപ്നഭൂമിയി-
ലായിരം വത്സരമൊത്തുവാഴാം.
No comments:
Post a Comment