Tuesday, 19 May 2020

താമരശ്ശേരിചുരവും കരിന്തണ്ടനും (യാത്ര) എസ്.സരോജം


കോഴിക്കോടുനിന്ന്‌ വയനാടിലേക്കും മൈസൂറിലേക്കും ബാംഗ്ലൂരിലേക്കുമൊക്കെ പോകാനുള്ള വഴിയാണ്‌ താമരശ്ശേരി ചുരം. ദേശീയപാത-766 (പഴയ പേര്‌ എന്‍.എച്ച്‌-212) ന്‍റെ ഭാഗമാണിത്‌. താമരശ്ശേരിക്കടുത്ത്‌, അടിവാരത്തുനിന്നും തുടങ്ങി വയനാടിന്‍റെ കവാടമായ ലക്കിടിവരെ നീളുന്ന പന്ത്രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഒമ്പത്‌ കൊടുംവളവുകളുണ്ട്‌. പാതയുടെ ഇരുവശങ്ങളിലും ഇടതൂര്‍ന്ന കാടുകളാണ്‌. ഏറ്റവും ഉയരത്തിലുള്ള വ്യൂ പോയിന്റില്‍നിന്നു നോക്കിയാല്‍ കോഴിക്കോടുനഗരത്തിന്‍റെ ആകാശക്കാഴ്‌ചയ്‌ക്ക്‌ എന്തുരസമാണെന്നോ! ചരിത്രപ്രസിദ്ധമായ താമരശ്ശേരിചുരത്തിലൂടെ മുമ്പും യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും കൂട്ടുകാരുമൊത്തുള്ള ഈ യാത്ര അതിലേറെ കൗതുകങ്ങളും ആഹ്ളാദാനുഭവങ്ങളും നിറഞ്ഞതായിരുന്നു.
ചരിത്രവും കെട്ടുകഥകളും കാനനക്കാഴ്‌ചകളും ഒത്തിണങ്ങിയ താമരശ്ശേരിചുരം സഞ്ചാരികളെ വല്ലാതെ കൊതിപ്പിക്കും. ടിപ്പുസുല്‍ത്താന്‍റെ പട്ടാളപ്പാതയായിരുന്ന ചുരം ബ്രിട്ടീഷുകാരാണ്‌ റോഡായി വികസിപ്പിച്ച്‌ വാഹനസഞ്ചാരയോഗ്യമാക്കിയത്‌. ബ്രിട്ടീഷുകാര്‍ക്ക്‌ ഈ വഴി കാണിച്ചുകൊടുത്തത്‌ 

ആദിവാസിയായ കരിന്തണ്ടനാണെന്നും വഴി കണ്ടുപിടിച്ചതിന്‍റെ ക്രെഡിറ്റ്‌ സ്വന്തമാക്കാനായി അവര്‍ കരിന്തണ്ടനെ ചതിച്ചുകൊന്നുവെന്നും പറയപ്പെടുന്നു. കരിന്തണ്ടന്‍റെ അലഞ്ഞുനടന്ന ആത്മാവിനെ ബന്ധിച്ചിരിക്കുന്നതായി പറയപ്പെടുന്ന ചങ്ങലമരവും ലക്കിടിയില്‍ കാണാം.
വയനാട്ടിലെ പണിയര്‍ വിഭാഗത്തിലെ കാരണവരായിരുന്ന കരിന്തണ്ടന്‍ 1750-നും 1799-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിലാണ്‌ ജീവിച്ചിരുന്നതെന്നും ആദിവാസികള്‍ അദ്ദേഹത്തെ താമരശ്ശേരി ചുരത്തിന്റെ പിതാവായാണ്‌ കാണുന്നതെന്നും മറ്റുമുള്ള വായ്‌മൊഴിക്കഥകള്‍ തലമുറകളായി ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്‌. ചരിത്രത്തില്‍ സ്ഥാനപ്പെടാതെപോയ കരിന്തണ്ടനെ ഓര്‍മ്മിക്കാനുള്ള ഒരേയൊരു സ്‌മാരകം ലക്കിടിയിലെ ചങ്ങലമരം മാത്രമാകുന്നു. ചുരം കയറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ ഇവിടെ വണ്ടിനിറുത്തി ചങ്ങലമരത്തെ കാണാതെ പോകാറില്ല. കരിന്തണ്ടന്‍ ചിലര്‍ക്ക്‌ മുത്തപ്പന്‍ എന്ന മലദൈവമാണ്‌. വിശ്വാസികള്‍ മരച്ചോട്ടിലുള്ള ഭണ്‌ഡാരത്തില്‍ കാണിക്കയിടുന്നതും വിളക്കുകത്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമൊക്കെ പതിവാണ്‌. തൊട്ടടുത്ത്‌ ഒരു ചെറിയ അമ്പലവുമുണ്ട്‌.

No comments:

Post a Comment