അതിമനോഹരമായ ഒരു മുറിയാണ് സുധി അവള്‍ക്കുവേണ്ടി ബുക്കുചെയ്‌തിരുന്നത്. ജനാലയിലൂടെ പുറത്തേക്കുനോക്കിയാല്‍ വിവേകാനന്ദപ്പാറയും തിരുവളളുവരുടെ പ്രതിമയും വ്യക്തമായിക്കാണാം. കാറ്റും കോളുമൊഴിഞ്ഞ കടല്‍ കണ്ടുനില്‍ക്കാന്‍ നല്ല രസമാണ്.കണ്ണെത്തുന്ന ദൂരപരിധിയില്‍ നീലാകാശവും നീലക്കടലും ഒന്നായി ത്തീരുന്നതുപോലെ!
അപ്രതീക്ഷിതമായി വന്ന കാറ്റും മഴയും കടലിലെന്നപോലെ അവളുടെ മനസ്സിലും കോളിളക്കമുണ്ടാക്കി. വര്‍ഷങ്ങള്‍ക്കുമുമ്പ്, ആദ്യമായി കടല്‍ കാണാന്‍ വന്ന ദിവസം. അന്ന് ദേവേട്ടനും താനും എത്ര ചെറുപ്പമായിരുന്നു. കൈകോര്‍ത്തുപിടിച്ച് തിരയില്‍ മറിഞ്ഞും മണലില്‍ കളിച്ചും ആര്‍ത്തുല്ലസിച്ച നിമിഷങ്ങളില്‍ ദേവേട്ടന്‍ പറഞ്ഞു:
`എന്‍റെ ദേവിയുടെ കൈപിടിച്ച് ഈ കടലിന്‍റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങാന്‍ വല്ലാത്ത മോഹം.'
എന്നും ദേവേട്ടന്‍റെ മോഹങ്ങള്‍ വിചിത്രങ്ങളായിരുന്നല്ലോ.മോഹങ്ങള്‍ മാത്രമല്ല, ചിന്തയിലും ചെയ്‌തിയിലുമെല്ലാം വ്യത്യസ്‌തനായിരുന്നല്ലോ ദേവിയുടെ ദേവേട്ടന്‍.
`പേരിലുളള ചേര്‍ച്ച ജീവിതത്തിലില്ലല്ലോ' എന്നു മറ്റുളളവര്‍ പരിഹസിക്കുമ്പോള്‍ ദേവിയുടെ ചുണ്ടില്‍ ചിരി വിടരും. ചേര്‍ച്ചയില്ലായ്‌മ തന്നെയാണ് ദേവിക്കിഷ്‌ടം. രണ്ടുപേരും ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ പിന്നെന്താണൊരു രസം? ഇടയ്‌ക്കിടെയുണ്ടാവുന്ന കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ജീവിതത്തിനു മധുരം പകരുമെന്ന് ദേവി എത്രയോ തവണ അനുഭവിച്ചറിഞ്ഞതാണ്.
`ആ ധിക്കാരിയെ കുടുംബത്തീക്കയറ്റിയ അന്നു തുടങ്ങിയതാ എന്‍റെ കുട്ടീടെ കഷ്‌ടകാലം. എങ്ങനെ വളര്‍ത്തിയതാ ഞാനവളെ.' അച്ഛന്‍റെ ആത്മഗതം.
`ആദര്‍ശം പ്രസംഗിക്കാനല്ലാതെ മറ്റെന്തിനാ അവനു നേരം? പാവം കുട്ടി. എത്രയെന്നുവച്ചിട്ടാ സഹിക്കുക? ഇങ്ങനെ ദിവസങ്ങളെണ്ണിക്കഴിയാനാ അതിനു യോഗം.'
അമ്മയുടെ വക.
`പിന്നെന്താ... എല്ലാവരേയും പറ്റിച്ചുംകൊണ്ട് ഒരുദിവസം അവനങ്ങു പോയില്ലേ? എന്നിട്ടും തീര്‍ന്നില്ലല്ലോ ഭഗവാനേ അതിന്‍റെ കഷ്‌ടകാലം.'വല്യമ്മച്ചിയും വിടുന്നമട്ടില്ല.
`ആര്‍ക്കാ കഷ്‌ടകാലം? ദേവിക്കോ? അതോ മറ്റുളളവര്‍ക്കോ?
ആ പാവത്തിനെ മുഖംമൂടികളെവിട്ട് തല്ലിച്ചതച്ചിട്ട്...... കഷ്‌ടകാലംപോലും!' ദേവി പിറുപിറുത്തു. അവളുടെ മനസ്സും പ്രക്ഷുബ്‌ധമായ കടല്‍ പോലെ ഇളകിമറിഞ്ഞു. അലകടലിന്‍റെ അടിത്തട്ടില്‍ വെണ്ണക്കല്ലുകൊണ്ടു നിര്‍മ്മിച്ച ഏഴുനിലക്കൊട്ടാരമുണ്ടെന്നും ജാതിയുടെയും മതത്തിന്‍റെയും കോട്ടകളില്ലാത്ത കൊട്ടാരത്തില്‍ സ്‌നേഹമിഥുനങ്ങള്‍ ആടിപ്പാടി നടക്കുമെന്നും മുത്തശ്ശിക്കഥ;
ജീവിതവുമായി ബന്ധമില്ലാത്ത കള്ളക്കഥ.
`എന്താ ദേവിച്ചേച്ചീ, കടലിനെനോക്കി കവിതകുറിക്കയാണോ?'
വേണിയുടെ ചോദ്യം അവളെ ചിന്തയില്‍നിന്നുണര്‍ത്തി.
`വേഗം കുളിച്ചൊരുങ്ങി വാ ചേച്ചീ. എല്ലാരും ഒരുങ്ങിക്കഴിഞ്ഞു.'
വേണിക്ക് ചുറ്റിക്കറങ്ങാന്‍ തിടുക്കമായി.
`ഞാനുടനേ വരാം. നീ പൊയ്‌ക്കൊ.'
`എല്ലാവരും ഒന്നിച്ചുവന്നത് എന്തിനാന്നറിയാമോ ദേവിയേച്ചിക്ക്? സുധിയേട്ടനെക്കൊണ്ട് ദേവിയേച്ചിയെ കല്യാണംകഴിപ്പിക്കാനാ ഗൂഢാലോചന.' വലിയൊരു രഹസ്യം കണ്ടുപിടിച്ചതുപോലെ വേണി പറഞ്ഞു.
`വേണീ... നിനക്ക് വേറൊന്നും പറയാനില്ലേ ?' വെറുതേ അവളോട് ദേഷ്യപ്പെട്ടു.
അവള്‍ കോക്രികാട്ടിക്കൊണ്ട് അമ്മയുടെ അടുത്തേക്കോടി.
കുളികഴിഞ്ഞ് ദേവി അണിഞ്ഞൊരുങ്ങി. ദേവേട്ടനിഷ്‌ടമുളള ക്രീം-മെറൂണ്‍ കോമ്പിനേഷന്‍ പട്ടുസാരി, മുടിയില്‍ മുല്ലപ്പൂ, നെറ്റിയില്‍ സിന്ദൂരക്കുറി. കൈനിറയെ കുപ്പിവള, കഴുത്തില്‍ മുത്തുമാല.... തൃപ്‌തിയാവോളം ഒരുങ്ങിക്കഴിഞ്ഞ് അവള്‍ ബന്ധുക്കളുടെ മുന്നിലേക്കുചെന്നു. അച്ഛനും അമ്മയും അത്ഭുതത്തോടെ നോക്കിനിന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് മകളെ സന്തോഷവതിയായി അണിഞ്ഞൊരുങ്ങിക്കാണുന്നത്.
`ദേവീ.... എന്‍റെ കുട്ടിക്ക് നല്ല ബുദ്ധി തോന്നിയല്ലോ!' വല്യമ്മച്ചി നിത്യകന്യകയായ ദേവിയെ നന്ദിയോടെ സ്‌മരിച്ചു.
വേണിയുടെ കൈപിടിച്ച് ദേവി സാവധാനം നടന്നു. മറ്റുളളവര്‍ ആശ്വാസത്തോടെ മുന്നിലും. നടന്നുനടന്ന് ക്ഷേത്രനടയിലെത്തി.
വരദായിനിയായ ദേവിയുടെ തിരുമുമ്പില്‍ എല്ലാവരും തൊഴുതുനിന്നു.
`നല്ലോണം പ്രാര്‍ത്ഥിക്ക് മോളേ. നല്ലൊരു കാര്യത്തിനുളള പുറപ്പാടല്ലേ' അമ്മ ചെവിയില്‍ മന്ത്രിച്ചു.
`നിത്യകന്യകയായ ദേവിയോട് ദീര്‍ഘസുമംഗലീവരം ചോദിക്കുന്നതു ശരിയാണോ അമ്മേ?' അവള്‍ ചോദിച്ചു.
`ആ താന്തോന്നിയുടെ കൂടെ കൂടിയതിപ്പിന്നാ ഈ തര്‍ക്കുത്തരം പറച്ചില്. ഇനിയെങ്കിലും നിറുത്തിക്കൂടേ നിനക്ക്? ഇതൊന്നും സുധി കേക്കണ്ട'
ദേവേട്ടനെ പഴിചാരാന്‍ കിട്ടുന്ന അവസരങ്ങളൊന്നും അമ്മ പാഴാക്കാറില്ല. അത്രയ്‌ക്കു ദേഷ്യമുണ്ട് ദേവേട്ടനോട്. സുധിയേട്ടനെപ്പറ്റി എപ്പോഴും നല്ലതേ പറയൂ.
എല്ലാം കണ്ടും കേട്ടും അച്ഛന്‍റെയൊപ്പം നടക്കുകയായിരുന്നു സുധീന്ദ്രന്‍. പ്രായം നാല്‌പതിനോടുക്കുന്നു. ഒത്ത ഉയരവും തലയെടുപ്പുമുണ്ട്. ജില്ലാക്കോടതിയില്‍ വക്കീലാണ്.
`നല്ലനേരത്ത് പെണ്ണുകെട്ടിക്കാന്‍ വീട്ടുകാര്‍ക്കു തോന്നാത്തതിന് അവനെ കുറ്റംപറയാന്‍ പറ്റുമോ?' അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
`അല്ലെങ്കിലെന്താ? താലികെട്ടാതെ ഒരുത്തന്‍റെ കൂടെ അഞ്ചുകൊല്ലം പൊറുത്ത കേമത്തിയല്ലേ? അവന്‍ സമ്മതിച്ചതുതന്നെ ഭാഗ്യം.' വല്യമ്മച്ചിയുടെ വക.
ദേവിക്ക് അവരുടെ വര്‍ത്തമാനം അരോചകമായിത്തോന്നി. അവള്‍ വേണിയുടെ കൈവിട്ട് ഒറ്റയ്‌ക്കുനടന്നു.
സൂര്യാസ്‌തമയം കാണാനെത്തിയ വിനോദസഞ്ചാരികളെക്കൊണ്ട് കടല്‍ത്തീരം നിറഞ്ഞിരുന്നു. അവര്‍ക്കിടയിലൂടെ നടന്നുനടന്ന് ദേവി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് മറഞ്ഞു.
അങ്ങകലെ ഒറ്റയ്‌ക്കു നില്‍ക്കുന്ന ഒരു കൂറ്റന്‍ പാറയുണ്ട്; സ്‌നേഹപ്പാറ. ദേവേട്ടനോടൊപ്പം ചെന്നിരിക്കാറുണ്ടായിരുന്ന സ്‌നേഹപ്പാറ. അതിനെ ലക്ഷ്യമാക്കി അവള്‍ ഓടി. മണലില്‍ പുതഞ്ഞിട്ടും കാലുകള്‍ക്ക് എന്തൊരു വേഗത!
ഒറ്റപ്പെട്ടുനില്‍ക്കുന്ന പാറയ്‌ക്ക് എന്തൊരു ഗാംഭീര്യമാണ്! സമീപത്തെങ്ങും ആരുമില്ല. അവള്‍ പാറയുടെ മുകളിലേക്ക് വലിഞ്ഞുകയറി. സൂര്യദേവന്‍റെ സ്‌നേഹസിന്ദൂരമണിഞ്ഞ ആകാശനെറ്റിയില്‍ മിഴിനട്ട് അവളിരുന്നു.
ആകാശം കടലിനെ മുട്ടിയുരുമ്മിനില്‌ക്കുന്നതു കാണാന്‍ എന്തു ഭംഗി!
പകലിന്‍റെ നോട്ടം തന്‍റെ ഇരുണ്ട മറുപാതിയിലേക്കു തിരിക്കാനുളള യജ്ഞത്തിലാണ് ഭൂമി.
സ്‌നേഹപ്പാറയുടെ മുകളില്‍ ഒരു കല്‍പ്രതിമപോലെ നിശ്ചലയായ ദേവി!
തിരമാലകള്‍ തെന്നിത്തെറിപ്പിക്കുന്ന ജലത്തുളളികള്‍ ഉടലും പട്ടുടയാടയും നനയ്‌ക്കുന്നതറിയാതെ അവള്‍ ഇരുന്നു.
കടലും കരയും ഇരുളില്‍ ഒന്നായി.
പാറയും അവളും ആ ഇരുളില്‍ മുങ്ങിയിരുന്നു.
സ്വാതന്ത്ര്യം... ഇരുളിന്‍റെ സ്വാതന്ത്ര്യം!
പൊടുന്നനെ പിന്നില്‍നിന്ന് നീണ്ടുവന്ന രണ്ടു കൈകള്‍ അവളുടെ കണ്ണുപൊത്തി. ആ കൈകളുടെ മൃദുലതയും ഇളംചൂടും അവള്‍ക്ക് പരിചിതമായിരുന്നു. രോമാവൃതമായ കൈത്തണ്ടില്‍ വിരലോടിച്ചുകൊണ്ട് അവള്‍ വിളിച്ചു:
`ദേവേട്ടാ......'
`ദേവീ.....'
`ദേവേട്ടാ, നാളെയാ ദേവിയുടെ താലികെട്ട്.'
`നമ്മുടെ സ്‌നേഹത്തിന് താലിച്ചരടിന്‍റെ പിന്‍ബലമുണ്ടായിരുന്നില്ലല്ലോ. അല്ലേ ദേവീ ?'
അവള്‍ ആ കൈകളില്‍ മുഖംചേര്‍ത്ത് വിങ്ങിപ്പൊട്ടി.
` ഞാന്‍ എന്‍റെ ദേവിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാ.
വരൂ ദേവീ.'
ദേവന്‍ അവളുടെ കൈ ബലമായി പിടിച്ചു. പ്രശാന്തസുന്ദരമായ കടലിന്‍റെ അടിത്തട്ടിലേക്ക് അവര്‍ ഊളിയിട്ടിറങ്ങി. അവിടെ... ജാതിയുടെയും മതത്തിന്‍റെയും കോട്ടകളില്ലാത്ത എഴുനിലക്കൊട്ടാരം അവളുടെ കണ്ണില്‍ തെളിഞ്ഞു.
No comments:
Post a Comment