ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ, ഉറ്റസ്‌നേഹിതരുമൊത്തുള്ള ആഴ്ചകളോളംനീണ്ട യാത്രക്കിടയില്‍ ഒരുദിവസം രാവിലെ ഞങ്ങള്‍ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
1854 -ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹൗറ സ്റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ സ്റ്റേഷനുകളിലൊന്നാണ്. ഹൗറ ജംഗ്ഷന്‍ എന്നപേരിലും അറിയപ്പെടുന്നു. ഇവിടെനിന്ന് രാത്രി പതിനൊന്നിനാണ് അടുത്ത ട്രെയിന്‍ കയറേണ്ടത്. അത്രയും സമയം കൊല്‍ക്കത്തയിലെ കുറച്ചുസ്ഥലങ്ങള്‍ കാണാമല്ലൊ എന്നൊരഭിപ്രായമുണ്ടായി. യാത്രാബാഗുകള്‍ ക്ലോക്ക്‌റൂമില്‍ സൂക്ഷിച്ചിട്ട് ഹാന്‍ഡ്ബാഗുമായി ഞങ്ങള്‍ പുറത്തിറങ്ങി
. സ്റ്റേഷനുപുറത്ത് യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ധാരാളം ടാക്‌സിക്കാറുകള്‍. മഞ്ഞനിറത്തിലുള്ള ഈ അംബാസിഡര്‍ കാറുകള്‍ കൊല്‍ക്കത്തനഗരത്തിന്റെ ജീവിതക്കാഴ്ചകളിലൊന്നാണ്. കൊളോണിയല്‍ ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന നിര്‍മ്മിതികളും കാഴ്ചകളും ഇവിടെ ധാരാളമുണ്ട്. അതിലൊന്നാണ് ചുവന്നനിറത്തില്‍, ശില്‍പചാരുതയോടെ നിലകൊള്ളുന്ന ഹൗറ റെയില്‍വേസ്റ്റേഷന്‍.
1773 മുതല്‍ 1911 വരെ കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണല്ലൊ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത്. ആധിപത്യകാലത്തിന്റെ പ്രൗഢനിര്‍മ്മിതികളായ വിക്‌ടോറിയ മെമ്മോറിയല്‍, ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗികവസതി (ഇന്നത്തെ നാഷണല്‍ ലൈബ്രറി),
നാഷണല്‍ ലൈബ്രറി
കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയെക്കുറിച്ച് കേള്‍ക്കാന്‍തുടങ്ങിയത് ഞാനും ഒരെഴുത്തുകാരി ആയതിനുശേഷമാണ്. ആലിപ്പൂരിലെ ബെല്‍വെദെരെ എസ്റ്റേറ്റിലാണ് നാഷണല്‍ ലൈബ്രറിയും ഭാഷാഭവനും സ്ഥിതിചെയ്യുന്നത്. ഇന്ത്യാഗവണ്മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനുകീഴിലാണ് നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം. ഇന്ത്യന്‍ഭാഷകളില്‍, ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ് ബുക്ക്‌നമ്പരോടുകൂടി (ISBN) അച്ചടിക്കപ്പെടുന്ന സകല പുസ്തകങ്ങളുടെയും കോപ്പികള്‍ പ്രസാധകര്‍ ഇവിടേക്ക് അയച്ചുകൊടുക്കേണ്ടതാണ്. വിവിധഭാഷകളിലായി ദശലക്ഷക്കണക്കിന് പുസ്തകങ്ങളും ജേണലുകള്‍, പത്രങ്ങള്‍, മാസികകള്‍, ശബ്ദ-സംഗീത റെക്കോര്‍ഡിംഗുകള്‍, പേറ്റന്റുകള്‍, ഡാറ്റാബേസുകള്‍, ഭൂപടങ്ങള്‍, സ്റ്റാമ്പുകള്‍, പ്രിന്റുകള്‍, ഡ്രോയിങ്ങുകള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയുടെ വന്‍ശേഖരവുമുള്ള കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറി ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയിലെ നിരവധി സെക്രട്ടേറിയറ്റ് ലൈബ്രറികള്‍ സംയോജിപ്പിച്ച് 1891-ല്‍ രൂപീകരിച്ച ഇംപീരിയല്‍ ലൈബ്രറിയാണ് സ്വാതന്ത്ര്യാനന്തരം, 1948-ല്‍ നാഷണല്‍ ലൈബ്രറിയായി നാമകരണംചെയ്യപ്പെട്ടതും എസ്പ്ലനേഡില്‍നിന്ന് ബെല്‍വെദെരെ എസ്റ്റേറ്റിലേക്ക് മാറ്റിയതും. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കെട്ടിടം ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗികവസതിയായിരുന്നു. നിറയെ മരങ്ങളും പച്ചപ്പുമുള്ള പരിസരം. 1953 ഫെബ്രുവരി ഒന്നിന് മൗലാന അബ്ദുല്‍കലാം ആസാദാണ് നാഷണല്‍ ലൈബ്രരി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക.
വര്‍ഷങ്ങളായി കാണാന്‍ കൊതിച്ചിരുന്ന അക്ഷരസങ്കേതത്തിലേക്ക് കടന്നുചെന്നപ്പോള്‍ കട്ടിക്കണ്ണടവച്ച, താടിയും മുടിയും നീട്ടിവളര്‍ത്തിയ നാലഞ്ച് മനുഷ്യരെയാണ് ആദ്യം കണ്ടത്. സെക്രട്ടേറിയറ്റ് പെന്‍ഷണറുടെ ഐഡന്റിറ്റികാര്‍ഡും എഴുത്തുകാരിയുടെ വിസിറ്റിംഗ് കാര്‍ഡും കാണിച്ചപ്പോള്‍ പ്രവേശനാനുമതി കിട്ടാന്‍ താമസമുണ്ടായില്ല. ഇന്ത്യയിലെ ആദ്യത്തെ നോബല്‍സമ്മാനജേതാവായ രബീന്ദ്രനാഥടാഗൂര്‍ മുതല്‍ നിരവധി പ്രതിഭാധനരായ എഴുത്തുകാരുടെ കൃതികള്‍ നിറഞ്ഞിരിക്കുന്ന ആ ഗ്രന്ഥപ്പുരയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെ പരതിനടന്നു. ഗ്രന്ഥശേഖരം മുഴുവന്‍ കണ്ടുതീര്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞങ്ങള്‍ മലയാളം സെക്ഷന്‍ അന്വേഷിച്ച് കണ്ടെത്തി. വള്ളത്തോള്‍, ബഷീര്‍ തുടങ്ങി വളരെ പ്രശസ്തരായ കുറേപ്പേരുടെ കൃതികള്‍ അവിടെ കണ്ടു. വള്ളത്തോളിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നതായി തോന്നി. അദ്ദേഹത്തിന്റെ കൃതികള്‍ മിക്കവയും ദേശീയഗ്രന്ഥാലയത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. എഴുത്തുകാരുടെ ഛായാപടങ്ങള്‍ ഒട്ടിച്ചുവച്ചിരിക്കുന്ന കൂട്ടത്തില്‍ മലയാളത്തില്‍നിന്ന് വള്ളത്തോളിനെ മാത്രമെ കണ്ടുള്ളു.അതിവിശാലമായ ആ അക്ഷരസാമ്രാജ്യത്തില്‍ ചുറ്റിത്തിരിയുമ്പോള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ച ഒരുപത്രവാര്‍ത്ത ഓര്‍മ്മവന്നു. കെട്ടിടത്തിനടിയില്‍ ഒരു രഹസ്യ അറ ഉള്ളതായി 2010-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ പരിശോധനയില്‍ കണ്ടെത്തിയെന്നും ആയിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതും പ്രവേശനദ്വാരങ്ങള്‍ ഇല്ലാത്തതുമായ അറയുടെ ഉപയോഗം എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നുമായിരുന്നു വാര്‍ത്ത. ബ്രിട്ടീഷുകാരുടെ കാലത്ത് ശിക്ഷകള്‍ നടപ്പാക്കുന്നതിനോ വിലപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നതിനോ ഉപയോഗിച്ചിരുന്നതാവാമെന്നും അഭ്യൂഹമുണ്ടായി. എന്നാല്‍ കെട്ടിടത്തിന് വേണ്ടത്ര ഉറപ്പുണ്ടാവുന്നതിനുവേണ്ടി അറമുഴുവന്‍ ചെളി നിറച്ചതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതായും 2011-ല്‍ വാര്‍ത്തയുണ്ടായി.
വിക്‌ടോറിയ മെമ്മോറിയല്‍
ജവഹര്‍ലാല്‍ നെഹൃ റോഡിന്റെ ഓരത്താണ് വിക്‌ടോറിയ മെമ്മോറിയല്‍ സ്ഥിതിചെയ്യുന്നത്. 1876 മുതല്‍ 1901 വരെ ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ചിരുന്ന വിക്‌ടോറിയ രാജ്ഞിയുടെ സ്മരണക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ വെള്ളമാര്‍ബിള്‍ മന്ദിരം ഇപ്പോള്‍ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയമാണ്. വിക്‌ടോറിയസ്മാരക മ്യൂസിയത്തില്‍ പുതിയകൊല്‍ക്കത്ത ഗ്യാലറി ഉള്‍പ്പെടെ 25 ഗ്യാലറികളുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികളുടെ ഛായാപടങ്ങള്‍, പ്രതിമകള്‍, ചരിത്രത്തിന്റെ ഭാഗമായ തുപ്പാക്കികളും മറ്റ് ആയുധങ്ങളും വൈസ്രോയിമാരുടെ ഉടുപ്പുകളും അവരുപയോഗിച്ച പലവക സാധനങ്ങളും കണ്ണാടിക്കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിക്‌ടോറിയ ഗ്യാലറിയില്‍ വിക്‌ടോറിയ രാജ്ഞിയുടെയും ആല്‍ബര്‍ട്ട് രാജകുമാരന്റെയുംജീവിതത്തിലെ സുപ്രധാനസംഭവങ്ങളുടെ ഛായാചിത്രങ്ങള്‍, ശില്‍പങ്ങള്‍ എന്നിവ കാണാം. 1992-ല്‍ ആരംഭിച്ച കൊല്‍ക്കത്ത ഗ്യാലറിയില്‍ ഇന്ത്യയുടെ തലസ്ഥാനം ഡെല്‍ഹിയിലേക്ക് മാറ്റിയതിനുശേഷം കൊല്‍ക്കത്തയ്ക്കുണ്ടായ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രരേഖകളും ചിത്രീകരണങ്ങളും കാണാം.
അറുപത്തിനാലേക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പൂന്തോട്ടം മനോഹരമായ പൂക്കളും പുല്‍ത്തകിടികളും വൃക്ഷങ്ങളും ചരിത്രസ്മൃതികളുണര്‍ത്തുന്ന കലാസൃഷ്ടികളും കൊണ്ട് അലങ്കൃതമാണ്. സിംഹാസനത്തില്‍ ഉപവിഷ്ടയായ വിക്‌ടോറിയ രാജ്ഞിയുടെ വെങ്കലപ്രതിമ, ഹേസ്റ്റിംഗ്‌സ്, കോണ്‍വാലിസ്, ക്ലൈവ്, വെല്ലസ്ലി തുടങ്ങിയ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെയും ബ്രിട്ടീഷിന്ത്യാചരിത്രവുമായി ബന്ധപ്പെട്ട പ്രശസ്തവ്യക്തികളുടെയും ശില്‍പങ്ങള്‍, എഡ്വേഡ് ഏഴാമന്‍
കുളത്തിന്റെ കരയിലും പുല്‍ത്തകിടിയിലും അങ്ങിങ്ങായി സല്ലപിച്ചിരിക്കുന്ന യുവതീയുവാക്കള്‍ രാജകീയോദ്യാനത്തില്‍ പ്രണയവസന്തം വിരിയിക്കുന്നു.
കുറേക്കഴിഞ്ഞപ്പോള്‍ ബോട്ട് ബാഗ് ബസാര്‍ ഘട്ടിലെത്തി.
ഇറങ്ങി കുറച്ചുദൂരം നടന്നിട്ടും ബാഗുവില്‍ക്കുന്ന കടകളൊന്നും കാണുന്നില്ല. തെരുവില്‍ ചെളിയുരുളയും (ഹൂഗ്ലിനദിയിലെ കറുത്തചെളി ഇവിടെ പൂജാദ്രവ്യമാണ്.) പൂക്കളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന പാവപ്പെട്ട മനുഷ്യര്‍.
ചെളിവില്‍ക്കുന്ന ഒരു യുവതിയോടൊപ്പം അവരുടെ കുട്ടി പിറന്നവേഷത്തില്‍ നില്‍പുണ്ട്. വില്‍ക്കാനായി ഉരുട്ടിവച്ചിരിക്കുന്ന ചെളിയുടെ നിറംതന്നെയാണ് ആ അമ്മയ്ക്കും കുഞ്ഞിനും; അവരുടെ നിഷ്‌കളങ്കമായ ചിരിക്ക് മനംകവരുന്ന വെളുപ്പും.
റോഡരികത്തായി ചെറിയൊരു ക്ഷേത്രമുണ്ട്. പരിസരമാകെ ഭക്തജനത്തിരക്ക്. കുറിയണിഞ്ഞവരും പൂണൂല്‍ധാരികളും പൂജാരിമാരും തിക്കിത്തിരക്കി നടക്കുന്നു. അവര്‍ക്കിടയിലൂടെ ഞങ്ങളും നടന്നു. കുറച്ചുനടന്നപ്പോള്‍ ഒരു സംശയം - വഴിതെറ്റിയോ? ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനോട് ചോദിച്ചു: സര്‍, ബാഗ് ബസാര്‍ എവിടെയാണ്? അദ്ദേഹം റോഡിന്റെ കിഴക്കുദിശയിലേക്ക് വിരല്‍ചൂണ്ടി. ഞങ്ങള്‍ അങ്ങോട്ടു നടന്നു. മുന്നില്‍ കണ്ട ബോര്‍ഡില്‍ നോക്കി മിഴിച്ചുനിന്നുപോയി - ബാഗ് ബസാര്‍ റെയില്‍വേസ്റ്റേഷന്‍!
വടക്കന്‍ കൊല്‍ക്കത്തയുടെ സമീപപ്രദേശമാണ് ബാഗ്ബസാര്‍. കൊല്‍ക്കത്തയുടെ വളര്‍ച്ചയില്‍ സജീവമായ പങ്കുവഹിച്ചിട്ടുള്ള ഈ പ്രദേശം ഒരുകാലത്ത് ബംഗാളി പ്രഭുക്കന്മാരുടെ കോട്ടയായിരുന്നു. ശ്യാംപുക്കൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍പെട്ടതും ശ്യാംബസാറിനോട് ചേര്‍ന്നുകിടക്കുന്നതുമായ പ്രദേശമാണിത്. പഴയ ബംഗാളിസാഹിത്യത്തില്‍നിന്നുള്ള രണ്ടുവാക്കുകളില്‍നിന്നാണ് ബാഗ്ബസാര്‍ എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തി. ബാഗ് എന്നാല്‍ പൂന്തോട്ടം. ബസാര്‍ എന്നാല്‍ മാര്‍ക്കറ്റ്. ഇവിടെ തെരുവോരങ്ങളില്‍ ധാരാളം പൂക്കടകള്‍ കാണാം. ബാഗ് വില്‍ക്കുന്ന കടകള്‍ എവിടെയാണെന്ന് പൂക്കച്ചവടക്കാരോട് ചോദിച്ചു. അറിയില്ലെന്ന് അവര്‍ കൈമലര്‍ത്തി.
എന്തായാലും ഇത്രടം വന്നില്ലേ, കുറച്ചുകൂടി നടന്നുനോക്കാം എന്നായി സൂഹൃത്ത്. മോട്ടോര്‍വാഹനങ്ങളും സൈക്കിള്‍റിക്ഷകളും ഇടകലര്‍ന്നൊഴുകുന്ന തിരക്കേറിയ റോഡിലൂടെ പടിഞ്ഞാറോട്ടു നടന്നു.
റോഡരികില്‍ ഒതുക്കിയിട്ടിരിക്കുന്ന റിക്ഷകളില്‍ ബീഹാറികളായ റിക്ഷാവാലകള്‍ യാത്രക്കാരെ പ്രതീക്ഷിച്ചിരിപ്പാണ്. റിക്ഷാവണ്ടി വലിച്ചുകിട്ടുന്ന തുഛമായ വരുമാനംകൊണ്ടാണ് അവരും അങ്ങ് ബീഹാറിലുള്ള അവരുടെ കുടുംബവും ജീവിച്ചുപോകുന്നത്.
കൈകൊണ്ട് വലിക്കുന്ന റിക്ഷകള്‍ക്ക് 2006-ല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണ്. പക്ഷെ, ഉപജീവനത്തിന് മറ്റുമാര്‍ഗ്ഗങ്ങളില്ലാത്ത തെരുവുമനുഷ്യര്‍ക്ക് തങ്ങളുടെ റിക്ഷകള്‍ മാത്രമാണ് ഏക ആശ്രയം. ദിവസം പത്തുമൈല്‍ ദൂരത്തോളം റിക്ഷവലിക്കുന്നവരുണ്ടത്രെ! വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനിടമില്ലാത്ത ചെറിയമുടുക്കുകളിലും ചേരികളിലുംമറ്റും താമസിക്കുന്ന പാവപ്പെട്ടമനുഷ്യര്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോവുക, കുട്ടികളെ സ്‌കൂളിലെത്തിക്കുക തുടങ്ങിയ അത്യാവശ്യയാത്രകള്‍ക്ക് ഈ റിക്ഷകളെയാണ് ആശ്രയിക്കുന്നത്.
അരമണിക്കൂറോളം നടന്നിട്ടും ഒരൊറ്റ ബാഗുകടപോലും കാണാതെ ഞങ്ങള്‍ ബാഗ്ബസാര്‍ ഘട്ടിലേക്ക് തിരിച്ചുനടന്നു. ബാഗ് കിട്ടിയില്ലെങ്കിലെന്ത്, പെണ്ണുങ്ങളുടെ തെറികിട്ടിയല്ലോ എന്ന് സുഹൃത്തിന്റെ തമാശ. ബോട്ടുജെട്ടിയില്‍ നീണ്ട ക്യൂ. ജോലിക്കുപോയി മടങ്ങുന്നവരാണധികവും. നേരം ഇരുട്ടിത്തുടങ്ങി. ഹൂഗ്ലിയിലൂടെയുള്ള മടക്കയാത്രയില്‍, വൈദ്യുതദീപങ്ങളുടെ വര്‍ണ്ണപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന ഹൗറപ്പാലത്തിന്റെ രൂപഭംഗികള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് ഞാനെന്റെ തെറിയനുഭവം മറക്കാന്‍ ശ്രമിച്ചു..
ഹൗറപ്പാലം (രബീന്ദ്രസേതു)
ഹൗറ ബോട്ടുജെട്ടിയില്‍നിന്ന് ഞങ്ങള്‍ ഹൗറപ്പാലത്തിലേക്ക് നടന്നു. കൊല്‍ക്കത്ത എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ഹൗറപ്പാലമാണ്. ഹൂഗ്ലിനദിയുടെ കിഴക്കുഭാഗത്തുള്ള നഗരമാണ് കൊല്‍ക്കത്ത. നദിക്കപ്പുറത്തുള്ള ഹൗറ വലിയൊരു വ്വവസായകേന്ദ്രമാണ്. കൊല്‍ക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലിനദിക്കുകുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഉരുക്കുപാലമാണ് ഹൗറപ്പാലം (രബീന്ദ്രസേതു). 1942-ല്‍ പണിപൂര്‍ത്തിയായ പാലത്തിന്റെ ആദ്യപേര് ഹൗറ പുതിയപാലം എന്നായിരുന്നു. പുതിയപാലം നിര്‍മ്മിക്കുന്നതിനുമുമ്പ് ഇതേസ്ഥാനത്ത് ഒരു പോന്തൂണ്‍ പാലം നിലവിലുണ്ടായിരുന്നു. ആയതിനാല്‍ ആളുകള്‍ പുതിയപാലത്തെ ഹൗറ പുതിയപാലം എന്നുവിളിച്ചു. ഇന്ത്യയിലെയെന്നല്ല, ഏഷ്യയിലെതന്നെ ആദ്യത്തെ നോബല്‍സമ്മാനജേതാവും ബംഗാളി കവിയുമായ രബീന്ദ്രനാഥ ടാഗൂറിന്റെ സ്മരണാര്‍ത്ഥം 1965-ല്‍ പാലത്തിന്റെ ഔദ്യോഗികനാമം രബീന്ദ്രസേതു എന്ന് മാറ്റുകയുണ്ടായി. എന്നാല്‍ ഇപ്പോഴും ഹൗറപ്പാലം എന്നുതന്നെയാണ് അറിയപ്പെടുന്നത്. ലോകത്തിലെ നീളംകൂടിയ കാന്റിലിവര്‍ പാലങ്ങളില്‍ ആറാംസ്ഥാനത്താണ് ഹൗറ തൂക്കുപാലം. 829 മീറ്റര്‍ നീളമുള്ള ഹൗറപ്പാലം 1943 ഫെബ്രുവരി മൂന്നിനാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. വാഹനസഞ്ചാരത്തിനായി 70അടി വീതിയില്‍ എട്ടുവരിപ്പാതയും കാല്‍നടക്കാര്‍ക്കും സൈക്കിള്‍സവാരിക്കാര്‍ക്കും വെവ്വേറെ പാതകളുമുണ്ട്. പ്രതിദിനം മൂന്നുലക്ഷം വാഹനങ്ങളും നാലരലക്ഷം കാല്‍നടക്കാരും ഈ പാലത്തിലൂടെ സഞ്ചരിക്കുന്നു എന്നാണ് കണക്ക്. കൊല്‍ക്കത്ത പേര്‍ട്ട്ട്രസ്റ്റിനാണ് പാലത്തിന്റെ മേല്‍നോട്ടച്ചുമതല.
പാലത്തിലേക്കുള്ള പൊതുനിരത്തിലെ കുണ്ടുംകുഴികളും അരികുകളില്‍നിന്നും ഒലിച്ചിറങ്ങിയ മനുഷ്യമൂത്രംകൊണ്ട് ദുര്‍ഗ്ഗന്ധപൂരിതമായിരുന്നു. വഴിയിലെ അഴുക്കുകളില്‍ ചവിട്ടാതെ നടന്നുനീങ്ങുക അസാദ്ധ്യം. വൃത്തിയുടെ കാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന നഗരങ്ങളാണ് കൊല്‍ക്കത്തയും ഹൗറയും. പലയിടത്തും അസഹനീയമായ ദുര്‍ഗ്ഗന്ധം കാരണം മൂക്കുപൊത്തിനടക്കേണ്ട അവസ്ഥ. വഴി വൃത്തിഹീനമാണെങ്കിലും കൊല്‍ക്കത്തയുടെ അഭിമാനപ്രതീകംപോലെ നിലകൊള്ളുന്ന ഹൗറപ്പാലത്തിലൂടെ കാഴ്ചകള്‍ കണ്ടുനടക്കുക ആഹ്ലാദകരംതന്നെ.
വൈദ്യുതദീപപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന പാലത്തിന്റെ അടിയിലൂടെ ഹൂഗ്ലിനദി ശാന്തമായൊഴുകുന്നു. കുറേനേരം പരിസരക്കാഴ്ചകളില്‍ മുഴുകി, തണുത്തകാറ്റേറ്റ് പാലത്തിലിരുന്നു. വിശപ്പിന്റെ വിളിവന്നപ്പോള്‍ തിരിച്ചുനടന്നു.
സാമാന്യം വൃത്തിയുള്ളതെന്ന് തോന്നിയ ഒരു വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍കയറി അത്താഴംകഴിച്ചശേഷം റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു.
പല യാത്രകളിലായി പശ്ചിമബംഗാളിലെ ഗ്രാമപ്രദേശങ്ങളും കടുകുപാടങ്ങളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങള്‍ കാണുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങള്‍ .ഇനിയും കാണാന്‍ ബാക്കിയുണ്ട്. ഈ മനോഹരമായ ഭൂമിയില്‍ ആഗ്രഹിക്കുന്ന ഇടങ്ങളെല്ലാം കണ്ടറിയാന്‍ ഒരു ജന്മം പോരെന്ന് ചിലപ്പോഴൊക്കെ വിചാരിക്കാറുണ്ട്. അധികം താമസിയാതെ ശാന്തിനികേതനിലേക്ക് ഒരു യാത്രപോകണം എന്ന ആഗ്രഹം മനസ്സില്‍ കുറിച്ചുകൊണ്ട് നളന്ദയിലേക്കുള്ള ട്രെയിന്‍ കാത്തിരുന്നു.
യാത്രയുടെ ത്രിൽ ! വീണ്ടും വീണ്ടും യാത്രചെയ്യാനുള്ള പ്രചോദനം യാത്രക്കാരിയിലും വായിക്കുന്നവരിലും. ❤️
ReplyDeleteജെ.പി കൽക്കത്തയിൽ പോയിട്ടില്ലേ? എന്റെ കുറിപ്പ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, സന്തോഷം 🙋❤️
ReplyDelete