പശ്ചിമഘട്ടത്തില്‍, സമുദ്രനിരപ്പില്‍നിന്നും മൂവായിരത്തിലേറെ അടി ഉയരത്തിലാണ് രാമക്കല്‍മേട് സ്ഥിതിചെയ്യുന്നത്. രാമക്കല്ല്, കുറവന്‍ കുറത്തി ശില്പം തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുണ്ടിവിടെ. ഇടുക്കി ജില്ലയില്‍, കട്ടപ്പനയില്‍നിന്നും ഇരുപതും മൂന്നാറില്‍നിന്നും എഴുപതും തേക്കടിയില്‍ നിന്നും നാല്പ്പതി മൂന്നും കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കേരളത്തിന്റെയും തമിഴ് നാടിന്റെയും അതിര്‍ത്തിപ്രദേശമായ രാമക്കല്‍മേടിലെത്താം.
രാമക്കല്‍മേട് എന്ന സ്ഥലനാമത്തിന് ത്രേതായുഗത്തോളം പഴക്കമുള്ള ഒരു ഐതിഹ്യമുണ്ട്. ശ്രീരാമന് സീതയെ അന്വേഷിച്ചു കാട്ടില്‍ അലയവേ, ഇവിടെയും വന്നിരുന്നുവെന്നും ഇവിടെവച്ചാണ് സേതുബന്ധനത്തിന് രാമേശ്വരം തെരഞ്ഞെടുത്തതെന്നുമാണ് കഥ. 'രാമന് കാലുവച്ച മേട് ' എന്ന അര്‍ത്ഥത്തില്‍ രാമക്കല്‍മേട് എന്ന പേരുണ്ടായതാണത്രേ.
ഇല്ലിക്കാടികളും കുറ്റിച്ചെടികളും നിറഞ്ഞ കാട്ടുവഴിയിലൂടെ കുറച്ചുദൂരം നടക്കണം. ഇടയ്ക്ക് ഒരു കുഞ്ഞുനീര്ച്ചാല്. മലകയറിച്ചെന്നാല്‍ മുകളറ്റത്ത് വലിയൊരു പാറക്കല്ല് . ശ്രീരാമന്റെ പാദമുദ്രകള്‍ പാറമേല്‍ പതിഞ്ഞു കിടന്നിരുന്നു എന്നാണ് കേട്ടുകേള്‍വി; ഒന്നും കാണാനില്ല. ഐതിഹ്യത്തെക്കാള്‍ കൂടുതല്‍ വിശ്വസനീയമായി തോന്നുന്നത് സ്ഥലനാമ ഉല്പത്തി വിവരങ്ങളാണ്. രാമന്മാര് (കുരങ്ങന്മാര്) കൂട്ടമായി വന്നിരിക്കാറുള്ള കല്ല് (പാറ) എന്നാണത്. പാറയുടെ മുകളില്‍ കയറിപ്പറ്റുക എന്നത് അതിസാഹസം തന്നെ. എങ്ങനെയെങ്കിലും അറ്റംവരെ കയറിപ്പറ്റിയാലോ... കാലിന്റെ തളര്‍ച്ച മറന്ന് ചുണ്ടില്‍ ഒരു വിജയച്ചിരി വിടര്‍ത്താം, തണുത്ത കാറ്റിന്റെ താലോലമേറ്റ് രാമക്കല്ലിന്മേലിരുന്നു തമിഴ് നാടിന്റെ താഴ്വാരഭംഗികള്‍ മിഴിതുറന്നു കാണാം. ശ്രദ്ധിക്കണേ, വഴുതിപ്പോയാല്‍, നേരേ തമിഴകത്തിന്റെ താഴ്ചയിലേക്കാവും ചെന്നുവീഴുക.
കല്ലിന്മേല്ക്കല്ലുമായി ബന്ധപ്പെട്ട് മറ്റൊരു കഥയുണ്ട് : വനവാസകാലത്ത് പാണ്ഡവന്മാര് ഇവിടെ വന്നിരുന്നുവെന്നും പാഞ്ചാലിക്ക് മുറുക്കാന്‍ ഇടിച്ചുകൊടുക്കാന്‍ ഭീമസേനന് ഉപയോഗിച്ച കല്ലാണ് കല്ലിന്മേല്ക്കല്ല് എന്നുമാണത്.
കുറച്ചകലെയായി, കാറ്റും കോടമഞ്ഞും സംഗമിക്കുന്ന മറ്റൊരു മലയുണ്ട്. അവിടെ യാത്രക്കാരെ കാത്തിരിക്കുന്നത് ഒരു ആദിവാസി കുടുംബമാണ്. ഒരു കുറവനും കുറത്തിയും അവരുടെ മകനും. കുറവന്റെ കയ്യില്‍ ഒരു പൂവങ്കോഴിയുമുണ്ട്. കുറവന്‍ കുറത്തി മലകളെ തമ്മില്‍ ബന്ധിപ്പിച്ചാണല്ലോ ഇടുക്കിയില്‍ ആര്‍ച്ച്ഡാം നിര്‍മ്മിച്ചിരിക്കുന്നത്. പഴമയുടെ സുഗന്ധമുള്ള കുറവന്‍കുറത്തിക്കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ എന്നറിയില്ല... ബാലരാമപുരത്തു കാരനായ ജിനന് എന്ന ശില്‍പ്പി നിര്‍മ്മിച്ചതാണ് ഈ സിമന്റ് പ്രതിമകള്‍. മലമ്പുഴയിലെ യക്ഷിയെപ്പോലെ, ശംഖുംമുഖത്തെ മല്‍സ്യകന്യകയെപ്പോലെ രൂപ വലിപ്പം കൊണ്ടും കലാഭംഗി കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് രാമക്കല്‍മേടിലെ കുറവന്‍ കുറത്തി പ്രതിമയും.
ദാ ഈ കാണുന്ന പടികളിലൂടെ മലമുകളിലെത്താം. സാഹസപ്രിയരല്ലാത്തവര് മഞ്ഞും മഴയും ഇല്ലാത്ത നേരം നോക്കി വേണം മലകയറാന്‍.
(തുടരും)
നല്ല വിവരണം. ഭാവുകങ്ങൾ.
ReplyDeleteThanq dear
ReplyDelete