Thursday, 3 September 2020

ഉയരങ്ങളിലെ കളിത്തീവണ്ടികള്‍ (എസ്.സരോജം)

ഉയര്‍ച്ചതാഴ്‌ചകളിലൂടെയും വളവുതിരിവുകളിലൂടെയും റോഡിന്റെ അരികിലൂടെയും വീടുകളുടെയും ബസാറുകളുടെയും ഇടയിലൂടെയുമൊക്കെ കയറിയിറങ്ങുന്ന കളിത്തീവണ്ടി, പ്രകൃതിയുടെ അനുപമസൗന്ദര്യവും ഗ്രാമജീവിതത്തിന്റെ വ്യത്യസ്‌തതകളും നഗരജീവിതത്തിന്റെ ബദ്ധപ്പാടുകളും കണ്ടറിഞ്ഞ്‌ ഏതാനും മണിക്കൂറുകള്‍ അതില്‍ യാത്രചെയ്യുക, ഇടയ്‌ക്കിടെ ഇറങ്ങി വിശേഷപ്പെട്ട കാഴ്‌ചകള്‍ കാണുക, സ്‌കൂള്‍കുട്ടികളും സാധാരണമനുഷ്യരുമൊക്കെ വഴിയരികില്‍നിന്ന്‌ സന്തോഷത്തോടെ കൈവീശുക, തിരിച്ച്‌ കൈവീശിക്കൊണ്ട്‌ അവര്‍ക്ക്‌  ആഹ്ളാദം വിരിയുന്ന വെളുത്ത പുഞ്ചിരി സമ്മാനിക്കുക. എന്തായിരിക്കും ആ യാത്രയുടെയൊരു ത്രില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന്‌ ഡാര്‍ജിലിംഗിലെത്തുന്ന വിനോദസഞ്ചാരികളുടെ ആഗ്രഹമാണ്‌ കളിത്തീവണ്ടിയില്‍ ഇങ്ങനെയൊരു ഉല്ലാസയാത്ര. തിരക്കേറിയ ടൂറിസ്റ്റ്‌ സീസണില്‍ നേരത്തേ ബുക്കുചെയ്യാതെ വന്നാല്‍ ചിലപ്പോള്‍ ടിക്കറ്റ്‌ കിട്ടിയില്ലെന്നുവരും. ഐ.ആര്‍.സി.റ്റി.സി വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. എന്നാല്‍, യാത്രക്കാര്‍ തീരെ കുറവായിരിക്കുന്ന ഓഫ്‌ സീസണില്‍ ഐ.ആര്‍.സി.റ്റി.സി ബുക്കിംഗ്‌ നിറുത്തിവയ്‌ക്കാറുണ്ട്‌. ട്രാവല്‍ ഏജന്റുകള്‍ വഴിയും നേരത്തേ ടിക്കറ്റ്‌ എടുത്തുവയ്‌ക്കാം.
ഡാര്‍ജിലിംഗ്‌ യാത്ര തികച്ചും അവിചാരിതമായിരുന്നതിനാല്‍ ടോയ്‌ ട്രെയിനിലേക്കുള്ള ടിക്കറ്റ്‌ റിസര്‍വ്വ്‌ ചെയ്യാന്‍ സാധിച്ചിരുന്നില്ല. രാവിലെ അന്വേഷിച്ചപ്പോള്‍ കുര്‍സോങ്‌ സ്റ്റേഷനില്‍നിന്ന്‌ രണ്ടുമണിക്ക്‌ പുറപ്പെടുന്ന വണ്ടിക്ക്‌ ടിക്കറ്റുണ്ടെന്നറിഞ്ഞു. വേഗംതന്നെ ഒരു ടാക്‌സിവിളിച്ച്‌ ഞങ്ങള്‍ കുര്‍സോങ്ങിലേക്കു പോയി. സമുദ്രനിരപ്പില്‍നിന്നും 4864 അടി ഉയരത്തിലുള്ള മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ്‌ കുര്‍സോങ്‌. ടിക്കറ്റെടുത്തതിനുശേഷം ഒരു മണിക്കൂറോളം ്‌ടൗണ്‍ ചുറ്റിക്കണ്ടു. ഉച്ചഭക്ഷണത്തിനുശഷം റെയില്‍വേസ്റ്റേഷനിലേക്ക ചെന്നു. ടൂറിസ്റ്റ്‌ സീസണ്‍ അല്ലാത്തതുകൊണ്ടായിരിക്കാം വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. നാട്ടുകാരും സഞ്ചാരികളുമായി നാലഞ്ചുപേര്‍ അപ്പോള്‍ ടിക്കറ്റെടുത്ത്‌ കയറുന്നതു കണ്ടു. എന്നിട്ടും സീറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
സിഗ്‌സാഗ്‌, ലൂപ്‌ ലൈന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച, രണ്ടടി വീതിയും എണ്‍പത്തിയെട്ട്‌ കിലോമീറ്റര്‍ നീളവും പതിനാല്‌ സ്റ്റേഷനുമുള്ള, ഒരേയൊരു നാരോഗേജ്‌ ലൈനില്‍, ന്യു ജല്‍പായ്‌ഗുരിക്കും ഡാര്‍ജിലിംഗിനുമിടയില്‍ സര്‍വ്വീസ്‌ നടത്തുന്ന മൗണ്ടന്‍ ട്രെയിനാണ്‌ ടോയ്‌ ട്രെയിന്‍ എന്നറിയപ്പെടുന്നത്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ ഫ്രോണ്ടിയര്‍ റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടോയ്‌ ട്രെയിനിന്റെ ആസ്ഥാനം കുര്‍സോങ്‌ ആണ്‌. 

1981-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡാര്‍ജിലിംഗ്‌ - ഹിമാലയന്‍ റെയില്‍വേ, യുനെസ്‌കൊയുടെ ലോകപൈതൃകപട്ടികയില്‍ പെട്ട ആദ്യത്തെ മൗണ്ടന്‍ റെയില്‍വേയാണ്‌. ഇതുകൂടാതെ, ഇന്ത്യയിലെതന്നെ 1898-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ക്ക - സിംല റെയില്‍വേയും 1908-ല്‍ ആരംഭിച്ച നീലഗിരി മൗണ്ടന്‍ റെയില്‍വേയും പിന്നീട്‌ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചു.
ഡീസലെഞ്ചിന്‍ ഘടിപ്പിച്ച രണ്ടോ മൂന്നോ ബോഗികളുള്ള ടോയ്‌ ട്രെയിനുകള്‍ കുന്നുകളിലൂടെയും സമതലങ്ങളിലൂടെയും കയറിയിറങ്ങി, ഡാര്‍ജിലിംഗ്‌ ടൗണിലെത്താന്‍ കുറഞ്ഞത്‌ ഏഴോ എട്ടോ മണിക്കൂര്‍ സമയമെടുക്കും. ഇവയ്‌ക്ക്‌ പതിനഞ്ചുപേര്‍ക്കിരിക്കാവുന്ന എ.സി കോച്ചും ഒന്നോ രണ്ടാ രണ്ടാംക്ലാസ്‌ കോച്ചുകളും ലഗ്ഗേജ്‌ കോച്ചും ഉണ്ടായിരിക്കും. മിക്കവാറും ടോയ്‌ ട്രെയിനുകളില്‍ ഭക്ഷണമോ ടോയ്‌ലറ്റ്‌ സൗകര്യമോ ലഭ്യമല്ല. ഭക്ഷണം ആവശ്യമുള്ളവര്‍ കൂടെ കരുതുകയേ നിര്‍വാഹമുള്ളു. എന്തൊക്കെ അസൗകര്യങ്ങളുണ്ടെങ്കിലും ഇന്നും ഈ മൗണ്ടന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസിനെ വെല്ലാന്‍ മറ്റൊന്നില്ലെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ മഹത്വം. ഈ മഹത്വം നിര്‍മ്മാതാവായ ഫ്രാങ്ക്‌ളിന്‍ പ്രസ്റ്റാജിന്‌ അവകാശപ്പെട്ടതാണ്‌.
ഏഴായിരത്തി നാനൂറ്റിയേഴടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഘൂം റെയില്‍വേ സ്റ്റേഷനാണ്‌ ഹിമാലയന്‍ -ഡാര്‍ജിലിംഗ്‌ റെയില്‍ പാതയിലെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷന്‍. ഡാര്‍ജിലിംഗ്‌ ടൗണില്‍നിന്ന്‌ എട്ടുകിലോമീറ്റര്‍ അകലെയാണിത്‌. 

സ്റ്റേഷന്‌ എതിര്‍വശത്തായി ഡി.എച്ച്‌.ആര്‍. ഘൂം റെയില്‍വേ മ്യൂസിയം കാണാം. 1999-ല്‍ യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ സ്ഥാനംപിടിച്ചതിനെ തുടര്‍ന്ന്‌, ഡി.എച്ച്‌.ആറിന്റെ പാരമ്പര്യവും ചരിത്രവും പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മൂന്ന്‌ മ്യൂസിയങ്ങളിലൊന്നാണിത്‌. കുര്‍സോങ്ങിലും സുക്‌നയിലുമാണ്‌ മറ്റ്‌ രണ്ടെണ്ണം. ഘൂം മ്യൂസിയം 2000-ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

ഡാര്‍ജിലിംഗില്‍നിന്ന്‌ ഘൂമിലേക്കും തിരിച്ചും ഉല്ലാസസവാരിനടത്തുന്ന ഒറ്റബോഗിയുള്ള സ്റ്റീം എന്‍ഞ്ചിന്‍ ടോയ്‌ ട്രെയിനും ഉണ്ട്‌. ഇതില്‍ ആങ്ങോട്ടുമിങ്ങോട്ടും ടിക്കറ്റെടുത്തിട്ടുള്ളവര്‍ക്ക്‌ മ്യൂസിയം സന്ദര്‍ശിക്കുന്നതിന്‌ പ്രത്യേകം ടിക്കറ്റ്‌ എടുക്കേണ്ടതില്ല. പക്ഷേ, കുര്‍സോങ്‌ മുതല്‍ ഡാര്‍ജിലിംഗ്‌ വരെ ടോയ്‌ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ കാണുന്നത്രയും ഗ്രാമജീവിതവും മഞ്ഞുമലകളും പ്രകൃതിക്കാഴ്‌ചകളും ത്രില്ലുമൊന്നും ഈ ഹ്രസ്വദൂര ഉല്ലാസയാത്രയില്‍ ഉണ്ടാവില്ല. മ്യൂസിയം സന്ദര്‍ശനം റോഡുവഴിയുള്ള നഗരക്കാഴ്‌ചയില്‍ ഉള്‍പ്പെടുത്താവുന്നതുമാണ്‌.

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ളതായ ഘൂം റെയില്‍വേ സ്റ്റേഷനും അവിടെ വിലപ്പെട്ട സ്‌മാരകമായി സൂക്ഷിച്ചിരിക്കുന്ന പഴയ തപാല്‍പ്പെട്ടിയും റെയില്‍വേ മ്യൂസിയവും ഡാര്‍ജിലിംഗ്‌ - ഹിമാലയന്‍ റെയില്‍വേയുടെ ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമായി. പ്ലാറ്റ്‌ഫാമിന്‌ നേരെ എതിരെയുള്ള ഗേറ്റിലൂടെ കടന്നുചെല്ലുമ്പോള്‍, വലതുവശത്തായി പ്രദര്‍ശിപ്പിച്ചിട്ടുള്ള ബേബി സിവോക്‌ കണ്ണുകളില്‍ ആശ്ചര്യം വിടര്‍ത്തും. ഹിമാലയന്‍-ഡാര്‍ജിലിംഗ്‌ മൗണ്ടന്‍ റെയില്‍വേയുടെ ഏറ്റവും പഴക്കമുള്ള ടോയ്‌ ട്രെയിന്‍ എന്‍ജിനാണ്‌ ബേബി സിവോക്‌. 1881 മുതല്‍ ദീര്‍ഘകാലം ഓടിത്തളര്‍ന്ന ബേബി സിവോക്‌ ഇപ്പോള്‍ വിശ്രമത്തിലാണ്‌. പിന്നില്‍, അവള്‍ക്ക്‌ കൂട്ടിനായി പഴക്കമേറിയ ഒരു ബോഗിയുമുണ്ട്‌. അടുത്തുനിന്ന്‌ അവളുടെ ഉള്ളിലേക്ക്‌ നോക്കിയാല്‍, അവശതയിലായ യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ അതിശയകരമായ അനുഭവങ്ങളുടെ ഒരുപാടൊരുപാട്‌ കഥകള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. മറുവശത്തുള്ള മരപ്പടികളിലൂടെ കയറിച്ചെല്ലുന്നത്‌ പ്ലാറ്റ്‌ഫാമിനു മുകളില്‍ മരംകൊണ്ട്‌ പണിത മ്യൂസിയത്തിനുള്ളിലേക്കാണ്‌. ഇവിടെ ഡി.എച്ച്‌.ആറിന്റെ ചരിത്രം വെളിവാക്കുന്ന പുരാവസ്‌തുക്കളും ടോയ്‌ ട്രെയിനിന്റെ ചിത്രങ്ങളും മുന്‍ജീവനക്കാരുടെ സംഭാവനകളും മൂല്യവത്തായി സൂക്ഷിച്ചിരിക്കുന്നു. ടോയ്‌ ട്രെയിന്‍ കടന്നുപോകുന്ന ഏറ്റവും രസകരമായ പോയിന്റാണ്‌ ബറ്റാസിയ ലൂപ്പ്‌. 


കളിത്തീവണ്ടി ഒരറ്റം തുറന്ന വലിയൊരു ദീര്‍ഘവൃത്താകാര ട്രാക്കിലൂടെ മലയിറങ്ങി, പോകുന്നത്‌ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന കാഴ്‌ചയാണ്‌. ഈ ട്രാക്കിന്‌ ലൂപ്പിന്റെ ആകൃതിയായതുകൊണ്ടാണ്‌ ബറ്റാസിയ ലൂപ്പ്‌ എന്ന്‌ വിളിക്കുന്നത്‌. 1919-ല്‍ പ്രവര്‍ത്തനസജ്ജമായ, ബറ്റാസിയ ലൂപ്പ്‌ (സ്‌പൈറല്‍ ട്രാക്‌) ടോയ്‌ ട്രെയ്‌നിന്റെ ഘൂമില്‍നിന്നുള്ള മലയിറക്കം സുഗമമാക്കുന്നതിനുവേണ്ടിയുള്ള അതിസമര്‍ത്ഥമായ എഞ്ചിനിയറിംഗ്‌ ടെക്‌നോളജിയാണ്‌. ചൂളംവിളിച്ചുകൊണ്ട്‌, ലൂപ്പുപോലെ വളഞ്ഞുവരുന്ന ടോയ്‌ ട്രെയിന്‍ ഒരിക്കലും ഓര്‍മ്മയില്‍നിന്ന്‌ മാഞ്ഞുപോവില്ല. ഡാര്‍ജിലിംഗില്‍ നിന്ന്‌ ന്യൂ ജല്‍പായ്‌ഗുരി വരെ ഒരേയൊരു നാരോഗേജ്‌ പാത മാത്രമേയുള്ളു. ആകയാല്‍, എല്ലാ ടോയ്‌ ട്രെയിനുകളും ഇതുവഴിയാണ്‌ പോകുന്നതും വരുന്നതും. പത്തുമിനിറ്റുനേരം ബറ്റാസിയ ലൂപ്പില്‍ നിറുത്തിയിടും. 
യാത്രികര്‍ക്ക്‌ ഇവിടെയിറങ്ങി, ഗൂര്‍ഖായുദ്ധസ്‌മാരകവും അതിനുചുറ്റുമുള്ള ഉദ്യാനവും വേഗമൊന്ന്‌ ചുറ്റിക്കണ്ട്‌, ഹിമാലയത്തിന്റെ ദൃശ്യപശ്ചാത്തലത്തില്‍, ടോയ്‌ ട്രെയിനിന്റെ അരികത്തുനിന്ന്‌ ഫോട്ടൊയുമെടുത്ത,്‌ സന്തോഷത്തോടെ യാത്ര തുടരാം.
കല്‍ക്കരികൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന ആവിയെഞ്ചിന്‍ ഘടിപ്പിച്ച ഒറ്റബോഗിയുള്ള തീവണ്ടിയിലെ ഉല്ലാസയാത്രയ്‌ക്ക്‌ ത്രില്ല്‌ കൂടും. യാത്രികരുടെ മനസ്സും പാറിവീഴുന്ന കല്‍ക്കരിത്തരികളോടൊപ്പം പഴയകാലത്തിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കും. ഡാര്‍ജിലിംഗ്‌ മുതല്‍ ഘൂം വരെയാണ്‌ ഉല്ലാസയാത്ര, തിരിച്ചും. നഗരം ചുറ്റുന്നതിനിടയിലും തിരക്കേറിയ ഹില്‍ കാര്‍ട്ട്‌ റോഡിന്റെ അരികിലൂടെ നിരന്തരം ഹോണ്‍മുഴക്കിക്കൊണ്ട്‌, കറുത്ത പുകതുപ്പി, മെല്ലെ പായുന്ന പഴയ തീവണ്ടി കാണുകയുണ്ടായി. 
അന്തരീക്ഷത്തില്‍ പടരുന്ന കറുത്ത പുക വായുമലിനീകരണസാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നത്‌ നേരായ കാര്യമാണെങ്കിലും വെറുമൊരു സഞ്ചാരിയുടെ കൗതുകത്തോടെ നോക്കിനിന്നപ്പോള്‍ പ്രൈമറി ക്ലാസ്സില്‍ പഠിച്ച കുട്ടിക്കവിത ഓര്‍മ്മവന്നു: കൂകൂ കൂകൂ തീവണ്ടി, കൂകിപ്പായും തീവണ്ടി, കല്‍ക്കരി തിന്നും തീവണ്ടി, വെള്ളം മോന്തും തീവണ്ടി, വെയിലത്തോടും തീവണ്ടി, മഴയത്തോടും തീവണ്ടി, മടിയാതോടും തീവണ്ടി, ഹാഹാ ഹാഹാ തീവണ്ടി

Tuesday, 14 July 2020

ചരിത്രമുറങ്ങുന്ന മാഹി (യാത്ര) - എസ്.സരോജം

 കേരളത്തിനുള്ളില്‍, ഒമ്പത്‌ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു കേന്ദ്രഭരണപ്രദേശം; അതാണ്‌ മാഹി. ഭൂമിശാസ്‌ത്രപരമായി കണ്ണൂര്‍ കോഴിക്കോട്‌ ജില്ലകള്‍ക്കിടയിലാണ്‌ സ്ഥാനമെങ്കിലും 630 കിലോമീറ്റര്‍ അകലെയുള്ള പുതുച്ചേരിയുടെ ഭാഗമാണ്‌ മാഹി. 
ഫ്രഞ്ച്‌ കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ പുതിയപേരാണ്‌ പുതുച്ചേരി. മാഹിയുടെ മൂന്നുവശത്തും കേരളവും ഒരുവശത്ത്‌ അറബിക്കടലുമാണ്‌. അതുകൊണ്ടുതന്നെ സാംസ്‌കാരികമായി മാഹിക്ക്‌ കേരളത്തോടാണ്‌ അടുപ്പം. ബെട്രാന്‍ഡ്‌ ഫ്രാന്‍സിയോസ്‌ മാഹി ഡെലാബര്‍ദാനിയോസ്‌ എന്ന ഫ്രഞ്ചുകാരന്‍ സ്ഥാപിച്ച നഗരമായതിനാലാണ്‌ ഈ സ്ഥലം മാഹി എന്ന പേരില്‍ അറിയപ്പെടുന്നത്‌. മാഹിയില്‍ ഫ്രഞ്ചുകാരുടെ ചരിത്രം തുടങ്ങുന്നത്‌ 

1721-ലാണ്‌. മയ്യഴിപ്പുഴയുടെ തീരഭംഗികളും ഫ്രഞ്ച്‌ അധിനിവേശത്തിന്‍റെ അവശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളുമാണ്‌ മാഹിയി ലേക്ക്‌ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌.

 മാഹി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം കണ്ണില്‍ തെളിയുന്നത്‌ 280 കൊല്ലത്തോളം പഴക്കമുള്ള സെന്റ്‌ തെരേസ പള്ളിയാണ്‌. ഇംഗ്ലീഷുകാരുടെ വരവോടെ തലശേരിയില്‍ നിന്നും വിട്ടുപോന്ന ഫ്രഞ്ചുകാര്‍ മാഹിയില്‍ താവളമുറപ്പിച്ചു. 1736-ല്‍ വടകര വാഴുന്നോരുടെ അനുമതിവാങ്ങി നിര്‍മ്മിച്ചതാണ്‌ ഫ്രഞ്ചുവാസ്‌തുവിദ്യയുടെ മകുടോദാഹരണമായ സെന്റ്‌ തെരേസ പള്ളി.

 ആവിലയിലെ വിശുദ്ധ തെരേസയുടെ നാമത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയുടെ ചുവരുകളില്‍ യേശുക്രിസ്‌തുവിന്‍റെ ജീവചരിത്രമാകെ കൊത്തിയെടുത്ത്‌ ഫ്രെയിംചെയ്‌തു വച്ചിട്ടുണ്ട്‌. ഫ്രഞ്ചുവിപ്ലവത്തിലെ ധീരവനിതയായ ഴന്താര്‍ക്കിന്‍റെ ശില്‍പവുമുണ്ട്‌ ഒരു ചുവരില്‍. ഫ്രഞ്ചുവിപ്ലവത്തിന്‌ സമാപനംകുറിച്ച ജൂലായ്‌ പതിനാലിനും രണ്ടാംലോകയുദ്ധം അവസാനിച്ച നവംബര്‍ പതിനൊന്നിനും മാഹിയിലുള്ള ഫ്രഞ്ചുകാര്‍ ശില്‍പത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുക പതിവാണ്‌. പള്ളിയോടു ചേര്‍ന്നുള്ള എഴുപത്താറടി ഉയരമുള്ള ഗോപുരവും കൂറ്റന്‍ ഘടികാരവും 1855-ല്‍ ഫ്രഞ്ചുനാവികര്‍ സമ്മാനിച്ചതാണ്‌. ഫ്രഞ്ചുപൗരന്മാരായി അറുപതോളംപേര്‍ മാത്രമേ ഇപ്പോള്‍ മാഹിയില്‍ അവശേഷിക്കുന്നുള്ളു എന്നാണറിയാന്‍ കഴിഞ്ഞത്‌. പള്ളിയില്‍ മതഭേദമെന്യെ അനേകമാളുകള്‍ ആരാധനയ്‌ക്കെത്തുന്നു. വഴിപാടായി ശയനപ്രദക്ഷിണം നടത്തുന്ന അപൂര്‍വം ക്രിസ്‌ത്യന്‍ ദേവാലയങ്ങളിലൊന്നാണിത്‌. ഒക്‌ടോബര്‍ അഞ്ചുമുതല്‍ ഇരുപത്തിരണ്ടുവരെയാണ്‌ മാഹിപള്ളിയിലെ തിരുനാള്‍ ആഘോഷം.

പള്ളിയില്‍നിന്നും അല്‍പമകലെയായി പ്രാദേശിക ഭരണ കാര്യാലയം സ്ഥിതിചെയ്യുന്നു. ഇതേ വളപ്പില്‍ തന്നെയാണ്‌ സര്‍ക്കാര്‍ അതിഥിമന്ദിരവും. മയ്യഴിപ്പുഴയ്‌ക്ക്‌ അഭിമുഖമായി നില്‍ക്കുന്ന ഈ ബംഗ്ലാവായിരുന്നു ഫ്രഞ്ചുകാരുടെ ഭരണസിരാകേന്ദ്രം. ഇവിടെയിരുന്നാണ്‌ മൂപ്പന്‍സായ്‌വ്‌ മാഹി ഭരിച്ചത്‌. 

അഴിമുഖം മുതല്‍ മയ്യഴിപ്പാലം വരെ നീളുന്ന രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാത മൂപ്പന്‍ സായ്‌വിന്‍റെ ബംഗ്ലാവിനു പിന്നിലൂടെയാണ്‌ കടന്നുപോകുന്നത്‌. ബംഗ്ലാവിന്‍റെ പ്രവേശനകവാടത്തോടുചേര്‍ന്നാണ്‌ രവീന്ദ്രനാഥ ടാഗോറിന്‍റെ നാമത്തിലുള്ള ടാഗോര്‍പാര്‍ക്ക്‌. 
1976-ല്‍ നിര്‍മ്മിച്ച പാര്‍ക്കിന്‍റെ ഒരറ്റത്ത്‌ ഫ്രഞ്ചുവിപ്ലവത്തിന്‍റെ സ്‌മാരകം, മറ്റേയറ്റത്ത്‌ മയ്യഴിയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്‌മാരകം, ഫ്രഞ്ച്‌ ഇതിഹാസനായിക മറിയാന്‍റെ ശില്‍പം എന്നിങ്ങനെ നിരവധിയായ കാഴ്‌ചകള്‍ ഫ്രഞ്ചുഭരണ കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. കുട്ടികള്‍ക്കായി മനോഹരമായൊരു പാര്‍ക്കും ഒരുക്കിയിട്ടുണ്ട്‌. 
കേന്ദ്ര കപ്പല്‍ഗതാഗത മന്ത്രാലയത്തിന്‍റെ വിളക്കുമരവും ഫ്രഞ്ചുകോട്ടയുടെ അവശിഷ്‌ടങ്ങളും സഞ്ചാരികളുടെ മനംകവരുന്ന കാഴ്‌ചകളാണ്‌.
പുഴയോര നടപ്പാതയിലൂടെയുള്ള നടത്തമാണ്‌ മയ്യഴിയിലെ ഏറ്റവും രസകരമായ അനുഭവം. ടാഗോര്‍ പാര്‍ക്കുമുതല്‍ മഞ്ചക്കല്‍ പാര്‍ക്കുവരെ കാറ്റുംകൊണ്ട്‌, കാഴ്‌ചകളും കണ്ട്‌ പുഴയോടൊപ്പം നടക്കാം. സുരക്ഷയ്‌ക്കായി നടപ്പാതയോടുചേര്‍ന്ന്‌ ഇരുമ്പിന്‍റെ റെയിലിംഗുണ്ട്‌. 


പുഴയ്‌ക്കഭിമുഖമായി തണല്‍മരങ്ങളും ഇരിപ്പിടങ്ങളുമുണ്ട്‌. അഴിമുഖത്തിന്‌ അഭിമുഖമായിരുന്ന്‌ ഒരേസമയം കടല്‍ക്കാറ്റിന്‍റെയും പുഴക്കാറ്റിന്‍റെയും സുഖമറിയാം. പുഴയുടെയും കടലിന്‍റെയും കൂടിച്ചേരലിന്‍റെ ഉന്മാദം കണ്ടറിയാം.

മാഹി പാലത്തിനടുത്താണ്‌ 1994-ല്‍ ആരംഭിച്ച മലയാള കലാഗ്രാമം. സംഗീതം, നൃത്തം, ചിത്രകല, ശില്‍പനിര്‍മ്മാണം എന്നിവ ഇവിടെ അഭ്യസിപ്പിക്കുന്നു. വടക്കന്‍ പാട്ട്‌, കളരിപ്പയറ്റ്‌, പൂരക്കളി, തെയ്യം, തോറ്റം തുടങ്ങി വടക്കന്‍ മലബാറിന്‍റെ കലാപാരമ്പര്യം വിളിച്ചോതുന്ന നാല്‌ ആര്‍ട്ട്‌ ഗ്യാലറികളുണ്ടിവിടെ. മഹാകവി കുമാരനാശാന്‍റെ വെങ്കലശില്‍പവും കലാഗ്രാമത്തിന്‌ ചാരുത പകരുന്നു.

 ഗാന്ധിജിയുടെ പ്രസംഗത്തിനു വേദിയായ പുത്തലം ക്ഷേത്രം, മഞ്ചയ്‌ക്കല്‍ ജുമാ മസ്‌ജിദ്‌, മലബാറിലെ കൊച്ചുഗുരുവായൂര്‍ എന്നറിയപ്പെടുന്ന ചൂടിക്കോട്ട ശ്രീകൃഷ്‌ണക്ഷേത്രം, ശ്രീനാരായണ മഠം, ചെമ്പ്ര സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവയാണ്‌ മയ്യഴിയിലെ ശ്രദ്ധേയമായ മതസാംസ്‌കാരിക സ്ഥാപനങ്ങള്‍.
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള അവകാശപ്പോരാട്ടത്തിന്‍റെ നിരവധി കഥകള്‍ മാഹിക്ക്‌ പറയാനുണ്ട്‌. 1769-ല്‍ പൂര്‍ത്തീകരിച്ചതാണ്‌ മാഹി കോട്ട. ഭീമാകാരമായ ഈ കോട്ട ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില്‍ തകര്‍ന്നു. അവശിഷ്‌ടങ്ങള്‍ മാളിയേമ്മല്‍ പറമ്പില്‍ ഇപ്പോഴും കാണാം, അധിനിവേശപ്പോരാട്ടത്തിന്‍റെ ഓര്‍മ്മപ്പൊട്ടുകള്‍പോലെ. ഫോര്‍ട്ട്‌ ദൂഫേന്‍, ഫോര്‍ട്ട്‌ കൊന്തെ എന്നിങ്ങനെ രണ്ടു കോട്ടകള്‍ കൂടി ഫ്രഞ്ചുകാര്‍ മാഹിയില്‍ നിര്‍മ്മിക്കുകയുണ്ടായി.
മാഹി വിമോചനസമരചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ചെറുകല്ലായിക്കുന്ന്‌ ചരിത്രാന്വേഷികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇടമാണ്‌. ഫഞ്ചുകാര്‍ നിര്‍മ്മിച്ച ആദ്യത്തെ കോട്ട - (1739-ല്‍) സെന്റ്‌ ജോര്‍ജ്‌ കോട്ട ചെറുകല്ലായിക്കുന്നിലായിരുന്നു. ഇവിടത്തെ ഫ്രഞ്ച്‌ കാവല്‍ താവളം കീഴടക്കാനുള്ള ശ്രമത്തിനിടെയാണല്ലൊ കമ്മ്യൂണിസ്റ്റുകാരായ പി.പി.അനന്തനും എം. അച്ചുതനും ധീരരക്തസാക്ഷികളായത്‌. 

മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദന്‍ എഴുതിയ നോവലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 1974-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്‌. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്‌ട്രീയ-സാമൂഹ്യ ചരിത്രങ്ങളും വിമോചനപ്പോരാട്ടങ്ങളും മിത്തുകളും കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്നു. വിഖ്യാതമായ ഈ നോവലിലെ കഥാസന്ദര്‍ഭങ്ങള്‍ നടപ്പാതയുടെ ഒരുഭാഗത്ത്‌ കൊത്തിവച്ചിട്ടുണ്ട്‌.
റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ്‌ ബോട്ട്‌ഹൗസ്‌. അഴിമുഖംവരെ പോയിവരാന്‍ മാഹി ടൂറിസം വകുപ്പിന്‍റെ ഫൈബര്‍ബോട്ട്‌ ലഭിക്കും. പന്ത്രണ്ടു കിലോമീറ്റര്‍ പുഴയാത്രയ്‌ക്ക്‌ ഒരാള്‍ക്ക്‌ അറുപത്‌ രൂപയാണ്‌ നിരക്ക്‌. കുറഞ്ഞത്‌ അഞ്ചു യാത്രക്കാരെങ്കിലും ഉണ്ടാവണം. തെക്കുനിന്ന്‌ കണ്ണൂരിലേക്കും തിരിച്ചും സഞ്ചരിക്കുന്ന എല്ലാ ട്രെയിനുകളും മാഹി വഴിയാണ്‌ കടന്നുപോകുന്നത്‌.

Thursday, 2 July 2020

കാവേരി നിസര്‍ഗധാമ (യാത്ര) എസ്.സരോജം


      തീരം കവിഞ്ഞൊഴുകുന്ന കാവേരി നദി നിര്‍മ്മിച്ചിട്ടുള്ള നിരവധി തുരുത്തുകളിലൊന്നാണ്‌ നിസര്‍ഗധാമ. ആളുകള്‍ ഇതിനെ ദ്വീപ്‌ എന്നാണ്‌ പറയുന്നത്‌. പേരുപോലെതന്നെ കാവ്യാത്മകമാണ്‌ ഇവിടത്തെ ജൈവക്കാഴ്‌ചകളും. തൊണ്ണൂറുമീറ്റര്‍ നീളമുള്ള ഒരു തൂക്കുപാലത്തിലൂടെയാണ്‌ ദ്വീപിലേക്ക്‌ പ്രവേശിക്കുന്നത്‌. കര്‍ണ്ണാടക വനംവകുപ്പാണ്‌ മുളങ്കാടുകളും ചോലമരങ്ങളും നിറഞ്ഞ ഈ തുരുത്ത്‌ പരിപാലിക്കുന്നത്‌. അറുപത്തിനാല്‌ ഹെക്‌ടറാണ്‌ ഇതിന്‍റെ വിസ്‌തൃതി. കുശാല്‍നഗറില്‍നിന്ന്‌ മൂന്നുകിലോമീറ്റര്‍ ദൂരം.

കര്‍ണ്ണാടകയിലുള്ളവര്‍ കാവേരിനദിയെ ദേവിയായി പ്രതിഷ്‌ഠിച്ച്‌ ആരാധിച്ചുപോരുന്നു. കാവേരിയമ്മയുടെ പ്രതിഷ്‌ഠയ്‌ക്കുമുന്നില്‍ വണങ്ങാതെ അവരാരും ദ്വീപിലേക്ക്‌ പ്രവേശിക്കാറില്ല. 1989-ല്‍ കാവേരിക്കുകുറുകെ തൂക്കുപാലം കെട്ടി, 

മുളങ്കാട്‌ വൃത്തിയാക്കി, അലങ്കാരപ്പണികള്‍ചെയ്‌ത്‌ മോടിപിടിപ്പിച്ചതോടെ ഇവിടേക്ക്‌ വിനോദസഞ്ചാരികളുടെ ഒഴുക്കായി. ആദ്യത്തെ തൂക്കുപാലത്തിന്‌ തകരാറുപറ്റിയെങ്കിലും അത്‌ പൊളിച്ചുമാറ്റിയിട്ടില്ല. പകരം കുറേക്കൂടി ആളുകള്‍ക്ക്‌ സഞ്ചരിക്കാവുന്നവിധത്തില്‍ വലിയൊരു തൂക്കുപാലം പണിയുകയാണുണ്ടായത്‌. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പ്രവേശനസമയം. മുന്നിലെ കവാടം കടന്ന്‌ തൂക്കുപാലത്തിലൂടെ അകത്തേക്ക്‌ പ്രവേശിച്ചാല്‍ മുളങ്കാടുകള്‍ക്കിടയിലൂടെ നീളുന്ന വഴിക്കിരുവശവും കമനീയങ്ങളായ കാഴ്‌ചകളാണ്‌. എല്ലാം സന്ദര്‍ശകര്‍ക്ക്‌ കണ്ടറിയാനും ആസ്വദിക്കാനും സൗകര്യപ്രദമായ രീതിയിലാണ്‌ വഴികള്‍ ക്രമീകരിച്ചിരിക്കുന്നത്‌.
മുളങ്കാടിനരികെ കുടിലുകളും മരങ്ങളില്‍ ഏറുമാടങ്ങളും കെട്ടി, വിശാലമായ ഉദ്യാനത്തില്‍ അവിടവിടെയായി പ്രകൃതിസൗഹൃദ ഇരിപ്പിടങ്ങളൊരുക്കി, കുട്ടികള്‍ക്ക്‌ കളിച്ചുരസിക്കാനുള്ള ഉപാധികളൊരുക്കി, വലിയൊരു പാര്‍ക്കിന്‍റെ മാതൃകയിലാണ്‌ നിസര്‍ഗധാമ അണിയിച്ചൊരുക്കിയിരിക്കുന്നത്‌. കൊടവനാടിന്‍റെ സമ്പന്നമായ പൈതൃകവും ഗ്രാമീണജീവിതവുമെല്ലാം ജീവന്‍തുടിക്കുന്ന കളിമണ്‍ ശില്‍പങ്ങളായി പാര്‍ക്കിന്‍റെ പലഭാഗത്തും കാണാം.

 കൊടവര്‍ എന്ന തദ്ദേശീയ ജനവിഭാഗത്തിന്‍റെ പരമ്പരാഗതവേഷമായ വര്‍ണ്ണത്തലപ്പാവും അരപ്പട്ടയുമണിഞ്ഞ്‌ നൃത്തംചെയ്യുന്ന പുരുഷന്മാരുടെ ശില്‍പങ്ങള്‍ ഒരിടത്ത്‌. മറ്റൊരിടത്ത്‌ നൃത്തംചെയ്യുന്ന സ്‌ത്രീകളുടെ ശില്‍പങ്ങള്‍. വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വ്യത്യസ്‌തരായ കൂര്‍ഗ്‌ ജനതയുടെ വിവിധങ്ങളായ ജീവിതദൃശ്യങ്ങള്‍ വരുംതലമുറയ്‌ക്ക്‌ കണ്ടറിയാന്‍ ഉതകുന്ന വിധത്തില്‍ ഇവിടെ ശില്‍പവത്‌കരിച്ചിരിക്കുന്നു. 

മനുഷ്യരുടെ അതേ ഉയരത്തിലും ഭാവത്തിലുമുള്ള ശില്‍പങ്ങള്‍ ദൂരക്കാഴ്‌ചയ്‌ക്ക്‌ ജീവനുള്ള മനുഷ്യരാണെന്നേ തോന്നുകയുള്ളു. കൊടവനാട്ടിലെ സ്‌ത്രീകള്‍ അസാധാരണമായ സൗന്ദര്യത്തിന്‍റെ ഉടമകളാണ്‌. ആ സൗന്ദര്യം ശില്‍പങ്ങളിലും കാണാം.
മരക്കുറ്റിമേല്‍ വളര്‍ന്നിരിക്കുന്ന വലിയ മണ്‍പുറ്റുകള്‍ക്കുമുണ്ടൊരു ശില്‍പസൗന്ദര്യം. വനത്തിന്‍റെ അങ്ങേയറ്റത്തുള്ള വിശാലമായ ഡിയര്‍പാര്‍ക്കില്‍ നൂറിലേറെ മാനുകളുണ്ട്‌. ആളുകളുടെ അരികിലേക്ക്‌ സൗഹൃദപൂര്‍വം വന്നുനില്‍ക്കുന്ന മാനുകള്‍ക്ക്‌ തിന്നാനെന്തെങ്കിലും കൊടുക്കാതെ പോരാന്‍ കുട്ടികള്‍ക്കാവില്ലല്ലൊ.

സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കായി ആനസവാരി, റോപ്‌ വേ തുടങ്ങിയ സാഹസികവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്‌. കാവേരിയിലൂടെയുള്ള ബോട്ടുയാത്രയാണ്‌ മറ്റൊരു രസാനുഭവം. മഴക്കാലത്ത്‌ കരകവിഞ്ഞൊഴുകുന്ന നദി വേനല്‍ക്കാലത്ത്‌ ഒഴുക്കുകുറഞ്ഞ,്‌ കാട്ടുചോലകള്‍ക്കിടയിലെ തടാകങ്ങള്‍പോലെയാവും. അപ്പോള്‍ തീരങ്ങളില്‍ ദേശാടനക്കിളികള്‍ വിരുന്നിനെത്തും. കത്തുന്ന വേനലിലും കുളിരുള്ള മഴയിലും മഞ്ഞിലും വിവിധഭാവങ്ങള്‍ ചൂടിനില്‍ക്കുന്ന പ്രകൃതിയെ തൊട്ടറിയാന്‍ നിസര്‍ഗധാമ പ്രകൃതിസ്‌നേഹികളെ ക്ഷണിക്കുന്നു. ഇവിടെയെത്തുന്ന സന്ദര്‍ശകരില്‍ ഏറിയപങ്കും തദ്ദേശീയരാണ്‌. ഇതൊരു പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര മേഖലയായതിനാല്‍ പ്ലാസ്റ്റിക്‌ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 

മരങ്ങളുടെ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏറുമാടങ്ങളില്‍ താമസിക്കണമെങ്കില്‍ മുന്‍കൂട്ടി ലഭ്യത ഉറപ്പാക്കേണ്ടതാണ്‌.

Wednesday, 10 June 2020

തിരുനെല്ലി (യാത്ര) എസ്.സരോജം


 തോല്‍പ്പെട്ടിയില്‍ നിന്നും തിരുനെല്ലിയിലേക്കുള്ള യാത്രയില്‍ വയനാടന്‍കാടുകള്‍ കുളിരുപുതച്ചുകിടന്നു പാതയ്‌ക്കിരുവശവും ഇടതൂര്‍ന്ന മുളങ്കാടുകളും ആഴമുള്ള കാടിന്‍റെ ഹരിതസമൃദ്ധിയും. കാടരികുകളില്‍ മേഞ്ഞുനടക്കുന്ന മ്ലാവുകളും കുരങ്ങന്മാരും കാട്ടുപോത്തുകളും ആനകളും. അതിരാവിലെയോ സന്ധ്യകഴിഞ്ഞോ ആണ്‌ യാത്രയെങ്കില്‍ മൃഗങ്ങള്‍ വഴിയരികിലും ചിലപ്പോള്‍ റോഡിലും ഇറങ്ങിനില്‍ക്കും. അതിനാല്‍ ഈ വഴിയിലും കാട്ടില്‍ പാലിക്കേണ്ട മര്യാദകള്‍ കൃത്യമായി പാലിക്കണമെന്ന്‌ വനസംരക്ഷണവകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ട്‌. ഹോണടിക്കരുത്‌. വേഗതകുറച്ചേ വണ്ടിയോടിക്കാവൂ. മദ്യക്കുപ്പികളും പ്ലാസ്റ്റിക്‌ മാലിന്യങ്ങളും കാട്ടിലും വഴിയിലും വലിച്ചെറിയരുത്‌. മൃഗങ്ങളെ ഉപദ്രവിക്കരുത്‌.
എത്രകണ്ടാലും മതിവരാത്ത വഴിയോരക്കാഴ്‌കള്‍ സമ്മാനിക്കുന്ന ഈ യാത്രയ്‌ക്ക്‌ പതിനാറുകിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്‌.

തിരുനെല്ലിയിലേക്ക്‌ തിരിയുന്ന തെറ്റുറോഡ്‌ കവലയില്‍ പ്രശസ്‌തമായൊരു ഉണ്ണിയപ്പക്കടയുണ്ട്‌. അവിടെനിന്നായി വൈകുന്നേരത്തെ ചായകുടി. കാല്‍നൂറ്റാണ്ട്‌ പഴക്കമുള്ള ഈ ഉണ്ണിയപ്പക്കട കാനനസഞ്ചാരികളുടെ ഇടത്താവളം കൂടിയാണ്‌. ഇതുവഴി പോകുന്നവരാരും കുട്ടേട്ടന്‍റെ കടയിലെ ഉണ്ണിയപ്പത്തിന്‍റെ രുചി ആസ്വദിക്കാതെ പോകാറില്ലത്രെ.
ബ്രഹ്മഗിരി മലനിരകളാല്‍ ചുറ്റപ്പെട്ട പ്രശാന്തസുന്ദരമായ പ്രദേശമാണ്‌ തിരുനെല്ലി. മൂവായിരത്തോളം വീടുകളും പതിമൂവായിരത്തോളം ആളുകളുമുള്ള ഒരാദിവാസിഗ്രാമം. വനംവകുപ്പിന്‍റെ ഒരാഫീസും ഒരു പോലീസ്‌ സ്റ്റേഷനുമാണ്‌ വഴിയോരത്തു കണ്ട പൊതുസ്ഥാപനങ്ങള്‍. മലകള്‍ക്കപ്പുറം കര്‍ണ്ണാടകമാണ്‌. 

വയനാട്‌ വന്യജീവിസംരക്ഷണകേന്ദ്രത്തിനു നടുവില്‍, മൂവായിരം അടി ഉയരത്തിലാണ്‌ തിരുനെല്ലിക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. രാവിലെ പാപനാശിനിയില്‍ കുളിച്ച്‌ ക്ഷേത്രദര്‍ശനം നടത്തണമെന്ന ആഗ്രഹവും മനസില്‍വച്ചുകൊണ്ടാണ്‌ കൂട്ടത്തില്‍ പലരും ഈ യാത്രയ്‌ക്ക്‌ വന്നിരിക്കുന്നത്‌. തിരുനെല്ലി ദേവസ്വത്തിന്‍റെ കീഴിലുള്ള വിശ്രമമന്ദിരത്തിലെത്തിയപ്പോഴേക്കും സന്ധ്യകഴിഞ്ഞിരുന്നു. തണുപ്പ്‌ സിരകളെ പൊതിഞ്ഞുനില്‍പാണ്‌. 


പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള മുറികളില്‍ കുളിക്കാന്‍ ചൂടുവെള്ളം വേണമെങ്കില്‍ പുറത്തുനിന്ന്‌ എടുത്തുകൊണ്ടുവരേണ്ട അവസ്ഥ. ആധുനികതയുടേതായ ഇക്കാലത്തും നഗരവത്‌കരണത്തിന്‍റെ പരിഷ്‌കാരങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമമാണ്‌ തിരുനെല്ലി. ആമലകഗ്രാമം എന്നാണ്‌ മുമ്പ്‌ അറിയപ്പെട്ടിരുന്നത്‌. പേരിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്‌: മൈസൂറിലേക്ക്‌ തീര്‍ത്ഥാടനത്തിനുപോയ മൂന്ന്‌ മലയാളി നമ്പൂതിരിമാര്‍ വഴിതെറ്റി, വിശന്നുവലഞ്ഞുനടന്നപ്പോള്‍ കാടിനുള്ളില്‍ പുരാതനമായൊരു ക്ഷേത്രവും അതിനടുത്തത്തായി നിറയെ കായുള്ള ഒരു നെല്ലിമരവും കണ്ടു. അവര്‍ നെല്ലിക്ക തിന്ന്‌ വിശപ്പും ദാഹവും തീര്‍ത്തു. അപ്പോള്‍ ഒരശരീരിയുണ്ടായി: ഇവിടെ പരബ്രഹ്മസ്വരൂപികളായ ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ട്‌, ആകയാല്‍ ഇനി മറ്റൊരിടത്തും തീര്‍ത്ഥാടനം നടത്തേണ്ടതില്ല, ഈ സ്ഥലത്തിന്‌ തിരുനെല്ലി എന്ന്‌ പേരിടണം. അതിന്‍പ്രകാരം നമ്പൂതിരിമാര്‍ തിരുനെല്ലി എന്ന്‌ പേരിട്ടു. ക്ഷേത്രത്തിനുചുറ്റുമുള്ള കാടുകളില്‍ നെല്ലിമരങ്ങള്‍ ധാരാളമായി കാണാം. മുമ്പ്‌ ഇവിടെ പാപനാശിനിഗ്രാമം, പഞ്ചതീര്‍ത്ഥഗ്രാമം എന്ന്‌ രണ്ട്‌ ഗ്രാമങ്ങള്‍ നിലനിന്നിരുന്നുവെന്നും പകര്‍ച്ചവ്യാധിയോ പടയോട്ടമോ കാരണമാവാം അവ നശിപ്പിക്കപ്പെടുകയും ആളുകള്‍ മാനന്തവാടിക്കടുത്തുള്ള സ്ഥലങ്ങളില്‍ അഭയംതേടിയെന്നും അവരുടെ പിന്മുറക്കാര്‍ ഇപ്പോഴും മാനന്തവാടിയിലുണ്ടെന്നും പറയപ്പെടുന്നു.

ക്ഷേത്രത്തിനരികില്‍നിന്നും പഞ്ചതീര്‍ത്ഥത്തിലേക്കുള്ള പടിക്കെട്ടുകളിറങ്ങി, ഒരു ഫര്‍ലോംഗ്‌ ദൂരം കാട്ടുവഴിയിലൂടെ നടന്നാല്‍ പാപനാശിനിയിലെത്താം. ബ്രഹ്മഗിരിയില്‍നിന്നും ഉത്ഭവിച്ച്‌ കാളിന്ദിയില്‍ ചെന്നുചേരുന്ന പാപനാശിനിയെ കേരളത്തിലെ കാളിന്ദി എന്ന്‌ വിളിക്കുന്നു. ഈ നദിയില്‍ കുളിച്ചാല്‍ സകലപാപങ്ങളും കഴുകിപ്പോകുമെന്നാണ്‌ വിശ്വാസം. തിരുനെല്ലിക്ഷേത്രത്തില്‍ മഹാവിഷ്‌ണുവിന്‍റെ വിഗ്രഹം പ്രതിഷ്‌ഠിച്ചതില്‍ സന്തുഷ്‌ടനായ മഹാവിഷ്‌ണു ബ്രഹ്മാവിന്‌ നല്‍കിയ വരമാണത്രെ ഈ ദിവ്യശക്തി. ബ്രഹ്മഗിരിയിലെ ഔഷധസസ്യങ്ങളെയും വൃക്ഷങ്ങളുടെ വേരുകളെയും തഴുകിവരുന്ന പുഴവെള്ളത്തിന്‌ തീര്‍ച്ചയായും ഔഷധഗുണം ഉണ്ടായിരിക്കുമല്ലൊ. വെള്ളംകിനിയുന്ന കാട്ടുപാതയിലൂടെ നടക്കുമ്പോള്‍ അല്‍പമകലെ പാപനാശിനിയുടെ ജലമര്‍മ്മരം കേള്‍ക്കാം. മരപ്പടര്‍പ്പുകളില്‍ ചാടിമറിയുന്ന കുരങ്ങന്മാരെയും കാണാം. ഉരുളന്‍കല്ലുകള്‍ നിറഞ്ഞ കയറ്റംകയറിയാല്‍ പുഴക്കരയിലെത്താം. വാവുദിവസമല്ലത്തതിനാല്‍ കുളിക്കടവില്‍ തിരക്കൊന്നുമില്ല. അരയാള്‍പൊക്കം വെള്ളമേയുള്ളു. 

ഉള്ളംകാല്‍മുതല്‍ ഉച്ചംതലവരെ പടര്‍ന്നുകയറുന്ന തണുപ്പ്. ശ്രാദ്ധം, പിതൃബലി, പിണ്‌ഡബലി എന്നീ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ധാരാളം ആളുകള്‍ പാപനാശിനിയില്‍ വരാറുണ്ട്‌. ഇവിടെ ബലിയിട്ടാല്‍ പിതൃക്കളുടെ ആത്മാവിന്‌ മോക്ഷം ലഭിക്കുമെന്നാണ്‌ വിശ്വാസം. ഹിന്ദുമതാചാരപ്രകാരം ത്രിമൂര്‍ത്തികളായ ബ്രഹ്മവിഷ്‌ണുമഹേശ്വര സാന്നിദ്ധ്യത്തിലാണല്ലൊ ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്‌. ഇവിടെനിന്ന്‌ പാപമുക്തി നേടുന്ന ആത്മാക്കള്‍ ബ്രഹ്മഗിരിക്കപ്പുറത്തുള്ള പക്ഷിപാതാളത്തില്‍ പക്ഷികളായി പുനര്‍ജനിക്കുമെന്നാണ്‌ വിശ്വാസം.
 മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ചിതാഭസ്‌മം പാപനാശിനിയില്‍ ഒഴുക്കിയതോടുകൂടിയാണ്‌ തെക്കേയിന്ത്യയ്‌ക്കപ്പുറത്തേക്കും തിരുനെല്ലിയുടെ കീര്‍ത്തി വ്യാപിച്ചത്‌. ലങ്കയില്‍നിന്നും യദ്ധംജയിച്ചു മടങ്ങവേ ശ്രീരാമന്‍ പിതാവായ ദശരഥനുവേണ്ടി തിരുനെല്ലിയില്‍ കര്‍മ്മങ്ങള്‍ ചെയ്‌തുവെന്നും അതുമുതല്‍ക്കാണ്‌ മരണപ്പെട്ട പ്രിയപ്പെട്ടവര്‍ക്കുവേണ്ടി കര്‍മ്മങ്ങള്‍ചെയ്യാന്‍ ആളുകള്‍ ഇവിടെ വന്നുതുടങ്ങിയതെന്നുമാണ്‌ ഐതിഹ്യം. അമ്മയെ കൊല്ലേണ്ടിവന്ന പരശുരാമന്‍ പല പുണ്യനദികളിലും കൈകഴുകിയെന്നും അതിലൊന്നും പാപമുക്തി ലഭിക്കാതായപ്പോള്‍ പാപനാശിനിയില്‍ വന്ന്‌ രക്തക്കറ കഴുകി പാപമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്‌.
കുളികഴിഞ്ഞ്‌ ഞങ്ങള്‍ കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ ക്ഷേത്രത്തിലേക്ക്‌ നടന്നു. കാടിനുള്ളിലെ രണ്ടോമൂന്നോ ആദിവാസിവീടുകളല്ലാതെ, പഞ്ചതീര്‍ത്ഥംവരെ നീളുന്ന ആ കാട്ടുവഴിയില്‍ മറ്റാരെയും കണ്ടില്ല. 
പഞ്ചതീര്‍ത്ഥത്തിനു നടുവില്‍ ഒരു പാറയുണ്ട്‌; പാറയിലേക്ക്‌ നടന്നുകയറാന്‍ ഒരു ചെറിയ കരിങ്കല്‍പാലവും. ഈ പാറയില്‍ ശ്രീരാമന്‍റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ടെന്നാണ്‌ വിശ്വാസം. വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനെന്നപോലെ പാറമേലുള്ള കാല്‍പാടുകളില്‍ ആളുകള്‍ പൂവും പ്രസാദവും നിവേദിക്കുന്നു. പഞ്ചതീര്‍ത്ഥത്തിന്‌ അല്‌പമകലെയായി ഒരു ഗുഹാക്ഷേത്രമുണ്ട്‌. ഗുഹാമുഖത്തുനിന്ന്‌ അകത്തേക്കു നോക്കിയപ്പോള്‍ വല്ലാത്ത ഇരുട്ട്‌. ഒരുഭാഗത്ത്‌ കത്തുന്ന നിലവിളക്കുണ്ട്‌. ഗുഹയില്‍ ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ്‌ വിശ്വാസം.
വൃദ്ധരായവര്‍പോലും ശാരീരികക്ലേശങ്ങള്‍ മറന്ന്‌ ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുന്നു. 
ഓരോ പടിയിലും ചന്ദനംതേച്ച്‌, ശരണമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ എണ്‍പതുകഴിഞ്ഞൊരു മുത്തശ്ശി കൊച്ചുമകളുടെ കൈയുംപിടിച്ച്‌ മുമ്പേ നടക്കുന്നു. പടികളില്‍ അത്‌ നിര്‍മ്മിച്ചു സമര്‍പ്പിച്ചവരുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്‌. പടികള്‍ കയറി മുകളിലെത്തിയാല്‍ ക്ഷേത്രമായി. ക്ഷേത്രത്തിനപ്പുറത്തായി പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന ബ്രഹ്മഗിരിമലനിരകളും അങ്ങുദൂരെ മലയുടെ ഉച്ചിയിലുള്ള നിരീക്ഷണഗോപുരവും കാണാം. ക്ഷേത്രത്തിനുചുറ്റും വലിയ കരിങ്കല്‍പാളികള്‍ പാകിയിട്ടുണ്ട്‌. എത്രയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പലത്തെ വലംവയ്‌ക്കുമ്പോള്‍ പണി പാതിയില്‍ നിറുത്തിയതുപോലെ തോന്നിക്കുന്ന കുറേ കല്‍ത്തൂണുകള്‍ കണ്ടു.

 മറ്റൊരു രസകരമായ കാഴ്‌ചയാണ്‌ ക്ഷേത്രത്തിലെ പൂജയ്‌ക്ക്‌ വെള്ളം കൊണ്ടുവരുന്ന കല്‍പാത്തി. ബ്രഹ്മഗിരിയിലെ ഏതോ നീരുറവയുടെ ചുവട്ടില്‍നിന്നാണ്‌ ഈ കല്‍പാത്തിയുടെ തുടക്കം.
എന്നാണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌ എന്നതിന്‌ കൃത്യമായ രേഖകളൊന്നും ഉള്ളതായി അറിവില്ല. വ്യാസപുരാണങ്ങളില്‍ ക്ഷേത്രത്തെക്കുറിച്ച്‌ പരാമര്‍ശങ്ങളുണ്ടത്രെ. ചേരരാജാവായ ഭാസ്‌കര രവിവര്‍മ്മന്‍റെ കാലത്ത്‌ (സി.ഇ.962-1019) ഇതൊരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമായിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന്‍റെ ചരിത്രം കാസര്‍കോട്‌ ജില്ലയിലെ കുംബ്ലരാജവംശവുമായും കുറുമ്പ്രനാട്‌ രാജവംശവുമായും വയനാടിലെയും കൂര്‍ഗിലെയും രാജാക്കന്മാരുമായും ബന്ധപ്പെട്ടുകിടക്കുന്നു.
 ബ്രഹ്മാവാണ്‌ തിരുനെല്ലിക്ഷേത്രം നിര്‍മ്മിച്ച്‌ മഹാവിഷ്‌ണുവിന്‌ സമര്‍പ്പിച്ചതെന്നും ബ്രഹ്മാവിന്‍റെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ്‌ ചുറ്റുമള്ള മലകള്‍ക്ക്‌ ബ്രഹ്മഗിരി എന്ന്‌ പേരുണ്ടായതെന്നുമാണ്‌ ഐതിഹ്യം. കര്‍ണ്ണാടകത്തിന്‍റെ അതിര്‍ത്തിയില്‍ കമ്പമല, കരിമല, വരഡിഗമലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട തിരുനെല്ലിക്ഷേത്രത്തിന്‌ സഹ്യമലക്ഷേത്രം എന്നും പേരുണ്ട്‌. മുപ്പത്‌ കരിങ്കല്‍ത്തൂണുകളാല്‍ താങ്ങിനിറുത്തിയിരിക്കുന്ന ക്ഷേത്രം പരമ്പരാഗത കേരളാ-ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വാസ്‌തുവിദ്യാ വിസ്‌മയമാണ്‌. 


ചതുര്‍ഭുജാകൃതിയിലാണ്‌ ഇതിന്‍റെ നിര്‍മ്മിതി. വലിയ കരിങ്കല്‍പാളികള്‍ പാകിയതാണ്‌ ക്ഷേത്രത്തറ. പ്രധാന പ്രതിഷ്‌ഠ പരമാത്മാവായ മഹാവിഷ്‌ണുവാണ്‌. സമീപത്തുള്ള ഗുഹയില്‍ പരമശിവന്‍റെ ജ്യോതിര്‍ലിംഗപ്രതിഷ്‌ഠയുണ്ട്‌. ദക്ഷിണകാശി, ദക്ഷിണഗയ എന്നൊക്കെ അറിയപ്പെടുന്നതും ഈ ക്ഷേത്രം തന്നെ. പുത്തരി, ചുറ്റുവിളക്ക്‌, നവരാത്രി, ശിവരാത്രി, കര്‍ക്കിടകവാവുബലി എന്നിവയാണ്‌ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. കൂടാതെ, ഏപ്രില്‍മാസത്തില്‍ രണ്ടുദിവസത്തെ വാര്‍ഷികോത്സവവുമുണ്ട്‌.

Tuesday, 19 May 2020

താമരശ്ശേരിചുരവും കരിന്തണ്ടനും (യാത്ര) എസ്.സരോജം


കോഴിക്കോടുനിന്ന്‌ വയനാടിലേക്കും മൈസൂറിലേക്കും ബാംഗ്ലൂരിലേക്കുമൊക്കെ പോകാനുള്ള വഴിയാണ്‌ താമരശ്ശേരി ചുരം. ദേശീയപാത-766 (പഴയ പേര്‌ എന്‍.എച്ച്‌-212) ന്‍റെ ഭാഗമാണിത്‌. താമരശ്ശേരിക്കടുത്ത്‌, അടിവാരത്തുനിന്നും തുടങ്ങി വയനാടിന്‍റെ കവാടമായ ലക്കിടിവരെ നീളുന്ന പന്ത്രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഒമ്പത്‌ കൊടുംവളവുകളുണ്ട്‌. പാതയുടെ ഇരുവശങ്ങളിലും ഇടതൂര്‍ന്ന കാടുകളാണ്‌. ഏറ്റവും ഉയരത്തിലുള്ള വ്യൂ പോയിന്റില്‍നിന്നു നോക്കിയാല്‍ കോഴിക്കോടുനഗരത്തിന്‍റെ ആകാശക്കാഴ്‌ചയ്‌ക്ക്‌ എന്തുരസമാണെന്നോ! ചരിത്രപ്രസിദ്ധമായ താമരശ്ശേരിചുരത്തിലൂടെ മുമ്പും യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും കൂട്ടുകാരുമൊത്തുള്ള ഈ യാത്ര അതിലേറെ കൗതുകങ്ങളും ആഹ്ളാദാനുഭവങ്ങളും നിറഞ്ഞതായിരുന്നു.
ചരിത്രവും കെട്ടുകഥകളും കാനനക്കാഴ്‌ചകളും ഒത്തിണങ്ങിയ താമരശ്ശേരിചുരം സഞ്ചാരികളെ വല്ലാതെ കൊതിപ്പിക്കും. ടിപ്പുസുല്‍ത്താന്‍റെ പട്ടാളപ്പാതയായിരുന്ന ചുരം ബ്രിട്ടീഷുകാരാണ്‌ റോഡായി വികസിപ്പിച്ച്‌ വാഹനസഞ്ചാരയോഗ്യമാക്കിയത്‌. ബ്രിട്ടീഷുകാര്‍ക്ക്‌ ഈ വഴി കാണിച്ചുകൊടുത്തത്‌ 

ആദിവാസിയായ കരിന്തണ്ടനാണെന്നും വഴി കണ്ടുപിടിച്ചതിന്‍റെ ക്രെഡിറ്റ്‌ സ്വന്തമാക്കാനായി അവര്‍ കരിന്തണ്ടനെ ചതിച്ചുകൊന്നുവെന്നും പറയപ്പെടുന്നു. കരിന്തണ്ടന്‍റെ അലഞ്ഞുനടന്ന ആത്മാവിനെ ബന്ധിച്ചിരിക്കുന്നതായി പറയപ്പെടുന്ന ചങ്ങലമരവും ലക്കിടിയില്‍ കാണാം.
വയനാട്ടിലെ പണിയര്‍ വിഭാഗത്തിലെ കാരണവരായിരുന്ന കരിന്തണ്ടന്‍ 1750-നും 1799-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിലാണ്‌ ജീവിച്ചിരുന്നതെന്നും ആദിവാസികള്‍ അദ്ദേഹത്തെ താമരശ്ശേരി ചുരത്തിന്റെ പിതാവായാണ്‌ കാണുന്നതെന്നും മറ്റുമുള്ള വായ്‌മൊഴിക്കഥകള്‍ തലമുറകളായി ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്‌. ചരിത്രത്തില്‍ സ്ഥാനപ്പെടാതെപോയ കരിന്തണ്ടനെ ഓര്‍മ്മിക്കാനുള്ള ഒരേയൊരു സ്‌മാരകം ലക്കിടിയിലെ ചങ്ങലമരം മാത്രമാകുന്നു. ചുരം കയറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ ഇവിടെ വണ്ടിനിറുത്തി ചങ്ങലമരത്തെ കാണാതെ പോകാറില്ല. കരിന്തണ്ടന്‍ ചിലര്‍ക്ക്‌ മുത്തപ്പന്‍ എന്ന മലദൈവമാണ്‌. വിശ്വാസികള്‍ മരച്ചോട്ടിലുള്ള ഭണ്‌ഡാരത്തില്‍ കാണിക്കയിടുന്നതും വിളക്കുകത്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമൊക്കെ പതിവാണ്‌. തൊട്ടടുത്ത്‌ ഒരു ചെറിയ അമ്പലവുമുണ്ട്‌.

Monday, 11 May 2020

അവതാരം (കവിത) എസ്.സരോജം

















കല്ലുളികൊണ്ടു ചരിത്രമെഴുതിയ ശിലായുഗത്തിൽ നിന്നും
ശൂന്യാകാശവും കടന്നേറിയ മനുഷ്യബുദ്ധി
പ്രാണന്‍ പിടിച്ചുനിര്‍ത്തുവാനാവാതെ
പകച്ചുനില്ക്കുന്നു, കാലമേ സാക്ഷി!

കൊറോണ നീ വെറുമൊരു വൈറസല്ല
പ്രജ്ഞയറ്റ മര്‍ത്യനു
ബോധംതെളിക്കുവാനെത്തിയ
 മഹാവതാരം.

പണവും പദവിയും അധികാരഗർവങ്ങളും 
കണിക, രാസ, ജൈവായുധങ്ങളും
കേവലം, നിഷ്പ്രഭം നിന്‍റെ മുന്നിൽ.

എത്രയോ മഹാമാരികൾ 
മുന്പുമീ ഭൂമിയിൽ
തകര്‍ത്തെറിഞ്ഞജയ്യരായ് വാണ 
മർത്യകുലങ്ങളെ.

പിന്നെയും  തളിരിട്ടു പാരാകെപടർന്ന മാനവര്‍
പണിതുയർത്തിയതാണീയാഗോളസംസ്കൃതി.

ഇന്നു നീയവതാരമെടുത്തതെന്തിനോ, 
ദുരമൂത്ത മാനവര്‍ മലീമസമാക്കിയ 
ഭൂമിയാകാശങ്ങളെ വിമലീകരിച്ച്, 
ജാതിമതചിന്തതൻ വേരറുത്ത്,
വര്‍ണ്ണവെറിതീര്‍ത്ത്, പുത്തനാമൊരു
ലോകധര്‍മ്മം സ്ഥാപിക്കുവാനോ?

Thursday, 7 May 2020

ഇടക്കല്‍ ഗുഹയിലേക്കൊരു സാഹസയാത്ര (എസ്.സരോജം)


കാപ്പിച്ചെടികള്‍ മണംപരത്തുന്ന കാട്ടുവഴിയിലൂടെ, വനപ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിച്ചുകൊണ്ട്‌ ചരിത്രാതീതകാലത്തേക്കൊരു യാത്രപോകാം, വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍നിന്നും പതിനാലു കിലോമീറ്റര്‍ അകലെയുള്ള ഇടക്കല്‍ ഗുഹയിലേക്ക്‌. എന്താ രസമല്ലേ? 

സഞ്ചാരികള്‍ക്ക്‌ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ മലകയറ്റം തുടങ്ങുന്ന വഴിയരികത്തുതന്നെ വനപാലകരുടെ കാവല്‍നിലയമുണ്ട്‌. പാതയോരത്തും മരച്ചില്ലകളിലും യാത്രക്കാരെ വരവേല്‍ക്കുന്ന വികൃതിക്കുരങ്ങന്മാരുണ്ട്‌. ശ്രദ്ധിക്കണേ, തിന്നാനുള്ള എന്തെങ്കിലും കൈയിലെടുത്താല്‍ തട്ടിപ്പറിച്ചുകൊണ്ടോടാന്‍ തക്കംപാര്‍ത്തിരിപ്പാണവര്‍. 

വഴിയുടെ ഇരുവശങ്ങളിലും നിരന്നിരിക്കുന്ന സ്റ്റാളുകളില്‍ വില്‍പനയ്‌ക്കുവച്ചിരിക്കുന്ന വനവിഭവങ്ങളും ആദിവാസിത്തനിമയുള്ള കരകൗശലനിര്‍മ്മിതികളും കാട്ടുവിഭവങ്ങള്‍ കൊണ്ടുണ്ടാക്കുന്ന രുചികരമായ ഭക്ഷണപാനീയങ്ങളും സഞ്ചാരികളെ വല്ലാതെ കൊതിപ്പിക്കും.
ഗുഹകളിലേക്ക്‌ പ്രവേശിക്കണമെങ്കില്‍ ടിക്കറ്റെടുക്കണം. ഒരു കിലോമീറ്ററോളം നടക്കണം ടിക്കറ്റ്‌ കൗണ്ടറിലെത്താന്‍. അതുകഴിഞ്ഞാല്‍ പിന്നങ്ങോട്ട്‌ കുത്തനെയുള്ള കയറ്റമാണ്‌. കരിങ്കല്ലില്‍ തീര്‍ത്ത പടവുകള്‍ ചവിട്ടിയും കാട്ടുമരങ്ങളുടെ വേരുകളില്‍ അള്ളിപ്പിടിച്ചും നാലായിരത്തോളം അടി ഉയരത്തിലുള്ള ഗുഹവരെ കയറിപ്പറ്റുക അത്ര എളുപ്പമല്ല. എല്ലാവരും മലകയറാന്‍ തയാറല്ലേ? ഉത്സാഹത്തിന്‍റെ ആള്‍രൂപംപോലെ പ്രിയപ്പെട്ട ജെ.പി. മുന്നിലുണ്ട്‌. ആരെയും ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന്‌ അദ്ദേഹം തീര്‍ത്തുപറഞ്ഞു. കൂട്ടത്തിലുള്ള പ്രായമായവരെയും കുട്ടികളെയും കൈപിടിച്ചുകയറ്റാന്‍ കെല്‍പുള്ളവര്‍ കൂടെയുണ്ടല്ലൊ. അങ്ങനെ ഞങ്ങള്‍ പലപ്രായക്കാര്‍ ഒത്തൊരുമിച്ച്‌ മല കയറാന്‍തുടങ്ങി.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അമ്പുകുത്തിമലയുടെ പടിഞ്ഞാറേ ചരിവിലാണ്‌ പ്രകൃതിനിര്‍മ്മിതമായ ഇടക്കല്‍ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്‌. മൂന്നുഗുഹകളാണിവിടെയുള്ളത്‌. 

ആദ്യത്തേത്‌ ചെറുതാണ്‌. 
രണ്ടാമത്തേത്‌ സാമാന്യം വിശാലമാണ്‌. ഇതിനുള്ളില്‍ കിടക്കാനുപയോഗിച്ചിരുന്നതാവാം, അരയോളം ഉയരത്തില്‍ രണ്ടു വലിയ കല്‌പലകകള്‍ കാണാം. 

ആവേശഭരിതരായ ചെറുപ്പക്കാര്‍ അതിന്മേല്‍ കയറിനിന്ന്‌ മുകളിലുള്ള വിടവിലൂടെ ആകാശത്തേക്കുനോക്കി ആര്‍ത്തുകൂവി. ഞങ്ങള്‍ തണുപ്പുള്ള കല്‍പലകകള്‍ക്കുമേല്‍ ഇരുന്നും കിടന്നും വിശ്രമിച്ചു. ധാരാളം ചിത്രങ്ങളുമെടുത്തു.

മുകളിലത്തെ ഗുഹയാണ്‌ ഏറ്റവും വലുത്‌. രണ്ട്‌ കൂറ്റന്‍ പാറകള്‍ക്കിടയിലുള്ള വിടവിലേക്ക്‌ വലിയൊരു കല്ല്‌ വീണിരിക്കുന്നതിനാലാണ്‌ ഇതിന്‌ ഇടക്കല്‍ ഗുഹ എന്ന പേരുണ്ടായത്‌. ഏതോ കാലത്തുണ്ടായ ഭൂചലനം നിമിത്തമാകാം മലമുകളില്‍ നിന്നൊരു പാറ അടര്‍ന്ന്‌ രണ്ടുവലിയ പാറകള്‍ക്കിടയില്‍ കൊരുത്തുവച്ച മേല്‍ത്തട്ടു പോലെ പതിച്ചതും ഗുഹ രൂപപ്പെട്ടതും. 
പ്രകൃതിജന്യമായ ഈ ഗുഹയ്‌ക്ക്‌ മുപ്പതടി ഉയരവും തൊണ്ണൂറ്റെട്ടടി നീളവും ഇരുപത്തിരണ്ടടി വീതിയുമുണ്ട്‌. ഗുഹയുമായി ബന്ധപ്പെട്ട്‌ നിരവധി വിശ്വാസങ്ങളും കെട്ടുകഥകളും പ്രചാരത്തിലുണ്ട്‌. 
ശ്രീരാമന്‍റെ അമ്പേറ്റാണ്‌ പാറയില്‍ വിള്ളലുണ്ടായതെന്നാണ്‌ പ്രബലമായ വിശ്വാസം. അങ്ങനെയാണ്‌ അമ്പുകുത്തിമല എന്ന പേരുണ്ടായത്‌.
ഇടക്കല്‍ ഗുഹകള്‍ രൂപംകൊണ്ടത്‌ എന്നാണെന്നതിനെക്കുറിച്ച്‌ ശരിയായ നിഗമനത്തിലെത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നവീനശിലായുഗത്തില്‍, അതായത്‌ ബി.സി.6000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇവിടെ ജീവിച്ചിരുന്ന മനുഷ്യര്‍ ആശയവിനിമയത്തിന്‌ ഉപയോഗിച്ചിരുന്ന ചിത്രഭാഷ - ആയുധങ്ങളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ ചിത്രങ്ങളും ചക്രങ്ങളും ജാമിതീയരൂപങ്ങളും കലാവിരുതുകളും ചരിത്രക്കുറിപ്പുകളും ഗുഹയ്‌ക്കുള്ളിലെ പാറച്ചുവരുകളില്‍ വരകളായും ചിത്രങ്ങളായും കല്ലുളികൊണ്ട്‌ കൊത്തിവച്ചിരിക്കുന്നു. 

ശിലായുഗത്തില്‍ സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന ഒരു ജനത കേരളത്തില്‍ ജീവിച്ചിരുന്നു എന്നതിന്‍റെ തെളിവുകളാണ്‌ ഈ ലിഖിതങ്ങള്‍. 

കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച്‌ ഏറ്റവും പഴക്കമുള്ള ഈ ശിലാലിഖിതങ്ങള്‍ പുരാവസ്‌തുഗവേഷകര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിലപ്പെട്ടൊരു നിധിയാണ്‌. 


കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തിന്‍റെ ചരിത്രമാണ്‌ ഈ ശിലാലിഖിതങ്ങളെന്നാണ്‌ ചരിത്രഗവേഷകരുടെ അഭിപ്രായം.
ഇവകൂടാതെ, രണ്ടായിരത്തിയഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള രണ്ടുലിപികള്‍ - തമിള്‍ ബ്രാഹ്മി ലിപികളും പ്രാകൃതസംസ്‌കൃതലിപികളും


 നിരവധി വിഗ്രഹങ്ങളും ഇവിടെയുണ്ട്‌. ശിലായുഗത്തിനുശേഷവും പലകാലഘട്ടങ്ങളില്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നതായി ഇതില്‍നിന്നും അനുമാനിക്കാം. പഴയ കേരളത്തിലെ, മലബാര്‍ ജില്ലയിലെ പോലീസ്‌ സൂപ്രണ്ടായിരുന്ന ഫ്രെഡ്‌ ഫോസെറ്റ്‌ എന്ന ബ്രിട്ടീഷുകാരനാണ്‌ നായാട്ടിനിടയില്‍, യാദൃശ്ചികമായി ഈ ഗുഹകള്‍ കണ്ടെത്തിയതും അവയെ ലോകശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നതും. ചരിത്രരചനയില്‍ വഴിത്തിരിവായിമാറിയ ഈ കണ്ടെത്തല്‍ 1894-ലായിരുന്നു. ആദിവാസികളായ മുള്ളുക്കുറുമരുടെയും പണിയരുടെയും സഹായത്തോടെ കാടുവെട്ടിത്തെളിച്ച്‌ അദ്ദേഹം നിരവധിതവണ ഗുഹകളിലെത്തി പഠനം നടത്തുകയുണ്ടായി. 1901-ല്‍ ഇന്ത്യന്‍ ആന്റിക്വറി ജേണലില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച സചിത്രലേഖനത്തിലൂടെയാണ്‌ ഇടക്കല്‍ ഗുഹകളെക്കുറിച്ച്‌ ആദ്യമായി പുറംലോകമറിഞ്ഞത്‌. ഫോസെറ്റിനെ തുടര്‍ന്ന്‌ ആര്‍.സി.ടെമ്പിള്‍, ബ്രൂസ്‌ ഫൂട്ട്‌, ഡോ.ഷൂള്‍റ്റ്‌സ്‌ തുടങ്ങിയവര്‍ ഇടക്കലിനെക്കുറിച്ചും സമീപപ്രദേശങ്ങളിലെ പുരാതന സംസ്‌കൃതിയെപ്പറ്റിയും പഠനങ്ങള്‍ നടത്തുകയുണ്ടായി
കേരളത്തിലെ അതിപ്രാചീന മനുഷ്യരിലേക്കും അവരുടെ ജീവിതശൈലിയിലേക്കും സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കുമൊക്കെ വെളിച്ചംവീശുന്ന മഹത്തായൊരു കണ്ടെത്തലാണ്‌ വയനാടുജില്ലയിലെ മാനന്തവാടിയില്‍ നെന്മേനി ഗ്രാമത്തിലുള്ള ഇടക്കല്‍ ഗുഹകള്‍. അന്നത്തെ ഗോത്രജീവിതവും അധികാരഘടനയും സൂചിപ്പിക്കുന്ന ശിലാലിഖിതങ്ങള്‍ ഗുഹയിലെ ശിലാപാളികളില്‍ ഇന്നും തെളിഞ്ഞുകാണാം, കേരളീയസമൂഹം ആധുനികതയിലേക്ക്‌ നടന്നുകയറിയ ആദിമമായ ചരിത്രവഴികളെന്നപോലെ,
ഇടക്കല്‍ഗുഹ ഇന്ന്‌ ദേശീയരും വിദേശീയരുമായ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമായി വളര്‍ന്നിരിക്കുന്നു. സഞ്ചാരികള്‍ക്കും ചരിത്രഗവേഷകര്‍ക്കും മാത്രമല്ല, സാധാരണക്കാര്‍ക്കും കേരളത്തിന്‍റെ ഈ പൈതൃകക്കാഴ്‌ച അതിശയകരമായ ഒരനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. മലമുകളിലേക്കുള്ള കയറ്റം വിഷമംപിടിച്ചതാകയാല്‍ അവിടവിടെയായി കല്‍പടവുകളും ഇരുമ്പുപടിക്കെട്ടുകളും കൈവരികളും നിര്‍മ്മിച്ചിരിക്കുന്നു.

 അമ്പുകുത്തിമലയുടെ മുകളില്‍നിന്നു നോക്കുമ്പോള്‍, സമീപത്തെ മലകളില്‍ ഖനനം നടക്കുന്നതിന്‍റെ ദൂരക്കാഴ്‌ചകള്‍! ധനമോഹികള്‍ തുരന്നുതുരന്ന്‌, മഹത്തായ ശിലായുഗചരിത്രം പേറിനില്‍ക്കുന്ന അമ്പുകുത്തിമലയ്‌ക്ക്‌ തകരാറൊന്നും സംഭവിക്കല്ലെ എന്ന്‌ ഹൃദയപൂര്‍വം ആഗ്രഹിച്ചുകൊണ്ട്‌ ഞങ്ങള്‍ മലയിറങ്ങി.