Monday, 23 October 2017

ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം (കഥ) - എസ്.സരോജം

പുരോഗമന കലാ സാഹിത്യസംഘം മാസികയില്‍ (2017-ലെ ഓണപ്പതിപ്പ്)  പ്രസിദ്ധീകരിച്ചത്  

                  അപരിചിതയായ യാത്രക്കാരിക്കുമുന്നില്‍ അമ്പരപ്പിന്‍റെ  ദൃശ്യങ്ങള്‍ തുറന്നിട്ടുകൊണ്ട്‌ പാതിരാമയക്കത്തില്‍ ആണ്ടുകിടക്കുന്ന ന്യൂജല്‍പായ്‌ഗുരി! തിളങ്ങുന്ന ഹൈമാസ്റ്റ്‌ വെളിച്ചത്തിനു കീഴെ കല്‍ക്കരിതിന്നു തളര്‍ന്ന തീവണ്ടിയെന്‍ജിന്‍ അണിഞ്ഞൊരുങ്ങി കിടപ്പുണ്ട്‌. കമ്പിവേലിക്കരികെ തേഞ്ഞുപോയ ഇരിപ്പിടങ്ങളുമായി നിരന്നുകിടക്കുന്ന സൈക്കിള്‍റിക്ഷകള്‍. യാത്രക്കാരുടെ തിരക്കില്ല. പോര്‍ട്ടര്‍മാരുടെ ബഹളമില്ല. അനൗണ്‍സ്‌മെന്റിന്‍റെ  മുഴക്കമില്ല. യാത്രക്കാര്‍ അറിയേണ്ട കാര്യങ്ങള്‍ പ്രവേശനകവാടത്തിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നു. വിശാലമായ മുന്‍വരാന്തയില്‍ അടച്ചുപൂട്ടില്ലാത്ത മോര്‍ച്ചറിത്തറയില്‍ പോസ്റ്റ്‌മോര്‍ട്ടം കാത്തുകിടക്കുന്ന പ്രേതങ്ങളെപ്പോലെ നിരന്നുകിടക്കുന്ന മനുഷ്യരൂപങ്ങള്‍! 
യാത്രക്കാരി ഭയപ്പാടോടെ ചുറ്റും നോക്കി: ഇത്‌ പ്രേതനഗരിയോ റെയില്‍വേസ്റ്റേഷനോ? 
ഭാരിച്ച ട്രോളിബാഗുമുരുട്ടി, വീര്‍ത്ത തോള്‍സഞ്ചിയും താങ്ങി മുന്നോട്ടുനീങ്ങവെ പിന്നില്‍നിന്നും ഉറക്കച്ചടവുള്ളൊരു ശബ്‌ദം: `ബാഗുകള്‍ ചെക്കു ചെയ്‌തിട്ടു പോകുക.'
ഓഹ്... കഞ്ചാവുപൂക്കുന്ന കുന്നുകളെ വന്‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റയില്‍വേസ്റ്റേഷനാണല്ലോയിത്‌!
 ആയാസപ്പെട്ട്‌ ട്രോളിബാഗ്‌ പൊക്കിയെടുത്ത്‌ മുന്നില്‍ കണ്ട സ്‌കാനറില്‍ വച്ചു.
ചീര്‍ത്ത കണ്ണുകള്‍ സ്‌കാനര്‍ഡിസ്‌പ്ലേയിലേക്ക്‌ തുറന്നുവച്ച പൊലീസുകാരന്‍ പാതിമയക്കത്തിലാണ്‌.
 ചെക്കിംഗ്‌ കഴിഞ്ഞ്‌, പടിക്കെട്ടുകള്‍ കയറിയിറങ്ങിച്ചെന്നത്‌ വിജനതപുതച്ചുറങ്ങുന്ന പ്ലാറ്റ്‌ഫാമിലേക്ക്‌! കണ്ണെത്തുവോളവും മഞ്ഞവെളിച്ചത്തില്‍ മുങ്ങിക്കിടക്കുന്ന ശൂന്യത. 
പാതിരാനേരത്ത്‌ ഒറ്റയ്‌ക്കുസഞ്ചരിക്കുന്ന തന്റേടക്കാരിയെ കോണ്‍ക്രീറ്റുബഞ്ചുകള്‍ തുറിച്ചുനോക്കി. നീ കേരളത്തുകാരിയാണല്ലേ?എന്ന ചോദ്യവുമായി വൃത്തിയുള്ളൊരു ബഞ്ച്‌ സൗഹൃദംകാട്ടിച്ചിരിച്ചു. അതിന്മേല്‍ തോള്‍സഞ്ചി ഇറക്കിവച്ച്‌, ട്രോളിബാഗ്‌ കാല്‍ക്കല്‍ ചേര്‍ത്തുവച്ച് ചുറ്റുപാടുകളിലേക്ക്‌ പായിച്ച കണ്ണുകളില്‍ തെളിഞ്ഞത്‌ മദ്ധ്യയാമത്തിന്‍റെ  നിശ്ശബ്‌ദതയില്‍ നീണ്ടുകിടക്കുന്ന റെയില്‍പാളങ്ങള്‍.

 പാളങ്ങള്‍ക്കപ്പുറത്ത്‌ ആളനക്കമില്ലാത്ത വിശാലമായ കാത്തിരിപ്പിടം, അതിനുമപ്പുറത്ത്‌ ഉറക്കംതൂങ്ങുന്ന സേവനമുറികള്‍... 
`ഇത്‌ നിശ്ശബ്‌ദസുന്ദരമായ പ്രേതഭൂമിയിലെ റെയില്‍വേസ്റ്റേഷന്‍. അസമയത്ത്‌ അതിക്രമിച്ചുകടന്നെത്തിയ മനുഷ്യസ്‌ത്രീയേ ഞങ്ങളുടെ സുഖനിദ്രയ്‌ക്ക്‌ ഭംഗം വരുത്താതിരിക്കൂ...' ചുരങ്ങളിലൂടെ ചൂളംവിളിച്ചെത്തിയ ശീതക്കാറ്റിനൊപ്പം ഒരശരീരി കൂടി മന്ത്രിക്കുന്നുവോ! 
യാത്രക്കാരി മങ്കിക്യാപ്പുകൊണ്ട്‌ ചെവിരണ്ടും മൂടി. 
വണ്ടിയെത്തുന്നതിനുമുമ്പ്‌ ഒരുറക്കത്തിനുള്ള സമയം ബാക്കിയുണ്ട്‌. പക്ഷേ.... ഉറങ്ങുന്നതിനിടയില്‍ ബാഗുകള്‍ മോഷണംപോയാലോ? അതിനുള്ളില്‍ പല സ്ഥലങ്ങളില്‍നിന്നായി ബന്ധുക്കള്‍ക്കുവേണ്ടി വാങ്ങിയ വിശേഷപ്പെട്ട വസ്‌ത്രങ്ങളും കരകൗശലവസ്‌തുക്കളുമുണ്ട്‌, സുഹൃത്തുക്കള്‍ക്ക്‌ സമ്മാനിക്കാനുള്ള സിക്കിമിലെ ബുദ്ധനും പുരിയിലെ ജഗന്നാഥനും കൊണാര്‍ക്കിലെ സൂര്യദേവനും ചന്ദ്രഭാഗയിലെ ചകിരിനിര്‍മ്മിതികളുമൊക്കെയുണ്ട്‌. ആഴ്‌ചകള്‍നീണ്ട സാഹസയാത്രയുടെ അവസാനഘട്ടത്തിലാണല്ലൊ  ഈ യാത്രക്കാരി.
ഉറക്കംപൂണ്ടടയുന്ന കണ്ണുകളെ ബലമായി തുറന്നുപിടിച്ചിരിക്കെ പടിക്കെട്ടിനു പിന്നില്‍നിന്ന്‌ രണ്ടു തുറിച്ചകണ്ണുകള്‍ തന്നിലേക്കു നീളുന്നതായി യാത്രക്കാരിക്കു തോന്നി. മറ്റുയാത്രക്കാരാരെങ്കിലും വരുന്നുണ്ടോ എന്ന്‌ തിടുക്കപ്പെട്ട്‌ തിരിഞ്ഞുനോക്കുന്നതിനിടയില്‍ പിന്നില്‍ പതുങ്ങിനിന്ന കണ്ണുകളുടെ ഉടമ യാത്രികയുടെ മുന്നിലെത്തി. പെണ്ണിന്റെ ചര്‍മ്മം ചുറ്റിയ ഒരസ്ഥികൂടമായിരുന്നു അത്‌. മുഷിഞ്ഞ നൈലോണ്‍സാരിയും ബ്ലൗസും കൊണ്ട്‌ പുറംപൊതിഞ്ഞ ആ വികൃതരൂപത്തിന്‍റെ  താടിയെല്ലുകള്‍ തുറന്നടഞ്ഞു. തനിക്ക്‌ പോകേണ്ട ട്രെയിനിന്റെ പേരും സമയവും ചോദിച്ചതാണെന്നു മനസ്സിലാക്കിയ യാത്രക്കാരി വിവരം പറഞ്ഞു: സമയമെത്രയായി എന്നാണ്‌ അടുത്തചോദ്യമെന്നു കരുതി വാച്ചില്‍നോക്കി കൃത്യസമയം പറഞ്ഞുകൊടുത്തു. ഇനിയും സമയമുണ്ട്‌ എന്ന്‌ പിറുപിറുത്തുകൊണ്ട്‌ ആ രൂപം യാത്രക്കാരിക്കരികില്‍ കുത്തിയിരുന്ന്‌ ഒരു മോഷ്‌ടാവിന്‍റെ  ആര്‍ത്തിയോടെ അവരുടെ കൈയിലും കാതിലും കഴുത്തിലുമൊക്കെ കണ്ണെറിഞ്ഞു. സ്വയരക്ഷയെന്നോണം കാതും കഴുത്തും കൈകളും ദുപ്പട്ടകൊണ്ട്‌ മൂടി ബാഗുകള്‍ ശരീരത്തോടു ചേര്‍ത്തുപിടിച്ച്‌ യാത്രക്കാരി ഉണര്‍ന്നിരുന്നു. 
കുറേക്കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പടികളിറങ്ങിവരുന്നതും ആ രൂപം എണീറ്റ്‌ അയാളുടെ അരികിലേക്ക്‌ പോകുന്നതും കണ്ടു. എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൈമാറിയശേഷം അയാള്‍ അവിടെയൊക്കെ ചുറ്റിപ്പറ്റിനില്‍ക്കുകയും ആ രൂപം വീണ്ടും തന്റെയരികില്‍ നിലയുറപ്പിക്കുകയും ചെയ്‌തതോടെ .യാത്രക്കാരിയുടെ മനസ്സില്‍ ഭയവിചാരങ്ങളുടെ വേലിയേറ്റം തുടങ്ങി. തീര്‍ച്ചയായും ഇവര്‍ മോഷ്‌ടാക്കള്‍ തന്നെ. ഏതുനിമിഷവും തന്‍റെ  കഴുത്തിലെ സ്വര്‍ണ്ണച്ചെയിന്‍ പൊട്ടിച്ചെടുത്തേക്കാം, കമ്മലുകള്‍ കാതോടെ പറിച്ചെടുത്തേക്കാം, കൈത്തണ്ടയിലെ ഇറുകിയ വളകള്‍ കയ്യോടെ മുറിച്ചെടുത്തേക്കാം. രക്തത്തില്‍ കുതിര്‍ന്ന സ്വന്തം ശരീരം കാഴ്‌ചയില്‍ നിറച്ചുകൊണ്ട്‌ യാത്രക്കാരിയുടെ ഉള്‍നാവ്‌ സഹായത്തിനായി നിലവിളിച്ചു. കേള്‍വിക്കാരില്ലാത്ത നിലവിളികളെ സ്വയം വിഴുങ്ങിക്കൊണ്ട്‌ അവര്‍ മോഷ്‌ടാക്കളില്‍ മിഴിനട്ടിരുന്നു.
മണി ഒന്നര. ട്രെയിന്‍ വരാന്‍ ഇനിയും സമയം ബാക്കി. ഈ മോഷ്‌ടാക്കള്‍ തന്റെ കണ്ണുകളില്‍ നിദ്രയെത്തുന്നതും കാത്തുനില്‍പാ ണോ? യാത്രക്കാരി കണ്ണുകളില്‍നിന്ന്‌ ഉറക്കത്തെ ഓടിച്ചുവിട്ടു.
ആശങ്കയുടെ മറ്റൊരു നിമിത്തമെന്നപോലെ ഇഴഞ്ഞെത്തിയ ഭാരവണ്ടി മുന്നിലെ പാളത്തില്‍ നിലയുറപ്പിച്ചു. തുറന്ന ബോഗികളില്‍ വെളുത്ത പാറകള്‍ കൂര്‍ത്തുനില്‍ക്കുന്നു. ഏതോ കുന്നിന്‍റെ  അസ്ഥിത്തുണ്ടുകള്‍! പുതിയപാതകള്‍ക്ക്‌ നിലമൊരുക്കാനാവും. 
പിന്നിലെ പാളത്തില്‍ വിശ്രമിക്കുന്ന യാത്രക്കാരില്ലാത്ത വണ്ടി. മുന്നില്‍ പാറവണ്ടി. ഏകാകിയായി ഒരു തുരങ്കത്തില്‍ അകപ്പെട്ടാലെന്നപോലെ യാത്രക്കാരിയുടെ ഉള്ളം ഭയംകൊണ്ട്‌ നിറഞ്ഞു. 
ഒളിസ്ഥലങ്ങളില്‍നിന്ന്‌ പുറത്തുചാടിയ എലികള്‍ ബാഗിനു ചുറ്റും ഓടിക്കളിക്കാന്‍ തുടങ്ങിയതോടെ ഉളിപ്പല്ലന്മാരായ എലികളും 
ആശങ്കകളില്‍ കടന്നുകൂടി. വീട്ടിലെ കുട്ടികള്‍ക്കായി ഭൂട്ടാനിലെ ആപ്പിളും ചുവന്നരി വറുത്തതും ബംഗാള്‍കേക്കും കരുതിവച്ച ട്രോളിബാഗ്‌ മുന്നിലേക്ക്‌ നീക്കിവച്ച്‌ സിപ്പുകള്‍ ഭദ്രമാണെന്നുറപ്പുവരുത്തുമ്പോള്‍ ഒരു പതാകച്ചുരുള്‍ കണ്ണില്‍ തെളിഞ്ഞു. ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പുരാതനമായ ബുദ്ധക്ഷേത്രത്തിലെ പ്രവചനസിദ്ധിയുള്ളൊരു സന്യാസി നാളും പേരും നോക്കി തിരഞ്ഞെടുത്തുനല്‍കിയ പ്രാര്‍ത്ഥനാപതാകയായിരുന്നു അത്‌. അതിലെഴുതിയിരിക്കുന്ന ഉച്ചാടനമന്ത്രങ്ങളും പ്രാര്‍ത്ഥനകളും സകലവിധ ബാധകളില്‍നിന്നും കാത്തുകൊള്ളുമെന്ന സന്യാസീവചനം മഞ്ഞുമലകള്‍ തുളച്ച്‌ കാതിലെത്തി. ദിവ്യമായൊരു കാവല്‍മന്ത്രം കൈയ്യിലുള്ളപ്പോള്‍ താനെന്തിനാണ്‌ മോഷ്‌ടാക്കളെയും എലികളെയും ഭയപ്പെടുന്നത്‌! യാത്രക്കാരി പ്രാര്‍ത്ഥനാപതാക പുറത്തെടുത്ത്‌ ചുരുള്‍നിവര്‍ത്തിനോക്കി. അതില്‍ ബുദ്ധന്മാരുടെ രക്ഷാമൂര്‍ത്തിയായ ഗുരുപത്മസംഭവ പത്‌നിമാരായ മെന്തരാവയോടും യെഷേ സൊഗ്യാലിനോടുമൊപ്പമുള്ള ചിത്രം മുദ്രണം ചെയ്‌തിരിക്കുന്നു. അതിനു താഴെയായി പ്രകൃതിവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ പ്രാര്‍ത്ഥനാമന്ത്രങ്ങളും. വായിക്കാനറിയാത്ത മന്ത്രങ്ങളില്‍ മിഴിനട്ട്‌ യാത്രക്കാരി ഗുരുവിനെ സ്‌മരിച്ചു. 
ചോരയൂറ്റുന്ന കൊതുകുകളെ ആട്ടിത്തുരത്തിയും ഇടയ്‌ക്കിടെ മുഴങ്ങുന്ന അറിയിപ്പുകള്‍ക്ക്‌ കാതോര്‍ത്തുമിരിക്കെ സ്‌പെഷ്യല്‍ട്രെയിനിലേക്കുള്ള രണ്ടു യാത്രക്കാര്‍ കൂടി വന്നുചേര്‍ന്നു. യാത്രക്കാരിയുടെ മുഖത്ത്‌ ഭയമോചനത്തിന്റെ തെളിച്ചം പരന്നു. മോഷ്‌ടാക്കളുടെ മുഖത്ത്‌ നിരാശപടരുന്നതും ചെറുപ്പക്കാരന്‍ തുറിച്ചുനോട്ടക്കാരിയെ അരികില്‍വിളിച്ച്‌ എന്തോ പറഞ്ഞിട്ട്‌ പടിക്കെട്ടുകള്‍ കയറിപ്പോകുന്നതും കണ്ടു. 
പൊടുന്നനെ മറ്റൊരു ചെറുപ്പക്കാരന്‍ പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷയോടെ അരികിലെത്തിയ സ്‌തീരൂപത്തോട്‌ `ഇതില്‍ ഒന്നുമില്ല' എന്ന്‌ വേവലാതിപ്പെട്ടുകൊണ്ട്‌ കൈയിലിരുന്ന മണിപേഴ്‌സ്‌ പാളങ്ങള്‍ക്കിടയിലേക്ക്‌ വലിച്ചെറിഞ്ഞു. അതിന്‍റെ  വായ്‌തുറന്ന്‌ പുറത്തു ചാടിയ കടലാസ്സുതുണ്ടുകള്‍ ഏതോ അപരിചിതന്‍റെ  യാത്രാരേഖകളു ടെയും വിസാകാര്‍ഡിന്‍റെയുമൊക്കെ   രൂപത്തില്‍ ചിതറിക്കിടന്നു. സാമ്പത്തികമനുഷ്യന്‌ അത്യാവശ്യമായ കാര്‍ഡുകളും കടലാസുകളും പാഴ്‌വസ്‌തുക്കള്‍ മാത്രമായി മാറുന്ന കാഴ്‌ച കണ്ട്‌ അമ്പരന്നിരുന്ന യാത്രക്കാരിക്കു മുന്നിലൂടെ ഒരു കായികതാരത്തിന്‍റെ  മെയ്‌വഴക്കത്തോടെ അയാള്‍ പാറവണ്ടി ചാടിക്കടന്ന്‌ പുറത്തേക്കുള്ള വഴിയില്‍ മറഞ്ഞു.
സമയം രണ്ടുനാല്‍പത്‌. വണ്ടിവരാന്‍ അഞ്ചുമിനിറ്റ്‌ മാത്രം ബാക്കി. മൂന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പാറവണ്ടി. സ്‌പെഷ്യല്‍ ട്രെയിന്‍ എവിടെയായിരിക്കും എത്തുക? യാത്രക്കാരിക്ക്‌ അങ്കലാപ്പായി. 
ഒടുവില്‍, ആശങ്കയ്‌ക്ക്‌ വിരാമമിട്ടുകൊണ്ട്‌ അറിയിപ്പു മുഴങ്ങി: യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌ : കമാഖ്യ-സെല്‍ദ സ്‌പെഷ്യല്‍ ട്രെയിന്‍ ഇരുപതുമിനിറ്റ്‌ വൈകിയോടുന്നു. ഓഹ്‌, സമാധാനമായി. അപ്പോഴേക്കും പാറവണ്ടി പോകുമായിരിക്കും. 
ഇതിനകം നാലഞ്ചു യാത്രക്കാര്‍കൂടി എത്തിച്ചേര്‍ന്നിരുന്നു. ചിലര്‍ റെയില്‍വേയുടെ കൃത്യനിഷ്‌ടയില്ലായ്‌മയില്‍ കുണ്‌ഠിതപ്പെട്ടുകൊണ്ട്‌ പ്ലാറ്റ്‌ഫാമിലേക്കിറങ്ങാതെ മേല്‍പ്പാലത്തില്‍ത്തന്നെ നില്‌പാണ്‌; അവസാനനിമിഷം പ്ലാറ്റ്‌ഫാമിനും മാറ്റം വന്നാലോ?
മൂന്നുമണിയായപ്പോഴേക്കും പാറവണ്ടി മെല്ലെമെല്ലെ മുന്നോട്ടുനീങ്ങി. മേല്‍പ്പാലത്തില്‍ നിന്നവര്‍ പ്ലാറ്റ്‌ഫാമിലേക്കിറങ്ങിവന്നു. കുശലവര്‍ത്തമാനങ്ങളും ഒച്ചയനക്കങ്ങളുമായി പ്ലാറ്റ്‌ഫാമിന്‌ ജീവന്‍വച്ചു. 
ഭയാശങ്കകളകന്ന യാത്രക്കാരിയുടെ തെളിഞ്ഞ കണ്ണുകള്‍ തുറിച്ചുനോട്ടക്കാരിയെ തിരഞ്ഞു.
 അവള്‍ പടിക്കെട്ടിനടിയില്‍ തലമൂടിക്കിടക്കുന്ന മനുഷ്യരൂപത്തിനരികില്‍ തളര്‍ന്നിരുന്ന്‌ കണ്ണീര്‍വാര്‍ക്കുന്നു! 
മറുപടി കിട്ടാത്തൊരു ചോദ്യം യാത്രക്കാരിയുടെ മനസ്സിലൂടെ മിന്നല്‍ച്ചീളുപോലെ കടന്നുപോയി.

No comments:

Post a Comment