സീക്കിന്‍റെ ഊര്‍ജ്ജസ്വലരായ സാരഥികള്‍ ഇടയ്‌ക്കിടെ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചവരും യാത്രകള്‍ ഇഷ്‌ടപ്പെടുന്നവരുമായ ഒരുപിടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉണര്‍വ്വിന്‍റെയും ഉല്ലാസത്തിന്‍റെയും അപൂര്‍വ്വദിനങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഇരുപത്തൊന്നു മുതല്‍ ഇരുപത്തഞ്ചു വരെയുള്ള അഞ്ചുദിവസങ്ങള്‍ കുട്ടികളും പേരക്കുട്ടികളുമൊത്ത് പ്രകൃതിയുടെ സ്വച്ഛസൗന്ദര്യങ്ങളിലൂടെ ഹൃദയപൂര്‍വ്വം ആര്‍ത്തുല്ലസിച്ചുനടക്കുകയായിരുന്നു ഞങ്ങള്‍ കുറേ അപ്പുപ്പന്മാരും അമ്മുമ്മമാരും. ഒന്നരവയസ്സുകാരന്‍ അലന്‍ റോബിന്‍ മുതല്‍ എഴുപതുവയസ്സുകാരന്‍ ...... വരെ ഉണ്ടായിരുന്നു ഇരുപത്തിയൊമ്പതുപേരടങ്ങിയ യാത്രാസംഘത്തില്‍.
കന്യാകുമാരിമുതല്‍ കൈലാസംവരെ സാഹസ സഞ്ചാരം നടത്തി ധാരാളം അനുഭവസമ്പത്തുള്ള പ്രിയപ്പെട്ട ജെ.പി. ചന്ദ്രകുമാര്‍ ആയിരുന്നു ടീം ക്യാപ്‌റ്റന്‍. ഞായറാഴ്‌ച രാവിലെ ആറുമണിക്ക് സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് സണ്ണി ഡേ ട്രാവല്‍സിന്‍റെ ലക്ഷ്വറി കോച്ചില്‍ യാത്ര ആരംഭിക്കുകയായി. പ്രകൃതിയുടെ തനിമയും സൗന്ദര്യവും കണ്ണുകളില്‍ കോരിനിറച്ചുകൊണ്ട് പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ഒരു വ്യത്യസ്‌ത സഞ്ചാരമായിരുന്നു ഇത്തവണ.
അതിരപ്പള്ളിക്ക് പോകുംവഴി തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍മൂഴിയില്‍ ചാലക്കുടിപ്പുഴയ്‌ക്കു സമീപമുള്ള ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു. പലജാതി പൂക്കളും പൂമ്പാറ്റകളും കണ്ണിന് വിരുന്നൊരുക്കി കാത്തുനില്‍ക്കുകയാണവിടെ. പൂന്തേന്‍ നുകര്‍ന്നും പാറിപ്പറന്നും ഉല്ലസിക്കുന്ന പൂമ്പാറ്റകളുടെ പിന്നാലേ കട്ടികള്‍ ഉത്സാഹത്തോടെ ഓടിനടന്നു. പാര്‍ക്കിനപ്പുറം അതാ ഒരു തൂക്കുപാലം! ഒന്നു കയറിനോക്കൂ, തൂക്കുപാലമല്ലേ ചെറിയ ആട്ടമുണ്ടാവും. പേടി തോന്നുന്നുണ്ടോ? എങ്കില്‍ താഴേക്കുനോക്കാതെ നടന്നോളൂ. പാലം കടന്നാല്‍ എറണാകുളം ജില്ലയിലേക്കാവും കാലുകുത്തുക.
ചാലക്കുടിപ്പുഴയ്‌ക്കു കുറുകെ 141 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമുള്ള തൈക്കൂട്ടംകടവ് തൂക്കുപാലത്തിന്‍റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് കേരളസര്‍ക്കാര്‍ സ്ഥാപനമായ ഇലക്‌ട്രിക്കല്‍ അലൈഡ് ആന്റ് എന്‍ജിനിയറിംഗ് കമ്പനിയാണ്. കാല്‍നടക്കാര്‍ക്കുവേണ്ടി മാത്രമുള്ളതാകയാല്‍ പാലത്തിലൂടെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ഒരേസമയം മുപ്പതിലധികംപേര്‍ സഞ്ചരിക്കാനും പാടില്ല.
ഉച്ചഭക്ഷണത്തിനുശേഷം അതിരപ്പള്ളി വെള്ളച്ചാട്ടം കാണാന്‍ പോയി. `രാവണ്‍' സിനിമയിലെ അതിമനോഹരമായ വെള്ളച്ചാട്ടമായിരുന്നു മനസ്സില്‍. ജലവൈദ്യുതപദ്ധതിയുടെ പേരില്‍ കൂടെക്കൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ആതിരപ്പള്ളിയുടെ നഗ്നസൗന്ദര്യം ആരെയും മോഹിപ്പിക്കുന്നത് തന്നെ. മദ്ധ്യവേനലവധി അവസാനിക്കാറായതുകൊണ്ടാവാം സഞ്ചാരികളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. അധികവും തമിഴ്‌നാട്ടുകാരും മലയാളികളും. വാഹനത്തില്‍നിന്നിറങ്ങി വനനടുവിലെ വഴിയിലൂടെ കുറേ നടക്കാനുണ്ട്.
വഴിയോരത്തെ മുളവേലിയിലും മരക്കൊമ്പുകളിലും പാറപ്പുറത്തുമൊക്കെ ആതിഥേയരെപ്പോലെ നിരന്നിരിക്കുന്ന വാനരന്മാരെ കൗതുകപൂര്‍വ്വം വീക്ഷിച്ചുകൊണ്ട് തിരക്കിലൂടെ ഒഴുകിയൊഴുകി വെള്ളച്ചാട്ടത്തിനരികെയെത്തി.
ഒഴുക്കില്ലാത്ത വെള്ളത്തില്‍ കുളിക്കാന്‍ തിരക്കുകൂട്ടുന്ന സഞ്ചാരികളുടെ സമുദ്രം പോലെ പാറപ്പരപ്പ്. ഇരുപത്തിനാലുമീറ്റര്‍ ഉയരത്തില്‍നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് മഴക്കാലത്തെയത്ര സമൃദ്ധിയില്ല.
പക്ഷേ, ചുറ്റുമുള്ള വൃക്ഷനിബിഡമായ ഹരിതസമൃദ്ധി വേനല്‍മനസ്സുകളില്‍പ്പോലും കുളിരുനിറയ്‌ക്കും. മടങ്ങുമ്പോള്‍ മനസ്സു മന്ത്രിച്ചു, മഴക്കാലത്ത് വീണ്ടും വരണം; അതിരപ്പള്ളിയുടെ നിറയൗവ്വനം ആസ്വദിക്കാന്‍.
സ്‌നോ സ്റ്റോം പാര്‍ക്ക് എന്നപേരില്‍ അടുത്തകാലത്തു തുടങ്ങിയ കൃത്രിമമായൊരു മഞ്ഞുലോകമുണ്ട് അതിരപ്പള്ളിയില്‍. രാത്രി ഏഴുമണിക്കാണ് അവിടെ ഷോ തുടങ്ങുന്നത്. മഞ്ഞില്‍ നടന്നും കിടന്നുരുണ്ടും മഞ്ഞുപരലുകള്‍ വാരി എറിഞ്ഞുകളിച്ചും ചടുലസംഗീതത്തിന്‍റെ താളപ്പെരുമയ്‌ക്കനുസരിച്ച് നൃത്തം ചെയ്‌തും കുട്ടികളും ചെറുപ്പക്കാരുമൊക്കെ മതിമറന്നാഹ്ലാദിച്ചു. ഈ യാത്രയില്‍ അവര്‍ ഏറെ ആസ്വദിച്ചതും ഈ മഞ്ഞുലോകം തന്നെ. തണുപ്പിന്‍റെ കാഠിന്യം ഇഷ്‌ടപ്പെടാഞ്ഞിട്ടാവാം മുതിര്‍ന്നവര്‍ പലരും സ്‌നോ സ്റ്റോം ഒഴിവാക്കുകയാണുണ്ടായത്. അന്നുരാത്രി അതിരപ്പള്ളി റസിഡന്‍സിയിലായിരുന്നു താമസം.
രണ്ടാംദിവസം ചാലക്കുടി-വാല്‍പ്പാറ റൂട്ടിലായിരുന്നു സഞ്ചരം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ, ഷോളയാര്‍ വനമേഖലയിലുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടം ജലസമൃദ്ധിയില്‍ അതിരപ്പള്ളിയെക്കാള്‍ മുന്നിലാണെന്നു തോന്നി. മലനിരകളുടെയും പാറക്കൂട്ടങ്ങളുടെയും നടുവിലൂടെ അതിവേഗത്തില്‍ ഒഴുകിവരുന്ന നദിപോലെ തോന്നും കാഴ്‌ചയ്‌ക്ക്.
ഔഷധസസ്യത്തോട്ടവും വന്‍വൃക്ഷങ്ങളും കുഞ്ഞുനീര്‍ച്ചാലുകളും തുടങ്ങി ഈ സംരക്ഷിതവനമേഖല സമ്മാനിച്ചത് സമാനതകളില്ലാത്ത കാഴ്‌ചകള്‍.
പശ്ചിമഘട്ട മലനിരകളുടെ ദൃശ്യഭംഗികളില്‍ മനവും മിഴിയും അര്‍പ്പിച്ചുകൊണ്ട് യാത്രതുടര്‍ന്നു, തോട്ടങ്ങള്‍ക്കു നടുവിലൂടെ, മലക്കപ്പാറ വഴി ഷോളയാറിലേക്ക്. ഇനിയങ്ങോട്ട് തമിഴ്‌നാടാണ്. ചെക്ക്‌പോസ്റ്റില്‍ കുറേനേരം കാത്തുകിടക്കേണ്ടിവന്നു അതിര്‍ത്തികടക്കാനുള്ള അനുമതിക്ക്. ചാലക്കുടി പട്ടണത്തില്‍നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ് ഏഷ്യയിലെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ അണക്കെട്ടായ അപ്പര്‍ ഷോളയാര്‍.
ചാലക്കുടിപ്പുഴയ്‌ക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഷോളയാര്‍ ഡാം സന്ദര്‍ശിക്കണമെങ്കില്‍ തമിഴ്‌നാടിന്‍റെ പ്രത്യേക അനുമതി വേണം. ഹരിതാഭയാര്‍ന്ന മലനിരകള്‍ക്കും വൃക്ഷനിബിഡമായ വനങ്ങള്‍ക്കും നടുവില്‍ കാര്യമായ തിരക്കൊന്നുമില്ലാത്ത സ്വച്ഛസുന്ദരമായ ഒരാദിവാസി മേഖലയാണ് ഷോളയാര്‍. വിശാലമായ തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും കൊണ്ട് സമൃദ്ധമാണ് ഈ പ്രദേശം. വഴിയില്‍ ചിലപ്പോള്‍ നിരുപദ്രവികളായ വന്യജീവികളെയും കാണാം.
സമുദ്രനിരപ്പില്‍നിന്നും 3500 അടി ഉയരത്തിലുള്ള വാല്‍പ്പാറയില്‍ എത്തിയപ്പോഴേക്കും ഉച്ചയായി. ടൗണിലെ ഗ്രീന്‍ഹില്‍ ഹോട്ടലില്‍ മുറിയെടുത്തശേഷം ഭക്ഷണവും അല്‌പവിശ്രമവും കഴിഞ്ഞ് ലോക്കല്‍ സൈറ്റ്‌സീയിംഗിനായി ജീപ്പുകളില്‍ യാത്രയായി.
കേരളത്തിലേതില്‍നിന്ന് വ്യത്യസ്‌തമായി, അതിവിശാലമായ തേയിലത്തോട്ടങ്ങളാണ് വാല്‍പ്പാറയിലുള്ളത്. ടൗണില്‍നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് നല്ലമുടി പൂഞ്ഞോലൈ തേയിലത്തോട്ടം.
തോട്ടത്തിനുള്ളില്‍ കരിങ്കല്ല് പാകിയ വീതിയുള്ളൊരു നടപ്പാതയുണ്ട്. ഒരുകിലോമീറ്ററോളം നടന്ന് മുകളിലെത്തിയാല്‍ വ്യൂ പോയിന്റായി. അവിടെനിന്ന് നോക്കിയാല്‍ അങ്ങു താഴെ ആദിവാസികള്‍ അധിവസിക്കുന്ന നല്ലമുടി താഴ്‌വര കാണാം. പുകമഞ്ഞും വെയിലും കൂടിക്കലര്‍ന്ന ഹരിതനീല സൗന്ദര്യമായിരുന്നു താഴ്‌വരയ്‌ക്ക്. വൃക്ഷനിബിഡമായ ആ താഴ്‌വാരത്തിനപ്പുറത്താണ് നമ്മുടെ മൂന്നാര്‍. മഞ്ഞിന്‍റെ മറ അല്‍പമൊന്ന് മാറിയപ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ഗിരിശിഖരമായ ആനമുടി അകലെ തെളിഞ്ഞു.
ചുറ്റുമുള്ള വനപ്രകൃതിയുടെ വശ്യതയില്‍ ലയിച്ച് വലിയൊരു വൃക്ഷച്ചുവട്ടില്‍ കുറേനേരം ഇരുന്നു. ഇതേ വ്യൂ പോയിന്റില്‍ വച്ചാണത്രെ തദ്ദേശവാസിയായ വേലു എന്ന കര്‍ഷകന്‍റെ മുന്നില്‍ ഇഷ്‌ടദൈവമായ മുരുകന്‍ പ്രത്യക്ഷപ്പെട്ടത്. `ഓം ആധി മുരുകാ' എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് അന്നുമുതല്‍ ഈ പ്രദേശത്തിന്‍റെ സംരക്ഷകനായി ചുറ്റിനടക്കുകയാണ് വേലു. മുരുകന്‍ പ്രത്യക്ഷപ്പെട്ട സ്ഥാനത്ത് പിന്നീട് ഒരു മുരുകക്ഷേത്രമുണ്ടായി, തോട്ടത്തില്‍ അവിടവിടെയായി " SEEN GOD OHM ADHI MURUGA NALLAMUDI POONJOLAI'' എന്ന പരസ്യബോര്‍ഡുകള്‍ സ്ഥാപിതമായി. വേലുവിനെ കാണണമെന്ന് ആഗ്രഹം തേന്നിയെങ്കിലും അപ്പോള്‍ അയാള്‍ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. വരുന്നതുവരെ കാത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയവും ഉണ്ടായിരുന്നില്ല. തിരിച്ചിറങ്ങുമ്പോഴാണ് വഴിയില്‍കിടന്ന ആനപ്പിണ്‌ഡം ശ്രദ്ധയില്‍പ്പെട്ടത്. രാത്രികാലങ്ങളില്‍ കാട്ടാന, കരടി, പുലി തുടങ്ങിയ വന്യജീവികള്‍ ഈ പ്രദേശത്ത് സൈ്വരസഞ്ചാരം ചെയ്യുക പതിവാണ്. തോട്ടത്തിന്‍റെ കവാടത്തോട് ചേര്‍ന്നുള്ള പീടികയില്‍നിന്ന് നല്ല ഇലത്തേയിലയും വാങ്ങി.
മടങ്ങുന്ന വഴിക്ക് വെള്ളമലൈ എസ്റ്റേറ്റിന് സമീപത്തുള്ള തുരങ്കവും സന്ദര്‍ശിച്ച് സന്ധ്യയോടെ ഹോട്ടലില്‍ തിരിച്ചെത്തി.
പിറ്റേന്നു രാവിലെ വാല്‍പ്പാറ - പൊള്ളാച്ചി മലമ്പാതയിലൂടെ നാല്‍പത് കൊടുംവളവുകള്‍ താണ്ടി വാല്‍പ്പാറച്ചുരം ഇറങ്ങി.
തെക്കേയിന്ത്യയിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ സമ്മാനിക്കുന്ന കാനനപാതയാണത്.
റോഡിലേക്ക് തള്ളിനില്‍ക്കുന്ന പാറകളും മലകളും നീര്‍ച്ചോലകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും വിവിധജാതി പൂക്കളും ചിത്രശലഭങ്ങളും വന്യമൃഗങ്ങളും ഇടയ്‌ക്കിടെയുള്ള വ്യൂ പോയിന്റുകളും.... കാഴ്‌ച ഒരു ഉത്സവമാവാന്‍ ഇതില്‍പ്പരം എന്തുവേണം!
ആളിയാര്‍ ഡാംസൈറ്റില്‍ കുറച്ചുനേരം ചുറ്റിനടന്നശേഷം മൂന്നാറിലേക്ക് യാത്രയായി.
( തുടരും)
No comments:
Post a Comment