Monday, 4 December 2017

കോണാര്‍ക്കിലെ സൂര്യക്ഷേത്രം (യാത്രാക്കുറിപ്പ്‌) എസ്‌.സരോജം



 എ.ഡി പതിമൂന്നാം നൂറ്റാണ്ടില്‍, ചന്ദ്രഭാഗ നദീമുഖത്ത്‌, പന്ത്രണ്ടായിരം ആളുകള്‍ പന്ത്രണ്ടു കൊല്ലംകൊണ്ട്‌ കല്ലില്‍ കൊത്തിയുണ്ടാക്കിയ സുന്ദരമായ കവിത; പൂജകളും പുഷ്‌പാര്‍ച്ചനകളുമില്ലാതെ ജൈവകാമനകളെ സൂര്യവെളിച്ചത്തിലേക്ക്‌ തുറന്നുവച്ച ശില്‍പക്ഷേത്രം, ജീവനെന്ന അത്ഭുതപ്രതിഭാസത്തിന്‍റെ  കാരണഭൂതനായ സൂര്യദേവന്‌ സമര്‍പ്പിച്ചിരിക്കുന്ന മഹാക്ഷേത്രസമുച്ചയം; കോണാര്‍ക്കിലെ സൂര്യക്ഷേത്രം!
 ഇവിടത്തെ പ്രൗഢക്കാഴ്‌ചകളുടെ ചാരുവിസ്‌മയങ്ങള്‍ വാക്കുകളിലൊതുങ്ങുന്നതല്ല. എങ്കിലും രവീന്ദ്രനാഥ ടാഗോറിന്‍റെ 
 ഒരു വാചകം കടമെടുത്തു പറയട്ടെ; `ഇവിടെ മനുഷ്യന്‍റെ  ഭാഷയെ കല്ലുകളുടെ ഭാഷ പരാജയപ്പെടുത്തുന്നു.' 



അതിരാവിലെ പുരിയിലെ ജഗന്നാഥനെ കണ്ടുവണങ്ങിയശേഷമായിരുന്നു മുപ്പത്തഞ്ചു കിലോമീറ്ററകലെ സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രത്തിലേക്കുള്ള യാത്ര. 
കാറ്റാടിമരങ്ങളെ തഴുകിക്കൊണ്ട്‌ ഒപ്പം സഞ്ചരിക്കുന്ന കടല്‍ക്കാറ്റ്‌. വിശാലമായ റോഡിന്‍റെ  ഒരുവശത്ത്‌ കണ്ടും കാണാതെയും ബംഗാള്‍ ഉള്‍ക്കടല്‍, മറുവശത്ത്‌ കുറേ ദൂരത്തോളം ഹരിതസമൃദ്ധമായ സംരക്ഷിതവനം. പുരിയിലെ നഗരക്കാഴ്‌ചകളില്‍നിന്നും തികച്ചും വ്യത്യസ്‌തസുന്ദരമായ ഗ്രാമപ്രകൃതി. പലപ്പോഴും ഒരു കേരളഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി. 

ഇടയ്‌ക്ക്‌ ചന്ദ്രഭാഗ ബീച്ചിലിറങ്ങി അല്‍പനേരം തിരമാലകളോടും മണല്‍ത്തരികളോടും കിന്നാരംചൊല്ലി. ചകിരികൊണ്ടുണ്ടാക്കിയ കരകൗശലവസ്‌തുക്കളും ഇളനീര്‍ക്കുടങ്ങളും നിരത്തിവച്ച സ്റ്റാളുകള്‍ യാത്രക്കാരെ ആകര്‍ഷിച്ച്‌ നിരന്നിരിക്കുന്നു. കടല്‍ത്തീരത്തുനിന്ന്‌ മൂന്നുകിലോമീറ്റര്‍ ദൂരമുണ്ട്‌ കോണാര്‍ക്കിലേക്ക്‌. ഒറീസ്സയിലെ പുരി ജില്ലയില്‍ കോണാര്‍ക്ക്‌ എന്ന ചെറുപട്ടണത്തിലാണ്‌ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ക്ഷേത്രത്തിന്‌ സമീപമുള്ള കവലയില്‍ ടാക്‌സി നിര്‍ത്തി. വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്കാണവിടെ. അഞ്ചുമിനിറ്റ്‌ നടക്കാനുള്ള ദൂരമേയുള്ളൂവെങ്കിലും ആട്ടോറിക്ഷക്കാരുടെ പ്രലോഭനങ്ങളില്‍വീണാല്‍ വട്ടംചുറ്റിയതുതന്നെ.
 വെയിലേറ്റുവാടിയ ഗൈഡുകളുടെ പ്രലോഭനവും നടവഴിയില്‍ ഒപ്പമുണ്ടാവും. ഇരുവശത്തുമുള്ള സ്റ്റാളുകളില്‍ ആകര്‍ഷകങ്ങളായ കരകൗശലവസ്‌തുക്കള്‍. 

ക്ഷേത്രത്തിലേക്കുള്ള പ്രവേശനഭാഗത്ത്‌ ഇരുവശത്തായി ദ്വാരപാലകരെപ്പോലെ നില്‍ക്കുന്ന രണ്ട്‌ ശില്‍പങ്ങള്‍ക്ക്‌ സിംഹഗജ എന്ന്‌ പേര്‌. മുകളില്‍ ഉഗ്രപ്രതാപിയായ സിംഹം, നടുവില്‍ സിംഹത്തിന്‍റെ  ചവിട്ടേറ്റ്‌ ഞെരിയുന്ന ആന, അടിയില്‍ മണ്ണില്‍ കമഴ്‌ന്നുവീണുകിടക്കുന്ന മനുഷ്യന്‍. സിംഹം അഹങ്കാരത്തെയും ആന സമ്പത്തിനെയും സൂചിപ്പിക്കുന്നു. ഇതുരണ്ടും നിമിത്തം നാശത്തിലേക്ക്‌ നിപതിച്ച മനുഷ്യനെയാണ്‌ സിംഹഗജ പ്രതിനിധാനംചെയ്യുന്നത്‌. 

നടമന്ദിരം കടന്നാല്‍ പ്രധാനമന്ദിരമായി. വാത്സ്യായനചരിതവും പാലാഴിമഥനം ഉള്‍പ്പെടെയുള്ള പുരാണകഥകളും ദേവീദേവന്മാരുടെയും നര്‍ത്തകരുടെയും ശില്‍പങ്ങളും മിത്തിക്കല്‍ രൂപങ്ങളും ചുവര്‍ശിലകളിലെമ്പാടും കൊത്തിവച്ചിരിക്കുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും ശില്‍പങ്ങള്‍കൊണ്ട്‌ പ്രധാനശില്‍പങ്ങളെ തമ്മില്‍ വേര്‍തിരിക്കന്നു.

 ഏഴു കുതിരകള്‍ വലിക്കുന്ന സൂര്യരഥത്തിന്‍റെ  മാതൃകയിലാണ്‌ ക്ഷേത്രത്തിന്‍റെ  പ്രധാനമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്‌. രഥത്തിന്‌ ഇരുവശങ്ങളിലായി ഇരുപത്തിനാല്‌ ചക്രങ്ങളുണ്ട്‌. ഓരോ ചക്രത്തിനും എട്ട്‌ ആരക്കാലുകള്‍ വീതവും. സൂര്യഘടികാരങ്ങളായി പ്രവര്‍ത്തിക്കുന്ന ഇരുപത്തിനാല്‌ ചക്രങ്ങള്‍ ഇരുപത്തിനാല്‌ മണിക്കൂറുകളെയും എട്ട്‌ ആരക്കാലുകള്‍ മൂന്ന്‌ മണിക്കൂര്‍വീതമുള്ള എട്ട്‌ പ്രഹരങ്ങളെയും സൂചിപ്പിക്കുന്നു. ഇവയുടെ നിഴല്‍ നോക്കി കൃത്യമായി സമയം കണക്കാക്കാം, കാലാവസ്ഥ നിര്‍ണ്ണയിക്കുകയുമാവാം.
ഉദയസൂര്യന്‍റെ  ആദ്യകിരണം പ്രവേശനകവാടത്തിലൂടെ നടമന്ദിരം(നൃത്തമണ്‌ഡപം) കടന്ന്‌ പ്രധാന പ്രതിഷ്‌ഠയുടെ നടുവില്‍ പതിച്ചിരിക്കുന്ന വജ്രത്തില്‍ തട്ടി പ്രതിഫലിക്കത്തക്കവണ്ണം കൃത്യതയോടെ കിഴക്കുദര്‍ശനമായിട്ടാണ്‌ ക്ഷേത്രം പണിതിരിക്കുന്നത്‌. കോണ (ദിക്ക്‌), ആര്‍ക്ക്‌ (അര്‍ക്കന്‍) എന്നീ രണ്ട്‌ സംസ്‌കൃതപദങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌ സൂര്യന്‍റെ  ദിക്ക്‌ എന്നര്‍ത്ഥമുള്ള കോണാര്‍ക്ക്‌.



ഗംഗ രാജവംശത്തില്‍പ്പെട്ട നരസിംഹദേവന്‍റെ  ഭരണകാലത്താണ്‌ (1238 മുതല്‍ 1250 വരെ) ശില്‍പാലങ്കൃതമായ സൂര്യക്ഷേത്രത്തിന്‍റെ  നിര്‍മ്മിതി. ബൂദ്ധതത്വങ്ങളില്‍ ആകൃഷ്‌ടരായ ജനങ്ങള്‍ ലൈംഗികതയില്‍നിന്നും അകന്നുപോവുകയും ജനസംഖ്യയില്‍ കുറവുണ്ടാവുകയും ചെയ്‌ത സാഹചര്യത്തില്‍ യുവാക്കളെ രതിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ്‌ വാത്സ്യായനചരിതം ക്ഷേത്രശിലകളില്‍ കൊത്തിവയ്‌ക്കാന്‍ രാജാവ്‌ നിഷ്‌കര്‍ഷിച്ചതെന്ന്‌ കരുതപ്പെടുന്നു.

 എന്നാല്‍ ചില ശിലകളില്‍ കാണുന്ന ബഹുസ്‌ത്രീപുരുഷ രതിവിനോദങ്ങളുടെയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള രതിചേഷ്‌ടകളുടെയും ശില്‍പങ്ങള്‍ മനുഷ്യരതിയെ കേവലം പ്രത്യുത്‌പാദനപരതയില്‍ മാത്രം ഒതുക്കിനിര്‍ത്തുന്ന സദാചാരസങ്കല്‍പങ്ങളെയെല്ലാം അതിലംഘിക്കുന്നതും അന്നത്തെ സാമൂഹ്യസാംസ്‌കാരിക അവസ്ഥകളിലേക്ക്‌ വെളിച്ചം വീശുന്നതുമാണ്‌. 

കൃഷ്‌ണപുത്രനായ സാമ്പയുടെ കുഷ്‌ടരോഗം സൂര്യഭഗവാന്‍ സുഖപ്പെടുത്തിയെന്നും നന്ദിസൂചകമായി അദ്ദേഹം നിര്‍മ്മിച്ചതാണ്‌ സൂര്യക്ഷേത്രമെന്നുമാണ്‌ ഐതിഹ്യം. പുരാതനകാലം മുതല്‍ക്കേ ഇവിടെ സൂര്യാരാധന ഉണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌ സാമ്പപുരാണത്തിലെ ഈ കഥ 
ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ വാമൊഴിപ്രചാരത്തിലുള്ള പല കഥകളുമുണ്ട്‌. ഒരു കഥയിങ്ങനെ: പണി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതില്‍ ക്ഷുഭിതനായ രാജാവ്‌ മൂന്നുദിവസത്തെ സമയപരിധി നിശ്ചയിച്ചു. അതിനുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ ശില്‍പികളുടെ ശിരസ്സ്‌ ച്ഛേദിക്കുമെന്നും കല്‍പിച്ചുവത്രെ. കഴിവിന്‍റെ  പരമാവധി ശ്രമിച്ചിട്ടും അമ്പത്തിരണ്ടു ടണ്‍ ഭാരമുള്ള മാഗ്നറ്റിക്‌ സ്റ്റോണ്‍ ഗര്‍ഭഗൃഹത്തിന്‍റെ  ഉച്ചിയിലെത്തിക്കാന്‍ ശില്‍പികള്‍ക്ക്‌ കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ പ്രധാനശില്‍പിയായ ബിസു മഹാറാണയുടെ പന്ത്രണ്ടുവയസ്സുള്ള മകന്‍ ധര്‍മ്മപാദ അച്ഛനെക്കാണാന്‍ അവിടെയെത്തി. പന്ത്രണ്ടുവര്‍ഷംമുമ്പ്‌, അവന്‍ അമ്മയുടെ ഗര്‍ഭത്തിലായിരുന്ന സമയത്ത്‌ വീടുവിട്ടുപോന്ന ബിസു മഹാറാണ തന്‍റെ  മകനെ ആദ്യമായി കാണുകയായിരുന്നു. ശില്‍പികളെ കുഴക്കിയ പ്രശ്‌നത്തിന്‌ ആ ബാലന്‍ അതിവിദഗ്‌ദ്ധമായി പരിഹാരം നിര്‍ദ്ദേശിക്കുകയും സ്വന്തം കൈകൊണ്ടുതന്നെ മാഗ്നറ്റിക്‌സ്റ്റോണ്‍ യഥാസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. 
പക്ഷേ ഇക്കാര്യം പുറത്തറിഞ്ഞാല്‍ ഇത്രയുംകാലം അക്ഷീണം പ്രയത്‌നിച്ച തങ്ങളുടെ യശസ്സിന്‌ കോട്ടം തട്ടുമെന്നും രാജാവറിഞ്ഞാല്‍ ഒരുപക്ഷേ തങ്ങളുടെ ശിരസ്സ്‌ ച്ഛേദിക്കപ്പെടുമെന്നും ശില്‍പികള്‍ ഭയപ്പെട്ടു. പ്രശ്‌നപരിഹാരമായി ആ ബാലന്‍ ക്ഷേത്രമുകളില്‍നിന്ന്‌ ചാടി ആത്മഹത്യചെയ്‌തുവത്രെ. അതിശയോക്തിയായി തോന്നാമെങ്കിലും ക്ഷേത്രനിര്‍മ്മിതിയിലേര്‍പ്പെട്ട ശില്‍പികളുടെ ത്യാഗത്തെയും ആധികളെയും ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഈ വാമൊഴിക്കഥ. 
കലിംഗവാസ്‌തുശാസ്‌ത്രപ്രകാരം വലിയ കല്ലുകളെ കാന്തികശക്തിയുള്ള ഇരുമ്പുപ്ലേറ്റുകൊണ്ട്‌ ചേര്‍ത്തടുക്കിയാണ്‌ ക്ഷേത്രസമുച്ചയം പണിതുയര്‍ത്തിയിരിക്കുന്നത്‌. ഒറീസ്സയില്‍ സുലഭമായ ഇരുമ്പല്ലാതെ സിമന്റുപോലുള്ള മറ്റുവസ്‌തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നതാണ്‌ ശ്രദ്ധേയമായൊരു സവിശേഷത. നിറുകയിലെ വലിയ മാഗ്നറ്റിക്‌ സ്റ്റോണിന്റെയും മറ്റുചെറു മാഗ്നറ്റുകളുടെയും ആകര്‍ഷണത്താല്‍ പ്രധാന പ്രതിഷ്‌ഠ ഗര്‍ഭഗൃഹത്തിനു മുകളിലെ കാന്തികവലയത്തില്‍ പൊങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നുവത്രെ ആദ്യനിര്‍മ്മിതി. എന്നാലിപ്പോള്‍ ഗര്‍ഭഗൃഹവും മാഗ്നറ്റിക്‌ സ്റ്റോണും നഷ്‌ടമായ അവസ്ഥയിലാണ്‌ സൂര്യമന്ദിരം. തകര്‍ന്നുവീണ ശില്‍പങ്ങള്‍ പലതും പുരാവസ്‌തുശേഖരങ്ങളിലേക്ക്‌ മാറ്റപ്പെട്ടതായി കരുതുന്നു. പ്രവേശന നടയില്‍ സ്ഥാപിച്ചിരുന്ന സൂര്യസ്‌തംഭം ഇളക്കിമാറ്റി പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ബംഗാള്‍ ഉല്‍ക്കടലില്‍ ഒഴുകിയെത്തിയിരുന്ന ചന്ദ്രഭാഗ നദിയും കാലക്രമത്തില്‍ ഇല്ലാതായി. ഒരുകാലത്ത്‌ യൂറോപ്യന്‍ നാവികര്‍ക്ക്‌ വഴികാട്ടിയായിരുന്ന സൂര്യക്ഷേത്രം കറുത്ത പഗോഡ എന്ന പേരിനാല്‍ ലോകമെങ്ങും അറിയപ്പെട്ടിരുന്നുവത്രെ.
സൂര്യക്ഷേത്രത്തിന്‍റെ  തകര്‍ച്ചക്ക്‌ സ്ഥിരീകരണമില്ലാത്ത പല കാരണങ്ങളും പറഞ്ഞുകേള്‍ക്കുന്നു. ഉറപ്പില്ലാത്ത മണ്ണില്‍ ശക്തമായ അടിത്തറയില്ലാതെ നിര്‍മ്മിച്ചതിനാലാണ്‌ 229 അടി ഉയരത്തില്‍ പണിത പ്രധാനഭാഗങ്ങള്‍ തകര്‍ന്നുവീണതെന്നാണ്‌ ചില ആര്‍ക്കിയോളജിക്കല്‍ വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം. കൊളോണിയല്‍ ഭരണകാലത്ത്‌ ബ്രിട്ടീഷുകാര്‍ മാഗ്നറ്റിക്‌ സ്റ്റോണ്‍ കൈക്കലാക്കുന്നതിനായി ചെറുമാഗ്നറ്റുകളെല്ലാം ഇളക്കിമാറ്റിയതാണ്‌ ഗര്‍ഭഗൃഹത്തിന്‍റെ  തകര്‍ച്ചയ്‌ക്ക്‌ കാരണമായതെന്നും പറയപ്പെടുന്നു. പണികളെല്ലാം യഥാവിധി പൂര്‍ത്തിയാവുംമുമ്പ്‌ നരസിംഹദേവ രാജാവ്‌ മരണപ്പെട്ടുവെന്നും ക്ഷേത്രം അപൂര്‍ണ്ണാവസ്ഥയില്‍ ഉപേക്ഷക്ഷിക്കപ്പെട്ടുവെന്നും ആയതിനാലാണ്‌ തകര്‍ന്നുവീണതെന്നുമാണ്‌ വേറൊരു വര്‍ത്തമാനം. ക്ഷേത്രനിറുകയിലെ മാഗ്നറ്റിക്‌ സ്റ്റോണ്‍ കടലിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകളെ ആകര്‍ഷിച്ചടുപ്പിച്ചിരുന്നുവെന്നും ദിശനിര്‍ണ്ണയിക്കുന്ന കാമ്പസ്സുകളെ തകരാറിലാക്കിയിരുന്നുവെന്നും തന്മൂലം യൂറോപ്യന്‍ നാവികര്‍ക്ക്‌ കപ്പല്‍ച്ഛേദംപോലുള്ള കനത്ത നഷ്‌ടങ്ങളുണ്ടായെന്നും അതിന്‌ കാരണമായ മാഗ്നറ്റിക്‌സ്റ്റോണ്‍ (ലോഡ്‌സ്റ്റോണ്‍) പോര്‍ച്ചുഗീസുകാര്‍ മോഷ്‌ടിച്ചുവെന്നും കാന്തികാകര്‍ഷണം നഷ്‌ടപ്പെട്ട്‌ ബാലന്‍സ്‌ തെറ്റി തകര്‍ന്നതാണെന്നുമാണ്‌ മറ്റൊരു വര്‍ത്തമാനം. എന്നാല്‍ ഏറ്റവും വിശ്വസനീയമായി തോന്നുന്ന കാരണമിതാണ്‌: 1508-ല്‍ ബംഗാളിലെ ഗവര്‍ണ്ണറായിരുന്ന സുല്‍ത്താന്‍ സുലൈമാന്‍ കറാനി ഒറീസ്സ ആക്രമിച്ചു. അദ്ദേഹം സൂര്യക്ഷേത്രമുള്‍പ്പെടെ ഒറീസ്സയിലെ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചു. 1568 മുതല്‍ ഒറീസ്സ മുസ്ലീം ഭരണത്തിന്‍കീഴിലായി എന്നത്‌ ചരിത്രവസ്‌തുതയുമാണല്ലൊ. 1984 മുതല്‍ ലോകപൈതൃകപ്പട്ടികയില്‍പ്പെടുത്തി സംരക്ഷിച്ചുപോരുന്ന വിശ്വപ്രസിദ്ധമായ കോണാര്‍ക്ക്‌ സൂര്യക്ഷേത്രം ഇന്ത്യയിലെ ഏഴത്ഭുതങ്ങളിലൊന്നാണ്‌. 

ജീവന്‍റെ  നാഥനായ സൂര്യദേവന്‍റെ  പേരിലുള്ള ഈ ശിലാക്ഷേത്രത്തില്‍ ഒരിക്കലും ആരാധനകളോ പൂജാദികര്‍മ്മങ്ങളോ ഒന്നും നടത്താനായിട്ടില്ല എന്നത്‌ കഥകള്‍ പോലെതന്നെ ദുരൂഹതയായി അവശേഷിക്കുന്നു. അര്‍ച്ചനയും ആരതിയും ഒന്നുമില്ലെങ്കിലും സൂര്യക്ഷേത്രം എന്ന സങ്കല്‍പം തന്നെ എത്ര മഹത്തരം! സമസ്‌തജീവജാലങ്ങള്‍ക്കുംവേണ്ടി കത്തിയെരിയുന്ന സൂര്യാ നിനക്കെന്‍റെ  പ്രണാമം. സ്വസ്‌തി ഹേ സൂര്യ.... സൂര്യ തേ സ്വസ്‌തി......

No comments:

Post a Comment