Sunday, 22 November 2020

പൊന്മുടി (യാത്ര) എസ്.സരോജം

രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചയും, തുടരെ രണ്ടവധിദിവസങ്ങള്‍. അതില്‍ ഒരു പകല്‍ മനംകുളിര്‍പ്പിക്കുന്ന പ്രകൃതിക്കാഴ്‌ചകള്‍ക്കായി മാറ്റിവച്ചാലെന്താ? മനസില്‍ മൊട്ടിട്ട സുന്ദരമായ ആശയം മക്കളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതിന്‌ പൂര്‍ണ്ണ പിന്‍തുണയുമായി അവരും മുന്നിട്ടിറങ്ങി. അങ്ങനെ ഒരു രണ്ടാം ശനിയാഴ്‌ച രാവിലെ ഏഴുമണിക്ക്‌ ഞങ്ങള്‍ കാറില്‍ യാത്രയാരംഭിച്ചു; നഗരഹൃദയത്തില്‍നിന്ന്‌ അറുപതു കിലോമീറ്റര്‍ അകലെയുള്ള പൊന്മുടിയിലേക്ക്‌. സംസ്ഥാനപാത രണ്ടിലൂടെ നെടുമങ്ങാട്‌ വഴി ചുള്ളിമാനൂരെത്തുമ്പോള്‍ പാത രണ്ടായി പിരിയുന്നു; നേരേവലത്തോട്ടുപോയാല്‍ വിതുര, തേവിയോട്‌ വഴി ഗോള്‍ഡന്‍വാലി, പൊന്മുടി.

ചുള്ളിമാനൂരിറങ്ങി പ്രഭാതഭക്ഷണം കഴിച്ചശേഷം യാത്രതുടര്‍ന്നു. വിതുരമുതല്‍ കണ്‍കുളിര്‍പ്പിക്കുന്ന പ്രകൃതിഭംഗികള്‍ ആസ്വദിച്ചുതുടങ്ങാം. അകലക്കാഴ്‌ചകളെ കണ്ണില്‍നിന്നും മറയ്‌ക്കുന്ന ഇടതൂര്‍ന്ന വൃക്ഷങ്ങളും റബ്ബര്‍തോട്ടങ്ങളും വളഞ്ഞുപുളഞ്ഞ വഴിയരികിലെ വേറിട്ട കാഴ്‌ചകളാകുന്നു. പൊന്മുടിയിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്‌ ഗോള്‍ഡന്‍വാലി. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ കല്ലാറിലെ കണ്ണീരുപോലെ തെളിഞ്ഞ തണുത്തവെള്ളത്തില്‍ കുളിക്കാന്‍ കുട്ടികള്‍ക്കായിരുന്നു കൂടുതല്‍ ഉത്സാഹം. ജലക്രീഡകളില്‍ മതിമറന്നാഹ്ളാദിക്കുമ്പോള്‍ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങളാണ്‌ വഴുക്കലുള്ള പാറകളും മഴക്കാലത്ത്‌ അപ്രതീക്ഷിതമായുണ്ടാകുന്ന മലവെള്ളപ്പാച്ചിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്‌. ഡി.റ്റി.പി.സി വിനോദസഞ്ചാരികള്‍ക്കായി ഭക്ഷണശാല, വിശ്രമമുറി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. കുടുംബത്തോടൊപ്പം കല്ലാറിന്റെ തീരത്തിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയേണ്ടതുതന്നെ. പക്ഷെ, ആഹാരാവശിഷ്‌ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിച്ചുപോകാന്‍ പാടില്ല.
തിരുവനന്തപുരത്തെ പ്രധാന നദികളായ വാമനപുരംപുഴയും (88കി.മീ) കരമനയാറും (67കി.മീ) നെയ്യാറും (56 കി.മീ). അഗസ്‌ത്യമലനിരയിലെ കുന്നുകളില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. തമിഴ്‌നാട്ടിലെ ചെമ്മുഞ്ചി മൊട്ടയില്‍നിന്നുത്ഭവിക്കുന്ന കല്ലാറാണ്‌ വാമനപുരംപുഴയുടെ തുടക്കം. കല്ലാറിലേക്ക്‌ കളിയപ്പാറയാറും പന്നിവാസലാറും പൊന്മുടിയാറും ചിറ്റാറും മഞ്ഞപ്പാറയാറും കിളിമാനൂര്‍പുഴയും ചേര്‍ന്ന്‌ വാമനപുരം പുഴയാകുന്നു. ചിറയിന്‍കീഴിനടുത്തുള്ള അഞ്ചുതെങ്ങ്‌ കായലിലേക്കാണ്‌ വാമനപുരംപുഴ ഒഴുകിയെത്തുന്നത്‌. നഗരത്തില്‍നിന്നും നാല്‍പത്‌ കിലോമീറ്റര്‍ അകലെ, വിതുര-പൊന്മുടിപാതയ്‌ക്ക്‌ സമാന്തരമായാണ്‌ കല്ലാറൊഴുകുന്നത്‌. ജലനിരപ്പ്‌ കുറയുമ്പോള്‍ പുഴയിലുടനീളം ഉരുളന്‍കല്ലുകള്‍ പൊന്തിനില്‍ക്കുന്നത്‌ കാണാം. ധാരളം കല്ലുകളുള്ള പുഴയായതിനാലാവാം കല്ലാറെന്ന പേരുണ്ടായത്‌.

കല്ലാര്‍പാലത്തില്‍നിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ദൂരം വനത്തിലൂടെ മുന്നോട്ടുനടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടമായി. പക്ഷിനിരീക്ഷകരുടെ ഇഷ്‌ടകേന്ദ്രമാണിവിടം. പക്ഷെ അപൂര്‍വം ചില പക്ഷികളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. കാട്ടുനടത്തക്കാരെ പേടിപ്പിച്ചുകൊണ്ട്‌ ഓടിമറയുന്ന കാട്ടരണകളും പാറിനടക്കുന്ന തുമ്പികളും പൂമ്പാറ്റകളും ധാരാളം. മുന്നോട്ടുപോകുംതോറും വഴി വളരെ ദുര്‍ഘടമായി. കഴിഞ്ഞ മഴക്കാലത്ത്‌ കടപുഴകിയതാവണം ഒരു വന്‍വൃക്ഷം വഴിക്ക്‌ കുറുകെ വീണുകിടക്കുന്നു. അതിനപ്പുറത്തേക്ക്‌ ചാടിക്കടക്കുക പ്രയാസംതന്നെ. വൃക്ഷങ്ങളുടെ വേരുകളിലും വള്ളിപ്പടര്‍പ്പുകളിലും പിടിച്ചുപിടിച്ച്‌ വളരെ പ്രയാസപ്പെട്ടുള്ള കാട്ടുനടത്തം അവസാനിക്കുന്നത്‌ മീന്‍മുട്ടി വെള്ളച്ചാട്ടത്തിനരികിലാണ്‌. പാറയിടുക്കിലൂടെ വഴികണ്ടെത്തിവരുന്ന പുഴയ്‌ക്ക്‌ ഇപ്പോള്‍ രൗദ്രഭാവം തീരെയില്ല. ചെരുപ്പൂരി കരയില്‍ വച്ചിട്ട്‌ പുഴയിലേക്കിറങ്ങി, ഒരു ഉരുളന്‍കല്ലിന്മേലിരുന്ന്‌ തണുത്ത പുഴവെള്ളത്തില്‍ കാലുകള്‍ താഴ്‌ത്തിവച്ചു. 


ചെറുതും വലുതുമായ പലയിനം മീനുകള്‍ കൂട്ടമായിവന്ന്‌ കാലില്‍ മുട്ടിയുരുമ്മി നില്‍ക്കുന്നു! മീന്‍മുട്ടി എന്ന പേരുവരാന്‍ കാരണമിതായിരിക്കാം എന്നൊരു കുസൃതിവിചാരവുമായി കുറച്ചുനേരം മീനുകളെ നോക്കിയിരുന്നു. അവയെ കൈയില്‍ കോരിയെടുത്ത്‌ കളിക്കണമെന്നായി കുട്ടികള്‍. ഇവിടെ മീന്‍പിടിക്കുന്നത്‌ നിരോധിച്ചിരിക്കുന്നു. ചുറ്റുമുള്ള കാനനഭംഗികളില്‍ ലയിച്ചുനില്‍ക്കെ അപ്രതീക്ഷിതമായി മഴചാറാന്‍ തുടങ്ങി. 1717മീറ്റര്‍ ഉയരത്തിലുള്ള ചെമ്മുഞ്ചി മൊട്ടയില്‍ മഴപെയ്‌താല്‍ വെള്ളംമുഴുവന്‍ കുത്തിയൊലിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ കല്ലാറിലെ ജലനിരപ്പുയരും. ആകയാല്‍ ഇനിയും അവിടെനില്‍ക്കുന്നത്‌ നന്നല്ലെന്ന്‌ കരുതി വേഗം തിരിച്ചുനടന്നു. വഴിമദ്ധ്യെ വനംവകുപ്പിന്റെ ഒരു നിരീക്ഷണകേന്ദ്രമുണ്ട്‌. അതിനടുത്തായി ടോയിലറ്റ്‌ സൗകര്യവുമുണ്ട്‌. പന്ത്രണ്ടുമണിയോടുകൂടി ഞങ്ങള്‍ ഗോള്‍ഡന്‍വാലിയില്‍നിന്ന്‌ പൊന്മുടിയിലേക്ക്‌ യാത്രയായി.


തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടെ കുത്തുകയറ്റം കയറിയുള്ള ആവേശകരമായ വനയാത്ര. ഒരുവശത്ത്‌ ഭീതിജനിപ്പിക്കുന്ന കൊക്കയും. കാഴ്‌ചയുടെ വൈവിധ്യം സമ്മാനിക്കുന്ന പൊന്മുടിയാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണം ഇരുപത്തിരണ്ട്‌ ഹെയര്‍പിന്‍ വളവുകളുള്ള ചുരമാണ്‌. സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനും കാഴ്‌ചകള്‍ കാണാനും പാതയോരത്ത്‌ അവിടവിടെയായി പുല്‍ക്കുടിലുകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഓരോ ഹെയര്‍പിന്‍ വളവ്‌ കഴിയുമ്പോഴും കാലാവസ്ഥയ്‌ക്കുണ്ടാകുന്ന വ്യത്യാസം അനുഭവിച്ചറിയാം.
വഴിമദ്ധ്യെ ഒരിടത്ത്‌ ഒരു പഴയ വെയിറ്റിംഗ്‌ ഷെഡ്ഡിനോടുചേര്‍ന്ന്‌ പൊന്മുടി ടീ ഫാക്‌ടറി എന്നൊരു സൈന്‍ബോര്‍ഡ്‌ കണ്ടു. അതിനോടുചേര്‍ന്നുള്ള വഴിയേ കുറച്ചുദൂരം ചെന്നപ്പോള്‍ കാറ്റിന്‌ തേയിലയുടെ സുഗന്ധം. വഴിയുടെ ഇരുവശവും തേയിലച്ചെടികള്‍. അതിനപ്പുറം പഴയൊരു തേയിലഫാക്‌ടറി. ഒരു വാതിലില്‍ 1892 എന്നെഴുതിയിരിക്കുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഒരു സായിപ്പ്‌ സ്ഥാപിച്ചതാണ്‌ ഈ തേയിലഫാക്‌ടറി. ഇപ്പോള്‍ ഒരു മലയാളിയാണ്‌ ഇതിന്റെ ഉടമസ്ഥന്‍. തോട്ടത്തില്‍നിന്ന്‌ നുള്ളിക്കൊണ്ടുവരുന്ന തേയില പഴയരീതിയില്‍ത്തന്നെ സംസ്‌കരിക്കുന്നതിനാല്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്ന തേയിലയ്‌ക്ക്‌ ഗുണനിലവാരം കൂടുതലാണ്‌. വിദേശങ്ങളില്‍ നല്ല ഡിമാന്റാണ്‌ പൊന്മുടിത്തേയിലയ്‌ക്ക്‌. കൊച്ചിയില്‍ കൊണ്ടുപോയിട്ടാണ്‌ തേയില ലേലംചെയ്‌ത്‌ കയറ്റിയയയ്‌ക്കുന്നത്‌. ഫാക്‌ടറിയുടെ പ്രവര്‍ത്തനം വിശദമായി പറഞ്ഞുതരുന്നതിന്‌ ചെറിയൊരു സര്‍വീസ്‌ ചാര്‍ജ്‌ നല്‍കേണ്ടതുണ്ട്‌. രണ്ടുകിലോ തേയിലയും വാങ്ങി അവിടെനിന്നിറങ്ങുമ്പോഴേക്കും വിശപ്പിന്റെ വിളിയെത്തി. പൊന്മുടിയിലെ സര്‍ക്കാര്‍വക അതിഥിമന്ദിരത്തില്‍ വിശ്രമത്തിനായി ഒരുമുറിയും ഉച്ചഭക്ഷണവും മുന്‍കൂര്‍ ഏര്‍പ്പാടാക്കിയിരുന്നു. പശ്ചിമഘട്ട മലനിരകളാല്‍ അനുഗ്രഹീതമായ പൊന്മുടിയില്‍ വര്‍ഷംമുഴുവന്‍ മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥയാണ്‌. കടല്‍നിരപ്പില്‍നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്‌ പൊന്മുടിയുടെ സ്ഥാനം. കാടും കാട്ടരുവികളും പൊന്മുടിയുടെ കവാടത്തില്‍ സഞ്ചാരികളെ എതിരേല്‍ക്കുന്നു. കാനനയാത്രയുടെ തുടക്കത്തില്‍ത്തന്നെ വനംവകുപ്പിന്റെയും ഇക്കൊടൂറിസം വകുപ്പിന്റെയും നിര്‍ദ്ദേശങ്ങളെഴുതിയ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത്‌ പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ഉത്തരവാദിത്തമാണ്‌. രാവിലെ എട്ടരമുതല്‍ വൈകിട്ട്‌ അഞ്ചരവരെയാണ്‌ അപ്പര്‍ സാനിട്ടോറിയത്തിലേക്ക്‌ പ്രവേശനം അനുവദിക്കുക. മദ്യവും പ്ലാസ്റ്റിക്കും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കല്ലാര്‍, പൊന്മുടി ചെക്‌പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയുണ്ട്‌. കൂടാതെ കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയംവരെ പൊന്മുടിപോലീസിന്റെ നിരീക്ഷണവുമുണ്ടാവും. ഇതിനൊക്കെ പുറമെ പൊന്മുടിയില്‍ ഇരുപത്‌ നിരീക്ഷണക്യാമറകളും സദാ മിഴിതുറന്ന്‌ നില്‍ക്കുന്നുണ്ട്‌. അപ്പര്‍ സാനിട്ടോറിയത്തിലെത്തുമ്പോള്‍ യാത്രികര്‍ക്കുണ്ടാകുന്ന ആനന്ദം ചെറുതല്ല. സീത കുളിച്ചതെന്ന്‌ പറയപ്പെടുന്ന കുളത്തിന്റെ തണുപ്പാസ്വദിക്കാം, വാച്ച്‌ ടവറില്‍ കയറിയാല്‍ മഞ്ഞും മലയും പുണര്‍ന്നുനില്‍ക്കുന്നതു കാണാം, മാനംമുട്ടുന്ന മേഘങ്ങളില്‍ മിഴിമുനകൊണ്ട്‌ കവിതകുറിക്കാം..


ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ ടോപ്‌സ്റ്റേഷനിലേക്ക്‌ പോയി. സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസില്‍നിന്ന്‌ രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്‌ വിശാലമായ ടോപ്‌സ്റ്റേഷനിലേക്ക്‌. അവിടെയുമുണ്ട്‌ ആളൊഴിഞ്ഞ ചെറിയൊരു ചെക്‌പോസ്റ്റ്‌. അതിനരികിലായി ടൂറിസത്തിന്റെ ശിലാഫലകവും ശില്‍പങ്ങളും കാണാം. ഇവിടെവരെയേ വാഹനങ്ങള്‍ക്ക്‌ പ്രവേശനമുള്ളു. കുറേക്കൂടി മുന്നോട്ടുപോയാല്‍ കുടുംബശ്രീയുടെ ലഘുഭക്ഷണശാലയും വനവിഭവങ്ങള്‍ വില്‍ക്കുന്ന കൗണ്ടറുമുണ്ട്‌. നോക്കെത്താദൂരത്തോളം പരന്നുകിടക്കിന്ന പുല്‍മേടുകളും മലഞ്ചരിവുകളും ചോലവനങ്ങളും കയറിയിറങ്ങിനടക്കുന്നതിനിടയില്‍ ഇടയ്‌ക്കിടെ കോടമഞ്ഞിറങ്ങി കാഴ്‌ചകളെ കണ്ണില്‍നിന്ന്‌ മറയ്‌ക്കുന്നത്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവവും അനുഭൂതിയുമായി. പക്ഷെ, കനത്ത മഞ്ഞുള്ളപ്പോള്‍ ട്രെക്കിംഗ്‌ സാദ്ധ്യമല്ല. ചിലുചിലുത്ത തണുപ്പത്ത്‌, കുന്നിന്‍മുകളിലെ പാറകളില്‍ഇരുന്നും കിടന്നും മലങ്കാറ്റുകൊള്ളുന്നതിന്റെ രസം പറഞ്ഞറിയിക്കാനാവില്ല. 
ഒറ്റയ്‌ക്കും കൂട്ടായും എത്രയോ തവണ ആസ്വദിച്ചിട്ടുള്ളതാണ്‌ പൊന്മുടിയിലെ മഞ്ഞും തണുപ്പും. പക്ഷെ, ഓരോ തവണ വരുമ്പോഴും എന്തെങ്കിലും പ്രത്യേകതകള്‍ ആസ്വദിക്കാനുണ്ടാവും. കനത്ത പുകമഞ്ഞുകാരണം മലകള്‍ കയറാനാവാതെ നിരാശയോടെ മടങ്ങിയിട്ടുമുണ്ട്‌ ഒരിക്കല്‍. യാത്രികര്‍ക്ക്‌ വിശ്രമിക്കാന്‍ അവിടവിടെയായി കൂടാരങ്ങള്‍ നിര്‍മ്മിച്ചത്‌ അടുത്തകാലത്താണ്‌. ഈ പുല്ലുമേഞ്ഞ കൂടാരങ്ങള്‍ കുട്ടികള്‍ക്കാണ്‌ ഏറെ ഇഷ്‌ടമായത്‌. കുട്ടികള്‍ക്കായി പ്രത്യേകമായൊരു പാര്‍ക്കും പൊന്മുടിയില്‍ ഒരുക്കിയിട്ടുണ്ട്‌. അവിടെ കുറേനേരം കളിക്കാതെ മടക്കമില്ലെന്ന്‌ കുട്ടികള്‍ക്ക്‌ നിര്‍ബന്ധമായിരുന്നു. അവരുടെ ആഗ്രഹത്തിന്‌ വഴങ്ങാതിരിക്കാന്‍ മുതിര്‍ന്നവര്‍ക്കാവില്ലല്ലൊ. ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു തന്ത്രപ്രധാനകേന്ദ്രം കൂടിയാണ്‌ പൊന്മുടി. ആകയാല്‍ സ്വകാര്യഹോട്ടലുകള്‍ക്കും റിസോര്‍ട്ടകള്‍ക്കും പൊന്മുടിയില്‍ പ്രവേശനമില്ല. കെ.ടി.ഡി.സിയുടെ ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടില്‍ യാത്രികര്‍ക്ക്‌ താമസിക്കാന്‍ പരിസ്ഥിതിസൗഹൃദ കോട്ടേജുകളുണ്ട്‌. വഴിയുടെ ഇരുവശവും ഹരിതഭംഗിയേറിയ കാഴ്‌ചകളാണൊരുക്കിയിരിക്കുന്നത്‌. ഇടത്തോട്ടുള്ള ടാറിട്ട റോഡിലൂടെ പോയാല്‍ പൊന്മുടി പോലീസ്‌ സ്റ്റേഷനിലെത്താം. നേരേ പോയാല്‍ ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടിലെത്താം. ലോകപ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലോറിബേക്കറുടെ കരവിരുതിലൊരുങ്ങിയതാണ്‌ ഈ മനോഹരമായ കെട്ടിടങ്ങള്‍. എട്ട്‌ ഡീലക്‌സ്‌, മൂന്ന്‌ പ്രീമിയം, മൂന്ന്‌ സ്യൂട്ട്‌ എന്നിങ്ങനെ മൂന്നുതരത്തിലുള്ള പതിനാല്‌ കോട്ടേജുകളാണ്‌ ഗോള്‍ഡന്‍ പീക്കിലുള്ളത്‌. കോട്ടേജുകളില്‍നിന്ന്‌ താഴേക്കിറങ്ങുന്ന പാതയുടെ ഇരുവശവും മനോഹരമായ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. ഈ പാത ചെന്നെത്തുന്നത്‌ കെ.ടി.ഡി.സിയുടെ ഓര്‍ക്കിഡ്‌ എന്ന ഭക്ഷണശാലയിലേക്കാണ്‌.
സമീപത്തുള്ള ഗവണ്മെന്റ്‌ ഗസ്റ്റ്‌ ഹൗസിലും കുറഞ്ഞനിരക്കില്‍ മുറികള്‍ ലഭ്യമാണ്‌. പക്ഷേ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പില്‍നിന്ന്‌ മുന്‍കൂര്‍ അനുമതിയുമായി വരുന്നവര്‍ക്കുമാത്രമേ അവിടേക്ക്‌ പ്രവേശനമുള്ളു. പൊന്മുടിയില്‍ ആദ്യമായി വിശ്രമസങ്കേതങ്ങള്‍ നിര്‍മ്മിച്ചത്‌ തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്നു. അന്ന്‌ രാജകുടുംബത്തിലുള്ളവര്‍ക്കും അവരുടെ അതിഥികള്‍ക്കും മാത്രമേ ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കടല്‍ത്തീരത്തുനിന്ന്‌ ഒന്നരമണിക്കൂര്‍കൊണ്ട്‌ എത്തിച്ചേരാവുന്ന പൊന്മുടി അഗസ്‌ത്യന്റെ മടിത്തട്ടില്‍ പ്രകൃതീദേവി കാത്തുസൂക്ഷിക്കുന്ന കുളിരുള്ള കാട്ടുസൗന്ദര്യമാണ്‌. മലദൈവങ്ങള്‍ പൊന്ന്‌ സൂക്ഷിക്കുന്ന മല എന്ന അര്‍ത്ഥത്തിലാണ്‌ പഴമക്കാര്‍ ഈ കുന്നുകള്‍ക്ക്‌ പൊന്മുടി എന്ന്‌ പേരിട്ടതെന്നാണ്‌ ഇവിടത്തെ ആദിവാസികളായ കാണിക്കാര്‍ വിശ്വസിക്കുന്നത്‌. എന്നാല്‍, പുരാതനകാലത്ത്‌ ഇവിടെ നിലനിന്നിരുന്ന ബുദ്ധ-ജൈന സംസ്‌കാരമാണ്‌ പൊന്മുടി എന്ന പേരിനാധാരം എന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടു ന്നുണ്ട്‌. ബൗദ്ധരും ജൈനരും തങ്ങളുടെ ദൈവങ്ങളെ പൊന്നെയിര്‍ ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നൊക്കെ വിളിച്ചിരുന്നുവെന്നും പൊന്മുടി, പൊന്നമ്പലമേട്‌, പൊന്നാമല, പൊന്‍മന തുടങ്ങിയ പേരുകളൊക്കെ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും സംസ്‌കാരത്തില്‍നിന്ന്‌ ഉരുത്തിരിഞ്ഞവയാണെന്നും അവര്‍ വാദിക്കുന്നു. പൊന്മുടിയും പൊതിയല്‍മലയുമൊക്കെ മഹായാന ബുദ്ധമത കേന്ദ്രങ്ങളായിരുന്നുവെന്നും ശ്രീലങ്ക, ടിബറ്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്‌ ബുദ്ധമതാനുയായികളും ലാമമാരും പൊതിയല്‍മലയിലെ ബുദ്ധവിഹാരം സന്ദര്‍ശിച്ചിരുന്നുവെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയല്‍മല തീര്‍ത്ഥാടനത്തെക്കുറിച്ച്‌ പരാമര്‍ശങ്ങളുണ്ടത്രെ. ബുദ്ധമതം ക്ഷയിച്ചതോടുകൂടി തീര്‍ത്ഥാടനം നിലയ്‌ക്കുകയും മറ്റ്‌ ബുദ്ധമത കേന്ദ്രങ്ങളുമായുള്ള ബന്ധം അറ്റുപോവുകയുമാണുണ്ടായത്‌ എന്നാണ്‌ ചരിത്രകാരന്മാരുടെ നിഗമനം.
സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികള്‍ക്ക്‌ പൊന്മുടിയില്‍നിന്ന്‌ വരയാട്ടു മൊട്ടയിലേക്ക്‌ ഒരുദിവസത്തെ വനയാത്രയാവാം. ഇതിന്‌ വനംവകുപ്പില്‍നിന്ന്‌ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. നവംബര്‍ മുതല്‍ മേയ്‌ വരെയാണ്‌ വനയാത്രയ്‌ക്ക്‌ പറ്റിയ സമയം. സംരക്ഷിത വന്യജീവിയായ വരയാടുകളുടെ ആവാസകേന്ദ്രമാണ്‌ പാലോട്‌ വനം റെയ്‌ഞ്ചിനു കീഴിലുള്ള വരയാട്ടുമൊട്ട. ഗോള്‍ഡന്‍വാലിയില്‍നിന്ന്‌ വനസംരക്ഷണസമിതിയുടെ ഗൈഡിനൊപ്പമാണ്‌ കാടിന്റെ ഉള്ളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്‌. പക്ഷേ കുടുംബസമേതം വരുന്നവര്‍ ഈ കാനനയാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

No comments:

Post a Comment