Sunday, 22 October 2017

മാറ്റം (കഥ) - എസ്‌.സരോജം










`ഇവരെ രണ്ടുപേരെയും നമുക്ക്‌ ഇവിടെനിന്ന്‌ മാറ്റിയാലോ?                                                 

              പ്രദര്‍ശനക്കൂട്ടിലെ ബോധിസത്വന്‍റെയും                                  മാവോയുടെയും ശില്‍പങ്ങളില്‍ കണ്ണയച്ചുകൊണ്ട്‌ രേണുക ചോദിച്ചു. 
`എന്താ നിന്‍റെ ഉദ്ദേശം?' സഖാവ്‌ സുബോധ്‌ കൃഷ്‌ണന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി.

`ഇന്നലെ വന്ന ഫെങ്‌ഷുയി ഐറ്റംസ്‌ ഇവിടെ വച്ചാല്‍ നല്ല എക്‌സ്‌പോഷറാവും.' ഒരു കച്ചവടതന്ത്രം അവതരിപ്പിക്കുന്ന ഭാവത്തില്‍ അവള്‍ പറഞ്ഞു.
`ഫീല്‍ ദി ഏസ്‌തറ്റിക്‌ ആന്റ് ഐഡിയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ഓഫ്‌ ആര്‍ട്ട്‌ ആന്റ്‌ ക്രാഫ്‌റ്റ്‌ അണ്ടര്‍ ഒണ്‍ റൂഫ്‌' എന്ന പരസ്യവാചകത്തില്‍ നോക്കിക്കൊണ്ട്‌, ഒരു ചെറുചിരിയോടെ അയാള്‍ പറഞ്ഞു: `ആയിക്കോട്ടെ. രണ്ടുപേരെയും എന്‍റെ മുറിയിലേക്ക്‌ മാറ്റി പ്രതിഷ്‌ഠിച്ചോളൂ.' 
പഴമയുടെ ഗന്ധം വമിച്ചിരുന്ന ആര്‍ട്ട്‌സ്‌ ഷോപ്പിന്‌ പുതുമയുടെ മണവും പ്രസരിപ്പുമുണ്ടായത്‌ അവള്‍ ജോലിക്കെത്തിയതോടെയാണ്‌. സുബോധ്‌ ആര്‍ട്ട്‌സ്‌ ആന്റ്‌ ഹാന്റിക്രാഫ്‌റ്റ്‌സ്‌ എന്ന പേരിനു താഴെ ആകര്‍ഷകമായ പരസ്യവാചകം എഴുതിച്ചേര്‍ത്തത്‌ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു. പക്ഷേ അതെത്ര നന്നായി എന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ ബോദ്ധ്യമാവുകയും ചെയ്‌തു. ആദിവാസി കോളനിയിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ ഈറത്തണ്ടുകൊണ്ടുണ്ടാക്കുന്ന പേനയും കരകൗശലവസ്‌തുക്കളുമല്ലാതെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ പറ്റിയ മോഡേണ്‍ ഐറ്റംസ്‌ ഒന്നും ഉണ്ടായിരുന്നില്ല കടയില്‍. അടുക്കളയൊഴികെ ആകെ രണ്ടുമുറികള്‍ മാത്രമുള്ള വീടിനെ കരകൗശലവസ്‌തുക്കളുടെ വില്‍പ്പനകേന്ദ്രമാക്കി മാറ്റിയത്‌ ലാഭം പ്രതീക്ഷിച്ചുമായിരുന്നില്ല; വെറുമൊരു സാമൂഹ്യസേവനം എന്നുമാത്രമേ കരുതിയിരുന്നുള്ളൂ. കൃത്രിമച്ചായങ്ങളുടെ വിഷം കലരാത്ത നാടന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ആദ്യമൊക്കെ നല്ല ഡിമാന്റായിരുന്നു. പിന്നെപ്പിന്നെ മോടിയില്ലാത്തതും വിലകുറഞ്ഞതുമായ പഴയ ഇനങ്ങളോട്‌ ആളുകള്‍ക്ക്‌ താല്‍പര്യം കുറഞ്ഞുതുടങ്ങി. വിലപിടിപ്പുള്ള പുതിയ ഇനങ്ങള്‍ വരുത്തിവച്ച്‌ വില്‍പ്പന കൊഴുപ്പിക്കുന്നതില്‍ താത്‌പര്യം തോന്നിയതുമില്ല. അങ്ങനെ ആര്‍ക്കും വേണ്ടാത്ത കുറേ സാധനങ്ങള്‍ പുരാവസ്‌തുക്കളെപ്പോലെ തട്ടുകളില്‍ പൊടിയടിച്ചിരിക്കുമ്പോഴാണ്‌ രേണുകയുടെ വരവ്‌.
'ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞുവേണം സാധനങ്ങള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കേണ്ടത്‌, അല്ലാതെ സാമൂഹ്യസേവനം എന്നുപറഞ്ഞ്‌ എന്തെങ്കിലുമൊക്കെ വരുത്തിവച്ചാല്‍ വിറ്റുപോവില്ല.'
ബുദ്ധിമതിയായ രേണുക പുതിയ തലമുറയുടെ കച്ചവടതന്ത്രങ്ങള്‍ ഓരോന്നായി പരീക്ഷിച്ചുതുടങ്ങി. കട ലാഭകരമായി നടത്തിക്കൊണ്ടുപോകേണ്ടത്‌ അവളുടെ ആവശ്യമാണിപ്പോള്‍. മാസങ്ങള്‍ക്കുമുമ്പ്‌ ഒരു ബൈക്കപകടത്തില്‍ ഭര്‍ത്താവ്‌ മരണപ്പെട്ടതോടെ അവള്‍ക്കും കുഞ്ഞിനും ജീവിതം വഴിമുട്ടി. തല്‍ക്കാലം ചെറിയൊരു വരുമാനം ആയിക്കോട്ടെ എന്നുകരുതിയാണ്‌ അവളെ കടയിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്‌. സ്‌നേഹിതന്‍റെ മകളാണെങ്കിലും തനിക്ക്‌ സ്വന്തം മകളെപ്പോലെയാണവള്‍. അവളും കുഞ്ഞും പട്ടിണിയാവാതെ നോക്കേണ്ടത്‌ തന്‍റെ കടമയാണെന്ന തോന്നലാവാം അവളുടെ പുതിയ കച്ചവടതന്ത്രങ്ങള്‍ക്ക്‌ സമ്മതം മൂളാന്‍ അവശനായ തനിക്ക്‌ പ്രേരണയാവുന്നത്‌. അതോ ആദര്‍ശ വഴികളില്‍ ഒറ്റപ്പെട്ടുപോയവന്‍റെ നിസ്സഹായതയോ? എന്തായാലും തനിച്ചിരുന്ന്‌ തുരുമ്പുപിടിച്ച ചിന്തകളെ കുറച്ചെങ്കിലും മിനുസപ്പെടുത്താന്‍ രേണുവിനും കുഞ്ഞിനും സാധിക്കുന്നു എന്നത്‌ സത്യമാണ്‌.
രേണുക ബുദ്ധനെയും മാവോയെയും പ്രദര്‍ശനച്ചുവരില്‍നിന്ന്‌ ഇളക്കിയെടുത്ത്‌ തുടച്ചുമിനുക്കി അകത്തെ ചുവരില്‍ വച്ചു. ഈ കട തുടങ്ങിയകാലത്ത്‌ അവരിലായിരുന്നു എല്ലാവരുടെയും നോട്ടമെത്തിയിരുന്നത്‌. അന്ന്‌ അവരെ രണ്ടുപേരെയും ബോധപൂര്‍വ്വം മുന്നില്‍ത്തന്നെ പ്രതിഷ്‌ഠിക്കുകയായിരുന്നു. വിപ്ലവരാഷ്‌ട്രീയം വിട്ടുപോന്ന കാലത്ത് മനസ്സിന്‍റെ അശാന്തികളെ ശാന്തചിത്തനായ ബുദ്ധന്‍റെ ശില്‍പത്തില്‍ ആവാഹിച്ചിരുത്താനുള്ള വിഫലശ്രമം. ബുദ്ധന്‍റെ അഹിംസയും മാവോയുടെ വിപ്ലവവും ഇന്ന്‌ കാലഹരണപ്പെട്ട ചിന്തകള്‍ മാത്രമായിരിക്കുന്നു. ഇനി രണ്ടാള്‍ക്കും പറ്റിയത്‌ അല്‍പം ഇരുട്ടുള്ള ഇടം തന്നെ.

`രേണൂ, നീ വല്ലാതെ വിയര്‍ക്കുന്നല്ലോ കുട്ടീ. അല്‍പം വിശ്രമിക്ക്‌. ബാക്കി നാളെയാവാം.' `ജോലിചെയ്‌താല്‍ വിയര്‍ക്കും. അതിനര്‍ത്ഥം വിശ്രമിക്കണം എന്നല്ല. ഇതുമുഴുവന്‍ ഇന്നുതന്നെ അടുക്കിവയ്‌ക്കണം. നാളെ അമ്പലത്തില്‍ ഉല്‍സവം തുടങ്ങുകയല്ലേ. ഒരാഴ്‌ചകൊണ്ട്‌ ഇതെല്ലാം വിറ്റുതീരും. അതിനുമുമ്പ്‌ കുറേ നല്ല ഐറ്റംസ്‌ കൂടി വരുത്തിവയ്‌ക്കണം.'
അവള്‍ അടുക്കിവച്ച പുതിയ ഐറ്റങ്ങളിലേക്കു സുബോധിന്റെ ശ്രദ്ധതിരിഞ്ഞു. ബുദ്ധനിരുന്ന സ്ഥാനത്ത്‌ കുബേരന്‍. മാവോയിരുന്ന സ്ഥാനത്ത്‌ നഖങ്ങളില്‍ രത്‌നങ്ങള്‍ മുറുക്കിപ്പിടിച്ച ഡ്രാഗണ്‍. താഴത്തെ റാക്കുകളില്‍ ക്രിസ്റ്റല്‍ ഗ്ലോബ്‌, വായില്‍ നാണയം തിരുകിയ മൂന്നുകാലന്‍ തവള, ടോര്‍ട്ടോയിസ്‌, മല്‍സ്യജോഡികള്‍, താറാറ്വുകള്‍.... എല്ലാം മാറുന്ന ചൈനയുടെ ഭാഗ്യപ്രതീകങ്ങള്‍!
`ഇതൊക്കെ ഇവിടെ വിറ്റുപോവുമോ രേണൂ?' അയാള്‍ ആശങ്കയോടെ ചോദിച്ചു.
`കൊള്ളാം! ഇവിടെ ഇതിനൊക്കെ വലിയ ഡിമാന്റല്ലേ, അന്ധവിശ്വാസത്തിന്‍റെ ചില്ലകള്‍ പടരുന്നത്‌ ഇസങ്ങളെക്കാള്‍ വേഗത്തിലാണ്‌.'
`എന്നാലും...... വിപ്ലവസൂര്യന്‍റെ നാട്ടില്‍നിന്നും ഇപ്പോള്‍ ഇതൊക്കെയാണല്ലൊ ഇങ്ങോട്ടുവരുന്നത്‌!'
`ഇപ്പോള്‍ അവിടെ മുഴങ്ങുന്നത്‌ മാവോസൂക്തങ്ങളോ വസന്തത്തിന്‍റെ ഇടിമുഴക്കങ്ങളോ അല്ലല്ലോ. `ദി കാര്‍ണല്‍ പ്രെയര്‍മാറ്റ്‌' പോലുള്ള രതിസാഹിത്യങ്ങളും വിലകുറഞ്ഞ കച്ചവടതന്ത്രങ്ങളുമൊക്കെയല്ലേ? ഇവിടെയും പീക്കിംഗ്‌ റേഡിയോവിനു കാതോര്‍ത്തിരുന്ന വിപ്ലവജീവികളുടെ വംശമറ്റില്ലേ?'
അവളുടെ ചോദ്യങ്ങള്‍ അറുപതുകളിലെയും എഴുപതുകളിലെയും വിപ്ലവ രാഷ്‌ട്രീയത്തിന്‍റെ പഴകിപ്പൊടിഞ്ഞ താളുകള്‍ അയാള്‍ക്കുമുന്നില്‍ തുറന്നിട്ടു. ആ താളുകള്‍ക്കിടയില്‍നിന്ന്‌ ഒരു ചുവന്ന പീലിയെടുത്ത്‌ അയാള്‍ പ്രണയപൂര്‍വ്വം തഴുകാന്‍തുടങ്ങി. ദൂരബോധമില്ലാത്ത സ്വപ്‌നയാനംപോലെ അത്‌ അയാളെയുംകൊണ്ട്‌ പറന്നു; അകലേക്കകലേക്ക്‌; ഒരു ചുവന്നനക്ഷത്രത്തിലേക്ക്‌.

No comments:

Post a Comment