Thursday, 20 May 2021
പിപ്പിലിയിലെ തുണിച്ചമയങ്ങള്‍ (യാത്ര) എസ്.സരോജം
Monday, 5 April 2021
പരീക്ഷണവധുവിന് പത്ത് കല്‍പനകള്‍ (കഥ) എസ്.സരോജം
Friday, 12 March 2021
അജന്തയിലെ ബുദ്ധകല (യാത്ര) എസ്.സരോജം
Monday, 8 February 2021
പ്രവാസനൊമ്പരം (കവിത) എസ്.സരോജം
പ്രിയനേ നീയെനിക്കേകും ശുഭദിനാശംസകള്‍
ഹൃദയത്തില്‍ ചേര്‍ക്കുന്നു ഞാനോരോ ദിനത്തിലും
ആയതിന്നൂര്ജ്ജമുള്ക്കൊണ്ടുലയാത്തോണിതുഴയുന്നഴലിന് സാഗരത്തില്‍.
വിത്തംമോഹിച്ചു മര്‍ത്യജീവിതമിരു-
തീരങ്ങളില്പെട്ടുഴലുന്നതെന്തി
മിഴിതോരാതെ പെയ്യുന്നരാവുകള്‍ക്കും
മൗനനൊമ്പരങ്ങള്‍ക്കുമറുതിയെന്നോ
ഹൃദയംപറിച്ചേകുന്ന ചുംബനപ്പൂവുകള-
പകലെണ്ണി രാവെണ്ണി ഋതുക്കളൊടുങ്ങവേ
പെറ്റുപെരുകുന്നു കനവുകളാകാശം കാണാത്ത പീലിപോലെ
ഇരുകരളുകള്‍ പകുക്കും നിശ്വാസച്ചൂടിനാല്‍
പൊള്ളുന്നുവോ പച്ചമിഴിയുള്ള തോഴനും.
ഏതുതൊഴിലും മാന്യമായ് കരുതുകില്‍
ജന്മനാടല്ലൊ നമുക്കെന്നും പ്രിയസ്വര്‍ഗ്ഗം.
Wednesday, 6 January 2021
ജലപഹര്‍കുന്നിലെ പീസ് പഗോഡ (യാത്ര) എസ്.സരോജം
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബു വര്‍ഷിച്ചതിനെ തുടര്‍ന്നുണ്ടായ സമാനതകളില്ലാത്ത ദുരന്തങ്ങള്‍ കണ്ട് മനംനൊന്താണ് ലോകസമാധാനത്തിനായി പീസ് പഗോഡകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. വര്‍ണ്ണ, വര്‍ഗ്ഗ, മത ഭേദമെന്യേ, ലോകമെമ്പാടും സമാധാനത്തിനായി നിലകൊള്ളുന്ന ആര്‍ക്കും ഒത്തുചേരാനുള്ള ഇടങ്ങളാണ് പീസ് പഗോഡകള്‍. 1947-ലാണ് ഫുജി തന്നെ ലോകപ്രശസ്‌തനാക്കിയ ആ തീരുമാനമെടുത്തത്; ലോകസമാധാനത്തിനായി പീസ് പഗോഡകള്‍ (ശാന്തിസ്‌തൂപങ്ങള്‍) നിര്‍മ്മിക്കുക. യുദ്ധം കാരണം ഒന്നരലക്ഷത്തിലധികം മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞ നാഗസാക്കിയിലും ഹിരോഷിമയിലുമാണ് ആദ്യം പീസ് പഗോഡകള്‍ നിര്‍മ്മിച്ചത്. രണ്ടായിരാമാണ്ടോടുകൂടി ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി എണ്‍പത് പീസ് പഗോഡകള്‍ നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹം ലോകത്തിനു നല്‍കിയ പ്രധാന സന്ദേശം ഇതായിരുന്നു: Civilization is not to kill human beings, not to destroy things, not to make war, civilization is to hold mutual affection and to respect one another.
പൈന്‍മരനിരകളുടെ പശ്ചാത്തലഭംഗിയില്‍, പ്രശാന്തസുന്ദരമായ കുന്നിന്‍മുകളില്‍, രണ്ട് കോണ്‍ക്രീറ്റ് സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്ന പീസ് പഗോഡ കണ്ണിനും കരളിനും കുളിര്‍മയേകുന്ന സുന്ദരനിര്‍മ്മിതിയാണ്.
1972-ല്‍ ആരംഭിച്ച് ഇരുപത് വര്‍ഷംകൊണ്ട് നിര്‍മ്മിതി പൂര്‍ത്തിയാക്കിയ, ഡാര്‍ജിലിംഗിലെ ശാന്തിസ്‌തൂപത്തില്‍ ശ്രീബുദ്ധന്‍റെ നാല് അവതാരങ്ങള്‍ - നില്‍ക്കുന്നതും ഇരിക്കുന്നതും ധ്യാനിക്കുന്നതും ഉറങ്ങുന്നതുമായ സുവര്‍ണ്ണശില്‍പങ്ങള്‍ കാണാം.
ഇത് നിപ്പോണ്‍സന്‍ മ്യൊഹോജി ബുദ്ധക്ഷേത്രം എന്നറിയപ്പെടുന്നു. പ്രധാന കവാടത്തില്‍നിന്നും ഇറക്കവും കയറ്റവുമൊക്കെയുള്ള ചെറിയൊരു റോഡിലൂടെ അഞ്ചാറുമിനിറ്റ് നടന്നാല്‍ ക്ഷേത്രകവാടമായി. ഏതാനും പടിക്കെട്ടുകള്‍കൂടി കയറിയാല്‍ ക്ഷേത്രമായി.
Sunday, 22 November 2020
പൊന്മുടി (യാത്ര) എസ്.സരോജം
രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചയും, തുടരെ രണ്ടവധിദിവസങ്ങള്‍. അതില്‍ ഒരു പകല്‍ മനംകുളിര്‍പ്പിക്കുന്ന പ്രകൃതിക്കാഴ്‌ചകള്‍ക്കായി മാറ്റിവച്ചാലെന്താ? മനസില്‍ മൊട്ടിട്ട സുന്ദരമായ ആശയം മക്കളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതിന് പൂര്‍ണ്ണ പിന്‍തുണയുമായി അവരും മുന്നിട്ടിറങ്ങി. അങ്ങനെ ഒരു രണ്ടാം ശനിയാഴ്‌ച രാവിലെ ഏഴുമണിക്ക് ഞങ്ങള്‍ കാറില്‍ യാത്രയാരംഭിച്ചു; നഗരഹൃദയത്തില്‍നിന്ന് അറുപതു കിലോമീറ്റര്‍ അകലെയുള്ള പൊന്മുടിയിലേക്ക്. സംസ്ഥാനപാത രണ്ടിലൂടെ നെടുമങ്ങാട് വഴി ചുള്ളിമാനൂരെത്തുമ്പോള്‍ പാത രണ്ടായി പിരിയുന്നു; നേരേവലത്തോട്ടുപോയാല്‍ വിതുര, തേവിയോട് വഴി ഗോള്‍ഡന്‍വാലി, പൊന്മുടി.
ചുള്ളിമാനൂരിറങ്ങി പ്രഭാതഭക്ഷണം കഴിച്ചശേഷം യാത്രതുടര്‍ന്നു. വിതുരമുതല്‍ കണ്‍കുളിര്‍പ്പിക്കുന്ന പ്രകൃതിഭംഗികള്‍ ആസ്വദിച്ചുതുടങ്ങാം. അകലക്കാഴ്‌ചകളെ കണ്ണില്‍നിന്നും മറയ്‌ക്കുന്ന ഇടതൂര്‍ന്ന വൃക്ഷങ്ങളും റബ്ബര്‍തോട്ടങ്ങളും വളഞ്ഞുപുളഞ്ഞ വഴിയരികിലെ വേറിട്ട കാഴ്‌ചകളാകുന്നു. പൊന്മുടിയിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ് ഗോള്‍ഡന്‍വാലി. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ കല്ലാറിലെ കണ്ണീരുപോലെ തെളിഞ്ഞ തണുത്തവെള്ളത്തില്‍ കുളിക്കാന്‍ കുട്ടികള്‍ക്കായിരുന്നു കൂടുതല്‍ ഉത്സാഹം. ജലക്രീഡകളില്‍ മതിമറന്നാഹ്ളാദിക്കുമ്പോള്‍ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങളാണ് വഴുക്കലുള്ള പാറകളും മഴക്കാലത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന മലവെള്ളപ്പാച്ചിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ഡി.റ്റി.പി.സി വിനോദസഞ്ചാരികള്‍ക്കായി ഭക്ഷണശാല, വിശ്രമമുറി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കല്ലാറിന്റെ തീരത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയേണ്ടതുതന്നെ. പക്ഷെ, ആഹാരാവശിഷ്‌ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിച്ചുപോകാന്‍ പാടില്ല.തിരുവനന്തപുരത്തെ പ്രധാന നദികളായ വാമനപുരംപുഴയും (88കി.മീ) കരമനയാറും (67കി.മീ) നെയ്യാറും (56 കി.മീ). അഗസ്‌ത്യമലനിരയിലെ കുന്നുകളില്‍നിന്നാണ് ഉത്ഭവിക്കുന്നത്. തമിഴ്‌നാട്ടിലെ ചെമ്മുഞ്ചി മൊട്ടയില്‍നിന്നുത്ഭവിക്കുന്ന കല്ലാറാണ് വാമനപുരംപുഴയുടെ തുടക്കം. കല്ലാറിലേക്ക് കളിയപ്പാറയാറും പന്നിവാസലാറും പൊന്മുടിയാറും ചിറ്റാറും മഞ്ഞപ്പാറയാറും കിളിമാനൂര്‍പുഴയും ചേര്‍ന്ന് വാമനപുരം പുഴയാകുന്നു. ചിറയിന്‍കീഴിനടുത്തുള്ള അഞ്ചുതെങ്ങ് കായലിലേക്കാണ് വാമനപുരംപുഴ ഒഴുകിയെത്തുന്നത്. നഗരത്തില്‍നിന്നും നാല്‍പത് കിലോമീറ്റര്‍ അകലെ, വിതുര-പൊന്മുടിപാതയ്‌ക്ക് സമാന്തരമായാണ് കല്ലാറൊഴുകുന്നത്. ജലനിരപ്പ് കുറയുമ്പോള്‍ പുഴയിലുടനീളം ഉരുളന്‍കല്ലുകള്‍ പൊന്തിനില്‍ക്കുന്നത് കാണാം. ധാരളം കല്ലുകളുള്ള പുഴയായതിനാലാവാം കല്ലാറെന്ന പേരുണ്ടായത്.
തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ കുത്തുകയറ്റം കയറിയുള്ള ആവേശകരമായ വനയാത്ര. ഒരുവശത്ത് ഭീതിജനിപ്പിക്കുന്ന കൊക്കയും. കാഴ്‌ചയുടെ വൈവിധ്യം സമ്മാനിക്കുന്ന പൊന്മുടിയാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണം ഇരുപത്തിരണ്ട് ഹെയര്‍പിന്‍ വളവുകളുള്ള ചുരമാണ്. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കാഴ്‌ചകള്‍ കാണാനും പാതയോരത്ത് അവിടവിടെയായി പുല്‍ക്കുടിലുകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ഹെയര്‍പിന്‍ വളവ് കഴിയുമ്പോഴും കാലാവസ്ഥയ്‌ക്കുണ്ടാകുന്ന വ്യത്യാസം അനുഭവിച്ചറിയാം.
വഴിമദ്ധ്യെ ഒരിടത്ത് ഒരു പഴയ വെയിറ്റിംഗ് ഷെഡ്ഡിനോടുചേര്‍ന്ന് പൊന്മുടി ടീ ഫാക്‌ടറി എന്നൊരു സൈന്‍ബോര്‍ഡ് കണ്ടു. അതിനോടുചേര്‍ന്നുള്ള വഴിയേ കുറച്ചുദൂരം ചെന്നപ്പോള്‍ കാറ്റിന് തേയിലയുടെ സുഗന്ധം. വഴിയുടെ ഇരുവശവും തേയിലച്ചെടികള്‍. അതിനപ്പുറം പഴയൊരു തേയിലഫാക്‌ടറി. ഒരു വാതിലില്‍ 1892 എന്നെഴുതിയിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് സ്ഥാപിച്ചതാണ് ഈ തേയിലഫാക്‌ടറി. ഇപ്പോള്‍ ഒരു മലയാളിയാണ് ഇതിന്റെ ഉടമസ്ഥന്‍. തോട്ടത്തില്‍നിന്ന് നുള്ളിക്കൊണ്ടുവരുന്ന തേയില പഴയരീതിയില്‍ത്തന്നെ സംസ്‌കരിക്കുന്നതിനാല്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്ന തേയിലയ്‌ക്ക് ഗുണനിലവാരം കൂടുതലാണ്. വിദേശങ്ങളില്‍ നല്ല ഡിമാന്റാണ് പൊന്മുടിത്തേയിലയ്‌ക്ക്. കൊച്ചിയില്‍ കൊണ്ടുപോയിട്ടാണ് തേയില ലേലംചെയ്‌ത് കയറ്റിയയയ്‌ക്കുന്നത്. ഫാക്‌ടറിയുടെ പ്രവര്‍ത്തനം വിശദമായി പറഞ്ഞുതരുന്നതിന് ചെറിയൊരു സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതുണ്ട്. രണ്ടുകിലോ തേയിലയും വാങ്ങി അവിടെനിന്നിറങ്ങുമ്പോഴേക്കും വിശപ്പിന്റെ വിളിയെത്തി. പൊന്മുടിയിലെ സര്‍ക്കാര്‍വക അതിഥിമന്ദിരത്തില്‍ വിശ്രമത്തിനായി ഒരുമുറിയും ഉച്ചഭക്ഷണവും മുന്‍കൂര്‍ ഏര്‍പ്പാടാക്കിയിരുന്നു. പശ്ചിമഘട്ട മലനിരകളാല്‍ അനുഗ്രഹീതമായ പൊന്മുടിയില്‍ വര്‍ഷംമുഴുവന്‍ മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥയാണ്. കടല്‍നിരപ്പില്‍നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് പൊന്മുടിയുടെ സ്ഥാനം. കാടും കാട്ടരുവികളും പൊന്മുടിയുടെ കവാടത്തില്‍ സഞ്ചാരികളെ എതിരേല്‍ക്കുന്നു. കാനനയാത്രയുടെ തുടക്കത്തില്‍ത്തന്നെ വനംവകുപ്പിന്റെയും ഇക്കൊടൂറിസം വകുപ്പിന്റെയും നിര്‍ദ്ദേശങ്ങളെഴുതിയ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ഉത്തരവാദിത്തമാണ്. രാവിലെ എട്ടരമുതല്‍ വൈകിട്ട് അഞ്ചരവരെയാണ് അപ്പര്‍ സാനിട്ടോറിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. മദ്യവും പ്ലാസ്റ്റിക്കും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കല്ലാര്‍, പൊന്മുടി ചെക്‌പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയുണ്ട്. കൂടാതെ കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയംവരെ പൊന്മുടിപോലീസിന്റെ നിരീക്ഷണവുമുണ്ടാവും. ഇതിനൊക്കെ പുറമെ പൊന്മുടിയില്‍ ഇരുപത് നിരീക്ഷണക്യാമറകളും സദാ മിഴിതുറന്ന് നില്‍ക്കുന്നുണ്ട്. അപ്പര്‍ സാനിട്ടോറിയത്തിലെത്തുമ്പോള്‍ യാത്രികര്‍ക്കുണ്ടാകുന്ന ആനന്ദം ചെറുതല്ല. സീത കുളിച്ചതെന്ന് പറയപ്പെടുന്ന കുളത്തിന്റെ തണുപ്പാസ്വദിക്കാം, വാച്ച് ടവറില്‍ കയറിയാല്‍ മഞ്ഞും മലയും പുണര്‍ന്നുനില്‍ക്കുന്നതു കാണാം, മാനംമുട്ടുന്ന മേഘങ്ങളില്‍ മിഴിമുനകൊണ്ട് കവിതകുറിക്കാം..
ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ ടോപ്‌സ്റ്റേഷനിലേക്ക് പോയി. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട് വിശാലമായ ടോപ്‌സ്റ്റേഷനിലേക്ക്. അവിടെയുമുണ്ട് ആളൊഴിഞ്ഞ ചെറിയൊരു ചെക്‌പോസ്റ്റ്. അതിനരികിലായി ടൂറിസത്തിന്റെ ശിലാഫലകവും ശില്‍പങ്ങളും കാണാം. ഇവിടെവരെയേ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളു. കുറേക്കൂടി മുന്നോട്ടുപോയാല്‍ കുടുംബശ്രീയുടെ ലഘുഭക്ഷണശാലയും വനവിഭവങ്ങള്‍ വില്‍ക്കുന്ന കൗണ്ടറുമുണ്ട്. നോക്കെത്താദൂരത്തോളം പരന്നുകിടക്കിന്ന പുല്‍മേടുകളും മലഞ്ചരിവുകളും ചോലവനങ്ങളും കയറിയിറങ്ങിനടക്കുന്നതിനിടയില്‍ ഇടയ്‌ക്കിടെ കോടമഞ്ഞിറങ്ങി കാഴ്‌ചകളെ കണ്ണില്‍നിന്ന് മറയ്‌ക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവവും അനുഭൂതിയുമായി. പക്ഷെ, കനത്ത മഞ്ഞുള്ളപ്പോള്‍ ട്രെക്കിംഗ് സാദ്ധ്യമല്ല. ചിലുചിലുത്ത തണുപ്പത്ത്, കുന്നിന്‍മുകളിലെ പാറകളില്‍ഇരുന്നും കിടന്നും മലങ്കാറ്റുകൊള്ളുന്നതിന്റെ രസം പറഞ്ഞറിയിക്കാനാവില്ല.
സമീപത്തുള്ള ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലും കുറഞ്ഞനിരക്കില്‍ മുറികള്‍ ലഭ്യമാണ്. പക്ഷേ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പില്‍നിന്ന് മുന്‍കൂര്‍ അനുമതിയുമായി വരുന്നവര്‍ക്കുമാത്രമേ അവിടേക്ക് പ്രവേശനമുള്ളു. പൊന്മുടിയില്‍ ആദ്യമായി വിശ്രമസങ്കേതങ്ങള്‍ നിര്‍മ്മിച്ചത് തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്നു. അന്ന് രാജകുടുംബത്തിലുള്ളവര്‍ക്കും അവരുടെ അതിഥികള്‍ക്കും മാത്രമേ ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കടല്‍ത്തീരത്തുനിന്ന് ഒന്നരമണിക്കൂര്‍കൊണ്ട് എത്തിച്ചേരാവുന്ന പൊന്മുടി അഗസ്‌ത്യന്റെ മടിത്തട്ടില്‍ പ്രകൃതീദേവി കാത്തുസൂക്ഷിക്കുന്ന കുളിരുള്ള കാട്ടുസൗന്ദര്യമാണ്. മലദൈവങ്ങള്‍ പൊന്ന് സൂക്ഷിക്കുന്ന മല എന്ന അര്‍ത്ഥത്തിലാണ് പഴമക്കാര്‍ ഈ കുന്നുകള്‍ക്ക് പൊന്മുടി എന്ന് പേരിട്ടതെന്നാണ് ഇവിടത്തെ ആദിവാസികളായ കാണിക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍, പുരാതനകാലത്ത് ഇവിടെ നിലനിന്നിരുന്ന ബുദ്ധ-ജൈന സംസ്‌കാരമാണ് പൊന്മുടി എന്ന പേരിനാധാരം എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടു ന്നുണ്ട്. ബൗദ്ധരും ജൈനരും തങ്ങളുടെ ദൈവങ്ങളെ പൊന്നെയിര്‍ ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നൊക്കെ വിളിച്ചിരുന്നുവെന്നും പൊന്മുടി, പൊന്നമ്പലമേട്, പൊന്നാമല, പൊന്‍മന തുടങ്ങിയ പേരുകളൊക്കെ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും സംസ്‌കാരത്തില്‍നിന്ന് ഉരുത്തിരിഞ്ഞവയാണെന്നും അവര്‍ വാദിക്കുന്നു. പൊന്മുടിയും പൊതിയല്‍മലയുമൊക്കെ മഹായാന ബുദ്ധമത കേന്ദ്രങ്ങളായിരുന്നുവെന്നും ശ്രീലങ്ക, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ബുദ്ധമതാനുയായികളും ലാമമാരും പൊതിയല്‍മലയിലെ ബുദ്ധവിഹാരം സന്ദര്‍ശിച്ചിരുന്നുവെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയല്‍മല തീര്‍ത്ഥാടനത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടത്രെ. ബുദ്ധമതം ക്ഷയിച്ചതോടുകൂടി തീര്‍ത്ഥാടനം നിലയ്‌ക്കുകയും മറ്റ് ബുദ്ധമത കേന്ദ്രങ്ങളുമായുള്ള ബന്ധം അറ്റുപോവുകയുമാണുണ്ടായത് എന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.
സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികള്‍ക്ക് പൊന്മുടിയില്‍നിന്ന് വരയാട്ടു മൊട്ടയിലേക്ക് ഒരുദിവസത്തെ വനയാത്രയാവാം. ഇതിന് വനംവകുപ്പില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. നവംബര്‍ മുതല്‍ മേയ് വരെയാണ് വനയാത്രയ്‌ക്ക് പറ്റിയ സമയം. സംരക്ഷിത വന്യജീവിയായ വരയാടുകളുടെ ആവാസകേന്ദ്രമാണ് പാലോട് വനം റെയ്‌ഞ്ചിനു കീഴിലുള്ള വരയാട്ടുമൊട്ട. ഗോള്‍ഡന്‍വാലിയില്‍നിന്ന് വനസംരക്ഷണസമിതിയുടെ ഗൈഡിനൊപ്പമാണ് കാടിന്റെ ഉള്ളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. പക്ഷേ കുടുംബസമേതം വരുന്നവര്‍ ഈ കാനനയാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
Saturday, 10 October 2020
ബൈലക്കുപ്പ ടിബറ്റന്‍ കോളനി (യാത്ര) എസ്.സരോജം
കൂര്‍ഗ്ഗിലെ മടിക്കേരിയില്‍നിന്നും പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടുമണിയോടെ ഞങ്ങള്‍ മിനിടിബറ്റ് എന്നറിയപ്പെടുന്ന ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലേക്ക് പുറപ്പെട്ടു.
ഒരുമണിക്കൂര്‍ യാത്രയുണ്ട് കൊടവ നാടിലെ വാണിജ്യനഗരമായ കുശാല്‍നഗറിലേക്ക്. കാവേരിനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണങ്ങളിലൊന്നാണിത്. ടിബറ്റന്‍ ക്ഷേത്രമായ ഗോള്‍ഡന്‍ ടെംബിളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തരുന്ന ദിശാബോര്‍ഡുകള്‍ റോഡരികില്‍ കാണാം. അവിടെനിന്നും ആറുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലെത്താം.തികച്ചും ഗ്രാമീണമായ അന്തരീക്ഷം. വഴിയുടെ ഇരുവശത്തും കാപ്പിത്തോട്ടങ്ങളും പച്ചപ്പാടങ്ങളും. പാടങ്ങളില്‍ നെല്ല്, ചോളം, ഇഞ്ചി, കാബേജ് എന്നിവ സമൃദ്ധമായി വളരുന്നു. നടന്നുകയറാന്‍ കഴിയുന്ന ഒരു കുന്നിന്‍മുകളിലാണ് ബുദ്ധവിഹാരം. റോഡിനിരുവശത്തും ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ബുദ്ധമതസൂക്തങ്ങളും പ്രാര്‍ത്ഥനകളും ടിബറ്റന്‍ ഭാഷയിലെഴുതിയ വര്‍ണ്ണക്കൊടികള്‍ കാറ്റില്‍ പാറുന്നു.. മെറൂണും മഞ്ഞയും നിറങ്ങളിലുള്ള വസ്‌ത്രങ്ങളണിഞ്ഞ സന്യാസിമാര്‍ ഒറ്റയായും കൂട്ടമായും നടക്കുന്നു. ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന സിക്കിമിലും ബുദ്ധിസ്റ്റു രാജ്യമായ ഭൂട്ടാനിലും കണ്ടതുപോലുള്ള കാഴ്‌ചകള്‍ ഇന്ത്യയുടെ തൈക്കന്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണ്ണാടകത്തിലും കണ്ടപ്പോള്‍ ആശ്ചര്യം തോന്നി.ഇവിടെ പത്തുചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ ടിബറ്റന്‍ കുടിയേറ്റക്കാരാണ് താമസക്കാര്‍. ബുദ്ധസന്യാസിമാരും അവരുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെയായി എഴുപതിനായിരത്തോളം പേരുണ്ടത്രെ. വീടുകളും മൊണാസ്‌്‌ട്രികളും സ്‌കൂളും കോളേജും ആശുപത്രിയും കൃഷിയിടങ്ങളും ഹോട്ടലുകളും പോസ്റ്റാഫീസും ബാങ്കുകളും ടെലഫോണ്‍ എക്‌സ്‌ചേഞ്ചും ഷോപ്പിംഗ് സെന്ററുകളും തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുംകൂടി ലുക്‌സം സാഡുപ്ലിംഗ്, ഡിക്കൈ ലാര്‍സോയ് എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് അവരിവിടെ താമസിക്കുന്നത്. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവുംവലിയ ടിബറ്റന്‍ കോളനിയാണിത്. ഇവരുടെ ആത്മീയകേന്ദ്രമാണ് ഗോള്‍ഡന്‍ ടെമ്പിള്‍ എന്നുവിളിക്കുന്ന നംഡ്രോളിംഗ് മൊണാസ്‌ട്രി. സുവര്‍ണ്ണമകുടങ്ങളാല്‍ അലങ്കൃതമായ പ്രവേശനകവാടം ടിബറ്റന്‍ മാതൃകയിലുള്ളതാണ്.ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയില്‍, ദലൈലാമയുടെ നേതൃത്വത്തിന്‍കീഴില്‍ ഒരു സ്വതന്ത്രരാജ്യമെന്നപോലെ കഴിഞ്ഞിരുന്ന ടിബറ്റിനെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ കമ്മ്യൂണിസ്റ്റു ചൈന ആക്രമിച്ച്, അവരുടെ കീഴിലാക്കി. തടവറയിലാവുമെന്ന് ഭയപ്പെട്ട ദലൈലാമയും കൂട്ടാളികളും ഇന്ത്യയില്‍ അഭയംതേടി. ഏറെക്കുറെ ടിബറ്റിലേതിനു സമാനമായ തണുത്ത കാലാവസ്ഥയുള്ള ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ താമസിച്ചുകൊള്ളാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്‌ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അവര്‍ക്ക് അനുവാദം നല്‍കി. പലായനംചെയ്‌തെത്തിയ ലാമമാരെയും സന്യാസിമാരെയും മുഴുവനായി ഉള്‍ക്കൊള്ളാന്‍ അവിടെ സ്ഥലം പോരാതെ വന്നതിനാല്‍ അവര്‍ ഇന്ത്യയിലെ മറ്റുഭാഗങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങി. കുറേപ്പേര്‍ കൊടകിലുമെത്തി.
കൊടകിലെത്തിയ പേമ നൊര്‍ബ റിന്‍പോച്ചെയും കൂട്ടരും ബൈലക്കുപ്പയില്‍ ഒരു ടെന്റുണ്ടാക്കി താമസവും ആരാധനയും തുടങ്ങി. 1961-ല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടേതായ തൊഴില്‍ചെയ്‌ത്, അവരുടേതായ രീതിയില്‍ ജീവിച്ചുകൊള്ളാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മൂവായിരത്തോളം ഏക്കര്‍ ഭൂമി നല്‍കി. മുളങ്കാടുകള്‍ നിറഞ്ഞ ഭൂമിയില്‍ ആദ്യം അവര്‍ മുളകൊണ്ടുള്ള വീടുകളും ആരാധനാലയവുമുണ്ടാക്കി. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച്, പടിപടിയായി വളര്‍ന്ന്, ഇന്നു കാണുന്ന രീതിയില്‍ ഒറ്റനിലയും രണ്ടുനിലയുമുള്ള വീടുകളും മറ്റു ജീവിതസൗകര്യങ്ങളുമൊക്കെയുണ്ടായി.1969-ല്‍ ബൈലക്കുപ്പയില്‍ മനോഹരമായൊരു ബുദ്ധവിഹാരം ഉയര്‍ന്നു. ദലൈലാമയാണ് ഈ ബുദ്ധവിഹാരത്തിന് നംഡ്രോളിംഗ് മൊണാസ്‌ട്രി (ഗോള്‍ഡന്‍ ടെമ്പിള്‍) എന്ന് പേരിട്ടത്. 2009-ല്‍ പേമ റിന്‍പോച്ചെ പരിനിര്‍വാണം പ്രാപിച്ചു. മക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊക്കെയായി, ഇപ്പോള്‍ ബൈലക്കുപ്പയിലെ ടിബറ്റന്‍ കുടിയേറ്റക്കാരുടെ എണ്ണം എഴുപതിനായിരത്തിലെത്തിനില്‍ക്കുന്നു.
ആദ്യം കാണുന്ന ദേവാലയത്തിനു മുകളില്‍ ദലൈലാമയുടെ വലിയ ചിത്രവും ഉയരമുള്ള ഗോപുരവും കാണാം. പരമ്പരാഗത ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ടെമ്പിള്‍ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്നു. അതിന്റെ അകച്ചുവരുകളിലെല്ലാം ബുദ്ധന്റെ അവതാരചിത്രങ്ങളും വജ്രായന ബുദ്ധിസത്തെക്കുറിച്ചുള്ള ലിഖിതങ്ങളും കാണാം. ചെമ്പില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മൂന്നു പ്രതിഷ്‌ഠകളുണ്ട്. നടുവില്‍ ശാക്യമുനിബുദ്ധനും വലതുവശത്ത് ഗുരു റിംപോച്ചെ പത്മസംഭവനും ഇടതുവശത്ത് ബുദ്ധഅമിതയുസ്സുമാണ്. ശാക്യവംശത്തില്‍ ജനിച്ച മുനി എന്ന അര്‍ത്ഥത്തില്‍ ശ്രീബുദ്ധനെ. ശാക്യമുനി എന്ന് പറയുന്നു. ബുദ്ധന്‍ നിര്‍വാണംപ്രാപിച്ച് പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം, സിന്ധുനദീതീരത്തെ സ്വാത്ത് താഴ്‌വരയിലാണ് ഗുരു പത്മസംഭവ ജന്മമെടുത്തത്. യുഗയുഗാന്തരങ്ങള്‍ക്കു മുമ്പേതന്നെ ബോധോദയം സിദ്ധിച്ച ബുദ്ധനാണത്രെ അമിതയുസ്. അമിതയുസിന്റെ പ്രവര്‍ത്തനഫലമായാണ് ജീവജാലങ്ങള്‍ക്ക് ദീര്‍ഘായുസ് ഉണ്ടായതെന്നും അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചാല്‍ മരണത്തോടടുക്കുന്നവര്‍ക്കുപോലും ആയുസ് നീട്ടിക്കിട്ടുമെന്നുമാണ് ഇവരുടെ വിശ്വാസം. ഗുരു റിമ്പോച്ചെ പത്മസംഭവന്റെയും ശിഷ്യന്മാരുടെയും ചിത്രങ്ങളും ബുദ്ധമതഗ്രന്ഥങ്ങളും പ്രാര്‍ത്ഥനാചക്രങ്ങളും ആനക്കൊമ്പുകളും തുടങ്ങി നിരവധി വിശിഷ്‌ട വസ്‌തുക്കള്‍ ക്ഷേത്രത്തിനുള്ളില്‍ കാണാം. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന, മതസൂക്തങ്ങള്‍ ആലേഖനംചെയ്‌ത വലിയ മണിയും ക്ഷേത്രസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.
ഗോള്‍ഡന്‍ ടെമ്പിളും ഗുരു പത്മസംഭവ ബുദ്ധവിഹാരവും വളരെ സങ്കീര്‍ണ്ണമായ വാസ്‌തുശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1965-ല്‍ നിര്‍മ്മാണം ആരംഭിച്ച ഗോള്‍ഡന്‍ ടെമ്പിള്‍ 1969-ലാണ് ദര്‍ശനത്തിനായി തുറന്നുകൊടുത്തത്. രാവിലെ എട്ടുമുതല്‍ വൈകിട്ടഅഞ്ചുവരെയാണ് സന്ദര്‍ശനസമയം. ആരാധനാസമയത്തെത്തുന്നവര്‍ക്ക് സന്യാസിമാരുടെ പാട്ടും മന്ത്രോച്ചാരണവും കുഴലൂത്തുമൊക്കെ നിശ്ചിതസ്ഥാനത്തുനിന്ന് കണ്ടും കേട്ടും ആസ്വദിക്കാം. നിത്യേന ധാരാളം ഭക്തന്മാരും വിനോദസഞ്ചാരികളും ബുദ്ധവിഹാരം സന്ദര്‍ശിക്കാനെത്തുന്നു. സന്യാസിമാര്‍ താമസിക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുന്നിലെ നടുമുറ്റം കടന്നാല്‍ പ്രധാന ക്ഷേത്രമായി. ഇരുവശത്തും പ്രാര്‍ത്ഥനാലയങ്ങളാണ്. നടപ്പാതയ്‌ക്കുചുറ്റുമുള്ള ഉദ്യാനത്തില്‍ ധ്യാനിച്ചിരിക്കുന്ന നിരവധി സന്യാസിമാരെയും ലാമമാരെയും കാണാം. ആശ്രമങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.
ടിബറ്റന്‍ ദമ്പതികള്‍ തങ്ങള്‍ക്കുണ്ടാകുന്ന ആദ്യത്തെ ആണ്‍കുട്ടിയെ ആത്മീയജീവിതത്തിന് നിയോഗിക്കണം എന്നതാണ് കീഴ്‌വഴക്കം. ഈ കുട്ടികളാണ് മൊണാസ്‌ട്രിയിലെ സന്യാസിമാരാകുന്നത്. കുട്ടികള്‍ക്ക് പഠിക്കാന്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ബുദ്ധമതപഠനകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ ബുദ്ധമത പഠനകേന്ദ്രമാണിത്. അയ്യായിരത്തിലധികം സന്യാസിമാരുണ്ടിവിടെ. അതിരാവിലേ മുതല്‍ അര്‍ദ്ധരാത്രിവരെ പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെയായി കഴിയുന്ന സന്യാസിമാരുടെ ആചാരങ്ങളെല്ലാം വളരെ രസകരമാണ്. ശാന്തപ്രകൃതികളായ ഇവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരോടും സംസാരിക്കാറില്ല.
പത്മസംഭവ ബുദ്ധ വിഹാരത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഉത്സവാഘോഷവേളകളില്‍ മാത്രമേ അത് തുറക്കാറുള്ളു. ടിബറ്റന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പുതുവത്സരവും ജൂണ്‍ മാസത്തില്‍ ബുദ്ധജയന്തിയും ജൂലൈ മാസത്തില്‍ ദലൈലാമയുടെ ജന്മദിനവും ഇവര്‍ക്ക് വിശേഷപ്പെട്ട ആഘോഷങ്ങളാണ്.






















