Monday, 1 December 2014

യാത്രാവിനോദം - അടവി ഇക്കോ ടൂറിസം







            


                സെക്രട്ടറിയേറ്റ് എല്‍ടേര്‍സ് അസോസിയേഷന്‍ യാത്രാപ്രിയരായ അംഗങ്ങള്‍ക്കുവേണ്ടി   ഇടയ്ക്കിടെ വിനോദയാത്രകള്‍ സംഘടിപ്പിക്കാ റുണ്ട്. ഇത്തവണത്തെ യാത്ര  പച്ചിമഘട്ട മലംപ്രദേശങ്ങളിലേക്കായിരുന്നു. ഞങ്ങള്‍ 35 പേര്‍  നവംബര്‍ 29 - ന് രാവിലെ 7 മണിക്ക് സെക്രട്ടറിയേറ്റ് പരിസരത്തു നിന്ന് യാത്രയാരംഭിച്ചു.    കോന്നിയില്‍  കണ്ട ഒരു ഹോട്ടലില്‍ കയറി പ്രഭാതഭക്ഷണം കഴിച്ചശേഷം എല്ലാവരും ഉഷാറായി യാത്ര തുടര്‍ന്നു.
                 പത്തനംതിട്ട ജില്ലയിലെ അടവി ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായിരുന്നു ഞങ്ങളുടെ ആദ്യ ലക്‌ഷ്യം. കോന്നിയില്‍ നിന്ന്‍ പതിനാറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  അടവിയിലെത്താം. കല്ലാറിന്‍റെ തീരത്തുകൂടി പുഴയെ  കണ്ടു കണ്ടില്ലെന്ന മട്ടില്‍, പുലരിമഞ്ഞിലലിഞ്ഞ   തണുത്ത കാറ്റേറ്റ് , പാട്ടും കവിതയും പാടിയും ചൊല്ലിയും അല്ലല്‍ മറന്നുള്ള  യാത്ര.
                     അടവിയിലെ  മുഖ്യആകര്‍ഷണം കല്ലാറിലൂടെയുള്ള  വട്ടവള്ളം (കുട്ടവഞ്ചി) തുഴയലാണ്. രണ്ടായിരത്തി പതിനാലിന്‍റെ ആദ്യപകുതിയില്‍,  പത്തനംതിട്ട അടവി ടൂറിസം പദ്ധതിയുടെ ഭാഗമായി, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുണ്ടവന്‍ മൂഴിയില്‍ വട്ടവള്ള മിറക്കിയത്.    പത്തനംതിട്ട വനംവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കോന്നി ഇക്കൊടൂറിസം കേന്ദ്രത്തില്‍ നിര്‍മ്മിച്ച   ഏഴ് വട്ടവള്ളങ്ങളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വട്ടവള്ളങ്ങള്‍ നിര്‍മിച്ചതും തുഴച്ചിലിനു നേതൃത്വംനല്‍കിയതും തമിഴ് നാട്ടില്‍നിന്നുള്ള വള്ളവിദഗ്ദ്ധരായിരുന്നു.  കോന്നി എം. എല്‍. എ  അടൂര്‍പ്രകാശും ജില്ലാകളക്ടര്‍ ഹരികിഷോറുമാണ് വട്ടവള്ളത്തില്‍ കന്നിയാത്ര നടത്തിയത്. അഞ്ചുപേര്‍ക്ക് എണ്ണൂറു രൂപ എന്ന നിരക്കില്‍ മുണ്ടവന്‍ മൂഴിയില്‍നിന്ന്‍ അടവി കയം വരെ വട്ടവള്ളത്തില്‍ യാത്രചെയ്യാം.


                  ഞങ്ങള്‍ അടവിയിലെ വട്ടവഞ്ചിക്കടവില്‍ എത്തിയപ്പോഴേക്കും ഒന്‍പതു വഞ്ചികള്‍ യാത്രക്ക് തയാറായി കിടപ്പുണ്ടായിരുന്നു. നാലുപേര്‍ക്ക് നാനൂറു രൂപ എന്നതാണ് നിരക്ക്. കാടിനുനടുവിലൂടെ, കല്ലാറിന്‍റെ കുളിരോളങ്ങളിലൂടെ ,  പുഴക്ക് നെടുകെയുള്ള തുഴയല്‍. ഒരു തുഴയല്‍ക്കാരന്‍ കൂടെയുണ്ടാവും. സഞ്ചാരികള്‍ക്ക് തനിയേ തുഴയുകയുമാവാം.

















              യാത്രകഴിഞ്ഞ് കരയ്ക്കെത്തുമ്പോള്‍  വിശപ്പുണ്ടെങ്കില്‍ കപ്പയും മീന്‍കറിയും മുളമേശമേല്‍ റെഡി .    ചായ വേണമെങ്കില്‍ അതും കിട്ടും. മുളയരി , കാട്ടുതേന്‍, ഈഞ്ച, കുന്തിരിക്കം തുടങ്ങിയ വനവിഭവങ്ങള്‍  വേണമെന്നുള്ളവര്‍ക്ക് അതും   വാങ്ങാം.
                    വിനോദ സഞ്ചാരികളെ ഹരം പിടിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ടി വിടെ- ഒരു വലിയ ഊഞ്ഞാല്‍!  പ്രായം മറന്ന് ആടിത്തിമര്‍ക്കാന്‍ പറ്റിയ അവ  സരം
   (തുടരും)              

No comments:

Post a Comment