;ചോദ്യം ഒന്ന്: സാധാരണ സഞ്ചാരികള്‍ പോകാന്‍ ആഗ്രഹിക്കാത്ത വിദൂരരാജ്യങ്ങളായ ക്യൂബ, കൊളംബിയ, ഇക്വഡോര്‍, പെറു, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള പ്രേരണ എന്താണ്?
എന്റെ വിദേശയാത്രകള്‍ ഒരിക്കലും ഒറ്റയ്ക്കല്ല, യാത്രയെ ജീവിതത്തിന്റെ ഭാഗമായി കരുതുന്നവരും സമാനചിന്താഗതിക്കാരുമായ സുഹൃത്തുക്കള്‍ ഒരു കുടുംബംപോലെ ഒത്തുചേര്‍ന്നുള്ള സഞ്ചാരമാണ്. 'ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് സജീവസാന്നിധ്യമായ ഷിജിന്‍ പറമ്പത്ത് എന്ന ചെറുപ്പക്കാരനോടൊപ്പമാണ് ഭൂട്ടാന്‍, റഷ്യ, ചൈന, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം, ഹോളണ്ട്, ഇറ്റലി, വത്തിക്കാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളത്. ലാറ്റിനമേരിക്കന്‍ യാത്ര എന്ന സ്വപ്നം ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചതും യാത്രാഭ്രമം ബാധിച്ച ഷിജിന്‍തന്നെയാണ്. ക്യൂബ, കൊളംബിയ, ഇക്വഡോര്‍, പെറു, ചിലി, ആര്‍ജന്റീന, ബ്രസീല്‍ എന്നീ ഏഴു രാജ്യങ്ങള്‍ സന്ദര്‍ശിക്കുക! തിരുവനന്തപുരത്തുനിന്ന് ഏഴുപേരും എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ആറുപേരും സന്തോഷത്തോടെ സമ്മതിച്ചു. ഒരുക്കങ്ങള്‍ ആരംഭിച്ചു. ഓരോ രാജ്യത്തിനും പ്രത്യേകംപ്രത്യേകം വിസ ലഭിക്കേണ്ടതുണ്ട്. ഒരു രാജ്യത്തേക്കുള്ള വിസ ലഭിക്കാന്‍പോലും എത്രയെത്ര കടമ്പകള്‍ കടക്കണം, അപ്പോള്‍, ഏഴുരാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കാന്‍ അനുഭവിച്ച ക്ലേശങ്ങളെപ്പറ്റി പറയാനുണ്ടോ! 2022 നവംബറില്‍ തുടങ്ങിയ പരിശ്രമം, മുംബൈ, ഡല്‍ഹി തുടങ്ങിയ മഹാനഗരങ്ങളിലുള്ള കോണ്‍സുലേറ്റുകളും എംബസികളും കയറിയിറങ്ങി, 2023 ഫെബ്രുവരിയില്‍ വിജയത്തിലെത്തി. ഷിജിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21-ന് പുറപ്പെട്ട്, നാലുവിമാനങ്ങള്‍ കയറിയിറങ്ങി, പ്രതിസന്ധികള്‍ പലതും തരണംചെയ്ത്, കരീബിയന്‍കടലിന്റെ ഹൃദയത്തിലുള്ള കമ്മ്യൂണിസ്റ്റുരാജ്യമായ ക്യൂബയില്‍ എത്തിച്ചേര്‍ന്നു.
ചോദ്യം രണ്ട്: താങ്കള്‍ ഇപ്പോള്‍ ഇരുപത്തഞ്ചിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞുവല്ലൊ. യാത്രയ്ക്കുള്ള പ്രചോദനം, യാത്രയെഴുത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ എന്നിവയെപ്പറ്റി പറയാമോ?
ചരിത്രബിരുദത്തിന് പഠിക്കുന്ന കാലംമുതല്‍ക്കേ പുസതകങ്ങളില്‍നിന്നും അധ്യാപകരില്‍നിന്നും പകര്‍ന്നുകിട്ടിയ ചരിത്രപാഠങ്ങളാണ് എന്നെ ഒരു സഞ്ചാരിയാക്കിയതെന്നു പറയാം. നിരന്തരമായ വായനയും അന്വേഷണവും നാം ജീവിക്കുന്ന ലോകത്തെപ്പറ്റി പുതിയപുതിയ അറിവുകള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ഏതു സംശയവും ദൂരീകരിക്കാന്‍ പര്യാപ്തമായ വിധത്തില്‍ സാങ്കേതികവിദ്യയും നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുന്നു. കാണാന്‍പോകുന്ന നാടിനെക്കുറിച്ച് കിട്ടാവുന്ന അറിവുകള്‍ സ്വായത്തമാക്കിയതിനുശേഷമാണ് ഓരോ യാത്രയും തുടങ്ങുന്നത്. തെക്കെഅമേരിക്കയിലും വടക്കെഅമേരിക്കയിലും സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും കോളനികളായിരുന്ന ഭൂപ്രദേശങ്ങള്‍ക്ക് പൊതുവെപറയുന്ന പേരാണ് ലാറ്റിനമേരിക്ക. ബ്രസീലില്‍ പോര്‍ച്ചുഗീസും മറ്റിടങ്ങളില്‍ സ്പാനിഷുമാണ് സംസാരഭാഷ. രണ്ടു ഭാഷകളും ലാറ്റിന്‍ഭാഷയില്‍നിന്നും ഉരുത്തിരിഞ്ഞുവന്നവയാണ്. ആ ഭാഷകള്‍ തീരെ വശമില്ലാത്തതിനാല്‍ ഞങ്ങള്‍ ഇംഗ്‌ളീഷ് അറിയാവുന്ന പ്രാദേശിക ഗൈഡുകളെ കൂട്ടുപിടിച്ചാണ് യാത്രചെയ്തത്. അവര്‍ വളരെ താല്‍പര്യത്തോടെ അവരുടെ നാടിന്റെ ജീവിതരീതികളും സാംസ്‌കാരികപൈതൃകങ്ങളും ചരിത്രവസ്തുതകളുമൊക്കെ വിവരിച്ചുതരികയുണ്ടായി. സംശയങ്ങള്‍ക്ക് സന്തോഷത്തോടെ മറുപടിതരാനും അവര്‍ക്ക് മടിയില്ല.
യാത്രയില്‍ കാണുകയും കേള്‍ക്കുകയുംചെയ്യുന്ന കാര്യങ്ങളെ എത്രത്തോളം ഹൃദിസ്ഥമാക്കുന്നു എന്നതാണ് മറ്റൊരുപ്രധാനകാര്യം. ഓരോ യാത്രയിലും ഞാനൊരു ഗവേഷണവിദ്യാര്‍ത്ഥിയുടെ കുപ്പായമണിയുന്നു. കൂട്ടത്തില്‍നിന്നുവിട്ട്, എന്നാല്‍ കൂട്ടുകാരുടെ കണ്ണെത്തുംദൂരത്തായി തനിച്ചുനടക്കുകയാണ് പതിവ്. മറ്റുള്ളവര്‍ക്ക് താല്‍പര്യംതോന്നാത്ത നിസാരവസ്തുക്കളില്‍പോലും എന്റെ ശ്രദ്ധപതിയും. അവയൊക്കെ ചിത്രങ്ങളും വീഡിയോകളുമായി യാത്രാശേഖരത്തില്‍ ഇടംപിടിക്കും. എന്നെങ്കിലും യാത്രാവിവരണം എഴുതാനിരിക്കുമ്പോള്‍ അതെല്ലാം എന്റെ മുന്നില്‍ അറിവിന്റെ നിധികുംഭങ്ങളായി നിരന്നിരിക്കും. എത്രതന്നെ എഴുതിയാലും പിന്നെയും അറിവുകള്‍ ബാക്കിയാവുന്നു എന്നതാണ് വാസ്തവം.
ചോദ്യം മൂന്ന്: മുതലാളിത്തരാജ്യങ്ങളിലെന്നപോലെ തന്നെ, കമ്മ്യൂണിസ്റ്റുരാജ്യമായ ക്യൂബയിലും ലൈംഗികത്തൊഴിലിന് വിലക്കില്ലെന്നും ഗേള്‍ ഓണ്‍ റൂസ്റ്റര്‍ എന്ന ശില്പം ലൈംഗികത്തൊഴിലിനെ സൂചിപ്പിക്കുന്നതായും പറയുന്നു. വിശദീകരിക്കാമോ?
ആരോഗ്യമുള്ള മനുഷ്യന് വായുവും വെള്ളവും ഭക്ഷണവും കഴിഞ്ഞാല്‍ ഏറ്റവും അത്യാവശ്യമായ കാര്യമാണ് ലൈംഗികത. അത് ദാമ്പത്യബന്ധത്തിലൂടെ സാധ്യമാകുന്നതുമാണല്ലൊ. എന്നാല്‍ അങ്ങനെയൊരു സാധ്യതയില്ലാത്ത ആണും പെണ്ണും ആശ്രയിക്കുന്നത് ലൈംഗികത്തൊഴിലാളികളെയാണ്. ലൈംഗികത്തൊഴിലിന് നിയമസാധുതയുള്ള രാജ്യങ്ങളില്‍ ലൈംഗികദാരിദ്ര്യം ഒരു പ്രശ്‌നമാകുന്നില്ല. ചൈന ഉള്‍പ്പെടെ മിക്കരാജ്യങ്ങളും സെക്‌സ്ടൂറിസം അംഗീകരിച്ചിട്ടുമുണ്ട് ക്യൂബയില്‍ ലൈംഗികത്തൊഴില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എങ്കിലും അതൊരു കുറ്റമായി കാണുന്നില്ല. അഭ്യസ്തവിദ്യരായ യുവതികള്‍പോലും ധനസമ്പാദനത്തിനായി സ്വന്തം ഇഷ്ടപ്രകാരം ഈ തൊഴില്‍ ചെയ്യുന്നതായി അറിയാന്‍കഴിഞ്ഞു. എന്നാല്‍ ദല്ലാള്‍പണിയും പോര്‍ണോഗ്രഫിയും കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങളും ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാണ്. ഗേള്‍ ഓണ്‍ റൂസ്റ്റര്‍ പോലൊരു ശില്‍പം ഒരു പബ്ലിക് പാര്‍ക്കില്‍ കാണുമ്പോള്‍ അതൊരു കലാരൂപം എന്നനിലയില്‍ വിലയിരുത്തിയാല്‍ മതിയെന്നാണ് എനിക്ക് തോന്നുന്നത്.
ചോദ്യം നാല്: ക്യൂബയിലെ കമ്മ്യൂണിസ്റ്റു വ്യവസ്ഥിതി കുറ്റമറ്റതാണോ? ജനങ്ങള്‍ തൃപ്തരാണോ?
ക്യൂബയില്‍, സ്ഥിതിസമത്വം എന്ന മഹത്തായ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ഫിദല്‍ കാസ്‌ട്രോ സോഷ്യലിസ്റ്റുഭരണത്തിന് തുടക്കംകുറിച്ചത് 1959-ലാണല്ലൊ. തുടര്‍ന്നുണ്ടായ ദേശസാല്‍കൃത നടപടി മുതലാളിത്തരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്ക് കോട്ടംവരുത്തി. അമേരിക്കന്‍ ഉപരോധം ക്യൂബയെ ശ്വാസംമുട്ടിച്ചുകൊണ്ടേയിരിക്കുന്നു. സോവിയറ്റു യൂണിയന്‍ തകര്‍ന്നതോടെ അവിടെനിന്ന് ലഭിച്ചിരുന്ന സഹായവും ഇല്ലാതായി. കയറ്റുമതിയും ഇറക്കുമതിയും ഉപരോധങ്ങള്‍കാരണം ഇഷ്ടാനുസരണം നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദരിദ്രരാജ്യമാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസിലാക്കാന്‍ കഴിയുന്ന വിധത്തിലാണ് ജീവിതസാഹചര്യങ്ങള്‍.മുതലാളിത്തവ്യവസ്ഥിതിയാണല്ലൊ ഏതൊരു രാജ്യത്തും സ്വകാര്യസ്വത്തിന് അവസരംനല്‍കുന്നതും സമ്പന്നരെയും ദരിദ്രരെയും സൃഷ്ടിക്കുന്നതും. ക്യൂബയില്‍ സ്വകാര്യസ്വത്ത് ഇല്ലാതായതോടെ ജനങ്ങളെല്ലാവരും രാജ്യത്തിനുവേണ്ടി പണിയെടുക്കുന്നവരായി. അവര്‍ക്ക് സമ്പത്ത് ആര്‍ജിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ നല്‍കുന്ന തുശ്ചമായ വേതനത്തിലും പൊതുവിതരണകേന്ദ്രങ്ങളില്‍നിന്ന് പരിമിതമായ അളവില്‍ ലഭിക്കുന്ന നിത്യോപയോഗസാധനങ്ങളിലും ഒതുങ്ങിജീവിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. സൗജന്യവിദ്യാഭ്യസവും സൗജന്യചികിത്സയും പാര്‍പ്പിടവുമെല്ലാം സര്‍ക്കാര്‍ നിശ്ചയിച്ചുനല്‍കുന്നു. പരിമിതമായ തോതിലാണെങ്കിലും എല്ലാം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കപ്പെടുന്ന സോഷ്യലിസ്റ്റു സമ്പ്രദായത്തെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. എന്നാല്‍, ഇഷ്ടംപോലെ സമ്പാദിക്കാനും ഇഷ്ടാനുസരണം ജീവിക്കാനും കഴിയാതെ, ദരിദ്രമായ ചുറ്റുപാടുകളില്‍ ജീവിക്കേണ്ടിവരുന്നതില്‍ അമര്‍ഷംപൂണ്ടുകഴിയുന്നവരും ധാരാളമുണ്ട്. അഭിപ്രായസ്വാതന്ത്ര്യമില്ലാത്തത് വലിയൊരു പ്രശ്‌നംതന്നെ. മീഡിയകളെല്ലാം സര്‍ക്കാരിന്റെ അധീനതയിലാണ്. സ്വകാര്യസ്വത്തും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലെങ്കിലും ആര്‍ക്കും പട്ടിണികിടക്കേണ്ടിവരുന്നില്ല, പാര്‍പ്പിടമില്ലാതെ അലയേണ്ടിവരുന്നില്ല എന്നൊക്കെ നല്ലവാക്കുകള്‍ പറയാമെങ്കിലും ഈ ലോകത്ത് ഏതൊരു വ്യവസ്ഥിതിയും കുറ്റമറ്റതാവുന്നില്ല, ഒരു സമ്പ്രദായവും ശാശ്വതമായി നിലനില്‍ക്കുന്ന ചരിത്രവുമില്ല.
ചോദ്യം അഞ്ച്:
കൊളംബിയ പോലുള്ള ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മയക്കുമരുന്ന് ഉല്‍പാദനവും കയറ്റുമതിയും നിയന്ത്രണാതീതമായി മുന്നേറുകയാണെന്നാണല്ലൊ കേള്‍ക്കുന്നത്. ശരിയാണോ?
സര്‍ക്കാരിന്റെ അംഗീകാരത്തോടെയോ അനുവാദത്തോടെയോ അല്ല കൊളംബിയയില്‍ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്നതും കയറ്റുമതി നടത്തുന്നതും. സുസംഘടിതമായ മയക്കുമരുന്നു ലോബി സര്‍ക്കാര്‍സംവിധാനങ്ങളോട് പൊരുതിമുന്നേറുകയായിരുന്നു സമീപകാലംവരെ. ഇപ്പോള്‍ ഈ വിരുദ്ധശക്തികളെ ഇല്ലായ്മചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്ക് യുഎസ്എയുടെ പിന്തുണയുണ്ട്. എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയാം.
ചോദ്യം ആറ്: വായനാലോകം ഏറെ ഇഷ്ടപ്പെടുന്ന മാര്‍ക്കേസിന്റെ നാട് കാണാന്‍കഴിഞ്ഞത് വലിയൊരു ഭാഗ്യമല്ലേ? അദ്ദേഹത്തിന്റെ എഴുത്തുകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
കോളറക്കാലത്തെ പ്രണയം, ന്യൂസ് ഓഫ് കിഡ്‌നാപ്പിംഗ്, എന്റെ വിഷാദവേശ്യകളുടെ ഓര്‍മ്മകള്‍, ലീഫ് സ്റ്റോം, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ് തുടങ്ങിയ കൃതികള്‍ വായിച്ച് ഭ്രമിച്ചിരുന്നിട്ടുണ്ട് എന്നിലെ വായനക്കാരിയും എഴുത്തുകാരിയും. അന്നൊക്കെ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല എനിക്ക് അദ്ദേഹം ചവിട്ടിനടന്ന മണ്ണില്‍ കാലുകുത്താനാവുമെന്ന്. ഒരു നിയോഗംപോലെ അത് സംഭവിക്കുകയായിരുന്നു.
മാജിക്കല്‍ റിയലിസം എന്ന രചനാസമ്പ്രദായത്തിന് തുടക്കംകുറിച്ചത് മാര്‍ക്വേസ് ആണല്ലൊ. യഥാര്‍ത്ഥമായ ഒരു കാര്യത്തെ ഫാന്റസിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുരീതി ഞാനുള്‍പ്പെടെയുള്ള വായനക്കാരെ തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്. 1967-ല്‍ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ ഒരുനൂറുവര്‍ഷങ്ങള്‍ (ഒണ്‍ ഹണ്ട്രഡ് ഈയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്) അതിന്റെ രചനാസവിശേഷതയാല്‍ ഒരു ആഗോളക്ലാസിക് ആയിമാറുകയാണുണ്ടായത്. ബ്യൂണ്ടിയകുടുംബത്തിന്റെ ചരിത്രത്തിലൂടെ മക്കോണ്ട എന്ന സാങ്കല്‍പികപട്ടണത്തിന്റെ ജനനത്തിന്റെയും വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും മരണത്തിന്റെയും കഥയാണ് നൂറുവര്‍ഷത്തെ ഏകാന്തതയില്‍ പറയുന്നത്. ഏകാന്തതയ്ക്കായുള്ള ആഗ്രഹവും പ്രണയത്തിന്റെ ആവശ്യകതയും തമ്മിലുള്ള പൊരുത്തപ്പെടുത്താനാവാത്ത സംഘര്‍ഷം മനുഷ്യമനസ്സിന്റെ വിചിത്രമായൊരു പ്രഹേളികതന്നെയാണ് എവിടെയും, എക്കാലത്തും. കോളനിവല്‍കരണത്തിന്റെയും രാഷ്ട്രീയപോരാട്ടങ്ങളുടെയും തിക്തഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ ലാറ്റിനമേരിക്കന്‍ജനത ഈ കൃതിയെ ഇത്രമേല്‍ ഇഷ്ടപ്പെട്ടില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.
ചോദ്യം ഏഴ്: അര്‍ജ്ജന്റീനയിലെ തെരുവുഭക്ഷണശാലകളെക്കുറിച്ച് പറയുന്നുണ്ടല്ലൊ. അത് ആ നാടിന്റെ മാത്രം പ്രത്യേകതയാണോ?
ആധുനികജീവിതശൈലിയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് തെരുവുഭക്ഷണശാലകള്‍. അര്‍ജന്റീനയില്‍ മാത്രമല്ല, യുഎസ്എ, ജപ്പാന്‍, തായ്‌ലന്‍ഡ്, ഹോംഗ്‌കോങ്ങ്, സിംഗപ്പൂര്‍ തുടങ്ങിഞാന്‍ കണ്ടിട്ടുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്‍ഡ്യയിലെ ഡല്‍ഹി, കല്‍ക്കട്ട തുടങ്ങിയ മഹാനഗരങ്ങളിലും തിരുവനന്തപുരത്തെ നഗരപാതയോരങ്ങളിലും തെരുവുഭക്ഷണശാലകള്‍ ധാരാളമുണ്ട്.
;ചോദ്യം എട്ട്: ആഗോളവത്കരണത്തിന്റെ ഫലമായി സംഭവിച്ചതാണ് അര്‍ജ്ജന്റീനയിലെ സാമ്പത്തികത്തകര്‍ച്ച എന്നുപറഞ്ഞാല്‍ തെറ്റുണ്ടോ?
അര്‍ജന്റീനയുടെ സാമ്പത്തികത്തകര്‍ച്ച പൂര്‍ണ്ണമായും ആഗോളവത്കരണനയങ്ങള്‍ നടപ്പിലാക്കിയതുകൊണ്ടുണ്ടായതാണെന്ന് പറയാനാവുമെന്ന് തോന്നുന്നില്ല. ആഭ്യന്തരവും ബാഹ്യവുമായ പലകാരണ ങ്ങളും അതിന്റെ പിന്നിലുണ്ടാവും. രാജ്യത്തിന്റെ സങ്കീര്‍ണ്ണമായ സാമ്പത്തികനയങ്ങളും ധനകാര്യസ്ഥാപനങ്ങളുടെ പിടിപ്പുകേടുമൊക്കെ ആഗോളവത്കരണ പരീക്ഷണങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കാം. ഇപ്പോള്‍ നാണയപ്പെരുപ്പം നിയന്ത്രണവിധേയമായിവരുന്നതായി മനസിലാക്കുന്നു. ആര്‍ഭാടപൂര്‍ണ്ണമായ ജീവിതക്കാഴ്ചകളാണ് നഗരപ്രദേശങ്ങളില്‍ കാണാന്‍കഴിഞ്ഞത്. ഉള്‍പ്രദേശങ്ങളിലെ സ്ഥിതി അത്ര മെച്ചമല്ലെന്നാണ് ഗൈഡിന്റെ വാക്കുകളില്‍നിന്ന് മനസിലായത്.
ചോദ്യം ഒമ്പത്:
ആമസോണ്‍ മഴക്കാടുകളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ക്ക് ആരോടെങ്കിലും കടപ്പാടുണ്ടോ?
കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രംമുതല്‍ പടിഞ്ഞാറ് ആന്‍ഡീസ് താഴ്‌വരകള്‍വരെ വ്യാപിച്ചുകിടക്കുന്ന ഉഷ്ണമേഖലാ വനപ്രദേശമാണ് ഭൂമിയുയുടെ ശ്വാസകോശം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍. ആമസോണ്‍ നദിയുടെയും അതിന്റെ നിരവധിയായ പോഷകനദികളുടെയും തടങ്ങളില്‍ (ആമസോണിയ) പരന്നുകിടക്കുന്ന ഈ കാടുകളുടെ തുടക്കം . ഇക്വഡോറിലാണ്. ഇക്വഡോറില്‍ ഞങ്ങളുടെ മാര്‍ഗദര്‍ശിയായിരുന്ന ഫ്രെഡി, കൊളംബിയയിലെ വില്യം, പെറുവിലെ മരിയ, ബ്രസീലിലെ പെഡ്രോ എന്നിവരോടാണ് ആമസോണ്‍ മഴക്കാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്.
ചോദ്യം പത്ത്: അടുത്ത യാത്ര എവിടേക്കാണ് ?
2010 മുതല്‍ നിരന്തരമായി യാത്രചെയ്യുകയാണ്. 2023-ലാണ് ലാറ്റിനമേരിക്കന്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. അതേവര്‍ഷം തന്നെ യുഎസ്എയും 2024-ല്‍ ആസ്‌ട്രേലിയയും 2025-ല്‍ ജപ്പാനും സന്ദര്‍ശിച്ചു. കാണണമെന്ന് ആഗ്രഹിച്ച നാടുകളൊക്കെ കണ്ടുകഴിഞ്ഞു. അടുത്തയാത്ര എവിടേക്കാണെന്ന് തീരുമാനിച്ചിട്ടില്ല.
No comments:
Post a Comment