Sunday, 14 July 2013

വേറിട്ടൊരാള്‍ (കഥ )





 സാധാരണമനുഷ്യരില്‍നിന്നും തികച്ചും വ്യത്യസ്തനായ ഒരാള്‍, കാലത്തിന്‍റെ നൊമ്പരങ്ങളെ മനസ്സിന്‍റെ ഗര്‍ഭത്തില്‍ വളര്‍ത്തി നൊന്തുപ്രസവിക്കുന്ന ഒരെഴുത്തുകാരന്‍!
   അയാളെ അടുത്തുകാണുന്നത് ആദ്യമായാണ്‌. നീട്ടിവളര്‍ത്തിയ താടിയും മുടിയും, കൃത്രിമമല്ലാത്ത അലസഗൌരവവും നിഷേധഭാവവും, പുസ്തകത്താളില്‍ കണ്ണുനട്ടുള്ള ഇരിപ്പും. ആകെക്കൂടി കണ്ടിരിക്കാന്‍ ഒരു പ്രത്യേക കൌതുകം .
   വായന ഒരു രസാനുഭൂതിയായിരുന്ന കാലത്ത് ഏറ്റവുമധികം വായിച്ചതും ആസ്വദിച്ചതും ഈ കഥാകൃത്തിന്‍റെ ചെറുകഥകളായിരുന്നു എന്ന കാര്യം അമൃത ഓര്‍ത്തു. അനല്പമായ ആരാധനയോടെ അവള്‍ പ്രിയകഥാകാരനെ അടിമുടി നിരീക്ഷിച്ചു. നീലജീന്‍സിന്‍റെ കുപ്പായവും ചാരനിറമുള്ള കാല്‍ചട്ടയും അയാള്‍ക്ക്‌ തീരെ ചേരാത്ത വേഷമാണെന്ന് അവള്‍ക്കു തോന്നി. തോളത്തു തൂകിയിട്ടിരിക്കുന്ന തുണിസഞ്ചിയില്‍ എന്തായിരിക്കും? പുസ്തകങ്ങളോ, കഞ്ചാവുബീഡിയോ, അതോ മദ്യക്കുപ്പിയോ? ആര്‍ക്കറിയാം !
   ആധുനികബുദ്ധിജീവികളുടെ നിര്‍വചനങ്ങള്‍ ചേര്‍ത്തുവച്ചു നോക്കിയാല്‍ ആളിന് ഒരു ‘ബുജി’യുടെ എല്ലാ ലക്ഷണങ്ങളുമുണ്ട്. ചില കഥാപാത്രങ്ങള്‍ക്കുമുണ്ടൊരു ബുജിടച്ച്‌. അനീതിക്കും അസമത്വത്തിനുമെതിരെ സിംഹഗര്‍ജ്ജനം മുഴക്കുന്ന കഥാനായകന്മാര്‍ക്ക് എന്തൊരുള്‍ക്കരുത്ത്! കഥാകൃത്തിന്‍റെ രൂപഭാവങ്ങള്‍ ആ കഥാപാത്രങ്ങളില്‍ ആവാഹിച്ച്‌ പുനര്‍വായന നടത്തിയാല്‍ എത്ര രസകരമായിരിക്കും!
      ഇടയ്ക്കിടെ പുസ്തകത്താളില്‍നിന്നു കണ്ണുപറിച്ച് സഹയാത്രികരെ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട് കഥാകാരന്‍. പുതിയ കഥാപാത്രങ്ങളെ കണ്ടെടുക്കാനുള്ള നിരീക്ഷണമായിരിക്കാം.തന്നെയാണ് അയാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്നു അമൃതയ്ക്ക് ബോദ്ധ്യമായി. ഒരുപക്ഷേ ഈ അമൃതയും ഒരു കഥാപാത്രമായി ആ തൂലികതുമ്പില്‍നിന്നു പിറന്നുവീണെ ന്നിരിക്കാം. .
    പ്രിയകഥാകാരനോടുള്ള ആരാധന അറിയിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ ഒരവസരം ഇനി കിട്ടിയെന്നുവരില്ല.
‘സാറിന്‍റെ കഥകള്‍ എനിക്കിഷ്ടമാണ്’ അവള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.
    കഥാകൃത്ത്‌ മുഖമുയര്‍ത്തി ഒന്നുനോക്കി; ഗൌരവംവിടാതെ. വീണ്ടും പുസ്തകത്തില്‍ മിഴിനട്ടിരിപ്പായി.
ഇപ്പോള്‍ പുസ്തകത്താളില്‍ തെളിയുന്നത് അക്ഷരങ്ങളായിരിക്കില്ല; സുന്ദരിയായ ഈ അമൃതയുടെ മുഖം തന്നെയായിരിക്കും.
ഞാനൊരു വി ഐ പി യാണ്, എന്നെ ആരും ശല്യംചെയ്യരുത് എന്നു സ്വയം പ്രഖ്യാപിക്കുന്ന മാതിരി ഒരിരുപ്പ്. എന്തിനാ ഈ അഭിനയം? ആരാധികയുടെ മുഖത്തുനോക്കി ഒന്നുചിരിക്കരുതോ ?
     അവളുടെ മനോഗതം മനസ്സിലാക്കിയാവണം അയാള്‍ ഒരു പുഞ്ചിരി അവള്‍ക്കു സമ്മാനിച്ചു; എടീ പെണ്ണേ നിന്‍റെ മനസ്സിലിരിപ്പു കൊള്ളാമല്ലോടീ എന്നു പറയാതെപറയുന്നമാതിരി ഒരു പുഞ്ചിരി.
      അവളുടെ ചുണ്ടിലും ഒരു കുസൃതിച്ചിരി വിടര്‍ന്നു.
എവിടേക്കാ ? അയാള്‍ ചോദിച്ചു
എറണാകുളത്തേക്ക്. സാറെവിടേക്കാ ?
നാട്ടിലേക്ക് . എന്താ പേര് ?
അമൃത
അമൃത, മരണമില്ലാത്തവള്‍ , അല്ലേ ?
എഴുത്തുകാര്‍ക്കെല്ലാം ലേശം വട്ടുണ്ട്; അല്ലെ സാര്‍ ?
വട്ടു നിന്നെപ്പോലുള്ളവര്‍ക്കല്ലേ ? നിനക്കു പേരിട്ടയാള്‍ക്കു മുഴുവട്ടാണ്
ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി ! ഇങ്ങനെയൊരു മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ല അമൃത. അവളുടെ മുഖം വിവര്‍ണ്ണമായി. അയാളുടെ മുഖത്തും വല്ലാത്തൊരസ്വസ്ഥത പടരുന്നത് അവള്‍ കണ്ടു.
  അയാള്‍ പുസ്തകം മടക്കി സഞ്ചിക്കുള്ളില്‍ വച്ചു; ധൃതിയില്‍ എണീറ്റ് വാതില്‍ക്കലേക്കു പോയി. മനസ്സിന്‍റെ ടെന്‍ഷന്‍ പുകച്ചുരുളുകള്‍ക്കൊപ്പം അന്തരീക്ഷത്തിലേക്കു പറത്തിവിട്ടു.
  അമൃതയ്ക്കു കുറ്റബോധം തോന്നി; അങ്ങനെ ചോദിക്കരുതായിരുന്നു. കുസൃതി ഒളിഞ്ഞിരിക്കുന്ന നാവുവളച്ച് ഇനി ഒന്നും ചോദിക്കില്ല എന്നവള്‍ തീരുമാനിച്ചു.
   ബാഗില്‍നിന്നു ഭക്ഷണപ്പാത്രമെടുത്തു തുറന്നു. ജാം പുരട്ടിയ റൊട്ടി നിറയെ ചോനനുറുമ്പുകള്‍. ആരും കാണാതെ അടച്ചു തിരികെ ബാഗിനുള്ളില്‍ വച്ചു. വിശപ്പും ടെന്‍ഷനും ഉള്ളിലൊതുക്കി അവളിരുന്നു.
   ഭക്ഷണത്തില്‍ ഉറുമ്പുകയറി അല്ലേ ? എന്നു ചോദിച്ചുകൊണ്ട് അയാള്‍ അരികിലേക്ക് വന്നു.
‘താനെന്‍റെ ഹൃദയത്തോടൊട്ടിനില്‍ക്കുന്ന ആരോ ആണെന്നൊരു തോന്നല്‍ . ഫോര്‍മാലിറ്റി മറന്നുപോയി.’ ക്ഷമാപണത്തോടെ അത്രയും പറഞ്ഞ് അയാള്‍  സീറ്റില്‍ചാരി കണ്ണടച്ചിരുന്നു.
  മൌനാക്ഷരങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷ പകര്‍ത്തവേ, ആര്‍ദ്രമായൊരു സ്വരം അവളുടെ കാതുകളില്‍ വന്നലച്ചു:
‘ആ ഉറുമ്പുകളെ വീട്ടില്‍ത്തന്നെ തിരിച്ചുകൊണ്ടുവിടണം കേട്ടോ; അവയ്ക്കുമില്ലേ പ്രിയപ്പെട്ടവര്‍ ? എവിടെപ്പോയെന്നോ, എന്തുപറ്റിയെന്നോ അറിയാതെ വിഷമിക്കുകയാവും.’
ഏതോ സ്വപ്നലോകത്തില്‍നിന്നെന്ന പോലെ അയാള്‍ തുടര്‍ന്നു: ‘ഉറുമ്പിനായാലും മനുഷ്യനായാലും വേര്‍പാടിന്‍റെ വേദന ഒരുപോലെ
യല്ലേ ?’
 ഉറുമ്പിനോടുപോലും ഇത്ര കാരുണ്യമോ! അമൃത ആശ്ചര്യപ്പെട്ടു.
‘തന്നോടു ഞാനൊരു സ്വകാര്യം പറയട്ടേ ?’ സമാനഹൃദയനായ സുഹൃത്തിനോടെന്നപോലെ അയാള്‍ വാചാലനായി:
‘കഴിഞ്ഞതവണ നാട്ടിലേക്കു പോയപ്പോള്‍ കൊച്ചുമോള്‍ക്കായി ഒരുകവര്‍ ക്രീംബിസ്കറ്റ് കരുതിയിരുന്നു. അവിടെച്ചെന്നു തുറന്നുനോക്കിയപ്പോള്‍ നിറയെ ഉറുമ്പുകള്‍; എന്‍റെ വാടകവീട്ടിലെ അന്തേവാസികളായ ഉറുമ്പുകള്‍. എല്ലാറ്റിനേം ഒരു കുപ്പിക്കുള്ളിലാക്കി, ബിസ്കറ്റും പൊടിച്ചിട്ട് അടച്ചുവച്ചു.രാത്രിമുഴുവന്‍ ആ ഉറുമ്പുകളെപ്പറ്റി ഓര്‍ത്തു വിഷമിച്ച് ഉറങ്ങാതെ കിടന്നു. പിറ്റേദിവസം തിരിച്ചുകൊണ്ടു വിട്ടേപ്പിന്നാ സമാധാനമായാത്.
  എടാ മോനേ നീ ഇത്രനേരം എവിടാരുന്നെടാ? ഞാന്‍ നിന്നെ എവിടെല്ലാം തിരഞ്ഞു എന്ന്‍ ശാസിച്ച്  മകനെ ആശ്ലേഷിക്കുന്ന ഉറുമ്പമ്മയുടെയും ഉറുമ്പച്ഛന്‍റെയും ആനന്ദക്കണ്ണീരും ഉറുമ്പുസഹോദരങ്ങളുടെ കൂടിച്ചേരലിന്‍റെ ആഹ്ലാദവും വിരഹാര്‍ത്ത യായ കാമുകിയെ ആലിംഗനംചെയ്യുന്ന കാമുകനുറുമ്പിന്‍റെ നിര്‍വൃതിയും എല്ലാം സ്വപ്നംകണ്ട് അന്നുരാത്രി ഞാന്‍ സുഖമായുറങ്ങി’
‘നല്ല കഥ ‘ അവള്‍ പറഞ്ഞു.
‘കഥയോ? ഇതു കഥയല്ല; നഗ്നമായ സത്യം’ അയാള്‍ തിരുത്തി.
‘താങ്കള്‍ ഉറുമ്പുകളെക്കുറിച്ചു പഠിച്ചിട്ടുണ്ടോ?’ അവള്‍ ചോദിച്ചു.
‘പഠിക്കാനെന്തിരിക്കുന്നു? സഹജീവികളെ അറിയാത്തവന്‍ എഴുത്തുകാരനാവുന്നതെങ്ങനെ ? ഉറുമ്പുകള്‍ക്കു മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും വിചാരവികാരങ്ങളുണ്ട്; അതൊക്കെ പ്രകടിപ്പിക്കാറു മുണ്ട്.’ അയാള്‍ വിശദീകരിച്ചു.
   ‘വിശേഷബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍മാത്രം ബന്ധങ്ങളെ മറക്കുകയും വിചാരവികാരങ്ങളെ മറയ്ക്കുകയും ചെയ്യുന്നു. അല്ലേ സര്‍?’ ഒരു തത്വജ്ഞാനിയെപ്പോലെ അവള്‍ ചോദിച്ചു.
   അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു:
‘തനിക്കും ലേശം വട്ടുണ്ട്; അതായിരിക്കാം എന്‍റെ കഥകള്‍ ഇഷ്ടമായത്. കുയിലിന്‍റെ പാട്ടും കിളിയുടെ കൊഞ്ചലും പ്രാവിന്‍റെ കുറുകലും തവളയുടെ കരച്ചിലും പാമ്പിന്‍റെ ശീല്‍ക്കാരവും ഒക്കെയൊന്നു ശ്രദ്ധിക്കുക, അവയുടെ ഭാഷ തനിക്കും മനസ്സിലാവും.’
  മേല്‍വിലാസവും ഫോണ്‍നമ്പരുമുള്ള കാര്‍ഡുനീട്ടി അയാള്‍ പറഞ്ഞു: ഇതിരിക്കട്ടെ; വിളിക്കണം.’
   അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പ്രിയമുള്ള ഒരാള്‍ അകന്നു പോകുന്നതിന്‍റെ  വേദന അവളറിഞ്ഞു.
   വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഉടനേ അവള്‍ ഉറുമ്പിന്‍താവളം തേടിപ്പിടിച്ചു; ഭക്ഷണപ്പാത്രം തുറന്ന് ഉറുമ്പുകളെ അവരുടെ പ്രിയപ്പെട്ടവര്‍ക്കരികില്‍ വിട്ടു.
   ഇഷ്ടകഥാകാരന്‍റെ വട്ട് തന്നിലേക്കും പടരുന്നത്‌ അമൃത അറിഞ്ഞതേയില്ല.

Friday, 12 July 2013

ഒരു കുഞ്ഞുനൊമ്പരം (കവിത )















കണ്ണുനീരിന്‍റെ ഉപ്പുചേര്‍ത്ത്
കന്നിപ്പൂവിന്‍റെ നോവുചേര്‍ത്ത്
ചോറും കറിയും വിളമ്പിത്തരാന്‍
അമ്മയുണ്ടെന്‍റെ കൊച്ചുവീട്ടില്‍.

കിട്ടുന്നതെല്ലാം കള്ളുഷാപ്പില്‍
കാണിക്കവച്ചെന്‍റെയച്ഛനെത്തും.
പിന്നെപ്പുകിലാണു വീട്ടിലെന്‍റെ –
യമ്മയ്ക്കു നെഞ്ചത്തു ചെണ്ടകൊട്ട്.

എന്നും നേരം വെളുക്കുവോളം
ചേച്ചിയും ഞാനുമൊളിച്ചിരിക്കും.
കണ്ടുവെന്നാലച്ഛന്‍ വിളിക്കും:
പൊന്നുമോളിങ്ങടുത്തു വരൂ.

ചെന്നാലച്ഛന്‍റെ കള്ളമുത്തം,
എല്ലായിടത്തും കള്ളുനാറ്റം.
ചെന്നില്ലെങ്കിലോ കഷ്ടമെന്‍റെ –
യമ്മയ്ക്കു പിന്നെയും ചെണ്ടകൊട്ട് .

തേങ്ങിക്കരഞ്ഞു തളര്‍ന്നിരിക്കും
ചേച്ചിയും ഞാനുമടുക്കളയില്‍.
എന്നും പതിവാണിതെന്‍റെ വീട്ടില്‍;
ദൈവങ്ങളെല്ലാമുറക്കമത്രെ!

Wednesday, 10 July 2013

പുറമ്പോക്കിലെ മരം (കഥ )



       
അയലത്തും അകലത്തും നിന്ന്‍ അനേകംപേര്‍ വരുന്നു ; ഉത്സവം കാണാന്‍ എത്തുന്നമാതിരി .
കിഴക്കന്‍മലയുടെ താഴ്വരയിലെ കര്‍ഷകഗ്രാമത്തില്‍ ഉത്സവപ്രതീതി വരുത്തിയത് ഒരു മരമാണ്:  തലമുറകള്‍ ചവിട്ടിയുറപ്പിച്ച നാട്ടുവഴി യോരത്ത് തനിയേ കിളിര്‍ത്തുവന്ന വാകമരം .
ചിന്നപ്പുലയനും കാളിപ്പെണ്ണും കിടാങ്ങളെ ഉറക്കാന്‍ പാടിയ പഴംപാട്ടുകളും എഴുതപ്പെടാത്ത കഥകളും കേട്ടാണ് ആ മരം വളര്‍ന്നുവന്നത്. ചുറ്റും തണല്‍വിരിച്ച് തല ഉയര്‍ത്തിനിന്ന്‍ അതുവഴി വരുന്നവരോടൊക്കെ അവള്‍ പറയുമായിരുന്നു: യാത്രക്കാരാ എന്‍റെ തണലില്‍ ഇത്തിരിനേരമിരുന്ന്‍ തളര്‍ച്ച  മാറ്റിയിട്ടു പോയാലും.
   അവളുടെ ക്ഷണം സ്വീകരിക്കുന്ന വഴിപോക്കര്‍ക്ക് ദാഹജലം നല്‍കുകയെന്നത് തൊട്ടടുത്ത് ഓലപ്പുരയില്‍ പാര്‍ക്കുന്ന ചിന്നപ്പുലയന്‍റെയും കുടുംബത്തിന്‍റെയും ദിനചര്യ ആയിരുന്നു .
     നല്ലവനായ നാട്ടുപ്രമാണിയുടെ അനുസരണയുള്ള ആശ്രിതനായിരുന്നു ചിന്നന്‍; കറകളഞ്ഞ യജമാനഭക്തിക്കുള്ള പ്രതിഫലമായി  പതിച്ചുകിട്ടിയ അഞ്ചുസെന്‍റു  ഭൂമിയില്‍ കൊച്ചൊരു കുടിലും ഇത്തിരി മോഹങ്ങളുമാ യി ജീവിതം തുടങ്ങിയ കര്‍ഷകത്തൊഴിലാളി, കുണ്ടും കുഴിയും നിറഞ്ഞ നാട്ടുപാത ടാറിട്ട റോഡായി മാറുന്നതു കണ്ട് ഒത്തിരി സന്തോഷിച്ചവന്‍, മലഞ്ചരക്കു കയറ്റിയ കാളവണ്ടികള്‍ നിരയൊത്തു നീങ്ങിയ വഴിയിലൂടെ നാലുചക്രങ്ങളുള്ള കൂറ്റന്‍ വാഹനങ്ങള്‍ ഇരമ്പിപ്പായുന്നതു കണ്ട് ഒത്തിരി അഭിമാനിച്ചവന്‍, സ്വന്തം മക്കളുടെയും നാടിന്‍റെയും വളര്‍ച്ച ഒരുപോലെ കണ്ട് ആനന്ദിച്ചവന്‍........ചിന്നന്‍ .
     കാളിപ്പെണ്ണു പെറ്റ പന്ത്രണ്ടു മക്കളും , പിന്നെ അവരുടെ മക്കളും കളിച്ചുവളര്‍ന്നത് ഓലക്കുടിലിന്‍റെ മുറ്റത്തും കൊടുംവേനലില്‍ പൂത്തുലയുന്ന വാകമരത്തിന്‍റെ ചോട്ടിലും ആയിരുന്നു.
  ഓലക്കുടിലിന്‍റെ സ്ഥാനത്ത് ഓടിട്ട വീടുണ്ടാക്കിയത്  കൂലിപ്പണിക്കാരായ മക്കള്‍ .
   യാത്രാവാഹനങ്ങള്‍ക്കും ചരക്കുവണ്ടികള്‍ക്കും സുഗമസഞ്ചാരത്തി നായി പാതയുടെ വീതി കൂട്ടിയപ്പോള്‍ പൊന്നുംവില പോലും വാങ്ങാതെ ഒരു സെന്‍റു ഭൂമി വിട്ടുകൊടുക്കുകയും പത്തുദിവസത്തെ ശ്രമദാനം നല്‍കുകയും ചെയ്തു ചിന്നന്‍. എങ്കിലും സ്വന്തമെന്ന് അഭിമാനിച്ചു സ്നേഹിച്ച വാകമരത്തിന്‍റെ തടിയില്‍ പുറമ്പോക്കുമുദ്ര പതിഞ്ഞപ്പോള്‍ ചിന്നന്‍റെ കൊച്ചുമനസ്സില്‍ ഇത്തിരി നൊമ്പരം ഉരുണ്ടുകൂടി.
 ഒരുവശത്തെ വേരുകള്‍ അറുത്തുമാറ്റപ്പെട്ട വേദനയോടെ വാകമരം ചിന്നന്‍റെ വീടിന്‍റെ നേര്‍ക്ക് ചാഞ്ഞുനിന്നു. മറിഞ്ഞുവീഴുമോ എന്ന ഭയത്താലെന്നപോലെ അവള്‍ വളര്‍ച്ച മുരടിപ്പിച്ചു.
 വാകമരത്തിന്‍റെ വേദനയും തളര്‍ച്ചയും കണ്ട് ചിന്നനും സങ്കടമായി. അവള്‍ തളര്‍ന്നുവീഴുന്നത് തന്‍റെ വീടിന്‍റെ പുറത്തേക്കായിരിക്കു മെന്നോര്‍ത്തപ്പോള്‍ ചിന്നന്‍റെ നെഞ്ചില്‍ തീപടര്‍ന്നു. ഭാര്യ, മക്കള്‍, പെരമക്കള്‍....വാകമരത്തെപ്പോലെതന്നെ അവരും തനിക്കു പ്രിയപ്പെട്ടവരാണല്ലോ.
  പുറമ്പോക്കിലെ മരം മുറിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ കൊടുത്താല്‍ മുറിച്ചുമാറ്റുമെന്നും അറിവുള്ളവര്‍ പറഞ്ഞു.
   തന്‍റെ സ്വന്തമായ മരം മുറിക്കാന്‍ മറ്റുള്ളവരുടെ അനുവാദം വേണോ? സ്ഥലം വിട്ടുകൊടുത്തത് യാതൊരു വ്യവസ്ഥയും എഴുതിവാങ്ങാതെയാണ്. മണ്ണിന്‍റെ വിലപോലും വാങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് അവിടെ നില്‍ക്കുന്ന  വാകമരം തന്‍റെ സ്വന്തം അല്ലാതാകുന്ന തെങ്ങനെ ? ചിന്നന്‍ ചിന്താക്കുഴപ്പത്തിലായി.
   പത്താംക്ലാസ് തോറ്റ പേരമകന്‍ എഴുതിക്കൊടുത്ത അപേക്ഷയുമായി ചിന്നന്‍ ബന്ധപ്പെട്ടവരെയെല്ലാം കണ്ട് അപേക്ഷ നല്‍കി.
  ഒരാഴ്ചയായിട്ടും സങ്കടനിവൃത്തി ഉണ്ടായില്ല.
  മാനത്ത് മഴക്കാറു നിറഞ്ഞപ്പോള്‍ മക്കളും പേരമക്കളും ദൂരെയുള്ള ബന്ധുവീടുകളിലേക്കു പോയി .
  കാറ്റും മഴയും കൊഴുത്തപ്പോള്‍ പ്രാണഭയത്താല്‍ ഭാര്യയും പോയി .
   ചിന്നന്‍ വീട്ടില്‍ തനിച്ചായി .
തന്‍റെ ആകുലതകളും ആശങ്കകളും അയാള്‍ ആ മരത്തോടുതന്നെ പറഞ്ഞുകേള്‍പ്പിച്ചു:
വാകപ്പെണ്ണേ, ഒരായുസുമുഴുവന്‍ നമ്മള്‍ ഒരുമിച്ചായിരുന്നു .ഇനിയും അങ്ങനെ മതി. ഞാനെങ്ങും പോണില്ല . വീഴണോങ്കി എന്‍റെ പുറത്തേക്കു തന്നെ ആയിക്കോടീ .ഞാന്‍ നിന്നെ താങ്ങിക്കൊള്ളാം.
   വേരറുത്തവരോടുപോലും പരിഭവിക്കാതെ എല്ലാവര്‍ക്കും തണലേകിയ വാകമരം ചിന്നന്‍റെ സ്നേഹത്തിന്‍റെ ആഴമറിഞ്ഞു. അവനെ പുണര്‍ന്നുകിടക്കാന്‍ അവള്‍ക്കു കൊതിയായി. നല്ല മഴയുള്ള രാത്രിയില്‍  വീടിന്‍റെയുള്ളില്‍ കമ്പിളിപ്പുതപ്പിന്‍റെ ചൂടേറ്റ് സുഖമായി ഉറങ്ങുകയാ യിരുന്നു ചിന്നന്‍ .
    കനത്ത മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റ് വികലാംഗയായ വാകപ്പെണ്ണിന്‍റെ ശരീരം ശക്തിയായി ഉലച്ചു.
  അവള്‍ മറിഞ്ഞുവീണു .
  ചിന്നന്‍റെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു
  ചുവരുകള്‍ പൊട്ടി
   ഇതൊന്നുമറിയാതെ ചിന്നന്‍ ഉറക്കം തുടര്‍ന്നു .
    സൂര്യന്‍റെ തളര്‍ന്ന കിരണങ്ങള്‍ക്കോ ക്യാമറയുടെ ഫ്ലാഷുകള്‍ക്കോ ചിന്നനെ ഉണര്‍ത്താനായില്ല
    രസകരമായ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്കു കാണിച്ചുകൊടുക്കാന്‍ ക്യാമറക്കണ്ണുകള്‍ മത്സരിച്ചു .
 അനുശോചനങ്ങള്‍, നഷ്ടപരിഹാരവാഗ്ദാനങ്ങള്‍, മാധ്യമകഥകള്‍.....
എല്ലാം ചേര്‍ന്നൊരുക്കിയ ഉത്സവമേളങ്ങള്‍ക്കിടയില്‍ അധികാരികള്‍ അടിയന്തിരയോഗംചേര്‍ന്നു . പാതയുടെ വീതികൂട്ടിയതുകൊണ്ട്‌ മലഞ്ചരക്കുവ്യവസായമേഖലയിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും പാതയോരത്തെ തണല്‍മരങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചകളുണ്ടായി.
  വേനലില്‍ പൂക്കുന്ന വാകമരങ്ങള്‍ തന്നെയാണ് പാതയോരങ്ങളില്‍ നട്ടുപിടിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും യോജിപ്പിലെത്തി .
  അകാലത്തില്‍ നഷ്ടമായ പൂവാകയെ ഓര്‍ത്ത് അവര്‍ കണ്ണീരൊഴുക്കുകയും അനുശോചനപ്രമേയം പാസാക്കുകയും ചെയ്തു
  മരാമത്തുകാരും വനപാലകരും നോക്കിനില്‍ക്കെ ഫയര്‍ഫോഴ്സുകാരും പോലീസുകാരും കര്‍മ്മനിരതരായി .
  പ്രണയപുരസരം ചിന്നനെ പുണര്‍ന്നുകിടന്ന വാകപ്പെണ്ണിന്‍റെ  കൈകള്‍ ഓരോന്നായി വെട്ടിമാറ്റാന്‍ തുടങ്ങി
  അപ്പോഴും ചിന്നന്‍റെ അപേക്ഷ  കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കുള്ളില്‍ ഭദ്രമായിരുന്നു.