ഇടവഴിക്കിരുവശവുമുള്ള പുല്‍ത്തുമ്പുകളില്‍
തിളങ്ങിനില്‍ക്കുന്ന മഞ്ഞിന്‍തുള്ളികള്‍
വിരല്‍ത്തുമ്പില്‍ തൊട്ടെടുത്ത്
ഇമപൂട്ടിയ കണ്ണുകളില്‍ വയ്ക്കുമ്പോള്‍
എന്തൊരു തണുപ്പാണെന്നോ!
പോരെങ്കില്‍, മഷിയിട്ട മിഴി തുറന്ന്
ഇടത്തേക്ക് നീട്ടിവലിച്ചൊരെഴുത്ത്;
തണുപ്പ് ആ നിമിഷം കണ്ണില്‍ നിന്ന്
കരളിലേക്കിറങ്ങിവരും.
പിന്നെ, വിരലുകളൊന്നാകെ
പുല്‍വേരുകളില്‍ ഊറിക്കിനിഞ്ഞ
തുഷാര മണികളില്‍ മുക്കി
കൂട്ടുകാരുടെ കണ്ണുകള്‍
പിന്നില്‍നിന്ന് പൊത്തണം.
കുപ്പിവളച്ചിരിയില്‍ അലിഞ്ഞമരുന്ന
കുളിരിന്‍റെ സുഖമറിയാന്‍
വീണ്ടുമൊരു കുട്ടിയാവണം.
കണ്ണാടി പോലെ തിളങ്ങുന്ന
നനുത്ത പുല്ത്തുമ്പുകളില്‍
അസ്തമിക്കാത്ത ഗ്രാമജീവിതത്തിന്‍റെ
കണ്ടുതീരാത്ത സ്വപ്‌നങ്ങള്‍
പ്രതിബിംബിക്കുന്നതു കാണണം.
No comments:
Post a Comment