നെടുങ്ങണ്ട ബോട്ടുജട്ടിയില്‍നിന്ന് എട്ടുപേര്‍ക്കിരിക്കാവുന്ന നാടന്‍വള്ളത്തില്‍ തുഴക്കാരനോടൊപ്പം പാടിയും പറഞ്ഞും കായലോളങ്ങളില്‍ ആടിയുലഞ്ഞും നീലജലത്തില്‍ കൈചിക്കിയും... എന്തുരസമാണീ യാത്ര!
ഓളംതല്ലുന്ന കായലിനുനടുവില്‍, കല്‍പവൃക്ഷങ്ങളും പച്ചമരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ പൊന്നും തുരുത്ത് ഏതൊരു പ്രകൃതിസ്‌നേഹിയെയും ആഹ്ലാദചിത്തനാക്കാന്‍ അണിഞ്ഞൊരുങ്ങിനില്‍ക്കുകയാണ്. നൂറ്റാണ്ടുപഴക്കമുള്ളൊരു ശിവപാര്‍വതി ക്ഷേത്രവുമുണ്ട്. ശിവപാര്‍വതിമാരെക്കൂടാതെ മഹാവിഷ്ണുവും ഗണപതിയും നാഗദേവതകളും ഉപക്ഷേത്രങ്ങളില്‍ കുടിയിരിക്കുന്നു. ചുറ്റിനും കാട്. കാട്ടിൽ മനോഹരമായ ശിൽപങ്ങൾ. വിനോദസഞ്ചാരികളെയും വിശ്വാസികളെയും പച്ചപ്പുഞ്ചിരിയോടെ സ്വീകരിക്കുന്ന പൊന്നുംതുരുത്തില്‍ സഞ്ചാരികളുടെ തിരക്കില്ല, മാലിന്യങ്ങളുമില്ല. ദേശാടനപ്പക്ഷികളുള്‍പ്പെടെ ധാരാളം പക്ഷികള്‍ ഈ സ്വച്ഛസുന്ദരമായ ദ്വീപില്‍ സ്വസ്ഥമായി പാര്‍ക്കുന്നു.
അഞ്ചുതെങ്ങുകായലില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ദ്വീപാണ് പൊന്നുംതുരുത്ത്. വര്‍ക്കലബീച്ചില്‍നിന്നും പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്. രാജവാഴ്ചക്കാലത്ത്, തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ ഇടയ്‌ക്കൊക്കെ ക്ഷേത്രദര്‍ശനത്തിനെത്താറുണ്ടായിരുന്നുവെന്നും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് അവര്‍ ആഭരണങ്ങള്‍ ഊരി തുരുത്തില്‍ എവിടെയെങ്കിലും ഒളിച്ചുവയ്ക്കുക പതിവായിരുന്നുവെന്നും പൊന്ന് സൂക്ഷിക്കുന്ന തുരുത്തായതിനാല്‍ പൊന്നുംതുരുത്ത് എന്ന് പേരുണ്ടായതാണെന്നും പറയപ്പെടുന്നു. വലിയപുരയ്ക്കല്‍ കുടുംബത്തിന്റെ വകയാണ് ഈ തുരുത്ത്. ഈ കുടുംബമാണ് ഒരേക്കര്‍ അഞ്ചുസെന്റ് സ്ഥലം ക്ഷേത്രട്രസ്റ്റിന് നല്‍കിയത്. മുമ്പ് പതിനൊന്നേക്കറോളം വിസ്തൃതിയുണ്ടായിരുന്ന തുരുത്ത് കായലിലെ വെള്ളംകേറി ഏഴേക്കറായി ചുരുങ്ങിയതാണത്രെ. പൂജാസമയങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് വരാനും പോകാനും നെടുങ്ങണ്ടയില്‍നിന്ന് ക്ഷേത്രംവക സൗജന്യ ബോട്ടുസര്‍വീസുണ്ട്.
ഇടവ, വര്‍ക്കല ബീച്ചുകളില്‍ ചുറ്റിത്തിരിഞ്ഞശേഷം ഉച്ചയോടെയാണ് ഞങ്ങള്‍ നെടുങ്ങണ്ടയിലെത്തിയത്. കായല്‍ത്തീരത്തുള്ള കുടുംബശ്രീ ഭക്ഷണശാലയില്‍നിന്ന് കപ്പയും കരിമീനും ഉള്‍പ്പെടെ സ്വാദിഷ്ടമായ ഉച്ചയൂണുംകഴിച്ച്, അല്‍പനേരം കായല്‍ക്കരയില്‍ വിശ്രമിച്ചു.
രണ്ടുമണികഴിഞ്ഞപ്പോള്‍ തുരുത്തിലേക്കുപോകാന്‍ ഒരു നാടന്‍വള്ളം ഒത്തുകിട്ടി. ഇടയ്ക്കിടെ വീശുന്ന ശക്തമായ കാറ്റില്‍ ആടിയുലയുന്ന വള്ളത്തില്‍ സഞ്ചരിക്കാന്‍ ആഗ്രഹംമാത്രം പോര, ഇത്തിരി ധൈര്യവും കൂട്ടിനുണ്ടാവണം. കായലിനുനടുവില്‍ മരതകംപതിച്ചതുപോലുള്ള പച്ചത്തുരുത്തില്‍ കുറച്ചുനേരം സ്വസ്ഥമായി ചുറ്റിനടന്ന്, ശുദ്ധവായുവും പ്രകൃതിക്കാഴ്ചകളും ആസ്വദിച്ചശേഷം അതേ വള്ളത്തില്‍ മടക്കയാത്ര. കാറ്റത്ത് വള്ളം മറിഞ്ഞാലോ എന്നു പേടിച്ച് നാലുകൂട്ടുകാര്‍ സ്പീഡ്‌ബോട്ടില്‍ കയറി തിരിച്ചുപോയി. മെല്ലെതുഴയുന്ന കടത്തുവള്ളത്തില്‍ ഞങ്ങള്‍ നാലുപേര്‍ പാട്ടുംപാടി ആടിയുലഞ്ഞ് കരയ്‌ക്കെത്തി.
No comments:
Post a Comment