Thursday, 12 September 2013
Sunday, 8 September 2013
Saturday, 7 September 2013
ഓര്‍മ്മയില്‍ ഒരു പൊന്നോണം (കവിത)
കേരളമക്കളിന്നെമ്പാടും കൊണ്ടാടും
ഇന്‍സ്റ്റന്റോണത്തിന്‍ വര്‍ണ്ണജാലം
കണ്ടുമടുത്തെന്‍റെ കണ്ണുകള്‍ തേടുന്നു
ഗ്രാമീണ ബാല്യത്തിന്നോണക്കാലം.
തൂമലര്‍ത്തുമ്പകള്‍ പൂത്തോരെന്‍ വാടിയില്‍
പൊന്നോണത്തുമ്പികള്‍ പാറിവന്നു.
മോഹം മയങ്ങുമെന്‍ മാനസവേദിയി-
ലോര്‍മ്മകളാലോലം നൃത്തമാടി .
പുഴയില്‍ക്കുളിച്ചു മെയ്ച്ചന്തം വരുത്തിപ്പൊന്‍-
ചേലുള്ള പട്ടുപാവാടചാര്‍ത്തി.
പൂമുടി വാര്‍ന്നിട്ടു പിച്ചകപ്പൂ ചൂടി
വാര്‍നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞു.
പൂമുടി വാര്‍ന്നിട്ടു പിച്ചകപ്പൂ ചൂടി
വാര്‍നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞു.
ഓണപ്പൂക്കളം മോടിയില്‍ തീര്‍ക്കുവാന്‍
വാടാത്ത പൂവുമായോടിയെത്തും
ഓമനത്തോഴന്‍റെ പൂങ്കവിളത്തൊരു
പൂമുത്തമേകിയാര്‍ത്തുല്ലസിച്ചും
ഓലപ്പന്തുമായ് കളിയാടാനെത്തുന്ന-
കോലപ്പനുപ്പേരി പങ്കുവച്ചും
മഞ്ഞക്കോടിചുറ്റി ചങ്ങാതിമാരുമാ -
യീണത്തില്‍ കൈകൊട്ടിപ്പാട്ടുപാടി ,
മൈലപ്പൂമാവിന്‍ കൊമ്പത്തു ഞാത്തിയോ -
രൂഞ്ഞാലിലാടിത്തിമര്‍ത്തു ചെമ്മെ.
ഓണത്തല്ലോണത്തെയ്യം പുലിക്കളി
മാവേലി കുമ്മാട്ടി വാമനനും
കോലം പലവിധം കെട്ടിയാടീടുവാ-
നാരോമല്‍ കൂട്ടുകാരൊത്തുകൂടി.
സാരള്യ രാഗമുണര്‍ത്തുമപ്പൊന്നോണ-
മിന്നെന്‍റെയോര്‍മ്മയില്‍ മാത്രമായി .
എങ്കിലും ചിങ്ങത്തിരുവോണനാളിനായ്
കാത്തിരിക്കുന്നു ഞാനാണ്ടുതോറും .
കള്ളവും ചതിയുമില്ലാതെ നമ്മുടെ
നാട്ടില്‍ സമത്വം പുലരുവോളം
സ്വര്‍ഗീയ സുന്ദര സങ്കല്പതീരത്തു
സ്വപ്നം കൊണ്ടോണവിരുന്നൊരുക്കാം.
സ്വാഗതം മാവേലിത്തമ്പുരാനേ ,യെന്‍റെ
സ്വാഗതം പണ്ടത്തെ കൂട്ടുകാരേ.
സ്വാഗതം മാവേലിത്തമ്പുരാനേ ,യെന്‍റെ
Sunday, 1 September 2013
വൃദ്ധക്കുരുന്ന് (കഥ)
അമ്പതാംപിറന്നാള്‍ ആഘോഷിക്കാന്‍ കലാലയം
അഞ്ചുവയസ്സുകാരിയുടെ മനസ്സില്‍ വരച്ചിട്ട രൂപത്തിന് നല്ല ഉയരവും വെളുത്തനിറവും വട്ടമുഖവും എണ്ണതേച്ചു ചീകിയൊതുക്കിയ കറുത്തമുടിയും ആയിരുന്നു. കൊഞ്ചിക്കുഴഞ്ഞും കുറുമ്പുകാട്ടിയും നടന്ന കുട്ടിയുടെ കണ്ണില്‍ മറ്റെല്ലാവരേയുംകാള്‍ സുന്ദരനുമായിരുന്നു തോമസ്‌സാറ്. കുട്ടികളെ തല്ലുകയോ ശകാരിക്കുകയോ ചെയ്യാത്ത 'പാവം സാറ് ', കുട്ടികളോടൊപ്പം ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന നല്ല സാറ് .
'സരസിജാ.... മോളേ ...... വേഗം വാ ...... ബല്ലടിക്കാറായി' എന്നു വിളിച്ചുകൊണ്ട് അധ്യയനദിവസങ്ങളില്‍ കൃത്യം ഒമ്പതുമണിക്ക് വീട്ടിലെത്തുന്ന തോമസ് സാറിനെ ഓര്‍മ്മകള്‍ തുറക്കുന്ന ജാലകത്തിലൂടെ വല്ലപ്പോഴും കാണാറുണ്ട് . പ്രിയഗുരുനാഥന്
എന്നും മുപ്പതിനോടടുത്ത പ്രായം .
എല്ലാവരും പൂര്‍വ്വകാല സ്മരണകള്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ്. സാറിനെ കാണുന്നില്ലല്ലോ .എന്തുപറ്റി ? സ്കൂളധികൃതര്‍ ക്ഷണിക്കാന്‍ മറന്നതാവുമോ ? അങ്ങനെയാവാന്‍ വഴിയില്ല .ഇന്ന്‍ പ്രശസ്തമായ ഹയര്‍സെക്കന്‍ഡറിസ്കൂളായി തലയുയര്‍ത്തിനില്‍ക്കുന്ന ഈ സരസ്വതീക്ഷേത്രം അന്നൊരു പ്രൈമറിസ്കൂള്‍ മാത്രമായിരുന്നു. വളര്‍ച്ചയുടെ പടവുകളില്‍ തോമസ് സാറിന്‍റെ പാദമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ട് . സ്കൂളിന് സ്വന്തമായൊരു ലൈബ്രറിയും കളിസ്ഥലവുമൊക്കെ ഉണ്ടായത് തോമസ് സാറിന്‍റെ പരിശ്രമഫലമായാണ് . പരിസരത്ത് തണല്‍ വിരിച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍ക്കും അദ്ദേഹത്തെ മറക്കാനാവില്ല. മുറ്റത്തുനില്‍ക്കുന്ന മുണ്ടപ്ലാവിന്റെ പുറംവേരില്‍ നിറയെ ഫുട്ബാള്‍വലിപ്പത്തിലുള്ള ചക്കകള്‍! ഈ പ്ലാവിന്‍റെ തൈ നട്ടത് തോമസ് സാറാണെന്ന കാര്യം അവള്‍ മറന്നിട്ടില്ല.
പാറിപ്പറക്കുന്ന തുമ്പിയെ പിടിക്കാന്‍ കൊതിച്ചുനില്‍ക്കുമ്പോള്‍ , അതല്ലെങ്കില്‍ മാവില്‍ പടര്‍ന്നുകിടക്കുന്ന മുല്ലവള്ളിയില്‍നിന്നു കൊഴിയുന്ന പൂക്കള്‍ പെറുക്കുമ്പോള്‍ അമ്മ ബലമായി പിടിച്ചുകൊണ്ടുപോയി കുളിപ്പിച്ച് ഉടുപ്പിടിയിച്ച് ഒരുക്കിനിറുത്തും . പിന്നെ സാറിന്‍റെ തോളത്തി രുന്നുള്ള സവാരി സ്കൂള്‍മുറ്റംവരെ . തോളത്തിരുന്നുകൊണ്ട് സാറിന്‍റെ ഭംഗിയായി ചീകിയൊതുക്കിയ മുടി വലിച്ചുകുലച്ചിടുമ്പോള്‍ സ്നേഹത്തോടെ ശാസിക്കും :
'താമരക്കുറുമ്പിയെ ഞാനിപ്പം താഴത്തിടുമേ ...'
ഒപ്പം നടന്നുവരുന്ന കുസൃതിപ്പിള്ളെര്‍ക്ക് വല്ലാത്ത കുശുമ്പാണ്. അവരെ നോക്കി കൊഞ്ഞണംകുത്തുമ്പോള്‍ അവര്‍ തിരിച്ച് കോക്ക്രികാട്ടി വിളിക്കും :
'നീ പോടീ സുന്ദരിക്കോതേ '
' മോള്‍ക്ക് ഞാനൊരു നല്ല പേരിടട്ടേ ?' സ്കൂള്‍രജിസ്റ്ററില്‍ പേരുചേര്‍ക്കാന്‍ ചെന്നപ്പോള്‍ അച്ഛനോടു ചോദിച്ചു .
'സാറിനിഷ്ടമുള്ള പെരെഴുതിക്കൊള്ളൂ ' അച്ഛന്‍ സമ്മതിച്ചു .
'സരസിജ . ഇവളെ ഞാന്‍ സരസിജാന്നേ വിളിക്കൂ '.
അച്ഛനമ്മമാരിട്ട പേരു മാറ്റി കുട്ടിക്ക് അനുയോജ്യമായ പേരിട്ട ഗുരുനാഥനെ ശിഷ്യയ്ക്ക് മറക്കാനാവുമോ ? സ്കൂള്‍പരിസരം ചുറ്റിനടന്നു കാണുന്നതിനിടയില്‍ സാറിനെപ്പറ്റി
പലരോടും ചോദിച്ചു . ഒരാള്‍ വീടിലേക്കുള്ള വഴി കാണിച്ചു കൊടുത്തു .
കോലായില്‍ ചാരുകസേരയില്‍ പഞ്ഞിപ്പൂ പോലൊരു വൃദ്ധന്‍ , ആ പഴയ ഗുരുനാഥന്‍ !
ഭക്ത്യാദരങ്ങളോടെ നമസ്കരിച്ച് സ്വയം പരിചയപ്പെടുത്തി .
ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ നോക്കിയിരുന്നതല്ലാതെ അദ്ദേഹം ഒരുവാക്കുപോലും ഉരിയാടിയില്ല .
'സാറിന്‍റെ താമരക്കുറുമ്പിയെ മറന്നുപോയോ ?' അവള്‍ മെല്ലെ ചോദിച്ചു .
ഉത്തരം ചിരി മാത്രം .
അകത്തുനിന്ന് ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു .ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അതേ രൂപം !
'ഞാന്‍ സരസിജ '. അവള്‍ സ്വയം പരിചയപ്പെടുത്തി .
'സരസിജയെക്കുറിച്ച് അപ്പന്‍ ധാരാളം പറഞ്ഞിട്ടുണ്ട് , നേരില്‍ കാണുന്നതിപ്പഴാ. ഇരിക്കൂ .'
'സാറെന്താ എന്നോടു മിണ്ടാത്തെ ?' തെല്ലു വ്യസനത്തോടെ ചോദിച്ചു .
'അപ്പന് ആരെയും അറിഞ്ഞുകൂട. കഴിഞ്ഞതൊന്നും ഓര്‍ക്കാനും കഴിയില്ല . സ്വന്തം മക്കളെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണിപ്പോള്‍.'
സരസിജ ഒരുനിമിഷം സ്തബ്ധയായിനിന്നു .
ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് അറിവിന്‍റെവെളിച്ചം പകര്‍ന്ന , സഹജീവിസ്നേഹത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ആ ഗുരുശ്രേഷ്ഠന്‍റെ ഓര്‍മ്മച്ചെപ്പ് കവര്‍ന്നതാര് !
പ്രിയപ്പെട്ട ഗുരുനാഥന്റെ പാദങ്ങളില്‍ രണ്ടു മിഴിനീര്‍ത്തുള്ളികള്‍ കാണിക്കയര്‍പ്പിച്ചു . ആര്‍ദ്രമായ മിഴിനീരിന്റെ ചൂടും നനവുമേറ്റ് ആ പാദങ്ങള്‍ ഒന്നിളകി . അവള്‍ ആ പാദങ്ങള്‍ തൊട്ടുവന്ദിച്ചു . അദ്ദേഹം അവളുടെ മുഖത്തേക്കു നോക്കി അല്പനേരം പകച്ചിരുന്നു .
പിന്നെ ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചു .
ഒന്നുമറിയാതെ ചിരിക്കുന്ന ആ വൃദ്ധക്കുരുന്നിന്റെ രൂപംകൂടി ഓര്‍മ്മയില്‍
വരച്ചുചേര്‍ത്തുകൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ മനസ്സു മന്ത്രിച്ചു : മാഷേ മാപ്പ്;
ഞാനും മറന്നുവല്ലോ എന്‍റെ മാഷിനെ ഇത്രയുംകാലം ! മാഷേ മാപ്പ്.........
Monday, 26 August 2013
ആ ഭ്രാന്തി ചത്തു (കഥ)
നാവില്‍നിന്നു നാവിലൂടെ ആ വാര്‍ത്ത പരന്നു.
ആളുകള്‍ തോപ്പുമുക്കിലെ ബസ് ഷെല്‍ട്ടറില്‍ തടിച്ചുകൂടി .
കൂടിനിന്നവര്‍ക്കെല്ലാം അവളെപ്പറ്റി ഓരോ കഥകള്‍ പറയാനുണ്ടായിരുന്നു.
നഗരത്തില്‍നിന്നു ട്രാന്‍സ്ഫറായിച്ചെന്ന ഹെഡ്കോണ്സ്റ്റബിള് കുട്ടപ്പന്‍നായരും അവളും
തമ്മില്‍ ഇഷ്ടത്തിലായെന്നും വാടകക്വാര്‍ട്ടേഴ്സില്‍ ഇരുവരും ഒരുമിച്ചു താമസിച്ചുവരവേ, പെട്ടെന്നൊരുദിവസം അയാളെ കാണാതായെന്നുമാണ് ഒരു കഥ .
അധികമായ ലൈംഗികോര്‍ജ്ജം തലയ്ക്കുപിടിച്ചു വട്ടായിപ്പോയതാണെന്ന്
ഫ്രോയിഡിനെ കൂട്ടുപിടിച്ചു കഥപറഞ്ഞവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു .
കഥകള്‍ എന്തുതന്നെയായാലും ആ ഭ്രാന്തിപ്പെണ്ണിനെപ്പറ്റി ആളുകള്‍ വാതോരാതെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു .
കുറേനാളായല്ലോ ഇവിടെയൊക്കെ കാണാന്‍തുടങ്ങിയിട്ട് . എവിടെയുള്ളതാണോ ആവോ ?
ആര്‍ക്കറിയാം ?
ഭ്രാന്തുവന്നാല്‍ പിന്നെ നാടും വീടുമുണ്ടോ ? സ്വന്തോം ബന്ധോമുണ്ടോ ?
പൂനിലാവും പൊരിവെയിലും ഒരുപോലെയല്ലേ ?
ഇന്നലെ ഇരുട്ടുന്നതുവരെ ആ ഇലക്ട്രിക്പോസ്റ്റില്‍ ചാരി , കണ്ണുംപൂട്ടി ഒരേനില്‍പ്പായിരുന്നു . അപ്പഴേ തോന്നിയതാ ഇതിനു ചാക്കാലയടുത്തെന്ന്‍.
പലതരക്കാരായ കാഴ്ചക്കാര്‍ക്കിടയില്‍, പലപല ആക്ഷേപങ്ങള്‍ക്കിടയില്‍ അവളുടെ ഉടല്‍രഹസ്യങ്ങള്‍ തുറന്നുകിടന്നു .പ്രായഭേദമെന്യെ, ആണ്‍ പെണ്‍ ഭേദമെന്യെ എല്ലാവരും അത് കണ്ടുനിന്നു .സ്ഥാനംതെറ്റിക്കിടന്ന ഉടുവസ്ത്രം നീക്കിയിട്ട് ആ നഗ്നത മറയ്ക്കാന്‍ ആരും മുന്നോട്ടു വന്നില്ല . അഴുക്കുപിടിച്ചതെങ്കിലും കാണാന്‍കൊള്ളാവുന്ന പെണ്ണുടലായിരുന്നുവല്ലോ അത് ! നിരപ്പുള്ള നെഞ്ചില്‍ രണ്ടു കരിമൊട്ടുകള്‍ കുരുമ്പിച്ചുനിന്നു . ഈച്ചകള്‍ അതിന്മേല്‍ ഉമ്മവച്ചു നട ന്നു . മുരുക്കിന്‍പൂവിനു ചുറ്റും മുള്ളുകള്‍ എന്നപോലെ നാഭിച്ചുഴിക്കു താഴെ നീലരോമങ്ങള്‍ എഴുന്നുനിന്നു . അവയ്ക്കിടയിലൂടെ തേനുറുമ്പു കള്‍ അരിച്ചുനടന്നു .
ഒന്നുമറിയാത്തപോലെ അവള്‍ അനക്കമറ്റു കിടന്നു .
ചിലര്‍ അതുവഴി പോയ പോലീസ്ജീപ്പിനു കൈ കാണിച്ചു . ജീപ്പു നിറുത്തി ഒരു പോലീസുകാരന്‍ ഇറങ്ങിവന്നു . അവളുടെ കിടപ്പുകണ്ട് ഒന്നു ചിരിച്ചു . ആത്മഗത മെന്നോണം അയാള്‍ പറഞ്ഞു : അവള്‍ ധ്യാനനിദ്രയി ലാണ്. തനിയേ ഉണര്ന്നുകൊള്ളും.
വെള്ളത്താടിയും മുടിയും കാറ്റില്‍പറത്തി, വെള്ളിവടിയും ചുഴറ്റി ഒരാള്‍ മേഘമലയില്‍നിന്നും ഇറങ്ങിവന്നു . ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അയാള്‍ അവള്‍ക്കരികിലെത്തി . അയാളുടെ തീക്ഷ്ണതമുറ്റിയ കണ്ണുകള്‍ അവളുടെ അനക്കമറ്റ ശരീരത്തെ ചുറ്റിയുഴിഞ്ഞു ; വലതുകയ്യിലെ വെള്ളിവടികൊണ്ട് തെന്നിമാറി ക്കിടന്ന ഉടുവസ്ത്രം കോരിയെടുത്ത് അവളുടെ നഗ്നതയ്ക്കുമേലിട്ടു.
ഫ് , നായിന്‍റെമോനേ , നേരെയന്നു കിടക്കാനും സമ്മതിക്കൂല്ലേ ?
ഭ്രാന്തമായ ഒരലര്‍ച്ചയോടെ അവള്‍ ചാടിയെണീറ്റു. നക്ഷത്ര ച്ചുവപ്പാര്‍ന്ന കണ്ണുകളില്‍ നിന്ന് കാമരശ്മിക ള്‍ വര്‍ഷിച്ചു കൊണ്ട് അവള്‍ അയാള്‍ക്കുനേരെ നടന്നടുത്തു .
അയാള്‍ പുഞ്ചിരിതൂകിക്കൊണ്ട് , വെള്ളി വടിയും ചുഴറ്റി , മേഘമലയിലേക്ക് കയറിപ്പോയി .
നിരാശ യോടെ അവള്‍ തിരിച്ചു നടന്നു . പഴയതുപോലെ ഇഷ്ടശ യനം തുടര്‍ന്നു. മെല്ലെമെല്ലെ കണ്ണുകളടച്ച് ഗഡമായൊരു രതിനിദ്രയിലേക്ക് അവള്‍ ആഴ്ന്നാഴ്ന്നിറ ങ്ങി പ്പോയി .
ജനക്കൂട്ടം അതുകണ്ട് അന്തംവിട്ടു നിന്നു.
അപ്പോള്‍ ആകാശത്തുനിന്ന്‍ ഒരശരീരിയുണ്ടായി :
വസ്ത്രത്തെക്കാള്‍ ശ്രേഷ്ഠം ശരീരവും ശരീരത്തെക്കാള്‍ ശ്രേഷ്ഠം കാമനകളമത്രെ .
Friday, 23 August 2013
Wednesday, 21 August 2013
വെറുമൊരു സുധാകരന്‍ (കഥ)
"ഒഴുക്കുള്ള പുഴയിലെ മുങ്ങിക്കുളി പോലെയാണ് നഗരത്തിലെ ജീവിതം."
ഇതു പറയുന്നത് കൈനോട്ടക്കാരനായ സുധാകരനാണ്, ഗ്രാമത്തിലെ കൊച്ചുവീട്ടില്ഒറ്റയ്ക്കു താമസിക്കുന്ന സുധാകരന്‍.
"തൊട്ടുനനച്ചു കടന്നുപോയ ജലകണങ്ങളെക്കാണാന്‍ പുഴക്കരയില്‍ പോയിരുന്നാലൊക്കുമോ ? അതുപോലാ നഗരത്തിലെ കാര്യവും ; ഒരിക്കല്‍ കണ്ടവരെ
പിന്നെ കാണില്ല ."
സുധാകരന്റെ ഉപമ എനിക്കു നന്നെ പിടിച്ചു . നാട്ടിന്‍പുറത്തുകാരനായ സുധാകരന്
നഗരത്തിന്‍റെ രീതികള്‍ ഇത്ര തന്മയത്വത്തോടെ വര്‍ണ്ണിക്കാന്‍ കഴിയുന്നതെങ്ങനെ
എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. ത്രീസ്റ്റാര്‍ഹോട്ടലിലെ മദ്യസേവയെ
ക്കുറിച്ചും എ .സി.റൂമിലെ സുഖനിദ്രയെക്കുറിച്ചുമൊക്കെ എത്രയെത്ര വിചിത്രങ്ങളായ കഥകളാണ് അയാള്‍ എനിക്കു പറഞ്ഞുതന്നിട്ടുള്ളത് ! നിത്യേന വന്നുപോകുന്ന എനിക്കുപോലും ഈ നഗരം നിഗൂഡതകളുടെ നക്ഷത്രലോകം മാത്രമായിരിക്കുംപോള്‍ വല്ലപ്പോഴും വന്നുപോകുന്ന സുധാകരന്‍ എത്ര സൂക്ഷ്മമായി നഗരത്തെ കണ്ടറിഞ്ഞിരിക്കുന്നു!
കണ്ണുണ്ടായാല്‍പോര കാണണം , കാതുണ്ടായാല്‍പോര കേള്‍ക്കണം - ഇതൊക്കെയാണ് സുധാകരന്‍റെ ആപ്തവാക്യങ്ങള്‍ .
ഒരു സര്‍ക്കാര്‍ഗുമസ്തനായ എനിക്ക് നിഗൂഡതകളിലേക്ക് നീളുന്ന കണ്ണും കാതും ആപത്താണെന്ന്‍ സുധാകരനുണ്ടോ അറിയുന്നു !
കര്‍ക്കശമായ പെരുമാറ്റച്ചട്ടങ്ങളോട് സുധാകരന് അത്ര മതിപ്പൊന്നുമില്ല. മനുഷ്യത്വത്തോടെ ജീവിക്കാന്‍ പറ്റൂല്ലെങ്കിപ്പിന്നെന്തിനാ ഈ മനുഷ്യജന്മം ? എന്നാണയാള്‍ ചോദിക്കുന്നത് .
സുധാകരന്‍റെ ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്നെ പ്രതിക്കൂട്ടില്‍ നിറുത്തി വിസ്തരിക്കുന്നതുപോലെയാണ് എനിക്കു തോന്നുക. ഞാന്‍ ജീവിക്കുന്നത് എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടിമാത്രമാണ് എന്ന യാഥാര്‍ഥ്യം എന്നെ അലട്ടുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ് .
സംസ്കൃതത്തില്‍ ബിരുദവും ജ്യോതിഷത്തില്‍ ഡിപ്ലോമയും സമ്പാദിച്ചിട്ടുള്ള സുധാകരന്‍ ഇപ്പോള്‍ രേഖാശാസ്ത്രത്തിലും പ്രാവീണ്യം നേടിയിരിക്കുന്നു. വാത്സ്യായനന്‍റെ കാമശാസ്ത്രം മനപ്പാഠമാണ് . ഒരാളെ അടുത്തുകണ്ടാല്‍ അയാളുടെ ഭൂതവും വര്‍ത്തമാനവും സ്വഭാവവിശഷങ്ങളുമൊക്കെ കൂസലില്ലാതെ വിളിച്ചുപറയും. എവിടെയും പേടികൂടാതെ കയറിച്ചെല്ലാന്‍ ഇത്രയുമൊക്കെ മതിയെന്നാണ് സുധാകരന്‍റെ പക്ഷം .
മാസത്തിലെ ആദ്യദിവസം രാവിലെ ആറുമണിക്കുള്ള ഫാസ്റ്റ്പാസഞ്ചറിലാണ് സുധാകരന്‍ നഗരത്തിലേക്കുപോകുന്നത് . ഒരു മാസത്തേക്കുള്ള 'ഊര്‍ജ്ജം' സംഭരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുകയുംചെയ്യും . ആ ഊര്‍ജജമില്ലെങ്കില്‍ താന്‍ വെറും പൂജ്യമാണെന്നാണ് സുധാകരന്‍ പറയുന്നത്. .
'പെണ്ണും പെടക്കോഴിയുമില്ലാത്തവന്‍ എവിടെപ്പോയാലെന്ത് ? എപ്പൊവന്നാലെന്ത് ? ആരുചോദിക്കാന്‍ !' ചിലപ്പോഴൊക്കെ ഇങ്ങനെ നിരാശപ്പെടാറുമുണ്ടയാള്‍ .
'അല്ലാ... സുധാകരാ താനെവിടേക്കായീപ്പോകുന്നത് ?' ആ രഹസ്യമറിയാന്‍ ഞാന്‍ ജിജ്ഞാസുവായി.
'എന്താ ഒപ്പം കൂടുന്നോ ? സല്‍സ്വഭാവികള്‍ക്ക് വരാന്‍ പറ്റിയ ഇടമല്ല.
സുധാകരന്‍റെ വാക്കുകളില്‍ പരിഹാസത്തിന്റെ മുനകളുണ്ടായിരുന്നു. അത് മനസ്സിലാകാത്തതുപോലെ ഞാന്‍ വീണ്ടും ചോദിച്ചു :
'എവിടേക്കാണെന്ന് പറ സുധാകരാ .'
'സ്റ്റാര്‍ഹോട്ടലിലേക്ക് .'
'സുധാകരന്‍റെ കയ്യില്‍ അത്രക്കും കാശുണ്ടോ?'
'കാശിലല്ല, വേഷത്തിലാണ് കാര്യം. സില്‍ക്കുജുബ്ബയും കസവുമുണ്ടും സ്വര്‍ണ്ണച്ചെയിനും വൈരമോതിരവുമൊക്കെ കാണുമ്പം വാച്ചറു വാതില് തുറന്നുപിടിക്കും.'
'സുധാകരന് സ്വര്‍ണ്ണച്ചെയിനും വൈരമോതിരവുമൊക്കെയുണ്ടോ ? ഞാന്‍ കണ്ടിട്ടില്ലല്ലൊ.'
'ഫലപ്രവചനംപോലെ ജനപ്രീതിയുള്ള കല വേറെയുണ്ടോ ! കാശുള്ളവര്‍ കൈനിറയെത്തരും. പറയുന്നതു ഫലിച്ചാല്‍ ചോദിക്കുന്നതെന്തും തരും , മാലയോ മോതിരമോ മൊബൈലോ എന്തും. അതൊക്കെ നമ്മളെ നാട്ടില് പ്രദര്‍ശിപ്പിച്ചോണ്ടു നടക്കാന്‍ പറ്റുമോ , ബോറല്ലേ ?'
'ശരിയാ. ആളുകള് കളിയാക്കും.'
'സാറു ഹാപ്പിഅവേഴ്സെന്നു കേട്ടിട്ടുണ്ടോ ? എവിടെ കേള്‍ക്കാന്‍ ! '
എന്‍റെനേര്‍ക്കൊരു പരിഹാസച്ചിരിയെറിഞ്ഞുകൊണ്ട് സുധാകരന്‍ തുടര്‍ന്നു :
'രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയ്ക്കുള്ള ആറുമണിക്കൂര്‍ , നക്ഷത്രബാറുകളില്‍ തിരക്കുകുറഞ്ഞ സമയം , നൂറിന്‍റെ ഒരു നോട്ടുണ്ടെങ്കിലാര്‍ക്കും പോകാം . ഒരു പയിന്റും
ഇത്തിരി ചിപ്സും കിട്ടിയാ സുധാകരന്‍ ഹാപ്പിയാവും . ചിലുചിലുത്ത തണുപ്പത്ത് ഒറ്റയ്ക്കിരുന്നു സിപ്പുചെയ്യുന്നതിന്‍റെ സുഖമുണ്ടല്ലോ ..ഹാ ... അതനുഭവിച്ചുതന്നെ അറിയണം .'
പിന്നൊരിക്കല്‍ യാതൊരു മുഖവുരയുമില്ലാതെ സുധാകരന്‍ ചോദിച്ചു :
'പത്തുമണിപ്പടത്തിനു വരുന്നോ ?'
'ഇല്ല സുധാകരാ ,കഴിഞ്ഞയാഴ്ച ഞങ്ങളൊരു പടം കണ്ടതേയുള്ളൂ .'
'കുടുംബത്തെയും കൂട്ടിവരുന്ന കാര്യമല്ല , സാറൊറ്റക്ക് വരുന്നോ ?'
'ഇല്ല, സുധാകരന്‍ പൊയ്ക്കോ . ഏതുപടത്തിനാ?'
'കൊള്ളാം ! സുധാകരന്‍ പോണതു സിനിമകാണാനാന്നാ വിചാരം ? ഭേഷായി ! എന്‍റെ സാറെ
ഈ സുധാകരന്‍ പോണവഴിക്കൊരു 'നിപ്പനടി'ക്കും .പിന്നെ ഒടിത്തീരാറായ പടം കളിക്കണ ഏതെങ്കിലും ടാക്കീസിക്കേറി ഒരു ടിക്കറ്റെടുക്കും അകത്തു കേറിയിരുന്നു സുഖമായിട്ടുറങ്ങും , എ.സി.യില് .കാശില്ലാത്തവര്‍ക്കും ജീവിതം കുറച്ചെങ്കിലും ആസ്വദിക്കണ്ടെ ?'
ജീവിതാസ്വാദനത്തില്‍ സുധാകരനെന്ന കൈനോട്ടക്കാരന്‍ അഞ്ചക്കം ശമ്പളംവാങ്ങുന്ന എന്നെക്കാള്‍ എത്രയോ ഉയരത്തിലാണെന്ന തിരിച്ചറിവ് എന്നെ അസ്വസ്ഥനാക്കി. ഇത്തരം ഹാപ്പി അവേഴ്സ് എന്‍റെ സ്റ്റാറ്റസിനു ചേര്‍ന്നതല്ല എന്നു നൂറ്റൊന്നുരുവിട്ട് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു . അല്‍പ്പം അസൂയയോടെയാണെങ്കിലും സുധാകരന്‍റെ ഹാപ്പിഅവേഴ്സ് കഥകള്‍ കേട്ട് ചിരിക്കാന്‍ ഞായറാഴ്ചകളില്‍ പുഴവക്കില്‍ കാത്തിരിക്കുമായിരുന്നു.
കാലവര്‍ഷപ്പെയ്ത്തുകഴിഞ്ഞ് , കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക് കണ്ണുനട്ടിരുന്ന്‍ ഒരിക്കല്‍ സുധാകരന്‍ പറഞ്ഞു :
'ദാ ഇതുപോലാ നഗരത്തിലെ ഒഴുക്ക് . എവിടെനിന്നോ വരുന്നവര്‍ , എവിടേക്കോ പോകുന്നവര്‍ . പാതവക്കില്‍ കുറിനിരത്തി ചമ്രംപടിഞ്ഞിരിക്കുന്ന പ്രവചനക്കാരന് കൊയ്ത്തുകാലം . കലങ്ങിമറിയുന്ന വെള്ളത്തില്‍ മീന്‍ തിരയുന്ന പൊന്മാനെപ്പോലെയാണവന്‍ . ആധിപൂണ്ട മുഖങ്ങളില്‍ ദൃഷ്ടിതറപ്പിച്ച് കുറിക്കുകൊള്ളുന്നൊരു പ്രവചനം . തിരിഞ്ഞുനോക്കുന്നവരെ എറിഞ്ഞുവീഴ്ത്തുന്ന വായ്ത്താരി . നീട്ടപ്പെടുന്ന കൈകളില്‍ നോക്കി ഭൂതകാലത്തിന്റെ ചുരുള്‍ നിവര്‍ത്താം , വിസ്മയം പൂക്കുന്ന മിഴികള്‍ കണ്ടില്ലെന്നു നടിച്ച് ഭാവിയെപ്പറ്റി തൊട്ടും തൊടാതെയും പ്രവചിക്കാം . ലക്ഷണശാസ്ത്രവും നക്ഷത്രഫലവും കൈരേഖയും കൂട്ടിവായിക്കുമ്പോള്‍ ആശ്ചര്യസ്തബ്ധരാകുന്ന ഭാഗ്യാന്വേഷികള്‍. പ്രവചനക്കാരന്റെ മടിശ്ശീലയില്‍ കറന്‍സികളുടെ പ്രവാഹം......'
'ഇത് ആളുകളെ പറ്റിക്കുന്ന പണിയല്ലേ സുധാകരാ ? മാന്യമായ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തുകൂടേ ?'
എന്‍റെ ചോദ്യം സുധാകരനത്ര പിടിച്ചില്ല . അയാള്‍ തിരിച്ചടിച്ചു :
'മന:ശാസ്ത്രം പഠിച്ച ഡോക്ടറും ജ്യോതിഷം പഠിച്ച കണിയാനും ചെയ്യുന്നത് ഒരേകാര്യം തന്നെ ; ആധിമൂത്തു വരുന്നവരെ ആശ്വസിപ്പിക്കുക . ഒന്നിനു മാന്യതയും മറ്റേതിനു അപമാന്യതയും കല്‍പ്പിക്കുന്നത് വിവരക്കേടാണ് .'
' ഒന്ന് ശാസ്ത്രവും മറ്റേത് അന്ധവിശ്വാസവും. '
'ആരുപറഞ്ഞു അന്ധവിശ്വാസമെന്ന് ? ജ്യോതിഷം ഒരു ശാസ്ത്രമാണ്; ഋഷീശ്വരന്മാരുടെ കാലത്തോളം പഴക്കമുള്ള ശാസ്ത്രം.'
ഒരു വാദപ്രതിവാദത്തിനുള്ള ത്വര അയാളുടെ മുഖത്തു തെളിഞ്ഞു .ജാതകവിധികളെപ്പറ്റിയുള്ള വിശകലനങ്ങളിലൂടെ അയാള്‍ തന്‍റെ വിശ്വാസപ്രമാണങ്ങള്‍ ശരിയെന്നു സമര്‍ത്ഥിക്കാന്‍ പഴുതുകള്‍ തേടി . അമ്പതു കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നത് ജാതകദോഷം കൊണ്ടാണത്രേ !
തര്‍ക്കശാസ്ത്രം പഠിച്ചിട്ടുള്ള സുധാകരനോട് തര്‍ക്കിച്ചുജയിക്കുക എളുപ്പമല്ല .
അയാളുടെ ആവനാഴിയില്‍ ജാതകദോഷത്തിന്‍റെ എത്ര കഥകള്‍ വേണമെങ്കിലും എടുത്തുപ്രയോഗിക്കാനുണ്ടാവും . പോരെങ്കില്‍ ഞാനുള്പ്പെടുന്ന ഉദ്യോഗസ്ഥവൃന്ദത്തെ ഒന്നടങ്കം അലസന്മാരെന്നും കിമ്പളക്കാരെന്നും വിളിച്ച് പരിഹസിക്കുകയും ചെയ്യും . അതുകൊണ്ട് ഞാന്‍ പത്തിമടക്കി .
എന്തെല്ലാം പറഞ്ഞാലും പരിഹസിച്ചാലും സുധാകരനുമായുള്ള സൗഹൃദം എനിക്ക് ഒരാശ്വാസമാണ്; വീട്ടിലെയും ആഫീസിലെയും ടെന്‍ഷന്‍ മറന്ന്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്നത് സുധാകരന്‍റെ കഥകള്‍ കേള്‍ക്കുമ്പോഴാണ് .
ഇന്നലെ സുധാകരന്‍ വന്നില്ല .ഞാന്‍ കാത്തിരുന്നു മുഷിഞ്ഞു . അയാള്‍ക്കെന്തുപറ്റി ?
ആശങ്കയോടെ അയാളുടെ വീട്ടിലേക്കു നടന്നു .
മുറ്റത്തെ ചെമ്പകച്ചുവട്ടില്‍ ചടഞ്ഞിരിപ്പാണയാള്‍! കയ്യില്‍ തുറന്നുപിടിച്ച വര്‍ത്തമാനപ്പത്രവുമുണ്ട്.
'എന്തുപറ്റി സുധാകരാ ?' അയാളുടെ അരികത്തിരുന്നു ഞാന്‍ ചോദിച്ചു .
'ഇതു കണ്ടില്ലേ ?'
ചരമപ്പേജിലെ കറുത്തചതുരത്തില്‍ വിരല്‍തൊട്ടുകൊണ്ട് അയാള്‍ ക്ഷോഭിച്ചു:
'സ്വൈരിണിപോലും ! പാവം പെണ്ണ്.'
അയാളുടെ ക്ഷോഭവും വേദനയും കണ്ടപ്പോള്‍ അവള്‍ അയാളുടെ ആരോ ആയിരിക്കുമെന്നു കരുതി ഞാന്‍ ചോദിച്ചു
' ആ സ്ത്രീ സുധാകരന്‍റെ ആരാ ?'
' ചേരിയിലെ കൂലികള്‍ക്ക് ഹാപ്പിഅവേഴ്സൊരുക്കുന്ന പാവം പെണ്ണ്; ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒഴിച്ചുകൊടുപ്പുകാരി.ഏജന്റുമാര് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന
വാറ്റുചാരായമാണവള് വിറ്റിരുന്നത്. അതീന്നു കിട്ടുന്ന വരുമാനംകൊണ്ടാ അഞ്ചുവയറുകള്‍ വിശപ്പാറ്റിയിരുന്നത്. മരത്തീന്നു വീണ് നട്ടെല്ലുപൊട്ടിയ അച്ഛന്‍ , മനോരോഗിയായ അമ്മ , മറവിരോഗംപിടിച്ച അമ്മൂമ്മ , നാലാംക്ളാസ്സില് പഠിക്കുന്ന അനുജത്തിക്കുട്ടി. ചോര്‍ന്നും ചിതലരിച്ചും നിലംപൊത്താറായ ചെറ്റപ്പുരയില്‍ .... ഈയിടെ അവളെ പോലീസു പിടിച്ചു. ഷാപ്പുകാരമ്മാരു പിടിപ്പിച്ചതാ. ഉള്ളംകാലു നിറയെ അടികൊണ്ടു പൊട്ടിയ വ്രണങ്ങളുമായി
റോഡരികത്തിരുന്നു കരയുന്നതുകണ്ടപ്പോള് ചങ്കുപൊട്ടിപ്പോയി സാറേ. അന്ന്‍ ഞാനെന്‍റെ
നൂറുരൂപ ആട്ടോക്കാരന് കൊടുത്തു , അവളെ വീട്ടിലെത്തിക്കാന്‍ .അങ്ങനാ ഞങ്ങള് പരിചയക്കാരായത്. അന്നേ ഞാനവളോടു പറഞ്ഞതാ കഷ്ടകാലമാണു സൂക്ഷിക്കണമെന്ന് .
പറഞ്ഞിട്ടെന്തു കാര്യം , ജാതകവിധിയെ തടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ ?
കഴിഞ്ഞദിവസം ലെവല്‍ക്രോസിനടുത്ത് ....'
കണ്ണുതുടച്ചുകൊണ്ട് അയാള്‍ കൂട്ടിച്ചേര്‍ത്തു:
'നീരുവറ്റിയ ദേഹം നരനായ്ക്കള് കടിച്ചുകീറിയിരുന്നു'
കഥകേട്ട് എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല .
അല്‍പ്പനേരത്തെ മൌനത്തിനുശേഷം സുധാകരന്‍ പറഞ്ഞു :
'എനിക്ക് അവളുടെ വീടുവരെ പോകണമെന്നുണ്ട് , ഹാപ്പിഅവേഴ്സിനു കരുതിവച്ച
കാശുകൊണ്ട് ആ കുടുംബത്തിന് ഒരുനേരത്തെ വിശപ്പാറുമെങ്കില്‍ സുധാകരന്‍
അതിലേറെ ഹാപ്പിയാവും.'
ആര്‍ദ്രതയുടെ പ്രതിരൂപംപോലെ സുധാകരന്‍ നടന്നുനീങ്ങി .
അതിരാവിലെ പത്രം നിവര്‍ത്തിയപ്പോള്‍ കണ്ട വാര്‍ത്ത എന്നെ ഞെട്ടിച്ചു :
'കുറ്റക്കാരനെന്നു സംശയിക്കുന്ന സുധാകരനെന്ന കൈനോട്ടക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരുന്നു. ആത്മഹത്യചെയ്ത യുവതിയും സുധാകരനും തമ്മില്‍ അവിഹിതവേഴ്ചയും സാമ്പത്തികഇടപാടുകളും ഉണ്ടായിരുന്നതായി പരിസരവാസികള്‍ ആരോപിക്കുന്നു .'
എന്തുചെയ്യേണ്ടൂ എന്നറിയാതെ തളര്‍ന്നിരിക്കുമ്പോള്‍ സുധാകരന്‍റെ പ്രതിഷേധസ്വരം
കാതില്‍ മുഴങ്ങി :
'കണ്ണുകള്‍ കാണുന്നതും കാതുകള്‍ കേള്‍ക്കുന്നതും എല്ലാം സത്യങ്ങളാണോ!'
*****
Subscribe to:
Posts (Atom)






