Thursday, 2 July 2020

കാവേരി നിസര്‍ഗധാമ (യാത്ര) എസ്.സരോജം


      തീരം കവിഞ്ഞൊഴുകുന്ന കാവേരി നദി നിര്‍മ്മിച്ചിട്ടുള്ള നിരവധി തുരുത്തുകളിലൊന്നാണ്‌ നിസര്‍ഗധാമ. ആളുകള്‍ ഇതിനെ ദ്വീപ്‌ എന്നാണ്‌ പറയുന്നത്‌. പേരുപോലെതന്നെ കാവ്യാത്മകമാണ്‌ ഇവിടത്തെ ജൈവക്കാഴ്‌ചകളും. തൊണ്ണൂറുമീറ്റര്‍ നീളമുള്ള ഒരു തൂക്കുപാലത്തിലൂടെയാണ്‌ ദ്വീപിലേക്ക്‌ പ്രവേശിക്കുന്നത്‌. കര്‍ണ്ണാടക വനംവകുപ്പാണ്‌ മുളങ്കാടുകളും ചോലമരങ്ങളും നിറഞ്ഞ ഈ തുരുത്ത്‌ പരിപാലിക്കുന്നത്‌. അറുപത്തിനാല്‌ ഹെക്‌ടറാണ്‌ ഇതിന്‍റെ വിസ്‌തൃതി. കുശാല്‍നഗറില്‍നിന്ന്‌ മൂന്നുകിലോമീറ്റര്‍ ദൂരം.

കര്‍ണ്ണാടകയിലുള്ളവര്‍ കാവേരിനദിയെ ദേവിയായി പ്രതിഷ്‌ഠിച്ച്‌ ആരാധിച്ചുപോരുന്നു. കാവേരിയമ്മയുടെ പ്രതിഷ്‌ഠയ്‌ക്കുമുന്നില്‍ വണങ്ങാതെ അവരാരും ദ്വീപിലേക്ക്‌ പ്രവേശിക്കാറില്ല. 1989-ല്‍ കാവേരിക്കുകുറുകെ തൂക്കുപാലം കെട്ടി, 

മുളങ്കാട്‌ വൃത്തിയാക്കി, അലങ്കാരപ്പണികള്‍ചെയ്‌ത്‌ മോടിപിടിപ്പിച്ചതോടെ ഇവിടേക്ക്‌ വിനോദസഞ്ചാരികളുടെ ഒഴുക്കായി. ആദ്യത്തെ തൂക്കുപാലത്തിന്‌ തകരാറുപറ്റിയെങ്കിലും അത്‌ പൊളിച്ചുമാറ്റിയിട്ടില്ല. പകരം കുറേക്കൂടി ആളുകള്‍ക്ക്‌ സഞ്ചരിക്കാവുന്നവിധത്തില്‍ വലിയൊരു തൂക്കുപാലം പണിയുകയാണുണ്ടായത്‌. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പ്രവേശനസമയം. മുന്നിലെ കവാടം കടന്ന്‌ തൂക്കുപാലത്തിലൂടെ അകത്തേക്ക്‌ പ്രവേശിച്ചാല്‍ മുളങ്കാടുകള്‍ക്കിടയിലൂടെ നീളുന്ന വഴിക്കിരുവശവും കമനീയങ്ങളായ കാഴ്‌ചകളാണ്‌. എല്ലാം സന്ദര്‍ശകര്‍ക്ക്‌ കണ്ടറിയാനും ആസ്വദിക്കാനും സൗകര്യപ്രദമായ രീതിയിലാണ്‌ വഴികള്‍ ക്രമീകരിച്ചിരിക്കുന്നത്‌.
മുളങ്കാടിനരികെ കുടിലുകളും മരങ്ങളില്‍ ഏറുമാടങ്ങളും കെട്ടി, വിശാലമായ ഉദ്യാനത്തില്‍ അവിടവിടെയായി പ്രകൃതിസൗഹൃദ ഇരിപ്പിടങ്ങളൊരുക്കി, കുട്ടികള്‍ക്ക്‌ കളിച്ചുരസിക്കാനുള്ള ഉപാധികളൊരുക്കി, വലിയൊരു പാര്‍ക്കിന്‍റെ മാതൃകയിലാണ്‌ നിസര്‍ഗധാമ അണിയിച്ചൊരുക്കിയിരിക്കുന്നത്‌. കൊടവനാടിന്‍റെ സമ്പന്നമായ പൈതൃകവും ഗ്രാമീണജീവിതവുമെല്ലാം ജീവന്‍തുടിക്കുന്ന കളിമണ്‍ ശില്‍പങ്ങളായി പാര്‍ക്കിന്‍റെ പലഭാഗത്തും കാണാം.

 കൊടവര്‍ എന്ന തദ്ദേശീയ ജനവിഭാഗത്തിന്‍റെ പരമ്പരാഗതവേഷമായ വര്‍ണ്ണത്തലപ്പാവും അരപ്പട്ടയുമണിഞ്ഞ്‌ നൃത്തംചെയ്യുന്ന പുരുഷന്മാരുടെ ശില്‍പങ്ങള്‍ ഒരിടത്ത്‌. മറ്റൊരിടത്ത്‌ നൃത്തംചെയ്യുന്ന സ്‌ത്രീകളുടെ ശില്‍പങ്ങള്‍. വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വ്യത്യസ്‌തരായ കൂര്‍ഗ്‌ ജനതയുടെ വിവിധങ്ങളായ ജീവിതദൃശ്യങ്ങള്‍ വരുംതലമുറയ്‌ക്ക്‌ കണ്ടറിയാന്‍ ഉതകുന്ന വിധത്തില്‍ ഇവിടെ ശില്‍പവത്‌കരിച്ചിരിക്കുന്നു. 

മനുഷ്യരുടെ അതേ ഉയരത്തിലും ഭാവത്തിലുമുള്ള ശില്‍പങ്ങള്‍ ദൂരക്കാഴ്‌ചയ്‌ക്ക്‌ ജീവനുള്ള മനുഷ്യരാണെന്നേ തോന്നുകയുള്ളു. കൊടവനാട്ടിലെ സ്‌ത്രീകള്‍ അസാധാരണമായ സൗന്ദര്യത്തിന്‍റെ ഉടമകളാണ്‌. ആ സൗന്ദര്യം ശില്‍പങ്ങളിലും കാണാം.
മരക്കുറ്റിമേല്‍ വളര്‍ന്നിരിക്കുന്ന വലിയ മണ്‍പുറ്റുകള്‍ക്കുമുണ്ടൊരു ശില്‍പസൗന്ദര്യം. വനത്തിന്‍റെ അങ്ങേയറ്റത്തുള്ള വിശാലമായ ഡിയര്‍പാര്‍ക്കില്‍ നൂറിലേറെ മാനുകളുണ്ട്‌. ആളുകളുടെ അരികിലേക്ക്‌ സൗഹൃദപൂര്‍വം വന്നുനില്‍ക്കുന്ന മാനുകള്‍ക്ക്‌ തിന്നാനെന്തെങ്കിലും കൊടുക്കാതെ പോരാന്‍ കുട്ടികള്‍ക്കാവില്ലല്ലൊ.

സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കായി ആനസവാരി, റോപ്‌ വേ തുടങ്ങിയ സാഹസികവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്‌. കാവേരിയിലൂടെയുള്ള ബോട്ടുയാത്രയാണ്‌ മറ്റൊരു രസാനുഭവം. മഴക്കാലത്ത്‌ കരകവിഞ്ഞൊഴുകുന്ന നദി വേനല്‍ക്കാലത്ത്‌ ഒഴുക്കുകുറഞ്ഞ,്‌ കാട്ടുചോലകള്‍ക്കിടയിലെ തടാകങ്ങള്‍പോലെയാവും. അപ്പോള്‍ തീരങ്ങളില്‍ ദേശാടനക്കിളികള്‍ വിരുന്നിനെത്തും. കത്തുന്ന വേനലിലും കുളിരുള്ള മഴയിലും മഞ്ഞിലും വിവിധഭാവങ്ങള്‍ ചൂടിനില്‍ക്കുന്ന പ്രകൃതിയെ തൊട്ടറിയാന്‍ നിസര്‍ഗധാമ പ്രകൃതിസ്‌നേഹികളെ ക്ഷണിക്കുന്നു. ഇവിടെയെത്തുന്ന സന്ദര്‍ശകരില്‍ ഏറിയപങ്കും തദ്ദേശീയരാണ്‌. ഇതൊരു പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര മേഖലയായതിനാല്‍ പ്ലാസ്റ്റിക്‌ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 

മരങ്ങളുടെ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏറുമാടങ്ങളില്‍ താമസിക്കണമെങ്കില്‍ മുന്‍കൂട്ടി ലഭ്യത ഉറപ്പാക്കേണ്ടതാണ്‌.

No comments:

Post a Comment