Tuesday, 6 August 2013
നെല്ലിക്ക (കഥ)
(ഞാനും എന്‍റെ ആദ്യത്തെ കഥാപാത്രവും)
മുറ്റത്തുകിടന്ന വര്‍ത്തമാനപ്പത്രം എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തൊട്ടടുത്ത് ഒരു നെല്ലിക്ക !
വീടിന്‍റെ പടിഞ്ഞാറേമൂലയില്‍ തഴച്ചുവളര്‍ന്നുനില്‍ക്കുന്ന നെല്ലിമരത്തിലേക്ക് എന്‍റെ കണ്ണുകള്‍ പരതിനടന്നു . മരത്തില്‍ ഒറ്റ കായ്പോലും കാണാനില്ല!
ആ നെല്ലിക്ക മുറുകെപ്പിടിച്ചുകൊണ്ട് ഓര്‍മ്മച്ചെപ്പു തുറന്നു.
'നീയിങ്ങു വന്നേ, ഒരു കാര്യം കാണിച്ചുതരാം.' ബാബുവേട്ടന്‍ ഉറക്കെ വിളിച്ചു .
'ഞാന്‍ തുണി കഴുകുന്നേ .... പിന്നെ വരാം ' ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു .
'അതു പിന്നെ ചെയ്യാം , നീയിങ്ങോട്ടോടിവാ '.
ബാബുവേട്ടന്‍ വലിയ സന്തോഷത്തിലാണെന്നു തോന്നി .ഇതെന്താണാവോ ഇത്രവലിയ കാര്യം എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല . സാരിത്തുമ്പില്‍ കൈതുടച്ചുകൊണ്ട് ഓടിച്ചെന്നു.
അതുവരെ കണ്ടിട്ടില്ലാത്ത ഒരു കൊച്ചു നെല്ലിത്തൈ!
അതിന്‍റെ ചുറ്റും തടംവച്ചു വെള്ളമൊഴിച്ച്, സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു :
'ഇതിവിടെ നിന്നിട്ട് നമ്മളിതേവരെ കണ്ടില്ലല്ലോ.
ശരിയാണ്. ആകെയുള്ള പത്തുസെന്റു പുരയിടത്തില്‍ മരങ്ങളും ചെടികളും വളരെ കുറച്ചേയുള്ളൂവെങ്കിലും എല്ലാറ്റിനോടും ദിവസവും കുശലംപറഞ്ഞു തഴുകിത്താലോലിക്കുന്നത് ഞങ്ങളുടെ പതിവായിരുന്നു. എന്നിട്ടും ഈ നെല്ലിത്തൈ ഞങ്ങളുടെ കണ്ണില്‍പെടാതെ എങ്ങനെ ഇത്രനാള്‍ വളര്‍ന്നു എന്നോര്‍ത്തപ്പോള്‍ അതിശയം തോന്നി .
പിന്നെ എല്ലാദിവസവും അതിനെ താലോലിക്കുന്നതു പതിവാക്കി .
ഒരവും വെള്ളവും ഇഷ്ടംപോലെ കൊടുത്തപ്പോള്‍ അത് വേഗം തഴച്ചുവളര്‍ന്നു. ചെറുചില്ലകള്‍ മതിലിനു പുറത്തുകൂടി അടുത്ത പുരയിടത്തിലേക്കു പടര്‍ന്നു.
അയല്‍വീട്ടിലെ പയ്യന്‍സ് ഒരുദിവസം വെട്ടുകത്തിയുടെ മൂര്‍ച്ചനോക്കിയത് നെല്ലിമരത്തിന്റെ ഏതാനും ചില്ലകള്‍ അരിഞ്ഞുവീഴ്ത്തിക്കൊണ്ടായിരുന്നു!
വൈകിട്ട് ഓഫീസില്‍നിന്നും വന്നപ്പോള്‍, ഒരുവശത്തെ ചില്ലകള്‍ നഷ്ടപ്പെട്ട നെല്ലിമരത്തെക്കണ്ട് ഞങ്ങള്‍ തളര്‍ന്നുപോയി .
ബാബുവേട്ടന്‍ അരിശവും സങ്കടവും സഹിക്കാതെ പുലമ്പി :
'ഏതു ദ്രോഹിയാണെന്റെ മരത്തിന്‍റെ ചില്ലയരിഞ്ഞത് ?
'അങ്ങേതിലെ കുട്ടനാ ' മകന്‍ പറഞ്ഞു .
'എന്‍റെ സ്വന്തംമോനെപ്പോലെ സ്നേഹിച്ചുവളര്‍ത്തുന്ന നെല്ലിയാണ് . അതിന്‍റെ ചില്ലയരിയാന്‍ അവനെങ്ങനെ മനസ്സുവന്നു ?'
പുലമ്പിയും നെടുവീര്‍പ്പിട്ടും ഉമ്മറപ്പടിയില്‍ കുറേനേരം കുത്തിയിരുന്നു ; പിന്നെ എണീറ്റുചെന്ന്‍ കുട്ടനെ കുറേ ശകാരിച്ചു. എന്നിട്ട് നെല്ലിമരത്തെ തഴുകിക്കൊണ്ടു ചോദിച്ചു :
'നിനക്കു വേദനിച്ചോ ? സാരമില്ല പോട്ടെ . നിനക്കു ഞാന്‍ ഇഷ്ടംപോലെ വെള്ളം തരാം; പകരമെനിക്ക് മധുരമുള്ള നെല്ലിക്ക തരണം കേട്ടോ .'
പിന്നെ എന്‍റെനേരേ തിരിഞ്ഞ് പറഞ്ഞു : 'നമ്മുടെ മക്കള്‍ക്കിവള്‍ ധാരാളം നെല്ലിക്ക തരും ,
നീ കണ്ടോ .'
കുഞ്ഞുചില്ലകളാട്ടി നെല്ലിമരം സമ്മതിച്ചു .
ആ നെല്ലിമരം തന്ന ആദ്യത്തെ കായാണ് എന്‍റെ കൈക്കുള്ളില്‍ എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി . തൊണ്ട വരളുന്നതുപോലെ . നെഞ്ചിനു വല്ലാത്ത വിങ്ങല്‍......
എനിക്കു കാണാന്‍ കഴിയാത്ത ഏതോ ലോകത്തില്‍ ഒളിച്ചിരുന്നുകൊണ്ട് ബാബുവേട്ടന്‍ ഈ നെല്ലിമരത്തെ ഇപ്പോഴും താലോലിക്കുന്നുണ്ടാവും .
'ഈ നെല്ലിക്ക ഞാന്‍ തിന്നോട്ടെ ?' മനസ്സുകൊണ്ട് ഞാന്‍ അനുവാദം ചോദിച്ചു.
പിന്നെ, നെല്ലിക്ക വായിലിട്ട് അതിന്‍റെ സ്വാദ് ആസ്വദിച്ചു; കയ്പ്പും മധുരവും കലര്‍ന്ന സ്വാദ് !
കയ്പ്പും മധുരവും ഇടകലര്‍ന്ന ജീവിതംപോലെ !!!
Monday, 5 August 2013
രാധാശില (കഥ)
"രണ്ടു പ്രണയവും ചേര്‍ന്നു ഒന്നാകേണ്ടതിനായി വൃന്ദാവനം ഒരുങ്ങുകയായിരുന്നു. വൃന്ദാവനമെന്നാല്‍ പ്രണയസങ്കല്പത്തിലെ സ്വര്‍ഗ്ഗം.
നന്ദന എന്ന ഗവേഷണവിദ്യാര്‍ത്ഥിനിയുടെ പ്രബന്ധത്തിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു .
" രാധയുടെ പ്രണയം സത്യസന്ധമായിരുന്നു. ആദ്യവസാനങ്ങളില്ലാത്ത ദിവ്യപ്രണയമായിരുന്നു അത്. തിരിച്ച് കൃഷ്ണനും അതേപ്രണയമായിരുന്നു രാധയോട്. അതിരുകളില്ലാത്ത..... നിബന്ധനകളില്ലാത്ത പ്രണയം .
പുരുഷപ്രണയത്തിന്‍റെ മൂര്‍ത്തിമത് ഭാവമായിരുന്നു കൃഷ്ണന്‍.
തന്‍റെ കണ്ടെത്തലുകള്‍ രാധയുടെയും കൃഷ്ണന്‍റെയും പ്രണയജീവിതത്തിലെ അറിയപ്പെടാത്ത അധ്യായങ്ങളിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് നന്ദന സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല; പക്ഷേ സംഭവിച്ചതങ്ങനെയാണ്. ഏതോ ഒരദൃശ്യശക്തിയുടെ നിയോഗംപോലെ അതങ്ങനെ സംഭവിക്കുകയായിരുന്നു .
അന്നൊരിക്കല്‍ രാധയുടെ മടിയില്‍ തലവച്ചുകിടന്നുകൊണ്ട് കൃഷ്ണന്‍ ചോദിച്ചു :
'രാധേ ,ഞാന്‍ നിന്നെ ഉപേക്ഷിച്ചുപോയാല്‍ നീ എന്തുചെയ്യും ? '
രാധ മറുപടി പറഞ്ഞു :'കൃഷ്ണാ, നിനക്കെന്‍റെ ശരീരത്തെ ഉപേക്ഷിച്ചുപോകാനാവും. പക്ഷേ, എന്‍റെ പ്രണയം........ അതില്ലെങ്കില്‍ നീ പൂര്‍ണ്ണനല്ലാതാകും. അപൂര്‍ണ്ണനായാല്‍ പിന്നെ നീ എന്തുചെയ്യും?'
കൃഷ്ണന്‍ പറഞ്ഞു :'അതെ രാധേ, നമ്മള്‍ പ്രണയത്തിന്‍റെ തുല്യപങ്കാളികളാകുന്നു; ഒറ്റയ്ക്കൊറ്റയ്ക്ക് നിലനില്‍പ്പില്ലാത്തവരാകുന്നു.'
'കൃഷ്ണാ, നമ്മുടെ പ്രണയതുല്യതയെക്കുറിച്ച് വരുംതലമുറകള്‍ അറിയേണ്ടതിനു എന്തടയാളമാണ് നാം ഈ വൃന്ദാവനത്തില്‍ അവശേഷിപ്പിക്കേണ്ടത് ?' രാധ ചോദിച്ചു .
നീലക്കടമ്പുകള്‍ പൂത്തുനില്‍ക്കുന്ന യമുനാതീരംവിട്ട്, കൃഷ്ണന്‍ രാധയെ വനാന്തരത്തിലെ പാറക്കൂട്ടങ്ങളിലേക്കാനയിച്ചു.
വേറിട്ടുനില്‍ക്കുന്ന രണ്ടു ശിലകളെ തൊട്ടുഴിഞ്ഞുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു :

'നോക്കൂ രാധേ , പരസ്പരാഭിമുഖമായി നില്‍ക്കുന്ന രണ്ടു ശിലകള്‍ ;
ഒന്നു കൃഷ്ണശില, മറ്റേതു രാധാശില. ഈ രണ്ടു ശിലകള്‍ നമ്മുടെ പ്രണയതുല്യതയുടെ പ്രതീകമായി എക്കാലവും വൃന്ദാവനത്തിലുണ്ടാവും. നമ്മുടെ ആത്മാവ് ഈ ശിലാഹൃദയങ്ങളില്‍ കുടികൊള്ളും. വരുംതലമുറകള്‍ നമ്മുടെ പ്രണയത്തെ വാഴ്ത്തിപ്പാടും.'
രാധാകൃഷ്ണന്മാരുടെ പ്രണയസമത്വം കണ്ട് ദേവകള്‍ ആശ്ചര്യപ്പെട്ടു. 'രാധ എന്ന ഗോപികയെ അവതാരപുരുഷനായ കൃഷ്ണന്‍ സമത്വപദവിയിലേക്കുയര്‍ത്തുകയോ ? കാലാകാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന സാമൂഹ്യക്രമത്തിനു മാറ്റംവരുത്തുകയോ ? എന്തൊരു വിഡ്ഢിത്തമാണത് !'
അവര്‍ കാര്യത്തിന്‍റെ ഗൌരവം കൃഷ്ണനെ ധരിപ്പിക്കാന്‍ ആവതു ശ്രമിച്ചു.
എന്നാല്‍ കൃഷ്ണനാവട്ടെ ദേവകളുടെ ഉപദേശം ചെവിക്കൊണ്ടില്ല .
കുപിതരായ ദേവകള്‍ സമസ്താപരാധവും പ്രണയിനിയായ രാധയുടെമേല്‍ ആരോപിച്ചു : 'അവള്‍ ഭര്‍തൃമതി ആയിരുന്നിട്ടും കൃഷ്ണനോടൊപ്പം ആടിപ്പാടിനടക്കുന്നതു പാപമാണ്. കൃഷ്ണന്‍റെ അവതാരലക്‌ഷ്യം മുടക്കാനുള്ള ആയുധമാണ് അവളുടെ പ്രണയം.'
കൃഷ്ണന്‍ എല്ലാം ചിരിച്ചുതള്ളി. അവന്‍ പറഞ്ഞു: 'നിങ്ങള്‍ക്കെന്തറിയാം രാധയുടെ പ്രണയത്തെപ്പറ്റി ? മുപ്പത്തിമുക്കോടി ദേവകളുടെ അനുഗ്രഹത്തെക്കാള്‍ കൃഷ്ണനു കരുത്തു പകരുന്നത് വൃന്ദാവനത്തിലെ രാധയുടെ നിഷ്കളങ്കമായ പ്രണയം തന്നെ. അവളുടെ അചഞ്ചലമായ പ്രണയമില്ലെങ്കില്‍ ശ്യാമകൃഷ്ണന് ഒരു മുളന്തണ്ടൂതാനുള്ള ഊര്‍ജ്ജംപോലും ഉണ്ടാവില്ല.'
കൃഷ്ണന്‍റെ വാക്കുകള്‍ ദേവകളെ ചൊടിപ്പിച്ചു. അവരുടെ വെറുപ്പും പകയും മുഴുവന്‍ രാധയോടായി . പകരംവീട്ടാന്‍ അവര്‍ തക്കംപാര്‍ത്തിരിപ്പായി.
നന്ദനയുടെ ഗവേഷണവഴിയില്‍ സംശയങ്ങള്‍ തലപൊക്കിനിന്നു:
സപ്തസ്വരങ്ങളുണര്‍ത്തുന്ന കൃഷ്ണശിലയില്‍ പൂജാവിഗ്രഹങ്ങള്‍ തീര്‍ത്ത രാജശില്‍പ്പികള്‍ പോലും സപ്തവര്‍ണ്ണസാന്ദ്രമായ രാധാശിലയെ അവഗണിക്കാന്‍ കാരണമെന്ത് ? കൃഷ്ണന്‍റെ ശക്തിദുര്‍ഗ്ഗമായി വര്‍ത്തിച്ച രാധയോട് യദുകുലനായികമാര്‍ക്കുണ്ടായിരുന്ന അതേ കുശുമ്പു തന്നെയാവാം; അനുരാഗക്കുശുമ്പ്!
കൃഷ്ണന്‍റെ പ്രണയസാമ്രാജ്യത്തില്‍ ഏകാവകാശിയായി വിരാജിച്ച രാധയെ വെറുമൊരു ഗോപികയാക്കിയതാര് ...... കൃഷ്ണഗാഥാകാരനോ ?
കാലാകാലങ്ങളായി യുവമനസ്സുകള്‍ താലോലിച്ചുപോന്ന രാധാകൃഷ്ണസങ്കല്‍പം ; അനശ്വരപ്രേമത്തിന്‍റെ അടയാളമായ രാധാകൃഷ്ണശിലകള്‍..... ഇതൊക്കെ അറുപഴഞ്ചന്‍ സങ്കല്പങ്ങളാണെന്ന്‍ വിധിയെഴുതാന്‍ ആര്‍ക്കെന്തവകാശം ?
ദ്വാപരയുഗത്തില്‍ യദുകുലത്തിലെ സ്ത്രീജനങ്ങള്‍ സമത്വവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്ന സത്യം ചരിത്രപുസ്തകത്തില്‍നിന്നു മായ്ച്ചുകളഞ്ഞതാര് ?
നൈമിഷികപ്രണയത്തിന്‍റെ ആരാധകര്‍ക്ക് അനശ്വരപ്രണയമെന്നു കേള്‍ക്കുന്നതേ അലര്‍ജിയാണത്രെ. 'മൊബൈല്‍ഓഫറുക'ളുടെ കാലാവധിപോലുമില്ലാത്ത പ്രണയജീവിതങ്ങള്‍ അരങ്ങുവാഴുന്ന സൈബര്‍യുഗത്തില്‍ രാധയും കൃഷ്ണനും പുനര്‍ജനിച്ചാല്‍ എന്താവും കഥ ?
അവര്‍ സൈബര്‍പ്രണയവുമായി ഒത്തുപോകുമോ ?
അതോ , കാലം അവര്‍ക്കുവേണ്ടി പുറകോട്ടു നടക്കുമോ ?
ഗവേഷണവിഷയത്തില്‍ ബഹുദൂരം മുമ്പോട്ടു പോയിട്ടും നന്ദനയ്ക്ക് സംശയങ്ങള്‍ പിന്നെയും ബാക്കിയായി .
നിശയുടെ നിശബ്ദതയില്‍ അവളുടെ ചിന്തകള്‍ക്കു തീപിടിക്കുകയായിരുന്നു .
ജാലകച്ചില്ലുകള്‍ നീക്കി നീലാകാശത്തിലേക്കവള്‍ മിഴികളയച്ചു .
ഒരേ വലിപ്പത്തിലുള്ള രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം നോക്കിനില്‍ക്കുന്നു ; പ്രണയതുല്യതയുടെ പ്രതീകങ്ങള്‍പോലെ ! കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെ നിന്ന് ആ നക്ഷത്രജോഡികള്‍ ഭൂമിയിലേക്കയയ്ക്കുന്ന സന്ദേശരശ്മികളുടെ പൊരുളെന്തായിരിക്കാം?
ഭൂമിയിലെ പ്രണയജോഡികള്‍ക്ക് അതൊക്കെ വായിച്ചറിയാന്‍ പറ്റിയ കണ്ണും തലച്ചോറും രൂപപ്പെട്ടുവരുമോ ? ഇനിയും എത്രയെത്ര പരിണാമപ്രക്രിയകള്‍ക്കു ശേഷമായിരിക്കും അതു സംഭവിക്കുക ?
അന്ന് മണ്ണിലെ മനുഷ്യന്‍റെ രൂപവും ഭാവവും എങ്ങനെ ആയിരിക്കും ? രാധാകൃഷ്ണന്മാരെപ്പോലെ പ്രണയതുല്യത ഇഷ്ടപ്പെടുന്നവരായിരിക്കുമോ അന്നത്തെ സ്ത്രീപുരുഷന്മാര്‍ ? അല്ലായെങ്കില്‍ അവരും പറയുമായിരിക്കാം രാധാകൃഷ്ണന്മാര്‍ വെറും സങ്കല്പമാണെന്ന്‍ ; പ്രണയതുല്യത വെറും മിഥ്യയാണെന്ന്‍.
'യൂസ് ആന്‍റ് ത്രോ'സംസ്കാരത്തിന്‍റെ വക്താക്കള്‍ക്ക് എന്നോ കണ്ടുമറഞ്ഞ കൃഷ്ണനെ കാത്തിരിക്കുന്ന രാധ ഒരു വിഡ്ഢിയായിരിക്കാം .അവര്‍ ചോദിക്കുമായിരിക്കാം -'എടി രാധേ , ജീവിക്കാനറിയാത്തവളെ, ആരാടീ നിന്‍റെ കൃഷ്ണന്‍ ? അവനൊരു ചതിയനല്ലേ ? ഈ നിമിഷം അവന്‍ നിന്നോടൊത്തു വൃന്ദാവനത്തിലാണെങ്കില്‍ അടുത്തനിമിഷം മധുരാപുരിയിലായിരിക്കും. നിന്‍റെയും രുക്മിണിയുടെയും കണ്ണുവെട്ടിച്ച് ആഗോളഗോപികമാരുമൊത്ത് വേണുവൂതി രസിക്കുകയാവും. തുല്യതാസിദ്ധാന്തം പറഞ്ഞ് അവന്‍ നിന്നെ പറ്റിക്കുകയായിരുന്നില്ലേ ഇത്രയുംകാലം ?'
'ശരിയായിരിക്കാം; നിങ്ങള്‍ പുതിയ തലമുറക്കാര്‍ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ എന്‍റെ കൃഷ്ണന്‍ എന്‍റെ മനസ്സില്‍ കുടിയിരിക്കുന്നവനാണ് ,എന്‍റെ അടക്കാനാവാത്ത പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമാണ് .അവനില്‍നിന്ന് പ്രണയതുല്യത
അനുഭവിച്ചറിഞ്ഞവളാണ് ഈ രാധ. കൃഷ്ണനില്ലെങ്കില്‍ രാധയുമില്ല . നിങ്ങളുടെ പ്രണയസങ്കല്‍പ്പങ്ങള്‍ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും നക്ഷത്രങ്ങളിലുമൊക്കെ താല്‍ക്കാലിക വൃന്ദാവനങ്ങള്‍ ഒരുക്കുമ്പോള്‍ രാധയ്ക്ക് ഈ വൃന്ദാവനവും ഇവിടത്തെ സുഖങ്ങളും ധാരാളം. നീലക്കടമ്പുകള്‍ പൂക്കുമ്പോള്‍ എന്‍റെ കൃഷ്ണന്‍ കോലക്കുഴല്‍ വിളിച്ചുകൊണ്ട് എന്‍റെ അരികിലെത്തും . ഞങ്ങളുടെ പ്രണയതുല്യതയുടെ പ്രതീകമായി കൃഷ്ണശിലയും രാധാശിലയും പരസ്പരാഭിമുഖ്യത്തോടെ വൃന്ദാവനത്തില്‍ പുലരുകയും ചെയ്യും ; ഭൂമിയുള്ള കാലത്തോളം. '
ഗവേഷണപ്രബന്ധം പൂര്‍ത്തിയാക്കി നന്ദന ഉറങ്ങാന്‍ കിടന്നു .
'ഗവേഷണത്തിനു മറ്റൊരു വിഷയവും കിട്ടിയില്ലേ നിനക്ക് ? നിന്‍റെയൊരു കണ്ടെത്തല്‍ ... രാധാശിലയും തുല്യപ്രണയവും ! ഈ പ്രബന്ധവുമായി മുന്നോട്ടുപോകാമെന്ന്‍ നീ കരുതുന്നുണ്ടോ ? സൈബര്‍പ്രണയത്തിന്‍റെ വക്താക്കള്‍ നിനക്കെതിരെ സംഘടിക്കുന്നുണ്ട് . അവര്‍ നിന്‍റെ കമ്പ്യൂട്ടറില്‍ വൈറസ്സുകളെ കടത്തിവിടും, രാധാശിലയെ വേരോടെ പിഴുതെറിയും .....' കമ്പ്യൂട്ടര്‍മൌസിന്‍റെ വലിപ്പമുള്ള നാനോമനുഷ്യന്‍ അവളെ ഭീഷണിപ്പെടുത്തി.
നന്ദന ചാടിയെണീറ്റ് കമ്പ്യൂട്ടര്‍ ഓണ്‍ചെയ്തു. പ്രബന്ധത്തിന്‍റെ പേജുകള്‍ ഓരോന്നായി സ്ക്രോള്‍ചെയ്തുനോക്കി . അനുബന്ധമായി ചേര്‍ത്തിരുന്ന ചിത്രങ്ങളിലൊന്ന്‍ കാണാനില്ല !
അവള്‍ വൃന്ദാവനത്തിലേക്കോടി.
പാറക്കൂട്ടങ്ങളില്‍നിന്ന്‍ വേറിട്ടുനിന്ന രണ്ടു ശിലകള്‍ .... പരസ്പരാഭിമുഖമായി നിന്നിരുന്ന രാധാകൃഷ്ണശിലകള്‍ .... അതിലൊരെണ്ണം..... രാധാശില ..... പിഴുതുമാറ്റപ്പെട്ടിരിക്കുന്നു !
Saturday, 3 August 2013
ശിഥിലചിന്തകള്‍ (കവിത)
ഒഴുകും രുധിരപ്പുഴതന്‍ നടുവില്‍
തുഴയില്ലാക്കളിയോടംപോല്‍
അഴലിന്നാഴച്ചുഴികളില്‍ മുങ്ങി-
ത്താഴുകയോ നരജന്മങ്ങള്‍!
കദനക്കടലിന്‍ തീരത്തായവര്‍
നട്ടുനനയ്ക്കും സ്നേഹതരുക്കള്‍ .
കണ്ണീര്‍പ്പൂക്കള്‍ കോര്‍ത്തവരെന്നും
ജീവിതമാല്യമൊരുക്കും.
ഇത്തിരിമോഹക്കുളിരും കൊണ്ടേ
വര്‍ണ്ണക്കിളികള്‍ വിരുന്നുവരും ;
മിഴികളടച്ചു തുറക്കും മുമ്പെ
കരളും കൊത്തിയകന്നേപോം .
ചാരുതമാം തിരശ്ശീലയ്ക്കുള്ളില്‍
മൂകതമുറ്റിയ ബന്ധുതകള്‍!
വൈരംമൂത്തുപഴുക്കും മുറിവുക-
ളര്‍ത്ഥംകൊണ്ടു പൊറുക്കില്ല .
പതിരുകള്‍ വിളയും വയലുകളില്‍
കതിര്‍മണി തേടിത്തളരുമ്പോള്‍
പാപക്കനികള്‍ ചൂടും ദാരുവില്‍
നാഗം വന്നുവിളിക്കുമ്പോള്‍
വിഹ്വലമനസ്സിന്‍ ഭാവന നെയ്യും
മായിക മോക്ഷ കവാടത്തില്‍
നോമ്പുകള്‍നോറ്റും ഭജനമിരുന്നും
ശാശ്വതസ്വര്‍ഗ്ഗം തേടുന്നു !!!
തോപ്പുമുക്കിലെ ഭ്രാന്തി
കുണ്ടമണ്‍കടവു പാലത്തില്‍ നിരങ്ങിനീങ്ങുന്ന വാഹനവ്യൂഹത്തെ തടഞ്ഞുനിറുത്തി , അവയ്ക്കുമുന്നില്‍ വട്ടത്തിലും കുറുകെയുമൊക്കെ ചുവടുവച്ചാടുകയായിരുന്നു അന്നവള്‍ .
ചുവന്ന ഞുറിപ്പാവാടയും ചോളിയും ധരിച്ച് , മുടിച്ചുരുളില്‍ വാടിയ പൂവിതള്‍ തിരുകി, നെറ്റിയില്‍ ചെമ്മഞ്ഞക്കുറിവരച്ച്, കവിളില്‍ വെളുത്തപൌഡര്‍ വാരിത്തേച്ചു, കണ്‍തടങ്ങളില്‍ കരിമഷി പടര്‍ത്തി, കാതില്‍ വെള്ളിഞാത്തു തൂക്കി, കഴുത്തില്‍ കല്ലുമാലകള്‍ വാരിയണിഞ്ഞ്, കൈനിറയെ ഗില്‍റ്റു വളകളും ചുറ്റുമോതിരങ്ങളുമിട്ട്, കാലില്‍ വെള്ളിക്കൊലുസും മണിമിഞ്ചിയും ചാര്‍ത്തി നഗരവീഥിയില്‍ അവള്‍ നിറഞ്ഞാടി.
വാഹനങ്ങളില്‍നിന്നും പതിക്കുന്ന കണ്ണേറുകളെയും കൌതുകങ്ങളെയും വകഞ്ഞുമാറ്റാനെന്നപോലെ ഇടയ്ക്കിടെ അവള്‍ റോഡിന്‍റെ കറുപ്പിലേക്ക് കാര്‍ക്കിച്ചുതുപ്പുകയും ചിറിതുടച്ച കൈത്തലം പാവാടയുടെ ചുവപ്പില്‍ ഉരച്ചുകളയുകയും ചെയ്തിരുന്നു.
ഗതാഗതക്കുരുക്കഴിക്കാന്‍ വന്ന പൊലീസുകാരനെക്കണ്ടതും
സഡന്‍ബ്രേക്കിട്ടതു പോലെ അവള്‍ നിന്നു! കണ്ണുകളില്‍ പ്രതികാ
രത്തിന്‍റെ തീപ്പൊരിപാറി.
നാറുന്ന വായില്‍നിന്ന് തെറിവാക്കുകള്‍ ചിതറിത്തെറിച്ചു.
ഭ്രാന്തി.....ഭ്രാന്തി..... ആളുകള്‍ കൂകിവിളിച്ചു.
ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞുവന്ന്‍ അവള്‍ക്കരികില്‍ ബ്രേക്കിട്ടു.
അതിനുള്ളില്‍നിന്ന് ചാടിയിറങ്ങിയ പോലീസുകാരന്‍ അവളെ വണ്ടിയിലേക്കു
വലിച്ചെറിഞ്ഞു.
അവളുടെ തെറിവാക്കുകള്‍ തല്ലുകൊണ്ട നായുടെ മോങ്ങലായി അകന്നുപോയി.
പിന്നീട് ഞാനവളെക്കണ്ടത് എന്‍റെ വീട്ടുമുറ്റത്തായിരുന്നു!
എന്തോ പരതുന്നതുപോലെ അവളുടെ കണ്ണുകള്‍ വീടിനുള്ളിലേക്ക്
നീളുന്നുണ്ടായിരുന്നു.
എന്നെ കണ്ടയുടനെ അവള്‍ ചോദിച്ചു: അഞ്ചുരൂപ തരുമോ?
രൂപ കൊടുത്തപ്പോള്‍ അടുത്ത ചോദ്യം: ദോശയും ചായയും തരുമോ?
അതും കൊടുത്തു.
പിന്നെ ആഴ്ചകളോളം എന്നും രാവിലെ കൃത്യം ഏഴുമണിക്ക് അവള്‍ എന്‍റെ
വീട്ടുപടിക്കല്‍ എത്തുമായിരുന്നു. ചായയും പലഹാരങ്ങളും കഴിക്കുന്നതി
നിടയില്‍ ഒരു സ്നിഫിംഗ്ഡോഗിനെപ്പോലെ ചവിട്ടുപടിയിലും ചപ്പല്‍സ്റ്റാന്‍റി
ലുമൊക്കെ മൂക്കുരസുന്നത് എന്‍റെ ശ്രദ്ധയില്‍പെട്ടു.
നീയെന്താടീ പൊലീസുനായെപ്പോലെ? ഞാന്‍ ചോദിച്ചു.
ഇവിടത്തെ ആണുങ്ങളൊക്കെയെവിടെ?
ആണുങ്ങളോ? എന്തിനാ?
എനിക്ക് കാണാന്‍ .
ഇവിടെ ആണുങ്ങളാരുമില്ല.
മൂക്കുവിടര്‍ത്തി വീണ്ടും മണം പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു:
ഒണ്ടല്ല്; നിങ്ങളു കള്ളം പറയല്ല്.
എന്‍റെ വാക്കുകളിലെ കള്ളം കണ്ടുപിടിച്ച അവള്‍ക്ക് ഭ്രാന്താണെന്നു
വിശ്വസിക്കാന്‍ എനിക്കായില്ല.
ഒരുദിവസം ഞാനവളുടെ പേരു ചോദിച്ചു:
നിന്‍റെ പേരെന്താ പെണ്ണേ?
പേരുപറഞ്ഞാ കുട്ടപ്പന്നായരെ കാണിച്ചുതരുമോ?
കുട്ടപ്പന്നായരോ? അതാരാ?
അയ്യൊ! നിങ്ങക്കറിഞ്ഞൂടെ? എന്നെ കല്യാണം കഴിക്കാന്‍പോണ ആളാണ്....
ഒരു നാടന്‍പെണ്ണിന്‍റെ നാണത്തോടെ അവള്‍ പറഞ്ഞു.
നീ അയാളെ കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടെന്നവള്‍ തലയാട്ടി.
വെളുത്ത നെറോം നല്ല പൊക്കോം ഒക്കെയുണ്ട്.
അതു പറഞ്ഞപ്പോള്‍ അവളുടെ കറുപ്പുമുറ്റിയ മുഖത്തു ഒരു വെളുത്ത
പുഞ്ചിരി വിരിഞ്ഞു.
ഏതോ സുഖനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നതുപോലെ അവള്‍ കണ്ണടച്ചിരുന്നു.
ആ സ്വര്‍ഗ്ഗത്തില്‍നിന്നു അവളെ വിളിച്ചുണര്‍ത്താന്‍ എനിക്ക് മനസ്സുവന്നില്ല.
ഞാനെന്‍റെ ജോലികളില്‍ വ്യാപൃതയായി. കുറേക്കഴിഞ്ഞു വന്നുനോക്കുമ്പോള്‍
അവള്‍ അവിടെ ഉണ്ടായിരുന്നില്ല.
അടുത്തദിവസം അവള്‍ വല്ലാത്ത ഇളക്കത്തിലായിരുന്നു.
മുഖംതാഴ്ത്തി, നഖംനുള്ളിനിന്നുകൊണ്ട്എന്നോടു ചോദിച്ചു:
എനിക്കൊരു സാരി തരുമോ?
നിനക്കെന്തിനാ സാരി?
കല്യാണത്തിനു ഉടുത്തൊരുങ്ങി നിക്കാന്‍ .
ഞാനൊരു പഴയ ഷിഫോണ്‍സാരി എടുത്തുകൊണ്ടു വന്നു . അത് കണ്ടപാടെ
അവള്‍ പറഞ്ഞു: .
ഇതെനിക്കു വേണ്ട. ഒരു പട്ടുസാരി വേണം, നല്ല കസവൊക്കെയുള്ളത്.
ഇവിടെ പട്ടുമില്ല, പൊന്നുമില്ല. നീ പോപെണ്ണേ.
അവള്‍ സങ്കടത്തോടെ നടന്നകലുന്നതു നോക്കിനില്‍ക്കെ മകന്‍ ചോദിച്ചു:
ഭ്രാന്തിയോടാണോ കിന്നാരം?
അതൊരു പാവമാടാ. ആരോ പറ്റിച്ചതാണതിനെ.
ഇങ്ങനെ അയ്യോപാവം കാണിച്ചാലേ അതിവിടെക്കേറിയങ്ങു താമസിക്കും.
പറഞ്ഞില്ലെന്നു വേണ്ട.
പിറ്റേ ദിവസം കുറേ വൈകിയാണ് അവള്‍ വന്നത് . പത്രം വായിച്ചുകൊണ്ടി
രുന്ന മകനെച്ചൂണ്ടി അവള്‍ അത്യാഹ്ലാദത്തോടെ വിളിച്ചുകൂവി:
കുട്ടപ്പന്നായര്!
അവന്‍ അരിശത്തോടെഎഴുന്നേറ്റു അകത്തേക്കു പോയി .
അവളുടെ തുറിച്ച കണ്ണില്‍നിന്ന് മൂര്‍ച്ചയേറിയ കാമശരങ്ങള്‍ അവന്‍റെ
പിന്നാലെ പായുന്നതു ഞാന്‍ കണ്ടു.
വല്ല വിധേനയും അവളെ പിടിച്ചു പുറത്താക്കി ഗേറ്റുപൂട്ടി. തിരിഞ്ഞു
നോക്കിയത് കലിതുള്ളി നില്‍ക്കുന്ന മകന്‍റെ മുഖത്തേക്കായിരുന്നു.
അനുകമ്പ നല്ലതുതന്നെ. പക്ഷേ എന്നെ ജയിലിലാക്കരുത്.
അവന്‍റെ വാക്കുകളില്‍ അപകടം മണക്കുന്നുണ്ടായിരുന്നു!
അടുത്ത ദിവസം ഞാനവളെ വിലക്കി:
ഇനി നീയിവിടെ വരരുത്. ഞാനില്ലാത്ത നേരത്ത് ഈ പടികടക്കരുത്.
നീ പോടീ പിശാശെ, കുട്ടപ്പന്നായരേംകൊണ്ടേ ഞാമ്പോവൂ.
അവള്‍ എന്നെ വെല്ലുവിളിച്ചുകൊണ്ട് മുറ്റത്തു കുത്തിയിരുന്നു ഉച്ചത്തില്‍
രതിപ്പാട്ടു തുടങ്ങി.
അവളെ പുറത്താക്കാനുള്ള എന്‍റെ അടവുകളെല്ലാം പരാജയപ്പെട്ടു.
ഗത്യന്തരമില്ലാതെ ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു.
പട്രോളിങ്ങിലായിരുന്ന പോലീസ് ജീപ്പ് എന്‍റെ രക്ഷക്കായി പാഞ്ഞെത്തി.
പിന്നീട് ഏറെനാള്‍ അവളെ കണ്ടതേയില്ല.
എന്‍റെ കണ്ണുകള്‍ പലപ്പോഴും അവളെ തിരഞ്ഞുകൊണ്ടേയിരുന്നു.
പട്രോളിങ്ങിലായിരുന്നപോലീസുകാരനോട് ഒരുദിവസം
ഞാനവളെക്കുറിച്ചു ചോദിച്ചു .
അയാള്‍ പറഞ്ഞു :
കുളിക്കാതെ നനയ്ക്കാതെ രാപ്പകലെന്യേ നാടും നഗരവും ചുറ്റുകയാണവള്‍ ;
കല്യാണംകഴിക്കാമെന്നു പറഞ്ഞ് കൂടെത്താമസിപ്പിച്ച കുട്ടപ്പന്‍നായരെ
കണ്ടുപിടിക്കാന്‍ .ഓരോ സ്ഥലത്തും കുറേദിവസം തങ്ങി, വീടായവീടെല്ലാം
കയറിയിറങ്ങി, അവള്‍ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ അന്വേഷണം തോപ്പുമുക്കിലേക്കു മാറ്റിയിരിക്കുന്നു.
Friday, 2 August 2013
ദത്തുപുത്രന്‍ (കവിത)
ഇന്നെന്നാത്മ ശിഖരത്തിലേതോ
ചിത്തിരപ്പൈതല്‍ ചിറകടിച്ചു !
കാതോര്‍ത്തു ഞാനതിന്‍ കൂജനപ്പാട്ടുക-
ളേറ്റുപാടാന്‍ മനം തുടിച്ചു.
ചന്തമിയന്നൊരക്കൊച്ചു പറവയെന്‍
സ്വന്തമെന്നാര്‍ത്ത നല്‍ ദിനങ്ങള്‍
ചിന്തയില്‍ തുടിതാളമുണര്‍ത്തിയെന്‍
കണ്ണുകളീറനാം മുത്തു ചാര്‍ത്തി .
പൈദാഹമേറ്റൊരാ വേനല്‍ക്കുരുന്നിന്‍റെ
പൂമെയ്യില്‍ വാത്സല്യത്തേന്‍ പുരട്ടി ;
കുപ്പത്തെരുവില്‍ നിന്നുമെടുത്തെന്‍റെ
കല്പനാമന്ദിരം തന്നിലാക്കി.
ഇഷ്ടഭോജ്യങ്ങളാവതും നല്‍കിയെന്‍
നെഞ്ചിലെച്ചൂടും കൊടുത്തുറക്കി.
പക്ഷം മുളച്ചതും പാഠ൦ പഠിച്ചതും
കണ്ടു ഞാന്‍ നിര്‍വൃതിപൂണ്ടിരുന്നു .
നിര്‍നിദ്രമേതോ യാമത്തിലാക്കിളി-
പ്പേച്ചുകള്‍ കേട്ടു നടുങ്ങി ഞാന്‍!
പ്പേച്ചുകള്‍ കേട്ടു നടുങ്ങി ഞാന്‍!
'ഈ പ്പട്ടു മെത്തയുമിഷ്ടഭോജ്യാദിയും
കൂട്ടിലെ വാഴ്വിന്‍ പ്രതിഫലമോ ?
വാനില്‍ പറക്കുമെന്‍ തോഴരെക്കണ്ടിട്ട്
ഞാനെത്ര വീര്‍പ്പിട്ടു കേണുവെന്നോ ?
സ്വര്‍ഗ്ഗങ്ങളെല്ലാമിവിടെയെന്നോതിയെന്‍
സ്വപ്നങ്ങളെല്ലാം വിലക്കിയില്ലേ ?
പുന്നാരം കേട്ടു തടവറപ്പക്ഷി ഞാ -
നെങ്ങനെ പുഞ്ചിരി തൂകിടേണ്ടൂ ?
സ്വച്ഛമായ് പറക്കണം വാനിലെനിക്കെന്‍
തോഴരാം ചിത്തിരക്കൂട്ടരൊപ്പം.'
പക്ഷം വിരിച്ചവന്‍മാനത്തുയരവെ
യക്ഷികള്‍ കൂപ്പി ഞാന്‍ പ്രാര്‍ത്ഥിക്കയായ്:
'ഒരുനാളുമക്കൊച്ചുകണ്‍കളില്‍ കന്മഷം
പുരളാതിരിക്കാന്‍ വരം തരിക .'
Subscribe to:
Posts (Atom)





