മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്കായിരുന്നു രാവിലത്തെ യാത്ര. മലമുകളില്‍ യാത്രയ്‌ക്കായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന കുതിരകള്‍.
സാഹസപ്രിയരായ യാത്രക്കാരെയും കുട്ടികളെയും ട്രക്കിംഗിന് പ്രേരിപ്പിക്കുന്ന കുതിരക്കാര്‍. അവര്‍ക്കും കുതിരകള്‍ക്കും ഉപജീവനത്തിന് ഇതല്ലാതെ വഴിയില്ലല്ലൊ.
പശ്ചിമഘട്ട മലനിരകളുടെ പ്രൗഢഗംഭീരമായ പ്രകൃതിസൗന്ദര്യം നന്നായി ആസ്വദിക്കാന്‍ പറ്റിയവിധം നിരവധി വ്യൂ പോയിന്റുകളുണ്ടിവിടെ.
മലയുടെ ചരിവുകളിലുള്ള ആദിവാസിക്കുടിലുകളില്‍ തീപുകയുന്നതും നോക്കി കുറേനേരം നിന്നു. എതിര്‍ദിശയില്‍ തമിഴ്‌നാടിന്‍റെ ഭാഗമായ മീശപ്പുലിമലയും കാണാം.
അപാരസുന്ദരമായ നീലാകാശത്തിന്‍ കീഴില്‍ മഞ്ഞിന്‍റെ നേര്‍ത്ത മുഖാവരണമണിഞ്ഞ അഗാധമായ കൊക്കകളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ പ്രകൃതിയുടെ നിഗൂഢതകളെപ്പറ്റിയുള്ള ചിന്തയായിരുന്നു മനസ്സില്‍.
പാലാറിനു കുറുകെയുള്ള മാട്ടുപ്പെട്ടി ഡാം ആയിരുന്നു അടുത്ത ലക്ഷ്യം. പള്ളിവാസല്‍ പ്രോജക്‌ടിന്‍റെ സംഭരണ അണക്കെട്ടാണ് മാട്ടുപ്പെട്ടി ഡാം. ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് പ്രകൃതിരമണീയതയും സ്‌പീഡ് ബോട്ട് സര്‍വ്വീസുമാണ്. എന്നാല്‍ വഴിയില്‍ അപ്രതീക്ഷിതമായി വന്നുഭവിച്ച ഗതാഗതക്കുരുക്ക് കാരണം ഡാം സന്ദര്‍ശനം ഒഴിവാക്കേണ്ടിവന്നു.
അവിടെനിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോ-സ്വിസ് ലൈവ്‌സ്റ്റോക്ക് പ്രോജക്‌ടായിരുന്നു അടുത്ത ലക്ഷ്യം.
മതിലിനുമീതെ ഘടിപ്പിച്ചിരിക്കുന്ന കമ്പികളില്‍ തൊടരുതേ, ഷോക്കടിക്കും. ആരും അതിക്രമിച്ച് കടക്കാതിരിക്കാനുള്ള സുരക്ഷാ ഏര്‍പ്പാടാണത്. വിശാലമായ ഗേറ്റിലൂടെ അകത്തേക്കു കടന്നാല്‍ ആദ്യം കാണുന്നത് പച്ചപ്പരവതാനി വിരിച്ചതുപോലെ പരന്നുകിടക്കുന്ന പുല്‍പ്രദേശം.
സ്വിസ്സ് ബ്രൗണ്‍, സുനന്ദിനി തുടങ്ങി നൂറിലേറെ മുന്തിയ ഇനം പശുക്കളുടെ പരിപാലനകേന്ദ്രമാണിവിടം. പതിനൊന്ന് തൊഴുത്തുകളിലായി അവയെ ശ്രദ്ധയോടെ പാര്‍പ്പിച്ചിരിക്കുന്നു. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ.
1963-ല്‍ സ്വിസ്സ് ഗവണ്മെന്റിന്‍റെ സഹകരണത്തോടെ തുടക്കം കുറിച്ചതാണ് 191 ഹെക്‌ടാര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഡെയറിഫാം. കാറ്റില്‍ ബ്രീഡിംഗ്, സെമന്‍ ബാങ്ക്, വെറ്ററിനറി ട്രെയിനിംഗ് കോഴ്‌സുകള്‍ തുടങ്ങി ലൈവ്‌സ്റ്റോക്കുമായി ബന്ധപ്പെട്ട വിവിധ പ്രോജക്‌ടുകള്‍ വിജയകരമായി നടത്തിവരുന്നു.
ഫാമിനോട് ചേര്‍ന്നുള്ള ഉദ്യാനത്തില്‍ റോസ്, സീനിയ, ഡാലിയ തുടങ്ങി പലതരം പൂക്കള്‍ സമൃദ്ധിയായി വിരിഞ്ഞുനില്‍ക്കുന്നു. ഏക്കറുകളോളം നീണ്ട തീറ്റപ്പുല്‍ കൃഷിയിടങ്ങള്‍, നാനാജാതി വൃക്ഷങ്ങള്‍.... കണ്ണിന് കുളിരേകുന്ന ഹരിതസൗന്ദര്യമാണിവിടം.
ഡെയറിഫാമില്‍നിന്നും നേരെ മൂന്നാര്‍ ടൗണിലേക്ക് തിരിച്ചു.
മൂന്നുമണിനേരത്ത് കോരിച്ചൊരിയുന്ന മഴയത്ത് ടൗണിലെത്തി.
രണ്ട് ഹോട്ടലുകളില്‍നിന്നായി എല്ലാവര്‍ക്കും ഉച്ചഭക്ഷണം കിട്ടി. ഹോംമെയ്‌ഡ് ചോക്ക്‌ലേറ്റും തേയിലയുമൊക്കെ വാങ്ങി, മൂന്നാറിനോട് വിടപറഞ്ഞു. കട്ടപ്പനയാണ് അടുത്ത ലക്ഷ്യം. അവിടെ വത്സല ടൂറിസ്റ്റ് ഹോമിലാണ് താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്.
കട്ടപ്പനനിന്നും ഏലപ്പാറ വഴി ഒമ്പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ അഞ്ചുരുളിയിലേക്ക്. ഇടുക്കി ഡാമിന്‍റെ തുടക്കം ഇവിടെനിന്നാണ്. ഇരട്ടയാര്‍ ഡാമിലെ വെള്ളം ഇടുക്കി ഡാമിന്‍റെ ജലാശയത്തിലേക്ക് കൊണ്ടുപോകുന്നത് അഞ്ചുരുളി തുരങ്കത്തിലൂടെയാണ്.
ഈ ജലാശയത്തില്‍ അഞ്ചു മലകള്‍ നിരയായി ഉരുളി കമഴ്‌ത്തിയതുപോലെ ഇരിക്കുന്നതിനാല്‍ സ്ഥലത്തെ ആദിവാസികള്‍ നല്‍കിയ പേരാണ് അഞ്ചുരുളി. കല്യാണത്തണ്ടു മലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇതിന്‍റെ ഒരറ്റത്തുനിന്ന് നോക്കിയാല്‍ ഒരു രൂപ നാണയത്തിന്‍റെ വലിപ്പത്തില്‍ അങ്ങുദൂരെ മറ്റേയറ്റം കാണാം. ധൈര്യശാലികള്‍ക്ക് ഉള്ളിലൂടെ അങ്ങേയറ്റംവരെ പോയിവരാം, ഒരു ടടേര്‍ച്ചകൂടെ കരുതിയാല്‍ മതി. 5.5 കി:മീ: നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഒറ്റ പാറയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാറയുടെ രണ്ടുഭാഗത്തുനിന്നും ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച് നടുക്ക് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 22 പേര്‍ മരണപ്പെട്ടു. കോണ്‍ട്രാക്‌ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തില്‍ 1974 മാര്‍ച്ച് പത്തിന് നിര്‍മ്മാണം ആരംഭിച്ച് 1980 ജനുവരി മുപ്പതിന് ഉത്‌ഘാടനംചെയ്‌തു. നയനാനന്ദകരമായ കാഴ്‌ചകളുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന അഞ്ചുരുളിയെപ്പറ്രി പുറംലോകത്തിന് വേണ്ടത്ര അറിവില്ല. സഞ്ചാരികളുടെ സുരക്ഷയ്‌ക്കായി വേണ്ടത്ര ക്രമീകരണങ്ങളുമില്ല. `ഇയ്യോബിന്റെ പുസ്‌തകം' തുടങ്ങി നിരവധി മലയാളസിനിമകള്‍ക്ക് ലൊക്കേഷനായിട്ടുള്ള അഞ്ചുരുളി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഒരുപാട് വളരേണ്ടിയിരിക്കുന്നു.
ഇടുക്കിയിലെ എല്ലാ സ്ഥലങ്ങളും മനോഹരമാണെങ്കിലും ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, കല്യാണത്തണ്ടു മല. മലകളെ ചുറ്റിപ്പുണര്‍ന്നുകിടക്കുന്ന ഇടുക്കി ജലാശയത്തിന്‍റെയും മലകളിലെ പച്ചപ്പിന്‍റെയും വശ്യത കണ്ണിലൊതുക്കാനാവാത്തവണ്ണം പരന്നു കിടക്കുന്നു.
അവിടവിടെ സ്ഥാപിച്ചിട്ടുള്ള ബഞ്ചുകളിലിരുന്ന് മതിയാവോളം കാണാം, കാറ്റിന്‍റെ തണുപ്പും നുകരാം. വിശ്രമിക്കാന്‍ ഒരു മുളങ്കുടിലുമുണ്ട്.
കല്യാണത്തണ്ടു മലയ്‌ക്ക് കാല്‍വരി മൗണ്ട് എന്നും പേരുണ്ട്. ഇതൊരു സ്വകാര്യവ്യക്തിയുടെ വകയാണെന്ന് അവിടെ നാട്ടിയിരിക്കുന്ന കുരിശുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ശരിയാവാം.
കാഴ്‌ചയുടെ അഞ്ചു സുന്ദരദിനങ്ങള്‍ അവസാനിക്കാറായി. മടക്കയാത്രയ്‌ക്ക് തൊട്ടുമുമ്പുള്ള കൊട്ടിക്കലാശം ഇടുക്കി അണക്കെട്ടിലാവട്ടെ. പലവട്ടം കണ്ടതാണെങ്കിലും ഓരോ കാഴ്‌ചയിലും പുതുമ തോന്നിപ്പിക്കുന്ന നിര്‍മ്മാണ കൗതുകമാണ് ഇടുക്കി ആര്‍ച്ച് ഡാം. സന്ദര്‍ശകരുടെ നോട്ടം ആദ്യമെത്തുന്നത് കറുത്ത പെയിന്റില്‍ കുളിച്ചുനില്‍ക്കുന്ന കൊലുമ്പന്‍റെ പ്രതിമയിലും.
1932-ല്‍, ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിനിറങ്ങിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ലിയു. ജെ ജോണിന് അണക്കെട്ടിന് അനുയോജ്യമായ സ്‌ഥാനം കാണിച്ചുകൊടുത്തത് ആദിവാസിയായ കൊലുമ്പനാണ്.
1976-ല്‍ ഇന്ദിരാഗാന്ധിയാണ് ഈ ജലവൈദ്യുത പദ്ധതിയുടെ ഉത്‌ഘാടനം നിര്‍വ്വഹിച്ചത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നിങ്ങനെ മൂന്ന് അണക്കെട്ടുകളിലായി വൈദ്യുതി ഉത്‌പാദനത്തിന് ആവശ്യമായ വെള്ളം സംഭരിച്ചു നിര്‍ത്തിയിരിക്കുന്നു. ചെറുതോണി ഡാമിലേക്കാണ് ആദ്യം പോയത.് അവിടെനിന്ന് കാല്‍നടയായി ഇടുക്കി ആര്‍ച്ച് ഡാമിലേക്കും. പെരിയാര്‍ നദിക്കു കുറുകെയാണ് ഇടുക്കി ആര്‍ച്ച് ഡാമിന്‍റെ നിര്‍മ്മിതി. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി നിര്‍മ്മിച്ച അണക്കെട്ടിന് 55 അടി ഉയരവും 65 കി:മീ വിസ്‌തൃതിയുള്ള ജലസംഭരണിയുമുണ്ട്. മുലമറ്റം പവര്‍ഹൗസിന്‍റെ ഉത്‌പാദനശേഷി 780 മെഗാവാട്ടാണ്. നാടുകാണി മലയുടെ മുകളില്‍നിന്ന് 750 മീറ്റര്‍ അടിയിലുള്ള ഭൂഗര്‍ഭ വൈദ്യുതനിലയം ഇന്ത്യയിലേക്കുംവച്ച് ഏറ്റവും വലുതുമാണ്.
ഇനി മടക്കയാത്രയാണ്, യാത്രയുടെ ആസ്വാദനവിവരണങ്ങളും മറ്റുമായി ബസ്സിനുള്ളില്‍. നീണ്ട മണിക്കൂറുകള്‍. രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി, താമസിയാതെ വീണ്ടും ഒത്തുചേരാം എന്ന പ്രതീക്ഷ ബാക്കിവച്ചുകൊണ്ട്.
പശ്ചിമഘട്ട മലനിരകളുടെ അനന്യസൗന്ദര്യത്തില്‍ അലിഞ്ഞൊഴുകിയ ആ സുന്ദരദിനങ്ങളില്‍ മനസ്സിലും ചുണ്ടിലും തങ്ങിനിന്നത് പണ്ടേ പാടിപ്പതിഞ്ഞ ഒരു ഗാനശകലം:
`പുഴകള്‍, മലകള്‍, പൂവ നങ്ങള്‍... ഭൂമിക്ക് കിട്ടിയ സ്‌ത്രീധനങ്ങള്‍....'
No comments:
Post a Comment