എങ്ങുനിന്നെത്തിയിക്കുഞ്ഞുമുക്കുറ്റികള്‍
തിങ്ങി നിറഞ്ഞെന്‍റെ മുറ്റമെങ്ങും.
മഞ്ഞനിറമുള്ള കുഞ്ഞുദളങ്ങളില്‍
മഞ്ഞിന്‍കണികകളുമ്മവയ്‌ക്കേ,
മുറ്റുന്ന മോദത്താല്‍ കോരിനിറച്ചു ഞാന്‍
മുക്കുറ്റിച്ചന്തം കവിതയാക്കി.
ഉച്ചത്തില്‍പ്പാടി രസിക്കുന്ന നേരത്ത്
മുക്കുറ്റിപ്പൂക്കള്‍ ചിരിച്ചുചൊല്ലി:
പാടിപ്പുകഴ്ത്തുവാന്‍ മാത്രം കവികള്‍ക്ക്
പാവം മുക്കുറ്റികള്‍ വേണമത്രെ.
ഓണമിങ്ങെത്തിയാല്‍ ചെത്തിപ്പറിച്ചങ്ങു
ദൂരേക്കെറിയുമീ ഞങ്ങളെത്താന്‍!
നേരാണു ചൊന്നതെന്‍ കണ്ണാലേകണ്ടുഞാ-
നോണം വരുത്തുന്ന വീട്ടുകാരന്‍;
പൂവിട്ട തുമ്പയും കുഞ്ഞുമുക്കുറ്റിയും
വെട്ടിയെറിയുന്ന പാട്ടുകാരന്‍!
നുള്ളിയെറിയുവാന്‍ നീട്ടിയ കയ്യിനാല്‍
മെല്ലെത്തഴുകി മൊഴിഞ്ഞു ഞാനും :
മാപ്പെനിക്കേകൂ മുക്കുറ്റിപ്പൈതങ്ങളേ
നിത്യമെന്‍ മുറ്റത്തു വാഴ്ക നിങ്ങള്‍.
super lines...
ReplyDelete