ജലപാതത്തിന്റെ
ഘോരഗംഭീരമായ ഇരന്പം
കാതിന്റെ സുഷിരത്തിൽ
വിരൽത്തുന്പു തിരുകി
അന്തംവിട്ടുള്ള നില്പ്
ചിന്നിച്ചിതറുന്ന
ജലത്തുള്ളികൾ
ശരീരത്തിൽ തെറിക്കുന്പോൾ
ജലകന്യകകൾ
തണുത്തവിരലുകൾകൊണ്ട്
കുത്തുന്നതുപോലെ
ജലപാതത്തിന്റെ
ഘോരഗംഭീരമായ ഇരന്പം
കാതിന്റെ സുഷിരത്തിൽ
വിരൽത്തുന്പു തിരുകി
അന്തംവിട്ടുള്ള നില്പ്
ചിന്നിച്ചിതറുന്ന
ജലത്തുള്ളികൾ
ശരീരത്തിൽ തെറിക്കുന്പോൾ
ജലകന്യകകൾ
തണുത്തവിരലുകൾകൊണ്ട്
കുത്തുന്നതുപോലെ
ദിനംപ്രതി പതിനയ്യായിരത്തോളം സന്ദര്‍ശകരാണ് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. വെള്ളിയാഴ്ചദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം 25,000 കവിയുമത്രെ. ഏകദേശം ആറുകോടിയോളംരൂപയാണ്. ക്ഷേത്രത്തിന്റെ വാര്‍ഷികവരുമാനം. രണ്ടുമണിക്കൂറിലേറെ സമയം ക്യൂനിന്നിട്ടാണ് ഞങ്ങള്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. എന്നാല്‍ ക്യൂനില്‍ക്കാതെ വേഗം ദര്‍ശനം സാദ്ധ്യമാക്കാനുള്ള സംവിധാനങ്ങളുമുണ്ടെന്ന് ക്യൂനിന്ന് തളര്‍ന്നപ്പോഴാണ് മനസ്സിലായത്.
മധുരമീനാക്ഷിയെ കണ്ടുമടങ്ങുമ്പോള്‍, സമീപത്തുള്ള ചെറിയൊരു തെരുവ് എന്നെ അത്ഭുതപ്പെടുത്തി; പൂക്കളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന തെരുവുകള്‍ക്കിടയില്‍ അറിവിന്റെ നിറവുപകരുന്ന പുസ്തകങ്ങള്‍ക്കായി ഒരിടം! കാല്‍നടക്കാര്‍ തിക്കിത്തിരക്കി നടക്കുന്ന വഴിയോരത്ത് ഇരുവശങ്ങളിലും നിരന്നിരിക്കുന്ന പുസ്തകക്കടകള്‍. ആധുനികസംവിധാനങ്ങളൊന്നുമില്ലാതെ, ആയിരക്കണക്കിന് പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നു.
ഒരു കടയില്‍നിന്ന് പുസ്തകങ്ങളും മാസികകളുമായി ഇറങ്ങിവരുന്ന ഒരു സാധാരണസ്ത്രീയെ ഞാന്‍ ആശ്ചര്യത്തോടെ കണ്ടു. എല്ലാ കടകള്‍ക്കുള്ളിലും പുസ്തകങ്ങള്‍ തിരയുന്ന വായനപ്രേമികളെ കണ്ടു. ഭക്തിസാന്ദ്രമായ ചുറ്റുപാടുകളില്‍, പുസ്തകവില്‍പന ലാഭകരമായി നടന്നുപോകുന്നുവെന്ന് ഉടമകള്‍ പറയുകയുണ്ടായി. നേരത്തെ ടാക്‌സിയില്‍ നഗരം ചുറ്റുമ്പോഴും പാതയോരത്ത് നിരവധി പുസ്തകക്കടകള്‍ കാണുകയുണ്ടായി. ആധുനികസജ്ജീകരണങ്ങളോടുകൂടിയ ആ വലിയ പുസ്തകക്കടകളില്‍ വിദേശഭാഷകളിലേതുള്‍പ്പെടെ എല്ലാത്തരം മികച്ച പുസ്തകങ്ങളും ലഭ്യമാണ്. തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനമാണല്ലൊ മധുരൈ നഗരം അന്നും ഇന്നും. മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ പൊന്‍താമരക്കുളത്തിന്റെ പരിസരങ്ങളിലാണ് സംഘകാലകവികള്‍ ഒത്തുചേര്‍ന്ന് കവിസമ്മേളനങ്ങളും സാഹിത്യസംവാദങ്ങളും നടത്തിയിരുന്നത്. സംസ്‌കാരസമ്പന്നമായിരുന്ന ആ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന മധുരൈനഗരത്തോട് വിടപറയുമ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
(അപാരസുന്ദരമീ ഉയരക്കുടിയിരിപ്പുകള്‍
എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന്)
ഒരു മാന്ത്രികച്ചെപ്പിലെന്നോണം പ്രകൃതി അതിന്റെ അത്ഭുതങ്ങളില്‍ പലതും ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഉയരംകൂടിയ മലനിരകളിലാണ്. ഗുരുഡോങ്ങ്മാര്‍ തടാകക്കരയിലെത്തിയാല്‍ നമുക്കിതൊരിക്കല്‍ക്കൂടി ബോദ്ധ്യമാകും. മഞ്ഞിലെ വിസ്മയക്കാഴ്ചകള്‍ തേടുന്നവരെയും ആത്മീയതയുടെ വിശുദ്ധനിര്‍വൃതിയില്‍ ലയിക്കുന്നവരെയും ഒരുപോലെ ആനന്ദാനുഭൂതികളിലേക്കാനയിക്കും സിനിയോച്ചു മലനിരകള്‍ക്കിടയിലെ ഗുരുഡോങ്ങ്മാര്‍ തടാകത്തിലേക്കുള്ള സാഹസയാത്ര. അതിര്‍ത്തിയിലേക്ക്, പട്ടാളക്കാര്‍ക്കുവേണ്ടി നിര്‍മ്മിച്ച പാതയിലൂടെയാണ് സഞ്ചാരികളുടെയും യാത്ര. എപ്പോള്‍ വേണമെങ്കിലും മാറാവുന്ന കാലാവസ്ഥ യാത്രികര്‍ക്ക് വലിയൊരു വെല്ലുവിളി തന്നെ. അതുകൊണ്ടാണ് പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ അതിരാവിലേതന്നെ പുറപ്പെടണമെന്ന് നിര്‍ബന്ധിക്കുന്നത്. നേരത്തേ പുറപ്പെട്ട വാഹനങ്ങളുടെ വെളിച്ചം മലകയറുന്നത് ഇടയ്‌ക്കൊക്കെ കാണാമായിരുന്നതുകൊണ്ട് വിജനമായ ആ മലമ്പാതയില്‍ ഞങ്ങള്‍ തനിച്ചല്ലല്ലൊ എന്ന ആശ്വാസമായിരുന്നു.
പുലര്‍വെളിച്ചം പരന്നതോടെ വഴിയില്‍ അങ്ങിങ്ങായി പട്ടാളബാരക്കുകളും വേലി കെട്ടിത്തിരിച്ച കൃഷിഭൂമികളും പ്രദേശവാസികളുടെ പാര്‍പ്പിടങ്ങളും കണ്ടുതുടങ്ങി. ആറുമണി കഴിഞ്ഞപ്പോള്‍ ഒരു കുടിലിന്റെ മുന്നില്‍ വണ്ടിനിന്നു. സമാനമായ ഏതാനും കുടിലുകള്‍ സമീപത്തുണ്ടായിരുന്നത് പുറത്തിറങ്ങിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. യാത്രികര്‍ക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്ന ഇടങ്ങളായിരുന്നു അവ.
പാര്‍പ്പിടത്തോടു ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് വീട്ടിലെ സ്ത്രീകള്‍ ചായ, ബ്രഡ്, മുട്ട, നൂഡില്‍സ് എന്നിവ ആവശ്യാനുസരണം പാകപ്പെടുത്തി നല്‍കുന്നത്. നടുവില്‍ അടുപ്പും പാചകപ്പാത്രങ്ങളും ചുറ്റും രണ്ടുമൂന്നു ബഞ്ചുകളും. തീയുടെ ചൂടുകിട്ടുമെന്നുള്ളതുകൊണ്ട് ഞങ്ങള്‍ ബഞ്ചുകളില്‍ തിങ്ങിക്കൂടിയിരുന്നു.
തണുത്തുവിറങ്ങലിച്ച പ്രഭാതത്തില്‍ ആ ചായയും അടുപ്പിലെ തീയും നല്‍കിയ ഉന്മേഷം ചെറുതല്ല. മഞ്ഞിലിറങ്ങാനുള്ള ഗംബൂട്ടുകളും മറ്റും ഇവിടെ വാടകയ്ക്ക് കിട്ടും. വേണമെങ്കില്‍ മദ്യവും കിട്ടും.
ചായകഴിച്ച് പുറത്തിറങ്ങിയപ്പോള്‍, തങ്കു സൈനികക്യാമ്പില്‍നിന്നും ജോഗിങ്ങിനിറങ്ങിയ ഒരുകൂട്ടം പട്ടാളക്കാര്‍ അരികിലൂടെ കടന്നുപോയി. പട്ടാളക്കാരെ കണ്ടതും വഴിയോരത്ത് കിടന്ന പട്ടി ചാടിയെണീറ്റ് കുരച്ചുകൊണ്ട് അവരുടെ പിന്നാലേ ഓടി. പട്ടാളക്കാര്‍ അതിനെ ശ്രദ്ധിക്കാത്തമട്ടില്‍ ജോഗിംഗ് തുടര്‍ന്നു. കുറച്ചുദൂരം അവരെ അനുഗമിച്ച പട്ടി പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടില്‍ പൂര്‍വ്വസ്ഥാനത്തു വന്നുകിടന്നു. സഞ്ചാരികളോട് സൗമ്യഭാവത്തില്‍ പെരുമാറുന്ന പട്ടിക്ക് പട്ടാളക്കാരോട് ഇത്ര ദേഷ്യമെന്താണെന്ന് മനസ്സിലായില്ല. പട്ടാളക്കാരുടെയും ബാരക്കുകളുടെയും ഫോട്ടോയെടുക്കുന്നത് കുറ്റകരമാകയാല്‍ ആ അപൂര്‍വ്വദൃശ്യം ക്യാമറയില്‍ പകര്‍ത്താനായില്ല. മുന്നോട്ടുള്ള വഴിയില്‍ പലയിടത്തും കരസേനയുടെ കവചിതവാഹനങ്ങള്‍ കണ്ടു. യാത്രികര്‍ കൈവീശി അഭിവാദ്യംചെയ്യുമ്പോള്‍ പട്ടാളക്കാരുടെ വലിഞ്ഞുമുറുകിയ മുഖങ്ങളില്‍ സന്തോഷത്തിന്റെ മിന്നലാട്ടം.
തങ്കു എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. ഇതാണ് ഈ വഴിക്കുള്ള അവസാനത്തെ ജനവാസമേഖല. ഇവിടെനിന്ന് നാല്‍പത് കിലോമീറ്റര്‍ ദൂരമുണ്ട് തടാകത്തിലേക്ക്; ലാച്ചെനില്‍നിന്ന് അറുപത്തിയേഴും. ഇത്രയും ദൂരം ഓടിയെത്താന്‍ കുറഞ്ഞത് നാലുമണിക്കൂര്‍ വേണ്ടിവരും. അത്രയ്ക്ക് ദുര്‍ഘടമാണ് വഴി. ലാച്ചെനില്‍നിന്നും ഒരുമണിക്കൂര്‍ സമയംകൊണ്ട് നാലായിരത്തിലധികം അടി ഉയരം കയറി യിരിക്കുകയാണ് ഞങ്ങളുടെ വാഹനം. വഴി എന്തുമാത്രം കുത്തനെയുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു. തങ്കുവിലെ സൂര്യോദയത്തിന്റെ അസുലഭചാരുത ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടുനില്‍ക്കവെ, ഞങ്ങള്‍ക്ക് ചായയുണ്ടാക്കിത്തന്ന സ്ത്രീ കൈയില്‍ തീയുമായി പുറത്തേക്കുവന്നു.
അവര്‍ റോഡരികത്തുള്ള ഒരു വിശേഷയിനം ചെടിയുടെ പച്ചയിലകള്‍ പറിച്ച്, അടുപ്പുപോലുള്ള ഒരിടത്തു കൂട്ടിവച്ച് പുകയ്ക്കാന്‍ തുടങ്ങി. അതിരാവിലെയുള്ള ഈ പച്ചിലപുകയ്ക്കല്‍ കടയുടെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുമെന്നാണ് അവരുടെ വിശ്വാസം.
മഞ്ഞില്‍ പുതഞ്ഞ പുലര്‍കാലത്തിന്റെ ആലസ്യമകറ്റി ഞങ്ങള്‍ യാത്രതുടര്‍ന്നു. അടുത്തിടെയുണ്ടായ മണ്ണിടിച്ചിലിന്റെ ഫലമായി വഴിയരികില്‍ രൂപമെടുത്ത ചെറിയൊരു തടാകം. ഒരുകൂട്ടം യാക്കുകള്‍ പാതമുറിച്ച് അപ്പുറത്തേക്ക് മെല്ലെ നടന്നുപോയി. തങ്കു മിലിട്ടറി ചെക് പോസ്റ്റിലെ സുരക്ഷാപരിശോധന കഴിഞ്ഞ് വീണ്ടും മുന്നോട്ട്. ഭൂപ്രകൃതിയാകെ മാറുകയാണ്. സൂര്യകിരണങ്ങളേറ്റു തിളങ്ങുന്ന മഞ്ഞുമലകള്‍ അങ്ങുദൂരെ തെളിഞ്ഞുതുടങ്ങി.
ഉയരംകൂടുംതോറും പച്ചപ്പുകള്‍ കുറഞ്ഞുകുറഞ്ഞ് ഇല്ലാതായി; ഒരു പുല്‍നാമ്പുപോലുമില്ലാത്ത, തണുത്ത മരുഭൂമി. മഞ്ഞുമലകള്‍ക്കിടയില്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിജനഭൂമിയില്‍ നിഗൂഢസുന്ദരമായ മൂകത ഉറഞ്ഞുകിടക്കുന്നതുപോലെ. നീലാകാശത്തില്‍ പഞ്ഞിക്കെട്ടുകള്‍ വാരിയിട്ടതുപോലെ വെളുത്ത മേഘങ്ങള്‍ ചിതറിക്കിടക്കുന്നു.
ചൈനീസ് അതിര്‍ത്തിയിലേക്കു നീളുന്ന പാതയില്‍നിന്നും മാറി തടാകത്തിലേക്കുള്ള മണ്‍പാതയിലേക്കു കടന്നു. പാതയോരങ്ങളില്‍ പാല്‍പതപോലെ പടര്‍ന്നുകിടക്കുന്ന മഞ്ഞടരുകള്‍. വിജന വിശാലമായ കരിമണ്‍പ്രതലത്തില്‍ മഞ്ഞടരുകളൊരുക്കിയ വെളുത്ത ചിത്രങ്ങള്‍. പശ്ചാത്തലത്തില്‍ മലമുടികളെ മുട്ടിയുരുമ്മുന്ന നീലാകാശത്തിന്റെ ശാന്തമായ തെളിമ. താഴെ നീലജലപ്പരപ്പിന് അതിരിട്ടുനില്‍ക്കുന്ന കട്ടമഞ്ഞുപുതച്ച ഹിമാലയശൃംഗങ്ങള്‍. സ്ഫടികം പോലുള്ള ജലത്തില്‍ ഹിമശൃംഗങ്ങള്‍ പ്രതിബിംബിച്ചുകാണാം. കൊടുംതണുപ്പിലും ദിവ്യമായൊരാനന്ദവും നിര്‍വ്വചിക്കാനാവാത്തൊരു നിര്‍വൃതിയും മനസ്സിനെയും ശരീരത്തെയും പൊതിഞ്ഞുപിടിച്ചു.
ലോകത്തില്‍ ഏറ്റവും ഉയരംകൂടിയ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന തടാകങ്ങളിലൊന്നാണ് നോര്‍ത്ത് സിക്കിമിലെ ഗുരുഡോങ്ങ്മാര്‍; സിക്കിമിലെ രണ്ടാമത്തേതും. പതിനേഴായിരത്തിയെണ്ണൂറടി ഉയരത്തില്‍, മഞ്ഞുറഞ്ഞ ഗിരിശൃംഗങ്ങള്‍ക്കിടയില്‍, സ്ഫടികജലസമൃദ്ധിയോടെ, സഞ്ചാരികളെ വിസ്മയഭരിതരാക്കാന്‍ കാത്തുകിടക്കുന്ന ഈ ശുദ്ധജലതടാകം ബുദ്ധന്മാരുടെയും സിക്കുകാരുടെയും ഹിന്ദുക്കളുടെയും തീര്‍ത്ഥാടനകേന്ദ്രമാണ്. ബുദ്ധമതാചാര്യനായിരുന്ന ഗുരു പത്മസംഭവ, തടാകം സന്ദര്‍ശിച്ചതോടെയാണ് ഇതിന് ഗുരുഡോങ്ങ്മാര്‍ എന്നു പേരുവന്നതും ഇവിടം ബുദ്ധന്മാരുടെ പുണ്യസ്ഥലമായി മാറിയതും. മഹാനീലവര്‍ണ്ണത്തില്‍, പരന്നുകിടക്കുന്ന തടാകത്തിന്റെ ഉപരിതല വിസ്തൃതി ഇരുനൂറ്റിത്തൊണ്ണൂറ് ഏക്കറും തീരദൈര്‍ഘ്യം 5.34 കിലോമീറ്ററുമാണ്. പക്ഷേ, കരയില്‍ നിന്ന് നോക്കിയാല്‍ ഇത്രയും വലിപ്പമുണ്ടെന്നു തോന്നുകയേയില്ല. മലകള്‍ നിറഞ്ഞ സ്ഥലപ്രകൃതിയാണ് തടാകത്തിന്റെ മുഴുവന്‍ഭാഗവും കാണാനാവാത്തതിന്റെയും ആകാരവിസ്തൃതി അനുഭവപ്പെടാത്തതിന്റെയും കാരണം.
ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഗുരുഡോങ്മാറിന്റെ ഉപരിതലം തണുത്തുറഞ്ഞ അവസ്ഥയിലായിരിക്കും. അപ്പോഴും ഗുരു സ്പര്‍ശിച്ച ഭാഗത്തെ ജലം തണുത്തുറയാതെ കിടക്കുമെന്നാണ് പറയപ്പെടുന്നത്. അരുവിയിലേക്കുള്ള നീരൊഴുക്കും നിലയ്ക്കാതെ തുടരുമത്രെ. സഞ്ചാരികള്‍ പരിസരം മലിനമാക്കാതിരിക്കാന്‍ സന്നദ്ധസേവകര്‍ ജാഗരൂകരായി നില്‍പ്പുണ്ട്. രാവിലത്തെ ഇളംവെയിലും ചിലുചിലുത്ത മഞ്ഞുകാറ്റുമേറ്റ് ഒന്നരമണിക്കൂറോളം അവിടെ ചുറ്റിനടന്നിട്ടും മതിവന്നില്ല. കട്ടമഞ്ഞു പുതച്ചുനില്‍ക്കുന്ന ഹിമാലയശൃംഗങ്ങളുടെയും അവയ്ക്കിടയില്‍ മഹാനീലവര്‍ണ്ണം പുതച്ചുകിടക്കുന്ന തടാകത്തിന്റെയും അനന്യസൗന്ദര്യവും സംശുദ്ധിയും എത്രകണ്ടാലാണ് കൊതിതീരുക!
ഇവിടെനിന്നും ഏതാനുംകിലോമീറ്റര്‍ അകലെയാണ് ചൈനീസ് അതിര്‍ത്തി. ഉറഞ്ഞ മഞ്ഞില്‍, അവിടെ കാവല്‍നില്‍ക്കുന്ന നമ്മുടെ ജവാന്മാരെപ്പറ്റി ഒരുനിമിഷം ഓര്‍ത്തുപോയി, ഒപ്പം തടാകവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തിന്റെ കഥയും. സിക്കു ഗുരുവായ ഗുരുനാനാക് പതിനഞ്ചാം നൂറ്റാണ്ടില്‍, തടാകം സന്ദര്‍ശിച്ചുവെന്നും ഗ്രാമത്തിലെ ആളുകള്‍ കുടിവെള്ളം ലഭ്യമാക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചുവെന്നും തണുത്തുറഞ്ഞുകിടന്ന തടാകത്തിന്റെ ഉപരിതലത്തില്‍ അദ്ദേഹം തന്റെ ഊന്നുവടികൊണ്ട് തൊട്ടമാത്രയില്‍ അവിടത്തെ മഞ്ഞുമാറി ശുദ്ധമായ കുടിവെള്ളം ഉണ്ടായിയെന്നും മഞ്ഞുകാലത്ത് തടാകത്തിന്റെ മറ്റുഭാഗങ്ങള്‍ തണുത്തുറഞ്ഞാലും ഈ ഭാഗത്ത് ജലം ഉറയാതെ നില്‍ക്കുമെന്നുമാണ് സിക്കുകാര്‍ വിശ്വസിക്കുന്നത്. അതിര്‍ത്തിയില്‍ സേവനമനുഷ്ടിക്കുന്ന സിക്ക് റെജിമെന്റ് 1997-98 കാലത്ത് തടാകക്കരയില്‍ ഗുരുനാനാക്കിന്റെ പേരില്‍ ഒരു ഗുരുദ്വാര പണികഴിപ്പിച്ചു. പ്രദേശവാസികളായ ബുദ്ധിസ്റ്റുകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ്ഗുരു പത്മസംഭവയുടെ ദിവ്യസ്പര്‍ശത്താല്‍ പരിപാവനമായ പുണ്യതീര്‍ത്ഥക്കരയില്‍ ഗുരുദ്വാര പണിയുന്നത് നിയമവിരുദ്ധമാണെന്നും അത് പൊളിച്ചുമാറ്റണമെന്നും അവര്‍ ശഠിച്ചു. ഒടുവില്‍ പ്രശ്‌നം പഠിച്ച്, നിജസ്ഥിതി റിപ്പോര്‍ട്ടുചെയ്യാന്‍ സിക്കിം സര്‍ക്കാര്‍ ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചു. ഗാങ്‌ടോക്കിലെ നംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി ഹാജരാക്കിയ രേഖകള്‍ പ്രകാരം പ്രദേശവാസികളുടെ അവകാശവാദം ശരിയാണെന്ന് സമിതിക്ക് ബോദ്ധ്യമായി. ഗുരു നാനാക്കിന്റെ പേരില്‍ നിര്‍മ്മിച്ച ഗുരുദ്വാര പൊളിക്കരുതെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി കേന്ദ്ര പ്രതിരോധമന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്, കെട്ടിടം പൊളിക്കാതെ, 2001 ജൂലൈ ആറിന് ലാച്ചെന്‍ മൊണാസ്ട്രിക്ക് കൈമാറി. മൊണാസ്ട്രി നിയോഗിച്ച ഒരു ലാമയ്ക്കാണ് ഇപ്പോള്‍ തടാകത്തിന്റെ സംരക്ഷണ ചുമതല.
ശീതക്കാറ്റ് സഹിക്കാനാവാതെ ഇതിനകം യാത്രികരില്‍ പലരും വാഹനത്തില്‍ കയറിയിരിപ്പായി. കാലാവസ്ഥ മാറിയാല്‍ തിരിച്ചുള്ള യാത്ര ബുദ്ധിമുട്ടാവുമെന്ന് ആരോണ്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പകല്‍ മുറ്റുന്തോറും കാലാവസ്ഥ മോശമാവുമെന്നതിനാല്‍ പത്തുമണിക്കുമുമ്പുതന്നെ യാത്രികരെയും കൊണ്ട് മടങ്ങാന്‍ സാരഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ഒമ്പതരയോടെ രമേശനൊഴികെ മറ്റെല്ലാവരും വണ്ടിയില്‍ കയറി. അദ്ദേഹത്തെ അന്വേഷിച്ചുപോയ ഞങ്ങള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു: അര്‍ത്ഥനഗ്നനായി വെറും നിലത്ത് കമിഴ്ന്നുകിടക്കുന്നു. കോട്ടും ഷര്‍ട്ടും ഷൂസുമൊക്കെ അഴിച്ച് അടുത്തുതന്നെ വച്ചിട്ടുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ പെട്ടെന്ന് ചാടിയെണീറ്റ്, കൈകള്‍ ഉയര്‍ത്തിയും വശങ്ങളിലേക്ക് നീട്ടിയും കുറെ അഭ്യാസം കാട്ടി. ഈ വേലത്തരങ്ങളെല്ലാം രമേശന്റെ ക്യാറയില്‍ പകര്‍ത്തിക്കൊണ്ട് അപരിചിതനായൊരു സഞ്ചാരി അന്തംവിട്ടു നില്‍പാണ്. കൊടുംതണുപ്പത്ത് സാഹസം കാട്ടിയതിന്റെ ഫലം ഉടന്‍ അനുഭവിക്കുകയും ചെയ്തു, രോമകൂപങ്ങളിലൂടെ സ്വേദകണങ്ങളെന്നപോലെ രക്തം കിനിയാന്‍ തുടങ്ങി. എന്തുവേണ്ടൂ എന്നറിയാതെ ഞങ്ങള്‍ പകച്ചുനിന്നു. രമേശന്‍ വേഗംതന്നെ ഷര്‍ട്ടും കോട്ടും ഷൂഷുമൊക്കെ ധരിച്ച്, കൂളായി ഞങ്ങള്‍ക്കുമുന്നേ നടന്ന് വണ്ടിയില്‍ കയറി. നിമിഷങ്ങള്‍ക്കകം അദ്ദേഹം സാധാരണസ്ഥിതിയിലായി. ഡ്രൈവര്‍ക്കും ഞങ്ങള്‍ക്കും ആശ്വാസമായി.
എസ്.സരോജം കഥകളും കവിതകളും നോവലുകളും എഴുതി നമ്മെ ആഹ്ലാദത്തിലേക്ക് നയിക്കുന്നു. യാത്രകള്‍ എന്ന ബഹുവചനത്തെ അവര്‍ പുസ്തകമായി നമുക്ക് തരുമ്പോള്‍ കാഴ്ച എന്നത് മൂല്യവത്തായ സ്ഥിതിയായി മാറുന്നു. ഇവിടെ മഞ്ഞുരുകുന്നതിനും പൂവ് കൊഴിയുന്നതിനും കാറ്റടങ്ങുന്നതിനും സവിശേഷമായ അര്‍ത്ഥവിന്യാസങ്ങളുണ്ട്. അവയിലെ ഒഴുകുന്നതും അപ്രത്യക്ഷമാകുന്നതുമായ നിമിഷങ്ങളെ യാത്രിക അനുഭവങ്ങള്‍ക്ക് സമാന്തരമായി പുനസൃഷ്ടിക്കുന്നു. സ്ത്രീയുടെ കാഴ്ചയും വിശകലനവും നല്‍കുന്ന വീക്ഷണങ്ങള്‍ ഏറ്റവും പുതുമയേറിയതാവും എന്നുള്ളത് സത്യമാണ്. സൃഷ്ടിയുടെ ശക്തിയും ചൈതന്യവും ആസക്തിയുടെയും ഭോഗങ്ങളുടെയും അസമത്വങ്ങളുടെയും പഴകിയതും മടുപ്പിക്കുന്നതുമായ ലോകത്തില്‍നിന്ന് അവളെ വീണ്ടെടുക്കുന്നു. ഈ പുസ്തകത്തിലെ ഓരോ വരിയിലും ആ തിളക്കമുണ്ട്. വായനക്കാരെ കൂട്ടിനടക്കുന്നതുപോലെ അപാരതയുടെ യാത്രാമംഗളങ്ങളിലേക്ക് ഈ എഴുത്തുകാരി ഒരു പതാക വീശുകയാണ്. നാം ഇതാ പുറപ്പെട്ടുകഴിഞ്ഞു. ഇനി ക്യാമറയുടെ തെല്ലൊന്നടയ്ക്കാന്‍പോലും മെനക്കെടാത്ത കണ്ണുകളിലൂടെയുള്ള ചിത്രസഞ്ചാരവുമായി നിരന്തരം നമ്മുടെ കണ്ണുകള്‍ സംസാരിക്കേണ്ടതുണ്ട്. വിരല്‍തുമ്പുകളിലൂടെ അവയിലെ സര്‍ഗകാന്തി തൊട്ടറിയുകയും വേണം.
ഈ സഞ്ചാരം ഹിമാലയം എന്ന അത്ഭുത പരമ്പരയിലേക്കാണഇപ്പോള്‍ നീളുന്നത്. 'ഉയരങ്ങള്‍, അപാരതകള്‍' എന്ന് ആരും പറഞ്ഞുപോകുന്ന ഉത്തുംഗതയിലേക്ക് ഒരു സ്ത്രീ തലയെത്തിച്ചുനോക്കുന്നു. ആ നോട്ടം ദയാപരവും ആത്മവിശ്വാസം തുടിക്കുന്നതുമാണ്. കഞ്ചന്‍ ജംഗ മലനിരകളുടെ മടിയില്‍ കിടക്കുന്ന രണ്ട് ഭൂഭാഗങ്ങളിലേക്ക് കടക്കവേ, തന്നെ കാത്തിരിക്കുന്ന അപരിചിതവും ആകസ്മികവുമായ ഉള്‍ക്കാഴ്ചകള്‍ക്ക് മറ്റാര്‍ക്കും ഇതുവരെ എഴുതാന്‍ കഴിയാത്ത ജൈവികസ്പര്‍ശം പകര്‍ന്നുനല്‍കാനാവുമെന്ന വിശ്വാസം ഒട്ടും തെറ്റിയില്ല എന്ന് ഈ പുസ്തകത്തിന്റെ തുടര്‍പേജുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സിക്കിമിലേക്കും ഡാര്‍ജിലിംഗിലേക്കും കടക്കുമ്പോള്‍ വിശ്വപ്രകൃതിയുടെ കൈവിരല്‍ പിടിച്ചുനടക്കുന്ന കുട്ടിയുടെ കൗതുകവും വെമ്പലും വായിച്ചെടുക്കാന്‍ കഴിയുന്നു. പതിനാറും ഒമ്പതും ഖണ്ഡങ്ങളിലായി, താന്‍ പലപ്പോഴും സ്വപ്നത്തിലും ഉണര്‍വിലുമായി സഞ്ചരിച്ചെത്തിയ ദൃശ്യ സാഹചര്യങ്ങളെ കാഴ്ചാപദങ്ങള്‍കൊണ്ട് ഈ താളുകളില്‍ അളന്നുകുറിച്ചിട്ടിട്ടുണ്ട് എഴുത്തുകാരി. ദീര്‍ഘയാത്രകളെ എപ്പോഴും ചലനാത്മകമാക്കുന്നത് സഹയാത്രികരുടെ സാന്നിധ്യമാണ്. ഉറ്റചങ്ങാതികളുടെ ഒപ്പമെന്നത് ഈ യാത്രയ്ക്ക് മിഴിവുപകരുന്ന പല സന്ദര്‍ഭങ്ങളിലും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗാങ്‌ടോക് നഗരം വായനയിലും ഓണ്‍ലൈന്‍ തിരച്ചിലിലുമാണ് ഇതുവരെ അറിഞ്ഞതെങ്കില്‍ ഇതാ അവിടേക്ക് എത്തിപ്പെടാന്‍ ഇനി ഇത്തിരിദൂരം എന്ന പ്രതീതിയില്‍ സിലിഗുരിയില്‍നിന്നും കുറിക്കുന്ന വരികളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. 'മലമുകളിലെ സുന്ദരി'ക്ക് യാത്രാസൗകര്യമുള്‍പ്പെടെ പരിമിതികള്‍ പലതാണ്. പുതിയ സഞ്ചാരി ഏതു പ്രതിബന്ധവും മറികടക്കാനുള്ള പ്രതിരോധമനസിന്റെ ഉടമയാണ്. മലകയറ്റങ്ങളുടെയും മണ്ണിടിച്ചിലിന്റെയും തടസങ്ങളെ സിക്കിമിന്റെ പ്രകൃതിസൗന്ദര്യത്തില്‍ പ്രസാദാത്മകമായാണ് സരോജം കാണുന്നത്. ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് ഇതൊരു സ്വതന്ത്ര പാഠപുസ്തകമാണ്. ഓരോ വാക്കിന്റെ അരികിലും അറിവിലേക്കുള്ള ദുര്‍ഘടപാത വരച്ചിരിക്കുന്നു. ആദിമനിവാസികളായ ലെപ്ചകള്‍ മുതല്‍ മതവും പ്രാചീനതയും ഗോത്രസംസ്‌കൃതിയും രാഷ്ട്രീയവും കൃതിയില്‍ കടന്നുവരുന്നു. അതൊരു സ്വാഭാവിക പരിണതിയാണ്. അതിനാല്‍ വൈയക്തികാനുഭവങ്ങളോടൊപ്പം ഭൂമിശാസ്ത്രവിശേഷങ്ങളിലെ പുതുമകള്‍ക്കും സ്ഥാനമുണ്ട്. തീസ്താ നദിക്കരയിലൂടെ നീല വിശാല തടങ്ങളിലേക്കുള്ള യാത്ര മോഹനം തന്നെ. അതിര്‍ത്തിപ്രദേശങ്ങളായ നാഥുല, ഗുരുഡോങ്മാര്‍, യുമെസാംദോങ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സാഹസികവും ഗൃഹാതുരത നല്‍കുന്നതുമാണ്. മനുഷ്യര്‍ തമ്മിലുള്ള വൈരങ്ങളുടെ അവസാനിക്കാത്ത ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കൊടികള്‍ കണ്ട് മനസ്സുഴലുന്ന എഴുത്തുകാരി വര്‍ത്തമാനകാലത്തിന്റെ ദയാരാഹിത്യങ്ങളെ നീറുന്ന നൊമ്പരമായി വാക്കുകളില്‍ അവശേഷിപ്പിക്കുകയാണ്. അപ്പോള്‍ ഈ പുസ്തകം യാത്രാവിവരണ ഗ്രന്ഥമെന്ന ഓര്‍മ്മയില്‍നിന്ന് നമ്മുടെതന്നെ ജീവിതമായി മാറുന്നു. സര്‍ഗ്ഗാത്മക സാഹിത്യരചനകളില്‍ കൈയടക്കമുള്ള ഒരാളുടെ ഏതെഴുത്തും ചോരപുരണ്ട ഒരു തൂവല്‍ അതിനുള്ളില്‍ കരുതും. രചന ബുക്‌സും കഫെ ഫിക്ഷനും നല്‍കുന്ന സ്വാസ്ഥ്യത്തിലേക്ക് പെട്ടെന്ന് വായനക്കാരെ മടക്കിവിളിക്കുന്ന ശാന്തതയ്ക്ക് പകരംവയ്ക്കാന്‍ ഒന്നുമില്ലതന്നെ.
ആത്മീയശാന്തി പകരാന്‍ ഹിമാലയം എന്നൊരു മന്ത്രം മതി ഏതൊരാള്‍ക്കും. ആശ്രമങ്ങളും പ്രാര്‍ത്ഥനക്കൊടികളും തങ്ങളുടെ നാടിന്റെ സമൃദ്ധിയാണെന്ന് ആരോ വിളിച്ചുപറയുന്നപോലെ. കൊടുംതണുപ്പിലിഴയുന്ന മനുഷ്യജീവിതങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ജീവിതമെന്ന വലിയ യാത്രാപദ്ധതിക്കിടയില്‍ അവിടെ എത്തപ്പെട്ട മലയാളികളെ കണ്ടുമുട്ടിയ അവസരങ്ങളെക്കുറിച്ചും എഴുതിയിരിക്കുന്നു. 'ഇതരസംസ്ഥാനക്കാര്‍' എന്ന് നാം വിളിക്കുന്നവര്‍ എല്ലാവരും ഈ ഭൂമിയുടെ മക്കള്‍ ആണെന്ന ഓര്‍മ്മ തികഞ്ഞ സാഹോദര്യത്തിലേക്ക് നയിക്കട്ടെ എന്ന് ഈ പുസ്തകം ആഗ്രഹിക്കുന്നു. ഓറഞ്ചുതോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും വീട്ടിലെ സ്ത്രീകള്‍തന്നെ ആതിഥേയരാകുന്ന ഹോംസ്റ്റേകളും ഷോപ്പിംഗ് സെന്ററുകളും കടന്ന് നഗരങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറുന്ന യാത്രാവണ്ടി ഇപ്പോള്‍ പായുന്നത് നമ്മുടെ ഉള്ളില്‍കൂടിയാണ്.
മനുഷ്യരുടെ ദുരിതങ്ങളും കണ്ണീരും ലോകത്തെല്ലായിടത്തും ഒരുപോലെയാണ്. യുദ്ധങ്ങളും വിഭജനങ്ങളും സൃഷ്ടിക്കുന്ന മുറിവുകളുടെ ആഴം എത്ര തലമുറകളോളം നീളുമെന്ന് ആര്‍ക്കും പറയാനാവില്ല. മനുഷ്യര്‍ ശവവണ്ടികളാകുന്ന സമീപാവസ്ഥകള്‍ സൃഷ്ടിക്കുന്ന അനാഥത്വം വിഷണ്ണജനതയിലേക്കുള്ള നമ്മുടെ പരിവര്‍ത്തനത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. പീസ് പഗോഡകളെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും സരോജം എഴുതുമ്പോള്‍ വീണ്ടും നാം പ്രസന്നതയിലേക്ക് യാത്രചെയ്യുന്നു. ഈ പോസിറ്റീവ് എനര്‍ജി തന്നെയല്ലേ ഒരു പുസ്തകവായനയില്‍നിന്നും നാം ആഗ്രഹിക്കുന്നത്. യാത്രകളിലാണ് നാം യഥാര്‍ത്ഥ മനുഷ്യരെ കണ്ടുമുട്ടുക എന്ന് പൗലോ കേയ്‌ലോ പറയുന്നുണ്ട്. ഭൂതകാലവുമായുള്ള ഏറ്റുമുട്ടലും ഭാവിയിലേക്കുള്ള കുതിപ്പും സഞ്ചാരത്തിന്റെ വ്യത്യസ്തതകളാണ്. തീസ്തയിലെ തെളിഞ്ഞ ജലം പോലെ മനസിന്റെ അടിത്തട്ട് കാട്ടിത്തരുന്ന ഭാഷയില്‍ സരോജം എഴുതുന്ന യാത്രാനുഭവങ്ങള്‍ തെളിക്കുന്നത് വായനക്കാര്‍ക്കുള്ള പുതിയ യാത്രാപഥങ്ങളാണ്. ആ തുടര്‍ച്ചയിലാണല്ലൊ നാമോരോരുത്തരും നവീകരിക്കപ്പെടുന്നതും.
നെടുങ്ങണ്ട ബോട്ടുജട്ടിയില്‍നിന്ന് എട്ടുപേര്‍ക്കിരിക്കാവുന്ന നാടന്‍വള്ളത്തില്‍ തുഴക്കാരനോടൊപ്പം പാടിയും പറഞ്ഞും കായലോളങ്ങളില്‍ ആടിയുലഞ്ഞും നീലജലത്തില്‍ കൈചിക്കിയും... എന്തുരസമാണീ യാത്ര!
ഓളംതല്ലുന്ന കായലിനുനടുവില്‍, കല്‍പവൃക്ഷങ്ങളും പച്ചമരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ പൊന്നും തുരുത്ത് ഏതൊരു പ്രകൃതിസ്‌നേഹിയെയും ആഹ്ലാദചിത്തനാക്കാന്‍ അണിഞ്ഞൊരുങ്ങിനില്‍ക്കുകയാണ്. നൂറ്റാണ്ടുപഴക്കമുള്ളൊരു ശിവപാര്‍വതി ക്ഷേത്രവുമുണ്ട്. ശിവപാര്‍വതിമാരെക്കൂടാതെ മഹാവിഷ്ണുവും ഗണപതിയും നാഗദേവതകളും ഉപക്ഷേത്രങ്ങളില്‍ കുടിയിരിക്കുന്നു. ചുറ്റിനും കാട്. കാട്ടിൽ മനോഹരമായ ശിൽപങ്ങൾ. വിനോദസഞ്ചാരികളെയും വിശ്വാസികളെയും പച്ചപ്പുഞ്ചിരിയോടെ സ്വീകരിക്കുന്ന പൊന്നുംതുരുത്തില്‍ സഞ്ചാരികളുടെ തിരക്കില്ല, മാലിന്യങ്ങളുമില്ല. ദേശാടനപ്പക്ഷികളുള്‍പ്പെടെ ധാരാളം പക്ഷികള്‍ ഈ സ്വച്ഛസുന്ദരമായ ദ്വീപില്‍ സ്വസ്ഥമായി പാര്‍ക്കുന്നു.
അഞ്ചുതെങ്ങുകായലില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ദ്വീപാണ് പൊന്നുംതുരുത്ത്. വര്‍ക്കലബീച്ചില്‍നിന്നും പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്. രാജവാഴ്ചക്കാലത്ത്, തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ ഇടയ്‌ക്കൊക്കെ ക്ഷേത്രദര്‍ശനത്തിനെത്താറുണ്ടായിരുന്നുവെന്നും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് അവര്‍ ആഭരണങ്ങള്‍ ഊരി തുരുത്തില്‍ എവിടെയെങ്കിലും ഒളിച്ചുവയ്ക്കുക പതിവായിരുന്നുവെന്നും പൊന്ന് സൂക്ഷിക്കുന്ന തുരുത്തായതിനാല്‍ പൊന്നുംതുരുത്ത് എന്ന് പേരുണ്ടായതാണെന്നും പറയപ്പെടുന്നു. വലിയപുരയ്ക്കല്‍ കുടുംബത്തിന്റെ വകയാണ് ഈ തുരുത്ത്. ഈ കുടുംബമാണ് ഒരേക്കര്‍ അഞ്ചുസെന്റ് സ്ഥലം ക്ഷേത്രട്രസ്റ്റിന് നല്‍കിയത്. മുമ്പ് പതിനൊന്നേക്കറോളം വിസ്തൃതിയുണ്ടായിരുന്ന തുരുത്ത് കായലിലെ വെള്ളംകേറി ഏഴേക്കറായി ചുരുങ്ങിയതാണത്രെ. പൂജാസമയങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് വരാനും പോകാനും നെടുങ്ങണ്ടയില്‍നിന്ന് ക്ഷേത്രംവക സൗജന്യ ബോട്ടുസര്‍വീസുണ്ട്.
ഇടവ, വര്‍ക്കല ബീച്ചുകളില്‍ ചുറ്റിത്തിരിഞ്ഞശേഷം ഉച്ചയോടെയാണ് ഞങ്ങള്‍ നെടുങ്ങണ്ടയിലെത്തിയത്. കായല്‍ത്തീരത്തുള്ള കുടുംബശ്രീ ഭക്ഷണശാലയില്‍നിന്ന് കപ്പയും കരിമീനും ഉള്‍പ്പെടെ സ്വാദിഷ്ടമായ ഉച്ചയൂണുംകഴിച്ച്, അല്‍പനേരം കായല്‍ക്കരയില്‍ വിശ്രമിച്ചു.
രണ്ടുമണികഴിഞ്ഞപ്പോള്‍ തുരുത്തിലേക്കുപോകാന്‍ ഒരു നാടന്‍വള്ളം ഒത്തുകിട്ടി. ഇടയ്ക്കിടെ വീശുന്ന ശക്തമായ കാറ്റില്‍ ആടിയുലയുന്ന വള്ളത്തില്‍ സഞ്ചരിക്കാന്‍ ആഗ്രഹംമാത്രം പോര, ഇത്തിരി ധൈര്യവും കൂട്ടിനുണ്ടാവണം. കായലിനുനടുവില്‍ മരതകംപതിച്ചതുപോലുള്ള പച്ചത്തുരുത്തില്‍ കുറച്ചുനേരം സ്വസ്ഥമായി ചുറ്റിനടന്ന്, ശുദ്ധവായുവും പ്രകൃതിക്കാഴ്ചകളും ആസ്വദിച്ചശേഷം അതേ വള്ളത്തില്‍ മടക്കയാത്ര. കാറ്റത്ത് വള്ളം മറിഞ്ഞാലോ എന്നു പേടിച്ച് നാലുകൂട്ടുകാര്‍ സ്പീഡ്‌ബോട്ടില്‍ കയറി തിരിച്ചുപോയി. മെല്ലെതുഴയുന്ന കടത്തുവള്ളത്തില്‍ ഞങ്ങള്‍ നാലുപേര്‍ പാട്ടുംപാടി ആടിയുലഞ്ഞ് കരയ്‌ക്കെത്തി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ, ഉറ്റസ്‌നേഹിതരുമൊത്തുള്ള ആഴ്ചകളോളംനീണ്ട യാത്രക്കിടയില്‍ ഒരുദിവസം രാവിലെ ഞങ്ങള്‍ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
1854 -ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹൗറ സ്റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ സ്റ്റേഷനുകളിലൊന്നാണ്. ഹൗറ ജംഗ്ഷന്‍ എന്നപേരിലും അറിയപ്പെടുന്നു. ഇവിടെനിന്ന് രാത്രി പതിനൊന്നിനാണ് അടുത്ത ട്രെയിന്‍ കയറേണ്ടത്. അത്രയും സമയം കൊല്‍ക്കത്തയിലെ കുറച്ചുസ്ഥലങ്ങള്‍ കാണാമല്ലൊ എന്നൊരഭിപ്രായമുണ്ടായി. യാത്രാബാഗുകള്‍ ക്ലോക്ക്‌റൂമില്‍ സൂക്ഷിച്ചിട്ട് ഹാന്‍ഡ്ബാഗുമായി ഞങ്ങള്‍ പുറത്തിറങ്ങി
. സ്റ്റേഷനുപുറത്ത് യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ധാരാളം ടാക്‌സിക്കാറുകള്‍. മഞ്ഞനിറത്തിലുള്ള ഈ അംബാസിഡര്‍ കാറുകള്‍ കൊല്‍ക്കത്തനഗരത്തിന്റെ ജീവിതക്കാഴ്ചകളിലൊന്നാണ്. കൊളോണിയല്‍ ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന നിര്‍മ്മിതികളും കാഴ്ചകളും ഇവിടെ ധാരാളമുണ്ട്. അതിലൊന്നാണ് ചുവന്നനിറത്തില്‍, ശില്‍പചാരുതയോടെ നിലകൊള്ളുന്ന ഹൗറ റെയില്‍വേസ്റ്റേഷന്‍.
1773 മുതല്‍ 1911 വരെ കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണല്ലൊ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത്. ആധിപത്യകാലത്തിന്റെ പ്രൗഢനിര്‍മ്മിതികളായ വിക്‌ടോറിയ മെമ്മോറിയല്‍, ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗികവസതി (ഇന്നത്തെ നാഷണല്‍ ലൈബ്രറി),
നാഷണല്‍ ലൈബ്രറി
കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയെക്കുറിച്ച് കേള്‍ക്കാന്‍തുടങ്ങിയത് ഞാനും ഒരെഴുത്തുകാരി ആയതിനുശേഷമാണ്. ആലിപ്പൂരിലെ ബെല്‍വെദെരെ എസ്റ്റേറ്റിലാണ് നാഷണല്‍ ലൈബ്രറിയും ഭാഷാഭവനും സ്ഥിതിചെയ്യുന്നത്. ഇന്ത്യാഗവണ്മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനുകീഴിലാണ് നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം. ഇന്ത്യന്‍ഭാഷകളില്‍, ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ് ബുക്ക്‌നമ്പരോടുകൂടി (ISBN) അച്ചടിക്കപ്പെടുന്ന സകല പുസ്തകങ്ങളുടെയും കോപ്പികള്‍ പ്രസാധകര്‍ ഇവിടേക്ക് അയച്ചുകൊടുക്കേണ്ടതാണ്. വിവിധഭാഷകളിലായി ദശലക്ഷക്കണക്കിന് പുസ്തകങ്ങളും ജേണലുകള്‍, പത്രങ്ങള്‍, മാസികകള്‍, ശബ്ദ-സംഗീത റെക്കോര്‍ഡിംഗുകള്‍, പേറ്റന്റുകള്‍, ഡാറ്റാബേസുകള്‍, ഭൂപടങ്ങള്‍, സ്റ്റാമ്പുകള്‍, പ്രിന്റുകള്‍, ഡ്രോയിങ്ങുകള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയുടെ വന്‍ശേഖരവുമുള്ള കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറി ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയിലെ നിരവധി സെക്രട്ടേറിയറ്റ് ലൈബ്രറികള്‍ സംയോജിപ്പിച്ച് 1891-ല്‍ രൂപീകരിച്ച ഇംപീരിയല്‍ ലൈബ്രറിയാണ് സ്വാതന്ത്ര്യാനന്തരം, 1948-ല്‍ നാഷണല്‍ ലൈബ്രറിയായി നാമകരണംചെയ്യപ്പെട്ടതും എസ്പ്ലനേഡില്‍നിന്ന് ബെല്‍വെദെരെ എസ്റ്റേറ്റിലേക്ക് മാറ്റിയതും. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കെട്ടിടം ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗികവസതിയായിരുന്നു. നിറയെ മരങ്ങളും പച്ചപ്പുമുള്ള പരിസരം. 1953 ഫെബ്രുവരി ഒന്നിന് മൗലാന അബ്ദുല്‍കലാം ആസാദാണ് നാഷണല്‍ ലൈബ്രരി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക.
വര്‍ഷങ്ങളായി കാണാന്‍ കൊതിച്ചിരുന്ന അക്ഷരസങ്കേതത്തിലേക്ക് കടന്നുചെന്നപ്പോള്‍ കട്ടിക്കണ്ണടവച്ച, താടിയും മുടിയും നീട്ടിവളര്‍ത്തിയ നാലഞ്ച് മനുഷ്യരെയാണ് ആദ്യം കണ്ടത്. സെക്രട്ടേറിയറ്റ് പെന്‍ഷണറുടെ ഐഡന്റിറ്റികാര്‍ഡും എഴുത്തുകാരിയുടെ വിസിറ്റിംഗ് കാര്‍ഡും കാണിച്ചപ്പോള്‍ പ്രവേശനാനുമതി കിട്ടാന്‍ താമസമുണ്ടായില്ല. ഇന്ത്യയിലെ ആദ്യത്തെ നോബല്‍സമ്മാനജേതാവായ രബീന്ദ്രനാഥടാഗൂര്‍ മുതല്‍ നിരവധി പ്രതിഭാധനരായ എഴുത്തുകാരുടെ കൃതികള്‍ നിറഞ്ഞിരിക്കുന്ന ആ ഗ്രന്ഥപ്പുരയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെ പരതിനടന്നു. ഗ്രന്ഥശേഖരം മുഴുവന്‍ കണ്ടുതീര്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞങ്ങള്‍ മലയാളം സെക്ഷന്‍ അന്വേഷിച്ച് കണ്ടെത്തി. വള്ളത്തോള്‍, ബഷീര്‍ തുടങ്ങി വളരെ പ്രശസ്തരായ കുറേപ്പേരുടെ കൃതികള്‍ അവിടെ കണ്ടു. വള്ളത്തോളിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നതായി തോന്നി. അദ്ദേഹത്തിന്റെ കൃതികള്‍ മിക്കവയും ദേശീയഗ്രന്ഥാലയത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. എഴുത്തുകാരുടെ ഛായാപടങ്ങള്‍ ഒട്ടിച്ചുവച്ചിരിക്കുന്ന കൂട്ടത്തില്‍ മലയാളത്തില്‍നിന്ന് വള്ളത്തോളിനെ മാത്രമെ കണ്ടുള്ളു.അതിവിശാലമായ ആ അക്ഷരസാമ്രാജ്യത്തില്‍ ചുറ്റിത്തിരിയുമ്പോള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ച ഒരുപത്രവാര്‍ത്ത ഓര്‍മ്മവന്നു. കെട്ടിടത്തിനടിയില്‍ ഒരു രഹസ്യ അറ ഉള്ളതായി 2010-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ പരിശോധനയില്‍ കണ്ടെത്തിയെന്നും ആയിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതും പ്രവേശനദ്വാരങ്ങള്‍ ഇല്ലാത്തതുമായ അറയുടെ ഉപയോഗം എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നുമായിരുന്നു വാര്‍ത്ത. ബ്രിട്ടീഷുകാരുടെ കാലത്ത് ശിക്ഷകള്‍ നടപ്പാക്കുന്നതിനോ വിലപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നതിനോ ഉപയോഗിച്ചിരുന്നതാവാമെന്നും അഭ്യൂഹമുണ്ടായി. എന്നാല്‍ കെട്ടിടത്തിന് വേണ്ടത്ര ഉറപ്പുണ്ടാവുന്നതിനുവേണ്ടി അറമുഴുവന്‍ ചെളി നിറച്ചതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതായും 2011-ല്‍ വാര്‍ത്തയുണ്ടായി.
വിക്‌ടോറിയ മെമ്മോറിയല്‍
ജവഹര്‍ലാല്‍ നെഹൃ റോഡിന്റെ ഓരത്താണ് വിക്‌ടോറിയ മെമ്മോറിയല്‍ സ്ഥിതിചെയ്യുന്നത്. 1876 മുതല്‍ 1901 വരെ ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ചിരുന്ന വിക്‌ടോറിയ രാജ്ഞിയുടെ സ്മരണക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ വെള്ളമാര്‍ബിള്‍ മന്ദിരം ഇപ്പോള്‍ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയമാണ്. വിക്‌ടോറിയസ്മാരക മ്യൂസിയത്തില്‍ പുതിയകൊല്‍ക്കത്ത ഗ്യാലറി ഉള്‍പ്പെടെ 25 ഗ്യാലറികളുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികളുടെ ഛായാപടങ്ങള്‍, പ്രതിമകള്‍, ചരിത്രത്തിന്റെ ഭാഗമായ തുപ്പാക്കികളും മറ്റ് ആയുധങ്ങളും വൈസ്രോയിമാരുടെ ഉടുപ്പുകളും അവരുപയോഗിച്ച പലവക സാധനങ്ങളും കണ്ണാടിക്കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിക്‌ടോറിയ ഗ്യാലറിയില്‍ വിക്‌ടോറിയ രാജ്ഞിയുടെയും ആല്‍ബര്‍ട്ട് രാജകുമാരന്റെയുംജീവിതത്തിലെ സുപ്രധാനസംഭവങ്ങളുടെ ഛായാചിത്രങ്ങള്‍, ശില്‍പങ്ങള്‍ എന്നിവ കാണാം. 1992-ല്‍ ആരംഭിച്ച കൊല്‍ക്കത്ത ഗ്യാലറിയില്‍ ഇന്ത്യയുടെ തലസ്ഥാനം ഡെല്‍ഹിയിലേക്ക് മാറ്റിയതിനുശേഷം കൊല്‍ക്കത്തയ്ക്കുണ്ടായ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രരേഖകളും ചിത്രീകരണങ്ങളും കാണാം.
കുളത്തിന്റെ കരയിലും പുല്‍ത്തകിടിയിലും അങ്ങിങ്ങായി സല്ലപിച്ചിരിക്കുന്ന യുവതീയുവാക്കള്‍ രാജകീയോദ്യാനത്തില്‍ പ്രണയവസന്തം വിരിയിക്കുന്നു.
കുറേക്കഴിഞ്ഞപ്പോള്‍ ബോട്ട് ബാഗ് ബസാര്‍ ഘട്ടിലെത്തി.
ഇറങ്ങി കുറച്ചുദൂരം നടന്നിട്ടും ബാഗുവില്‍ക്കുന്ന കടകളൊന്നും കാണുന്നില്ല. തെരുവില്‍ ചെളിയുരുളയും (ഹൂഗ്ലിനദിയിലെ കറുത്തചെളി ഇവിടെ പൂജാദ്രവ്യമാണ്.) പൂക്കളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന പാവപ്പെട്ട മനുഷ്യര്‍.
ചെളിവില്‍ക്കുന്ന ഒരു യുവതിയോടൊപ്പം അവരുടെ കുട്ടി പിറന്നവേഷത്തില്‍ നില്‍പുണ്ട്. വില്‍ക്കാനായി ഉരുട്ടിവച്ചിരിക്കുന്ന ചെളിയുടെ നിറംതന്നെയാണ് ആ അമ്മയ്ക്കും കുഞ്ഞിനും; അവരുടെ നിഷ്‌കളങ്കമായ ചിരിക്ക് മനംകവരുന്ന വെളുപ്പും.
റോഡരികത്തായി ചെറിയൊരു ക്ഷേത്രമുണ്ട്. പരിസരമാകെ ഭക്തജനത്തിരക്ക്. കുറിയണിഞ്ഞവരും പൂണൂല്‍ധാരികളും പൂജാരിമാരും തിക്കിത്തിരക്കി നടക്കുന്നു. അവര്‍ക്കിടയിലൂടെ ഞങ്ങളും നടന്നു. കുറച്ചുനടന്നപ്പോള്‍ ഒരു സംശയം - വഴിതെറ്റിയോ? ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനോട് ചോദിച്ചു: സര്‍, ബാഗ് ബസാര്‍ എവിടെയാണ്? അദ്ദേഹം റോഡിന്റെ കിഴക്കുദിശയിലേക്ക് വിരല്‍ചൂണ്ടി. ഞങ്ങള്‍ അങ്ങോട്ടു നടന്നു. മുന്നില്‍ കണ്ട ബോര്‍ഡില്‍ നോക്കി മിഴിച്ചുനിന്നുപോയി - ബാഗ് ബസാര്‍ റെയില്‍വേസ്റ്റേഷന്‍!
വടക്കന്‍ കൊല്‍ക്കത്തയുടെ സമീപപ്രദേശമാണ് ബാഗ്ബസാര്‍. കൊല്‍ക്കത്തയുടെ വളര്‍ച്ചയില്‍ സജീവമായ പങ്കുവഹിച്ചിട്ടുള്ള ഈ പ്രദേശം ഒരുകാലത്ത് ബംഗാളി പ്രഭുക്കന്മാരുടെ കോട്ടയായിരുന്നു. ശ്യാംപുക്കൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍പെട്ടതും ശ്യാംബസാറിനോട് ചേര്‍ന്നുകിടക്കുന്നതുമായ പ്രദേശമാണിത്. പഴയ ബംഗാളിസാഹിത്യത്തില്‍നിന്നുള്ള രണ്ടുവാക്കുകളില്‍നിന്നാണ് ബാഗ്ബസാര്‍ എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തി. ബാഗ് എന്നാല്‍ പൂന്തോട്ടം. ബസാര്‍ എന്നാല്‍ മാര്‍ക്കറ്റ്. ഇവിടെ തെരുവോരങ്ങളില്‍ ധാരാളം പൂക്കടകള്‍ കാണാം. ബാഗ് വില്‍ക്കുന്ന കടകള്‍ എവിടെയാണെന്ന് പൂക്കച്ചവടക്കാരോട് ചോദിച്ചു. അറിയില്ലെന്ന് അവര്‍ കൈമലര്‍ത്തി.
എന്തായാലും ഇത്രടം വന്നില്ലേ, കുറച്ചുകൂടി നടന്നുനോക്കാം എന്നായി സൂഹൃത്ത്. മോട്ടോര്‍വാഹനങ്ങളും സൈക്കിള്‍റിക്ഷകളും ഇടകലര്‍ന്നൊഴുകുന്ന തിരക്കേറിയ റോഡിലൂടെ പടിഞ്ഞാറോട്ടു നടന്നു.
റോഡരികില്‍ ഒതുക്കിയിട്ടിരിക്കുന്ന റിക്ഷകളില്‍ ബീഹാറികളായ റിക്ഷാവാലകള്‍ യാത്രക്കാരെ പ്രതീക്ഷിച്ചിരിപ്പാണ്. റിക്ഷാവണ്ടി വലിച്ചുകിട്ടുന്ന തുഛമായ വരുമാനംകൊണ്ടാണ് അവരും അങ്ങ് ബീഹാറിലുള്ള അവരുടെ കുടുംബവും ജീവിച്ചുപോകുന്നത്.
കൈകൊണ്ട് വലിക്കുന്ന റിക്ഷകള്‍ക്ക് 2006-ല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണ്. പക്ഷെ, ഉപജീവനത്തിന് മറ്റുമാര്‍ഗ്ഗങ്ങളില്ലാത്ത തെരുവുമനുഷ്യര്‍ക്ക് തങ്ങളുടെ റിക്ഷകള്‍ മാത്രമാണ് ഏക ആശ്രയം. ദിവസം പത്തുമൈല്‍ ദൂരത്തോളം റിക്ഷവലിക്കുന്നവരുണ്ടത്രെ! വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനിടമില്ലാത്ത ചെറിയമുടുക്കുകളിലും ചേരികളിലുംമറ്റും താമസിക്കുന്ന പാവപ്പെട്ടമനുഷ്യര്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോവുക, കുട്ടികളെ സ്‌കൂളിലെത്തിക്കുക തുടങ്ങിയ അത്യാവശ്യയാത്രകള്‍ക്ക് ഈ റിക്ഷകളെയാണ് ആശ്രയിക്കുന്നത്.
അരമണിക്കൂറോളം നടന്നിട്ടും ഒരൊറ്റ ബാഗുകടപോലും കാണാതെ ഞങ്ങള്‍ ബാഗ്ബസാര്‍ ഘട്ടിലേക്ക് തിരിച്ചുനടന്നു. ബാഗ് കിട്ടിയില്ലെങ്കിലെന്ത്, പെണ്ണുങ്ങളുടെ തെറികിട്ടിയല്ലോ എന്ന് സുഹൃത്തിന്റെ തമാശ. ബോട്ടുജെട്ടിയില്‍ നീണ്ട ക്യൂ. ജോലിക്കുപോയി മടങ്ങുന്നവരാണധികവും. നേരം ഇരുട്ടിത്തുടങ്ങി. ഹൂഗ്ലിയിലൂടെയുള്ള മടക്കയാത്രയില്‍, വൈദ്യുതദീപങ്ങളുടെ വര്‍ണ്ണപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന ഹൗറപ്പാലത്തിന്റെ രൂപഭംഗികള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് ഞാനെന്റെ തെറിയനുഭവം മറക്കാന്‍ ശ്രമിച്ചു..
ഹൗറപ്പാലം (രബീന്ദ്രസേതു)
ഹൗറ ബോട്ടുജെട്ടിയില്‍നിന്ന് ഞങ്ങള്‍ ഹൗറപ്പാലത്തിലേക്ക് നടന്നു. കൊല്‍ക്കത്ത എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ഹൗറപ്പാലമാണ്. ഹൂഗ്ലിനദിയുടെ കിഴക്കുഭാഗത്തുള്ള നഗരമാണ് കൊല്‍ക്കത്ത. നദിക്കപ്പുറത്തുള്ള ഹൗറ വലിയൊരു വ്വവസായകേന്ദ്രമാണ്. കൊല്‍ക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലിനദിക്കുകുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഉരുക്കുപാലമാണ് ഹൗറപ്പാലം (രബീന്ദ്രസേതു). 1942-ല്‍ പണിപൂര്‍ത്തിയായ പാലത്തിന്റെ ആദ്യപേര് ഹൗറ പുതിയപാലം എന്നായിരുന്നു. പുതിയപാലം നിര്‍മ്മിക്കുന്നതിനുമുമ്പ് ഇതേസ്ഥാനത്ത് ഒരു പോന്തൂണ്‍ പാലം നിലവിലുണ്ടായിരുന്നു. ആയതിനാല്‍ ആളുകള്‍ പുതിയപാലത്തെ ഹൗറ പുതിയപാലം എന്നുവിളിച്ചു. ഇന്ത്യയിലെയെന്നല്ല, ഏഷ്യയിലെതന്നെ ആദ്യത്തെ നോബല്‍സമ്മാനജേതാവും ബംഗാളി കവിയുമായ രബീന്ദ്രനാഥ ടാഗൂറിന്റെ സ്മരണാര്‍ത്ഥം 1965-ല്‍ പാലത്തിന്റെ ഔദ്യോഗികനാമം രബീന്ദ്രസേതു എന്ന് മാറ്റുകയുണ്ടായി. എന്നാല്‍ ഇപ്പോഴും ഹൗറപ്പാലം എന്നുതന്നെയാണ് അറിയപ്പെടുന്നത്. ലോകത്തിലെ നീളംകൂടിയ കാന്റിലിവര്‍ പാലങ്ങളില്‍ ആറാംസ്ഥാനത്താണ് ഹൗറ തൂക്കുപാലം. 829 മീറ്റര്‍ നീളമുള്ള ഹൗറപ്പാലം 1943 ഫെബ്രുവരി മൂന്നിനാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. വാഹനസഞ്ചാരത്തിനായി 70അടി വീതിയില്‍ എട്ടുവരിപ്പാതയും കാല്‍നടക്കാര്‍ക്കും സൈക്കിള്‍സവാരിക്കാര്‍ക്കും വെവ്വേറെ പാതകളുമുണ്ട്. പ്രതിദിനം മൂന്നുലക്ഷം വാഹനങ്ങളും നാലരലക്ഷം കാല്‍നടക്കാരും ഈ പാലത്തിലൂടെ സഞ്ചരിക്കുന്നു എന്നാണ് കണക്ക്. കൊല്‍ക്കത്ത പേര്‍ട്ട്ട്രസ്റ്റിനാണ് പാലത്തിന്റെ മേല്‍നോട്ടച്ചുമതല.
പാലത്തിലേക്കുള്ള പൊതുനിരത്തിലെ കുണ്ടുംകുഴികളും അരികുകളില്‍നിന്നും ഒലിച്ചിറങ്ങിയ മനുഷ്യമൂത്രംകൊണ്ട് ദുര്‍ഗ്ഗന്ധപൂരിതമായിരുന്നു. വഴിയിലെ അഴുക്കുകളില്‍ ചവിട്ടാതെ നടന്നുനീങ്ങുക അസാദ്ധ്യം. വൃത്തിയുടെ കാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന നഗരങ്ങളാണ് കൊല്‍ക്കത്തയും ഹൗറയും. പലയിടത്തും അസഹനീയമായ ദുര്‍ഗ്ഗന്ധം കാരണം മൂക്കുപൊത്തിനടക്കേണ്ട അവസ്ഥ. വഴി വൃത്തിഹീനമാണെങ്കിലും കൊല്‍ക്കത്തയുടെ അഭിമാനപ്രതീകംപോലെ നിലകൊള്ളുന്ന ഹൗറപ്പാലത്തിലൂടെ കാഴ്ചകള്‍ കണ്ടുനടക്കുക ആഹ്ലാദകരംതന്നെ.
വൈദ്യുതദീപപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന പാലത്തിന്റെ അടിയിലൂടെ ഹൂഗ്ലിനദി ശാന്തമായൊഴുകുന്നു. കുറേനേരം പരിസരക്കാഴ്ചകളില്‍ മുഴുകി, തണുത്തകാറ്റേറ്റ് പാലത്തിലിരുന്നു. വിശപ്പിന്റെ വിളിവന്നപ്പോള്‍ തിരിച്ചുനടന്നു.
സാമാന്യം വൃത്തിയുള്ളതെന്ന് തോന്നിയ ഒരു വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍കയറി അത്താഴംകഴിച്ചശേഷം റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു.